Skip to content

പൗമി – ഭാഗം 28

poumi-novel

വയറ്റിനുള്ളിലെ കുട്ടി പൗമിയും കുഞ്ഞ് അശ്വിനും ഒന്നിച്ചനങ്ങി….

നനഞ്ഞ കൈകളെ മെല്ലെയവൾ വയറിനോട് ചേർത്ത് പിടിച്ചു…..

മുറ്റത്തേക്ക് വന്ന റെഡ് കാറിന്റെ  മങ്ങിയ മഞ്ഞ വെളിച്ചം അവളുടെ മുഖത്തേക്കടിച്ചു….ആ അരണ്ട മഞ്ഞ വെളിച്ചത്തിൽ അവളുടെ ഇളം നീല മുക്കുത്തി കല്ല് തിളങ്ങി നിന്നു….

മുറ്റത്ത് നിർത്തിയ കാറിന്റെ ഡോറ് തുറന്ന് അശ്വിൻ ഇറങ്ങും മുൻപേ കാലം തെറ്റി പെയ്ത മഴയിലേക്ക് പൗമി കാലെടുത്തു വച്ചു…..

അവൾ അവനടുത്തേക്ക് പതിയെ നടന്നു….

അശ്വിൻ ഡോറ് തുറന്നു പുറത്തേക്ക് ഇറങ്ങി….

“എന്താ പൗമി ഇത്…??”

“ഹഗ് മീ….”

കൈകൾ വിടർത്തി അവന് എതിർവശത്തായി നിന്നു കൊണ്ടായിരുന്നു അവൾ അത് പറഞ്ഞത്….

അശ്വിൻ അവളിൽ നിന്ന് കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ട് നിന്നു…

“ഹഗ് മീ അശ്വിൻ….”

അലച്ചു തല്ലി പെയ്യുന്ന മഴയിൽ അവളുടെ ശബ്ദം വീണ്ടും ഉയർന്നു…

ഈ സമയം കൊണ്ട് മഴ നനയാതെ ആർച്ച ഓടി സിറ്റ്ഔട്ടിലേക്ക് കയറിയിരുന്നു….

അശ്വിൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു….. അവൾ കണ്ണുകൾ ഇറുക്കിയടച്ചു…..മഴത്തുള്ളികൾ ഓരോന്നും അവർക്ക് മീതെ പൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു…..

നെറുകയിൽ തൊട്ട സിന്ദൂരം മഴത്തുള്ളികൾക്കൊപ്പം ചെറിയൊരു രക്തത്തുള്ളി കണക്കെ അവളുടെ മൂക്കിൻ തുമ്പിലേക്കൊഴുകി എത്തി..

“പൗമി വാ അകത്തേക്ക് പോകാം……”

അശ്വിൻ അവളുടെ കൈക്ക് പിടിച്ചു കൊണ്ട് അകത്തേക്ക് കയറാൻ നോക്കി…

“വേണ്ടാ അശ്വിൻ…എനിക്ക് ഈ മഴ മുഴുവനും നിന്നോടൊപ്പം നനയണം…..

പ്ലീസ് അശ്വിൻ…..”

അവൻ ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നത് പോലെ അവളെ തൂക്കിയെടുത്ത് അകത്തേക്ക് കയറി…

“അല്ലാ…അളിയൻ വന്ന കാലിൽ മഴ നനഞ്ഞോ….??”

പാച്ചു ആയിരുന്നു അത് ചോദിച്ചത്…

അശ്വിൻ ആകെ ചമ്മി നിൽക്കുമ്പോഴും പൗമി അവനെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു ആദ്യമായി കാണുന്നത് പോലെ….

അശ്വിൻ അവളുടെ കൈ പിടിച്ചു മുകളിലെ റൂമിലേക്ക് നടന്നു…..

ചെയറിൽ ഇരുന്ന ടവ്വൽ എടുത്ത് അവളുടെ തല തുവർത്തി….

“പൗമീ…….”

“മ്ം പറ…..”

“എനിക്ക് നിന്നെ മനസ്സിലാകുന്നതേ ഇല്ല……ഹോസ്പിറ്റലിൽ വെച്ച് എന്തിനാ ദേഷ്യപ്പെട്ടത്…??ഇത്തിരി മുൻപ് എന്തിനാ ഒരുപാട് സ്നേഹിച്ചത്…??

എന്താ ഇന്ന് ശരിക്കും സംഭവിച്ചത്…??”

“അശ്വിൻ………

പത്താം ക്ലാസിൽ ആദ്യമായി നിങ്ങളെന്റെ പ്രണയം നിരസിച്ച ശേഷം വിവാഹത്തെ പറ്റിയോ മറ്റൊരു പ്രണയത്തെ പറ്റിയോ ഞാൻ ചിന്തിച്ചിട്ടില്ല…ഒരു പക്ഷേ എന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ നിങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാവും അത്….

ഒരുപാട് യാത്രകൾ ചെയ്യണം…പ്രവിക്കും പാച്ചുവിനും ഒപ്പം ജീവിതം അടിച്ചു പൊളിക്കണം അതൊക്കെ ആയിരുന്നു എന്റെ ആഗ്രഹങ്ങൾ നിങ്ങളെ വീണ്ടും കണ്ടതിനു ശേഷമാ അതൊക്കെ ഞാൻ മറന്ന് തുടങ്ങിയത്……..

അശ്വിൻ നീയും നിന്റെ സ്നേഹവും എനിക്ക് ഒരു തരം ലഹരിയായി മാറിയിരിക്കുകയാണ്……ഒരു നിമിഷം നീ എന്റെ അരികിൽ ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കുവാ…..

അശ്വിന് അറിയുവോ ഇന്നെന്താ സംഭവിച്ചത് എന്ന്….”

ഇന്ന്  രാവിലെ മുതൽ നടന്ന കാര്യങ്ങളോരോന്നും അവൾ അവനോടായ് പറഞ്ഞു….

“എന്റെ വട്ടേ…ഇതിനാണോ നീ വെറുതെ ബിപി കൂട്ടിയത്….????

എന്റെ പിള്ളേർക്ക് വല്ലതും പറ്റിയിരുന്നേൽ ശരിയാക്കിയേനെ ഞാൻ……”

“അച്ചുവേട്ടാ ഞാൻ…..”

“പൗമീ….. ആത്മാർത്ഥ പ്രണയം ഒരിക്കലും തോറ്റു പോവില്ലടോ…..

അല്ലേൽ തന്നെ ഒന്ന് ഓർത്തേ  പണ്ടെങ്ങോ റിജക്ട് ചെയ്ത തന്റെ പ്രണയത്തെ തേടി വർഷങ്ങൾക്കിപ്പുറം ഞാൻ വന്നില്ലേ…

നമ്മള് പരസ്പരം സ്നേഹിച്ചില്ലേ…..എനിക്ക് ഉറപ്പ് ഉണ്ട് ഈശ്വരനൊരിക്കലും നമ്മളെ പിരിക്കാനാവില്ല…..കാരണം ആ ഈശ്വരൻ തന്നെയാ നമ്മളെ ഈ ജീവിതത്തിൽ ഒന്നിപ്പിച്ചത്… പൗമി ഇല്ലെങ്കിൽ അശ്വിനും..അശ്വിൻ ഇല്ലെങ്കിൽ പൗമിയും ഇല്ല……

അതോണ്ട് ആവശ്യം ഇല്ലാത്തത് ഓർത്തു വെറുതെ ബിപി കൂട്ടി ദേ എന്റെ മക്കളെ ടെൻഷൻ അടിപ്പിച്ചേക്കരുത് കേട്ടോ……”

പൗമിയൊന്ന് ചിരിച്ചു.. ഒപ്പം അശ്വിനും…

ദിവസങ്ങളോരോന്നും ഒരുപാട് വേഗത്തിൽ ആയിരുന്നു ഓടി മറഞ്ഞത്…

പൗമിക്ക് ഇത് ഒൻപതാം മാസം…..

പൗമിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു….ഒരുപാട് വീർത്ത വയറും അൽപ്പം വണ്ണം വെച്ച ശരീരവും…

എല്ലാ അർത്ഥത്തിലും പൂർണമായും അവളൊരു അമ്മയായി മാറിയിരുന്നു….

ഇടയ്ക്കിടെ നടക്കാനുള്ള ബുദ്ധിമുട്ടും കാല് വേദനയും ഒപ്പമുണ്ടെങ്കിലും   പാച്ചുവും പ്രവിയും നിഴലു പോലവളുടെ പിന്നാലെ നടന്നു….

ഇതിനിടയിൽ പ്രവിയുടെ വിവാഹവും ഉറപ്പിച്ചു…….ഒപ്പം വർക്ക് ചെയ്യുന്ന നിവേദ്യ എന്ന നിവി യോട് എപ്പോഴോ തോന്നിയൊരു പ്രണയം ഒടുവിൽ വിവാഹത്തിന്റെ വക്ക് വരെ എത്തി നിൽക്കുന്നു…….

പാച്ചുവും ആർച്ചയും ഇപ്പോഴും അവരുടേത് മാത്രമായ ലോകത്ത് തന്നെയാണ്……

××××

“പൗമീ…. എണീക്ക് എണീക്ക്….

മതി ഉറങ്ങിയത്…..”

“പ്ലീസ് പ്രവീ…..ഒരു അഞ്ചു മിനിട്ട് കൂടി…”

“ടീ മര്യാദയ്ക്ക് എണീറ്റോ….ഇല്ലേൽ വെള്ളം കോരി ഒഴിക്കും പറഞ്ഞില്ലെന്ന് വേണ്ട…..”

പതിയെ ഒന്ന് ഞരങ്ങി മൂളി കൊണ്ടവൾ എണീറ്റു….

“എന്ത് കഷ്ടവാ പ്രവി ഇത്…. ഒന്നൂല്ലേലും ഞാനൊരു ഗർഭിണി അല്ലേ….”

“ഓഹോ….എന്നാലേ ഗർഭിണി പോയി ഫ്രഷായി വാ…നടക്കാൻ പോകാം…..”

അവളെ കളിയാക്കി കൊണ്ടായിരുന്നു പ്രവി അത് പറഞ്ഞത്..

അവളോടി പോയി ഒരു മഗ്ഗിൽ കുറച്ചു വെള്ളം എടുത്തോണ്ട് വന്ന് ഉറങ്ങി കിടക്കുന്ന പാച്ചൂ ന്റെ മുഖത്തൊഴിച്ചു…

“ടീ പൗമി നിന്നെ ഞാൻ….”

“ടാ മോനെ മര്യാദയ്ക്ക് എഴുനേറ്റോ….അങ്ങനെ നീ ഒറ്റയ്ക്ക് ഉറങ്ങണ്ട…വാ നടക്കാൻ പോകാം….”

അനന്തപത്മനാഭനൊപ്പം ആയിരുന്നു അവർ മൂന്നു പേരും നടക്കാൻ ഇറങ്ങിയത്…..

പൗമിയെ ഏഴാം മാസം വിളിച്ചോണ്ട് വന്നപ്പോൾ മുതൽ പതിവുള്ളതാണ് ഈ നടത്തം….

“മതി പ്രവീ……”

“എന്റെ പൗമി നീ ഇങ്ങനെ മടിച്ചിയാവാതെ മര്യാദയ്ക്ക് നടന്നേ…..”

അവൻ അവളുടെ തോളിൽ തള്ളിക്കൊണ്ട് പിന്നാലെ നടന്നു…

“ദേ പൗമി ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടല്ലോ….?? “

“ഒണ്ട്….”

“എന്നാൽ നടക്ക്…..”

അവള് പതിയെ പാച്ചുവിനൊപ്പം നടക്കുമ്പോഴേക്കും പ്രവി അനന്തപത്മനാഭനൊപ്പം നടന്ന് മുൻപേ പോയിരുന്നു…..

അവള് പതിയെ അടുത്ത് കണ്ട സിമന്റ് ബഞ്ചിലേക്ക് ഇരുന്നു…..

“ഹേയ് രോഹിത്….”

അവളെ മറി കടന്നു പോകുന്നതിനിടയിൽ ആയിരുന്നു അവൾ അവനെ വിളിച്ചത്..

“പൗമീ… വാട്ടെ സർപ്രൈസ്…അനന്തൻ അങ്കിൾ കഴിഞ്ഞഡേ വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു തന്റെ ഡെലിവറി ഡേറ്റ് അടുത്തു..താൻ വീട്ടിൽ ഉണ്ട് എന്നൊക്കെ…എങ്ങനുണ്ട് ഇപ്പോൾ. ..”

“ആ…കുഴപ്പമില്ല…. താൻ റൂട്ട് മാറ്റിയോ..??രോഹൻ എവിടെ…??”

“ആ ബെസ്റ്റ് തന്നെ കാളും വല്ല്യ മടിയനാ അവൻ….അവന് നടക്കാനൊന്നും ഇന്ററസ്റ്റ് ഇല്ല…..”

“മ്ം….  എന്നേലും കാണുമ്പോൾ ചോദിക്കണം എന്നോർത്തതാ… 

അന്ന് താൻ ഒരു ദിവസം കോളേജിൽ വന്ന് ആ ആൽവിനോട് വഴക്ക് ഉണ്ടാക്കിയില്ലേ….ഏതോ ഒരു പെണ്ണിനു വേണ്ടി….

ആരായിരുന്നു ആ പെണ്ണ്…..???”

“എന്റെ പൗമി… താൻ അതൊന്നും ഇതുവരെ മറന്നില്ലേ…..??”

“വിഷയം മാറ്റാതെ കാര്യം പറ മോനേ….ഇത് പറയാതെ നിന്നെ ഞാൻ വിടില്ല……”

“പറഞ്ഞാൽ താൻ അറിയും….’

“എന്നാൽ പറ…”

“അതിഥി….”

“ഏത്…എന്റെ അതിഥിയോ….”

“അതെ തന്റെ ബെസ്റ്റ് ഫ്രണ്ട് അതിഥി….”

“അവളെ കുറിച്ച് എല്ലാം മനസ്സിലാക്കിയിട്ടല്ലേ……തമാശ അല്ലല്ലോ അല്ലേ….??”

“സീരിയസ് ആടോ…..”

“വിഷമിപ്പിക്കരുത്…അവൾ വെറും ഒരു പാവം ആ….”

“അറിയാടോ….വീട്ടിൽ ആറിയിക്കാൻ സമയം ആകുമ്പോൾ ഒന്ന് കട്ടയ്ക്ക് കൂടെ നിന്നേക്കണം…..”

“പിന്നല്ലാണ്ട്……”

“എന്നാ ഞാൻ വിട്ടേക്കുവാ….ഓഫിസിൽ പോകാൻ ടൈം ആയി…”

“ഓക്കേ…..”

“ആൽവിൻ എപ്പോഴാ അതിഥിയോട് മോശായിട്ട് പെരുമാറിയത്….??”

അവൾ അതും ഓർത്തു കൊണ്ട് ഇരിക്കുമ്പോഴായിരുന്നു

അനന്തപത്മനാഭനും പ്രവിയും പാച്ചുവും തിരിച്ചു നടന്നു വരുന്നത് കണ്ടത്… അവൾ ഇരുന്നിടത്ത് നിന്ന് എണീറ്റു അവർക്ക് ഒപ്പം നടന്നു……

“എന്ത് പറ്റി പൗമി… എന്തോ കാര്യമായ ചിന്തയിൽ ആണല്ലോ…??”

“ഏയ്..ഒന്നൂല്ല പ്രവീ….”

“നിങ്ങൾക്ക് രണ്ടാൾക്കും ഇന്ന് കോർട്ടിൽ പോണംന്ന് നിർബന്ധം ഉണ്ടോ….??”

“അതെന്താടീ….അങ്ങനെ ചോദിച്ചത്… ??”

“ഓ…ഇവിടെ ഒറ്റയ്ക്ക് ഇരുന്നു ഞാൻ മടുത്തു…..ഒന്ന് മിണ്ടാനും പറയാനും പോലും ആരും ഇല്ല…”

ഇച്ചിരി ദേഷ്യത്തിൽ ആയിരുന്നു പൗമി അത് പറഞ്ഞത്…

“ഇനിപ്പോ കൂടി പോയാൽ ഒരാഴ്ച…. അത് കഴിയുമ്പോഴേക്കും നമ്മുടെ കുട്ടിപ്പട്ടാളം ഇങ്ങ് വരില്ലേ…പിന്നെ ഒന്ന് തനിച്ചിരിക്കാൻ നീ കൊതിക്കും….”

“പോ പാച്ചു…എനിക്ക് ദേഷ്യം വരുന്നുണ്ടേ….”

“ദേഷ്യം വരുമ്പോൾ എന്റെ പൗമിയെ കാണാൻ എന്ത് സുന്ദരിയാണോ….”

അവൻ അവളെ തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു…

“പോടാ പട്ടീ….”

“എന്റെ പിങ്കി ഇങ്ങ് വന്നോട്ടെടീ….ഞങ്ങള് നിന്നെ ശരിയാക്കും നോക്കിക്കോ…..”

ഓരോന്നൊക്കെ പറഞ്ഞു കളിച്ചും ചിരിച്ചും കളിയാക്കിയും അവർ വീട്ടിലേക്ക് നടന്നു…..

“അമ്മേ കഴിക്കാൻ താ…..”

അതും പറഞ്ഞായിരുന്നു പൗമി വീടിനുള്ളിലേക്ക് കയറിയത്…

ഇന്ദു വരാത്തത് കൊണ്ട് ലക്ഷ്മി ഒറ്റയ്ക്ക് ആയിരുന്നു അടുക്കളയിൽ….

“പോയി കുളിച്ചിട്ട് വാ..എന്നിട്ട് ഭക്ഷണം കഴിക്കാം…

വിയർപ്പ് തലേൽ താന്ന് വല്ല അസുഖവും പിടിക്കും….”

“ഓ അതൊന്നും സാരല്ല…അമ്മ കഴിക്കാൻ എടുക്ക്…വിശന്നിട്ട് മനുഷ്യന് കണ്ണു കാണുന്നില്ല…..”

“എടുത്തു കൊടുക്ക് അമ്മേ….കഴിച്ചിട്ട് അവൾ കുളിച്ചോളും….”

“അങ്ങനെ പറഞ്ഞു കൊടുക്ക് പ്രവീ…”

ലക്ഷ്മി അടുക്കളയിലേക്ക് പോയപ്പോഴായിരുന്നു പ്രവി അവന്റെ ഫോൺ അവൾക്ക് നേരെ നീട്ടിയത്…

“ആരാ പ്രവീ….??”

“നിന്റെ കെട്യോൻ….”

“അച്ചുവേട്ടാ….ഓഫിസിലേക്ക് ഇറങ്ങിയോ…??”

“ഇല്ല…തന്റെ ഫോൺ എന്തേ….??”

“ഓഹ്…അത് റൂമിലാ…ഞാനിപ്പോ നടക്കാൻ പോയിട്ട് വന്നതേ ഉള്ളു….”

“ആഹാ….”

“ദേ…ഇന്നെനിക്കു രണ്ടിൽ ഒന്ന് അറിയണം…. നാളെ സൺഡേയാ…ഇന്ന് എന്നെ കാണാൻ വരുവോ ഇല്ലയോ….??”

“ഉറപ്പ് പറയുന്നില്ല…നോക്കാം…ഇന്ന് കുറച്ചു തിരക്ക് ഉണ്ട്…”

” നിങ്ങൾക്ക് എന്നാണ് തിരക്ക് ഇല്ലാത്തത്….എന്നും ഓരോരോ കായണങ്ങൾ…  എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്….”

അതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു സോഫായിലേക്ക് ഇട്ട് കൊണ്ടവൾ മുകളിലേക്ക് നടന്നു.. .

“ടീ നീ പോവണോ…?കഴിക്കാൻ വേണ്ടേ…??”

“ആ എനിക്കെങ്ങും വേണ്ട…..”

പ്രവി കഴിക്കാൻ ഉള്ളതും കൊണ്ട് അവളുടെ പിന്നാലെ ചെന്നു…

“എന്താ അളിയനും ആയിട്ട് ഉടക്കിയോ…??”

“മ്ം…”

“അതിനെന്തിനാ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത്….ഇത് എടുത്തു കഴിക്ക്…”

“എനിക്ക് വേണ്ട…”

“കഴിക്ക് പൗമീ….നല്ല കുട്ടിയല്ലേ….”

അവൾ അവന്റെ കൈയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി…

×××××

“പ്രവി……ടാ പാച്ചൂ….നേരത്തേ വരാൻ നോക്കണേ….ഇല്ലേൽ ഞാൻ ബോറടിച്ചു മരിക്കും…..ഒന്ന് മിണ്ടാനും പറയാനും പോലും ആരും ഇല്ല….”

“അമ്മ ഇവിടെ ഉണ്ടല്ലോ….??”

പ്രവി ആയിരുന്നു അത് പറഞ്ഞത്…

“ദേ പ്രവി എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ….അമ്മ എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കില്ല… “

“അച്ചോടാ.. സാരല്ലാട്ടോ…ഞങ്ങൾ വൈകിട്ട് നേരത്തെ വരാം.. എന്നിട്ട് നമുക്ക് ഒന്നിച്ചു പുറത്ത് പോകാം….”

“മ്ം….”

പ്രവിയുടെയും പാച്ചുവിന്റെയും കാറ് കണ്ണിൽ നിന്ന് മായുന്നത് വരെ അവൾ ഉമ്മറത്ത് നിന്നു….

അവർക്ക് പിന്നാലെ അനന്തപത്മനാഭനും ഇറങ്ങി…

ഉച്ചവരെ ടിവി കണ്ടും ബുക്ക് വായിച്ചും അവളിരുന്നു….

ഉച്ചക്ക് ഭക്ഷണവും കഴിച്ച് പതിവ് ഉച്ചമയക്കത്തിനായി കയറി കിടന്നു്‌……

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി…..

“പൗമീ……”

“എന്താമ്മേ….”

ഇരുന്നിടത്ത് നിന്ന് പതിയെ ഒന്നെണീറ്റു കൊണ്ടായിരുന്നു അവളത് ചോദിച്ചത്…

“ബിസിയാണോ…??”

“അല്ല അമ്മാ…”

“എന്നാ നമുക്ക് ഒന്ന് പുറത്തേക്ക് പോകാം….”

അവൾ വിശ്വാസം വരാതെ ലക്ഷ്മിയേ നോക്കി….

കാരണം ആദ്യമായിട്ടായിരുന്നു അവർ പൗമിയെ പുറത്തേക്ക് പോകാൻ വിളിക്കുന്നത്….

“എന്തേ വരുന്നില്ലേ…??”

ലക്ഷ്മി പൗമിയെ നോക്കി കൊണ്ട് ആയിരുന്നു അത് ചോദിച്ചത്…

“വരുന്നുണ്ട്….”

“എന്നാൽ പോയി വേഗം ഡ്രസ്സ് മാറി വാ….”

അവൾ വേഗം ഡ്രസ്സ് മാറി ഫോൺ മാത്രം കൈയ്യിൽ എടുത്തു താഴേക്ക് ചെന്നു….

“പോകാം…..”

“എവിടേക്ക് ആ നമ്മള് പോകുന്നത്…??”

“നീ ആദ്യം വണ്ടിയിൽ കയറ്…..”

ലക്ഷ്മി ആയിരുന്നു കാറ് ഡ്രൈവ് ചെയ്തത്….

വഴിയോരങ്ങൾ ഓരോന്നും താണ്ടി കാറ് മുൻപോട്ടു കുതിച്ചു….

താഴ്ത്തിയിട്ട ഗ്ലാസ്സിനിടയിലൂടെ ഉച്ചവെയിൽ പൗമിയുടെ മുഖത്തേക്ക് അടിച്ചു…. അവൾ കണ്ണുകൾ ഇറുക്കിയടച്ചു..

“വിശക്കുന്നുണ്ടോ….??”

ലക്ഷ്മിയുടെ ആ ചോദ്യത്തിനു മുൻപിൽ ഇല്ലായെന്ന അർത്ഥത്തിൽ അവളൊന്ന് കണ്ണുചിമ്മി

“വാ ഇറങ്ങ്…”

ടൗണിലെ ഒരു ബേക്കറിയുടെ പാർക്കിംഗ് ഏരിയായിൽ കൊണ്ട് കാറ് നിർത്തി കൊണ്ടായിരുന്നു ലക്ഷ്മിയത് പറഞ്ഞത്…

“ഈശ്വരാ…അമ്മയ്ക്ക് വട്ടായോ…??”

അവൾ ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു…

“എന്താ എനിക്ക് വട്ടായോന്നാണോ ആലോചിക്കുന്നത്….??”

അവൾ അവരെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു….

“എന്താണ് മേഡം വേണ്ടത്….??”

“രണ്ട് അവക്കാഡോ ഷെയ്ക്ക്…..”

പൗമിയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു…

തനിക്ക് ഈ ഷെയ്ക്ക് അത്രമേൽ പ്രിയപ്പെട്ടത് ആണെന്ന് അശ്വിനും പാച്ചൂനും പ്രവിക്കും അല്ലാതെ വേറെ ആർക്കും അറിയില്ല….. വേറെ ആരോടും ഞാനെന്റെ ഇഷ്ടങ്ങൾ പറഞ്ഞിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി….

“എന്താ ഇങ്ങനെ കണ്ണ് തള്ളിയിരിക്കുന്നത്….??

മക്കളുടെ ചില ഇഷ്ടങ്ങൾ അമ്മമാർക്കും മനസ്സിലാകും….,”

ലക്ഷ്മി അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ എന്തിനോ വേണ്ടിയൊരു നനവ് പടർന്നു…

അവൾ പിന്നോട്ടൊന്ന് ചിന്തിച്ചു….

ആ വീട്ടിൽ പ്രവിയും പാച്ചുവും അച്ഛനും മാത്രം ആയിരുന്നു എന്റെ ലോകം…. അമ്മയെ ഞാൻ മനപ്പൂർവ്വം മറന്നു കളഞ്ഞു എന്ന് പറയുന്നതാവും ശരി…എന്തെന്നാൽ അമ്മ എന്റെ എല്ലാ ഇഷ്ട്ടങ്ങൾക്കും എതിരായിരുന്നു…

പൗമിയുടെ ഒരു കൈ അവളറിയാതെ അവളുടെ വയറിനോട് ചേർന്നു…

“പൗമി എന്തോർത്ത് ഇരിക്കുവാ കഴിക്ക് അത്….”

കഴിച്ചിട്ട് തൊണ്ടയ്ക്ക് താഴേക്ക് ഇറങ്ങാത്തത് പോലെ അവൾക്ക് തോന്നി….അത് കൊണ്ട് തന്നെ പതിവിനു വിപരീതമായി ഷെയ്ക്ക് ഗ്ലാസ്സിൽ പാതി വെച്ച് അവളെണീറ്റു…

“പൗമീ നമുക്ക് ബീച്ചിൽ പോകാം…..??”

അവളൊന്നും മിണ്ടാതെ മൗനമായി പുറത്തേക്ക് നോക്കി ഇരുന്നു..

ബീച്ച് റൊഡിനടുത്തെ വലിയ വാകമരചുവട്ടിൽ കാറ് നിർത്തിയിട്ട് ലക്ഷ്മയുടെ കൈ പിടിച്ചവൾ മുൻപോട്ട് നടന്നു…..

തിരയെ പുൽകാനായി ഓടിയടുക്കുന്ന തിരമാലകളിൽ കാല് നനച്ചു മുൻപോട്ടു നടക്കവെയാണ് ലക്ഷ്മി പറഞ്ഞു തുടങ്ങിയത്….

“നീ കുഞ്ഞായിരുന്നപ്പോഴും ഇങ്ങനെ ആയിരുന്നു കടലിൽ ഇറങ്ങിയാൽ ആരുടെയേലും കൈ പിടിക്കും അച്ഛന്റെയോ പാച്ചൂ ന്റെയോ പ്രവിയുടേയോ…ആരുടെയെങ്കിലും……”

പൗമി പതിയെ ഇടം കണ്ണിട്ടൊന്ന് ലക്ഷ്മിയെ നോക്കി….

“പ്രസവം കഴിഞ്ഞു  നിന്നെയും പാച്ചുവിനെയും എന്റെ കൈയ്യിലേക്ക് തരുമ്പോൾ ഞാൻ ആദ്യം വാങ്ങിയത് നിന്നെ ആയിരുന്നു……. കാരണം ഒരു മോളെ ഞങ്ങൾ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു….

മകൾ എന്നതിനേക്കാൾ ഉപരി നിന്നെയൊരു സുഹൃത്തായി കാണാനായിരുന്നു എനിക്ക് ഇഷ്ടം….അങ്ങനെ വളർത്താനും ആയിരുന്നു ഞാൻ ആഗ്രഹിച്ചത്….”

“അമ്മേ ഞാൻ……”

“എന്തിനാ എന്റെ കുട്ടി കരയുനത്…??അമ്മ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാ….”

“പക്ഷേ ഞാനറിയുന്ന ലോകത്തിൽ നീ സുരക്ഷിതയല്ലെന്ന് മനസ്സിലാക്കിയ നാള് തൊട്ട് എന്നിലെ സുഹൃത്ത് എവിടെയോ പോയ് മറഞ്ഞു….. പകരം നിന്റെ സുരക്ഷയ്ക്ക് വേണ്ടി കർക്കശക്കാരിയായ അമ്മയുടെ പുറം ചട്ടയണിഞ്ഞു…..

മോൾക്ക് അമ്മയോട് ദേഷ്യം തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും….??”

“നമ്മുക്ക് വീട്ടിലേക്ക് പോകാം…. “

തെല്ലൊരു ഇടർച്ചയോടെ പൗമി അത് പറയുമ്പോഴേക്കും അവർ അവളുടെ നെറ്റിമേൽ കൈവച്ചിരിന്നു…

“വല്ലായ്ക വല്ലതും ഉണ്ടോ…??”

“ഇല്ലമ്മേ…നമുക്ക് വീട്ടിലേക്ക് പോകാം…”

വീടെത്തും വരെ പൗമിയുടെ മനസ്സ് ശൂന്യമായിരുന്നു….വെറുതെ പുറത്തേക്ക് നോക്കി ഇരുന്നെങ്കിലും കാഴ്ചകൾ ഒന്നും അവളുടെ കണ്ണിൽ പതിഞ്ഞതേയില്ല…..

××××××

“എന്താ എന്റെ കുട്ടിക്ക് പറ്റിയത്.. ??”

വൈകിട്ടത്തെ ഭക്ഷണവും കഴിച്ചു പതിവ് പോലെ പ്രവിയുടെ മടിയിൽ തലയും പാച്ചൂന്റെ മടിയിൽ കാലും വെച്ച് എന്തോ ഓർത്തു കിടക്കുകയായിരുന്നു പൗമി…

“ഒന്നൂല്ല പ്രവീ….”

അപ്പോഴായിരുന്നു ലക്ഷ്മി ഒരു ഗ്ലാസ്സിൽ പാലുമായി അവിടേക്ക് വന്നത്…

“ഹായ് പാൽ..”

അത് പറഞ്ഞു പാച്ചു പാല് ഗ്ളാസിനു നേരെ കൈ നീട്ടിയപ്പോൾ ലക്ഷ്മി അവന്റെ കൈ കെണ്ടയ്ക്ക് ചെറുതായി ഒന്ന് അടിച്ചു…

“ഇത് പൗമിക്കാ….”

പെട്ടന്നായിരുന്നു പുറത്ത് ഒരു കാർ വന്ന് നിന്നത്…

“ടീ പൗമീ… ദേ നിന്റെ അച്ചുവേട്ടൻ…”

പോയി വാതില് തുറന്നു   കൊണ്ടായിരുന്നു പാച്ചു അത് പറഞ്ഞത്…

അപ്പോഴേക്കും അശ്വിൻ അകത്തേക്ക് കയറിയിരുന്നു….

പൗമി അവനെ മൈൻഡ് ചെയ്യാതെ മുഖം ഒരു സേഡിലേക്ക് ചരിച്ചു വെച്ച് കിടപ്പ് തുടർന്നു…

“ടീ പൗമി അശ്വിനോട് മിണ്ട്….”

“എനിക്ക് ആരോടും ഒന്നും മിണ്ടാനില്ലേ….

ഞാൻ വെള്ളം കുടിക്കാൻ പോവാ..”

അതും പറഞ്ഞവൾ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു.. .

ഇത്രയും ദിവസം അവളെ കാണാൻ വരാത്തതിലുള്ള പരിഭവം  അവളുടെ ആ സംസാരത്തിൽ തെളിഞ്ഞു നിന്നിരുന്നു……

“വെറുതെ പറയുന്നതാ…കുറച്ചു മുൻപ് കൂടെ പുറത്ത് പോയി നോക്കി.. അളിയൻ വരുന്നുണ്ടോ  എന്ന്…ഈയ്യെടെ ആയിട്ട് ഇച്ചിരി ദേഷ്യം കൂടിയിട്ടുണ്ട്……”

പ്രവിയൊരു തമാശ പോലത് അശ്വിനോട് പറയുമ്പോൾ ചെറു പുഞ്ചിരിയോടത് കേട്ടിരിക്കുകയായിരുന്നു അശ്വിൻ… .

അടുക്കളയിലേക്കുള്ള നടപ്പിനടിൽ പതിയെ അവളൊന്ന് നിന്നു….വയറിന്റെ കോണിലെ കൊളുത്തി പിടിക്കും പോലൊരു വേദന…

അത് വകവെയ്ക്കാതെ അവൾ ഫ്രിഡ്ജിനടുത്തേക്ക് നടന്നു…

ഒരു ഗ്ലാസ്സെടുത്ത് കുറച്ചു തണുത്ത വെള്ളം അതിലേക്കൊഴിച്ചു കുടിച്ചു……

ഇതിനിടയിൽ വയറിലെ വേദനയുടെ കാഠിന്യം കൂടി കൂടി വന്നു…..ഒരു നിമിഷം അവൾക്ക് ചുറ്റും ഉള്ളതെല്ലാം കറങ്ങുന്നത് പോലെ അവൾക്ക് തോന്നി…. ഇട്ടിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള മെറ്റേണിറ്റി ടോപ്പിലേക്ക് കുഞ്ഞു വൃത്തത്തിൽ പടരുന്ന ചുവപ്പ് നിറം അവളുടെ ഉള്ളിൽ ഭീതിയുടെ വിത്തുകൾ വാരിയെറിഞ്ഞു…

മുന്നോട്ടു ആഞ്ഞു വീഴാതിരിക്കാനായവൾ പതിയെ ഫ്രിഡ്ജിലേക്ക് വിരലുകൾ ചേർത്തു….

കൈവഴുതിയാ ചില്ലു ഗ്ലാസ് അവളുടെ കൈയ്യിൽ നിന്ന് നിലത്തേക്ക് വീഴുന്നതോടൊപ്പം

അമ്മേന്ന് വിളിച്ചുള്ള

അവളുടെ  തേങ്ങി കരച്ചിലും  അടുക്കള ചുവരുകൾക്കുള്ളിൽ തട്ടി പുറത്തേക്ക് പ്രതിഫലിച്ചു….

(തുടരും)

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ  അമ്മുക്കുട്ടി

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 28”

  1. Ammukutty…. it’s super and interesting. Waiting for the arrival of the happiness 💕💕💕💕💕💕

Leave a Reply

Don`t copy text!