സന്ധ്യ ആകുന്നതിനു മുൻപ് തന്നെ മഠത്തിൽ എത്തി ചേർന്നു…… വൈദ്യർ ഞങ്ങളെ കാത്തിരുന്നത് പോലെ തോന്നി…..
ആഹാ !സമയത്തു എത്തിയല്ലോ…? ”
“അതിരാവിലെ തന്നെ പുറപ്പെട്ടു….. സന്ധ്യയ്ക്ക് മുൻപ് എത്തി ചേരുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു….. എന്തായാലും സമയത്തു എത്തി…. ”
“അധികം സംസാരിച്ചു സമയം കളയുന്നില്ല….. നിങ്ങൾ ഇന്ന് തന്നെ പുറപ്പെടുക അല്ലെ…? ”
“അതേ ഇവിടെ വേറെ തടസങ്ങൾ ഒന്നുമില്ലെങ്കിൽ ഇന്ന് തന്നെ പുറപ്പെടാം… ”
“അങ്ങനെ ആകട്ടെ…… “വരിക…
വൈദ്യർ നടന്നതിന് പിന്നാലെ ആകാംഷയോടെ അതിലേറെ കണ്ണുകളുടെ കൊതിയോടെ നടന്നു….. പാദസരത്തിന്റെ ശബ്ദം ദൂരത്തിന്റെ അളവ് കുറിയ്ക്കപെട്ട് കൊണ്ടു കുലുങ്ങി ചിരിച്ചു എന്റെ കൂടെ വന്നു……
ഒരു മുറിയുടെ വാതിലിനു മുന്നിൽ അദ്ദേഹം നിന്നു….. അകത്തേക്ക് നോക്കി ചോദിച്ചു..
“മനു എവിടെ…….? ”
“കുളിക്കാൻ പോയി….. ”
അദ്ദേഹം തിരിഞ്ഞു ഞങ്ങളെ നോക്കി പറഞ്ഞു ഇപ്പോൾ വരും…
ഞാൻ അകത്തെ ഇരുട്ടിലേക്ക് നോക്കി ചെറിയ വെളിച്ചത്തിൽ മുറിക്കുള്ളിലെ സാമഗ്രികൾ കാണാം….. പിന്നെയും കണ്ണുകൾ അതിനുള്ളിൽ തേടി….
“വൃന്ദ ആരെയാ നോക്കുന്നത്……. “വൈദ്യർ ചോദിച്ചു…
“മ…. മണി…… ”
“ഓ പരിചയം ഉണ്ടോ അവനെ…..? ”
“ഇല്ല…. സതീഷേട്ടൻ വന്നപ്പോൾ പറഞ്ഞിരുന്നു… ”
“അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു… മണി……… ”
അകത്തു നിന്നും ഒരു രൂപം വെളിച്ചത്തിലേക്ക് വന്നു….
അവന്റെ ഇരുണ്ട നിറം കൊണ്ടു ആണ് അവന്റെ കാഴ്ചയെ എന്റെ കണ്ണുകൾക്ക് കണ്ടെത്താൻ കഴിയാതിരുന്നത്…..അവന്റെ തലയിൽ ചുരുണ്ട മുറി പറ്റി പിടിച്ചു ഇരിക്കുന്നത് പോലെ തോന്നി….. പുറത്തു ആളുകളെ കണ്ടു അവൻ എല്ലാവരെയും ഒന്ന് നോക്കി….
അവനെ നോക്കി കൊണ്ടു വൈദ്യർ പറഞ്ഞു മനുവിന്റെ അച്ഛനും അമ്മയും ആണ്……
അതുപറഞ്ഞപ്പോൾ അവന്റെ ആരെയോ കാണുന്നത് പോലെ സന്തോഷത്തോടെ അവൻ ഞങ്ങളെ എല്ലാവരെയും നോക്കി…. സന്തോഷത്തിന്റെ ഒരു ഇറ്റ് നീര് അവന്റെ കന്ൻകോണിൽ തിളങ്ങി….. വിടവുള്ള പല്ല് കാട്ടി അവൻ ചിരിച്ചു….. അവന്റെ മുഖത്തെ ചിരിയും സന്തോഷവും അവന്റെ ശരീരത്തിലെ നിറത്തിനെ മായിച്ചു കളയുന്നതായി തോന്നി……
എന്റെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു…… “ചേട്ടന്റെ…. ചേച്ചി….? ”
“അതേ എന്ന് ഞാൻ തലയാട്ടി….. അധികം പ്രായം വ്യത്യാസം നമ്മൾ തമ്മിൽ ഉണ്ടായിരുന്നില്ല എങ്കിലും… മനസ്സിൽ എപ്പോഴോ ഒരു അനുജൻ എന്ന് വരച്ചു വച്ചിരുന്നത് കൊണ്ടു ഞാൻ അവന്റെ ഇരുതോളിലും പിടിച്ചു ചോദിച്ചു മണി അക്ഷരങ്ങൾ എല്ലാം പഠിച്ചു കഴിഞ്ഞോ…? ”
“മ്…. ”
“മനുവേട്ടനെ കൂട്ടാൻ വന്നതാ….. ”
“അത് കേട്ടപ്പോൾ അവന്റെ ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അവൻ ചിരിച്ചു കൊണ്ടു തലയാട്ടി……
“ചേട്ടൻ പറഞ്ഞിരുന്നു……. ”
“വരുന്നുണ്ടോ ഞങ്ങളുടെ കൂടെ….? ”
“ഇപ്പോൾ ഇല്ല…. പക്ഷേ എന്തായാലും ഒരിക്കൽ വരും…. ”
അപ്പോഴേക്കും മുറ്റത്തിന്റെ അങ്ങേ അറ്റത്തു നിന്നും ഒരാൾ നടന്നു വരുന്നു….”” സതീഷേട്ടൻ……. സതീശേട്ടന് പിന്നിലായി…. നിറം മങ്ങിയ വെള്ളമുണ്ടും… തോളിൽ നനഞുഒട്ടിയ തോർത്തും ആയി മനുവേട്ടൻ പിന്നിൽ നടന്നു വരുന്നു…. മുടി വളർന്നു തോൾ വരെ ആയിരിക്കുന്നു.. മുഖത്തെ താടിയും….. വയ്യാത്ത കാൽ വയ്ക്കുമ്പോൾ ചെറിയ ഒരു പിടുത്തം ഉണ്ട് അത് ഒഴിച്ചാൽ എല്ലാം പഴയതു പോലെ…..
അടുത്തേക്ക് വരും തോറും നെഞ്ചിലെ മുഴക്കം പുറത്തു കേൾക്കുന്ന വിധത്തിൽ ആയി…..
എല്ലാവരെയും നോക്കുന്നുണ്ട്……
മുഖത്ത് പുഞ്ചിരി ഒന്നും കാണുന്നില്ല.. അതോ താടി ഉള്ളത് കൊണ്ടു കാണാൻ പറ്റാത്തത് ആണോ…..?
അടുത്തേക്ക് വരും തോറും ആ കണ്ണുകൾ ചിരിക്കുന്നത് കണ്ടു…….
അടുത്ത് എത്തി എല്ലാവരെയും ഒന്ന് നോക്കി…..
“മനുക്കുട്ടാ……. “അമ്മ ഓടി ചെന്നു ഏട്ടനെ കെട്ടിപിടിച്ചു…..
“എന്താ അമ്മേ…… എന്താ ഇതു…. ”
ലക്ഷ്മി…… നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ആവിശ്യമില്ലാതെ കണ്ണ് നിറയ്ക്കരുത് എന്ന് അച്ഛൻ അമ്മേ പിടിച്ചു മാറ്റി നിർത്തി….
“മോനെ നീ പോയി വേഷം മാറി വാ…. പുതിയത് വാങ്ങണോ ഇവിടെ ഇട്ടതൊക്കെ മുഷിഞ്ഞു കാണുമല്ലോ…..? ”
“വേണ്ട അച്ഛാ അത് മതി…… വീട്ടിലേക്ക് അല്ലെ പോകുന്നത്…. ”
“മ് ”
അതും പറഞ്ഞു ഏട്ടൻ അകത്തേക്ക് പോയി…. കുറച്ചു കഴിഞ്ഞു മണിയെ അകത്തേക്ക് വിളിച്ചു…..
ബാക്കി ഉള്ള ചികിത്സയുടെ പണം വൈദ്യരെ ഏല്പിക്കാൻ ആയി അച്ഛനും അമ്മയും വൈദ്യരുടെ കൂടെ പോയി…
സതീഷ്ഏട്ടനെ ഒരു ജോഡി ചെരുപ്പ് വാങ്ങാൻ പറഞ്ഞു വിട്ടിരുന്നു ഏട്ടൻ… എങ്ങും പോകാതെ ഞാൻ മാത്രം ആ വരാന്തയിൽ…….
ഏട്ടൻ എന്താ ഇങ്ങനെ…..? ഒരു വാക്ക് പോലും മിണ്ടിയില്ല….. എന്നാലും ഞാൻ പതുക്കെ വാതിലിന് നേർക്ക് നടന്നു….. അകത്തേക്ക് നോക്കി….
ഒരു ഷർട്ടും മുണ്ടും മാറി ഇട്ടിട്ടുണ്ട്… ബാക്കി ഉള്ളതൊക്കെ മണി ബാഗിൽ മടക്കി വയ്ക്കുന്നു…..
മുറിക്കുള്ളിൽ കയറി വാതിലിനോട് ചേർന്ന് ഭിത്തിയിൽ ചാരി നിന്നു….
അധികം വെളിച്ചം ഇല്ലാത്തതു കൊണ്ടു മുഖം വ്യക്തമായി കാണാൻ കഴിയുന്നില്ല…. എന്നാലും ഞാൻ മുറിക് ഉള്ളിലുള്ള വിവരം അറിഞ്ഞിട്ടുണ്ട്…. ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ… ബാഗ് റെഡി ആക്കി മണിയുടെ കയ്യിൽ ഏൽപ്പിച്ചു പറഞ്ഞു…. “അച്ഛൻ വന്ന വണ്ടി അവിടെ മുറ്റത്തു ഉണ്ട് നീ ഇതു അതിൽ കൊണ്ടു വച്ചിട്ട് വാ….
മണി ബാഗും ആയി പുറത്തേക്ക് പോയി…. ഞാൻ അവിടെ നിൽക്കുന്നത് കാണാത്ത ഭാവത്തിൽ മുണ്ടിന്റെ തുമ്പ് പിടിച്ചു ഏട്ടൻ മുറിക് വെളിയിലേക്ക് പോയി……
ഹൃദയം നുറുങ്ങി അതിൽ നിന്നും ചോര വാർക്കുന്നതായി തോന്നി…. കണ്ണുകൾ ഇറുകെ അടച്ചു… ശരീരം ഭിത്തിയിൽ താങ്ങി….. ഒരു നിമിഷത്തിന് ശേഷം കണ്ണുകൾ മെല്ലെ തുറന്നു…… അടുത്ത് മുഖത്തിനു തൊട്ട് അടുത്ത് രണ്ടു കണ്ണുകൾ എന്നെ നോക്കുന്നു…. ഒരു നിമിഷം ആ മുഖം ഓർത്തു എടുത്തു അപ്പോഴേക്കും ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു….
“എന്തിനാടി കരയുന്നത്……. ”
…………..
“നിന്നോട് ചോദിച്ചത് കേട്ടില്ലേ, എന്തിനാ നീ കരയുന്നതു…? ”
“ഏട്ടൻ…. എന്താ കണ്ടിട്ട് കാണാത്തതു പോലെ….. ”
“ആരെ കണ്ടില്ല…… പറയടി ഞാൻ ആരെ കണ്ടില്ല…? ”
“എന്നെ “”
“നിന്നെ എനിക്കു കാണാതിരിക്കാൻ നിനക്ക് എന്താ വല്ല അദൃശ്യ ശക്തിയും ഉണ്ടോ…? ”
“ഇല്ല… ”
“പിന്നെന്താ…… ”
“ഒന്നുമില്ല….. ”
“എന്നാൽ കണ്ണ് തുടച്ചിട്ട് ഇറങ്ങി പോ…. ”
“മ് ”
ഷാളിന്റെ തുമ്പ് പിടിച്ചു കണ്ണ് തുടച്ചു പുറത്തേക്ക് നടന്നു …
പെട്ടന്ന് കയ്യിൽ പിടി വീണു തിരിഞ്ഞു നോക്കിയതിനേക്കാൾ വേഗതയിൽ ഞാൻ ആ നെഞ്ചിൽ ഇടിച്ചു നിന്നു…….
“നിന്നെ കാണാതിരിക്കാൻ എനിക്കു പറ്റുമോ…? എന്റെ കണ്ണുകൾ എന്റെ കാഴ്ച മറച്ചാൽ പോലും നിന്നെ കാണാതെ ഇരിക്കാൻ അറിയാതിരിക്കാൻ എനിക്ക് ആവില്ല….. ”
ആ കൈകൾ എന്നെ ചുറ്റി മുറുക്കി…..
കാണാൻ കണ്ണ് കൊതിച്ചിട്ട് കാണാതെ ഇരിക്കാൻ പറ്റുമോ ഇന്ന് മുതൽ നിന്റെ കൂടെ ജീവിക്കാൻ പോകുവാ….. ഇങ്ങോട്ട് നോക്ക്……. താടി പിടിച്ചു ഉയർത്തി..
കരയരുത്….. ഇനി നമ്മുടെ ജീവിതത്തിൽ എന്ത് വന്നാലും കരയരുത്…. പറഞ്ഞത് കേട്ടോ….
“മ്…. ”
“പോണ്ടേ…… ”
“മ്…. ”
“എന്നാൽ വാ……. “”രണ്ടുപേരും ഒരുമിച്ചു ആണ് പുറത്തേക്ക് വന്നത് അപ്പോഴേക്കും സതീഷേട്ടൻ ഞങ്ങളെ തിരക്കി വരുന്നുണ്ടായിരുന്നു….. സതീഷേട്ടനെ കണ്ടപ്പോൾ കുറച്ചു അകന്നു മാറി നടന്നു…… അത് കണ്ടിട്ട് ഏട്ടൻ പറഞ്ഞു “ബാക്കി വീട്ടിൽ ചെന്നിട്ട്…… ”
ഇറങ്ങുവല്ലേ…..സന്ധ്യയ്ക്ക് മുൻപ് ഇറങ്ങാൻ പറഞ്ഞു വൈദ്യർ….
“ഇറങ്ങാം….. ”
വൈദ്യരുടെ മുറിയിൽ എത്തിയപ്പോൾ കാലിൽ തേയ്ക്കാനുള്ള കുഴമ്പും എണ്ണയും തന്നു…… അതിന്റെ രീതിയും ഒക്കെ പറഞ്ഞു തന്നു……
വൈദ്യരോട് യാത്ര പറഞ്ഞു ഇറങ്ങി…..വീട്ടിലേക്ക് ഉള്ള സന്തോഷയാത്ര ആയിരുന്നെങ്കിലും മണിയെ വിട്ടു പിരിയുന്നതിൽ ഉള്ള സങ്കടം ഉണ്ടായിരുന്നു…..
പക്ഷേ അവൻ സന്തോഷത്തോടെ യാത്ര പറഞ്ഞു…..
“ചേട്ടൻ പൊയ്ക്കോ ഞാൻ തീർച്ചയായും ചേട്ടന്റെ നാട് കാണാൻ വരും…. “”
“പഠിക്കാൻ ശ്രമിക്കണം, എല്ലാം കൂട്ടി വായിക്കാൻ പഠിക്കണം…. ”
“ചെയ്യാം ചേട്ടാ…… ”
“അവനെ ഞാൻ നോക്കി കൊള്ളാം
“സന്തോഷത്തോടെ പോയി വരിക…. ”
സന്ധ്യയ്ക്ക് മുന്നേ അവിടെ നിന്നു ഇറങ്ങി……
വരുന്ന വഴിയിൽ ഇടയ്ക്ക് ഇടയ്ക്ക് ചായയും വെള്ളവും ഓക്കെ കുടിക്കാൻ ഇറങ്ങി……. അവിടൊക്കെ കുറച്ചു നടന്നും കാലിനു ഇടക്ക് നല്ല വ്യായാമം കൊടുത്തു…..
ഏകദേശം വെളുപ്പിന് ആണ് വീട് എത്തിയത്…..
സതീഷേട്ടനും വീട്ടിൽ തന്നെ തങ്ങി…..
സതീഷേട്ടന് മുറി തുറന്നു കിടക്ക വിരിച്ചു കൊടുത്തു….
അച്ഛനും അമ്മയും മുറിയിലേക്ക് പോയി….
ഞാൻ മുറിയിൽ വന്നപ്പോഴേക്കും ഏട്ടൻ വസ്ത്രങ്ങൾ ഓക്കെ മാറി ഉടുത്തിരുന്നു…..
“വണ്ടിയിൽ ഇരുന്നു നടുവിന് ഒരു പിടുത്തം…. ”
“ഏട്ടൻ കിടന്നോ….. ഞാൻ ഇതൊക്കെ മാറി ഇടട്ടെ….. ”
“വൃന്ദ…. എനിക്കു ഒരു കട്ടൻകാപ്പി വേണം.. ”
“ഇപ്പോ കൊണ്ടു വരാം…. ”
“മാറി ഇട്ടിട്ടു മതി…. ”
“വേണ്ട കൊണ്ടു വരാം…. ഏട്ടൻ കുടിക്കുമ്പോഴേയ്ക്കും മാറി ഇടാം… ”
ഞാൻ പോയി കട്ടൻ കാപ്പി ഇട്ടു കൊണ്ടു വന്നു….. മേശപ്പുറത്തു വച്ചു. ഏട്ടൻ കണ്ണുകൾ അടച്ചു കട്ടിലിൽ ചാരി ഇരിക്കുന്നു…. ”
“കാപ്പി എടുത്തു കുടിക്ക്…. ”
കണ്ണുകൾ തുറന്നു എന്നെ നോക്കി…. ഞാൻ ഇതു മാറി ഇട്ടിട്ടു വരാം… ചെറുതായി പുഞ്ചിരിച്ചു കൊണ്ടു തലയാട്ടി…..
കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ തിരികെ വന്നു…..
“വാ…… വിശേഷങ്ങൾ ഒരുപാട് ചോദിക്കാനും പറയാനും ഉണ്ട്…… ”
ഞാൻ ഏട്ടനോട് ചേർന്നു കിടന്നു…. വിശേഷങ്ങൾ ഓക്കെ പറയുന്നതിന് മുൻപ് തന്നെ യാത്ര ക്ഷീണം കൊണ്ടു ഉറങ്ങി പോയി……
പിന്നീട് ഉള്ള ദിവസങ്ങൾ എനിക്കു കാണിച്ചു തന്നു മനുവേട്ടൻ ആ വീട്ടിൽ എങ്ങനെ ആണ് ജീവിച്ചത് എന്ന്….
അമ്മയുടെ പുറകെ ഓരോ കുസൃതി കാട്ടി നടക്കും… അവസാനം അമ്മ അടിക്കാൻ ഓടിക്കുന്നത് വരെ അമ്മയുടെ പുറകിൽനിന്നു മാറില്ല…… എന്ത് ഉണ്ടാക്കി കൊടുത്താലും അമ്മയ്ക്ക് മതിയാവില്ല…. എന്നാലും കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്തേലും വേണം എന്ന് പറഞ്ഞാൽ ഉണ്ടാക്കാൻ പറ്റുമെങ്കിൽ കഴിച്ചു കഴിയുന്നതിനു മുൻപേ അമ്മ അത് ഉണ്ടാക്കി കൊടുക്കും….
അച്ഛന്റെ ബന്ധുക്കൾ ഓക്കെ ഇടക്ക് വന്നു പോയി……
കോളേജിൽ പോയാൽ എത്രയും വേഗം മടങ്ങി വരണം എന്ന് മാത്രമായിരുന്നു ചിന്ത….. പോയി വരുമ്പോഴേക്കും ഏട്ടൻ ഏതെങ്കിലും പുസ്തകം വായിച്ചു പകുതി ആക്കും…. അതിലെ കഥ പറഞ്ഞു തരും ബാക്കി ഞാൻ വായിച്ചു കേൾപ്പിക്കും….. എന്റെ മടിയിൽ തല വച്ചു കിടന്നു അത് കേൾക്കും…..
“വൃന്ദ…… ഈ വായിക്കുന്ന കഥകളിലെ പോലെ ആരെങ്കിലും ഈ ലോകത്തു ജീവിക്കുന്നുണ്ടാകുമോ? ഇതു ആരുടെ എങ്കിലും ജീവിതം ആയിരിക്കുമോ? ”
“ഇതൊക്ക എഴുത്തുകാരുടെ ഇഷ്ടത്തിന് എഴുതുന്നത് അല്ലെ? “”
അല്ലാതെ ഇതുപോലെ ഒന്നും ഉണ്ടാകില്ല… ”
“ഇല്ല… അങ്ങനെ അല്ല… എഴുതാനിരിക്കുമ്പോൾ ഇതുപ്പോലെ എഴുതണം എന്ന് മുന്നേ നിചയിച്ചിട്ട് അല്ലല്ലോ തുടങ്ങുന്നത് എഴുതി വരുമ്പോൾ ഓരോന്ന് മനസ്സിൽ വന്നു ആരോ പറഞ്ഞു തരും അത് പോലെ അല്ലെ എഴുതുന്നത്….. അതിൽ ചിലപ്പോ ആരുടെ എങ്കിലും ജീവിതം ഉണ്ടാകും….. ”
“ആഹ് എനിക്കു അറിയില്ല……
“അറിയണം……. വായനശാലയിൽ ഒരു മത്സരത്തിന് വേണ്ടി നീ എഴുതിയ വരികളിൽ ഒരു ജീവിതം ഉണ്ടായിരുന്നു…… ഒരു അനുഭവം ഉണ്ടായിരുന്നു…. വേറെ ആരുടെയും അല്ല എന്റെ…. ”
“ഏതു മത്സരത്തിൽ…. ”
“അതൊക്ക ഉണ്ട്…..നീ ഇപ്പോൾ വായിക്കുന്ന പുസ്തകം ചിലപ്പോൾ ഇന്നത്തെയോ ഇന്നലത്തെയോ ജീവിതങ്ങൾ ആയിരിക്കും.. ”
നാളെ നമ്മളും ഒരു പുസ്തകത്തിലെ കഥകൾ ആയിരിക്കും….. ‘”
“ഒന്ന് പോ മനുവേട്ടാ…. ഇതിപ്പോ ഞാൻ വായിക്കണോ വേണ്ടയോ… ”
“വായിക്കടി…… ”
പല ജീവിതങ്ങളുടെ കഥകൾ പറഞ്ഞു ഞങ്ങളുടെ ജീവിത ചക്രം ഉരുണ്ട് കൊണ്ടിരിക്കുന്നു……..
(കാത്തിരിക്കാം ….. )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission