സിദ്ധാർഥ് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അകത്തേക്ക് നടന്നു….
എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു ചായ കുടിച്ചു….. ഞങ്ങളിൽ ഒരാളെ പോലെ വീട്ടുവിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അപരിചിതത്വം ഇല്ലാതെ ആ കൂടിക്കാഴ്ച തുടർന്നു….
വിനോദ് ഉള്ളതുകൊണ്ട് സിദ്ധാർഥും മിണ്ടിയും പറഞ്ഞും ഇരുന്നു….
അദ്ദേഹം കുഞ്ഞിന് സമ്മാനങ്ങളും ഉടുപ്പുകളും ഓക്കെ കൊണ്ടു വന്നിരുന്നു……
യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ പടിക്കെട്ടിനു താഴെ റോഡ് വരെ ഞാൻ കൂടി ചെന്നു..
വിനോദ് അച്ചുവിനെ സ്കൂളിൽ ചേർക്കുന്ന കാര്യം പറഞ്ഞു…
“നാളെ ചേച്ചി കൂടി വന്നാൽ സ്കൂൾ വരെ പോകാം… ”
“വരാം… ”
“അവിടെ ആകുമ്പോൾ വാൻ ഇവിടെ വരെ വരാം എന്നവർ പറഞ്ഞിട്ടുണ്ട്….. നല്ല ഉത്തരവാദിത്തം ഉണ്ട്,, ‘
‘പോകാം വിനോദെ….. ”
“അച്ഛാ സ്കൂൾ തുറക്കുന്നതിനു മുൻപ് എനിക്കു അച്ഛന്റെ അടുത്ത് പോയി കുറച്ചു ദിവസം നിൽക്കണം… ”
“നാളെ പോയി എല്ലാം ശരിയായാൽ അടുത്ത ദിവസം തന്നെ പോകാം… ഞാൻ കൊണ്ടു വിടാം “അച്ഛൻ പറഞ്ഞു…
പിറ്റേന്ന് ഉച്ചക്ക് ശേഷം വിനോദ് ഷോപ്പിൽ വന്നു അപ്പോൾ തന്നെ സിദ്ധാർഥിനോട് പറഞ്ഞു ഇറങ്ങി….
വിനോദിനെ കണ്ടപ്പോൾ സിദ്ധാർഥ് കൈകൊടുത്തു പരിചയം പുതുക്കി
സ്കൂളിന്റെ അന്തരീക്ഷവും ചുറ്റുപാടും ഓക്കെ മനസ്സിൽ ആഗ്രഹിച്ചത് പോലെ ആയിരുന്നു….
അവിടെ എല്ലാം സംസാരിച്ചു റെഡി ആക്കി….. അച്ചുവിന് പോകാൻ വാൻ വീട് വരെ വരും…..
സ്കൂളിൽ പേർസണൽ ഡീറ്റെയിൽസ് ഫിൽ ചെയ്യാനുള്ള അപ്ലിക്കേഷൻ പൂരിപ്പിച്ചപ്പോൾ ഒരു നോവ്…. ആ പേര് എഴുതിയപ്പോൾ
എവിടെയും എപ്പോഴും ആ പേര് ഇല്ലാതെ എന്റെ ജീവിതം മുന്നോട് പോകുന്നില്ല എന്ന ആ അറിവ്
ഒരു ധൈര്യമായി ഉള്ളിൽ…..
രണ്ടു ദിവസത്തിനുള്ളിൽ അച്ഛച്ചനെ കാണാൻ പോകണം എന്ന് അച്ചുവിനോട് പറഞ്ഞു….. അവനു സന്തോഷം ആയിരുന്നു…..
“രണ്ടു ദിവസം കഴിഞ്ഞു പോയാൽ ചേച്ചി പിന്നെ സ്കൂൾ തുറക്കാറാകുമ്പോൾ അല്ലെ വരൂ? “വിദ്യ ചോദിച്ചു
“മിക്കവാറും….. അങ്ങനെ ആയിരിക്കും. ”
“അപ്പോൾ പിന്നെ ഷോപ്പിൽ പോകാൻ പറ്റില്ലല്ലോ? ”
“ഇല്ല….. ”
“എന്നാൽ നാളെ തന്നെ മേനോൻ സാറിനോട് പറഞ്ഞിട്ട് വരണം…. ”
“പറയാം…… ”
“മ്….. ”
പതിവ് പോലെ അന്നും നല്ല തിരക്ക് ആയിരുന്നു….. രാവിലെ മേനോൻ സാറിനെ നോക്കിയെങ്കിലും മുറിയിൽ ഇല്ലായിരുന്നു…
ഇടയ്ക്ക് അനൂപിനോട് സർ എത്തിയിട്ടുണ്ടോ എന്നു തിരക്കി.
“ഇല്ല ചേച്ചി ചിലപ്പോ ഉച്ച ആകും ഒന്നുരണ്ടു സ്ഥലത്ത് പോകാൻ ഉണ്ടെന്നു പറഞ്ഞിരുന്നു…. എന്തേലും അത്യാവശ്യം ഉണ്ടോ ചേച്ചി? എന്നാൽ വിളിച്ചാൽ മതി…. ‘
“വേണ്ട വരുമ്പോൾ കണ്ടോളാം…. ”
“പണികിട്ടാൻ വക ഉള്ളത് വല്ലതും ഒപ്പിച്ചോ? ”
“പോടാ…. ”
“അതല്ലേ മേനോൻ സാറിനെ തിരക്കുന്നതു…. ”
“അതേല്ലോ മോൻ ചെല്ല്… ഇല്ലെങ്കിൽ നിനക്ക് കൂടി പങ്ക് തരാം…. ”
“എന്റെ പൊന്നു ചേച്ചി കഴിഞ്ഞ ആഴ്ച പതിനൊന്നു കൊറിയർ ബോക്സ് ഞാൻ ഒറ്റയ്ക്ക് ആണ് ലോഡ് ഇറക്കിയത്… ”
“അത് എന്താ ലോഡിങ് വർക്കേഴ്സ് വന്നില്ലേ? ”
“ഓ…. വന്നിട്ടും കാര്യം ഒന്നും ഉണ്ടായില്ല… സിദ്ധാർഥ് സാറിന്റെ കയ്യിൽ നിന്നു പണി കിട്ടിയതാ “”
‘ഓ അപ്പോൾ നിനക്ക് ഇടക്ക് ഇടക്ക് കിട്ടുന്നുണ്ട് അല്ലെ…? ”
“എനിക്കു മാത്രം അല്ലാ മിക്കവാറും എല്ലാവർക്കും കിട്ടുന്നുണ്ട്…. ”
“മ്… ”
സിദ്ധാർഥ് ലിഫ്റ്റ് ഇറങ്ങി വരുന്നത് കണ്ടു അവൻ എന്നെ നോക്കി പറഞ്ഞു “പണി വരുന്നുണ്ട് ചേച്ചി കാത്തോണേ….. ”
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി
അവൻ ഒരു ചിരി പാസ്സാക്കി കൊണ്ടു പറഞ്ഞു ചേച്ചി പറഞ്ഞാൽ പണി കിട്ടില്ല….
അപ്പോഴേക്ക് സിദ്ധാർഥ് അടുത്ത് എത്തി….
“നീ എന്താ ഇവിടെ..? ”
“ഞാൻ സാറിന്റെ മുറിയിൽ നിന്നു സ്റ്റോക്ക് ഫയൽ എടുക്കാൻ വന്നതാ അപ്പോൾ ചേച്ചി മേനോൻ സർ വന്നോ എപ്പോൾ വരും എന്നൊക്കെ ചോദിച്ചു… അതുകൊണ്ട് നിന്നതാ…. ”
“മ് നീ പോയി നിന്റെ ജൊലി നോക്ക്…. ”
അവൻ പോയി കഴിഞ്ഞു സിദ്ധാർഥ് ആരോടെന്നില്ലാതെ പറഞ്ഞു “അച്ഛൻ ഉച്ചക്ക് വരും….. ”
സിദ്ധാർഥ് മുന്നിലേക്ക് നടന്നു പോയി… ഞാൻ എന്റെ ജോലിയിലേക്കും
ഏകദേശം മൂന്നു മണി ആയപ്പോഴാണ് അദ്ദേഹം വന്നത്… ഉടനെ ചെന്നു ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി പോകാൻ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നത്…
“എന്താ…. വഴക്കിനു വന്നതാണോ? ‘
“എന്തിനു? ”
“അല്ലാ നിന്നോട് പറയാതെ വന്നതുകൊണ്ട് ഇനി നീ വഴക്ക് കൂടാൻ വന്നതാണോ? ”
“അല്ല.. ”
“പിന്നെന്താ പറയ്. ”
“രണ്ടു ദിവസം കഴിഞ്ഞു ഞാൻ മനുവേട്ടന്റെ തറവാട്ടിലേക്ക് പോകും… അച്ഛനെ കാണാൻ ഒരാഴ്ച്ച കഴിഞ്ഞേ മടങ്ങൂ…. ”
“പോയിട്ടു വാ…. “അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു…
“അച്ചുനെ സ്കൂളിൽ ചേർത്തു…. ”
“അതെയോ അതിനെ കുറിച്ച് അന്നു വിനോദ് പറഞ്ഞിരുന്നു.. ”
“പോയിട്ടു വരുമ്പഴേക്കും സ്കൂൾ തുറക്കും അപ്പോൾ മോനെ രാവിലെ റെഡി ആക്കി വിടണ്ടേ അപ്പോൾ പിന്നെ എനിക്കു വരാൻ പറ്റില്ല…. ”
“അത് എന്താ പറ്റാത്തത്…..? ”
“”അവന്റെ കാര്യങ്ങൾ ഓക്കെ നോക്കണ്ടേ അതുകൊണ്ട് അതൊക്ക നോക്കി വീട്ടിൽ തന്നെ സമയം ചിലവിടാം…. ”
“അവൻ പോയി കഴിഞ്ഞു വന്നാൽ മതിയല്ലോ അവൻ എത്തുമ്പോഴേക്കും ചെല്ലാം പിന്നെന്താ…? ”
“അതൊക്ക ബുദ്ധിമുട്ട് ആണ് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കണ്ടേ…..? ”
“നിനക്ക് ജൊലിക്ക് വരണ്ടാ എന്നു നിർബന്ധം ഉള്ളത് പോലെ തോന്നുന്നല്ലോ….? ‘
“അങ്ങനെ ഒന്നും ഇല്ല ഇപ്പോൾ തന്നെ അവൻ അവിടെ ഒറ്റയ്ക്ക് ആണ്…. അന്ന് എനിക്കും അവനോടു ഒരുപാട് നേരം ഇരിക്കാൻ പറ്റുന്ന സ്ഥിതി ആയിരുന്നില്ല…. ഇനി അവന്റെ വിശേഷം കേൾക്കാനും കാണാനും ഞാൻ കൂടെ ഉണ്ടാകണം….. ”
“ശരി…. നിന്റെ ഇഷ്ടം പോലെ.. ശമ്പളത്തിന് വേണ്ടി അല്ല നീ എന്റെ ഓഫർ സ്വീകരിച്ചത് എന്ന് അറിയാം എന്നാലും നീ ഉള്ളിടത്തിനു ഒരു പ്രത്യേക ആണ്… ആട്ടെ അപ്പോൾ ഇന്ന് കൂടിയേ ഉള്ളോ? ”
“നാളെ കൂടി……. ”
“മ്…. നിന്റെ ഇഷ്ടം പോലെ ചെയ്… പോയിട്ടു വാ… ”
“മ്.. ശരി…
അദ്ദേഹത്തോട് യാത്ര പറഞ്ഞു ഇറങ്ങി…..
അങ്ങോട്ട് ചെല്ലുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛൻ വണ്ടിയുമായി ഇങ്ങോട്ട് വന്നു കൂട്ടികൊണ്ടു പോകാം എന്ന് പറഞ്ഞു….
“ഞാൻ വരാം മോളെ….. ”
“അച്ഛന് ഇവിടെ വരെ വരാൻ പറ്റുമോ? ”
“വണ്ടിയിൽ അല്ലെ ഒന്ന് വന്നു പോരാം ഒരുപാട് ആയില്ലേ അങ്ങോട്ടൊക്കെ വന്നിട്ട്…. അതുമല്ല ഇപ്പോൾ വന്നാൽ കുഞ്ഞിനേയും ഒന്ന് കണ്ടു പോരാമല്ലോ… പിന്നെ ആയാൽ അതൊന്നും നടക്കില്ല….. ”
“ശരി അച്ഛാ….. ”
“അച്ചന് ഇങ്ങോട്ട് ഒന്ന് വരാൻ അത്രയും ആഗ്രഹം ഉണ്ടെന്നു മനസിലായി അതുകൊണ്ട് എതിർപ്പ് ഒന്നും പറഞ്ഞില്ല….
പിറ്റേന്ന് ജോലിക്ക് പോയി വന്നു…. കൊണ്ട് പോകാനുള്ള ഒന്നുരണ്ടു ജോഡി ഡ്രസ്സ് അത്യാവശ്യ സാധനങ്ങളും എടുത്തു ഒരു ബാഗിൽ വച്ചു….
പിറ്റേന്ന് പത്തു മണി ആയപ്പോഴേക്കും അച്ഛനും വല്യച്ചനും കൂടി വന്നു…. എല്ലാവരെയും കണ്ടപ്പോൾ അച്ഛന് സന്തോഷം ആയി വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഉച്ച വരെ ഇരുന്നു….
വീട് വാടകയ്ക്ക് കൊടുത്തകാര്യം അച്ഛനോട് പറഞ്ഞു…
“നല്ലത്…. നശിച്ചു പോകില്ലല്ലോ… ”
“വീട്ടിൽ പോകണോ അച്ഛാ…. ”
“വേണ്ട അവിടെ കാത്തിരിക്കുന്നവർ ആരും ഇല്ലല്ലോ? ”
ഉച്ചയ്ക്ക് ഊണ് കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി….
തിരികെ കൂട്ടാൻ അച്ഛൻ വരാം എന്ന് പറഞ്ഞു…..
തറവാട്ടിൽ എത്തിയതും തൊടിയിലേക്ക് ആണ് കണ്ണുകൾ പോയത്…. ശരീരവും അങ്ങോട്ട് തന്നെ പോയി…
പാരിജാതം അവിടേ ഒരു വരി വച്ചുനിൽക്കുന്നു
എല്ലാത്തിലും പൂക്കൾ ഉണ്ട്… അതിന്റെ മണം ആ ചുറ്റുവട്ടത് തങ്ങി നിൽക്കുന്നു….
കരയാൻ പാടില്ലാത്തതു കൊണ്ടു വിശേഷങ്ങൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു കേൾപ്പിച്ചു…. മോൻ അക്ഷരം പഠിക്കാൻ തുടങ്ങിയിരിക്കുന്നു…. അച്ഛനെ പോലെ അവനും അക്ഷരങ്ങളുടെ കളിക്കൂട്ടുകാരൻ ആകട്ടെ നഷ്ട്ടപെട്ടു പോയതൊക്കെ അക്ഷരങ്ങൾ കൊണ്ടു അവൻ വരച്ചു തീർക്കട്ടെ……
ഒരാഴ്ച്ച അച്ഛന് തന്റെ ബാല്യം തിരികെ കിട്ടിയത് പോലെ ആയിരുന്നു. രണ്ടു പേരുടെയും കളികൾക്കും വർത്താനം പറച്ചിലിലും ഒരുവേള ഇതിൽ ആരാണ് കുട്ടി എന്ന് തോന്നി പോയി…..
മൂന്നു നാലു ദിവസം കഴിഞ്ഞു ഒരു ദിവസം മൊബൈലിലേക്ക് ഒരു കാൾ വന്നു പിന്നീട് ആണ് കണ്ടത്… അതികം ആരും ഇങ്ങോട്ട് വിളിക്കാൻ ഇല്ലാത്തതു കൊണ്ടു ആരെങ്കിലും അറിയാവുന്നവർ ആകും എന്ന് കരുതി തിരികെ വിളിച്ചു
“ഹെലോ… ”
അപ്പുറത്ത് നിന്നും ഒരു പുരുഷസ്വരം കേട്ടു
“ഇങ്ങോട്ട് വിളിച്ചിരുന്നോ…? ”
“അഹ്…… ആ എന്താണ് മാഡത്തിന്റെ പേര്…. ”
“വൃന്ദ… ”
“ഓ.. മാഡം ഞാൻ നിങ്ങളുടെ വീട്ടിൽ വാടകയ്ക്ക് വന്നതാണ്… എന്തെകിലും അത്യാവശ്യം വരുമ്പോൾ വിളിക്കാൻ ദിവാകരന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങിയപ്പോൾ വിളിച്ചതാണ്…. ”
“ഓ.. ശരി….
“എന്തെങ്കിലും കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി…. ”
“ശരി…. ”
ഫോൺ കട്ടായി…..
ഫോൺ ചെയ്തു തിരിഞ്ഞ എസ് ഐ യോട് സി പി ഒ ഹേമന്ദ് വന്നു പറഞ്ഞു “സർ സർക്കിൾ വന്നിട്ടുണ്ട് ”
“ശരി ഞാൻ പോയി കണ്ടോളാം…. ”
മേശപ്പുറത്തു വച്ചിരുന്ന തൊപ്പി എടുത്തു തലയിൽ വച്ചു മീശ ചെറുതായി പിരിച്ചു വടിയും എടുത്തു പുറത്തേക്ക് നടന്നു…
വരാന്തയുടെ ഏറ്റവും അറ്റത്തു ഉള്ള റൂമിനു മുന്നിൽ ചെന്നു നിന്നു അവിടെ സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്നെഴുതിയ ഒരു വലിയ ബോർഡ് വച്ചിരുന്നു..
വാതിലിൽ തട്ടി അനുവാദം ചോദിച്ചു അകത്തു കയറി കസേരയിൽ ഇരുന്ന സി ഐ കൈനീട്ടി പുഞ്ചിരിയോടെ സ്വാഗതം ചെയ്തു വെൽകം മിസ്റ്റർ ശ്രീനാഥ് സബ്ഇൻസ്‌പെക്ടർ ഓഫ് പോലീസ്……….
ഇരിക്കൂ ശ്രീനാഥ്……
“തന്റെ താമസം ക്വാർട്ടേഴ്സിൽ ആണോ..? ‘
“അല്ല ഒരു വീട് റെഡി ആയി കിട്ടി… ”
“പിന്നെ ക്വാർട്ടേഴ്സിന് അപേക്ഷിച്ചിരുന്നില്ലേ…? ‘
“അതേ സർ പക്ഷേ നല്ല വീട് കിട്ടിയപ്പോൾ അത് വേണ്ടാന്ന് വച്ചു… ”
“ഇതു ശരിക്കും ശ്രീനാഥിന്റെ നാടല്ലേ… ”
“അതേ സർ പക്ഷേ വീടും സ്റ്റേഷനും ആയി കുറച്ചു ദൂരം ഉണ്ട് അമ്മ കൂടെ ഉള്ളത് കൊണ്ടു ആണ് പെട്ടന്നു എത്തുന്ന വിധം ഒരു വീട് നോക്കിയത്…. കൃത്യമായി വീട്ടിൽ എത്തിചേരാൻ പറ്റില്ലല്ലോ…? ”
“Ok ശ്രീനാഥ് അപ്പോൾ തന്റെ സ്റ്റാർട്ടിങ് ട്രബിൾ ഓക്കെ തീരുന്നു… ”
“അതേ സർ…. ‘
“തന്റെ ആദ്യ പോസ്റ്റ് വയനാട് ആയിരുന്നു അല്ലെ…?”
“അതേ…. മൂന്നു വർഷം അവിടെ പിടിച്ചു നിന്നു നാട്ടിലേക്ക് വരാൻ വേണ്ടി…. ”
“മ്…. ഇവിടെ അങ്ങനെ അധികം പ്രശ്നങ്ങൾ ഒന്നുമുള്ള സ്റ്റേഷൻ റേഞ്ച് അല്ല പിന്നെ നമ്മളെ കൊണ്ടുള്ള സോഷ്യൽ സർവീസ് ആണ് കൂടുതൽ…. ”
“ശരി സർ…. ”
“എനിവേ വെൽകം ശ്രീനാഥ് ഹാവ് എ ഗുഡ് ജേർണി… ”
“താങ്ക്യൂ സർ….. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ… ”
“ഓക്കേ… ”
ശ്രീനാഥ് സല്യൂട് ചെയ്തു തിരിഞ്ഞു നടന്നു….. ഹാഫ് ഡോർ തുറന്നു പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ അദ്ദേഹം പുറകിൽ നിന്നു വിളിച്ചു ചോദിച്ചു “ശ്രീനാഥ് താൻ സിംഗിൾ ആണോ…? ”
കയ്യിൽ ഇരുന്ന തൊപ്പി തലയിൽ വച്ചു ചെറു ചിരിയോടെ പറഞ്ഞു “അതേ സർ… ”
“അപ്പോൾ ഒരു ഊണ് പ്രതീക്ഷിക്കാമോ….? ”
“ഞാൻ ഒരാളെ പ്രതീക്ഷിക്കുന്നു….. ”
“ഓ ഗുഡ് വിഷ് യു ആൾ ദി ബെസ്റ്റ്… ”
“താങ്ക്യൂ സർ….. ”
………………………………………………..
വീട്ടിൽ എത്തിയാൽ സ്കൂളിൽ പോകേണ്ടത് കൊണ്ടു അച്ചുവിന് സ്കൂളിലേക്ക് കൊണ്ടു പോകാൻ ഉള്ളതൊക്കെ അച്ഛൻ തന്നെ വാങ്ങി…
ഞങ്ങൾ എല്ലാവരും കൂടി ആണ് അവിടെ ടൗണിൽ ഉള്ള കടയിലേക്ക് പോയത്…..
അച്ചു ചൂണ്ടി കാട്ടിയത് ഓക്കെ അച്ഛനും വല്യച്ചനും കൂടി വാങ്ങി കൂട്ടി…
“എന്തിനാ അച്ഛാ ഇതൊക്ക….? ”
“അവനിഷ്ടം ഉള്ളതൊക്കെ വാങ്ങട്ടെ മോളെ അവനല്ലേ ഉള്ളൂ എനിക്കു ഇങ്ങനെ വാങ്ങി കൊടുക്കാൻ.. ”
“പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല….. അച്ഛന്റെയും മകന്റെയും കൂടെ ഒരു കാഴ്ച്ചക്കാരി ആയി നടന്നു…..
ബാഗ് ചെരുപ്പ് കുട ബോക്സ് പെൻസിൽ കളർ പെൻസിൽ എങ്ങനെ എല്ലാം….
പുത്തൻ ഉടുപ്പ് കൂടി വാങ്ങണം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു “വേണ്ട അച്ഛാ ഞാൻ ഇപ്പോൾ ഷോപ്പിൽ നിന്നു മൂന്നാല് ജോഡി കൊണ്ടു വന്നിട്ട് ഒരാഴ്ച ആയിട്ടില്ല”
“അത് നീ വാങ്ങിയതല്ലേ.? “ഇതു അവന്റെ അച്ചാച്ചന്റെ പങ്ക് ആണ്……
അച്ഛനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നു മനസിലായി….
തുണിക്കടയിൽ കയറി അച്ഛൻ എന്നോട് ഇഷ്ടമുള്ളതു വാങ്ങാൻ പറഞ്ഞു ഒന്നും വേണ്ടാന്ന് പറഞ്ഞാൽ അച്ഛൻ കേൾക്കില്ല അതുകൊണ്ട് നല്ല കോട്ടൺ സാരി നോക്കി രണ്ടെണ്ണം വാങ്ങി….
എല്ലാം ഓക്കെ വാങ്ങി ഇറങ്ങിയപ്പോൾ ഇരുട്ടു ആയി കഴിഞ്ഞിരുന്നു……
മോളെ നിനക്ക് വേറെ വല്ലതും വേണോ? ”
“ഒന്നും വേണ്ട അച്ഛാ….. ”
“എന്നാൽ പോകാം…. ”
“മ്.. ”
“സ്റ്റാൻഡിൽ ചെന്ന് ഓട്ടോയോ ടാക്സിയോ പിടിച്ചു പോകാം…. ”
“ശരി ”
നല്ല തണുപ്പുള്ള ഒരു സായാഹ്നം ആയിരുന്നു കുളിർ കാറ്റിന് ഒരു മഴയുടെ മണം ഉണ്ടായിരുന്നു….. വഴിയോരത്തെ ചെറിയ തട്ടുകടകളിൽ കനൽ എരിയാൻ തുടങ്ങിയിരിക്കുന്നു….
വഴിയിലേക്ക് നീട്ടി ഇട്ടിരുന്ന ഒരു ബെഞ്ചിന്റെ അറ്റത്തു ചെന്നു ഇരുന്നിട്ട് വല്യച്ഛൻ പുറകെ വന്ന ഞങ്ങളെ നോക്കി പറഞ്ഞു
“വാ നമുക്ക് ഓരോ ചായ കുടിച്ചിട്ട് പോകാം ചന്ദ്ര… ”
അച്ഛൻ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു “ഓരോ ചായ കുടിക്കാം മോളെ…. ”
“കുടിക്കാം അച്ഛാ….. ”
“ഞങ്ങളും ആ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു ”
ഒരു അറുപതു വയസു വരുന്ന ഒരു വല്യമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു… നല്ല ഐശ്വര്യ മുള്ള മുഖം കാവിമുണ്ടും ബ്ലൗസും തോർത്തും ആണ് വേഷം…..
“എന്താ വേണ്ടത് മക്കളെ ഞങ്ങളെ നോക്കി ചോദിച്ചു… ”
“ഓരോ ചായ…. “അച്ഛൻ പറഞ്ഞു
“കഴിക്കാൻ ഒന്നും വേണ്ടേ? ‘
“മോളെ നിങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും വേണോ, വേണുന്നതു പറ ”
“അച്ചൂട്ടന് എന്ത് വേണം? ”
“ദോശ വേണം…. ”
ചൂട് ദോശ ചുടുന്നത് നോക്കി അവൻ പറഞ്ഞു
“മോൾക്ക് കൂടി എടുക്കട്ടെ “?
“എടുത്തോ? ‘”അച്ഛൻ പറഞ്ഞു..
വല്യമ്മ ചിരിച്ചു കൊണ്ടു പോയി ഞങ്ങൾക്ക് രണ്ടാൾക്കും ഉള്ള ദോശയും ചായയും കൊണ്ടു വന്നു..
അധികം ആരും ഇല്ലാത്തതു കൊണ്ടു വല്യമ്മ ഞങ്ങളുടെ അടുത്ത് തന്നെ മോനോടു ഓരോ കാര്യങ്ങളും ചോദിച്ചു നിന്നു…..
“അമ്മ ഒറ്റയ്ക്ക് ആണോ കട നടത്തുന്നത്… ”
“ഞാൻ അല്ല ഞങ്ങൾ…… ദോശ ചുട്ടുകൊണ്ടു നിന്ന വല്യപ്പനെ ചൂണ്ടി പറഞ്ഞു ”
“മക്കളില്ലേ അമ്മയ്ക്ക്….. ”
“ഉണ്ട് ഒരു മകളും മകനും….. മോളെ കെട്ടിച്ചു വിട്ടു പിന്നെ മകൻ അവനില്ല പോയി….. “നിസ്സഹായതയോടെയോ നിരാശയോടെയോ ആണ് ആ വാക്കുകൾ പുറത്തു വന്നത് എങ്കിലും മുഖത്ത് ആ പുഞ്ചിരി മാഞ്ഞിരുന്നില്ല……
“ഓരോ സന്ധ്യക്കും അമ്മയുടെ കയ്യിൽ നിന്നു ഒരുപിടി ചോറ് തിന്നാൻ അവൻ വരുമെന്ന് കരുതി കാത്തിരുന്നു….. വന്നില്ല….. വച്ച് വച്ചതൊക്കെ പൂച്ചയും കാക്കയും തിന്നു….. അപ്പോൾ വിചാരിച്ചു ഇതുപോലെ വരുന്ന മക്കൾക്ക് ഓക്കെ വിളമ്പി കൊടുത്ത് മനസു നിറയ്ക്കാം എന്ന്…. ഞാൻ അവനു ഏറ്റവും കൂടുതൽ ചെയ്തു കൊടുത്തതും അതാണ്…. അത് തന്നെ ചെയ്യുന്നു…… ”
“കഴിക്ക് മോളെ അമ്മ ഉണ്ടാക്കിയതാ….. ”
“കണ്ണിൽ ഒരിറ്റ് നീര് ഊറി വന്നെങ്കിലും അതിലേറെ ഇഷ്ടത്തോടെ അത് പിച്ചി വായിൽ വച്ചു… മക്കൾക്ക് വേണ്ടി ഉണ്ടാക്കിയത് കൊണ്ടാവും അമ്മ പറഞ്ഞത് പോലെ നല്ല രുചി…..
എല്ലാവർക്കും ഉണ്ട് ഉള്ളിന്റെ ഉള്ളിൽ ഒരു നെരിപ്പോട് കെട്ടു പോകാത്തൊരു നെരിപ്പോട്……
വീട്ടിൽ എത്തിയപ്പോഴേക്കും അച്ചു ഉറങ്ങി…..
അവനെ അപ്പോൾ കഴിപ്പിച്ചത് നന്നായി കണ്ടില്ലേ അവനുറങ്ങി അച്ഛൻ പറഞ്ഞു….
രണ്ടാം ദിവസം മടങ്ങി വരാനുള്ള തയ്യാറെടുപ്പു ആയിരുന്നു… അച്ഛൻ അപ്പോഴേക്കും നിശബ്ദൻ ആയി കഴിഞ്ഞിരുന്നു……
അച്ഛൻ ഉച്ച കഴിഞ്ഞപ്പോൾ വണ്ടിയുമായി വന്നു…. വന്ന വണ്ടിയിൽ സതീഷേട്ടനും ഉണ്ടായിരുന്നു….
“ഇവനെ അവിടുന്നു കിട്ടി വാസുവേ..? ”
“ഞാൻ എങ്ങോട്ട് ഇറങ്ങിയപ്പോൾ നമ്മുടെ ജംഗ്ഷനിൽ ഇരുന്നതാ ഒരു കൂട്ടിനു കൂട്ടിയതാ… ”
“എന്നാലും അവിടെ വരെ വന്നിട്ട് ഒന്ന് പറഞ്ഞത് കൂടി ഇല്ലല്ലോ? സതീഷേട്ടൻ അച്ഛനോട് പരാതി പറഞ്ഞു… ”
“ആരെയും കാണാൻ പോയില്ല അവിടെ വരെ വന്നു അത്ര മാത്രം…. ”
“നിനക്ക് എങ്കിലും ഒന്ന് വിളിച്ചു പറഞ്ഞുകൂടാരുന്നോ? “എന്നെ സതീഷേട്ടൻ ചോദിച്ചു ”
“സത്യത്തിൽ ഓർത്തില്ല സതീഷേട്ടാ.. ”
“മ്…. ”
നാലുപേരും കൂടി പിന്നെ വർത്തമാനം പറഞ്ഞു കുറച്ചു നേരം ഇരുന്നു….
അത് കഴിഞ്ഞു യാത്ര പറഞ്ഞു…. സങ്കടം തികട്ടി വന്നെങ്കിലും അച്ഛൻ സന്തോഷത്തോടെ യാത്ര ആക്കിയപ്പോൾ ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു….
കണ്ണിൽ നിന്നു മറയുന്നതു വരെ ആ തൊടിയിലേക്ക് നോക്കി…. യാത്ര പറഞ്ഞില്ല വിശേഷങ്ങളുമായി മടങ്ങി വരാം…..
വീട്ടിൽ എത്തി പിറ്റേന്നു മുതൽ അച്ചുവിനെ സ്കൂളിൽ വിടുന്ന തിരക്ക് ആയിരുന്നു….. ആദ്യം ഓക്കെ അവനൊരു മടി ആയിരുന്നു….. കൂട്ടുകാരുമായി കൂട്ടുകൂടി അന്തരീക്ഷം ഓക്കെ അറിഞ്ഞു തുടങ്ങിയപ്പോൾ പിന്നെ പോകാൻ നല്ല ഉത്സാഹം……. രാവിലെ അവനെ വണ്ടിയിൽ കയറ്റി വിട്ടാൽ പിന്നൊരു കാത്തിരുപ്പ് ആണ് അവന്റെ വിശേഷങ്ങൾ കേൾക്കാൻ……
അച്ഛനെപ്പോലെ ഒരുപിടി കഥകളുമായി അവൻ ഓടി വന്നണയും…… പറഞ്ഞു കഴിയുന്നത് വരെ പിന്നെ ഒന്നിലും അവനു ശ്രദ്ധ ഇല്ല എത്ര പെട്ടെന്നു പറഞ്ഞു തീർക്കാൻ പറ്റുമോ അത്രയും വേഗത്തിൽ തീർക്കാൻ അവനൊരു ആവേശം ആയിരുന്നു….
ഇടയ്ക്ക് മേനോൻ സർ വിളിച്ചിരുന്നു.. വെറുതെ എങ്കിലും അതുവഴി പോകുമ്പോൾ കയറാൻ മറക്കരുത് എന്നു പറഞ്ഞു….. ഇല്ലെങ്ങിൽ ഞാൻ അങ്ങോട്ടു വരും എന്നു ഓർമിപ്പിച്ചു…
ഒരു മാസം വളരെ പെട്ടന്ന് കഴിഞ്ഞു പോയി……
കർക്കിടകം ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നു……
അച്ചുവിന്റെ വണ്ടി വരുന്ന സമയം നോക്കി പടിക്കെട്ടുകൾ ഇറങ്ങി താഴെ റോഡിൽ പോയി നിന്നു….
താഴെ ഉള്ള തോട് ചെറിയ പാലത്തിൽ തൊട്ട് തൊട്ടില്ല എന്ന പോലെ ഒഴുകുന്നു
രാവിലെ ഇത്രയും വെള്ളം ഉണ്ടായിരുന്നില്ലല്ലോ എന്ന് ഓർത്തു…. രാവിലെ മുതൽ തോരാതെ പെയ്യുക ആയിരുന്നു….
സാധാരണ വണ്ടി വരുന്ന സമയം കഴിഞ്ഞിട്ടും വണ്ടി കാണുന്നില്ല…. മഴ ആയതു കൊണ്ടാകും താമസിക്കുന്നത് എന്ന് കരുതി കാത്തിരുന്നു……..(കാത്തിരിക്കാം…. )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission