Skip to content

വർഷം – പാർട്ട്‌ 27 (അവസാന ഭാഗം)

varsham-aksharathalukal-novel

“ഇല്ല…….. എന്നിൽ നിന്നു എന്റെ ഏട്ടനും ഏട്ടന്റെ പ്രണയവും എങ്ങും പോയിട്ടില്ല പിന്നെ എങ്ങനെയാ ഞാൻ മറ്റൊരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത് …. ശരീരത്തെ അല്ല ഞങ്ങൾ പ്രണയിച്ചത്…….ഇപ്പോഴും എനിക്കു ആ പ്രണയം അനുഭവപ്പെടുന്നു ശ്രീ… ഈ മുറിയിലെ കാഴ്ചകൾ മണം എല്ലാം എന്നിൽ എന്റെ പ്രണയത്തെ നനയ്ക്കുന്നു……

“ശ്രീ….. ഒരുമിച്ചു ജീവിക്കുമ്പോൾ ചിലപ്പോൾ കുറവുകൾ ഒന്നും ഇല്ലാതെ…. എല്ലാത്തിനും കൂടെ നിന്നു ഒരുമിച്ചു ഇരുന്നും സന്തോഷങ്ങൾ പങ്ക്‌ വച്ചും ജീവിക്കും സത്യത്തിൽ അതാണോ സ്നേഹം ഉള്ളിലെ പ്രണയം…….

“”ആൾകുട്ടത്തിന് നടുവിൽ നമ്മൾ അറിയാതെ നമ്മളെ തേടുന്ന കണ്ണുകളിലെ ആകാംഷ….. പെട്ടന്നു വന്നു ചേരുന്ന വിഷമങ്ങളിൽ മറ്റാരും കാണാതെ എന്റെ കൈപിടിച്ച് ഞാൻ കൂടെ ഉണ്ടെന്നു പറയുന്ന ആ നിമിഷം ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകുന്ന ഒരു നോവുള്ള സുഖം നെഞ്ചു വിങ്ങുന്ന ഒരു സുഖം അതല്ലേ പ്രണയം…….. ചിലപ്പോൾ എങ്കിലും നമ്മൾ അറിയാതെ ഉണ്ടാകുന്ന ഒരു നിമിഷം……മുൻകൂട്ടി പറയാൻ കഴിയാത്ത ഒരു നിമിഷം അതാണ്….. ഒരുമിച്ച് ഉണ്ടായിരുന്നത് കുറച്ചു ആണെങ്കിലും ആ പ്രണയം ഓരോ സെക്കന്റിലും എന്റെ ഉള്ളിൽ ഉണ്ടായിട്ടുണ്ട്……. “മണ്ണോടു ചേരും വരെ നെഞ്ചോടു ചേർക്കാൻ……. ”

“”വൃന്ദാ….. ഞാൻ ഭാഗ്യവാനാണ് നിന്നെ എനിക്കു പ്രണയിക്കാൻ കഴിഞ്ഞതിൽ…. നീ പറഞ്ഞതു പോലെ പ്രണയത്തിനു ശരീരം വേണ്ട എനിക്കും…… നീ എന്റെ മനസ്സിൽ ഉള്ളടുത്തോളം എന്റെ പ്രണയം ഈ ഭൂമിയിൽ ഉണ്ടാക്കും…. അതു മതി…… നീ പറഞ്ഞത് പോലെ ഒരു നോക്കോ വാക്കോ മതി…. ഞാൻ എന്റെ പ്രണയത്തിന്റെ കനൽ കെട്ടുപോകാതെ കൊണ്ടു നടക്കും….

“ഒരു നിമിഷത്തേക്ക് എങ്കിലും വേദനിപ്പിച്ചോ നിന്നെ ഞാൻ….. “”””

“ഇല്ല…. എന്റെ ഓർമ്മകൾ ആണെന്റെ ജീവിതം പ്രണയം എല്ലാം….. അതുള്ളപ്പോഴെ ഞാനുള്ളൂ… ആഹ്രഹങ്ങൾ നുര പൊട്ടി ഒഴുകുമ്പോൾ ഒന്നുകാണാൻ മനസ് കൊതിക്കുമ്പോൾ ഒന്ന് കാണാൻ പറ്റുന്ന ദൂരത്തിൽ ഇല്ലല്ലോ…. അത് തിരിച്ചറിഞ്ഞു പണ്ടെങ്ങോ ആദ്യമായി കണ്ടപ്പോൾ മനസ്സിൽ പതിച്ചു വച്ച ആ രൂപത്തെ കണ്ണടച്ച് മുന്നിൽ കാണും അതും ഒരു നോവാണ്…… എന്റെ പ്രണയം എന്റെ കൂടെ ഉണ്ടെന്നുള്ള ഒരു ഓർമ്മ പുതുക്കൽ……. എന്റെ ഏട്ടൻ കെട്ടിയ താലി ഇപ്പോഴും എന്റെ നെഞ്ചിലെ ചൂട് പറ്റി കിടപ്പുണ്ട്.. ഞാൻ ഒരു ഭാര്യ ആയ ദിവസം… മനസ്സിൽ അന്ന് പ്രാർത്ഥിച്ചു ദീർഘസുമംഗലി ആയിരിക്കാൻ…. ബാക്കി ഉള്ളവർക്ക് ഞാൻ വിധവ ആണെങ്കിലും ഞാനിപ്പോഴും അദ്ദേഹതിന്റെ ഭാര്യ തന്നെ ആണ്…. സുമംഗലി…..

“വേദനിപ്പിച്ചില്ലെങ്കിലും…. നിന്നോട് ഇങ്ങനെ ചോദിക്കേണ്ടി വന്നതിൽ എനിക്കു ദുഃഖം തോന്നുന്നു…. നീ കാണിച്ചു തന്നത് പോലെ എന്റെ ഇഷ്ടം ഞാൻ എന്റെ ഉള്ളിൽ സൂക്ഷിച്ചോളാം…… “എങ്കിലും നിനക്ക് അറിയില്ലേ വൃന്ദാ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന്…..? ”

അതിനൊരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല…… ഞാൻ കട്ടിലിൽ നിന്നു എഴുനേറ്റു ഒരിക്കൽ കൂടി ആ മുറി ആകമാനം ഒന്ന് നോക്കി…. “ശ്രീ കുറച്ചു നേരം എനിക്കിവിടെ തനിച്ചിരിക്കണം…. ”

“എന്നെ ഒന്ന് നോക്കിയിട്ട് ശ്രീനാഥ്‌ പുറത്തേക്ക് നടന്നു…. വാതുക്കൽ എത്തി തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു “നിനക്കതു അറിയാം..അതുമതി….. ”

വാതിൽ തിരിഞ്ഞടച്ചു ശ്രീ പുറത്തേക്ക് പോയി….

കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു….. ഒരു ആശ്രയത്തിനായി നെഞ്ചിൽ പരതി ആ താലി ചരടിൽ ചുറ്റി പിടിച്ചു…… എന്നിൽ നിന്ന് ഏട്ടന്റെ ഓർമ്മകൾ മാഞ്ഞു പോകുമോ? അങ്ങനെ പോയാൽ പിന്നെ വൃന്ദ ഉണ്ടോ? “‘

മനസിലെ സങ്കടവും ഉത്തരമില്ലാത്ത ചോദ്യങ്ങളും തല്ക്കാലം മറന്നു കുറച്ചു നേരം ആ മുറിയുടെ നാലു ചുമരുകൾക്ക് ഉള്ളിൽ തന്റെ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു……

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല…. കുറെ കഴിഞ്ഞു സമയം പോയല്ലോ എന്നോർത്തു മുറി പൂട്ടി പുറത്തിറങ്ങി ഹാളിലേക്ക് ചെന്നു…..

ശ്രീ കസേരയിൽ പുറകോട്ട് ചാരി കണ്ണുകൾ അടച്ചു ഇരിക്കുന്നു…..

“ഞാനിറങ്ങുവാ……. “ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി പതുക്കെ…… “കണ്ണുകൾ നിറഞ്ഞിരുന്നോ നീർച്ചാലുകൾ ഒഴുകി ഉണങ്ങിയിരുന്നോ കൂടുതൽ സമയം ആ മുഖത്തേക്ക് നോക്കിയില്ല…. അതിൽ ഉള്ളതൊന്നും മനഃപൂർവം വായിച്ചെടുക്കാൻ ശ്രമിച്ചില്ല….

പടിക്കലേക്ക് വന്നപ്പോൾ മഴ ചെറുതായി പെയ്തു തുടങ്ങി…..

“നിലക്ക് കുട തരാം…… നനയണ്ട… ”

“വേണ്ട ഞാൻ പെട്ടന്നു നടന്നു പൊയ്ക്കോളാം…. ”

“വേണ്ട കുട തരാം…… “അതും പറഞ്ഞു ശ്രീ അകത്തേക്ക് പോയി കുട കൊണ്ടു വന്നു കയ്യിൽ വച്ചു തന്നു….. ഇതിനു വേറെ അർഥങ്ങൾ ഒന്നും കാണണ്ട…… പണ്ട് കണ്ടപ്പോൾ തോന്നിയ ഒരു സൗഹൃദം ഇല്ലേ ആ പഴയ കോളേജ് സൗഹൃദം അങ്ങനെ കൂട്ടിയാൽ മതി….. ”

“ശരി….. “നൂലിഴമുറിയാതെ പെയ്തു കൊണ്ടിരുന്ന മഴയിലേക്ക് കുട തടസ്സം പിടിച്ചു കൊണ്ടു ഞാൻ ഇറങ്ങി….. നടന്നു….

മഴയിലൂടെ അവൾ നടന്നു പോകുന്നത് നോക്കി ശ്രീനാഥ്‌ നിന്നു…… ആ മഴ അവൾക്ക് വേണ്ടി മാത്രം പെയ്തു ഇറങ്ങുന്നത് പോലെ തോന്നി….. മഴ കാഴ്ചകളിൽ അതു അവളെ പൊതിഞ്ഞു പെയ്യുന്നത് പോലെ….. ആകാശവും ഭൂമിയും പ്രണയിക്കുന്നത് പോലെ……. അവൾ ഇപ്പോഴും പ്രണയിക്കുന്നു…….

വിഷുവും വർഷവും മാറി മാറി വന്നു……അവളുടെ ജീവിതത്തിലേക്ക് കണ്ണും നട്ട് ആ വഴിഅരികിൽ എവിടെ ഒക്കെയോ ശ്രീ ഉണ്ടായിരുന്നു…. ഒന്നു വിളിച്ചാൽ കേൾക്കാൻ പാകത്തിൽ ഒരു കൈ അകലത്തിൽ….. പക്ഷേ ഒരിക്കൽ പോലും അങ്ങനെ ഒന്നു കേൾക്കില്ല എന്നു അറിഞ്ഞിട്ടും ശ്രീ കാത്തിരുന്നു……. ഒരു മധുരം കിനിയുന്ന നോവുമായി…….

“ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇപ്പോഴത്തെ കടങ്ങൾ ഒന്നും ബാക്കിയാക്കാതെ എന്നെ കൂടെ കൂട്ടണം അതുവരെയും ഞാൻ കാത്തിരിക്കും വൃന്ദ………. ””

കുളിച്ചു ഈറൻ ആയി ഒറ്റമുണ്ടു ഉടുത്തു നിൽക്കുന്ന അച്ചു…. നല്ല പൊക്കം വച്ചു നെഞ്ചിലും മൂക്കിന് താഴെയുമായി ഉള്ള രോമങ്ങൾക്ക് കട്ടി വച്ചു തുടങ്ങിയിരിക്കുന്നു…… എട്ടാം ക്ലാസ്സിൽ ആയപ്പോഴേക്കും അവന്റെ ശബ്ദം പൂർണമായും മാറിയിരുന്നു…. അന്ന് വിദ്യ പറഞ്ഞു “”ദേ ഈ ചെറുക്കൻ വലുതായി…. ”

അവൻ അവന്റെ അച്ഛനെ പോലെ…..

അച്ചു എന്താ തല തുവർത്താത്തത്‌… എത്ര വലുതായാലും എല്ലാം പറഞ്ഞു കൊടുക്കണം…. അവന്റെ അടുത്ത് എല്ലാവരും ഉണ്ടെല്ലോ എന്നിട്ട് ആരും എന്റെ കുഞ്ഞിന്റെ തല തുവർത്തിയില്ല അമ്മയും വിദ്യയും ഓക്കെ എന്ത് നോക്കി നിൽക്കുവാ…

അച്ചു മോനെ അച്ചൂട്ടാ…… എന്താ അമ്മ വിളിച്ചിട്ട് വിളി കേൾക്കാത്തത്…. എല്ലാവരും എന്തിനാ കരയുന്നത്… മോനെ അച്ചു….. !”

കൂട്ടത്തിൽ തല നരച്ച ഒരു കാരണവർ കൂടി നിന്നവരോട് പറയുന്നത് കേട്ടു….. ആർക്കെങ്കിലും ഇനി പൂവിട്ടു തൊഴുവണം എങ്കിൽ ആകാം…. ദഹനത്തിന് ഉള്ള സമയമായി….

ഈശ്വര ഞാൻ മരിച്ചു പോയോ…..? ”
വിദ്യ ആർത്തലച്ചു എന്നെ കെട്ടിപിടിച്ചു…..

വിദ്യ !!!മോളെ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ….. ഞാൻ മരിച്ചോ…. വിദ്ധ്യേ…… “”

ആരൊക്കെയോ ചേർന്നു അവളെ പിടിച്ചു കൊണ്ടു പോയി പിന്നെയും ആരൊക്കെയോ വന്നു…….

അവിടെ നിന്നും എന്നെ എടുത്തു പറമ്പിൽ എവിടെയോ കിടത്തി…… കാഴ്ചകൾക്ക് മീതെ എന്തൊക്ക്കെയോ പെറുക്കി വച്ചിട്ടും എനിക്കു എല്ലാവരെയും കാണാൻ കഴിയുന്നു…… മൂന്നു വലം വച്ചു എന്റെ അച്ചു എന്റെ കാൽക്കലേക്ക് അഗ്നി പകർന്നു….

പുക മുകളിലേക്ക് ഉയർന്നു പതുക്കെപതുക്കെ തീ ആളി കത്തി…. അഗ്നി മൊത്തമായി എന്നെ വിഴുങ്ങിയിട്ടും ഒരു തരി പോലും ചൂട് അറിയുന്നില്ല ദേഹം പൊള്ളുന്നില്ല……

ആൾക്കൂട്ടം ശോഷിച്ചു വരുന്നത് കണ്ടു….അച്ചു അപ്പോഴും കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നു…. “അമ്മ കാണുന്നുണ്ട് അച്ചു…. മോൻ അമ്മയെ കാണുന്നുണ്ടോ? കേൾക്കുന്നുണ്ടോ? ””

കുറച്ചു കഴിഞ്ഞു മായപോലെ ചില രൂപങ്ങൾ തെളിഞ്ഞു വന്നു…… ആ കൂട്ടത്തിൽ ഞാൻ കണ്ടു കുസൃതി ഒളിപ്പിച്ച ആ കണ്ണുകൾ……..

ഒന്നുകൂടി തിരഞ്ഞു അതേ അതു തന്നെ…… തന്റെ അടുക്കലേക്ക് വരുന്നുണ്ട്…….

“താൻ വന്നു അല്ലേ……? ‘

“മ്…. ”

“കാത്തിരിക്കുക ആയിരുന്നു…… ”

“മനുവേട്ടാ നമ്മുടെ മോൻ… അച്ചുവിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു…. ”

“മ്… ”

“കണ്ടിരുന്നോ അവനെ….? ””ഉവ്വെന്ന് തലയാട്ടിയതു പോലെ…. “”

അച്ചുവിനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു “അച്ചു നിന്റെ അച്ഛൻ വന്നിരിക്കുന്നു…. കണ്ടോ… അമ്മയെ കൂട്ടി കൊണ്ടു പോകാൻ…. ”

“അവൻ കേൾക്കുന്നുണ്ടോ….? ”

ചുറ്റും നോക്കി ആൾക്കൂട്ടത്തിനു ഇടയിൽ ഓക്കെ ആ കണ്ണുകൾ മിന്നി മറയുന്നു… ഇടക്ക് എപ്പോഴോ അച്ചുവിന്റെ അടുത്തും…….

അടുത്തേക്ക് വന്നപ്പോൾ ചോദിച്ചു “എന്നെ കൂട്ടികൊണ്ടു പോകാൻ വന്നതാണോ? ”

“അതേ…. ”

“പോകാം…. ”

“ആയിട്ടില്ല നിനക്ക് ഭൂമിയിൽ വിടാനുള്ള സമയം കുറച്ചു കൂടി ഉണ്ട്‌…. ”

കൈതൊടുന്ന പാകത്തിൽ ഇരുന്നു ഞാൻ എന്റെ രാജകുമാരനു…. റാണിയുടേയും മകന്റെയും കഥകൾ പറഞ്ഞു കേൾപ്പിച്ചു…..

അപ്പോഴേക്കും ചുറ്റുമുള്ളവർ എല്ലാം പോയി കഴിഞ്ഞിരുന്നു…… ആരുടെയോ കാലടി ശബ്ദം കേട്ട് ഞങ്ങൾ രണ്ടും ഒരുമിച്ചു നോക്കി …. ഞാൻ ഇരിക്കുന്നിടത്തേക്ക് ശ്രീനാഥ്‌ നടന്നു വരുന്നു……

ഞങ്ങൾക്ക് കുറച്ചകലെ ആയി നോക്കി നിന്നു കുറെ കഴിഞ്ഞു പോക്കറ്റിൽ നിന്നു ഒരു പൊതി എടുത്തു അഴിച്ചു…. പുറംചട്ട നിറം മങ്ങി തുടങ്ങിയ ഒരു ഡയറി…….. നിറം മങ്ങി എങ്കിലും എനിക്കതു പെട്ടന്നു ഓർമ വന്നു….. പണ്ട് ഞാൻ എഴുതിയ ഡയറി മനുവേട്ടന്റെ പുസ്തകങ്ങൾക്ക് ഇടയിൽ എവിടെയോ മറഞ്ഞു പോയത്…….

ശ്രീനാഥ്‌ ഡയറിയുടെ പേജുകൾ മറിച്ചുകൊണ്ടു താഴേക്ക് ഇരുന്നു….
അതിലെ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു…. “ഇന്നലെ വരെ എന്നിലെ വസന്തം ആയിരുന്ന അക്ഷരങ്ങൾ……

“വൃന്ദ ഇതു നീ മനുവിന് വേണ്ടി എഴുതിയത് ആയിരുന്നു…… നീ നിന്റെ പ്രണയത്തിനു വേണ്ടി എഴുതിയത്….. “എനിക്കു ഇതു നീ എഴുതിയത് ആയിരുന്നു… എന്റെ പ്രണയം എഴുതിയത്…… ”
ഇപ്പോൾ നീ നിന്റെ പ്രണയത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു…… ഞാനും എന്റെ പ്രണയവും ഭൂമിയിൽ ബാക്കിയായി…… ”

അതിന്റെ അവസാനതാളുകളിൽ എഴുതിയിരുന്ന രണ്ടു വരി ശ്രീനാഥ്‌ വായിച്ചു…….

“അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം സ്വർഗം വിളിച്ചാലും

ഉരുകി നിൻ ആത്മാവിൻ ആഴങ്ങളിൽ വീണു പൊലിയുമ്പോഴാണെന്റെ സ്വർഗം…… ”

“നിന്നിൽ അടിയുന്നതേ നിത്യ സത്യം…. ”

നെഞ്ചു കല്ലാക്കിയ ആ കാക്കി ഇട്ട ഹൃദയത്തിൽ നിന്നും വിങ്ങൽ വന്നു തൊണ്ടയ്ക്കുള്ളിൽ തടഞ്ഞു….. കണ്ണുകൾ നിറഞ്ഞൊഴുകി……

“ആശുപത്രി കിടക്കയിൽ എങ്കിലും നീ പറഞ്ഞല്ലോ എന്നെ ഒന്ന് കാണണം എന്ന്‌ ഇവിടുന്ന് യാത്ര പറഞ്ഞു പോയപ്പോൾ എന്നെയും ഒരു നോക്ക് നീ കണ്ടില്ലേ…. അതു മതി…….. ”

മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഒരിത്തിരി നേരം ഇരിക്കണേ…….

കണ്ണുകൾ അടച്ചു നീർതുള്ളികൾ മുഴുവൻ ഒഴുക്കി…… പതുക്കെ ഡയറി അടച്ചു…..
ഒന്നുകൂടി അതിലേക്ക് നോക്കി ഇട്ടു കനൽകെട്ടു പോകാത്ത ചാരത്തിലേക്ക് ഇട്ടു…… പതുക്കെ പതുക്കെ അതു തീ തിന്നു ഒടിവിലൊരു തീ കുണ്ടായി മാറി…..

എരിഞ്ഞടങ്ങിയ താളുകൾ വൃന്ദയിൽ ഒരു വിങ്ങൽ ഉണ്ടാക്കി…… കണ്ണുകൾ നിറയുന്നത് പോലെ തോന്നി പക്ഷെ കണ്ണുനീർ വന്നില്ല……. ആകാശം അപ്പോഴേക്കും മൂടി കെട്ടി……
തണലാകുന്ന കൈകൾ വന്നു താങ്ങി….. പഞ്ഞികെട്ടുകൾ പോലെ അങ്ങോട്ടേക്കോ യാത്ര തിരിച്ചു……..
പാരിജാതം പൂവിട്ട സുഗന്ധം ഞങ്ങളെ തേടി വന്നു കൊണ്ടിരുന്നു…..

കാഴ്ചമറച്ച കണ്ണുമായി ശ്രീനാഥ്‌ തിരിഞ്ഞു നടക്കുമ്പോൾ അവൾ ഭൂമിയിൽ അവശേഷിപ്പിച്ച അവസാന ചൂടും പതിയെ പതിയെ കുറഞ്ഞു വന്നു….. അനുവാദം മില്ലാതെ കടന്നു വന്ന വർഷം അവന്റെ മേൽ പ്രണയമായി ചൊരിഞ്ഞു……..

“പ്രണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെൻ പാദം തണുക്കുവാൻ……. ”

അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന് പുൽകൊടിയായി ഉയർത്തേൽക്കുവാൻ…….. ”

മഴനഞ്ഞുഒട്ടിയ വസ്ത്രങ്ങൾ ദേഹത്തു ഒട്ടി വേഗത കുറച്ചു…… നടക്കാൻ ആകാത്തത് ആണോ ആരോ പിടിച്ചു വലിക്കുന്നതാണോ…. ഒരു നിമിഷം കൂടി തിരിഞ്ഞു നിന്നു…… ചാരം മൂടിയ ആ കനലിൽ എന്റെ ജീവിതവും എരിഞ്ഞു അടങ്ങുന്നു…….. കൊതിയോടെ ഒരു നോക്ക് കാണുവാനുള്ള ഭാഗ്യം ഇന്ന് കൊണ്ടു തീർന്നിരിക്കുന്നു……….മഴയുടെ കുളിരിൽ അലിഞ്ഞു നിൽക്കുമ്പോൾ തണുപ്പും കുളിരും ഒന്നും അറിഞ്ഞില്ല…… തലക്ക് മീതെ മഴ തുള്ളികൾ വീഴാതെ ആയപ്പോഴാണ് തല ഒന്നു തിരിച്ചു നോക്കിയത്….. ഒരു കുട എന്റെ തലയ്ക്കു മീതെ എത്തി പിടിച്ചു അച്ചു നിൽക്കുന്നു…….. കണ്ണുകളിൽ ചുവന്ന രേഖകൾ നീര് കെട്ടിയ കണ്ണുകൾ….. അവനെ പൊതിഞ്ഞു പിടിച്ചിരുന്ന സ്നേഹം അവനെ വിട്ടു പോയിരിക്കുന്നു……….

അവന്റെ കയ്യിൽ നിന്നും കുടവാങ്ങി അവനെ ചേർത്തു പിടിച്ചു ഒരുമിച്ചു നടന്നു…… ഒന്നുകൂടി തിരിഞ്ഞു നോക്കി പിന്നെ മുന്നോട്ട് നടന്നു…… കുടയ്ക്ക് മീതെ വെള്ളത്തുള്ളികൾ ഒഴുക്കോടെ ചിന്നിതെറിച്ചുകൊണ്ടിരുന്നു………..

“വരാം ഞാൻ നിനക്കായി ഒരിക്കൽ നീയുള്ള ലോകങ്ങളിൽ……. വരുന്നേരം എന്നോട് ചേരേണമെൻ ജീവനെ നീ………..അതില്ലാതെ വയ്യ എൻ……….. .””””

കാത്തിരിപ്പുകൾക്ക് വിരാമം………

ഇന്ന് കൂടി ഒരു നീർതുള്ളി കണ്ണുകളിൽ ഇറ്റിച്ചു ഈ യാത്ര അവസാനിക്കുക ആണ്…… ഒരുപാട് പ്രതീക്ഷകൾ തന്നു എന്നെ വളർത്തുന്ന നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു….. സമയകുറവ് മൂലം ആണ് കമന്റ്‌നു റിപ്ലേ തരാത്തത്. ഇന്ന് എനിക്കു സമയം ഉണ്ട്‌ അടുത്ത കഥ ജനിക്കുന്നത് വരെ… കഥയെ കുറിച്ചുള്ള അഭിപ്രായം നിങ്ങൾ പറഞ്ഞു കഴിഞ്ഞു….. ഇന്ന് പറയേണ്ടത് ഇതു വായിച്ചപ്പോൾ നിങ്ങൾക്ക് ഉണ്ടായ ഒരു ഫീലിംഗ് എനിക്കു വേണ്ടി കുറിക്കുക……. നന്ദി ഒരായിരം…. വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ……….. ശിശിര

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “വർഷം – പാർട്ട്‌ 27 (അവസാന ഭാഗം)”

  1. പ്രണയം അതിന്റെ എല്ലാ തീവ്രതയോടും പരിശുദ്ധിയോടും കൂടി വായിക്കുന്ന ഓരോ വ്യക്തിയുടെയും ഉള്ളിൽ ആഴത്തിൽ പതിയും വിധം മനസിലാക്കി തന്നിരിക്കുന്നു. ഓരോരുത്തരുടെയും ഉള്ളിലുണ്ടാവും ഇത്പോലെ ഒരു പ്രണയം. ഒരുമിക്കാനായില്ലെങ്കിൽ പോലും ഉള്ളിൽ നിറച്ച ജീവന്റെ പാതിയായി ചേർത്ത് വച്ച പ്രണയം. എന്റെ ഉള്ളറകളിൽ ആരെയും അറിയിക്കാതെ ഒളിപ്പിച്ചു വച്ച എന്റെ പ്രണയത്തിനു ജീവൻ വയ്‌പിച്ച എന്നെ ഇനിയും മുന്നോട്ട് ചലിക്കാൻ പ്രേരിപ്പിച്ച ശിശിരയ്ക്ക് ഒരായിരം നന്ദി. മറക്കില്ല ഒരിക്കലും ഈ കഥയിലൂടെ എന്നെ ഉണർത്തിയ പ്രണയത്തിന്റെ വരികളെ. എന്റെ ഉള്ളിലെ ആ നോവിനെ ഞാനിന്ന് അത്രയധികം സ്നേഹിക്കുന്നു പ്രണയിക്കുന്നു

  2. പ്രണയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. ഇഷ്ടപ്പെട്ടു. ഇനിയും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

  3. ശരീരം ശരീരത്തോട് മാത്രം പറയുന്ന പ്രണയം വായിച്ചു മടുപ്പുളവാക്കിയിരിക്കുമ്പോൾ പ്രണയം അതിന്റെ പരിശുദ്ധിയോടെകുടെ തീവ്രമായി അവതരിപ്പിക്കുകയും അത് ഹൃദയത്തിന്റെ ആഴങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു… അവസാന ഭാഗവും വായിച്ചുതിർത്തപ്പോൾ അറിയാൻ കഴിഞ്ഞു ഹൃദയം അസ്വസ്ഥമാകുന്നത്.. വായിച്ചുതീർത്തിട്ടും ഒരുപാടധികം സമയമെടുത്തു കഥയിൽ നിന്നും പുറത്തുകടക്കാൻ..വിരസമാകാത്ത വായന … കണ്ണുകൾക്കൊണ്ട് വായിക്കുമ്പോളും ഹൃദയത്തിലാണ് ഓരോ വരികളും പതിഞ്ഞത് ….

Leave a Reply

Don`t copy text!