Skip to content

വർഷം – പാർട്ട്‌ 26

varsham-aksharathalukal-novel

“അപ്പോൾ ഓർമ ഉണ്ട്‌ അല്ലേ….? ”

‘മ്….. ”

“എങ്ങനെ ഉണ്ട്…? ”

“കുഴപ്പമില്ല കൈയ്ക്ക് ചെറിയ ഫ്രാക്ചർ അല്ലാതെ കാര്യമായി ഒന്നും പറ്റിയില്ല….. ”

“മ്….. പിന്നെ ഒന്നും ചോദിക്കാനോ പറയാനോ ഇല്ല തലയാട്ടി തിരിഞ്ഞു നടന്നു…… ”

ഡോക്ടർ മുഖത്തേക്ക് നോക്കിയപ്പോൾ പറഞ്ഞു എന്റെ കോളേജിൽ സീനിയർ ആയിരുന്നു…

ഡോക്ടർ പുഞ്ചിരിച്ചു…

കുഴപ്പം ഒന്നും ഇല്ലെങ്കിൽ നാളെ റൂമിലേക്ക് മാറ്റാം…..

അദ്ദേഹത്തെ നോക്കി കൈകൂപ്പി പതുക്കെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി…

വെളിയിൽ നിന്നവരെല്ലാം എന്നെ നോക്കി നിൽക്കുന്നു….

“കുഴപ്പമില്ല അച്ഛാ…. ഉറങ്ങുവാ…. നാളെ ചിലപ്പോ റൂമിലേക്ക് മാറ്റാം എന്ന് പറഞ്ഞു ആശ്വാസത്തോടെ അച്ഛൻ ദീർഘമായി നിശ്വസിച്ചു….

വല്യച്ചനും മനുവേട്ടന്റെ അച്ഛനും രവി ഏട്ടനും വീട്ടിലേക്ക് പോയി… അച്ഛനും സതീഷേട്ടനും കൂടെ നിന്നു….

ഭക്ഷണം കഴിക്കാൻ തോന്നിയില്ല…. പിന്നെ സതീഷേട്ടൻ നിർബന്ധിച്ചു ഒരു ചായയും രണ്ടു ബിസ്ക്കറ്റും തിന്നു…..

റൂമിലെ ഒരു കട്ടിലിൽ അച്ഛനും സതീഷേട്ടനും കിടന്നു… മറ്റേ കട്ടിലിൽ എന്നോട് കിടക്കാൻ പറഞ്ഞു….

“എന്തെകിലും ആവിശ്യം ഉണ്ടെങ്കിൽ അവർ വന്നു പറയും നീ കിടന്നോ ‘”കിടക്കുന്നതിനു മുൻപ് സതീഷേട്ടൻ ഓർമിപ്പിച്ചു…..

വെറുതെ ആ കട്ടിലിന്റെ ഒരറ്റത്ത് ചെന്നിരുന്നു…

കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു അവർ പതുക്കെ ഉറക്കം പിടിച്ചു…..

ഉറക്കം വരുന്നില്ല… ഉറങ്ങണം എന്ന് കരുതി കണ്ണടച്ചാലും ഉടൻ കൈകൾ അരികിൽ പരതി നോക്കും അപ്പോഴേക്കും കണ്ണ് തുറക്കും….. അവനില്ലാതെ ഒരു രാത്രി പോലും ഞാൻ ഉറങ്ങിയിട്ടില്ല…….

കുറച്ചു നേരം എഴുനേറ്റ് ഇരുന്നു…. പിന്നെ കതക് തുറന്നു വെളിയിൽ ഇറങ്ങി… വരാന്തയിലൂടെ നടന്നു ഐ സി യൂ വിന്റെ മുന്നിൽ എത്തി അകത്തുള്ളതൊന്നും കാണാൻ കഴിയില്ല എങ്കിലും ആ ചുമരുകൾക്ക് അപ്പുറം അവൻ ഉറങ്ങുന്നു എന്നൊരു സമാധാനം ഉണ്ടായിരുന്നു…… എപ്പോഴോ പുറത്തേക്ക് വന്ന നഴ്‌സ്‌ എന്നെ നോക്കി ചോദിച്ചു
‘”ചേച്ചി ഉറങ്ങിയില്ലേ….. ”

“ഇല്ലന്ന് തലയാട്ടി……. ”

“പോയി ഉറങ്ങിക്കോ… മോൻ സുഖമായി ഉറങ്ങുവാ അവനു കുഴപ്പം ഒന്നുമില്ല…… ”

“മ്…. ”

“എന്തേലും ആവിശ്യം ഉണ്ടെങ്കിൽ റൂമിൽ വന്നു പറയും ചേച്ചി പോയികിടന്നോ….. ‘”

“മ്….. ”

അവർ പോയി കഴിഞ്ഞു പതുക്കെ റൂമിലേക്ക് നടന്നു……

ഉറങ്ങാൻ കഴിഞ്ഞതേ ഇല്ല……. വെറുതെ ആ ഭിത്തിയിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു….

പുലർന്നപ്പോൾ തന്നെ അച്ഛനും വല്യച്ചനും വന്നു…..

കയ്യിൽ ഇരുന്ന കവർ അച്ഛൻ എന്നെ ഏൽപ്പിച്ചു….

“”ഇന്നലെ നിന്ന വേഷത്തിൽ വന്നതല്ലേ. അതൊക്ക മാറി ഇട്…. മോന്റെ ഒന്ന് രണ്ടു ജോഡിയും ഉണ്ട്‌… ”

ഒന്ന് ഫ്രഷ് ആയി ഇട്ടിരുന്നത് മാറ്റി ധരിച്ചു…..

കുറച്ചു കഴിഞ്ഞു നഴ്സ് വന്നു മോന് മാറ്റി ഇടാനുള്ള ഡ്രെസ്സും ബ്രെഷും ചോദിച്ചു…..

എല്ലാം അവരുടെ കയ്യിൽ കൊടുത്തു….

“ഞാൻ എന്നാൽ വീട്ടിൽ പോയിട്ടു വരാം….. “സതീഷേട്ടൻ പറഞ്ഞു..

ഞാൻ തല കുലുക്കി…..

“വാസുവേട്ടൻ വരുന്നോ….? ”

“ഇല്ല….. ഡോക്ടർ എന്ത് പറയുന്നു എന്ന് നോക്കട്ടെ എന്നിട്ട് വരാം… ”

“ശരി എന്നാൽ ഞാൻ പോയിട്ടു വരാം.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി…… ”

പത്തു മണി കഴിഞ്ഞു ഡോക്ടർ റൂമിലേക്ക് വന്നു….

മോന് ഇപ്പോൾ പ്രശനങ്ങൾ ഒന്നും ഇല്ല…. വെള്ളം പോലുള്ള ആഹാരം കൊടുത്തു നോക്കാം എന്നിട്ട് വൈകിട്ട് റൂമിലേക്ക് മാറ്റാം…. എല്ലാവരും കൂടി വേണ്ട ഒന്നോരണ്ടോ പേര് മതി…

ഡോക്ടർ പോയി കഴിഞ്ഞു അച്ഛൻ പോയി കൂടെ വല്യച്ഛനും….

ഞാനും അച്ഛനും മാത്രം….. ഉച്ചയ്ക്ക് അമ്മ സതീശേട്ടന്റെ കയ്യിൽ ഊണ് കൊടുത്ത് വിട്ടു…. ഞങ്ങൾ രണ്ടുപേരും കഴിച്ചെന്നു വരുത്തി എഴുനേറ്റു… ഇറങ്ങുന്നില്ല തൊണ്ടയിൽ എന്തോ തടയുന്നതു പോലെ…

വൈകുന്നേരം ആയപ്പോൾ അച്ചുവിനെ റൂമിൽ കൊണ്ടു വന്നു… വേറെ കുഴപ്പങ്ങൾ ഒന്നുമില്ല ചെറിയ ഒരു ക്ഷീണം അതിന്റെ ഒരു തളർച്ച വേറെ ഒന്നുമില്ല മുതുകിലും കാൽമുട്ടിലും ചെറുതായി തൊലി പോയിട്ടുണ്ട്….

അച്ഛൻ അവനെ വാരി എടുത്തു ഉമ്മ കൊണ്ടു മൂടി…..

അച്ചു എന്നെ നോക്കി വിളിച്ചു “അമ്മേ…… “അപ്പോൾ ആ നിമിഷത്തിൽ വറ്റിപ്പോയ മാറിടങ്ങലിൽ പാൽ ചുരത്തുന്നത് പോലെ…..വിങ്ങി നിറഞ്ഞു അവ വേദനിക്കുന്നു ആ നോവ് നനവായി നെഞ്ചിൽ പടരുന്ന പോലെ….. അവനെ നെഞ്ചോടു ചേർത്ത് പിടിച്ചു….. എന്റെ കുഞ്ഞിന്റെ ചൂട് മണം എല്ലാം ഒരുനിമിഷം കൊണ്ടു എന്നിൽ നിറഞ്ഞു…..

“കഴിയില്ല….. ഭൂമിയിലെ ഒരു മരുന്നിനും അമ്മയുടെ നെഞ്ചിലെ മുറിവ് ഉണക്കാൻ…. പകരക്കാരി ഇല്ലാത്ത ഒരു സത്യം… അമ്മ ”

അച്ചുവിന് എന്തൊക്കെയോ കഴിക്കണം എന്ന് പറഞ്ഞു അച്ഛൻ എല്ലാം വാങ്ങി കൊണ്ടു വന്നു… പക്ഷെ അവൻ ഒന്നോ രണ്ടോ വട്ടം ഒന്ന് കഴിച്ചു നിർത്തി…..
വിനോദും അച്ഛനും അമ്മയും ഒക്കെ വന്നു അപ്പോഴൊക്കെ അച്ചു ഉറങ്ങുവായിരുന്നു കുറെ കഴിഞ്ഞു അവർ യാത്ര പറഞ്ഞു….

അന്ന് അവരൊക്കെ വീട്ടിൽ തങ്ങി…. അതുകൊണ്ട് അമ്മ വൈകിട്ട് ഹോസ്പിറ്റലിലേക്ക് വന്നു അച്ഛൻ വന്നപ്പോൾ മനുവേട്ടന്റെ അച്ഛനും കൂടി പോയി….

ഞാനും അമ്മയും അച്ചുവും ആയി വൈകിട്ട്….

അച്ചുവിന് കഥ പറഞ്ഞു കുറേശ്ശേ കഞ്ഞി കോരി കൊടുത്തു കൊണ്ടിരുന്നപ്പോൾ ആണ് മേനോൻ സർ വന്നത്…..

“ഇന്നലെ ഒത്തിരി താമസിച്ചു ആണ് വിവരം അറിഞ്ഞത്…. പിന്നെ വീട്ടിലേക് വിളിച്ചപ്പോൾ വിദ്യ വിവരങ്ങൾ ഓക്കെ പറഞ്ഞു….

“വൈകിട്ടെ മോനെ റൂമിൽ കൊണ്ടു വരു എന്ന് പറഞ്ഞിരുന്നു അതാണ് ഇപ്പോൾ ഇറങ്ങിയത്…. ”

“അദ്ദേഹം ഒരു ചോക്ലേറ്റ് പാക്കറ്റ് എടുത്തു അച്ചുവിന്റെ നേരെ നീട്ടി….

അവൻ പെട്ടന്നു തന്നെ വാങ്ങി…..

“കണ്ടോ അച്ചൂസ് മിടുക്കൻ ആയി….. അതുകൊണ്ട് നീ ഇനി മുഖം കറുപ്പിച്ചു വയ്‌ക്കേണ്ട…. ”

“മ്….. ”

“അച്ഛൻ ഓക്കെ വീട്ടിൽ പോയോ…? ”

“പോയി…..ഇപ്പോൾ പോയതേ ഉള്ളൂ… ”

“മ്… എന്നാൽ അവൻ കഞ്ഞി കുടിക്കട്ടെ ഞാൻ ഇറങ്ങുവാ… ”

“വൃന്ദ നിനക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും വിളിക്കണം അതിൽ നീ ഉപേക്ഷ കാണിക്കരുത്… ”

“ഇല്ല സർ….. ഇപ്പോൾ ഇവിടെ എല്ലാവരും ഉണ്ടായിരുന്നു…. ”

“ഞാൻ പറഞ്ഞതാ…. ”

“ശരി…. ”

“അദ്ദേഹം പോയി….. മോന് ഭക്ഷണം കൊടുത്തു… ദേഹം തുടച്ചു ഓരോ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഞങ്ങൾ അങ്ങനെ കിടന്നു……

“അച്ചൂട്ടനു പേടി തോന്നിയോ…? ”

അവൻ ഉവ്വ് എന്ന് തലയാട്ടി…. ഒന്നും കാണാൻ പറ്റിയില്ല ഞാൻ അമ്മയെ വിളിച്ചു അവിടെ എല്ലാം ഇരുട്ടു ആയിരുന്നു……

“സാരമില്ലടാ….. അതൊക്ക മോന് തോന്നിയതാ ഉറങ്ങിക്കോ ഇനി അമ്മ എങ്ങും വിടില്ല……. ”

മോൻ ഉറങ്ങി കഴിഞ്ഞു അവനെ നോക്കി കിടന്നപ്പോൾ ആണ് വാതിലിൽ മുട്ട് കേട്ടത്…

എന്നെ ഒന്നുനോക്കി അമ്മ പോയി വാതിൽ തുറന്നു……

ഒരു പ്രായമുള്ള സ്ത്രീ അവർ അമ്മയോട് ചോദിച്ചു… “വൃന്ദ….. ”

അമ്മ അകത്തേക്ക് എന്നെ നോക്കിയിട്ട് പറഞ്ഞു അകത്തുണ്ട്..

അവർ അകത്തേക്ക് കയറി വന്നപ്പോൾ ഞാൻ മോന്റെ തല തലയിണയിൽ വച്ചു ഒരു ഷീറ്റ് ചൂടി പതുക്കെ കട്ടിലിൽ നിന്നു താഴെ ഇറങ്ങി….

എന്നെത്തന്നെ നോക്കി നടന്നു വന്ന അവർ കട്ടിലിനു വശത്തു കിടന്ന കസേരയിൽ ഇരുന്നു….

കട്ടിൽ ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു “”മോൾ ഇരിക്ക്……. ”

ഇരിക്കാതെ നിൽക്കുന്നത് കണ്ടു പിന്നെയും പറഞ്ഞു…

ഞാൻ അതിന്റെ ഒരറ്റത്ത് ഇരുന്നു….

എന്റെ പേര് ശകുന്തളദേവി…… ഒരു അദ്ധ്യാപികആയിരുന്നു….. മോളെ അറിയാം നേരിട്ട് കാണുന്നത് ഇപ്പോഴാണ്….
“എന്റെ മകൻ ആണ് ശ്രീനാഥ്‌………. ”

“കോളേജിൽ പഠിക്കുന്ന സമയത്തു എല്ലാ വിശേഷങ്ങളും അന്ന് വന്നു പറയുമായിരുന്നു….. ”

“ഇപ്പോൾ അവൻ പറഞ്ഞാണ് അറിഞ്ഞത് മോളുടെ കുഞ്ഞും അതിൽ ഉണ്ടായിരുന്നു നിങ്ങൾ ഈ ഹോസ്പിറ്റലിൽ ഉണ്ടെന്നു എന്നാൽ പോകുന്നതിന് മുൻപ് ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി വന്നതാ….. ”
“മോൻ ഉറങ്ങിയോ….? ”

“ഉറങ്ങി…. ”

“കുഞ്ഞു ആഹാരം ഓക്കെ കഴിച്ചോ? ”

“കഴിച്ചു…. ”

അമ്മ വന്നത് ആരെന്നു അറിയാതെ അന്തംവിട്ടു രണ്ടു പേരെയും നോക്കി നിൽക്കുന്നു…

അമ്മേ എന്റെ കോളേജിൽ സീനിയർ ആയിരുന്ന ശ്രീനാഥിന്റെ അമ്മ ആണ്…. ശ്രീനാഥ് ഇപ്പോൾ ഇവിടുത്തെ എസ് ഐ ആണ്… ”

“അതെയോ….. എല്ലാവരും പറഞ്ഞു കേട്ടു ആ കൊച്ചനാ കുഞ്ഞുങ്ങളെ എല്ലാം മുങ്ങി എടുത്തതു് എന്ന്…… ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ….. അമ്മ നിറകണ്ണുകളോടെ പറഞ്ഞു….. ”

“അതൊക്കെ അവന്റെ ജോലിയുടെ ഭാഗമല്ലേ…. ആർക്കും ഒരു സങ്കടം വരുന്നത് അവനിഷ്ടം അല്ല…. ”

“ഇപ്പോൾ ഡിസ്ചാർജ് ആയി പോകുവാണോ? ”

“അതേ അവനു ഹോസ്പിറ്റലിൽ കിടക്കുന്നത് തീരെ പിടിക്കില്ല…. ഇവിടുത്തെ മണം അവനു ഇഷ്ട്ടമല്ല.. കയ്യിൽ ചെറിയ ഒരു പൊട്ടൽ അത് പത്തിരുപതു ദിവസം കൊണ്ടു ശരിയാകും എന്ന് ഡോക്ടർ പറഞ്ഞു….. ഒരാഴ്ച കൈ അനക്കാതെ ഓക്കെ ഇരിക്കാമെന്നു പറഞ്ഞ പോകുന്നത്….. നോക്കിക്കോ നാളെ നേരം വെളുക്കുമ്പോൾ അവൻ യൂണിഫോം ഇട്ടു ഇറങ്ങും……. ”

“എന്നാൽ ഇറങ്ങട്ടെ മോളെ … മോനുറങ്ങുവല്ലേ പിന്നെ ഒരിക്കൽ അവനെ കാണാൻ വരാം…. ”

“എന്നാൽ ഇറങ്ങട്ടെ….. “അമ്മയെ നോക്കി ടീച്ചർ ചോദിച്ചു…..

അമ്മ തലയാട്ടി…

ഒരിക്കൽ കൂടി എന്നെ നോക്കി യാത്ര പറഞ്ഞു ഇറങ്ങി……

കുറച്ചു നേരം കൂടി വർത്താനം പറഞ്ഞിരുന്നിട്ട് അമ്മ കിടന്നു……

അച്ചു കിടന്നുറങ്ങുന്നതും നോക്കി കുറെ നേരം ഇരുന്നു…..
ഭൂമിയിൽ എന്റെ സ്വത്തു…. സന്തോഷവും സങ്കടവും ആശ്വാസവും എല്ലാം അവനിൽ ആണ്…..

പിറ്റേന്ന് അച്ചു കൂടുതൽ ഉഷാറായി സ്കൂളിലെ ടീച്ചർ അവനെ കാണാൻ വന്നു….. വളരെ സന്തോഷത്തോടെ അവൻ ടീച്ചറോട് കാര്യം പറഞ്ഞു

അത് കഴിഞ്ഞു ആണ് ദിവാകരേട്ടൻ റൂമിലേക്ക് വന്നത്….

“ഞാൻ അന്ന് വന്നിരുന്നു മോളെ പക്ഷേ ആരെയും കയറ്റി വിട്ടില്ല പിന്നെ വീട്ടിൽ പോയി അനിയത്തികുട്ടിയോട് വിശേഷങ്ങൾ ചോദിച്ചു.. അപ്പോൾ ഇന്ന് റൂമിൽ കൊണ്ടു വന്നെന്നു അറിഞ്ഞു….. ”

“മ് ഇന്നലെ വൈകിട്ട് ആണ് കൊണ്ടു വന്നത്…. ”

“ഞാൻ നമ്മുടെ എസ് ഐ സാറിനെ കൂടെ കാണാമെന്നു കരുതി ആണ് വന്നത് അപ്പോൾസർ ഇന്നലെ തന്നെ പോയെന്ന്…. ഇനി വീട്ടിൽ പോയി കാണാം…. ”

“ദിവാകരേട്ടന് നേരത്തേ അറിയാമോ എസ് ഐ യെ…. ”

“ഇല്ല മോളെ വീട് വാടകയ്ക്ക് കൊടുത്തുള്ള പരിചയമേ ഉള്ളൂ…. മോളെ അറിയാം എന്ന് പറഞ്ഞിരുന്നു നിങ്ങൾ ഒരുമിച്ച് പഠിച്ചതാണ് എന്ന്.. എന്റെ കയ്യിൽ നിന്നു മോളുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു….. ”

“മ്…. ശ്രീനാഥ് ആണോ നമ്മുടെ വീട്ടിൽ താമസിക്കുന്നത്…. ”

“അതേ….. “അത് മോൾക്ക് അറിയാമായിരുന്നില്ലേ.. ”

“വിളിച്ചപ്പോൾ വേറെ വിശദമായി ഒന്നും ചോദിച്ചില്ല…. ”

“എന്തായാലും ഒന്ന് വീട്ടിൽ പോയി കണ്ടേക്കാം.. “മോനെ എന്ന് ഡിസ്ചാർജ് ചെയ്യും മോളെ…. ”

“നാളെ പോകാം എന്ന് തോന്നുന്നു…. ”

“അച്ഛൻ വന്നിട്ടുണ്ട് അല്ലേ? ”

“ഉവ്വ്… ഒന്ന് കണ്ടതേ ഉള്ളൂ ഒന്നും സംസാരിക്കാൻ പറ്റിയില്ല…. അപ്പോൾ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല…. ”

“മ്….. ”

“മോൻ മിടുക്കൻ ആയില്ലേ ഇനി വിഷമിക്കണ്ട…. ഞാൻ ഇറങ്ങട്ടെ മോളെ..? ”

“ശരി…. ”

പിറ്റേന്ന് അച്ചുട്ടനെ ഡിസ്ചാർജ് ചെയ്തു….

അച്ഛനും വല്യച്ചനും വിനോദും എല്ലാവരും കൂടി അവന്റെ ഇടവും വലവും ആൾ ആയിരുന്നു…. പ്രായ വത്യാസം ഇല്ലാതെ എല്ലാവരെയും അവൻ അവന്റെ കൂടെ കളിക്കാൻ കൂട്ടി……

ഒരുപാട് നാളുകൾക്കു ശേഷം അച്ചുവിന്റെ കളി ചിരികൾ ഞാൻ അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു…..

ഒരാഴ്ച എല്ലാവരും അവൻ എന്ന ബിന്ദുവിൽ ചുറ്റി തിരിഞ്ഞു……

“ഞങ്ങൾ പോട്ടെ മോളെ…. “അച്ഛൻ യാത്ര പറയാൻ വിഷമിച്ചു…

“അച്ഛനിവിടെ നിന്നൂടെ…..? ”

“ഇപ്പോൾ നിന്നെയും മോനെയും വിട്ടു നിൽക്കാൻ അച്ഛന് വിഷമം തോന്നുന്നുണ്ട്…. സാരമില്ല അച്ഛന് ഇങ്ങോട്ട് വരണം എന്ന് തോന്നിയാൽ അപ്പോഴേ വരും…. വെറുതെ ഇരിക്കുമ്പോഴാണ് വയ്യായിക അധികം ഇപ്പോൾ അച്ഛന് നല്ല ഉന്മേഷം തോന്നുന്നുണ്ട്… എന്റെ മോൻ വളർത്തി വലുതാക്കണ്ടേ… അതുകൊണ്ട് എന്തെകിലും ഒരു ചെറിയ സംരഭം ഉണ്ടാക്കണം… അച്ഛൻ പോയിട്ടു വരാം…. മോൾ വിഷമിക്കണ്ട എന്തുണ്ടെങ്കിലും അച്ഛൻ ഓടി വരും… “പോട്ടെ മോളെ….. ”

അച്ഛൻ പഴയ ഊർജത്തോടെ പ്രസരിപ്പോടെ എന്റെ ചുമലിൽ തട്ടി പറഞ്ഞപ്പോൾ അച്ഛനെ അതേ സന്തോഷത്തോടെ യാത്രയാക്കി…..

ഒറ്റപ്പെടൽ എന്നൊരു അനുഭവം ഇല്ല ചുറ്റും ഉള്ളവരൊക്കെ ഒപ്പം തന്നെ ഉണ്ട്‌….. വീണ്ടും എന്നിലേക്ക് വന്നു ചേരുന്നത് പോലെ…..

അച്ചുവിനെ സ്കൂളിൽ വിട്ടു തുടങ്ങി…എല്ലാ ആഴ്ചയിലും സുമിത്രേടത്തിയുടെ കൂടെ കാവിൽ പോയിരുന്നു…. അച്ചുവിന് ഒരു നേർച്ച പറഞ്ഞിരുന്നു….

ഞാൻ ചെയ്യുന്നത് പോലൊരു നേർച്ച സുമിത്രേടത്തിയും അവനു വേണ്ടി ചെയ്യുന്നുണ്ട്……

“എനിക്കു ഒന്നിനെ ദൈവം തന്നില്ല….. പരാതി പറഞ്ഞിട്ടുണ്ട് ദൈവത്തോട് ഒരുപാട്…. പിന്നെ ഇതുപോലെ ഉള്ള സങ്കടങ്ങൾ മുന്നിൽ വരുമ്പോൾ വിചാരിക്കും അതൊരു അനുഗ്രഹം ആണെന്ന് കാരണം ഇതുപോലെ ഓക്കെ വന്നാൽ സഹിക്കാൻ കഴിയണ്ടേ…. ചങ്ക് പൊട്ടി ജീവിക്കണ്ടേ…. “സുമിത്രേടത്തി എന്നെ നോക്കി പറഞ്ഞു….

“നിന്നെ ഞാൻ ഒരു കുട്ടി പാവാട ഇടുമ്പോൾ മുതൽ കാണുന്നതാ…. പലപ്പോഴും തോന്നിയിട്ടുണ്ട് മോളെ നീ ഈ വേദന ഓക്കെ എങ്ങനെ താങ്ങുന്നു എന്ന്…. ”

“ഓക്കെ വിധി ആണ് ഏട്ടത്തി…..അനുഭവിക്കാൻ എഴുതി വച്ചതൊക്ക അനുഭവിക്കണം….ഒരു വേദന തരുമ്പോൾ അത്രയും വേദന താങ്ങാനുള്ള കഴിവ് കൂടി ദൈവം തരും…. ഇല്ലെങ്കിൽ മനുഷ്യർ എല്ലാം ഓരോ വേദന വരുമ്പോഴും താങ്ങാൻ കഴിയാതെ ജീവിതം ഉപേക്ഷിക്കില്ലേ….. ”

“ശരിയാണ്…… രോഗവും മരുന്നും അവൻ തന്നെ തരും എന്നാൽ രോഗം തരാതിരിക്കുമോ അതില്ല…..”

“എല്ലാത്തിനും കണക്ക് ഉള്ളത് ആണ് ഏട്ടത്തി….. ”

“മ്…. “നടക്ക് വെറുതെ കാടു കയറണ്ട……

പോകുന്ന വഴിക്ക് വയലുകൾ എല്ലാം നിറഞ്ഞു കിടക്കുന്നു…. തോട്ടിലും വെള്ളം കൂടുതൽ ആണ്….. അമ്പലത്തിൽ തിരക്ക് കുറവ് ആയിരുന്നു….. മഴക്കാർ കൊണ്ടു സന്ധ്യയ്ക്ക് ഒരു കറുപ്പഴക് ആയിരുന്നു….. കൽവിളക്കിൽ കത്തിച്ച ദീപം ആ കറുപ്പഴകിൽ സൂര്യ ശോഭയോടെ ശാന്തമായി ജ്വലിച്ചു….

തൊഴുതു പൂജ കഴിയാൻ ആയി ചുറ്റമ്പലത്തിൽ ഇരുന്നു…. കണ്ണുകൾ അടച്ചു അങ്ങനെ ഇരുന്നപ്പോൾ ഓർമ്മകൾ കാൽവിളക്കിലെ ദീപത്തിന്റെ മിഴിവോടെ പ്രകാശം പരത്തി…..

ചുറ്റമ്പലത്തിനുള്ളിൽ ഒരുമിച്ചു കൈകോർത്തു പിടിച്ചു ഇരുന്നത് ഇന്നലത്തെ പോലെ തോന്നുന്നു…. ആ ഓർമയിൽ കൈകൾ ചുറ്റും പരതി…. കൈ ആരെയോ സ്പര്ശിച്ചപ്പോൾ കണ്ണ് തുറന്നു…..

അടുത്ത് പുഞ്ചിരിയോടെ ശ്രീനാഥിന്റെ അമ്മ….. ടീച്ചറെ നോക്കി പുഞ്ചിരിച്ചു…..

“മോൾ കണ്ണടച്ചു ഇരുന്നത് കൊണ്ടാണ് വിളിക്കാതിരുന്നത്…. ”

“മ്… വെറുതെ ഓരോന്ന് ആലോചിച്ചു…… ശ്രീനാഥ്‌……? ”

“വീട്ടിൽ ഉണ്ട്‌…. ചെറിയ പനി….”

“കൈ…..? ”

“ബാൻഡേജ് ചുറ്റിയിട്ടുണ്ട്….. അവൻ അതും കൊണ്ടു വണ്ടി ഒക്കെ ഓടിക്കും അപ്പോൾ നീര് വരും പിന്നെ രണ്ടു ദിവസത്തേക്ക് റെസ്റ്റ് എടുക്കും…. ഇപ്പോൾ ചെറിയ പനി…. അവനു വേണ്ടി വന്നതാ”
മോളെ മോന് എങ്ങനെ ഉണ്ട്‌… ”

“കുഴപ്പമില്ല സ്കൂളിൽ പോയി തുടങ്ങി ”

“മോനെ കൊണ്ടുവന്നില്ലേ? ‘

“ഇല്ല പൂജ കഴിയുന്നത് വരെ അവൻ അടങ്ങി ഇരിക്കില്ല…. ”

“തനിച്ചു ആണോ വന്നത്…? ”

“അല്ല സുമിത്രേടത്തി ഉണ്ട്‌….. ഞാൻ അങ്ങോട്ട്‌ വിരൽ ചൂണ്ടി പറഞ്ഞു അപ്പോഴേക്കും സുമിത്രേടത്തി അടുത്തേക്ക് വന്നു..

“ആരാ വൃന്ദേ….. ”

“.മംഗലത്തു വീട്ടിലെ താമസക്കാർ ആണ്.. ടീച്ചർ ആയിരുന്നു മകൻ ഇവിടെ സ്റ്റേഷനിലെ എസ് ഐ ആണ്… ശ്രീനാഥ് ഞങ്ങൾ കോളേജിൽ ഒരുമിച്ചു പഠിച്ചിരുന്നു… ”

“ഓ…. വീട്ടിൽ രവിയേട്ടൻ പറഞ്ഞു പുതിയ എസ് ഐ വന്ന കാര്യം പിന്നെ ഞങ്ങളുടെ കുഞ്ഞുങ്ങളെ എല്ലാം രക്ഷിച്ചത്…..ഇതുവരെയും കാണാൻ കഴിഞ്ഞില്ല…. ”

“അതിനെന്താ ഒരു ദിവസം വീട്ടിലേക്ക് വാ….. ”

‘”നോക്കാം… ”

“മ്…. ”

അപ്പോഴേക്കും പൂജ കഴിഞ്ഞു പ്രസാദം കിട്ടി…..
എല്ലാവരും യാത്ര പറഞ്ഞു വഴി പിരിഞ്ഞു…..

വീട്ടിലേക്ക് നടക്കുന്ന വഴി സുമിത്രേടത്തി പറഞ്ഞു “നീ ഒന്ന് അവിടെ വരെ പോയി സുഖവിവരം തിരക്കണം കെട്ടോ…. ഒന്നുമില്ലെങ്കിലും നമ്മുടെ കുഞ്ഞിന് വേണ്ടി കഷ്ട്ടപെട്ടതാ….. ”

“പോകണം എന്ന് വിചാരിച്ചിരുന്നു… നാളെ ആകട്ടെ…. ”

പിറ്റേന്ന് അച്ചുവിനെ വണ്ടിയിൽ കയറ്റി വിട്ടു അതിനുശേഷം വിദ്യയോടും അമ്മയോടും പറഞ്ഞു മംഗലത്തേക്ക് നടന്നു…..

വീടിനടുത്തേക്ക് എത്തും തോറും ഉള്ളിൽ എന്തോ ഒരു ആന്തൽ ഒരു തളർച്ച…… ആ പടികെട്ടു കയറുമ്പോഴേക്കും തളർച്ച പൂർണമായും കാലുകളെ ബാധിച്ചു…

അങ്ങനെയോ മുറ്റം കടന്നു അകത്തേക്ക് കയറി…. ഹാളിൽ ടിവി കണ്ടു കൊണ്ടിരിക്കയായിരുന്നു ശ്രീനാഥ്‌….. ഷർട്ട്‌ ഇട്ടിട്ടില്ല ഒരു ടൗവൽ കൊണ്ടു പുറം മൂടിയിട്ടുണ്ട്… കാലു രണ്ടും റ്റിപോയുടെ മുകളിൽ…

വാതുക്കൽ ആളനക്കം കണ്ടു കൊണ്ടായിരിക്കും ഒന്ന് ചരിഞ്ഞു നോക്കി….. വിശ്വാസം വരാതെ ഒരിക്കൽ കൂടി നോക്കി….. എന്നിട്ട് പെട്ടന്ന് എഴുനേറ്റ് കയറി ഇരിക്കാൻ പറഞ്ഞു അകത്തേക്ക് പോയി……

പോകുന്ന വഴിക്ക് അമ്മയെ വിളിക്കുന്നുണ്ടായിരുന്നു…..

കുറച്ചു കഴിഞ്ഞു ഒരു ടീ ഷർട്ട്‌ ഇട്ടു പുറത്തേക്ക് വന്നു…. അപ്പോഴേക്കും അമ്മയും വന്നു….

“മോൾ ആയിരുന്നോ….. വാ….. ”

അതും പറഞ്ഞു അമ്മ അകത്തേക്ക് നടന്നു……

“അമ്മ പോകുവാണോ…? ‘ശ്രീനാഥ്‌ അമ്മയെ നോക്കി ചോദിച്ചു…

“പിന്നെ അടുക്കളയിലെ പണി നീ ചെയ്യുവോ എന്നാൽ കൂടെ വാ.”

പിന്നെ വൃന്ദ വന്നത് കൊണ്ട് ആണെങ്കിൽ ആ കുട്ടി വിരുന്നുകാരി
അല്ല വീട്ടുകാരി അല്ലേ…..

എന്നെ നോക്കി അമ്മ പറഞ്ഞു മോൾ കയറി വാ….

അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി….

ഞാൻ അമ്മയുടെ പുറകെ ചെന്നു അടുക്കളയിൽ അടുപ്പത്തു എന്തൊക്കെയോ തിളച്ചു ആവി പറക്കുന്നു…..

“മോൾക്ക് ചായയോ കാപ്പിയോ എടുക്കട്ടെ….? ”

“ഒന്നും വേണ്ടമ്മേ ഞാനിപ്പോ കാപ്പി കഴിച്ചിട്ട് ആണ് ഇറങ്ങിയത്…. ”

എന്നാൽ മോൾ ഇരിക്ക് ഞാൻ ഇതൊന്നു ഇറക്കി വയ്ക്കട്ടെ….

അതിനിടയ്ക്ക് അമ്മ വീട്ടിലെ വിശേഷങ്ങൾ ഓക്കെ ചോദിച്ചു….. എന്റെ വിശേഷങ്ങൾ ഒന്നും ചോദിച്ചില്ല….. അതൊക്കെ അമ്മയ്ക്ക് അറിയാവുന്നതു പോലെ തോന്നി….. ഇടക്ക് ഒന്നുരണ്ടു വട്ടം ശ്രീനാഥ്‌ വാതുക്കൽ വന്നു നോക്കി പോയി….

കറി ഓക്കെ വാങ്ങി വച്ചു അമ്മ എനിക്കു ഭരണിയിൽ നിന്നു ചക്ക വറ്റൽ എടുത്തു ഒരു പ്ലേറ്റിൽ ഇട്ടു തന്നു…. അതും കൊറിച്ചു പരസ്പരം വിശേഷങ്ങൾ പറഞ്ഞു ഇരുന്നു….

എഴുനേറ്റ് അടുക്കള വാതിലിൽ നിന്നു പറമ്പിലൊക്കെ ഒന്ന് കണ്ണോടിച്ചു…..

“ഞാൻ പറമ്പിലേക്ക് ഒന്ന് പോയിട്ടു വരാം അമ്മേ…. ”

“ശരി….. ”

കിണറിന്റെ ഒരു വശത്തു കൂടി താഴേക്ക് നടന്നു….. കൃഷി ഒന്നുമില്ല തെങ്ങും മാവും പ്ലാവും ഒക്കെയേ ഉള്ളൂ….. പുല്ലു വളർന്നു കാടു പോലെ ആയിരിക്കുന്നു ചില സ്ഥലത്തു ഓക്കെ എന്റെ പൊക്കത്തിൽ പുല്ല് വളർന്നിരിക്കുന്ന്നു…. അവിടെ ഓക്കെ വെറുതെ നടന്നു നോക്കി തിരികെ കയറി പോന്നു… തിരികെ വരുമ്പോൾ എന്നേയും നോക്കി കിണറിന്റെ വശത്തു ശ്രീനാഥ്‌ നില്പുണ്ടായിരുന്നു…

അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു “പനി കുറവുണ്ടോ….. ”

“ഇപ്പോൾ കുറഞ്ഞു….. പനിയുടെ പൊടി പോലും ഇല്ല.. ”

“കളിയാക്കുവാണോ..? ”

“അല്ല സത്യമായും പനി കുറഞ്ഞു… എന്റെ സുഖവിവരം അന്വേഷിച്ചു വന്നതാണോ…. ”

അതിന് ആണെന്നോ അല്ലെന്നോ ഉത്തരം പറഞ്ഞില്ല….
വെറുതെ ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി……

അമ്മ പിന്നെയും എന്തൊക്കെയോ പണികളിൽ ആയിരുന്നു…. അമ്മയുടെ കയ്യിൽ നിന്നു താക്കോൽ വാങ്ങി ഞാൻ ആ മുറി തുറന്നു അകത്തു കയറി….. ആ മുറിയിലും പെയിന്റ് ചെയ്തിട്ടുണ്ട്.. സാധനങ്ങൾ എല്ലാം അതുപോലെ അവിടെ തന്നെ ഉണ്ട്‌….

ആ കട്ടിലിൽ ഇരുന്നു ജന്നലിലൂടെ പുറത്തേക്ക് നോക്കി കുറെ നേരം ഇരുന്നു…. ഇന്ന് ആ ജന്നൽ വഴി നോക്കുന്ന കാഴ്ചകൾക്ക് ഒന്നും മിഴിവ് ഇല്ലന്ന് തോന്നി…… മുൻപ് കാഴ്ചകൾ കാണുമ്പോൾ അതിന് ജീവൻ പകർന്നു തരാൻ കൂടെ ആളുണ്ടായിരുന്നു……

“സ്വപ്നം കാണുവാണോ? “”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കി…. ശ്രീ ആയിരുന്നു….

“അതേ എന്ന് പറയാം….. സ്വപ്നം അല്ല ഒരുകാലത്തു സ്വപ്നങ്ങളേക്കാൾ മനോഹരമായവ……അവയ്ക്കു ഇന്ന് പേര് ഓർമ്മകൾ എന്നാണെന്നു മാത്രം…. ”

“ഓർമകളിൽ ജീവിക്കാൻ തന്നെയാണോ തീരുമാനം…. ”

“അതേ അതില്ലാതെ ഞാൻ ഇല്ല… ”

“വാശി ആണോ…. ”

“അല്ല… എനിക്കു അതാണ് ജീവിതം… അതില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ല…. ”

“നീ വെറുതെ ഭ്രാന്ത്‌ പറയണ്ട…. ”

“അല്ല…. ഈ ഭ്രാന്താണ് എന്റെ ജീവിതം…. ”

കട്ടിലിൽ ഇരുന്ന എന്റെ ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ടു ശ്രീനാഥ്‌ ചോദിച്ചു “നിന്റെ ഭ്രാന്തിന്റ കൂടെ ചുറ്റും ഉള്ളവരുടെ ഭ്രാന്ത് കൂടി നീ കാണണം… ”

“ശ്രീ എന്താ ഉദ്ദേശിച്ചത്…..? ”

“നീ പണ്ട് ചോദിച്ച ഒരു ചോദ്യം നിന്നോട് ചോദിക്കുവാ ചോദ്യം അല്ല അപേക്ഷ ആയി കാണണം “കുറച്ചു സ്നേഹം ഭിക്ഷ ആയി എങ്കിലും തന്നുകൂടെ….. !!”

പണ്ടെങ്ങോ കുത്തികുറിച്ച ഡയറി ശ്രീനാഥ് വായിച്ചിട്ടുണ്ടാകും….. ഭിക്ഷ തരാൻ എനിക്കു ഭാണ്ഡം ഇല്ല കൈയിൽ കരുതലും ഇല്ല പിന്നെ എങ്ങനെ തരും……
“ഞാൻ ഒരു കാര്യം തിരിച്ചു ചോദിക്കട്ടെ…. “ഒരു പകരക്കാരിയെ കണ്ടെത്താൻ കഴിഞ്ഞില്ലേ ഇതുവരെ….. ”

“ഇല്ല…… മനസ് കൊണ്ടു ആഗ്രഹിക്കുന്ന ചിലതിനൊന്നും ഭൂമിയിൽ പകരം ഇല്ല…. എന്റെ ജീവിതത്തിൽ നിനക്ക് ഒരു പകരക്കാരി ഇല്ല….. കാലം കഴിയുമ്പോൾ അങ്ങനെ ഒന്ന് ചിലപ്പോൾ ഉണ്ടായേക്കാം എന്ന് ഞാൻ അന്ന് വിശ്വസിച്ചു… പക്ഷെ കാലം എനിക്കു തന്ന മറുപടി നിനക്കൊരു പകരക്കാരി ഇല്ല എന്നാണ്…. ”

“അപ്പോൾ പിന്നെ ശ്രീനാഥിന് അറിയില്ലേ എനിക്കും ഒരു അങ്ങനെ ഒന്നിനെ സ്വീകരിക്കാൻ കഴിയില്ല എന്ന്….. ”

“അറിയാം….. പക്ഷേ ഇതിൽ എന്റെ സ്വാർഥത കൂടി ഉണ്ട്….. എനിക്കതു അറിയാം കൈ എത്തും ദൂരത്തിൽ ഉള്ളതിനെ എത്തി പിടിക്കാനുള്ള കുറുക്കു വഴി….. ”
ഞാൻ ജൊലി കിട്ടി ഈ നാട്ടിൽ നിന്നു പോകുന്നത് വരെ നിന്റെ വിശേഷങ്ങൾ അറിഞ്ഞിരുന്നു…. ആദ്യ പോസ്റ്റിംഗ് വയനാട്ടിൽ ആയപ്പോൾ കരുതി നീയും നിന്റെ വിശേഷങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ എല്ലാം മാഞ്ഞു പോകും എന്ന്…. ആദ്യ മൊക്കെ അങ്ങനെ തോന്നി പക്ഷെ എല്ലായിടത്തും ഒരു നിമിത്തം പോലെ നിന്റെ പേര് എന്നെ പിന്തുടർന്നു….. അതിന് നിമിത്തം ആയത്” മണി “ആയിരുന്നു….

ആ പേര് കേട്ടപ്പോൾ ഞാൻ നിവർന്നു നോക്കി…..

അവിടെ നിന്നു പരിചയപ്പെട്ടതാ…. പിന്നെ അവനിലൂടെ ആയിരുന്നു വിശേഷം അറിഞ്ഞത്….. ലോകത്തെ വേറെന്തിനേക്കാളും അവനു ഇഷ്ടം അവന്റെ മനു ചേട്ടനെ ആയിരുന്നു…. അവന്റെ വാക്കുകളിലൂടെ മനുവിനെ വരയ്ക്കുമ്പോൾ കൊതിച്ചിട്ടുണ്ട് ഒരിക്കൽ എങ്കിലും അതുപോലെ ആകാൻ…….

“നിന്റെ ഓർമകളെ മറന്നുകൊണ്ടോ നശിപ്പിച്ചു കൊണ്ടോ വേണ്ട….. അല്ലാതെ നിന്റെ ഓർമകളുമായി വന്നുകൂടെ…… ”

…….കാത്തിരിക്കാം.)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!