മനമറിയാതെ – Part 4

9500 Views

manamariyathe-novel

മനമറിയാതെ…

Part: 04

✒️ F_B_L

[തുടരുന്നു…]

ചുറ്റും കൂടിനിന്നവർ ഇതൊക്കെ കാണുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ജുമി കുഞ്ഞോളെ കൈപിടിച്ച്
“പോവാ” എന്ന് ചോദിച്ച് തിരിഞ്ഞതും അവർക്കുമുന്നിൽനിൽകുന്ന രൂപത്തെക്കണ്ട് രണ്ടുപേരും ഒരുപോലെ ഞെട്ടി.
പുഞ്ചിരിച്ചുകൊണ്ട് അവർക്കുമുന്നിൽ കൈകൾകെട്ടി നിൽകുകയാണ് അക്കു.
“എന്താ കുഞ്ഞോളെ എന്താണ് പ്രശ്നം” അക്കു ചോദിച്ചു.

“അക്കുകാ എപ്പോഴാ വന്നേ” കുഞ്ഞോള് ചോദിച്ചു.

“വന്നിട്ട് കുറേനേരമായി. നീ ഇവിടെ എന്താണ് പ്രശ്നമെന്ന്പറ”

“ഇവള് അറിയാതെ ഹക്കീംകാടെ ദേഹത്തൊന്ന് മുട്ടി. അതിനാ” കുഞ്ഞോള് പറഞ്ഞു.

“മുട്ടി എന്നല്ലെടീ… തട്ടിതാഴെയിട്ടു എന്നുപറ” അവർക്കുപുറകിലായിനിന്ന ഹക്കീം ദേഷ്യത്തോടെ പറഞ്ഞു. ചെറിയ എന്തെങ്കിലും ആണെങ്കില്പോലും ഹക്കീം ഉച്ചത്തിലേ അതിനെപ്പറ്റി പറയാറുള്ളൂ. അതുകൊണ്ടുതന്നെ സ്റ്റേജിലിരുന്ന ഹാരിസും കരീമും, വീടിനകത്തുണ്ടായിരുന്ന അയിഷാത്തയും പുറത്തെത്തി.

“അത് കാര്യല്ല. നിങ്ങൾ അകത്തേക്ക് പൊയ്ക്കോ” അക്കു കുഞ്ഞോളേയും ജുമിയെയും അകത്തേക്ക് പറഞ്ഞയച്ച് ഹക്കീമിനുനേരെ ച്ചെന്നു.

“ഹക്കീമേ എന്നെ മനസ്സിലായോ. ഞാൻ അക്ബറാ. ഒരുമാതിരി ചീപ്പ് ഷോ കാണിക്കാതെ ഈ ഡ്രസ്സ്‌ മാറ്റാൻ ഉദ്ദേശമുണ്ടെങ്കിൽ മാറ്റിയിട്ട് വരാൻനോക്ക്. അല്ലാതെ പെൺപിള്ളേരെ ചീത്തപറഞ്ഞ് ആളാവാൻ നോക്കല്ലേ”

“ഓഹ് മഹാനെത്തിയോ. എന്നായിരുന്നു ലാൻഡിംഗ്. സ്വന്തം വാപ്പാനെ ധിക്കരിച്ചതിന് ഇറക്കിവിട്ടതല്ലേ നിന്നെ. ആ നീ എന്നെ പഠിപ്പിക്കേണ്ടതില്ല. അത് പോട്ടെ… നിന്നെ ആരാ കല്യാണത്തിന് വിളിച്ചത്”

ആ ചോദ്യം അക്കു പ്രതീക്ഷിച്ചതല്ല. ആയതിനാൽ അക്കൂന് മറുപടിയൊന്നും ഇല്ലായിരുന്നു.

“കുറേ തെണ്ടികൾ ഇറങ്ങിയിട്ടുണ്ട്. വിളിക്കാത്ത കല്യാണത്തിലൊക്കെ കയറിവന്ന് വയറുനിറയെ തിന്നിട്ട് പോകുന്ന ഊളകൾ. ഇറങ്ങിപ്പോടാ നാറി”
ഹക്കീമിന്റെ ശബ്ദമുയർന്നു.
കല്യാണത്തിനുവന്ന ആളുകൾ അവർക്കുചുറ്റുകൂടി.
“ഇത് അബ്‌ദുക്കാടെ മകനല്ലേ…, ഹക്കീമെന്തിനാ ആ ചെക്കനെ ചീത്തപറയുന്നെ…, കരീമിന്റെ പെങ്ങളെ മോനല്ലേ അത്…, വാപ്പാടെപോലെ അഹങ്കാരത്തിന് കയ്യുംകാലുവെച്ച ഒരു ജന്മമാണ് ഈ ഹക്കീം…,” കൂടിനിന്നവരിൽ പലരും അടക്കംപറഞ്ഞു.

ഹാരിസിന്റെ വാക്കുകൾകേട്ട്
“ഞാനേ അക്ബറാണ്. അബ്ദൂന്റെ മോൻ. വിളിക്കാതെ ഒരുസ്ഥലത്തേക്ക് ന്റെ ഉപ്പയും വരില്ല ഞാനും വരില്ല. നീയൊന്നും വിളിച്ചില്ല എന്നൊള്ളു. ഈ കല്യാണത്തിൽ ഏറ്റവും സ്ഥാനമുള്ള ഹാരിസ് വിളിച്ചതുകൊണ്ടാണ് ഞാൻ വന്നതെങ്കിൽ നിനക്ക് പ്രശ്നമുണ്ടോ” ബഹളംകേട്ട് ഓടിയെത്തിയ അബ്‌ദുക്ക, അക്കൂന്റെനാവിൽനിന്ന് ഇങ്ങനെ കേട്ടതും ഒന്ന് ഞെട്ടി.

“അപ്പൊ അക്കുവും ഹാരിസും ബന്ധമുണ്ടായിരുന്നോ” എന്ന് അബ്‌ദുക്ക സംശയിച്ചു.

“അക്കു… എന്താടാ ഇത്. നിന്നെവിളിച്ചത് ഞാനല്ലേ. ഓൻ പലതും പറയും നീ അതൊന്നും കാര്യമാക്കണ്ട. നീ വാ നിനക്ക് ന്റെ ബീവിനെ പരിചയപ്പെടണ്ടേ വാ” ഹാരിസ് അക്കൂനെ സ്റ്റേജിലേക്ക് വിളിച്ചു.

ഹാരിസിന്റെ പുറകെ അക്കു സ്റ്റേജിലേക്ക് നടക്കുമ്പോൾ ഹക്കീമിനെ വെറുതെയൊന്ന് നോക്കി.
ആകെ നാറിയഭാവമായിരുന്നു അവന്റെ മുഖത്തെങ്കിലും കണ്ണുകളിൽ പക ആളിക്കത്തുന്നുണ്ടായിരുന്നു.

സ്റ്റേജിലെത്തി ഹാരിസ് അവന്റെ മണവാട്ടി ഷഹാനക്ക് അക്കൂനെ പരിജയപ്പെടുത്തി.

“ഇതാണ് അക്ബർ . അമ്മായിടെ മോൻ”

“ഇക്ക പറയാറുള്ള നാടുവിട്ടുപോയ അക്കുക്കയാണോ…”

“ആഹാ കൊള്ളാലോ ഹരിസേ. ഇയ്യ് ന്നെ അങ്ങനെയാണല്ലേ പറഞ്ഞുകൊടുത്തിട്ടുള്ളത്. അടിപൊളി” അക്കു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും കുഞ്ഞോളും ജുമിയും സ്റ്റേജിലേകക്കെത്തി.

“ബാബിക്ക് ഞങ്ങളെ അറിയോ…?” കുഞ്ഞോളായിരുന്നു ചോദിച്ചത്.

“അതെന്തുചോദ്യമാ കുഞ്ഞോളെ. ഇക്ക ഒരുപാട് പറഞ്ഞിട്ടുണ്ട് ആകെയുള്ള പെങ്ങളെപ്പറ്റി. എനിക്ക് ആകെയുള്ള നാത്തൂനാല്ലേ കുഞ്ഞോളെ നീ” ഷഹാന കുഞ്ഞോളുടെ കൈകളിൽ പിടിച്ചു.

“അല്ലാ ഇതാരാ…” ഷഹാന ജുമിയെനോക്കി ചോദിച്ചു.

“ഇത് ജുമാന. ഞങ്ങളുടെ അയൽവാസിയാണ് എന്നതിനപ്പുറം എന്റെ എല്ലാമായ ഉറ്റസുഹൃത്ത്”
കുഞ്ഞോള് ജുമിയെ ചേർത്തുനിർത്തി.
അവർ സംസാരിച്ചുനിൽക്കുമ്പോൾ താഴെ ഹക്കീം അപ്പോഴും കത്തിജ്വലിക്കുന്ന കണ്ണുകളുമായി അവരെ നോക്കിനിൽപുണ്ടായിരുന്നു.

“ഹരിസേ ഞാനിവിടെ നിന്നാലേ നിന്റെ അനിയൻ എന്റെ ചോരമൊത്തം ഊറ്റും. അതുകൊണ്ട് ഞാൻ അപ്പുറത്തുണ്ടാവും” അക്കു സ്റ്റെജിൽനിന്നും താഴെയിറങ്ങി ഉപ്പയെ അന്വേഷിച്ചുനടന്നു.

ആളുകൾക്കിടയിൽനിന്നും മാറിനിൽക്കുന്ന അബ്‌ദുക്കയുടെ അടുത്തേക്ക് അക്കു പതിയെ നടന്നു.

“നീ ഹാരിസുമായി കൂട്ടുണ്ടായിരുന്നല്ലേ. ഞാനായിട്ട് അവനോടൊന്നും ചോദിച്ചുമില്ല അവനായിട്ട് ഒന്നും പറഞ്ഞതുമില്ല. അതുകൊണ്ടാ കണ്ടുപിടിക്കാൻ വൈകിയത്”

“കൊച്ചിയിലെത്തിയിട്ട് ആകെ വിളിച്ചത് അവനുമാത്രമാണ്. എല്ലായിടത്തെയും വിശേഷങ്ങളൊക്കെ ഹാരിസ് എന്നോട് പറയും. ഇടക്ക് നേരിട്ട് ഞങ്ങൾ കാണാറുണ്ട്. ഉമ്മുമ്മാക്ക് വയ്യാതായതും ഹക്കീം കുഞ്ഞോളെ തല്ലിയതും ഒക്കെയും ഹാരിസ് എന്നോട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതൊന്നും ഓർക്കണ്ട”

“വർക്ഷോപ്പിലെ പണി എങ്ങനെയാ മെച്ചമുണ്ടോ അക്കു…?”

അത് കുഴപ്പമൊന്നുല്ല ഉപ്പാ. കാലത്ത് കുളിച്ച് കുട്ടപ്പനായി പോയി വൈകുന്നേരം തിരികെവരുമ്പോൾ ഓയിലും ഗ്രീസും ദേഹത്ത് പറ്റിയാലും സന്തോഷമാണ് ഉപ്പാ. ഇതുവരെ അൽഹംദുലില്ലാഹ് റാഹത്താണ് കാര്യങ്ങൾ”

ഉപ്പയുടെയും മകന്റെയും സംസാരം കേൾക്കുന്നിലെങ്കിലും അവരെ ദൂരെനിന്നും വീക്ഷിക്കുന്ന രണ്ട് കണ്ണുകളുണ്ട്. അവരെയല്ല അക്കൂനെമാത്രം വീക്ഷിക്കുന്ന കണ്ണുകൾ. ജുമിയുടെ കണ്ണുകൾ.
ഇത് കണ്ടുകൊണ്ട്
“എന്താ മോളെ… ഹക്കീമിനുപകരം നീയാണോ ഇപ്പൊ ഇക്കാടെചോര കുടിക്കുന്നത്. എന്ത് നോട്ടമാടി ഇത്” കുഞ്ഞോള് ചോദിച്ചതും ജുമി താഴെവീണതാണ് കണ്ടത്.

വീണുകിടന്ന ജുമിയെ പിടിച്ചെഴുനേൽപ്പിച്ച കുഞ്ഞോള്
“ഹക്കീംക്കാ നിങ്ങൾക്ക് പ്രാന്താണോ…?”

“സോറിട്ടോ… അറിയാതെ പറ്റിയതാണ്” എന്ന് ഹക്കീം.

“സാരല്ല കുഞ്ഞോളെ. ഇതോടെ തീർന്നല്ലോ നിന്റെ ഇക്കാടെ കലി”

“അങ്ങനെ പറഞ്ഞാലെങ്ങനാ. ദേ ഡ്രെസ്സിലൊക്കെ പൊടിയാ…” ഹക്കീം ജുമിയുടെ തോളിൽ കൈകൊണ്ട് പതിയെ തട്ടി.

“ഹക്കീംക്കാ കയ്യെടുക്ക്. അവളെ തൊടരുത്” കുഞ്ഞോള് ദേഷ്യപ്പെട്ടപ്പോൾ ഹക്കീം കയ്യെടുത്തു.

“നീയാള് കൊള്ളാട്ടോ… ആളൊരു മൊഞ്ചത്തിയാ” ഹക്കീം മടിയൊന്നും കൂടാതെ പറഞ്ഞതും ജുമി അക്കൂന്റെയും ഹമീദ്ക്കയുടെയും അടുത്തേക്കോടി.
“ഹക്കീംക്കാ നിങ്ങൾ ഒന്ന് കരുതിയിരുന്നോ” കുഞ്ഞോളും ജുമിയുടെ പുറകെ ച്ചെന്നു.

ഉപ്പയും മകനും വർഷങ്ങൾക്കിടയിലെ വിശേഷങ്ങൾ പറഞ്ഞുനിൽക്കുമ്പോഴാണ് ജുമിയുടെ വരവ്.

“നമുക്ക് പോയാലോ ഉപ്പച്ചീ. എനിക്കിവിടെ എന്തോ പേടിതോന്നുന്നു. വാ നമുക്ക് പോകാം” ജുമി അബദുക്കയുടെ കൈപിടിച്ച് കൊച്ചുകുട്ടികളെപോലെ കെഞ്ചി.

“എന്താ മോളെ… എന്തുപറ്റി”

“ആ ഹക്കീംക്ക ഇവളെ തട്ടിയിട്ടു. മാത്രമല്ല ഇവളെ ദേഹത്ത് തൊടുകയും ചെയ്തു” കുഞ്ഞോളായിരുന്നു മറുപടിനൽകിയത്.

അത് കേട്ടതും ഷർട്ടിന്റെ കൈ മുട്ടിനുമുകളിലേക്ക് കയറ്റിവെച്ച് അക്കു ഹക്കീമിനുനേരെ നടന്നു. പക്ഷെ…

“ആക്കൂ… അവിടെനിക്ക്. ഈ ആൾക്കൂട്ടത്തിനിടയിൽവെച്ച് നീ അവനോട് ചോദിക്കാനൊന്നും നിൽക്കണ്ട. ഇന്ന് വന്നതേയുള്ളു നീ. ഇന്ന് തന്നെ കുഴപ്പങ്ങളൊന്നും ഒപ്പിക്കരുത്” എന്ന് അബ്‌ദുക്ക.

“ഉപ്പാ അവനെ അങ്ങനെവിട്ടാൽ ശെരിയാവില്ല. അന്ന് കുഞ്ഞോളെ തല്ലിയെന്നുകേട്ടപ്പോഴേ ഇവിടെവന്ന് അവനിട്ടുരണ്ടെണ്ണം പൊട്ടിക്കണമെന്ന് കരുതിയതാ. അന്ന് ഞാൻ ക്ഷമിച്ചു. ഇതിപ്പോ ഇവളോടും. ഇത് ഞാൻ ക്ഷമിക്കാൻ ഉദ്ദേശിക്കുന്നില്ല ഉപ്പാ. ആരും അറിയാതെ അവനുള്ളത്‌ ഞാൻ കൊടുത്തേക്കാം. ഇതോടെ അവന്റെ അസുഖം മാറണം” അക്കു മുന്നോട്ട് നടന്നു.

“ഉപ്പച്ചീ… അക്കുക്കാനേ തിരികെ വിളിക്ക്. എന്റെപേരുപറഞ്ഞ് രണ്ടുകുടുംബംതമ്മിൽ തെറ്റരുത്. പ്ലീസ്” ജുമി അബദുക്കയോട് അപേക്ഷിച്ചു എങ്കിലും

“തെറ്റുന്നെങ്കിൽ തെറ്റട്ടെമോളെ” എന്നായിരുന്നു അബ്ദുക്കയുടെ മറുപടി.

അക്കു ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഹക്കീമിനുനേരെ ചെന്ന്
“ഹക്കീമേ ഒന്നിങ്ങുവന്നെ” എന്നുംപറഞ്ഞ് അവന്റെ അരയിലൂടെ കയ്യിട്ട് വയറിൽ ശക്തിയായി പിടിച്ചതും ഹക്കീം യാന്ത്രികമായി അക്കൂന്റെകൂടെ നടന്നു.

“അക്കു വിടെടാ എന്നെ” ഹക്കീം വേദനയോടെ പറഞ്ഞു.

“വിടാടാ… ഇപ്പൊ നീ എന്റെകൂടെ വായോ. നിനക്ക് ഞാനൊരു സാധനം തരാം” അക്കു ഹക്കീമിന്റെ വയറിലെ പിടിമുറുക്കി.

“എടാ വേദനിക്കുന്നെടാ… വിടെടാ എന്നെ”

നിർത്തിയിട്ട കാറുകൾക്കിടയിലേക്ക് അക്കു ഹക്കീമിനെ കൊണ്ടുപോകുന്നത് അബ്‌ദുക്കയും കൂട്ടരും കാണുന്നുണ്ടായിരുന്നു.

മിനിറ്റുകൾക്കൊടുവി കാറുകൾക്കിടയിൽനിന്നും അക്കു പുറത്തേക്ക് വന്ന് അബ്‌ദുക്കയുടെ അടുത്തേക്ക് ചെന്നു.

“ഉപ്പാ… ഉമ്മയെയും വിളിച്ച് ഇവിടുന്ന് ഇറങ്ങാൻനോക്ക്.
പിന്നേ ജുമീ നീയിനി പേടിക്കണ്ടാട്ടാ” എന്നുംപറഞ്ഞ് അക്കു സ്റ്റേജിൽനിൽക്കുന്ന ഹാരിസിന്റെ അടുത്തുചെന്ന്
“ടാ മച്ചാനേ… ഞങ്ങൾ ഇറങ്ങുകയാണ്. രണ്ടാളും അങ്ങോട്ട് വായോട്ടാ. പിന്നേ ഹക്കീമിന് ഞാൻ ചെറിയൊരു മരുന്ന് കൊടുത്തിട്ടുണ്ട്” അക്കു മറുപടിക്ക് കാത്തുനിൽക്കാതെ പുറത്തിറങ്ങി വീടിനകത്തുകയറി ഉമ്മുമ്മയോട് യാത്രയുംപറഞ്ഞ് ബാഗും തോളിലിട്ട് ബുള്ളറ്റിനടുത്തേക്ക് നടന്നു.

“ഉപ്പാ ഞാൻ വീട്ടിലുണ്ടാകും. വൈകിക്കാതെ പോന്നോട്ടാ വീട്ടിലേക്ക്” അക്കു വിളിച്ചുപറഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ടാക്കി ഗേറ്റുകടന്ന് പുറത്തേക്ക്പോയി.

അവന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചുനിൽക്കുകയായിരുന്നു ജുമി.
“ദേ നീയിത് കണ്ടോ ജുമി. ഹക്കീംക്ക വരുന്നത് നോക്ക്” കുഞ്ഞോള് ജുമിയെ തട്ടിവിളിച്ചു.

കാറിനിടയിൽനിന്ന് വയറിൽകൈവെച്ച് പതിയെ നടന്നുവരുന്ന ഹക്കീമിനെ കണ്ടതും ജുമിയുടെ മുഖത്ത് പുഞ്ചിരിവിടർന്നു.

“സന്തോഷായില്ലേ ജുമീ നിനക്ക്. ഇക്ക കണക്കിന് കൊടുത്തിട്ടുണ്ടെന്നാ തോന്നുന്നേ. എന്തായാലും ആ പോക്കുകണ്ടില്ലേ ഒന്ന് ഇങ്ങോട്ട് നോക്കുന്നുപോലുല്ല” കുഞ്ഞോൾക്കും ഹക്കീമിന്റെ അവസ്ഥകണ്ട് സന്തോഷംതോന്നി.

“അതേ… ഇവിടെനിന്ന് ആഘോഷിക്കാതെ രണ്ടുപേരും പോയിവണ്ടിയിൽകയറ്‌. ഞാൻ ഉമ്മാനെ വിളിച്ചിട്ടുവരാം” അബ്‌ദുക്ക കാറിന്റെ ചാവി കുഞ്ഞോളെ ഏല്പിച്ച് അകത്തേക്ക് നടന്നു.

വൈകാതെ തിരിച്ചുവരുമ്പോൾ ആയിഷാത്ത എന്തൊക്കെയോ പിറുപിറുത്തൊണ്ടിരുന്നു.
സംഭവം വേറൊന്നുമല്ല. രണ്ടുദിവസം ഇവിടെനിൽകാമെന്ന് പറഞ്ഞിട്ടാ എല്ലാവരും പെട്ടിയുമെടുത്ത് ഇങ്ങോട്ട് പുറപ്പെട്ടത്. ഇതിപ്പോ വന്നപാടെ പോകുന്ന അവസ്ഥയായി.
കാറിൽ കയറിയപ്പോഴും ആയിഷാത്തയുടെ മുഖം ദേഷ്യവും സങ്കടവും ചേർന്ന് ചുവന്നിരുന്നു.

“ന്റെ ആയിഷാ… അക്കു വീട്ടിലേക്ക് പോയി. അപ്പൊ നമ്മളിവിടെനിന്നാൽ എങ്ങനെയാ ശെരിയാവാ. അതുകൊണ്ടല്ലേ പോവാന്നുപറഞ്ഞേ” ഡ്രൈവിങ്ങിനിടയിൽ അബ്‌ദുക്ക അയിഷാത്തയെ സമാധാനിപ്പിച്ചു.

“അതൊന്നുമല്ല ഉമ്മാ. അക്കുക്ക ഹക്കീംക്കാനേ നല്ലോണം പഞ്ഞിക്കിട്ടു. അതോണ്ടാ പെട്ടെന്ന് പോന്നത്” എന്ന് കുഞ്ഞോള്.

“വന്നുകേറിയപ്പോഴേക്കും തുടങ്ങിയോ അവന്റെ തല്ലുകൊള്ളിത്തരം. ഇങ്ങനെ അടിയുണ്ടാക്കാൻ ആയിരുന്നേൽ അക്കു വരേണ്ടതില്ലായിരുന്നു”

“ആയിഷാ… നീ കാര്യമറിയാതെയാ നമ്മുടെ അക്കൂനെ കുറ്റപ്പെടുത്തുന്നത്. അക്കു വെറുതെയൊന്നുമല്ല ഹക്കീമിനെ തല്ലിയത്. ഹക്കീം ഈ ജുമിയെ ഉപദ്രവിച്ചു. അതുവല്ലതും നീ കണ്ടോ. ഇല്ലല്ലോ… ജുമി കരഞ്ഞോണ്ടുവന്നപ്പോ അക്കു അവനെ തല്ലി. അത് ഹക്കീമിന് കിട്ടേണ്ടത് തന്നെയാണ്” അബ്‌ദുക്ക ന്യായീകരിച്ചു.

പിന്നീടുള്ള യാത്രയിൽ അബ്‌ദുക്കയും അയിഷാത്തയും മൗനംപാലിച്ചു.
പക്ഷെ പുറകിലെ പെൺപട തമ്മിൽ കളിയാക്കിയും കഥപറഞ്ഞും വീടത്തി.

“അക്കൂനെ കാണാനില്ലല്ലോ ആയിഷാ…” കാറിൽനിന്നിറങ്ങി അബ്‌ദുക്ക ചുറ്റുംനോക്കി.

“അക്കൂന്റെ നമ്പറില്ലേ. നിങ്ങളൊന്ന് വിളിച്ചുനോക്ക്”

“ഞാൻ വിളിക്കാം” കുഞ്ഞോള് ഫോണെടുത്ത് അക്കൂനെ വിളിച്ചു.
സ്വിച്ചോഫ് എന്നായിരുന്നു മറുപടി.

“ഉപ്പാ… ഇക്കാടെ ഫോൺ ഓഫാണ്. ചിലപ്പോ വരുന്നവഴി എവിടെയെങ്കിലും കയറിയിട്ടുണ്ടാകും”

“ടീ കുഞ്ഞോളെ. ഞാൻ വീട്ടിൽപോവാ. എനിക്കൊന്ന് ഫ്രെഷാവണം”

“പോയിട്ട് വായോട്ടാ ജുമീ”

ജുമി കാലത്ത് കൊണ്ടുവന്ന ബാഗുംതൂക്കി തൊട്ടടുത്തുള്ള അവളുടെ വീട്ടിലേക്ക് നടന്നു.
ഗേറ്റ് കടന്നതും മുറ്റത്തിരിക്കുന്ന ബുള്ളറ്റ് കണ്ട ജുമി നടത്തത്തിന്റെ വേഗതകൂട്ടി.
ചാരിയിട്ട വാതിൽ തള്ളിത്തുറന്ന് അകത്തെത്തിയപ്പോൾ അപ്പുറത്തെ വീട്ടിൽ അന്വേഷിക്കുന്ന മഹാനായ വ്യക്തി ഈ വീട്ടിൽ ഞെളിഞ്ഞിരുന്ന് കട്ടൻ ഊതിക്കുടിക്കുന്നു.

“രണ്ടുദിവസത്തേക്ക് ടൂർപോയ എന്റെമോള് ഇത്രപെട്ടെന്ന് വന്നോ” കളിയാക്കിക്കൊണ്ട് ജുമിയുടെ ഉപ്പ മജീദ്ക്ക ചോദിച്ചു.

“ആ വന്നു. അഞ്ചാറുവർഷമായി ഇവിടുന്ന്പോയ ഒരാള് തിരികെവന്നപ്പോൾ ഞങ്ങൾക്കും തിരിച്ചുപോരേണ്ടിവന്നു. എന്തെ ന്റെ ഉപ്പാക്ക് ഇഷ്ടായില്ലേ…” ജുമി ഉപ്പയോട് ദേഷ്യപ്പെട്ടു.

“ഇഷ്ടക്കുറവൊന്നുല്ല മോളെ. ഇവിടുന്ന് പോവുമ്പോ എന്തൊക്കെയായിരുന്നു, രണ്ടുദിവസംകൊണ്ട് കോഴിക്കോട് മുഴുവനായി വിലക്കെടുത്തിട്ട് വരുമെന്ന് പറഞ്ഞതല്ലേ… അത്കൊണ്ട് ചോദിച്ചതാ”

“മജീദ്ക്കാ… ജുമിക്ക് എന്റെ മാമന്റെവീട് തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാ ഞങ്ങളെല്ലാവരും പെട്ടെന്ന് പോന്നത്” അക്കു പറഞ്ഞു.

“ആ ഇനി എന്നെപറഞ്ഞോ. ഈ അക്കുക്ക മാമന്റെ മോനെ ഇടിച്ചുപഞ്ചറാക്കി. അതാണ് വന്നത്. അല്ലാതെ ഞാൻകാരണമൊന്നുമല്ല” ജുമിയും വിട്ടുകൊടുത്തില്ല.

“അപ്പൊ തിരിച്ചെത്തിയപ്പോഴേക്കും പഴയ സ്വഭാവം കാണിച്ചു അല്ലെ. മോനെ അക്കു ന്നാണൊരു കാര്യംപറഞ്ഞുതരാം. ഈ എടുത്തുചാട്ടവും മുൻകോപവും എന്നും നാശമേ വരുത്തൂ. നമ്മളൊന്ന് ക്ഷമിച്ചാൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾനീങ്ങും. അല്ലാതെ…”

“വെറുതീയൊന്നുമല്ല മജീദ്ക്കാ ഞാൻ ഹക്കീമിനെ തല്ലിയത്. ഓൻ മുൻപൊരിക്കൽ കുഞ്ഞോളെ തല്ലിയിട്ടുണ്ട്. ഇന്നിപ്പോ ആൾകാരുടെ ഇടയിൽവെച്ച് കുഞ്ഞോളേയും ജുമിനെയും ചീത്തപറഞ്ഞു. അപ്പോഴൊക്കെ ഞാൻ ക്ഷമിച്ചു. പക്ഷെ ഈ പെണ്ണ് കരഞ്ഞോണ്ട് വന്നപ്പോ എനിക്ക് ക്ഷമിക്കാൻ പറ്റിയില്ല. അതാണ്‌ ഞാൻ…” അക്കു പറഞ്ഞു.

“ഇവള് കരയെ… ചീത്തപറയുമ്പോഴേക്കും കരയുന്ന ആളല്ലല്ലോ ഈ ജുമി” ഉമ്മ റസിയ സംശയത്തോടെ ജുമിയെനോക്കി.

പക്ഷെ മുഖത്തൊരു പുഞ്ചിരിയും ഫിറ്റ്ചെയ്ത് ജുമി അങ്ങനെനിന്നു.

“ആ ഹക്കീം നമ്മുടെ ജുമിയെ ഒന്ന് തൊട്ടു. അതിനാ ഈ പെണ്ണ് കരഞ്ഞേ. അപ്പൊ എനിക്കും നോക്കിനിൽക്കാൻ പറ്റിയില്ല”അക്കുതന്നെ കാര്യങ്ങൾ പറഞ്ഞു.

“അപ്പോഴേ ഞാൻ ഇറങ്ങുകയാണ്. ഇന്ന് യാത്രചെയ്ത് നല്ല ക്ഷീണമുണ്ട്. ഒന്ന് ഉറങ്ങണം”
അക്കു ബാഗുമെടുത്ത് പോകാനൊരുങ്ങി.

“പിന്നേ… ഇനി തിരിച്ചുപോകുന്നില്ലല്ലോ ല്ലേ…”
റസിയാത്തയായിരുന്നു ചോദിച്ചത്.

“പോണം പോവാതെ പറ്റില്ല. എന്തായാലും കുറച്ചുദിവസം ഞാനിവിടെ ഉണ്ടാകും. ഞായറാഴ്ച തിരിച്ചുപോകും. സ്വന്തമല്ലെങ്കിലും കഴിഞ്ഞുപോയ വർഷങ്ങളിൽ എനിക്ക് സംരക്ഷണവും സ്നേഹവും നൽകിയ ഒരു കുടുംബമുണ്ട് അവിടെ. ഇങ്ങോട്ട് പുറപ്പെടുമ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവരെന്നെ യാത്രയാക്കിയത്”
അക്കു ബാഗുമെടുത്ത് ഇറങ്ങി.

ഇത്രയുന്നേരം പുഞ്ചിരിച്ചുകൊണ്ട് നിന്ന ജുമിയുടെ മുഖത്തെ പുഞ്ചിരിമാഞ്ഞു. ഒരുപാടുനാള് കാത്തിരുന്ന് തിരികെ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചതാണ് ജുമി. ഇപ്പൊ അക്കു വീണ്ടും തിരികെപോകുമെന്ന് കേട്ടപ്പോൾ ആ സന്തോഷവും കൂടെപോയി.

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply