“എന്നെ തേച്ചിട്ടു പോയ ഹരിയേട്ടന്റെ തലയിൽ ഇടിത്തീ വീഴണേ എന്റെ ഭഗവതി..
അല്ലെങ്കിൽ വേണ്ട പാവം ഹരിയേട്ടനെ പറഞ്ഞിട്ട് കാര്യമില്ല എല്ലാത്തിനും കാരണം ആ ചൊവ്വയാണ്..
അതിന് വല്ല കാര്യവും ഉണ്ടോ വിളിക്കാതെ എന്റെ ജാതകത്തിൽ വലിഞ്ഞു കേറി വന്നെന്റെ വിവാഹം മുടക്കാൻ..
എന്നാലും എന്റെ ദേവി നിത്യവും നിന്നെ വിളിച്ചു പ്രാത്ഥിക്കുന്ന എനിക്ക് ഈ ഗതി വന്നല്ലോ..
ദേവിയാണെങ്കിലും കുറച്ചൊക്കെ മനുഷ്യത്വം ആവമായിരുന്നു കേട്ടോ….
“ശ്രീ എന്തൊക്കെയാണെടി ദേവിയുടെ തിരുനടയിൽ നിന്ന് നീ വിളിച്ചു പറയുന്നത്….
“ഞാൻ എന്റെ അവസ്ഥ ദേവിയോട് പറഞ്ഞതാണ് മോളെ അല്ലാതെ എന്ത് ചെയ്യാനാണ് എന്നും പറഞ്ഞു ശ്രീലക്ഷ്മി അവിടെ നിന്നും നടന്നു..
“അല്ലെടി നിന്റെ ഹരിയേട്ടൻ ഇതൊക്കെ അറിഞ്ഞിട്ട് എന്താണ് പറഞ്ഞത്..
“എന്റെ ജാതകപ്രകാരം രണ്ടാം വിവാഹമേ എനിക്ക് വാഴു എന്ന് കേട്ടപ്പോളെ അങ്ങേര് കാലുമാറി..
“അല്ലെടി അങ്ങേര് നല്ല പഠിപ്പും ജോലിയുമൊക്ക ഉള്ള ആളല്ലേ പോരാത്തതിന് പുരോഗമനവാദിയും ആയിരുന്നല്ലോ പിന്നെന്തു പറ്റി..
“തട്ടി പോവുമെന്ന് തോന്നുമ്പോൾ പിന്നെന്തു പുരോഗമനം..
ദുഷ്ടൻ നമുക്ക് പിരിയാം അച്ഛനും അമ്മയ്ക്കും എതിരായി ഞാൻ ഒന്നും ചെയ്യില്ല എന്നും പറഞ്ഞു മുങ്ങി..
“ബെസ്റ്റ് പ്രണയം ബെസ്റ്റ് കാമുകൻ..കുട്ടിക്കാലം തൊട്ടു നീ പ്രേമിച്ചു നടന്നത് ഇത് പോലൊരു പേടിത്തൊണ്ടൻ മുറച്ചെറുക്കനെ ആയിപോയല്ലോടി..
“എന്റെ പൊന്നു മീനു നീ ഒന്ന് നിർത്ത് ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുവാണ്..
“മ്മം നിന്റെ സങ്കടം കണ്ടു പറഞ്ഞു പോയതാടി.. ശെരിയെന്നാൽ ഞാൻ പോവുന്നു നാളെ കാണാം എന്നും പറഞ്ഞു അമ്പലത്തിൽ നിന്നും ഇറങ്ങിയ പാടെ നീതു നടന്നു..
പഴയ ഓർമ്മകളിലേക്ക് ചേക്കേറിയ മനസ്സുമായി ഞാൻ തറവാട്ടിലേക്ക് നടന്നു…..
———————————————————
മാനം തൊടാൻ കൊതി പൂണ്ടു നിൽക്കുന്ന കുന്നുകളും മലകളും പച്ച പുതച്ചു നിൽക്കുന്ന വയലുകളും വയലുകൾക്ക് കാവലെന്നോണം കരിമ്പന കൂട്ടങ്ങളും കരയെ തഴുകി കടന്നു പോവുന്ന ചെറുതോണി പുഴയും ചേർന്ന അതിമനോഹരമായ നീലിമംഗലം ദേശത്തെ പ്രശസ്തമായ ആലത്തൂർ തറവാട്ടിലെ ശ്രീധരന്റെയും കുമാരിയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ശ്രീലക്ഷ്മി.. ഡിഗ്രി ഫൈനൽ ഇയർ എക്സാം എഴുതി നിൽക്കുന്നു..
രണ്ടാമത്തേത് ശ്രീക്കുട്ടി.. ഡിഗ്രി ഫസ്റ്റ് ഇയർ ആണ്..
ശ്രീലക്ഷ്മിയുടെ അമ്മാവനായ രാഘവന്റെയും ഭാനുമതിയുടെയും ഏക മകനാണ് ഹരി ..
കുട്ടിക്കാലം തൊട്ടു ഞാൻ ഹരിയേട്ടന്റെയും ഹരിയേട്ടൻ എന്റെയും ആണെന്ന് എല്ലാവരും വാക്കാൽ പറഞ്ഞു ഉറപ്പിച്ചിരുന്നതിനാൽ ഞങ്ങളുടെ പ്രണയത്തിന് തടസ്സങ്ങൾ ഒന്നുമില്ല എന്ന് സന്തോഷിച്ചു ഇരിക്കുമ്പോൾ ആണ് വില്ലൻ വേഷം അണിഞ്ഞു എന്റെ ജാതകത്തിലേക്കു ചൊവ്വ കടന്നെത്തിയത്..
ഹരിയേട്ടന്റെ സ്വന്ത മാവുന്നതും സ്വപ്നം കണ്ടു ഡിഗ്രി ഫൈനൽ ഇയർ എക്സാം എഴുതി കൂട്ടുകാരോടും കല്യാണക്കാര്യം പറഞ്ഞു നാട്ടിലെത്തിയ എന്നെ കാത്തിരുന്ന ദുരന്തവാർത്ത വന്നത് രാമപ്പണിക്കരുടെ നാവിൽ നിന്നായിരുന്നു..
“ഈ ജാതകങ്ങൾ തമ്മിൽ ചേരില്ല..
മാത്രമല്ല ഈ ജാതകക്കാരിക്ക് രണ്ടാം വിവാഹമേ വാഴു എന്ന് ആവണി പലകയിൽ കവടി നിരത്തി കൊണ്ട് രാമപണിക്കർ പ്രവചിച്ചു..
“എന്താ പണിക്കരെ ഈ പറയുന്നത് താൻ ശെരിക്കും ഒന്നൂടി നോക്കിക്കേ എന്നൊരാധിയോടെ എന്റെ അച്ഛൻ ശ്രീധരൻ ചോദിച്ചു..
“ശ്രീധരാ കവടി നിരത്തി കണ്ടത് തന്നെയാണ് ഞാൻ പറഞ്ഞത്.. ഇനി വീണ്ടും നോക്കേണ്ട കാര്യമില്ല..
അറിയാമല്ലോ ഞാൻ പറഞ്ഞത് ഇന്നേവരെ തെറ്റിയിട്ടില്ല എന്ന്..
“എന്നാലും രാമപണിക്കരെ എന്റെ ഒരു സമാധാനത്തിന് ഒന്നൂടി നോക്കിക്കൂടെ..
“ഇനി എത്രവട്ടം നോക്കിയാലും ഇതിൽ നിന്നും അണുവിട മാറില്ല..
മാത്രമല്ല ഇതിനൊട്ടു പരിഹാരവും പലകയിൽ തെളിയുന്നില്ല
എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു കൊണ്ട് രാമപണിക്കർ എഴുന്നേറ്റു ദക്ഷിണയും വാങ്ങി യാത്ര തിരിച്ചു….
ശെരിക്കും തറവാട് ആകെ ശോകമൂകമായി മാറി..
മോളെയെന്ന് മുഴുവൻ വിളിക്കാത്ത അമ്മായി പിശാച് കുരിശു കാണുമ്പോലെ എന്ന് പറയാറുള്ളത് പോലെ എന്നെ തുറിച്ചൊന്നു നോക്കി….
അതോടെ എന്റെ ഉള്ളിൽ ആധിയായി..
എന്തൊക്കെ സംഭവിച്ചാലും എന്റെ ഹരിയേട്ടൻ എന്നെ വേണ്ടാന്ന് വെക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു…. കാരണം ഹരിയേട്ടന് എന്നെ അത്രക്ക് ഇഷ്ടമായിരുന്നു..
പോരാത്തതിന് മുപ്പർ ഒരു പുരോഗമനവാദി ആയിരുന്നു..
അതുകൊണ്ട് ഇതൊക്കെ അറിയുമ്പോൾ പുള്ളി ചിരിച്ചു തള്ളും എന്നെനിക്ക് തോന്നി..
ആ ഒരു പ്രതീക്ഷയിൽ ആണ് ഞാൻ ഹരിയേട്ടനെ കാണാൻ ചെന്നത്..
ഞാൻ ചെല്ലുമ്പോൾ ഇഞ്ചി കടിച്ച അണ്ണാനെ പോലെ ഉമ്മറപ്പടിയിൽ ഹരിയേട്ടൻ ഇരിപ്പുണ്ടായിരുന്നു..
“ഹരിയേട്ടാ.. ഹരിയേട്ടോ…..
“ഹാ ശ്രീ ഞാൻ നിന്നെ കാണാൻ ഇരിക്കുവായിരുന്നു.. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് നീ വാ എന്നും പറഞ്ഞു ഹരിയേട്ടൻ ഉമ്മറത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി നടന്നു..
പിന്നാലെ എന്ത് പറയാൻ ആവുമെന്ന ആധിയിൽ ഞാനും നടന്നു….
പതിവിന് വിപരീതമായി ഞങ്ങൾക്ക് ഇടയിൽ ആദ്യമായി മൗനം കൂടുകെട്ടി….
നടന്നു ഞങ്ങൾ തറവാട്ട് കുളത്തിനരികെ എത്തി..
ഹരിയേട്ടൻ കുളത്തിലെ കൽപ്പടവുകൾ ഇറങ്ങി മധ്യത്തിലെ കൽപടവിൽ ഇരുന്നു..
പിന്നാലെ ഞാനും ഹരിയേട്ടന്റെ ഒപ്പം ചെന്നിരുന്നു..
ഹരിയേട്ടൻ എന്താണ് പറയാൻ പോവുന്നതെന്ന് കേൾക്കാനായി ഞാൻ ചെവിയോർത്തു..
കുളത്തിലെ താമരകൾ പോലും ഹരിയേട്ടന്റെ വാക്കുകൾക്ക് ആയി കാതോർത്തു നിൽക്കുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത് ..
പുള്ളിക്കാരൻ കൽപടവുകളിൽ കിടന്നിരുന്ന ചെറിയ കല്ലുകൾ പെറുക്കി കുളത്തിലേക്ക് എറിഞ്ഞു കൊണ്ടിരുന്നു..
ആ മുഖം ശോകമൂകമായതു പോലെയായിരുന്നു..
പഴയ ചിരിയൊന്നും ആ മുഖത്തില്ല..
“ഹരിയേട്ടാ.. എന്താണ് എന്തുപറ്റി.. എന്താണ് പറയാനുള്ളത്..
“ശ്രീ.. അതുപിന്നെ എങ്ങനെ പറയണം എന്നെനിക്ക് അറിയില്ല..
നിനക്കറിയില്ലേ എന്റെ അമ്മയുടെ ഇഷ്ടത്തിന് എതിരായി ഞാൻ ഒന്നും ചെയ്യാറില്ല എന്ന്..
“അറിയാം ഏട്ടാ.. അമ്മായി എന്തെങ്കിലും പറഞ്ഞോ..
“മ്മം.. അമ്മക്ക് ഈ കല്യാണത്തിന് താൽപര്യമില്ല.. നമ്മുടെ കല്യാണം നടക്കില്ല ശ്രീ..
ഹരിയേട്ടന്റെ ആ വാക്കുകൾ എന്റെ നെഞ്ചിനെ കീറി മുറിച്ചു കൊണ്ടാണ് കടന്നു പോയത്..
“ഹരിയേട്ടാ.. ഏട്ടൻ എന്തൊക്കെയാണ് ഈ പറയുന്നത്..
“നീയും കേട്ടതല്ലേ രാമപണിക്കർ പറഞ്ഞത്..
“അതുപിന്നെ അങ്ങേര് വായി തോന്നിയത് വല്ലതും വിളിച്ചു പറഞ്ഞെന്നു കരുതി നമ്മളുടെ സ്നേഹം വേണ്ടെന്നു വെക്കാൻ ഹരിയേട്ടന് പറ്റുമോ..
“പറ്റണം ശ്രീ.. നിനക്കറിയില്ലേ രാമ പണിക്കർ കവടി നിരത്തി പറഞ്ഞത് ഇന്നേവരെ തെറ്റിയിട്ടില്ല..
“എന്നുവെച്ചാൽ ഹരിയേട്ടൻ പറഞ്ഞു വരുന്നത് ഞാൻ ഹരിയേട്ടനെ മറക്കണം എന്നാണോ..
“മ്മം മറന്നേ പറ്റൂ ശ്രീ.. അമ്മ ഒരിക്കലും നമ്മുടെ കല്യാണത്തിന് സമ്മതിക്കില്ല.. അമ്മയെ എതിർത്തു നിന്റെ കഴുത്തിൽ താലി കെട്ടാൻ എനിക്കാവില്ല..
ഹരിയേട്ടൻ അത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..
“ഹരിയേട്ടാ.. ഏട്ടന് ഇങ്ങനൊക്കെ പറയാൻ എങ്ങനെ കഴിയുന്നു..
ഏതെങ്കിലും ഒരു ജ്യോൽസ്യൻ കവടി നിരത്തി എന്തെങ്കിലും പറഞ്ഞാൽ തീരാവുന്ന ബന്ധമേ നമുക്കിടയിൽ ഉണ്ടായിരുന്നുള്ളോ..
കുട്ടിക്കാലം തൊട്ടു ഹരിയേട്ടൻ എന്റെയും ഞാൻ ഹരിയേട്ടന്റെയും എന്ന് പറഞ്ഞു സ്നേഹിച്ചവർ അല്ലേ നമ്മൾ എന്നിട്ട് ഇപ്പോൾ ജാതകത്തിന്റെ പേരും പറഞ്ഞു എന്നെ വേണ്ടാന്ന് വെക്കല്ലേ ഹരിയേട്ടാ..
ഒരു പൊട്ടികരച്ചിലോടെ ഞാനത് പറയുമ്പോൾ യാതൊരു കുലുക്കവും ഇല്ലാതെ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിട്ട് തന്നെ എന്ന മട്ടിൽ ഹരിയേട്ടൻ നിന്നു..
“ശ്രീ ഇത് വിധിയാണ് സ്നേഹിക്കാനും ആഗ്രഹിക്കാനും മാത്രമേ നമുക്ക് അവകാശമുള്ളൂ ഒന്നാവണോ എന്ന് തീരുമാനിക്കേണ്ടത് വിധിയാണ്..
നിർഭാഗ്യവശാൽ വിധി നമുക്ക് എതിരാണ്..
അങ്ങനെ കരുതി സമാധാനിക്കാൻ നോക്ക് എന്ന് ഒരു ഭാവമാറ്റവും ഇല്ലാതെ ഹരിയേട്ടൻ പറയുമ്പോൾ എന്റെ കണ്ണീർത്തുള്ളികൾ കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങി കൽപടവുകളിലേക്ക് ഇടതടവില്ലാതെ വീണു കൊണ്ടിരിന്നു…..
എന്ത് പറയണമെന്ന് അറിയാതെ വാക്കുകൾ വഴിമുട്ടി..
“നമുക്ക് പിരിയാം ശ്രീ അതാണ് നല്ലതെന്ന് ഏട്ടൻ പറയുമ്പോൾ കുളത്തിലെ താമര പൂക്കൾ പോലും വാടി തളർന്നു നിന്നു..
“ഹരിയേട്ടാ ഇങ്ങനൊന്നും പറയല്ലേ.. എനിക്ക് ഏട്ടനില്ലാതെ ജീവിക്കാൻ പറ്റില്ല എന്നും പറഞ്ഞു പൊട്ടികരഞ്ഞു കൊണ്ട് ഞാൻ ഹരിയേട്ടന്റെ മാറിലേക്ക് ചാഞ്ഞു..
“ശ്രീ നിന്റെ വിഷമം എനിക്ക് മനസ്സിലാവും പക്ഷേ ഇതല്ലാതെ നമുക്ക് മുന്നിൽ വേറെ വഴിയില്ല..
നീ എന്നെ മറക്കണം..
ഞാൻ നാളെ തന്നെ ടൗണിലേക്ക് പോവാണ്..
ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല..
എന്നും പറഞ്ഞു ഏട്ടനെന്നെ പിടിച്ചു നേരെ നിർത്തിച്ചു..
“നിങ്ങൾ….. നിങ്ങളെന്നെ ചതിക്കുവായിരുന്നു..
ഓരോന്ന് പറഞ്ഞെന്നെ മോഹിപ്പിച്ചത് എന്തിനായിരുന്നു..
നിങ്ങൾ ദുഷ്ടനാണ്..
ഇനി നിങ്ങളുടെ മുന്നിൽ ഞാൻ വരില്ല എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ഞാൻ കൽപ്പടവുകൾ ഓടി കയറി എന്റെ തറവാട്ടിലേക്ക് ഓടി..
ഇടവഴിയിൽ കൂടി കണ്ണീരും തുടച്ചു തറവാട് ലക്ഷ്യം വെച്ചു നടന്ന എന്റെ മുന്നിലേക്ക് രാമപണിക്കർ വന്നുപെട്ടു ..
“അല്ല ആരിത് ശ്രീ ലക്ഷ്മിയോ..
എന്തുണ്ട് മോളെ സുഖമാണോ..
അയാളുടെ ചോദ്യം എന്റെ ഉള്ളിലെ ദേഷ്യം ഇരട്ടിയാക്കിച്ചു..
“ഓരോന്ന് വിളിച്ചു പറഞ്ഞു എന്റെ കല്യാണം മുടക്കിച്ചിട്ട് എനിക്ക് സുഖമാണോന്നോ തന്നെ ഇന്ന് ഞാൻ കൊല്ലുമടോ എന്നും പറഞ്ഞു താഴേ കിടന്നിരുന്ന കമ്പുമായി അയാളുടെ നേരെ ഞാൻ പാഞ്ഞടുത്തു..
എന്റെ വരവ് കണ്ടു പേടിച്ചു രാമപണിക്കർ നൂറേ നൂറിൽ ഉള്ള ജീവനും കൊണ്ട് ഓടി..
പിന്നാലെ ഞാനും..
വയസ്സാം കാലത്തും ഓട്ടത്തിൽ ചെറുപ്പക്കാരെ തോൽപ്പിക്കുന്ന വേഗമായിരുന്നു പുള്ളി ക്കാരനപ്പോൾ…..
“മോളെ ശ്രീ നീ ഇതെന്താണ് ഈ കാണിക്കുന്നത് എന്നും ചോദിച്ചു കൊണ്ട് അച്ഛൻ എന്റെ മുന്നിലേക്ക് വന്നു..
“അച്ഛാ അതുപിന്നെ ഞാൻ..
“മ്മ്മം നീ ഒന്നും പറയണ്ട തറവാട്ടിലേക്ക് പോവാൻ നോക്ക് എന്നും പറഞ്ഞു എന്റെ കൈയിൽ നിന്നും അച്ഛൻ കമ്പു വാങ്ങി താഴേക്കു ഇട്ടു..
അതോടെ ഞാൻ തറവാട്ടിലേക്ക് നടന്നു..
വഴിയിൽ കൂടി നടക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഹരിയേട്ടനുമായുള്ള ഓർമ്മകൾ ഓടിയെത്തി..
ഈ നടവഴിയിൽ കൂടി ആ കൈയിൽ കോർത്തു നൂറായിരം സ്വപ്നങ്ങൾ നെയ്തു ഞങ്ങൾ നടന്നിരുന്നതാണ്….
വഴിയരുകിൽ നിന്നിരുന്ന ചെടികളോടും പൂക്കളോടും കിന്നാരം ചൊല്ലി ഞങ്ങളുടെ പ്രണയത്തെ കുറിച്ച് ആവേശത്തോടെ പറഞ്ഞു നടന്നിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു..
എനിക്കായ് കാത്തു നിന്നിരുന്ന പൂക്കളൊക്ക എന്റെ പ്രണയം പോലെ വാടി കൊഴിഞ്ഞു വീണു കിടക്കുന്നു..
ഒന്നും മിണ്ടാതെ ഉള്ളു നീറി ഞാൻ തറവാട്ടിൽ എത്തി മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു..
തലയിണയിലേക്ക് മുഖം പൂഴ്ത്തി മെല്ലെ കട്ടിലിൽ കിടന്നു..
ഓർമ്മകൾ മിഴിനീരായി തലയിണയെ നനച്ചു കൊണ്ടിരുന്നു….
പറഞ്ഞറിയിക്കാൻ ആവാത്തൊരു വിങ്ങൽ ആയിരുന്നപ്പോൾ എന്റെ നെഞ്ച് നിറയെ..
കണ്ടിരുന്ന സ്വപ്നങ്ങൾ എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കൈവിട്ടു പോയതെന്നെ ആകെ തളർത്തി കളഞ്ഞു..
ആ ഒരു നിമിഷം മനസ്സ് കൈവിട്ടു ഞാനെന്റെ മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു ……
(തുടരും….)
(ഒരുപാട് നാളുകൾക്ക് ശേഷം ഒരു കുഞ്ഞു പ്രണയകഥയുമായി ഞാൻ വരുകയാണ്..
നിങ്ങളുടെ എല്ലാരുടെയും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം… ശിവ )
തുടക്കം നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു …