ഇനിയെന്തിനു ജീവിക്കണം.. ഹരിയേട്ടനില്ലാതെ ഒരു നിമിഷം പോലും തനിക്ക് ജീവിക്കാനാവില്ല എന്ന ചിന്ത ശ്രീലക്ഷ്മിയുടെ മനസ്സിനെ കീഴടക്കി കൊണ്ടിരുന്നു..
നഷ്ടമായപ്പോളാണ് ഹരിയേട്ടനെ ഞാൻ ഇത്രയും സ്നേഹിച്ചിരുന്നു എന്നെനിക്ക് മനസ്സിലായത്..
ഞങ്ങൾ ഒരുമിച്ചുള്ള പ്രണയാർദ്രമായ ഓരോ നിമിഷങ്ങളും എന്റെ മുന്നിലേക്ക് ഓടിയെത്തി കൊണ്ടിരുന്നു…..
അതിനിടയിൽ അവസാനമായി ഏട്ടൻ പറഞ്ഞ ഓരോ വാക്കുകളും കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു കൊണ്ടിരുന്നു….
കവിളുകളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണീരിന്റെ ഉപ്പുരസം ചുണ്ടുകളിലേക്ക് പടർന്നു..
ഓർമ്മകൾ നോവ് പടർത്തി കൊണ്ടിരുന്ന മനസ്സുമായി മരണമെന്ന വാക്കെന്റെ ഉള്ളിൽ ഇരുന്നാരോ മൊഴിഞ്ഞു..
ഒരാവേശത്തോടെ ഞാൻ ചാടി എഴുന്നേറ്റു….
അലമാരയിൽ നിന്നും സാരി എടുത്തു അടുത്ത് കിടന്നിരുന്ന സ്റ്റൂളിൽ കേറി ഉത്തരത്തിലേക്ക് സാരി തുമ്പു കെട്ടി കുരുക്കിട്ടു..
പെട്ടെന്ന് വാതിലിൽ മുട്ടി കൊണ്ട് അമ്മ വിളിക്കുന്നത് കേട്ടു….
“മോളെ നീ ഇത് എന്തെടുക്കുവാണ്.. എത്ര നേരമായി മുറിയടച്ചു ഇരിക്കുന്നു….
വാതിൽ തുറന്നേ…..
വാതിൽ തുറക്ക് മോളെ…..
അമ്മയുടെ ആ ശബ്ദം കേട്ടതും കൈവിട്ടു പോയ എന്റെ മനസ്സ് സമനില കൈവരിച്ചു…
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സ്റ്റൂളിൽ നിന്നും ഇറങ്ങി ഞാൻ വാതിൽ തുറന്നു..
“എന്താ മോളെ..എന്തുപറ്റി എന്ന അമ്മ ചോദിച്ചതും “അമ്മേ..”എന്ന വിളിയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ ഞാൻ കെട്ടിപിടിച്ചു..
“എന്തുപറ്റി മോളെ.. എന്ത് തന്നെ ആയാലും നമുക്ക് പരിഹാരം ഉണ്ടാക്കാം എന്നും പറഞ്ഞു കൊണ്ട് അമ്മ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ്
കാറ്റിൽ ആടി ഉത്തരത്തിൽ കിടക്കുന്ന സാരി അമ്മയുടെ കണ്ണിൽ പെട്ടു..
“മോളെ നീ ഇതെന്താണ് ചെയ്യാൻ പോയത്……
നീ ഈ അമ്മയെയും അച്ഛനെയും നിന്റെ അനിയത്തിയെയും കുറിച്ചൊക്കെ ചിന്തിച്ചോ..??
നീ പോയാൽ പിന്നെ ഞങ്ങൾക്ക് ആരാ ഉള്ളത്..
എന്നും പറഞ്ഞു അമ്മയുടെ കണ്ണുകൾ കൂടി നിറയാൻ തുടങ്ങി..
“അമ്മേ അതുപിന്നെ ഞാൻ..
“മോളെ.. നിന്റെ വിഷമം ഈ അമ്മക്ക് മനസ്സിലാവും….
പക്ഷേ ഈ കാര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും..
അച്ഛൻ അവരോടു ഒരുപാട് പറഞ്ഞു നോക്കി പക്ഷേ നിന്റെ അമ്മായി സമ്മതിക്കുന്നില്ല…..
അവരെയും കുറ്റം പറയാൻ പറ്റില്ല ആകെ ഒരൊറ്റ മോനല്ലേ ഉള്ളു..
ഇനിയിപ്പോൾ എന്റെ മോൾ എല്ലാം മറക്കണം അതേ ഇപ്പോൾ ഈ അമ്മക്ക് പറയാൻ ആവുള്ളൂ…..
“അമ്മേ.. അതെനിക്ക് ഈ ജന്മം കഴിയുമെന്ന് തോന്നുന്നില്ല….
“കഴിയണം മോളെ.. നിന്നെ കൊണ്ടു കഴിയും..
അതിന് വേണ്ടി നീ ശ്രമിക്കണം.. ആഗ്രഹിക്കുന്നത് എല്ലാം കിട്ടണം എന്ന് വാശി പിടിക്കരുത്..
ആഗ്രഹിക്കാനേ നമുക്ക് അവകാശമുള്ളൂ..
അത് തരണമോ വേണ്ടയോ എന്ന് ഈശ്വരൻ ആണ് തീരുമാനിക്കുന്നത്…..
അതുകൊണ്ട് എന്റെ മോൾ ഇനി ഇതുപോലെ ഒന്നും ചെയ്യാൻ നിൽക്കരുത്…..
ഇനി അങ്ങനെ തോന്നൽ ഉണ്ടായാൽ നീ ഞങ്ങളെ കുറിച്ച് ഓർക്കുക എന്നും പറഞ്ഞു എന്റെ കവിളുകളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് നെറുകയിൽ അമ്മ മെല്ലെ ഉമ്മ വെച്ചു..
ആ നിമിഷം അമ്മയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു…..
പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ നെഞ്ചിൽ ഉരുണ്ടു കൂടിയ സങ്കടങ്ങൾ എല്ലാം അമ്മയുടെ സ്നേഹ സ്പർശത്താൽ പതിയെ കെട്ടടങ്ങി..
എങ്കിലും ഞങ്ങളുടെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി കൊണ്ടിരുന്നു…
“എന്താണ് അമ്മേ ഇവിടെ എന്നും ചോദിച്ചു കൊണ്ട് അപ്പോഴേക്കും അനിയത്തി കേറി വന്നു..
“ഒന്നുല്ല മോളെ…..
“ഒന്നുല്ലേ..പിന്നെന്തിനാ ചേച്ചി കരയുന്നത്..??
ഹരിയേട്ടന്റെ കാര്യം ഓർത്താണോ..??
“ശ്രീക്കുട്ടി നീ ഇനി ഓരോന്ന് പറഞ്ഞു അവളെ വിഷമിപ്പിക്കാൻ നിൽക്കരുത്..
“ഇല്ലമ്മേ ഞാൻ ഒന്നും പറയുന്നില്ല.. അല്ലെങ്കിലും ഹരിയേട്ടൻ പോവുന്നെങ്കിൽ പോട്ടെന്നേ എന്റേച്ചിക്ക് അതിനേക്കാൾ നല്ലൊരാളെ കിട്ടും..
അതും ഒരു രാജകുമാരനെ തന്നെ..
അല്ലേ ചേച്ചി..??
“കുഞ്ഞു നീ ഒന്നു മിണ്ടാതെ പോവുമോ .. ഞാൻ ഇത്തിരി നേരം ഒറ്റക്ക് ഇരുന്നോട്ടെ എന്നും പറഞ്ഞു ഞാൻ അവളുടെ നേരെ ദേഷ്യപ്പെട്ടു..
“കുഞ്ഞു നീ വാ അവൾ ഇത്തിരി നേരം ഒറ്റക്ക് ഇരുന്നോട്ടെ.. എന്നും പറഞ്ഞു അമ്മ അവളുമായി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി….
വാതിൽ അടച്ചു
ഉത്തരത്തിൽ തൂങ്ങി ആടുന്ന സാരി ഞാൻ അഴിച്ചു മാറ്റി..
അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് മരിക്കണം ഒന്നും എന്റെ കുറ്റം കൊണ്ട് അല്ലല്ലോ എന്ന ചിന്ത എന്റെ ഉള്ളിൽ നിറഞ്ഞു തുടങ്ങി..
പക്ഷേ എന്തോ ഉള്ളിലെ നോവിന് പകരമാകാൻ ഒരു ആശ്വാസ വാക്കുകൾക്കും കഴിഞ്ഞില്ല….
നഷ്ടപ്രണയം അങ്ങനെ ആണല്ലോ അതുവരെ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ എല്ലാം കൂടി കൂട്ടി നെഞ്ചിൽ ചിതയൊരുക്കി അഗ്നിക്ക് ഇരയാക്കണം..
ഒടുവിൽ കെടാതെ നീറി നീറി കിടക്കുന്ന കനൽ പോലെ ചില ഓർമ്മകൾ മായിക്കാൻ ശ്രമിച്ചാലും മായാതെ ഉള്ളിൽ നോവ് പടർത്തി കൊണ്ടിരിക്കും…..
വിശപ്പും ദാഹവും അറിയാതെ ഉറക്കം നഷ്ടപ്പെട്ട ദിനരാത്രങ്ങൾ ആയിരുന്നു എനിക്ക് പിന്നീട് അങ്ങോട്ട്..
പുറമെ ചിരി വരുത്തി ഉള്ളിൽ നോവ് പേറുന്ന ഓർമ്മകളുമായി ഒരു ഭ്രാന്തിയെ പോലെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി..
ഞങ്ങൾ ഒരുമിച്ച് നടന്നിരുന്ന വഴികളിൽ കൂടി ഒറ്റക്ക് നടന്നു..
സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ ഇലഞ്ഞി മരതണലിൽ ഇരുന്നു കൊണ്ട് ആ ഓർമ്മകൾ കുഴിച്ചു മൂടാൻ വെറുതെ ശ്രമിച്ചു..
പക്ഷേ നോവിന്റെ അഗ്നി ആളി പടർത്താനെ ആ ശ്രമം കൊണ്ട് കഴിഞ്ഞുള്ളൂ…..
———————————————————
“അതേ ശ്രീധരേട്ടാ അവളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് എന്തോ പേടി തോന്നുന്നുണ്ട്..
നമുക്ക് അവളുടെ കല്യാണം നടത്തിയാലോ..
“ഞാനും അത് തന്നെയാണ് ചിന്തിച്ചത്.. ഇങ്ങനെ മുന്നോട്ട് പോയാൽ ശെരിയാവില്ല..
ഹരിയുമായുള്ള കല്യാണം മുടങ്ങിയതിൽ അവൾക്ക് നല്ല വിഷമം ഉണ്ട്..
അതുകൊണ്ട് തന്നെ അവൾ മറ്റൊരു കല്യാണത്തിന് സമ്മതിക്കുമോ..
“അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം നിങ്ങൾ ആ കുറുപ്പിനെ വിളിച്ചു നല്ലൊരു ആലോചന കൊണ്ടുവരാൻ പറ..
“ഡി അതുപിന്നെ നമ്മുടെ മോളുടെ ജാതക ദോഷം ഒരു പ്രശ്നം തന്നെ ആണ്..
അതിന് ചേർന്ന ഒരു ജാതകക്കാരനെ കിട്ടണ്ടേ..
അതിന് അതിന്റെതായ സമയം വേണ്ടി വരും …..
“എന്നാൽ പിന്നെ നമുക്ക് ജാതകം തിരുത്തിയാലോ….??
” മണ്ടത്തരം പറയാതെ നീ എഴുന്നേറ്റു പോവുന്നുണ്ടോ..
ജാതകം ഒക്കെ തിരുത്തിയാൽ പിന്നെ അതിന്റെ പേരിൽ ഉണ്ടാവുന്ന ഭവിഷ്യത്തുക്കൾ നമ്മുടെ മോളും കൂടി അനുഭവിക്കേണ്ടേ..
അതുകൊണ്ട് അതൊന്നും നടക്കില്ല….
“എന്ന് പറഞ്ഞാൽ ഇങ്ങനെ എത്രനാൾ മുന്നോട്ടു പോവും..
ഇനി എന്ത് ചെയ്തിട്ട് ആയാലും വേണ്ടില്ല എന്റെ കൊച്ചിന്റെ കല്യാണം നടക്കണം..
പിന്നെ കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിൽ എത്തി കഴിയുമ്പോൾ അവളുടെ ഈ സങ്കടം ഒക്കെ മാറിക്കോളുമെന്നേ …..
“മ്മം..നീ ധിറുതി പിടിക്കാതെ ഞാൻ ഒന്ന് തിരക്കി നോക്കട്ടെ എന്നും പറഞ്ഞു ശ്രീധരൻ ഉമ്മറത്തെ ചാരു കസേരയിലേക്ക് ഇരുന്നു..
——————————————————–
“അതേ ചേച്ചി..
ചേച്ചിയെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട് എന്ന് ശ്രീക്കുട്ടി വന്നു പറയുമ്പോൾ എനിക്കെന്തോ ദേഷ്യം വന്നു..
“നിന്നോട് ആര് പറഞ്ഞു..??
“അമ്മയും അച്ഛനും ചർച്ച ചെയ്യുന്നത് ഞാൻ കേട്ടായിരുന്നു……
നമ്മുടെ മേലെടത്തെ ആ കുറുപ്പ് ഒരാലോചന കൊണ്ടു വന്നിട്ടുണ്ട്..
ചെക്കൻ ഏതോ വലിയ തറവാട്ടിലെ ആണ്……
അവർ കുറുപ്പ് വഴി ജാതകം ഒക്കെ നോക്കിച്ചു..
കുഴപ്പമില്ല എന്നാണ് പറഞ്ഞത്..
മിക്കവാറും ഇത് ഉറപ്പിക്കാൻ ചാൻസ് ഉണ്ട്…..
ഹാ എന്തായാലും അവർ നാളെ ചേച്ചിയെ കാണാൻ വരുന്നുണ്ട്..
അതുകേട്ടതും ഞാൻ എഴുന്നേറ്റു നടന്നു അടുക്കളയിൽ നിന്നിരുന്ന അമ്മയുടെ അടുത്തെത്തി..
“അമ്മേ ഞാൻ കേട്ടതൊക്ക സത്യമാണോ..
“എന്ത്..?? നീ എന്താണ് കേട്ടത്..??
“ഞാൻ അറിയാതെ എന്റെ കല്യാണം ഉറപ്പിക്കാൻ പോവുന്നു എന്ന് ശ്രീക്കുട്ടി വന്നു പറഞ്ഞല്ലോ….
“എന്റെ ഈശ്വരാ ആ പെണ്ണിനെ കൊണ്ടു തോറ്റല്ലോ..
എന്റെ മോളെ ഉറപ്പിച്ചി ട്ടൊന്നുമില്ല..
നല്ലൊരു ആലോചന വന്നിട്ടുണ്ട്..
ചെമ്പകശ്ശേരിയിലെ മാധവന്റെ മകൻ ശിവ..
കേട്ടിടത്തോളം നല്ലൊരു ആലോചന ആയി തോന്നിയത് കൊണ്ട് നിന്റെ അച്ഛൻ അവരോടു നാളെ ഇങ്ങോട്ട് ഒന്ന് വരാൻ പറഞ്ഞു അത്രേ ഒള്ളൂ..
“എന്തിന്.. ആരുടേയും മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ ഒന്നും എന്നെ കിട്ടില്ല…..
മാത്രമല്ല എനിക്കിപ്പോൾ വിവാഹം വേണ്ട..
ഇനി നിങ്ങൾക്കൊക്കെ ഞാനൊരു ഭാരമാണെങ്കിൽ പറഞ്ഞേക്ക് ഇവിടുന്ന് ഞാൻ എങ്ങോട്ട് എങ്കിലും പൊക്കോളാം….
“നീ എന്തൊക്കെയാണ് മോളെ ഈ പറയുന്നത്..
നീ ഞങ്ങൾക്ക് എങ്ങനെ ഭാരമാവാനാണ്…
അച്ഛനമ്മമ്മാർക്ക് മക്കൾ ഒരിക്കലും ഭാരമാവാറില്ല..
പിന്നെ കല്യാണപ്രായമെത്തിയ പെൺകുട്ടികൾ ഉള്ള വീട്ടിലെ അച്ഛനമ്മമാരുടെ ഉള്ളിലെ തീ അതിപ്പോൾ മോൾക്ക് മനസ്സിലാവില്ല..
അതിന് നീ നാളെ ഒരമ്മയാവണം..
“അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ശെരി ഈ വേഷം കെട്ടലിന് എന്നെ കിട്ടില്ല..
“മോളെ നീ അങ്ങനെ പറയരുത്.. വെറുതെ അച്ഛനെ നാണം കെടുത്തരുത്..
അവരൊന്നു വന്നു കണ്ടിട്ട് പൊക്കോട്ടെ..
നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ നടത്തുന്നില്ല പോരെ….
“ചേച്ചിക്ക് പറ്റില്ലെങ്കിൽ വേണ്ടമ്മേ ഞാൻ റെഡിയാണ് എന്നും പറഞ്ഞു ശ്രീക്കുട്ടി അവിടേക്ക് വന്നു..
“പോ അസത്തെ അവിടുന്നു..
നിന്നെ ഇപ്പോൾ എങ്ങും കെട്ടിച്ചു വിടുന്നില്ല..
ആദ്യം പഠിത്തം പൂർത്തിയാവട്ടെ എന്നിട്ട് നോക്കാം..
“ഓ എന്തോന്ന് പഠിത്തം..
പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല..
മാത്രമല്ല പഠിത്തമൊക്കെ ബോറടിച്ചു..
വേഗം എന്നെ കെട്ടിച്ചു വിടാൻ നോക്ക്…
“അയ്യടാ എന്താ അവളുടെ ഒരു പൂതി..
ആദ്യം ചേച്ചിയുടെ കല്യാണം അതുകഴിഞ്ഞിട്ടേ നിനക്ക് ഉള്ളൂ..
“ശ്ശെടാ ഈ ചേച്ചി എനിക്ക് പാര ആവുന്ന ലക്ഷണം ഉണ്ടല്ലോ…
ഇനിയിപ്പോൾ ഏതവനെ എങ്കിലും വളച്ചു ഒളിച്ചോടേണ്ടി വരുമോ ആവോ..
“ഈശ്വരാ ഈ പെണ്ണിന്റെ നാക്കിനു ഒരു ലൈസൻസും ഇല്ലേ എന്നമ്മ പറയുമ്പോൾ ശ്രീലക്ഷ്മിയുടെ ചുണ്ടിലും ചെറുതായി ചിരി വിരിഞ്ഞു….
“എന്റെ പൊന്നോ..എന്റെ ചേച്ചി ഒന്ന് ചിരിച്ചു കണ്ടല്ലോ സമാധാനമായി എന്നും പറഞ്ഞു ചാടിത്തുള്ളി കൊണ്ട് ശ്രീക്കുട്ടി പോയി..
“മോളെ നിന്നെയോർത്തു ഞങ്ങൾ എല്ലാം വിഷമിക്കുന്നുണ്ട് ..
അത് നീ മറക്കരുത് എന്നമ്മ പറയുമ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു..
എന്തായാലും ഇവർക്കൊക്കെ വേണ്ടി വരുന്നവന്റെ മുന്നിൽ ഒരുങ്ങി കെട്ടി നിന്നു കൊടുക്കാം എന്ന് ഞാൻ ഉറപ്പിച്ചു..
രാത്രി കിടന്നപ്പോൾ ചെറുക്കന് എങ്ങാനും ഇഷ്ടപെട്ടാൽ ഈ വിവാഹലോചന എങ്ങനെ മുടക്കാം എന്നതായിരുന്നു എന്റെ ചിന്ത..
പല വഴികളും ചിന്തിച്ചു ചിന്തിച്ചു കിടന്നു ഒടുവിൽ എപ്പോഴോ ഉറങ്ങിപ്പോയി..
——————————————————–
“എന്റെ ദേവ്യേ ഈ പെണ്ണുകാണൽ എങ്ങനെ എങ്കിലും മുടക്കി തരണേ എന്ന പ്രാത്ഥനയോടെ ആയിരുന്നു പിറ്റേന്ന് പുലർച്ചെ ഞാൻ ഉണർന്നത്..
മടി പിടിച്ചു എഴുന്നേറ്റു വന്ന ഞാൻ
അമ്മയുടെ നിർബന്ധം കാരണം കുളിച്ചു ഒരുങ്ങാനായി വന്നപ്പോൾ എന്നേക്കാൾ മുന്നേ കണ്ണാടിക്ക് മുന്നിൽ ശ്രീക്കുട്ടി സ്ഥാനം പിടിച്ചിരുന്നു..
“ഡി പെണ്ണേ നീ ഒന്നു മാറി കൊടുക്ക് അവൾ ഒരുങ്ങട്ടെ എന്നമ്മ വന്നു അവളോട് പറഞ്ഞു..
“ഒരു മിനിറ്റ് അമ്മേ ഈ കണ്ണ് കൂടി ഞാൻ ഒന്ന് എഴുതിക്കോട്ടെ..
“മതി ഒരുങ്ങിയത് നിന്നെയല്ല അവളെയാണ് പെണ്ണ് കാണാൻ വരുന്നത്..
“ചേച്ചിക്ക് താല്പര്യമില്ല എന്നല്ലേ പറഞ്ഞത്..
അപ്പോൾ പിന്നെ അവർക്ക് എന്നെ എങ്ങാനും കണ്ടു ഇഷ്ടപ്പെട്ടാലോ.. എന്നും പറഞ്ഞു അവൾ ചിരിച്ചു..
“എന്റെ ഈശ്വരാ ഇങ്ങനെ പോയാൽ ഇവൾ വേലി ചാടുമെന്നാണ് തോന്നുന്നത് എന്നമ്മ പറയുമ്പോൾ എന്റെ ചുണ്ടിലും ചിരി വിരിഞ്ഞു..
“അമ്മേ എന്റെ ചേച്ചികുട്ടി ഒരുങ്ങി ഇല്ലെങ്കിലും സുന്ദരി തന്നെയാണ്..
അപ്പോൾ പിന്നെ ചേച്ചിക്കൊപ്പം പിടിച്ചു നിൽക്കാൻ എനിക്ക് അൽപ്പം ഒരുങ്ങണ്ടേ..
“ഉവ്വ ഉവ്വ നീ ഇങ്ങ് വാ അടുക്കളയിൽ കുറച്ചു പണിയുണ്ട്..
“പിന്നെ എന്നെക്കൊണ്ടൊന്നും പറ്റില്ല ഞാൻ ഒരുങ്ങി പോയി..
“മര്യാദക്ക് വാടി പെണ്ണേ എന്നും പറഞ്ഞു അമ്മ അവളുടെ കൈയും പിടിച്ചു പുറത്തേക്ക് ഇറങ്ങി….
കുറച്ചു കുസൃതിയും നാക്കിനു ലൈസൻസില്ലെന്നും മാത്രമേ ഒള്ളൂ അവൾ പാവമാണ്..
ഞാനെന്നു വെച്ചാൽ ജീവനാണ് അവൾക്ക്..
എനിക്ക് അവളും..
അവളുടെ കാര്യം ചിന്തിച്ചു ഇരിക്കുന്നതിന് ഇടയിൽ
മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു…..
അവരാകും.. പെണ്ണ് കാണാൻ വന്നവർ..
ജനലഴികളിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി..
കാറിലെ പിൻ സീറ്റിൽ നിന്നും ഐശ്വര്യം തുളുമ്പുന്ന മുഖവുമായി ഒരമ്മ ആദ്യം ഇറങ്ങി..
പിന്നാലെ അപ്പുറത്തെ സൈഡിൽ നിന്നും ഒരു ചെറുപ്പക്കാരനും..
നീല ഷർട്ടും വെള്ള മുണ്ടും അണിഞ്ഞു മീശയും കട്ട താടിയും നെറ്റിയിൽ ചുവന്ന കുറിയും അണിഞ്ഞൊരു ചെക്കൻ..
ആ മുഖം മുൻപ് എവിടെയോ കണ്ട് മറന്നത് പോലൊരു തോന്നൽ എന്റെ ഉള്ളിൽ ഉണ്ടായി….
എവിടെ വെച്ച് ആയിരിക്കും..
എത്ര ആലോചിട്ടും എനിക്ക് പിടികിട്ടിയില്ല…..
പക്ഷേ ആ മുഖം മുൻപ് എവിടെയോ വെച്ച് കണ്ടിട്ടുണ്ടെന്ന് മനസ്സ് വീണ്ടും മന്ത്രിച്ചു കൊണ്ടിരുന്നു….
(തുടരും…)
(സ്നേഹപൂർവ്വം…ശിവ )