ശ്രീലക്ഷ്മി – ഭാഗം 3

  • by

2679 Views

sreelakshmi shiva novel

അയാളെ എവിടെ വെച്ചാവും കണ്ടതെന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ ശ്രീക്കുട്ടി ഓടി കിതച്ചു മുറിയിലെത്തി….

“ശ്രീയേച്ചി ഒരുങ്ങിയില്ലേ ദേ അവരിങ്ങെത്തി..

ചെക്കനെ ഞാൻ കണ്ടു സൂപ്പറാ യിട്ടുണ്ട്….

“മ്മ്മം നീ പൊക്കോ ഞാൻ വന്നോളാം..

“ഈ കോലത്തിലോ….?

“മ്മ്മം അതേ.. അവരെന്നെ  ഇങ്ങനെ കണ്ടു ഇഷ്ടപ്പെടുന്നെങ്കിൽ ഇഷ്ടപ്പെട്ടാൽ മതി….

“ഓ എന്റെ പൊന്നു ശ്രീയേച്ചി ആ കണ്ണെങ്കിലും ഒന്നെഴുത്….

“കുഞ്ഞു നീ പോവാൻ നോക്ക് എന്നും പറഞ്ഞു ഞാൻ അവളുടെ നേരെ ദേഷ്യപ്പെട്ടു..

“ശ്ശെടാ ഇതെന്ത് കൂത്ത്..  ഞാനെന്ത് ചെയ്തു എന്നും പറഞ്ഞു ദേഷ്യപ്പെട്ടു തറയും  ചവിട്ടി മെതിച്ചവൾ   കടന്നു പോയി….

“എന്റെ ഭഗവതി എന്തിനാണ് എന്നോട് ഈ പരീക്ഷണം..

ഇത് എങ്ങനെ എങ്കിലും മുടക്കി തന്നൂടെ നിനക്ക്..

ഒരു കാരണവശാലും വന്നവർക്ക് എന്നെ ഇഷ്ടപ്പെടരുതേ ഭഗവതി  എന്നായിരുന്നു ഉള്ളു നിറയെ  അപ്പൊഴെന്റെ പ്രാത്ഥന…..

അതുകൊണ്ട് തന്നെ കണ്ണ് പോലും എഴുതാതെ നനഞ്ഞ ഈറൻ മുടി അഴിച്ചിട്ടു കൊണ്ട്  ഉടുത്തിരുന്ന ഡ്രസ്സ്‌ മാറ്റാതെ തന്നെ ഞാൻ അടുക്കളയിലേക്ക് ചെന്നു..

എന്നെ കണ്ടതും അമ്മയൊന്ന്  അമ്പരന്നു ….

“ഇതെന്താ മോളെ ഈ കോലത്തിൽ.. നിനക്കൊന്നു ഒരുങ്ങി വന്നൂടെ….??

“ഞാനും ഇത് ചേച്ചിയോട്  പറഞ്ഞതാണമ്മേ  എന്ന് ശ്രീക്കുട്ടി അത് ഏറ്റുപിടിച്ചു കൊണ്ട് പറഞ്ഞു..

“ഒരുങ്ങാൻ ഒന്നും എന്നെ കിട്ടില്ല..

അവരെന്നെ ഇങ്ങനെ കണ്ട് ഇഷ്ടപ്പെടുന്നെങ്കിൽ ഇഷ്ടപ്പെട്ടാൽ മതി എന്നും പറഞ്ഞു ചായയുമായി ഞാൻ അവരുടെ മുന്നിലേക്ക്‌ ചെന്നു….

എന്റെ കോലം കണ്ടു അച്ഛനും ഒന്ന് അമ്പരന്നു പോയി…..

ചായ എടുത്ത് കൊണ്ട് ഞാൻ വന്നവരുടെ മുഖത്തേക്ക്  ഒന്ന് നോക്കി…..

ആ അമ്മ എന്നെ നോക്കി യൊന്നു  പുഞ്ചിരിച്ചു..

ചെക്കന്റെ മുഖത്ത് ആണെങ്കിൽ ചെറിയൊരു  ഗൗരവ ഭാവം..

ഞങ്ങൾ പരസ്പരം നോക്കി..

“ഇനിയിപ്പോൾ ചെക്കനും പെണ്ണിനും എന്തെങ്കിലും ചോദിക്കാനോ  പറയാനോ  മറ്റോ ഉണ്ടെങ്കിലോ…. എന്തായാലും നമുക്ക്  അങ്ങോട്ട്‌ മാറി കൊടുക്കാം എന്ന്  പെട്ടെന്ന് കുറുപ്പ് കേറി പറഞ്ഞു….

“ഹേയ് അതിന്റെ ഒന്നും ആവശ്യമില്ല പെണ്ണിനെ ഞങ്ങൾക്ക് ഇഷ്ടമായി എന്ന് ആ അമ്മ  പറയുമ്പോൾ ഞാനൊന്നു ഞെട്ടി….

“ഈശ്വരാ കാര്യങ്ങൾ കൈവിട്ടു പോവുമോ ഇനി ….

പിന്നെ ഒന്നും നോക്കിയില്ല..

എനിക്ക് ചെക്കനോട് സംസാരിക്കാൻ ഉണ്ടെന്ന് ഞാൻ കേറിയങ്ങു  പറഞ്ഞു…..

അതുകേട്ടു അച്ഛനെന്നെ സംശയത്തോടെ  ഒന്ന് നോക്കി….

അച്ഛന് മനസ്സിലായി കാണും  ഞാൻ ഇത് മുടക്കാനുള്ള പ്ലാൻ ആണെന്ന്..

“എന്നാപ്പിന്നെ നമുക്ക് അങ്ങ് മാറി കൊടുക്കാം..

അവർ സംസാരിക്കട്ടെ എന്നും പറഞ്ഞു കുറുപ്പ് എഴുന്നേറ്റു….

“ഹേ വേണ്ട ഞങ്ങൾ പുറത്തു ഇറങ്ങി സംസാരിച്ചോളാം എന്നും പറഞ്ഞു ഞാൻ മുറ്റത്തേക്ക് ഇറങ്ങി….

പിന്നാലെ ചെക്കനും കസേരയിൽ നിന്നും എഴുന്നേറ്റു വന്നു …..

ഞാൻ നടന്നു നേരെ കിഴക്ക് വശത്ത് തണൽ വിരിച്ചു നിന്നിരുന്ന ഇലഞ്ഞി മരത്തിന്റെ കീഴിൽ  പോയി നിന്നു….

ഗൗരവം വിടാതെ തന്നെ  ചുറ്റുപാടും ഒക്കെ ഒന്ന് നോക്കി കൊണ്ട് ചെക്കനും എന്റെ അടുത്ത് വന്നു നിന്നു..

അവിടെ വെച്ച് ചാടിക്കേറി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞെങ്കിലും ചെക്കൻ അടുത്ത് വന്നപ്പോൾ എനിക്കെന്തോ മിണ്ടി തുടങ്ങാൻ ഒരു മടി തോന്നി..

പുള്ളിക്കാരൻ ആണെങ്കിൽ  ഗൗരവം വിടാതെ  എന്റെ മുഖത്തേക്ക് തന്നെ  നോക്കി നിൽക്കുകയാണ്..

ഞാൻ എന്താണ് പറയാൻ പോവുന്നത് എന്ന ആകാംഷ ആ മുഖത്ത് നിന്നെനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു….

ചുറ്റും വെറുതെ  ഞാൻ കണ്ണോടിച്ചു നോക്കി..

കിഴക്ക് വശത്തുള്ള മുറിയുടെ ജനലഴികളിൽ കൂടി അമ്മയും ശ്രീക്കുട്ടിയും നോക്കി നിൽക്കുന്നുണ്ട്….

ഞാൻ എന്താണ് പറയാൻ പോവുന്നത് എന്നൊരു ടെൻഷൻ  അവരുടെ ഉള്ളിലും കാണും ….

പെട്ടെന്ന്  ഇലഞ്ഞി പൂക്കളുടെ സുഗന്ധം പേറുന്നൊരു നനുത്ത കാറ്റ് ഞങ്ങൾക്ക് ഇടയിലൂടെ  കടന്നു പോയി….

ഇനിയും മിണ്ടാതിരുന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട്

മൗനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് ഞാൻ പതിയെ സംസാരിച്ചു തുടങ്ങി…..

“അതേ മാഷേ .. തുറന്ന് പറയുന്നത് കൊണ്ടൊന്നും തോന്നരുത്..

എനിക്ക് ഇപ്പോൾ കല്യാണത്തിന് താല്പര്യമില്ല..

മാത്രമല്ല എനിക്ക് മാഷിനെ സ്നേഹിക്കാനും കഴിയില്ല….

വേറൊന്നും കൊണ്ടല്ല എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്..

എന്റെ ഹരിയേട്ടനെ…

ആളെന്റെ  മുറച്ചെറുക്കൻ ആണ്..

പോരാത്തതിന് കുട്ടിക്കാലം തൊട്ടുള്ള പ്രണയമാണ് ഞങ്ങളുടേത്..

പിന്നെ എന്റെ ജാതകത്തിലെ ദോഷം കാരണം ഞങ്ങളുടെ വിവാഹത്തിന് ഇപ്പോൾ ചെറിയ  തടസ്സങ്ങൾ വന്നു..

എങ്കിലും

എനിക്ക് ഉറപ്പുണ്ട് ഹരിയേട്ടൻ എന്നെ തന്നെയെ  കല്യാണം കഴിക്കാത്തൊള്ളൂ എന്ന്….. അതുകൊണ്ട് മാഷ്  എന്തെങ്കിലും പറഞ്ഞു ഇതിൽ നിന്നും ഒഴിവാകണം……

പ്ലീസ് ഇതൊരു അപേക്ഷയാണ് എന്നും പറഞ്ഞു ഞാൻ അയാളുടെ നേരെ കൈകൂപ്പി..

എല്ലാം കേട്ടിട്ട് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പുള്ളി നിന്നത് എന്നെ അത്ഭുതപ്പെടുത്തി…..

“ഈശ്വരാ ഇനി ഇയാൾക്ക് ചെവി കേട്ടൂട എന്നുണ്ടോ ആവോ….

എന്റെ ഭഗവതി അങ്ങനെ എങ്ങാനും  ആണെങ്കിൽ വായിലെ വെള്ളം വറ്റിച്ചു ഞാൻ  ഈ പറഞ്ഞതൊക്കെ വെറുതെ ആവുമല്ലോ…..

“ഹലോ മാഷേ ഞാൻ പറഞ്ഞത് വല്ലതും  കേട്ടോ..

“ശ്ശെടാ ഇയാൾക്ക് ചെവി ഒട്ടും കേട്ടു കൂടാന്നു തോന്നുന്നു..

ഇനി ഇയാളെ എങ്ങനെ കാര്യം പറഞ്ഞു മനസ്സിലാക്കും എന്ന് ഞാൻ ചിന്തിച്ചു കൊണ്ട് നിന്നപ്പോളാണ്  കുറുപ്പിന്റെ വിളി വന്നത്….

“മോനെ സംസാരിച്ചു മതിയായില്ലേ..?? ബാക്കിയൊക്കെ  ഇനി കെട്ടു കഴിഞ്ഞു സംസാരിക്കാം..

ഇപ്പോൾ ഇങ്ങ് പോര്..

“അത് കേട്ടു ചെക്കൻ എന്നെ നോക്കി  ചെറിയൊരു ചിരി ചിരിച്ചു കൊണ്ട് തറവാട്ടിലേക്ക് കേറി പോയി….

“ങേ..അപ്പോൾ അയാൾക്ക് ചെവി കേൾക്കാ മായിരുന്നോ…..

പിന്നെന്താണ് ഞാൻ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചു നിന്നത്…..

എനിക്കൊന്നും മനസ്സിലാവു ന്നില്ലല്ലോ എന്റെ ഭഗവതി എന്ന് ഞാൻ പറയുബോളേക്കും വീശിയടിച്ച കാറ്റിൽ ഇലഞ്ഞി പൂക്കൾ എന്റെ മേൽ പമ്പരം പോലെ കറങ്ങി വീണു കൊണ്ടിരുന്നു…..

ഒന്നും മനസ്സിലാവാതെ ഞാനാ ഇലഞ്ഞി മരച്ചുവട്ടിൽ തന്നെ നിന്നു….

അൽപ്പസമയം കഴിഞ്ഞതും അവർ ഇറങ്ങി വന്നു..

അമ്മ എന്നെ നോക്കി ചിരിച്ചു….

പിന്നവർ കാറിൽ കേറി യാത്ര തിരിച്ചു …..

അവർ പോയ ഉടനെ ശ്രീക്കുട്ടി എന്റെ അടുക്കലേക്ക് ഓടി വന്നു..

“ചേച്ചി.. ചേച്ചി എന്താ ആ  ഏട്ടനോട്  പറഞ്ഞത്….??

ഹരിയേട്ടന്റെ കാര്യം വല്ലതും പറഞ്ഞോ..

ഇല്ലല്ലോ അല്ലേ..??

അതുകേട്ടു ഞാനൊന്നും മിണ്ടിയില്ല…..

“എന്താ ചേച്ചി ഒന്നും മിണ്ടാത്തെ..?? ചേച്ചിക്ക് ആ ഏട്ടനെ ഇഷ്ടമായോ..??

എനിക്കും അച്ഛനും അമ്മയ്ക്കും ഒക്കെ ഇഷ്ടമായി..

കണ്ടിട്ട് ആൾ നല്ലതാണെന്നു തോന്നുന്നു..

എന്തായാലും ചേച്ചിക്ക് അയാൾ ചേരും എന്നും പറഞ്ഞവൾ പുഞ്ചിരിച്ചപ്പോൾ

ഹരിയേട്ടനോടുള്ള ഇഷ്ടം ഇപ്പോളും മനസ്സിൽ ഉള്ളതു കൊണ്ടാവും എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി….

“നീ ഒന്നു പോവാൻ നോക്ക് പെണ്ണേ.. എനിക്ക് പറയാനുള്ളതെല്ലാം ഞാൻ അയാളോട് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു ദേഷ്യപ്പെട്ടു കൊണ്ട് ഞാൻ അവിടെ നിന്നും മുറിയിലേക്ക് നടന്നു…..

ഞാൻ മുറിയിൽ എത്തി കുറച്ചു കഴിഞ്ഞതും  അച്ഛന്റെയും അമ്മയുടെയും ഒപ്പം ശ്രീക്കുട്ടിയുടെയും അടക്കിപ്പിടിച്ച സംസാരം കേട്ടു ഞാൻ വാതിലിൽ വെറുതെ  ചെവിയോർത്തു….

“കുഞ്ഞു  ചേച്ചി എന്തെങ്കിലും പറഞ്ഞോടി ….??

“ഇല്ലമ്മേ.. ഞാൻ ചോദിച്ചപ്പോൾ എന്നെ കടിച്ചു കീറാൻ വന്നു..

“ഈശ്വരാ അവളെന്തായിരിക്കുമോ ആ ചെക്കനോട് പറഞ്ഞിട്ടുണ്ടാവുക…..

“എന്തെങ്കിലും ആവട്ടെ കുമാരി.. ഇത്  നടക്കാൻ വിധി ഉണ്ടെങ്കിൽ നടക്കുമെന്ന്  അച്ഛൻ പറയുന്നതും  കേട്ടു..

“അമ്മേ.. എനിക്ക് തോന്നുന്നത് ചേച്ചിയുടെ മനസ്സിൽ  ഇപ്പോഴും ഹരിയേട്ടൻ തന്നെയാണെന്ന് ആണ്….

അതുകൊണ്ട് തീർച്ചയായും  ഹരിയേട്ടന്റെ കാര്യം തന്നെയാവും ചേച്ചി പറഞ്ഞിട്ടുണ്ടാവുക….

“പാവം എന്റെ കുട്ടി അവനെ ഒരുപാട് മോഹിച്ചു പോയി..

“അതുപിന്നെ കുട്ടിക്കാലം തൊട്ടു അവൻ അവൾക്കുള്ളത് ആണെന്ന് നമ്മളൊക്കെ പറഞ്ഞിരുന്ന തല്ലേ കുമാരി..

അത് ഒടുവിൽ ഇങ്ങനെ ഒക്കെ ആയി തീരും എന്ന് ആര് കരുതി..

ഞാൻ എന്തായാലും ഒന്ന് പുറത്തേക്ക് പോയി വരാം എന്നും പറഞ്ഞു അച്ഛൻ പോയി..

പാവം അച്ഛൻ എന്നെ ഓർത്തു  ഒരുപാട് വിഷമിക്കുന്നുണ്ടാവും പക്ഷേ ഒന്നും പുറത്ത് കാണിക്കുന്നില്ല എന്നേ ഒള്ളൂ…..

ഹരിയേട്ടന് പകരം മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല  അച്ഛാ എന്നോട് ക്ഷെമിക്ക് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

——————————————————-

പെണ്ണ് കണ്ടു പോയവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്തത് കൊണ്ട് തന്നെ ആ ആലോചന ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ മുടങ്ങി എന്നെനിക്ക് തോന്നി..

പക്ഷേ അതിനിടയിൽ ആണ് എന്നെ കണ്ണീരിലാഴ്ത്തി കൊണ്ട് ഹരിയേട്ടന്റെ കല്യാണം ഉറപ്പിച്ചു എന്നൊരു വാർത്ത ഞാൻ കേട്ടത്..

അമ്മായിയുടെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയാണത്ര….

പത്തിൽ ഒൻപതു പൊരുത്തവും ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ കല്യാണം നടത്താൻ അവർ തീരുമാനിച്ചു..

കേട്ടപ്പോൾ എനിക്കെന്തോ വിശ്വസിക്കാൻ തോന്നിയില്ല….

ഹരിയേട്ടന് അത്ര പെട്ടെന്ന് എന്നെ മറക്കാൻ പറ്റുമോ..??

മറ്റൊരു പെണ്ണിനെ ഭാര്യയായി കാണാൻ പറ്റുമോ..??

“ഹേയ് ഇല്ല.. ഹരിയേട്ടൻ സമ്മതിച്ചു കാണില്ല.. എന്റെ ഹരിയേട്ടന് അതിനൊന്നും കഴിയില്ല..

എങ്കിലും നെഞ്ചിലൊരു വിങ്ങൽ ആയിരുന്നു ഇനി അത് സത്യമാണെങ്കിലോ..??

“എന്റെ ദേവി അങ്ങനെ ഒന്നും ഉണ്ടാവരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാത്ഥിച്ചു….

പക്ഷേ എന്റെ പ്രാത്ഥന വിഫലമാക്കി കൊണ്ട് ആ വാർത്തയുമായി അമ്മായിയും അമ്മാവനും നേരിട്ടെത്തി…..

ഹരിയേട്ടന്റെ കല്യാണം ഉറപ്പിച്ചു വരുന്ന തിങ്കളാഴ്ച രാവിലെ പത്തിനും പത്തരക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ അമ്പലത്തിൽ വെച്ചാണ് താലികെട്ട്..

പെണ്ണിന്റെ പേര് ഹേമ..

ഡിഗ്രി കംപ്ലീറ്റ് ചെയ്തു നിൽക്കുന്നു..

അമ്മായി വിശദ വിവരങ്ങൾ പറയുബോൾ എല്ലാം കേട്ടന്റെ നെഞ്ച് പിടയുക യായിരുന്നു

ഞാൻ വിശ്വസിച്ചു പ്രാത്ഥിച്ച ഭഗവതിയും എന്നെ കൈവിട്ടല്ലോ..

എന്റെ ഉള്ള് പിടയുമെന്ന് അറിയുന്നത് കൊണ്ടാവും ശ്രീക്കുട്ടി എന്റെ അരികിലേക്ക് വന്നിരുന്നു..

“ചേച്ചി എന്ന അവളുടെ ഒറ്റ വിളിയിൽ തന്നെ  അതുവരെ ഉള്ളിൽ അടക്കി പിടിച്ചിരുന്ന സങ്കടങ്ങൾ എല്ലാം കൂടി ഒരു പൊട്ടിക്കരച്ചിലായി  മാറി..

അവളെ കെട്ടിപിടിച്ചു കൊണ്ട് ഞാനാ തോളിൽ മുഖം വെച്ചു..

എന്റെ കണ്ണുകളിൽ നിന്നും കണ്ണീർത്തുള്ളികൾ ചെറു ചാലു തീർത്തു  ഒഴുകി കൊണ്ടിരുന്നു..

“എന്താ ചേച്ചി ഇത്..?

എന്തിനാണ് എന്റെ ചേച്ചിപ്പെണ്ണ് ഇങ്ങനെ  കരയുന്നത്..??

ചേച്ചിക്ക് ഞാനില്ലേ.. അമ്മയും അച്ഛനും ഒക്കെയില്ലേ….

പിന്നെന്തിനാണ് കരയുന്നത്..

ഇങ്ങനെ കരയല്ലേ ചേച്ചി.. കുഞ്ഞുന്ന് സങ്കടമാവുട്ടോ….

എന്നും പറഞ്ഞവളെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…..

പക്ഷേ അതിനിടയിൽ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..

എന്റെ എല്ലാ കാര്യങ്ങളും ഞാൻ ആദ്യം തുറന്നു പറയുന്നത് അവളുടെ അടുത്തായിരുന്നു..

അതുകൊണ്ട് തന്നെ എന്റെ പ്രണയത്തിന്റെ ആഴം.. എന്റെ സങ്കടം..

ഒക്കെ മറ്റാരേക്കാളും നന്നായി മനസ്സിലാക്കാൻ അവൾക്ക്   കഴിയുമായിരുന്നു……

——————————————————–

അന്ന് രാത്രി എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല….

പല ചിന്തകളും എന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു..

ഉത്തരം കിട്ടാത്ത നൂറായിരം  ചോദ്യങ്ങൾ  എന്റെ മനസ്സിൽ നിറഞ്ഞു..

ശെരിക്കും ഹരിയേട്ടന്  ഈ കല്യാണത്തിന് ഇഷ്ടം ആയിരിക്കുമോ..??

അതോ അമ്മായി എന്തെങ്കിലും പറഞ്ഞു ഹരിയേട്ടന്റെ മനസ്സ്  മാറ്റിച്ചത് ആവുമോ..??

എന്ത് തന്നെ ആണെങ്കിലും സത്യം അറിയണമെങ്കിൽ എങ്ങനെ എങ്കിലും ഹരിയേട്ടനെ നേരിട്ട്  കണ്ടാലേ പറ്റുള്ളൂ..

പക്ഷേ ഞാൻ നേരിട്ട് ചെന്നാൽ ചിലപ്പോൾ ഏട്ടനോട്  സംസാരിക്കാൻ അമ്മായി സമ്മതിച്ചെന്ന് വരില്ല….

അപ്പോൾ പിന്നെ  എന്താ ഒരു വഴി എന്ന് ചിന്തിച്ചു കൊണ്ട് തല പുകഞ്ഞിരിക്കുമ്പോളാണ്  കൂർക്കം വലിയുടെ ശബ്ദം കേട്ടത്…..

ശ്രീക്കുട്ടിയാണ്..

ഞാൻ എന്തെങ്കിലും അബദ്ധം ചെയ്യുമോ എന്ന് പേടിയുള്ളത് കൊണ്ട്  പാവം അമ്മ  എന്നെ  ശ്രദ്ധിക്കാൻ വേണ്ടി കൂടെ കിടത്താൻ  വിട്ടവളാണ് പോത്തു പോലെ ഈ  കൂർക്കം വലിച്ചു കിടന്നുറങ്ങുന്നത്…..

എന്തൊരു കൂർക്കം വലിയാണെന്റെ ഈശ്വരാ..

മിക്കവാറും എന്റെ  ചെവിയിൽ പഞ്ഞി വെക്കേണ്ടി വരുമല്ലോ എന്നോർത്ത് ഇരിക്കുമ്പോളാണ്…..

എനിക്കൊരു ഐഡിയ തോന്നിയത്..

പക്ഷേ അത് നടക്കണ മെങ്കിൽ ഇവൾ തന്നെ ശരണം…..

ഹരിയേട്ടനോട് നാളെ വൈകുന്നേരം     അമ്പല പറമ്പിലെ ആൽത്തറയിൽ വരാൻ ഇവളെ കൊണ്ട് പറയിക്കാം..

ഇവൾ ആവുമ്പോൾ എങ്ങനെ എങ്കിലും  അമ്മായിയുടെ കണ്ണ് വെട്ടിച്ചു ഏട്ടനോട്  കാര്യം പറഞ്ഞോളും….

ഒരു പക്ഷേ ഞാൻ നേരിട്ട് ഒന്നൂടി സംസാരിച്ചാൽ ഹരിയേട്ടന്റെ മനസ്സ് മാറിയാലോ….

എന്റെ ഉള്ളിൽ പ്രതീക്ഷയുടെ വർണ്ണ  പൂക്കൾ വിടർന്നു….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply