ഇസബെല്ല Part-02

  • by

2166 Views

isabella-novel-aksharathalukal

✍️ഖയ

 

കട്ടിലിൽ കണ്ണുമടച്ചു ഓരോന്നോർത്തു കിടന്നു.

 

എന്തൊക്കെയോ മനസ്സിലേക്ക് ഓടിവന്നു കൂട്ടത്തിൽ ഒരുകാലത്ത് എന്റെ ഉറ്റ കൂട്ടുകാരിയായിരുന്ന റബേക്കയുടെ മുഖം തെളിഞ്ഞു വന്നപ്പോൾ കൺകോണിലൂടെ കണ്ണുനീർ അരിച്ചിറങ്ങി.

ഒരു യാത്രപോലും പറയാതെ പോയതാണ്.
എന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും നിൽക്കാതെ…

ഒരു കൂടപ്പിറപ്പിനെ പോലെ കണ്ടിരുന്ന എന്നെ ഒഴിവാക്കി പോകുവാൻ മാത്രം എന്ത് തെറ്റായിരുന്നു ഞാൻ ചെയ്തത്.

ഒരുപക്ഷെ അതൊരു വലിയ അപരാദമായി പോയിരിക്കാം.

 

എനിക്ക് പറ്റിപോയ ഒരു തെറ്റിന്റെ പേരിൽ ചേട്ടായിക്ക് സ്വന്തം പ്രണയമാണ് നഷ്ടമായത്.
എന്നാൽ ഇതുവരെ ഒരു നോട്ടം കൊണ്ടുപോലും എന്നെ വേദനിപ്പിച്ചിട്ടില്ല.
ചേർത്തുനിർത്തിയിട്ടേ ഉള്ളു എല്ലാത്തിൽ നിന്നും.

അല്ലെങ്കിലും എന്റെ എടുത്തുചാടിയുള്ള സ്വഭാവം ആണ് എല്ലാത്തിനും കാരണം.

എന്നെങ്കിലും അവൾ തിരിച്ചു വരുമായിരിക്കും ക്ഷമിക്കാതിരിക്കാൻ കഴിയാത്ത തെറ്റൊന്നുമല്ല അറിയാതെയാണെങ്കിലും എന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

റബേക്ക
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ സന്തോഷമായി കഴിയുന്നുണ്ടെന്ന് അറിഞ്ഞാൽ മതി.

അവൾ പോയതിനു ശേഷം അന്വേഷിച്ചു ഒരുപാട് അലഞ്ഞതാണ് ഫലം ഉണ്ടായില്ല.
ഇന്നും ഞാൻ പോകുന്ന ഇടങ്ങളിലെല്ലാം അവളെ തേടിനടക്കാറുണ്ട്.

 

ഞാൻ കാരണം ഒരുപാട് വേദനിച്ചു എന്റെ ചേട്ടായി.

അവളോട് പറഞ്ഞിട്ടില്ലായിരുന്നു ചേട്ടായിയുടെ ഇഷ്ടം.

അവസാനം എല്ലാം ഒരു ദിവസംകൊണ്ട് തകർന്നു….

ഓർമകൾക്ക് വിരാമമിട്ടു കൊണ്ട് ചേട്ടായി വാതിൽ തുറന്ന് വന്നു.

“ബെല്ലാ അത്താഴം കഴിക്കാൻ വാ”
ഒരു നനുത്ത പുഞ്ചിരിയോടെ പറഞ്ഞെങ്കിലും എണീറ്റിരുന്ന എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി ചേട്ടായി അടുത്തുവന്നിരുന്നു.

“എന്താ മോളെ കണ്ണു കലങ്ങിയിരിക്കുന്നെ വീണ്ടും പഴയകാര്യങ്ങൾ ഓർത്തിരിക്കുകയാണോ?”

“അത് ചേട്ടായി….”
ഒന്നും പറഞ്ഞുമുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. എന്റെ മിഴികളെ നിയന്ത്രിക്കാനാവാതെ ചേട്ടായിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
എന്റെ കണ്ണുനീരിനാൽ ചേട്ടായിയുടെ ഷർട്ട്‌ നനഞ്ഞുകുതിരുമ്പോളും ഒരുകൈകൊണ്ട് ചുറ്റിപ്പിടിച്ചും മറുകയ്യാൽ എന്റെ മുടിയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

“കഴിഞ്ഞതോർത്തു ഇനിയും കണ്ണുനീരൊഴുക്കരുതെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ മോളെ.
അറിയാതെ നിനക്ക് പറ്റിയ ഒരു ചെറിയ അബദ്ധം ആണ്.
അതിന്റെ പേരിൽ സ്വയം പഴിച്ചു എത്രകാലം ആണ് ന്നെ ജീവിക്കുക.
എല്ലാം വിധിയാണ് ബെല്ലാ നീ അതിനെയൊക്കെ തരണം ചെയ്തേ മതിയാവൂ”

 

“എന്നാലും ചേട്ടായി….മനസ്സിനെന്തോ വല്ലാതെ ഭയം തോന്നുന്നു.
ഇനിയും എന്തൊക്കെയോ വരാനിരിക്കുന്നപോലെ”

 

“ഏയ് അതൊക്കെ നിന്റെ വെറും തോന്നലാണ് ബെല്ലാ.
എപ്പോഴും പോസിറ്റീവ് ആയി ഇരിക്കണം എന്നു ഞാൻ പറഞ്ഞിട്ടില്ലേ”

“മ്മ്മ്…..”
കണ്ണുനീർ തുടച്ചു ഒരു നെടുവീർപ്പിട്ടുകൊണ്ട് ചേട്ടായിയിൽ നിന്നും അടർന്നുമാറി.

“ശരി ഇനി നല്ലകുട്ടിയായി മുഖം കഴുകിയിട്ടുവാ ഞാൻ ഭക്ഷണം എടുത്തുവെക്കാം”
പുഞ്ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പിച്ചി എണീറ്റുപോയി.

ഞാൻ ഒന്ന് ചെറുതായി ചിരിച്ചു ബാത്‌റൂമിലേക്ക് കയറി.

ടാപ്പുതുറക്കും മുൻപേ കണ്ണാടിയിലെ എന്റെ പ്രതിബിംബം ഒന്ന് നോക്കിനിന്നു.

മനസ്സിനെന്തോ വല്ലാതെ ഭയം കടന്നുകൂടിയിരിക്കുന്നു.
അതോ അത് വെറും തോന്നൽ മാത്രമാണോ?
ആയിരിക്കാം….
നാളെ വീണ്ടും ആ നീലകണ്ണുകളെ അഭിമുഖീകരിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടുന്നുണ്ട്.
എന്താ എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത്!

കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല മുഖംകഴുകി കണ്ണാടിയിൽ ഒന്ന് നോക്കി പുഞ്ചിരിച്ചു.

ഹാളിലേക്ക് ചെന്നു.
ചേട്ടായി അപ്പോൾ ടേബിളിൽ പാത്രം എടുത്തുവെക്കുന്ന തിരക്കിലായിരുന്നു.

ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.

 

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.
എണീറ്റ് ചേട്ടായിയുടെ റൂമിലേക്ക് പോയി.

 

“ചേട്ടായി ഞാൻ ഇന്നിവിടെ കിടന്നോട്ടെ”

“അതിനെന്താ മോളെ”
എന്റെ ദയനീയമായ ചോദ്യം കേട്ടുകൊണ്ട് ചേട്ടായി പറഞ്ഞു.
ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചേട്ടായിയോട് ചേർന്ന് കിടന്നു.
കൈയെടുത്ത് എന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു ചേട്ടായി….

എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

 

••••••••••••••••••••••

 

“ഇസാ…പോകരുത് പ്ലീസ്‌……..നീ പോയാൽ ഞാൻ പിന്നെ ഇല്ല.
നിനക്കറിയില്ലേ….
എനിക്ക് നീയല്ലാതെ വേറെ ആരും ഇല്ല പ്ലീസ് പോകരുത്.
ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയില്ലേ.
എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്.
നീ എപ്പോഴും അടുത്തുവേണം എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു ഇസാ”

എന്നു പറഞ്ഞു എന്റെ കൈയിൽ പിടിച്ചു മുട്ടുകുത്തി നിൽക്കുന്ന ആ നീലകണ്ണുകളെ അവഗണിച്ചുകൊണ്ട് കൊണ്ട് ഞാൻ നടന്നു.

കാതടപ്പിക്കുന്ന വെടിയൊച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.
നെഞ്ചിലേക്ക് തുളഞ്ഞുകയറിയ വെടിയുണ്ടയെ വകവെക്കാതെ എന്നിലേക്ക് നടന്നടുത്ത അവന്റെ നീലകണ്ണുകളിൽ എന്നെ മാത്രം ഞാൻ കണ്ടു.

 

“ഇസാ”
നേർത്ത സ്വരത്തോടെ അവൻ വിളിച്ചു.

••••••••••••••••••••••••

കണ്ടസ്വപനത്തിന്റെ ആഘാതത്തിൽ ഞാൻ ഞെട്ടി എണീറ്റു.
ആകെ വിയർത്തിരുന്നു.
എന്റെ ശബ്‌ദം കേട്ട് ചേട്ടായിയും എണീറ്റു.

 

“എന്തുപറ്റി ബെല്ലാ”

 

“ചേട്ടായി ഒരു സ്വപ്നം കണ്ടതാ”

 

“മ്മ്മ് നിനക്ക് വെള്ളം വേണോ”

“ആഹ്”

“ഇതാ വെള്ളം”
ചേട്ടായി തന്ന വെള്ളം ഞാൻ വാങ്ങിക്കുടിച്ചു.
അല്പം ആശ്വാസം തോന്നി.

 

“ബെല്ലാ ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ?”

 

“ഇല്ല ചേട്ടായി”

 

“എന്നാൽ കിടക്കാം”

“മ്മ്മ്”
ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു.
കണ്ടസ്വപ്നം ഇപ്പോഴും കണ്ണുകളിൽ ബാക്കി നിൽക്കുന്നുണ്ട്.
ജെറി സാറിന്റെ കണ്ണുകളും സ്വപ്നത്തിൽ കാണുന്ന ആ നീലക്കണ്ണുകളും സാമ്യമുള്ളതുപോലെ തോന്നുന്നു.

ഓരോന്നോർത്തു എപ്പോഴോ ഉറങ്ങിപ്പോയി.

 

രാവിലെ ചേട്ടായി വിളിച്ചപ്പോഴാണ് എണീറ്റത്.

വേഗം കുളിച്ചു മാറ്റി കാപ്പികുടിച്ചു ഞാനും ചേട്ടായിയും ഇറങ്ങി.

പതിവുപോലെ എന്നെ കമ്പനിക്കടുത്തു ഇറക്കി ചേട്ടായി കോളേജിലേക്ക് പോയി.

ഞാനും അകത്തേക്ക് കയറി.

ലിഫ്റ്റിൽ കയറി ബട്ടൺ അമർത്തി. മുകളിലേക്ക് പൊങ്ങാൻ തുടങ്ങിയപ്പോൾ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നതുപോലെ തോന്നി.

മനസ്സിനെ പാകപ്പെടുത്തിയപ്പോഴേക്കും ഓഫീസ് എത്തി.

എംഡി യുടെ റൂമിലേക്ക് നടന്നടുത്തു.

“മേ ഐ കമിങ് സർ?”
സാറിനോട് അനുവാദം ചോദിച്ചു.

“യെസ് കമിങ്”

ഞാൻ ആണെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നുന്നു എന്നെ കണ്ടു ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.

അത് ശ്രദ്ധിക്കാതെ ഞാൻ എന്റെ സീറ്റിനടുത്തേക്ക് നടന്നു.

 

 

“ലുക്ക്‌ ഇസാ…”

പെട്ടന്നുള്ള സാറിന്റെ പിൻവിളി കേട്ട് ഞാനൊന്ന് അമ്പരന്നു
ഈ വിളി…ശബ്ദം എവിടെയോ കേട്ടുമറന്നതുപോലെ തോന്നുന്നു.

അമ്പരപ്പ് മുഖത്ത് കാണിക്കാതെ ഞാൻ തിരിഞ്ഞുനടന്നു.

 

തുടരും…..

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply