ഇസബെല്ല Part-14

  • by

722 Views

isabella-novel-aksharathalukal

✍️ഖയ

 

 

സന്ദർഭം അവർക്ക് അനുകൂലമായെന്ന് തോന്നിയതോടെ ഫിലിപ്പും കൂട്ടരും ഇസയെ അവരുടെ കാറിലേക്ക് വലിച്ചിട്ടു.

 

 

 

അവളുടെ എതിർപ്പിനെ വകവെയ്ക്കാതെ കാർ മുന്നോട്ട് നീങ്ങി.

 

അത് കണ്ട റോബിൻ ഒട്ടും പകച്ചില്ല.

എല്ലാം അവൻ പ്രതീക്ഷതുപോലെ തന്നെ സംഭവിച്ചതുകൊണ്ട് മുഖത്തൊരു പുച്ഛച്ചിരി വിടർന്നു.

 

അവർക്കുപുറകെ റോബിനും തിരിച്ചു.

കൂട്ടുകാരെ വിളിച്ചുപറയാനും അവൻ മറന്നില്ല.

 

 

 

എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ ഇസ പരിഭ്രമിച്ചു.

 

 

ഫിലിപ്പിന്റെയും അവന്റെ കൂട്ടുകാരുടെയും കയ്യിൽ അകപ്പെട്ടു എന്ന ബോധ്യം അവളിൽ ഭയം ഉണ്ടാക്കി.

 

 

 

 

 

കാറിന്റെ ഡിക്കിയിൽ ഒന്നനങ്ങാനോ ശബ്ദിക്കാനോ പോലും കഴിയാത്ത വിധം ഇസയുടെ കൈകാലുകളും വായും കെട്ടിവെച്ചിരുന്നു.

 

 

ഫിലിപ്പിന്റെ കയ്യിൽനിന്നും ഇനിയിരിക്കലും രക്ഷപെടില്ല.

തന്റെ അന്ത്യം അടുത്തുവെന്ന് ഇസയ്ക്ക് ബോധ്യമായി.

 

തന്റെ കയ്യിലെ കെട്ടഴിക്കാൻ കഴിവതും ശ്രമിച്ചുനോക്കി.

 

ഇടക്ക് ഫിലിപ്പ് ഒന്ന് ഇസയെ തിരിഞ്ഞുനോക്കി.

 

 

“നീ ഇനി എത്ര ശ്രമിച്ചാലും നിനക്ക് രക്ഷയില്ലടീ…

നിന്റെ അന്ത്യം എന്റെ കൈകൊണ്ട് തന്നെ!

എന്നെ ദ്രോഹിച്ചവരെ ഒന്നും ഞാൻ ഇതുവരെ വെറുതെ വിട്ടിട്ടില്ല.

 

പേടിക്കേണ്ട…നിന്നെ എന്തായാലും അങ്ങ് പെട്ടന്ന് കൊന്നുകളയുകയൊന്നുമില്ല.

കൊല്ലണോ വേണ്ടയോ എന്നുതന്നെ ഒന്ന് ആലോചിക്കണം”

 

 

രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവളെനോക്കി അവനൊന്നു പുച്ഛിച്ചു കൊണ്ടു പറഞ്ഞു.

 

 

“അല്ല ടാ നിന്റെ കാര്യം കഴിഞ്ഞാൽ ഞങ്ങൾക്കും കിട്ടുവോ”

 

അവന്റെ കൂട്ടത്തിലൊരുത്തൻ ഫിലിപ്പിനോടായി ചോദിച്ചു.

 

 

“എന്റെ ആവശ്യം കഴിഞ്ഞാൽ നിങ്ങൾ എടുത്തോ.”

ഫിലിപ്പ് അതുപറഞ്ഞപ്പോൾ അവന്റെ മുഖത്ത് നിർവചിക്കാനാവാത്ത ഒരു ഭാവമായിരുന്നു.

 

 

 

 

ഇതെല്ലാം കേട്ട ഇസക്ക് ഇനി ഒരിക്കലും രക്ഷപ്പെടാനാവില്ലെന്ന് തോന്നി.

എങ്കിലും അവൾ എണീറ്റിരിക്കാനൊരു ശ്രമം നടത്തി പക്ഷെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നതിനാൽ അത് പരാജയപ്പെട്ടു.

 

 

 

തന്നെയും കൊണ്ടു വാഹനം ഒരുപാട് പിന്നിട്ടു എന്നു ഇസയ്ക്ക് ബോധ്യമായി.

 

ഒരുവേള മനസ്സിൽ ചേട്ടായിയുടെ മുഖം തെളിഞ്ഞുവന്നു.

ചേട്ടായി ഒന്നുവന്നിരുന്നുവെങ്കിൽ എന്ന് ഇസ ആഗ്രഹിച്ചുപോയി

 

ചേട്ടായി ഇപ്പോൾ തന്നെ കാണാതെ പരിഭ്രമിച്ചിട്ടുണ്ടാകും എന്നോർത്തപ്പോൾ മിഴികളിൽ നിന്നും കണ്ണീർ ധാരായയോഴുകി.

ഒരോരത്തിരുന്നു കണ്ണീർ വാർക്കാനല്ലാതെ വെറോന്നിനും അവൾക്കായില്ല.

 

 

 

പെട്ടെന്ന് വണ്ടിയൊന്നു സഡൻബ്രെക്കിട്ടു നിർത്തിയത് കണ്ടുകൊണ്ട് ഇസയൊന്ന് അമ്പരന്നു.

 

 

 

പത്ത് ബുള്ളറ്റുകൾ നിരനിരയായി നിർത്തിയിരിക്കുന്നത് കണ്ടപ്പോൾ ഫിലിപ്പിന്റെ കണ്ണുകൾ കുറുകി.

 

 

 

ഹെൽമെറ്റ് അഴിച്ചതും റോബിനെയും അവന്റെ കൂട്ടുകാരെയും കണ്ടതോടെ ഫിലിപ്പിന് ദേഷ്യം അടക്കാനായില്ല.

 

 

 

“ഓ നിന്റെ രക്ഷകൻ വന്നല്ലോടീ”

കടുത്ത ദേഷ്യത്തോടെ ഇസയെനോക്കി പല്ലിറുമ്മിക്കൊണ്ട് ഫിലിപ്പ് പറഞ്ഞു.

 

 

 

ഇസയ്ക്ക് അവരെന്താണ് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും,

എന്തോ തനിക്ക് രക്ഷപ്പെടാൻ ആവുമെന്നുള്ള ഒരു പ്രതീക്ഷ മനസ്സിൽ ജനിച്ചു.

 

 

 

ഫിലിപ്പും കൂട്ടരും അവരുടെ കാറിന്റെ ഡോർ തുറന്നു ഇറങ്ങി.

 

 

 

ഫിലിപ്പ് റോബിന്റെ അടുത്ത് എത്തി അവനെ അടിക്കാനാഞ്ഞു എന്നാൽ

മുഷ്ടി ചുരുട്ടിപ്പിടിച്ച റോബിൻ ഫിലിപ്പിന്റെ മൂക്കിന് ഇടിച്ചതും ഒരുമിച്ചായിരുന്നു.

 

പുറകിലേക്ക് വേച്ചു പോയ ഫിലിപ്പ് തന്റെ മൂക്കിൽനിന്നും രക്തം ഒഴുകിയതു കണ്ട്

രോഷംകൊണ്ട് വീണ്ടും റോബിന് നേരെ തിരിഞ്ഞു.

 

 

ഒറ്റചവിട്ടിനു റോബിനെ താഴെയിട്ടു.

 

ചെറുതായി പുഞ്ചിരിച്ചുകൊണ്ട്

ഷർട്ടിലെ പൊടിതട്ടി എണീറ്റുനിന്നു.

 

 

റോബിൻ ഫിലിപ്പിന്റെ വയറ്റിനിട്ട് വീണ്ടും ഇടിച്ചു.

 

 

“എനിക്കറിയാമായിരുന്നു നീ ഈയൊരു സാഹസത്തിനു മുതിരുമെന്ന്”

പുച്ഛത്തോടെ റോബിൻ പറഞ്ഞു.

 

 

ഫിലിപ്പിന്റെ ഷർട്ടിൽ കുത്തിപിടിച്ചുകൊണ്ടു

തുടരെ തുടരെ അവന്റെ മുഖത്തിന്‌ നേരെ ശക്തിയായി ഇടിച്ചുകൊണ്ടേയിരുന്നു.

 

 

മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒഴുകിയിരുന്നുവെങ്കിലും അവനെ റോബിൻ വെറുതെവിട്ടില്ല.

 

ഇടിയുടെ ആഘാതത്തിൽ ഫിലിപ്പ് താഴെവീണു.

 

 

ബുള്ളറ്റിന്റെ മുന്നിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പു ദണ്ഡ് എടുത്ത് ഫിലിപ്പിന്റെ വലത്തേകാലിൽ ശക്തിയായടിച്ചു.

ഒപ്പം കയ്യും തകർത്തു.

 

എല്ലുപൊട്ടിയ വേദനയിൽ ഫിലിപ്പ് അലറികരഞ്ഞു.

 

ഒന്നനങ്ങാൻ പോലും ആവാതെ വേദനകൊണ്ട് ഫിലിപ്പ് പുളഞ്ഞു.

 

 

 

അപ്പോഴേക്കും റോബിന്റെ കൂട്ടുകാർ ഫിലിപ്പിന്റെ കൂടെയുള്ളവരെ തല്ലിച്ചതച്ചു അവിടെനിന്നും ഓടിച്ചിരുന്നു.

 

 

 

 

“ടാ നോക്ക് നിന്റെ ഫ്രണ്ട്സ് ഒക്കെ എവിടെപ്പോയി.

നീയൊന്ന് നിലത്തുവീണപ്പോൾ സ്വന്തം തടിനോക്കി രക്ഷപെട്ടത് കണ്ടില്ലേ.

 

ഇനിയെങ്കിലും മനുഷ്യനെപോലെ ജീവിക്കാൻ നോക്ക്.

ഇനി ഇതിനും പകരം വീട്ടാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ നിന്നെ കൊല്ലാനും ഈ റോബിൻ മടിക്കില്ല!”

 

റോബിൻ കുനിഞ്ഞിരുന്നു കടുത്ത അമർഷത്തോടെ ഫിലിപ്പിനോടായി പറഞ്ഞു.

 

 

റോബിൻ അവനെ അവിടെ വിട്ട് കാറിനടുത്തേക്ക് പോയി.

ബാക്കിലെ ഡോർ തുറന്നപ്പോൾ കൈകാലുകളും വായും ബന്ധിച്ചിരിക്കുന്ന ഇസബെല്ലയെ കണ്ടു.

 

പെട്ടന്ന് ഡിക്കി തുറന്നപ്പോൾ ഇസ തെല്ലോന്ന് അമ്പരന്നു.

 

 

 

റോബിനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇസയ്ക്ക് ആശ്വാസമായി.

 

 

കൈകാലുകളിലെ കെട്ടഴിക്കുമ്പോൾ അവൻ പറഞ്ഞു.

 

“പേടിക്കണ്ട നീ ഇപ്പോൾ സുരക്ഷിതയാണ്”

 

 

 

പുഞ്ചിരിച്ചുകൊണ്ടവൻ പറഞ്ഞെങ്കിലും ഇതുവരെ അനുഭവിച്ച പേടികാരണം റോബിനെ കെട്ടിപിടിച്ചു കരഞ്ഞുപോയി.

 

പുഞ്ചിരിച്ചുകൊണ്ട് ഇസയുടെ തലയിൽ തഴുകികൊണ്ടിരുന്നു.

 

“ടീ ഇനി ഇങ്ങനെ കിടന്നു കരയല്ലേ.

ഞാൻ പറഞ്ഞില്ലേ നീ സുരക്ഷിതയാണെന്ന്.

ഫിലിപ്പിന്റെ ഉപദ്രവം ഇനിയുണ്ടാവില്ല

ഞാൻ അവന് നല്ലൊരു പണികൊടുത്തിട്ടുണ്ട്. ഇനി നീ പേടിക്കേണ്ടതില്ല.

 

റോബിൻ ഇത്രയൊക്കെ പറഞ്ഞെങ്കിലും പേടികാരണം ഇസ റോബിനെ മുറുകെ പുണർന്നു.

 

സ്വബോധം വന്നപ്പോൾ ഇസ റോബിനിൽ നിന്നും വിട്ടുമാറി.

 

“സോറി….ഞാൻ….അപ്പോഴത്തെ പേടികാരണം കെട്ടിപിടിച്ചുപോയതാണ്”

തലകുനിച്ചുകൊണ്ട് ഇസയത് പറഞ്ഞു.

അവളുടെ ആ നിഷ്കളങ്കമായ മുഖം അവനൊന്നു നോക്കിനിന്നു.

 

 

 

“ഏയ് അത് സാരമില്ല.

നിനക്കറിയുമോ.

നിന്നെ ആദ്യം കണ്ടപ്പോൾ തൊട്ട് മനസ്സിൽ തോന്നിയതാണ്

നീ എന്റെ ആരോ ആണെന്ന്.

 

സത്യം പറഞ്ഞാൽ നിന്നെ കണ്ടുമുട്ടിയപ്പോൾ എനിക്ക് എന്റെ അനിയത്തികുട്ടിയെപ്പോലെ തോന്നി.

നിന്റെ നിഷ്കളങ്കതയും സ്വഭാവവും എല്ലാം അവളെ ഓർമ്മിക്കുന്നുണ്ട്.

 

നിന്റെ ചലനങ്ങളെല്ലാം കാണുമ്പോൾ അവളാണെന്ന് എന്റെ ഹൃദയം പറഞ്ഞുകൊണ്ടേയിരിക്കുണ്ടായിരുന്നു”

 

 

 

ഇസയുടെ തലയിൽ വാത്സല്യത്തോടെ തലോടികൊണ്ടു റോബിൻ അതുപറഞ്ഞപ്പോൾ അവന്റെ കണ്ണുനിറഞ്ഞത് ഇസ കണ്ടു.

 

 

 

“ഫിലിപ്പ് നിന്നെ നോട്ടമിട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ എന്തുവിലകൊടുത്തും നിന്നെ രക്ഷിക്കാനാണ് തോന്നിയത്.

അവൻ നിന്നെ ഭീഷണിപ്പെടുത്തിയ അന്നുമുതൽ ഞാൻ നിന്റെ പിന്നാലെയുണ്ടായിരുന്നു.

നിനക്ക് എന്തെങ്കിലും പറ്റുമോ എന്നെനിക്ക് ഭയമുണ്ടായിരുന്നു.”

ഒരു നേർത്തപുഞ്ചിരിയോടെ റോബിൻ പറഞ്ഞു.

 

 

“ഇനിയെങ്കിലും എന്റെ അനിയത്തികുട്ടി ഒന്ന് ചിരിക്കുവോ?

ആ നുണക്കുഴിയൊന്നു കാണട്ടെ!”

കവിളിൽ തട്ടിക്കൊണ്ടു റോബിൻ പറഞ്ഞതും ഇസ പുഞ്ചിരിതൂകി.

 

 

 

“പിന്നെ ഞാൻ നിന്റെ ചേട്ടനോട് പറഞ്ഞിട്ടുണ്ട്.

അവൻ ഇപ്പോൾ എത്തിക്കോളും”

 

ഇത് പറഞ്ഞുതീർന്നതും ജെയ്സൺ അവിടെ എത്തി.

 

ബൈക്ക് ഒതുക്കി നിർത്തി ഇസബെല്ലയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു അവളെ നെഞ്ചോട് ചേർത്തുപിടിച്ചു.

 

 

 

“ഒന്നും പറ്റിയില്ലല്ലോ എന്റെ മോൾക്ക്”

നെഞ്ചിൽ നിന്നടർത്തിമാറ്റാതെ തന്നെ ജെയ്സൺ ഇങ്ങനെ ചോദിക്കുന്നുണ്ടായിരുന്നു.

 

 

“എനിക്കൊന്നും പറ്റിയിട്ടില്ല ചേട്ടായി”

ഇസയത് പറഞ്ഞപ്പോൾ ശബ്ദം വളരെ നേർത്തുപോയിരുന്നു.

 

 

“മ്മ്മ് വാ വീട്ടിലേക്ക്പോകാം”

ജെയ്സൺ ഇസയുടെ കൈപിടിച്ച് ബൈക്കിനടുത്തേക്ക് നടക്കാൻ ഒരുങ്ങിയെങ്കിലും പെട്ടന്ന് റോബിനെ തിരിഞ്ഞുനോക്കി.

 

 

ഇസയുടെ കൈവിട്ടു.

റോബിന്റെ അടുത്തേക്ക്നീങ്ങി.

 

 

“ഒരുപാട് നന്ദിയുണ്ട് എന്റെ ബെല്ലയെ രക്ഷിച്ചതിനു”

റോബിന്റെ തോളിൽചേർത്തുപിടിച്ചു കൊണ്ടു ജെയ്സൺ അതുപറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.

 

റോബിൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

അവർ പോകുന്നതു വരെ റോബിൻ ആ നിൽപ്പ് തുടർന്നു.

 

 

 

••••••••••

 

 

 

വീട്ടിലെത്തിയതും ഇസയ്ക്ക് റബേക്കയുടെ ഫോൺ കോൾ വന്നു.

 

 

“ഡീ വീട്ടിൽ എത്തിയോ നീ”

 

 

“മ്മ്മ് ഇപ്പൊൾ എത്തിയതേ ഉള്ളൂ”

 

 

“ഇപ്പോഴോ? കുറെ നേരമായല്ലോ?

അപ്പോൾ ഇതുവരെ എവിടെയായിരുന്നു?

അതോ നിന്റെ ചേട്ടായി വരാൻ വൈകിയോ?”

 

 

“ഏയ്…അതൊന്നുമല്ല!”

 

“പിന്നെന്താണ് കാര്യം..പറ…!”

 

 

ഇസ ഇന്ന് നടന്നത് മുഴുവൻ റബേക്കയോട് വിശദീകരിച്ചു കൊടുത്തു.

 

 

 

 

“സോറി….എടീ…

ഞാൻ ചേട്ടായി വരുന്നത് വരെ നിൽക്കേണ്ടതായിരുന്നു അല്ലെ.

അല്ലെങ്കിൽ നിനക്കിപ്പോൾ ഇങ്ങനെയൊന്നും വരില്ലായിരുന്നു.”

 

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇസയെ അവിടെ ഒറ്റക്കാക്കിപോയതിൽ റബേക്കയ്ക്ക് ഖേദം തോന്നി.

 

 

“ഒരുപക്ഷെ നീയും എന്റെകൂടെ ഉണ്ടായിരുന്നുവെങ്കിൽ….”

ഇസയ്ക്കത് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

 

 

 

“പോടീ..എന്നാലും ഞാൻ നിന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിൽ…..

നീ ഒറ്റക്കായതുകൊണ്ടാണ് ഫിലിപ്പ് നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്.

റോബിൻ തക്കസമയത്ത് വന്നതുകൊണ്ട് നീ രക്ഷപെട്ടു.”

 

 

റബേക്ക അതുപറഞ്ഞപ്പോഴാണ്

റോബിൻ തന്നോട് പറഞ്ഞത് വീണ്ടും അവളുടെ ഓർമയിൽ തെളിഞ്ഞുവന്നു.

 

 

_*സത്യം പറഞ്ഞാൽ നിന്നെ കണ്ടുമുട്ടിയപ്പോൾ എനിക്ക് എന്റെ അനിയത്തികുട്ടിയെപ്പോലെ തോന്നി.

നിന്റെ നിഷ്കളങ്കതയും സ്വഭാവവും എല്ലാം അവളെ ഓർമ്മിക്കുന്നുണ്ട്.

 

നിന്റെ ചലനങ്ങളെല്ലാം കാണുമ്പോൾ അവളാണെന്ന് എന്റെ ഹൃദയം പറഞ്ഞുകൊണ്ടേയിരിക്കുണ്ടായിരുന്നു*_

 

 

 

ബാത്‌റൂമിൽ കയറി ഷവർ ഓൺ ആക്കി.

തണുത്ത വെള്ളം ശരീരത്തെയും മനസ്സിനെയും ഒരുപോലെ കുളിർമയേകി.

 

 

 

 

 

അത്താഴം കഴിച്ചു കിടക്കാൻ ഒരുങ്ങിയെങ്കിലും

ഇന്ന് നടന്ന സംഭവങ്ങൾ കാരണം അവൾക്ക് ഉറക്കം വന്നിരുന്നില്ല.

അതുകൊണ്ട് ചേട്ടായിയുടെ അടുത്തുപോകാൻ തീരുമാനിച്ചു.

 

 

മടിച്ചാണെങ്കിലും ഇസ കതകിൽ തട്ടി.

 

ജെയ്സൺ കതകുതുറന്നു.

 

 

“ചേട്ടായി ഇന്ന് ഞാൻ ഇവിടെ കിടന്നോട്ടെ?”

 

 

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ജെയ്സൺ സമ്മതം മൂളി.

 

 

രണ്ടുപേരും നിദ്രയിലാണ്ടു…

 

 

 

•••••••••••

 

 

 

“ബെല്ലാ…എണീക്ക് സമയം ഒരുപാടായി…കോളേജിൽ പോകേണ്ടതല്ലേ.

എന്നേയും കൂടെ വൈകിപ്പിക്കല്ലേ.”

 

 

“ഹ്മ്മ് ഞാനിപ്പോൾ എണീക്കാം ”

എന്നുപറഞ്ഞു ഇസ തലവഴി പുതപ്പുമൂടി തിരിഞ്ഞുകിടന്നു.

 

 

ജെയ്സൺ പുതപ്പെടുത്ത് മാറ്റി ഇസയെ തട്ടിവിളിച്ചു.

 

 

മടിയോടുകൂടിയാണെങ്കിലും ഇസ കിടക്കയിൽ നിന്നും എണീറ്റു.

 

 

റെഡിയായി കോളേജിൽ എത്തി.

 

 

ഗേറ്റിനടുത്തു തന്നെ റബേക്ക അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

 

 

തന്റെ പെണ്ണിനെ ആ ദിവസത്തിന്റെ തുടക്കത്തിൽ തന്നെ കാണാനായത് ജെയ്സണിൽ സന്തോഷമുളവാക്കി.

 

റബേക്കയെ കണ്ട നിർവൃതിയിൽ ജെയ്സൺ ഒരു പുഞ്ചിരിയോടെ ബൈക്ക് ഓടിച്ചുപോയി.

 

 

 

ഇസയടുത്തെത്തിയതും അവളുടെ കൈപിടിച്ച് റബേക്ക നടന്നു.

 

 

 

 

“ഇനി ഫിലിപ്പ് കുറച്ചുകാലത്തേക്ക് വരില്ലായിരിക്കും അല്ലെ?”

ഗ്രൗണ്ടിനടുത്തുള്ള മരച്ചുവട്ടിലെ ബെഞ്ചിലിരുന്നു കൊണ്ടു റബേക്ക ഇസയോട് ചോദിച്ചു.

 

 

“ആഹ് എനിക്കും അങ്ങനെതന്നെ തോന്നുന്നു. റോബിൻ അവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടായിരിക്കും.”

 

 

“ഹ്മ്മ് ആ വൃത്തികെട്ടവനു അങ്ങനെതന്നെ വേണം..”

 

 

 

 

 

“ഹലോ…ആർക്കെങ്കിലും പണികൊടുക്കാനുള്ള ഗൂഢാലോചന വല്ലതും ആണോ?”

അപ്പോഴാണ് അവരുടെ ഇടയിലേക്ക് റോബിൻ കടന്നുവന്നത്.

കളിയായി പറഞ്ഞ റോബിനെ ഇസ കടുപ്പിച്ചോന്നുനോക്കി.

 

 

“നോക്കിപേടിപ്പിക്കല്ലേ പൊന്നോ.

പറഞ്ഞത് തിരിച്ചെടുത്തു.”

 

 

 

അതുകേട്ടതും ഇസയൊന്ന് ചിരിച്ചു.

 

ബെല്ലടിക്കുന്നത് വരെ അവർ മൂവരും ഒരുമിച്ചു അല്പസമയം ചിലവിട്ടു.

 

 

ക്ലാസ്സ്‌ ആരംഭിച്ചു.

ശ്രുതിമിസ്സിന്റെ അക്കൗണ്ടിങ് ആയിരുന്നു.

 

അല്പസമയത്തിനുശേഷം പ്യൂൺ ക്ലാസ്സിലേക്ക് വന്നു ടീച്ചറോട് എന്തോ കാര്യം പറഞ്ഞു.

 

അതിനുശേഷം തിരിഞ്ഞുനിന്നു ടീച്ചർ പറഞ്ഞു.

 

“സ്റ്റുഡന്റസ്…ക്ലാസ്സ്‌ തുടങ്ങിട്ട് ഏകദേശം മൂന്നുമാസമാവാറിയിട്ടുണ്ട്.

പുതിയൊരു അഡ്മിഷൻ ഉണ്ട് നമ്മുടെ ഡിപ്പാർട്മെന്റ് ലേക്ക്”

 

അപ്പോൾ ഇളംനീലജീൻസും കറുത്ത ടോപ്പും ധരിച്ച ഒരുപെൺകുട്ടി ആ ക്ലാസ്സിന്റെ വാതിലിനടുത്തായി സ്ഥാനംപിടിച്ചിരുന്നു.

 

തുടരും…..

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply