✍️ഖയ
റബേക്ക എന്തോ ചോദിക്കാൻ നിന്നതും അവളുടെ കൈപിടിച്ചു ഇസ വേഗത്തിൽ പുറത്തേക്ക് നടന്നു.
ഒരു ചെറുചിരിയോടെ റോബിൻ അവരുടെ പോക്കും നോക്കിനിന്നു.
“ഡീ അതാരാടീ?
നീനക്കെന്താ ഇത്ര ദൃതി?”
പെട്ടന്നുള്ള ഇസയുടെ പെരുമാറ്റം കാരണം റബേക്ക ചോദിച്ചു.
“വാലിനു തീപ്പിടിച്ച പോലെ ഇങ്ങനെ ഓടാതെ ഒന്ന് പറയടി”
ഇസയെ പിടിച്ചുനിർത്തി റബേക്ക വീണ്ടും ചോദിച്ചു.
“എന്താ അറിയണ്ടത്”
ഒന്നുമറിയാത്ത പോലെ ഇസ റബേക്കയോട് ചോദിച്ചു.
“കർത്താവേ അപ്പോൾ ഞാനിതുവരെ ആരോടാ ഇതൊക്കെ ചോദിച്ചത്!”
തലക്ക് കൈവെച്ചുകൊണ്ട് റബേക്ക നിന്നു.
“ആ അതുപോട്ടെ ഏതവനാ നിന്നോട് ലൈബ്രറിക്ക് പുറത്തുവെച്ചു സംസാരിച്ചേ?
എന്താ സംസാരിച്ചേ?
നല്ല ടെൻഷൻ ഉള്ളപോലെ ഉണ്ടല്ലോ നിനക്ക് എന്താ പറ്റിയെ?”
റബേക്ക വീണ്ടും ഇസയോടായി ചോദിച്ചു.
“അതോ…അത് പിന്നെ…
നമ്മൾ ലൈബ്രറിക്കുള്ളിലേക്ക് കയറിയപ്പോൾ ഞാൻ തൊട്ടടുത്ത റൂമിൽനിന്ന് ഒരു ശബ്ദം കേട്ടു.
എന്താണെന്ന് അറിയാൻ ഞാൻ പുറത്തിറങ്ങി പോയി നോക്കിയപ്പോൾ ഞാനൊന്നു ഞെട്ടി.
ആരാണെന്നറിയോ ഫിലിപ്പും അവന്റെ ഫ്രണ്ട്സും!
അവർ അവിടെ ഡ്രഗ്ഗ്സും വലിച്ചു എന്തോക്കെയോ തല്ലുണ്ടാക്കാൻ ഉള്ള ഗൂഢാലോചന നടത്തികൊണ്ടിരിക്കുകയായിരുന്നു.
അതും പ്രിൻസിപ്പൽക്കും പിന്നെ…”
ഇസബെല്ല പറഞ്ഞുനിർത്തി.
“പിന്നെ….
നീയെന്താ നിർത്തിക്കളഞ്ഞത്…പറയടീ ബാക്കി”
“റോബിനും പണികൊടുക്കുന്നതിനെ പറ്റിയായിരുന്നു.
അതൊക്കെ ഞാൻ ഫോണിൽ വീഡിയോ എടുത്തിരുന്നു”
“എന്റെ കർത്താവേ….!
എന്നിട്ട് എന്നിട്ട്”
ഞെട്ടികൊണ്ട് റബേക്ക തലയിൽ കൈവെച്ചു നിന്നു.
“ഞാൻ വീഡിയോ എടുക്കുന്ന സമയത്ത് എന്നെ ആരോതോണ്ടി നീയാണെന്നുകരുതി ഞാൻ ശ്രദ്ധകൊടുത്തില്ല.
പിന്നെ തിരിഞ്ഞുനോക്കിയപ്പോൾ ഒന്ന് ഞെട്ടി.
ആ ക്യാന്റീനിൽ അടിയുണ്ടാക്കിയ കൂട്ടത്തിലെ ആളാണെന്ന് എനിക്ക് മനസ്സിലായിരുന്നു.
പിന്നെ അവനെ പറ്റിയാണല്ലോ ചർച്ച എന്നാ പറഞ്ഞപ്പോഴാ അത് റോബിൻ ആണെന്ന് മനസ്സിലായത്.
അപ്പോൾ ശരിക്കും പേടിയായി.
ഞാൻ വീഡിയോ എടുത്തത് റോബിൻ കണ്ടു.
എന്നിട്ട് അത് എന്റെ ഫോണിൽ നിന്നും കയറ്റി ഡിലീറ്റ് ആക്കുകയും ചെയ്തു.
ആകെ പേടിച്ചു ”
ഇസ എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.
എല്ലാം കേട്ട റബേക്ക കാറ്റുപോയബലൂൺ കണക്കെ നിന്നുപോയി.
ഇസ അവളുടെ നേരെ വിരൽഞ്ഞോടിച്ചു.
പെട്ടന്ന് ഞെട്ടികൊണ്ട് റബേക്ക ചോദിച്ചു.
“അല്ലാ….ഡീ..ഇനി ഇത് പ്രശ്നമാവില്ലേ?
“അതൊക്കെ ആ റോബിൻ നോക്കിക്കോളും.
നീ പേടിക്കണ്ട ഡീ”
“അല്ല പിന്നെന്തിനാ നീ ദൃതിപിടിച്ചു എന്നെ പിടിച്ചുവലിച്ചു കൊണ്ടുവന്നത്”
“അത് ഇതുവരെ ഞെട്ടൽ മാറിയില്ലായിരുന്നു.
പോരാത്തതിന് അവൻ വിരട്ടുകയും ചെയ്തു.
പിന്നെ അവുടെ നിൽക്കാൻ തോന്നിയില്ല അവന്റെ മുഖം കാണുമ്പോൾ ഒരു പേടി.
അതുകൊണ്ട് അവിടെന്ന് വേഗം പോകാമെന്നുവെച്ചു”
“എനിക്ക് തോന്നി ഒരു പ്രശ്നമുണ്ടെന്ന്.
ശ്ശോ നീ എന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ .”
ദേഷ്യം വന്നു റബേക്ക പറഞ്ഞു”
“നീ വാ ഇവിടെന്ന് പോകാം
ഇങ്ങനെ നിൽക്കുന്നത് അത്ര ശരിയല്ല.”
“മ്മ്മ് ശരി”
ഇസയും റബേക്കയും ബാഗുമെടുത്തു കോളേജിൽ ദൃതിയിൽ അൽപ്പം പേടിയോടെ പെട്ടന്ന് ഇറങ്ങി
എന്നാൽ അവരറിയാതെ രണ്ടു കണ്ണുകൾ അവരുടെ ചലനങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു…
•••••••••••••••
ഇസ ജനൽപ്പാളികൾ തുറന്നിട്ടുകൊണ്ട് നിലാവിൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളേനോക്കികൊണ്ട് നിന്നു.
നിലാവിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണുകളും പതിന്മടങ്ങു ശോഭിച്ചുകൊണ്ടിരുന്നു.
പെട്ടന്നായിരുന്നു ഇസയുടെ ഫോൺ ബെല്ലടിച്ചത്.
എടുത്തുനോക്കിയപ്പോൾ റബേക്കയായിരുന്നു വിളിക്കുന്നത്.
ഒരു ചെറുപുഞ്ചിരിയാലെ ഇസ ഫോൺ ചെവിയോട് ചേർത്തുവെച്ചു.
“ഹലോ ഇസേ
നീയറിഞ്ഞോ ഫിലിപ്പിന് പണി കിട്ടിയെടി”
പൊട്ടിച്ചിരിച്ചുകൊണ്ട് റബേക്ക ഇസയോട് പറഞ്ഞു.
“ഏഹ് എന്ത്?”
“നിനക്ക് മനസിലായോ നീയെടുത്ത വീഡിയോ ഇല്ലേ
അതുകൊണ്ടവന് പണി കിട്ടി”
“സത്യമാണോ നീ ഈ പറയുന്നത്!”
“ആഹ് ഡീ നീ വേണെങ്കിൽ വിശ്വാസമില്ലെങ്കിൽ നമ്മുടെ ക്ലാസ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒന്ന് കേറിനോക്ക്.”
ചിരിയടക്കിപിടിച്ചുകൊണ്ട് റബേക്ക പറഞ്ഞുനിർത്തി.
“ആ ഒന്ന് നോക്കട്ടെ!”
താൻ എടുത്ത വീഡിയോ ഒരു പ്രശ്നം ആവുന്നത് കണ്ട ഇസ ഒന്ന് തരിച്ചിരുന്നു.
ശ്ശേ എന്ത് പണിയാ അവൻ കാണിച്ചത്!
റോബിൻ ഒരു ചെറിയ കംപ്ലയിന്റിൽ ഒതുക്കുമെന്ന താൻ കരുതിയത് പക്ഷെ ഇതിപ്പോൾ മുഴുവൻ കോളേജും അറിഞ്ഞു പ്രശ്നമായല്ലോ.
ആ…പ്രശ്നമായാൽ തനിക്കെന്താ.
റോബിനല്ലെ ഇതൊക്കെ ചെയ്തത്.
വെറുതെ ഓരോന്ന് ആലോചിച്ചു സമയം കളയുന്നു.
എന്ന് പതുക്കെ തലയ്ക്കടിച്ചുകൊണ്ടു സ്വയംപറഞ്ഞു.
ഓരോന്നോർത്തുനിന്ന ഇസ പെട്ടന്നായിരുന്നു റബേക്ക കോളിൽ ഉണ്ടെന്നോർത്തത്.
“ആഹ് ഡീ”
ഇസ.
“നീ കണ്ടോ?
ഇപ്പൊ വിശ്വാസമായോ കൊച്ചേ…
എന്തായാലും ആ വീഡിയോ കൊള്ളാം അവന്മാർക്കൊരു വമ്പൻപണിതന്നെ കിട്ടി.”
റബേക്ക പൊട്ടിച്ചിരിച്ചു.
റബേക്കയുടെ ചിരി കേട്ട് ഇസയും കൂടെ ചിരിച്ചു.
റബേക്കയോട് സംസാരിച്ച ശേഷം ഫോൺ വെച്ചപ്പോൾ ആണ് വാട്സാപ്പിൽ ഒരറിയാത്ത നമ്പറിൽ നിന്നും ഒരു മെസേജ് വന്നത് കണ്ടത്.
ഇസയത് എടുത്തുനോക്കി.
*താങ്ക്യൂ*
ആരായിരിക്കും അത് എന്ന് ചിന്തിച്ചുകൊണ്ട് പ്രൊഫൈൽ പിക്ചർ എടുത്തുനോക്കി.
റോബിന്റെ പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം കണ്ടപ്പോൾ ഇസയുടെ ചുണ്ടിലും ഒരു ചിരി പ്രത്യക്ഷപെട്ടു.
•••••••••••••
ഫ്രഷേഴ്‌സ് ഡേ ആയതിനാൽ എന്തെങ്കിലും പ്രശ്നം നടക്കുമോ എന്ന് പേടിച്ചെങ്കിലും എല്ലാം ഭംഗിയായി കഴിഞ്ഞു.
ഫിലിപ്പിനും അവന്റെ ഫ്രണ്ട്സിനും നേരെ പോലീസ് കേസ് വരെ ആയെന്നുകേട്ടു.
പക്ഷെ പണവും സ്വാധീനവും ഉള്ളവർക്ക് അതിൽനിന്നെല്ലാം രക്ഷപെടാൻ എളുപ്പമാണല്ലോ!
എന്നാലും അവർക്ക് ആ സംഭവം ഒരു മാനകേടാക്കിത്തന്നെ നിലനിന്നിരുന്നു.
ഓരോ ദിവസം കഴിയുന്തോറും
പലരുടെയും കളിയാക്കലും എല്ലാം ആയപ്പോൾ അവരുടെ ഉള്ളിലെ പക ആളിക്കത്താൻ തുടങ്ങിയിരുന്നു.
ഒടുവിൽ അവർക്ക് മാനകേടുണ്ടാക്കിയ ആളെ കണ്ടുപിടിക്കുകതന്നെ ചെയ്തു.
ആ ശത്രുവിനെതിരെ അവർ കരുക്കൾ നീക്കി.
തുടരും……