✍️ഖയ
ഇസയും റബേക്കയും നേരത്തെ വീട്ടിലേക്ക് തിരിച്ചു പോകാതെ ലൈബ്രറിയിൽ കുറച്ചുനേരം ചിലവഴിക്കാം എന്ന് തീരുമാനിച്ചു.
അവർ രണ്ടുപേരും ലൈബ്രറിയിലേക്ക് കയറി.
റബേക്ക അകത്തേക്ക് കയറി ഒരു ഷെൽഫ് ലക്ഷ്യം വെച്ചു നടന്നു.
അപ്പോഴാണ് ഇസ തൊട്ടടുത്ത ക്ലാസ്സിൽ നിന്നും ഒരു ശബ്ദം കേട്ട് ലൈബ്രറിക്ക് പുറത്തിറങ്ങി പോയിനോക്കിയത്.
“എന്താണാ ശബ്ദം!
ഇനി എനിക്ക് തോന്നിയതാണോ?ഈ റൂമിന്നു തന്നെയാണോ?”
എന്ന് ഇസ ആകുലതയോടെ ആലോചിച്ചു, ഒരെത്തുംപിടിയും കിട്ടാതെ നിൽക്കുമ്പോഴാണ് വീണ്ടും ആ ശബ്ദം കേട്ടത്.
ആരൊക്കെയോ സംസാരിക്കുമ്പോലെ തോന്നി.
ഇസ ആ ശബ്ദം കേട്ട റൂമിൽ എന്താണ് നടക്കുന്നതെന്ന് നോക്കാനായി ശ്രമിച്ചു.
ജനൽപാളി ചാരിയിട്ടതുകണ്ട് പതുക്കെ തുറന്ന് അകത്തെന്താണ് നടക്കുന്നതെന്നറിയാൻ ഏന്തിവലിഞ്ഞു നോക്കി.
അഞ്ചാറു പേർ കൂട്ടമായി ഇരിക്കുന്നതാണ് അവൾ കണ്ടത്.
ഒരാൾ മാത്രം തിരിഞ്ഞിരിക്കുന്നു. ബാക്കിയുള്ളവരുടെ എല്ലാം മുഖം ഇസയ്ക്ക് ദൃശ്യമായിരുന്നു.
അലക്ഷ്യമായി ഇരിക്കുന്നവരുടെ ചുണ്ടുകളിൽ എരിയുന്ന പുക കണ്ട് ഇസയൊന്നു നടുങ്ങി.
അവൾക്കൊരു ബുദ്ധിതോന്നിയതും കൈയിൽ ഉള്ള മൊബൈൽ ഫോൺ എടുത്ത് അത് വീഡിയോ എടുക്കാൻ തുടങ്ങി.
കൂടാതെ അവർ പറയുന്നതും ശ്രദ്ധിച്ചുകേൾക്കാൻ തുടങ്ങി.
“ഡാ അയാൾക്കിട്ടൊരു പണികൊടുക്കാതെ വെറുതെ ഇരിക്കാൻ കഴിയുന്നില്ലടാ എനിക്ക്”
കൂട്ടത്തിലൊരുത്തൻ പിന്തിരിഞ്ഞിരിക്കുന്ന ആളോടായി പറഞ്ഞു.
“നീ ആരുടെ കാര്യമാ പറയുന്നേ?”
വേറൊരുത്തൻ അവനോടായി ചോദിച്ചു.
“ആ കിഴങ്ങൻ പ്രിൻസിപ്പാൾ ഇല്ലേ ജയരാമൻ
അയാളുടെ.
ടാ ഫിലിപ്പേ നീയെന്താടാ ഒന്നും മിണ്ടാത്തെ?”
അപ്പോഴാണ് ഇസക്ക് അവർ ആരാണെന്നു മനസ്സിലായത്.
ഫിലിപ്പും കൂട്ടരും ആണെന്ന് തിരിച്ചറിഞ്ഞതോടെ ഇസയൊന്നു ഞെട്ടി.
ചെറിയൊരു പേടിയുണ്ടെങ്കിലും ഇസ വീഡിയോയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“നാളെയല്ലേ ഫ്രഷേഴ്സ് ഡേ അയാൾക്കിട്ടൊരു പണിക്കൊടുത്തു ആ പരിപാടിക്ക് വരാത്ത തരത്തിൽ കിടത്തിയാലോ”
“ആദ്യം പണിക്കൊടുക്കേണ്ടത് അവനാണ് ആ റോബിന്”
ഫിലിപ്പായിരുന്നു അത് പറഞ്ഞതെന്ന് ഇസയ്ക്ക് മനസ്സിലായി.
പെട്ടന്നാണ് ഇസയെ ഒരാൾ തോണ്ടിവിളിച്ചത്.
തിരിഞ്ഞുനോക്കിയപ്പോൾ ഇസ വീണ്ടുമൊന്നു ഞെട്ടി.
എവിടെയോ കണ്ടതുപോലെ അവൾക്ക് തോന്നി.
“ഡീ…നീയെതാ…..നിനക്കെന്താ ഇവിടെ പണി? വീട്ടിൽ പോകാറായില്ലേ?”
എന്ന് അവൻ ചോദിച്ചെങ്കിലും ഇസയൊന്നു അവന്റെ മുഖത്തേക്ക് നോക്കി ഇത് കാന്റീനിൽ അടിയുണ്ടാക്കി പോയ കൂട്ടത്തിലെ ആളാണല്ലോ എന്നവൾ ആലോചിച്ചു.
“നിന്നോടാ ചോദിച്ചത്.
എന്താ ഇവിടെ നിന്ന് കറങ്ങുന്നത് എന്ന്?”
ആ ചോദ്യത്തിൽ അവൾ സ്വബോധത്തിലേക്ക് തിരിച്ചുവന്നു.
“അത്….പിന്നെ…ഞാൻ…ബുക്ക് അല്ല ലൈബ്രറി”
ഇസയെന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല.
അപ്പോൾ അവളെ ശ്രദ്ധിക്കാതെ അവൻ ശബ്ദം കേട്ട് ജനലിനുള്ളിലൂടെ ക്ലാസ്സ്‌റൂമിനകത്തേക്ക് നോക്കി കാര്യമെന്തെന്ന് മനസ്സിലാക്കി.
“ആഹാ ഞാൻ ആണല്ലോ ഇവിടെ ചർച്ചവിഷയം!”
“ഏഹ്”
അതുകേട്ടപ്പോൾ വീണ്ടുമൊന്ന് ഞെട്ടി.
അടുത്ത് നിൽക്കുന്നത് റോബിൻ ആണെന്ന് ഇസ മനസ്സിലാക്കി.
“അല്ല നീ ഇവിടെ എന്താ ചെയ്യുന്നേ?”
മുഖത്തേക്ക് പാറിവീണ മുടികൾ മാടിയൊതുക്കി അവളോട് ചോദിച്ചു.
ഇസയാണെങ്കിൽ എന്തുപറയണമെന്നറിയാതെ പരിഭ്രമിച്ചു ആ നിൽപ്പ് തുടർന്നു.
അവളുടെ കയ്യിലെ ഫോൺ കണ്ടു ഒന്ന് നോക്കി അതിൽ വീഡിയോ റെക്കോർഡ് ഓൺ ആയിരുന്നത് കണ്ട് അവൻ അവളെയൊന്നു സൂക്ഷിച്ചു നോക്കി.
“നീ അവിടെ കണ്ടത് വീഡിയോ എടുത്തോ?”
ഇസ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.
“നിന്നോടാ ചോദിച്ചത് എടുത്തൊന്ന്?”
ഇപ്രാവശ്യം അവൻ ഒന്ന് കടുപ്പിച്ചു ചോദിച്ചതും ഇസ തലയാട്ടി.
“നിന്റെ വായിൽ നാക്കില്ലേ”
“ഉണ്ട്…..
അത്…അവര് ഡ്രഗ്ഗ്സ് ആണ് വലിക്കുന്നത് കണ്ടപ്പോൾ വീഡിയോ എടുത്ത് കംപ്ലയിന്റ് ആക്കിയാലോ എന്ന് തോന്നി”
തലകുനിച്ചുകൊണ്ട് ഇസ പറഞ്ഞു.
“തെറ്റുചെയ്തവരാണ് ഇങ്ങനെ തലകുനിച്ചു നിൽക്കാറ്.
നീയെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ?
അതുകേട്ടതും ഇസയൊന്നു റോബിനെ നോക്കി.
പെട്ടന്ന് റോബിൻ ഇസയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി.
അതിലെ വീഡിയോ എടുത്ത് നോക്കികൊണ്ടിരിന്നു.
ചെറിയൊരു ചിരിയോടെ ഫോൺ നോക്കുന്ന റോബിനെ ഇസയൊന്ന് സൂക്ഷിച്ചുനോക്കി.
കാറ്റിൽ ഇടക്കിടക്ക് മുടി ആ മുഖത്തേക്ക് പാറിവീഴുന്നുണ്ടായിരുന്നു.
കൂട്ടുപിരികവും കാപ്പികണ്ണുകളും ആ മുഖത്തിന് അലങ്കാരമായി നിലനിന്നിരുന്നു.
“ഇത് എന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട് ഇതിൽനിന്നു ഡിലീറ്റ് ആക്കിയിട്ടിട്ടുമുണ്ട്.
നിന്റെ ഫോണിൽ ഇതുവേണ്ട!
അല്ലാ…നിന്റെ പേരെന്താ?ഏതാ ഡിപ്പാർട്മെന്റ്? ഫസ്റ്റ് ഇയർ ആണോ?”
ഫോണിൽ തന്നെ നോക്കികൊണ്ട് റോബിൻ ചോദിച്ചു.
“ആ ശരി…
_ഇസബെല്ല_
ഫസ്റ്റ് ഇയർ ബിബിഎ ആണ്.”
റോബിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെയാണ് ഇസ പറഞ്ഞത്.
“ഇവിടെ എന്തിനാ വന്നത് കോളേജ് കഴിഞ്ഞതല്ലേ?”
“അത്…ലൈബ്രറിയിൽ ഒന്ന് കയറാന്ന് കരുതി!”
“മ്മ്മ്…ഇവിടെ നിന്ന് കറങ്ങാതെ പോകാൻ നോക്ക്.”
“ആഹ്….”
അപ്പോഴാണ് റബേക്ക ലൈബ്രറിക്ക് പുറത്തേക്ക് വന്നത്.
“ഡീ…ഇസെ…നീയെന്താ അവിടെ നിക്കുന്നെ എന്നെ ഇങ്ങോട്ട് വലിച്ചുകൊണ്ട് വന്നിട്ട് അവിടെ എന്തു കണ്ടുകൊണ്ട് നിൽക്കുവാ?”
റബേക്ക ഇസയെ ലൈബ്രറിക്കുള്ളിൽ കാണാത്തതു കൊണ്ടുള്ള പേടികൊണ്ട്, ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.
“ഇതാരാ…?”
റോബിൻ ഇസയോട് ചോദിച്ചു
“എന്റെ ഫ്രണ്ടാ റബേക്ക”
“മ്മ്മ് രണ്ടുപേരും ഇവിടെ കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക്”
“മ്മ്മ്”
ഇസ തലയാട്ടികൊണ്ട് പറഞ്ഞു.
റബേക്ക എന്തോ ചോദിക്കാൻ നിന്നതും അവളുടെ കൈപിടിച്ചു ഇസ വേഗത്തിൽ പുറത്തേക്ക് നടന്നു.
ഒരു ചെറുചിരിയോടെ റോബിൻ അവരുടെ പോക്കും നോക്കിനിന്നു.
തുടരും……