ഇസബെല്ല Part-05

  • by

1539 Views

isabella-novel-aksharathalukal

✍️ഖയ

സിഗ്നലിൽ പച്ചവീഴാൻ സെക്കന്റുകൾ മാത്രമുള്ളപ്പോളാണ് എന്റെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിതിരിച്ചവനെ ഞാൻ വീണ്ടും കണ്ടത്…

ഞാനാകെ സതംഭിച്ചുപ്പോയി. എനിക്ക് ചേട്ടായിയെ വിളിക്കണമെന്നുണ്ട്. പക്ഷേ ശബ്ദിക്കാൻ കഴിയുന്നില്ല.
എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു…

“ചേ…ചേട്ടാ….യി റോബിൻ…..!!”

 

“ഏഹ്….എവിടെ?”
ചേട്ടായിയും ഒന്ന് ഞെട്ടി എന്നു തോന്നുന്നു.
അവനെ ഇപ്പോൾ, അതും ഇവിടെ പ്രതീക്ഷിച്ചതേയില്ലല്ലോ

ഞാൻ ദൂരേക്ക് കൈചൂണ്ടി കാണിച്ചുകൊടുത്തു. എന്നാൽ എന്റെ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

ചേട്ടായി പെട്ടെന്ന് കാറിന്റെ ചില്ല് മുകളിലേക്ക് ആക്കി.

സിഗ്നൽ വീണപ്പോൾ അവിടെനിന്നും വേഗം കാറെടുത്തു ,അവന്റെ കണ്മുന്നിൽപ്പെടാതെ ഞങ്ങൾ രക്ഷപ്പെട്ടു.
കമ്പനിയിൽ എത്തി ഇറങ്ങുംമുൻപേ ചേട്ടായി എന്റെ കൈയ്യിൽ പിടിച്ചു പറയുന്നുണ്ടായിരുന്നു.

“ബെല്ലാ….അവൻ നിന്നെ തേടി തന്നെയാണ് ഈ നഗരത്തിൽ എത്തിയത് എന്നുറപ്പാണ്.
ഏതു നിമിഷവും അവനെ നമ്മുടെ കണ്മുന്നിൽ പ്രതീക്ഷിക്കാം.
പിന്നെ അവൻ നിന്റെ മുന്നിൽ എത്തിയാൽ പൂച്ചക്കുട്ടിയെ പോലെ പേടിച്ച് ഒളിക്കാൻ നിൽക്കരുത്.
എത്രപേടിയുണ്ടോ അത്രയും ഉള്ളിലൊതുക്കി ധൈര്യത്തോടെ നിൽക്കണം.
നിന്റെ പേടിയാണ് അവൻ മുതലെടുക്കുക.
റബേക്കയെ ഓർമയില്ലേ നിനക്ക്.
നിന്റെ ബലഹീനത എന്തെന്ന് അവനു നന്നായി അറിയാം അത് മുതലെടുത്തു കൊണ്ടാണ് അവൻ നിന്നെ ദ്രോഹിക്കുന്നത്.
ഇതെല്ലാം ഓർമയിൽ വെച്ചോളൂ”

ഒരു നിമിഷം എന്റെ കണ്ണിലൂടെ പഴയ ഓർമകൾ കടന്നുപോയി.

“ഇല്ല ചേട്ടായി ഇനി ഒരിക്കലും ഞാൻ പേടിക്കില്ല.
അതും അവനു മുമ്പിൽ.
എനിക്ക് എങ്ങനെയെങ്കിലും പിടിച്ചു നിന്നെ മതിയാവൂ ചേട്ടായി.
റബേക്കയെ കണ്ടുപിടിക്കണം അതിനു വേണ്ടിയെങ്കിലും എനിക്ക് ജീവിക്കണം.
ഇനിയെങ്കിലും എനിക്ക് ചേട്ടായിയോടൊപ്പം സന്തോഷത്തോടെ കഴിയണമെന്നുണ്ട് എങ്ങനെ യെന്നൊന്നും അറിയില്ല എന്നാലും ഒരു ആഗ്രഹം മാത്രം”

അത്രയും പറഞ്ഞുനിർത്തിയപ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർതുള്ളി ചേട്ടായിയുടെ കൈയിൽ പതിച്ചു.

“ഏയ് കരയാതെ ബെല്ലാ….
ഞാൻ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ.
ധൈര്യത്തോടെ നിൽക്കണം”
എന്നു പറഞ്ഞു എന്റെ കണ്ണുതുടച്ചുതന്നു.

ഞാനും ഒന്ന് ചിരിച്ചു യാത്രപറഞ്ഞു കാറിൽ നിന്നിറങ്ങി.
നേരെ കമ്പനിയിലേക്ക് കയറി.
ക്യാബിനിൽ എത്തിയപ്പോൾ സീറ്റിൽ ഇരുന്നു. എല്ലാം ഓർത്തൊന്നു ഒരു നെടുവിർപ്പിടാനേ കഴിഞ്ഞുള്ളൂ.

ജെറി സാർ എന്തോ കാര്യമായി ഫയൽ നോക്കികൊണ്ടിരുന്നു.

സാർ ക്രോസ്സ്ചെക്ക് ചെയ്യാൻ ഏൽപ്പിച്ച കുറച്ചു ഫയൽ എടുത്ത് എല്ലാം ചെക്ക് ചെയ്തു സാറിന് കാണിച്ചുകൊടുത്തു.

 

എന്നെ നോക്കി ചിരിച്ചശേഷം ഫയലിലേക്ക് നോക്കി.

 

ഇന്ന് ഒരുപാട് ജോലിയുണ്ടായിരുന്നത് കൊണ്ട് അതിൽ വ്യാപൃതയായി.

സാറിന്റെ ഒപ്പം ഒഫീഷ്യൽ ആയുള്ള മീറ്റിംഗിനും മറ്റുകാര്യങ്ങൾക്കും എനിക്കും കൂടെ പോകേണ്ടിവന്നു.

 

സാറിന്റെ നീലക്കണ്ണുകളിൽ എന്റെ കണ്ണു ഉടക്കിപോയപ്പോഴാണ് ഞാൻ സ്വപ്നത്തിൽ കാണാറുള്ള ആ നീലകണ്ണുകളെ കുറിച്ച് ചിന്തിച്ചത്.

അത് സാറിന്റെ കണ്ണുകൾ ആയിരിക്കില്ല.
ലോകത്ത് എത്രയോ പേർക്ക് ഉണ്ടായിരിക്കും അത്തരം കണ്ണുകൾ.
വെറുതെ യുക്തിക്ക് നിറക്കാത്തത് ആലോചിച്ചു തലപുണ്ണാക്കേണ്ട…
എന്നാലും അത് പോലത്തെ സ്വപ്നം കാണാനും എന്തെങ്കിലും കാരണം ഉണ്ടാകില്ലേ.
അത് എങ്ങനെ അറിയാനാണ്.
ഒരുപക്ഷെ അവ കാലം തെളിയിക്കുമായിരിക്കും…..

 

****************

 

ഇന്ന് രാവിലെ ഓഫീസിൽ എത്തിയപ്പോൾ മുതൽ ഇസയെ ഞാൻ ശ്രദ്ധിച്ചിരുന്നു.

മുഖത്ത് വലിയ ഉന്മേഷം കാണാനില്ല.

കണ്ണെഴുതാറില്ലെങ്കിലും ഇസയുടെ കണ്ണിനു ഒരു പ്രത്യേകതയാണ്.
മുഖത്ത് ചിരിയില്ലെങ്കിലും ആ കണ്ണുകൾക്ക് ഒരു തിളക്കം ഉണ്ടായിരുന്നു.
എന്നാൽ ഇന്ന് അവയ്ക്ക് ജീവനില്ലാതെ വിളറിയപ്പോലെ തോന്നുന്നു.

എന്തോ പ്രശ്നം എന്റെ പെണ്ണിനെ അലട്ടുണ്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. അത് എന്താണെന്ന് എത്രയും പെട്ടന്ന് തന്നെ അറിയണം.

 

അവളുടെ പ്രശ്നം എന്താണെന്നറിയാതെ മുമ്പോട്ടുപോയിട്ട് യാതൊരു പ്രയോജനവുമില്ല.

എന്ത് പ്രശ്നമാണെങ്കിലും അത് പരിഹരിച്ചേ പറ്റൂ.
എന്നാലെ ഇസ എന്റെതാവൂ…..

എല്ലാം പതിവുപോലെ കഴിഞ്ഞു.
വൈകുന്നേരം അവളുടെ ചേട്ടായിവന്നതും കാറിൽ കയറിപോകുന്നതും ഞാൻ നോക്കി നിന്നു.

അവർ രണ്ടുപേരുടെയും മുഖത്ത് ഒരു പ്രസന്നത ഇല്ലല്ലോ?

ഒരുപക്ഷെ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കൊണ്ടായിരിക്കാം….

ഈ ജെറി എന്തായാലും അതെല്ലാം അറിഞ്ഞിരിക്കും,
അത് പരിഹരിക്കുകയും ചെയ്യും
ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

**************

 

കാറിൽ കയറിയതിനു ശേഷം പരസ്പരം മിണ്ടാൻ ഇത്തിരി സമയമെടുത്തു.

ചേട്ടായിയും എല്ലാം ഓർത്തുകാണും അതായിരിക്കാം ഈ നിശബ്ദതയ്ക്ക് കാരണം.

 

ഞാൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് ചേട്ടായിയോട് ഒരു കാര്യം ചോദിച്ചു.

“ചേട്ടായി…..റബേക്ക തിരിച്ചുവന്നാൽ അവളെ ചേട്ടായിയുടെ ജീവിത്തിലേക്ക് വിളിക്കുമോ?”

റബേക്കയുടെ പേര് കേട്ടതും കാർ സഡൻബ്രേക്കിട്ടു നിർത്തി.

എന്റെ മുഖത്തേക്ക് നോക്കി.

“നമ്മൾ അവളെ കണ്ടുപിടിച്ചാൽ ചേട്ടായി അവളെ കല്യാണം കഴിക്കുമോ”
ആ മുഖത്തേക്ക് ദയനീയമായൊന്നുനോക്കി.

“ബെല്ലാ….അതിനു….ഞാൻ….ഈ ചോദ്യത്തിന് നിനക്ക് എന്തു മറുപടിയാണ് നൽകുക”
എന്നു പറഞ്ഞുകൊണ്ട് സ്റ്റിയറിങ്ങിൽ തലവെച്ചു.

“അവൾ ഒരിക്കലും എന്നെ വേദനിപ്പിച്ചിട്ടില്ല.
എനിക്ക് പറ്റിയ ഒരു പിഴവാണ് അവളെ പിരിയാൻ കാരണം.
സത്യം എന്നെങ്കിലും അവൾ മനസ്സിലാക്കും”

“എനിക്ക് തോന്നുന്നില്ല ബെല്ലാ അവൾ തിരിച്ചുവരുമെന്ന്.
എത്ര കാലമായി നമ്മൾ പോകുന്ന എല്ലാം നഗരങ്ങളിലും അവളെ തേടുന്നു”

“ശരിയാണ്.
പക്ഷെ എന്റെ മനസ്സുപറയുന്നു അവൾ വരുമെന്ന്”

” അത് നിന്റെ വിശ്വാസം മാത്രം.
ഒരുപക്ഷെ നിന്നോടുള്ള പ്രതികാരം വീട്ടാൻ വേണ്ടി റോബിൻ അവളെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലോ.
അവൻ എന്തും ചെയ്യാൻ മടിക്കില്ല.
അവളെ ഒന്ന് കണ്ടിരുന്നെങ്കിൽ പകുതി ആശ്വാസമായേനെ.
എവിടെയെങ്കിലും സന്തോഷമായി ജീവിക്കുന്നുണ്ടായാൽ മതിയായിരുന്നു”

 

“ചേട്ടായി ഞാൻ കാരണമാണ് അവളെ നഷ്ടമായത് എന്നിട്ടെന്താ എന്നെ വെറുക്കാത്തത്”

“ആരുപറഞ്ഞു നീ കാരണം ആണെന്ന്.
ആണെങ്കിൽ തന്നെ അതൊരു തെറ്റല്ല.
പിന്നെ അവൾ നിന്നെ തെറ്റിധരിച്ചതാണ്
നിന്നെ വേദനിപ്പിച്ചാണ് അവൾ പോയത് .ഇപ്പോഴും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.
നമുക്ക് അന്നും ഇന്നും നമ്മൾ മാത്രേ ഉള്ളൂ.
അതുകൊണ്ട് നീ എന്നും എനിക്ക് ജീവനാണ്”

 

എന്നുപറഞ്ഞു എന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു.

അവൾ തിരിച്ചു വരും ചേട്ടായി.
എന്റെ ജീവൻ കളഞ്ഞിട്ടായാലും ഞാൻ അവളെ ചേട്ടായിക്ക് തരും.
ഞാൻ മനസ്സിൽ പറഞ്ഞുറപ്പി ച്ചു.

കണ്ണുതുടച്ചു ചേട്ടായി കാറെടുത്തു വീട്ടിലേക്ക് പോയി.

 

പിറ്റേ ദിവസം.

 

സാറിന്റെ കൂടെ ഒഫീഷ്യൽ ആയി പുറത്തുപോകേണ്ടി വന്നു.

മറ്റൊരു കമ്പനിയുടെ എംഡിയുമായുള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്.
മാത്രവുമല്ല സാറിൻ്റെ കൂട്ടുകാരനും കൂടിയായിരുന്നു.

ഒരു ഹോട്ടലിൽ വെച്ചായിരുന്നു മീറ്റിംഗ്.
വൈകിട്ടോടെ ഞങ്ങൾ അവിടെ എത്തി.

ഫുഡ്‌ ഓർഡർ ചെയ്യണോ എന്നുചോദിച്ചെങ്കിലും ഒരു ജ്യൂസ്‌ മാത്രം ഓർഡർ ചെയ്തു.

അവർ സംസാരിച്ചിരിക്കുമ്പോൾ ഞാൻ വാഷ്റൂമിലേക്ക് നടന്നുപോയി.

വാഷ്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ഒരാൾ എന്നെ കൈപിടിച്ച് വലിച്ചു ഒരു റൂമിലേക്ക് തള്ളിയിട്ടത്.
അത് ക്ലീനിങ് സാധനങ്ങൾ എല്ലാം വെച്ചിട്ടുള്ള ഒരു മുറിയായിരുന്നു.
വെളിച്ചം വളരെ കുറവായിരുന്നു.
അതുകൊണ്ട് തന്നെ എന്നെ തള്ളിയിട്ട ആളെ മുഖം തെളിഞ്ഞത് വൈകിയായിരുന്നു.

ആ മുഖം കണ്ട് ഞാനൊന്നു പകച്ചുപോയെങ്കിലും അത് പുറത്തു കാണിച്ചില്ല.

“റോബിൻ…..!”

“അതേടീ..റോബിൻ തന്നെ.
നിന്നെ ഇത്ര പെട്ടന്ന് കണ്ടുപിടിക്കും എന്നു വിചാരിച്ചില്ലായിരിക്കും അല്ലെ?
എത്രനാൾ നീയെന്നെ പേടിച്ചു ഓടിനടക്കും പുല്ലേ”

കവിളിൽ ശക്തിയിൽ കൈവെച്ചായിരുന്നു സംസാരിച്ചത്.

വേദനകൊണ്ട് പുളഞ്ഞെങ്കിലും ഞാൻ എല്ലാം കടിച്ചുപിടിച്ചു നിന്നു.

“നീ എന്നോട് ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല മറക്കുകയും ഇല്ല.
അതിനെല്ലാം നീ കണക്ക് പറയേണ്ട കാലം വരും.
നിനക്കറിയാലോ ഈ റോബിൻ ആരാണെന്ന്.
നഷ്ടപ്പെടാൻ ഉള്ളതെല്ലാം നഷ്ടപ്പെട്ടു.
ഇനി നിന്റെ തകർച്ച മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു.
നിന്നെ അത്രപെട്ടെന്നൊന്നും ഞാൻ ഇല്ലാതാക്കില്ല.
ഞാൻ അനുഭവിച്ചതിനൊക്കെ നീയും അനുഭവിക്കും…കാത്തിരുന്നോ നീ”

അത്രയും പറഞ്ഞു പുച്ഛത്തോടെ പോയി.
കവിളിൽ നന്നായി വേദനിച്ചു.
അവൻ പറഞ്ഞതെല്ലാം ഒന്നൂടെ മനസ്സിൽ കടന്നുവന്നു.

 

ഞാനും പുറത്തിറങ്ങി സാറിന്റെ അടുത്തുപോയി.

 

*****************

 

ഇന്ന് എന്റെ ഒരു കൂട്ടുകാരനെ കാണാൻ പോയി.
വർമ ഗ്രുപ്പിന്റെ എംഡി യാണ്‌ അവൻ.
എന്റെ കമ്പനിയുടെ വിജയത്തിന് മുതൽക്കൂട്ടാണ് ഈ കൂടിക്കാഴ്ച്ച.

കൂടെ ഇസയെയും കൂട്ടി.

കുറച്ചുകഴിഞ്ഞപ്പോൾ അവൾ വാഷിംറൂമിലേക്ക് പോയി.

ഇറങ്ങിവന്നപ്പോൾ ആണ് അവളെ ആരോ പിടിച്ചുവലിക്കുന്നതായി ഞാൻ കണ്ടത്.
ഓടി അവിടെയെത്തിയപ്പോൾ, ഞാൻ അവരുടെ സംസാരം കേട്ടു.

ആദ്യം ഒന്ന് പകച്ചെങ്കിലും
കാര്യം വ്യക്തമാവാത്തതിനാൽ പല സംശയങ്ങളും മനസ്സിൽ വന്നു.

ആരായിരിക്കും റോബിൻ.
ഇസ വളരെ പേടിച്ചിട്ടുമുണ്ടായിരുന്നു.
അവൻ ആണെങ്കിൽ മനസ്സിൽ ഒരു തരം പ്രതികാരം വെച്ചു അവളോട് പെരുമാറുന്നു.
ആദ്യം അവനെ പിടിച്ചു മാറ്റി അടിക്കാനാണ്‌ തോന്നിയത്.
പക്ഷെ ഇസ അതെല്ലാം കേട്ടു സഹിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഒരുപക്ഷെ ഇവൾ നേരിടുന്ന പ്രശ്നം റോബിൻ ആയിരിക്കും.

അവളോട് തന്നെ ചോദിക്കണം ഇന്ന്.

അവർ പിരിഞ്ഞപ്പോൾ ഞാൻ സീറ്റിൽ തന്നെപോയിരുന്നു.

മീറ്റിംഗ് കഴിഞ്ഞു കാറിൽ കയറി പോകാനായി വണ്ടിയിൽ തിരിച്ചു.

ഇസയോട് ഇപ്പൊൾ ചോദിക്കാം എന്നുകരുതി.

“ഇസാ ആരാണ് റോബിൻ?”
അവളുടെ മുഖത്ത് നോക്കാതെയാണ് ഞാൻ ചോദിച്ചത്.
പക്ഷെ എന്റെ ചോദ്യം കേട്ടു അവൾ ഞെട്ടിയിട്ടുണ്ടാകും എന്നു എനിക്ക് ഉറപ്പായിരുന്നു.

തുടരും……

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply