✍️ഖയ
“ഇസാ ആരാണ് ഈ റോബിൻ?”
അവളുടെ മുഖത്ത് നോക്കാതെയാണ് ജെറി ചോദിച്ചത്.
പക്ഷെ ജെറിയുടെ ചോദ്യം കേട്ട് ഇസ ഞെട്ടിയിട്ടുണ്ടാകും എന്നു ജെറിക്ക് ഉറപ്പായിരുന്നു.
കാറൊന്നു സൈഡിലേക്ക് ഒതുക്കിനിർത്തി.
“ആരാ റോബിൻ? എന്താണ് താനും അയാളുമായുള്ള പ്രശ്നം?”
ഉത്തരമില്ലാതെ ഞെട്ടി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ജെറി ഒന്നുകൂടെ ചോദിച്ചു.
“അത്……സാർ…എന്താ ഇങ്ങനെ… ചോദിക്കുന്നത്”
ഇസ വിക്കി വിക്കി ചോദിച്ചു.
ഇസയുടെ കണ്ണുകളിൽ ഒരു ഭയം രൂപപ്പെട്ടിരുന്നു.
ജെറിക്ക് എന്തു മറുപടി കൊടുക്കണമെന്ന് അറിയാതെ അവളുടെ മനസ്സ് ഇടറി.
“ഓക്കെ….
നിനക്ക് എന്നോട് തുറന്ന് പറയാൻ താൽപര്യമില്ലെങ്കിൽ വേണ്ട.
നീ ഒരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് തോന്നി അതാ ചോദിച്ചത്.
പിന്നെ ആ റോബിൻ എന്നയാൾ നിന്നോട് സംസാരിച്ചത് കണ്ടിരുന്നു.
നിനക്ക് എപ്പോൾ എന്നോട് തുറന്ന് പറയാൻ തോന്നുന്നുവോ അപ്പോൾ പറഞ്ഞാൽ മതി.”
അല്പനേരത്തെ മൗനത്തിന് ശേഷം
ജെറി പറഞ്ഞു നിർത്തിയെങ്കിലും ഇസ ആശയകുഴപ്പത്തിലായിരുന്നു.
ഇസ…..അവളെ എനിക്ക് മുൻപേ അറിയാം പക്ഷെ അവൾക്ക് എന്തോ എന്നെ ഓർമയില്ലായെന്ന് തോന്നുന്നു.
എന്റെ അപ്പനും അമ്മയും ഈ ലോകം വിട്ടുപോയപ്പോൾ മരിക്കാനായി നിന്ന എന്നെ തിരിച്ചുകൊണ്ടുവന്നത് ഇസയാണ്.
ആ കാലത്ത് അവളുടെ മുഖം മാത്രാമായിരുന്നു പിന്നീട് അങ്ങോട്ട് എന്റെ പ്രചോദനം.
ബാംഗ്ലൂർ നഗരത്തിൽ നിന്നും ഇങ്ങോട്ട് വരുന്നതിനു മുമ്പ് ഒരിക്കൽ കൂടെ അവളെ കാണണമെന്നുണ്ടായിരുന്നു.
എന്തോ ഭാഗ്യം കൊണ്ട് ഒരിക്കൽ കൂടെ ഞാൻ അവളെ കണ്ടു പക്ഷെ അടുത്തേക്ക് പോയില്ല.
ദൂരെ നിന്ന് ഒരുനോക്ക്….
ഈ നഗരത്തിൽ എത്തിയെങ്കിലും അവളല്ലാതെ മറ്റാരും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.
അവളുടെ മുഖം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ ഇന്ന് ഇത്രയും ഉയരത്തിൽ എത്തിയത് തന്നെ.
ഒരുകാലത്ത് എന്നെ രക്ഷിച്ചവൾ ഇന്ന് കണ്ണീരുകുടിച്ചു കഴിയുകയാണ്…..
ജെറിയുടെ മനസ്സിലൂടെ അങ്ങനെ ചിലത് കടന്നുപോയി.
അപ്പോഴും ഇസ മൗനംപാലിച്ച് മറ്റെങ്ങോ നോക്കികൊണ്ടിരിക്കുകയായിരുന്നു.
ഇസ പറഞ്ഞതനുസരിച്ചു ജെറി അവളെ വീട്ടിലേക്കാക്കി കൊടുത്തു.
ജെറിക്ക് ഇസയോട് മുമ്പുള്ള കാര്യങ്ങൾ എല്ലാം പറയണമെന്നുണ്ടായിരുന്നെങ്കിലും പക്ഷെ ഇപ്പോൾ പറയണ്ടെന്നു തീരുമാനിച്ചു.
സന്ദർഭം വരുമ്പോൾ പറയാം എന്നു മനസ്സിൽ ഉറപ്പിച്ചു.
ഇതേസമയം
ഇസയുടെ മനസ്സ് വിഷമത്തിലായിരുന്നു.
ഒന്നും ജെറിയോട് തുറന്നു പറഞ്ഞില്ല.
അല്ലെങ്കിൽ തന്നെ വലിയ പരിജയം പോലും ആയിട്ടില്ലല്ലോ..
ആ ഒരു സ്ഥിതിയിൽ എല്ലാം തുറന്നുപറഞ്ഞാൽ ജെറി എങ്ങനെ തന്നെ മനസ്സിലാക്കും? തന്നെ വിശ്വസിക്കുമോ എന്നുപ്പോലും അവൾ ഭയന്നു.
വീട്ടിലെത്തിയെങ്കിലും ഇസയുടെ മനസ്സ് കലുഷിതമായിരുന്നു.
അവളുടെ മുഖത്തെ വിഷമം കണ്ട് ജെയ്സൺ കാരണം ചോദിച്ചു.
ഇതുവരെ ഒന്നും അവളുടെ ചേട്ടായിയോട് മറച്ചുവെക്കാത്തതുകൊണ്ട് ഇന്ന് നടന്ന സംഭവം എല്ലാം അവൾ വിവരിച്ചു.
റോബിന്റെ വരവ് ജെയ്സണെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു.
ജെറി റോബിനെ കണ്ടതും അതിനെക്കുറിച്ചു തന്നോട് ചോദിച്ചതും എല്ലാം അവൾ പറഞ്ഞു.
ഇസയുടെ ജീവൻ അപകടത്തിലാണെന്ന് ജെയ്സണ് തോന്നി.
റോബിൻ കാരണമാണ് അവർ ഈ നഗരത്തിലേക്ക് വന്നത് തന്നെ.
തന്റെ സഹോദരിയെ റോബിന്റെ കൈകളിൽ നിന്നും രക്ഷിക്കാനുള്ള മാർഗം കണ്ടുപിടിക്കുക എന്നതായിരുന്നു അപ്പോൾ ജെയ്സണിന്റെ മനസ്സിൽ.
ഒരുവേള റോബിനെ കൊന്നാലോ എന്നുവരെ ജെയ്സൺ ചിന്തിച്ചു.
താൻ റോബിനെ കൊന്നാൽ ഒരുപക്ഷെ ഇസ ഒറ്റക്കായിപ്പോകും എന്നു ജെയ്സൺ ഭയപ്പെട്ടു.
അല്ലെങ്കിലും അവൾക്ക് ഞാൻ മാത്രമല്ലേയുള്ളു.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾ ഒറ്റയ്ക്കായിപ്പോകരുത്.
അതിനെപ്പറ്റി ഒരുപാട് ആലോചിച്ചു.
അപ്പോഴാണ് ജെയ്സൺ ജെറിയെപ്പറ്റി ചിന്തിച്ചത്.
ജെറിക്ക് ഇസയോട് ഒരു ഇഷ്ടമുണ്ട് അത് അന്ന് നടന്ന പാർട്ടിയിൽ വെച്ചു പരിചയപെട്ടപ്പോൾ തന്നോട് പറഞ്ഞിട്ടുണ്ട്.
ജെറിയോട് എല്ലാം തുറന്നുപറഞ്ഞാലോ എന്നു ജെയ്സൺ ആലോചിച്ചു.
ജെറിയെ നാളെ ഒന്ന് കാണണം എന്നു തീർച്ചപ്പെടുത്തി.
ഫോണിലൂടെ വിളിച്ചറിയിച്ചു.
“ഹലോ ജെറി”
“ഹലോ ജെയ്സൺ”
“ജെറി എനിക്ക് നാളെ തന്നെയൊന്ന് കാണണം
താൻ എപ്പോഴാണ് ഒന്ന് ഫ്രീ ആവുക?”
മുഖവുരയില്ലാതെ ജെയ്സൺ ചോദിച്ചു.
“നാളെ ഉച്ചക്ക്ശേഷം ഫ്രീ ആണ്.
അല്ല എന്താണ് കാര്യം?”
“കാര്യം നാളെ പറയാം.
പുറത്ത് എവിടെയെങ്കിലും വെച്ചു മതി.
പിന്നെ,
മറ്റൊന്ന് നമ്മുടെ കൂടിക്കാഴ്ച ഇസയറിയരുത്!”
“ഏഹ് അതെന്താ അവൾ അറിയേണ്ട എന്നു പറഞ്ഞത്?
എന്താണ് പ്രശ്നം ജെയ്സൺ?”
“അതെല്ലാം നാളെ പറയാം”
എന്നുപറഞ്ഞു ജെയ്സൺ ഫോൺ വെച്ചു.
ജെറി ആശയകുഴപ്പത്തിലായി.
ഇസ അറിയാതെയുള്ള കൂടികാഴ്ച്ചയുടെ കാരണം എന്താകും എന്നു ജെറി ചിന്തിച്ചു.
ഇസയെ പറ്റിയായിരുന്നു രാത്രിയിൽ മുഴുവൻ ജെറി ചിന്തിച്ചിരുന്നത്.
തന്റെ പെണ്ണൊന്നു മനസ്സറിഞ്ഞു സന്തോഷിക്കുന്ന നിമിഷത്തെയായിരുന്നു അയാൾ ആഗ്രഹിച്ചിരുന്നത്.
ഇസ അന്ന് രാത്രി ഏറെ വൈകിയാണ് ഉറങ്ങിയത്.
അന്നും ആ നീലകണ്ണുകൾ അവളുടെ സ്വപ്നത്തിൽ വന്നു.
ദ്രുതഗതിയിൽ ഇസയുടെ നേർക്ക് പാഞ്ഞുവരുന്ന അമ്പ്.
ഒന്നും ചെയ്യാനില്ലാത്ത പോലെ വേദനയെ വരിക്കാൻ അവൾ കണ്ണുകളടച്ചു.
പെട്ടെന്ന് ഒരാൾ വന്ന് അവളെ വാരിപുണർന്നു.
അവൾ കണ്ണുതുറന്നു നോക്കിയപ്പോൾ അമ്പ് അയാളുടെ മുതുകിൽ തറച്ചിരിക്കുന്നത് കണ്ട് അവളുടെ ഉള്ളു പിടഞ്ഞു.
തന്റെ ജീവൻ രക്ഷിക്കാൻ മാത്രം ഞാൻ ആരാണ് അയാൾക്ക് എന്നവളുടെ മനസ്സിലൂടെ ഒരു നിമിഷം കടന്നുപോയി.
അവളിൽ നിന്നുള്ള പിടിവിട്ട് അ.വൻ നിലത്തേക്ക് വീഴാനാഞ്ഞു.
ജീവൻ പോകുന്ന വേദനയിലും
അവന്റെ നീലക്കണ്ണുകളിൽ അവളോടുള്ള പ്രണയം അലയടിക്കുന്നുണ്ടായിരുന്നു.
ആ ചുണ്ടുകൾ അവളോടെന്തോ പറയാൻ ഒരുങ്ങുന്നുണ്ടായിരുന്നു.
“ഇ…സാ…..എനിക്ക്…നി….ന്നെ…”
പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഇസ ഞെട്ടി ഉണർന്നു
വീണ്ടും വീണ്ടും ആ നീലകണ്ണുകൾ തന്നെ പിന്തുടരുന്നത് ഇസയെ അസ്വസ്തയാക്കി.
ഈ കാണുന്ന സ്വപ്നങ്ങൾക്കുള്ള കാരണം എന്താണെന്ന് ചിന്തിച്ചു ഇസ നേരം വെളുപ്പിച്ചു.
പിറ്റേദിവസം പതിവുപോലെ ഇസ ജെയ്സണോടൊപ്പോം ജോലിക്ക് പോയി.
ഉച്ചക്ക് ശേഷം ഇസയറിയാതെ ജെറിയും ജെയ്സണും കണ്ടുമുട്ടി.
“ജെറി എനിക്ക് നിന്നോട് ചിലകാര്യങ്ങൾ പറയാനുണ്ട് അത് അല്പം സീരിയസ് ആണ്”
“എന്താണ് ജെയ്സൺ പറയൂ”
“നീ ഇസയോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ പറഞ്ഞുതരാം.
പക്ഷെ അതിനുമുമ്പ് വേറെ കാര്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്.
അന്ന് പാർട്ടിയിൽ വെച്ച് ഇസയോടുള്ള ഇഷ്ടത്തെ കുറിച്ച് നീ എന്നോട് പറഞ്ഞിരുന്നില്ലേ?”
“പറഞ്ഞിരുന്നു എനിക്കവളോട് വെറുമൊരു, ഇഷ്ടമല്ല ഉള്ളത്.
അവൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് അതുകൊണ്ടാണ് അവൾ കണ്മുന്നിൽ വിഷമിക്കുന്നത് കാണുമ്പോൾ മനസ്സിൽ ഒരു വേദന”
“ജെറി എനിക്ക് മനസ്സിലാകും തന്നെ
ഞാനിപ്പോൾ പറയാൻ പോകുന്നത് അവളെ പറ്റി തന്നെയാണ്.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇസ ഒറ്റക്കാവുമോ എന്നൊരു ഭയം
ഇത് ഞാൻ നിന്നോട് പറയുന്നതിനു കാരണം ചെറിയകാലം ആണെങ്കിലും നിന്നോടൊരു പ്രത്യേക അടുപ്പം തോന്നുന്നു”
“എന്ത് ഇസ ഒറ്റക്കാകുമെന്നോ!
എന്താണ് ജെയ്സൺ നിന്റെ മനസ്സിൽ?”
പിന്നെ നീ വിചാരിക്കുന്നുണ്ടാവും ഇസയെ എന്റെ കീഴിൽ ജോലിക്ക് വന്നപ്പോൾ ആണ് ഞാൻ കാണുന്നത് എന്ന്!
പക്ഷെ അങ്ങനെയല്ല.
നിങ്ങൾ ബാംഗ്ലൂരിൽ ആയപ്പോൾ തന്നെ എനിക്കവളെ അറിയാം”
ജെയ്സൺ എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലായില്ലെങ്കിലും ജെറി ഇങ്ങനെ പറഞ്ഞു.
“എന്ത്….!അതെങ്ങനെ?”
ജെയ്സൺ ഞെട്ടികൊണ്ട് ജെറിയോട് ചോദിച്ചു.
“ഇസ എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ച ഒരു പെൺകുട്ടിയാണ്.
ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിനു കാരണം അവളാണ്.
ജീവിതത്തിൽ തോൽവി ഉണ്ടാകുമ്പോൾ ഇസയുടെ മുഖം ഓർക്കും അതാണ് എന്നെ മുന്നോട്ടുനയിച്ചത്”
5 കൊല്ലം മുമ്പ്,
അന്ന് ഞാൻ എംബിഎ ക്ക് ബാംഗ്ലൂരിൽ പഠിക്കുന്ന സമയം.
നാട്ടിൽ നിന്ന് മാറിനിൽക്കാൻ ഒന്നും ഇഷ്ടമില്ലായിരുന്നു.
പിന്നെ അപ്പന്റെ നിർബന്ധം ആയിരുന്നു എല്ലാം.
ഞാനും അപ്പനും അമ്മയും ഉള്ള കൊച്ചുലോകം.
അവരെ ഒരിക്കലും വിട്ടുപിരിഞ്ഞു എനിക്ക് ശീലമില്ലായിരുന്നു.
അപ്പനും അമ്മയ്ക്കും അങ്ങനെതന്നെ.
അവസാനം വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സങ്കടത്തോടെയുള്ള അമ്മയുടെ മുഖമായിരുന്നു കണ്ടത്.
സമയം കിട്ടുമ്പോൾ ഒക്കെ വിളിക്കണെ മോനെ എന്നു വിതുമ്പിക്കൊണ്ടായിരുന്നു അമ്മ പറഞ്ഞത്
ബാംഗ്ലൂരിൽ എത്തി കോളേജിലൊക്കെ പോകാൻ തുടങ്ങി ഏതാണ് രണ്ടു മാസം കഴിഞ്ഞിട്ടുണ്ടായിരുന്നു.
അടുത്ത മാസം അവധിക്ക് നാട്ടിലേക്ക് പോകാം എന്നു തീരുമാനിച്ചു വെച്ചിരിക്കുകയായിരുന്നു.
ഒരു ദിവസം,
നാട്ടിൽ നിന്നുമൊരു കോൾ വന്നു. എന്റെ അപ്പനും അമ്മയും ഒരു ആക്സിഡന്റിൽ മരിച്ചുപോയ വിവരം ഞാൻ അറിഞ്ഞത്
അതെന്നെ പാടെ തകർത്തിരുന്നു.
നാട്ടിലേക്കെത്തിയെങ്കിലും അപ്പയുടെ ബിസിനസ് പാർട്ണർ കോശി മാത്യു എന്നയാൾ സ്വത്തുക്കൾ എല്ലാം തട്ടിയെടുത്തിരുന്നു.
അപ്പനും അമ്മയും പ്രണയിച്ചു കല്യാണം കഴിച്ചതിനാൽ ബന്ധുക്കൾ എല്ലാം ശത്രുക്കളെപ്പോലെ അവരെ അകറ്റിയിരുന്നു.
എങ്ങോട്ട് പോകണമെന്നോ, എന്തുചെയ്യണമെന്നോ അറിയില്ലായിരുന്നു.
സഹായം ചോദിക്കാൻ ഒരു സുഹൃത്ത് പോലും എനിക്ക് ഇല്ലായിരുന്നു.
എന്റെ കൈയ്യിൽ ഒരു രൂപപോലും സമ്പാദ്യം ഉണ്ടായിരുന്നില്ല.
അതിനാൽ പഠിപ്പും മുടങ്ങി.
ശരിക്കും പെരുവഴിയിലായി എന്നു പറയാം.
പെട്ടന്ന് ഞാൻ ഒറ്റക്കായപ്പോൾ എന്തുചെയ്യണമെന്ന് അറിയാത്ത സ്ഥിതിയായി.
അപ്പന്റേം അമ്മയുടെയും അടുത്തേക്ക് പോകാനായിരുന്നു മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നത്.
മുന്നിൽ ഒരുവഴിയുമില്ലെന്ന് തോന്നിയതുകൊണ്ട്
മരിക്കാൻ തന്നെ തീരുമാനിച്ചു.
അടുത്തുള്ള സൂയിസൈഡ് പോയിന്റെലേക്ക് ആണ് ഞാൻ ചെന്നത്.
ഒരുപാട് ആത്മഹത്യ ചെയ്ത ഇടമാണെന്ന് കേട്ടിട്ടുണ്ട്.
ഇവിടെ തന്നെ എന്റെ അവസാനവും….
ആ പാലത്തിൽ നിന്നും തന്നെ താഴോട്ട് ചാടാൻ ഞാൻ തീരുമാനിച്ചുറപ്പിച്ചു.
ആ ഗർത്തത്തിലേക്ക് നോക്കി നിന്നു.
എന്തോ വേദനയൊന്നും തോന്നിയില്ല.
ഒട്ടും പേടിയും ഉണ്ടായിരുന്നില്ല.
കുറച്ചുനേരം കണ്ണുകളച്ചു ഒരു നിമിഷം അപ്പന്റെയും അമ്മയുടെയും മുഖങ്ങൾ തെളിഞ്ഞുവന്നു.
ചാടാൻ തീരുമാനിച്ചു നിൽക്കുമ്പോൾ ആണ് ഇസ വന്നത് കൂടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.
“ഹലോ ആർ യൂ മലയാളി?”
എന്റെ തോളിലൊന്ന് തട്ടിവിളിച്ചുകൊണ്ട് അവൾ ചോദിച്ചു.
“മ്മ്മ് യെസ്”
“ക്യാൻ യൂ ടേക്ക് എ ഫോട്ടോ ഓഫ് അസ്?
പുഞ്ചിരിച്ചു കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ ആ കവിളത്ത് നുണക്കുഴി തെളിഞ്ഞുവന്നിരുന്നത് ഞാൻ കണ്ടു.
തിരിച്ചൊന്നും ഞാൻ പറഞ്ഞില്ല.
ഒന്നും പറയാനുള്ള അവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ.
ഞാൻ അവരുടെ ഫോട്ടോ എടുത്തുകൊടുത്തു
പക്ഷെ അവൾ വീണ്ടും തിരിച്ചു വന്നു
എന്നോട് സംസാരിക്കാൻ തുടങ്ങി.
പുഞ്ചിരിച്ചു കൊണ്ടു അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തട്ടി.
ഒരുപാടൊന്നും അവൾ പറഞ്ഞില്ലെങ്കിലും അതുമതിയായിരുന്നു എനിക്ക്
അവൾ എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്….
“ഹലോ…
അതേയ്.
ആത്മഹത്യക്കുള്ള ശ്രമം ആണെന്ന് മനസ്സിലായി.
എന്തിനാ വെറുതെ ദൈവം തന്ന ജീവിതം പാഴാക്കികളയുന്നത്.
യഥാർത്ഥത്തിൽ ഭീരുക്കൾ ആണ് ആത്മഹത്യ ചെയ്യുക.
നിങ്ങളുടെ പ്രശ്നം എന്താണെന്നൊന്നും എനിക്കറിയില്ല
എന്ത് പ്രശ്നത്തിനും ഒരു പരിഹാരമുണ്ട്.
എന്ത് പ്രശ്നം വന്നാലും തളരരുതെന്ന് എന്റെ ചേട്ടായി എന്നെ പഠിപ്പിച്ചിട്ടുണ്ട്.
ഒന്നുമില്ലെങ്കിലും ഇത്രയും കാലം ജീവിച്ചില്ലേ ഇനിയങ്ങോട്ടും ജീവിക്കെടോ”
എന്നും പറഞ്ഞു ഒന്ന് നുണക്കുഴികവിളുകാട്ടി പുഞ്ചിരിച്ചു കൊണ്ട് തോളിൽ തട്ടി അവൾ പോയി.
സത്യത്തിൽ അപ്പോഴാണ് ഞാൻ ശരിക്കും ചിന്തിക്കാൻ തുടങ്ങിയത്.
ഞാൻ എന്തിനാണ് മരിക്കുന്നത് എന്നതൊരു ചോദ്യമായി മുന്നിൽ വന്നു.
പിന്നീട് അങ്ങോട്ട് പിടിച്ചു നിൽക്കാനുള്ള ശ്രമമായിരുന്നു.
ജീവിക്കണം എന്നുള്ള വാശിയായിരുന്നു എന്നോട് തന്നെ….
ഒരുപാട് അലഞ്ഞതിനു ശേഷം ഒരു ജോലി തരപ്പെടുത്തി.
ആദ്യം രണ്ടുകാലിലൊന്ന് നിന്നു.
ബാംഗ്ലൂർ വിട്ട് നാട്ടിലേക്ക് മടങ്ങിയാലോ എന്നാലോചിച്ചു.
അങ്ങനെയിരിക്കെ അവളെ വീണ്ടും കണ്ടു അവസാനമായി ആ നഗരത്തിൽ വെച്ചു…..
പിന്നെ പിന്നെ ആ നുണക്കുഴി കവിലുള്ളവൾ മനസ്സിൽ വരാൻ തുടങ്ങി.
അവളോട് പതിയെ ഒരിഷ്ടം തോന്നി തുടങ്ങി.
പിന്നെ ഒരുപാട് അന്വേഷിച്ചു വിവരമൊന്നും അറിയാത്തതു കൊണ്ട് പ്രയോജനം ഉണ്ടായില്ല.
പിന്നെ എന്റെ ശ്രദ്ധ എങ്ങനെയെങ്കിലും ഒരു ബിസിനസ് ഒക്കെ തുടങ്ങണം എന്നായിരുന്നു.
അതിനിടയിൽ ഒന്നും നടന്നില്ല.
പിന്നീട് ഒരിക്കലും അവളെ വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
സത്യം പറഞ്ഞാൽ ഉള്ളിൽ ഒരു ദുഃഖം തോന്നിത്തുടങ്ങിയിരുന്നു.
പതിയെ പതിയെ ബിസിനസ് ഒക്കെ തുടങ്ങി പച്ചപ്പിടിച്ചു തുടങ്ങി.
അതിൽ ശ്രദ്ധകൊടുക്കാൻ തുടങ്ങി.
മനപ്പൂർവം അവളെ മറക്കാൻ ശ്രമിച്ചു എന്നു വേണമെങ്കിൽ പറയാം.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം എന്റെ കമ്പനിയിൽ അവൾ ജോയിൻ ചെയ്തത്.
അപ്പോൾ ശരിക്കും എനിക്ക് സന്തോഷമായി.
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
നമ്മൾ മറന്നാലും നമ്മൾ ഒരിക്കൽ ആഗ്രഹിച്ചത് ദൈവം മറക്കൂലെന്നു.
അത് സത്യമായതുപോലെ തോന്നി.
പ്രതീക്ഷിക്കാതിരുന്ന സമയത്ത് ഞാൻ മനസ്സിൽ കൊണ്ടുനടന്നവൾ എന്റെ മുന്നിൽ…..
പക്ഷെ പണ്ട് ഞാൻ കണ്ട ഇസയല്ല ഇപ്പോൾ എന്റെ മുന്നിൽ ഉള്ളത് എന്നെനിക്ക് മനസ്സിലായി.
എന്തൊക്കെയോ പ്രശ്നങ്ങൾ അവളെ വല്ലാതെ അലട്ടുന്നുണ്ട്.
അതെനിക്കറിയണമെന്നുണ്ട്.
അവൾക്കു വേണ്ടി എന്തുംചെയ്യാൻ തയ്യാറാണ് ജെയ്സൺ.
ജെറി പറഞ്ഞുനിർത്തി.
“ഓഹോ അപ്പോൾ അതാണല്ലേ കാര്യം.
ഞാനും ചിന്തിച്ചിരുന്നു അവൾ ജോലിക്ക് കയറിട്ടു കുറച്ചല്ലേ ആയുള്ളൂ അതുകൊണ്ട് അവളോടുള്ള നിന്റെ ഇഷ്ടത്തെ ചെറുതായി സംശയിച്ചെങ്കിലും ഇപ്പോഴാണ് ശരിക്കുമുള്ള കാരണം മനസ്സിലായത്.
ഇപ്പോൾ എനിക്ക് നിന്നെ പൂർണ വിശ്വാസമാണ്.
ഇനി ഇസയെ നിന്നിൽ വിശ്വസിച്ചു ഏൽപ്പിക്കാം”
“എന്നെ നിങ്ങൾക്ക് വിശ്വസിക്കാം.
പക്ഷെ എനിക്കറിയണം എന്താണ് അവൾ നേരിടുന്ന പ്രശ്നം എന്ന്….”
“ഞാൻ പറയാം ജെറി….
അഞ്ചുവർഷം മുൻപാണ് എല്ലാപ്രശ്നവും തുടങ്ങിയത്”
തുടരും….