കുട്ടിക്കാലം തൊട്ടുള്ള സ്നേഹം വേണ്ടാന്ന് വെച്ച് പോവാൻ ഹരിയേട്ടന് കഴിയില്ല എന്നെന്റെ മനസ്സ് പറഞ്ഞു….
സങ്കടങ്ങൾ മെല്ലെ പ്രതീക്ഷക്കൾക്ക് വഴിമാറി..
ഉറക്കത്തിൽ നിന്നും ഇവളെ വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല..
അതുകൊണ്ട് തന്നെ പുലരും വരെ കാത്തിരുന്നേ മതിയാവൂ..
എത്രയും പെട്ടെന്ന് നേരം പുലർന്നാൽ മതിയായിരുന്നു….
ഒരു ഭ്രാന്തിയെ പോലെ ഞാൻ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
ഇടക്കിടെ സമയം നോക്കി..
“ശ്ശോ ഇതെന്താ സമയം പോവാത്തത്..
ഈ രാത്രിക്ക് എന്താണ് ഇത്രയും നീളം….
എനിക്ക് ആകെ ദേഷ്യം വന്നു തുടങ്ങിയിരുന്നു….
ഒടുവിൽ ജനൽ പാളികൾ തുറന്നിട്ട് കൊണ്ട് ജനലരികിൽ ചെന്നു ഞാൻ ഇരുന്നു..
അമാവാസിയുടെ കറുപ്പിൽ നിന്നും ചന്ദ്രൻ മെല്ലെ മറ നീക്കി പുറത്ത് വന്നിരുന്നു..
പ്രിയതമന്റെ മുഖം പൂർണ്ണമായി കാണാൻ കൊതിപൂണ്ട് നക്ഷത്രകുമാരിമ്മാർ കണ്ണുകൾ ചിമ്മി നിൽക്കുന്നു….
ഇതൊന്നും ഗൗനിക്കാതെ തങ്ങളാണ് ഇരുട്ടിൽ പ്രകാശം പരത്തുന്നതെന്ന് അഹങ്കരിച്ചു കൊണ്ടാവണം മിന്നാ മിനുങ്ങുകൾ മുറ്റത്ത് പാറി കളിച്ചു നടക്കുന്നു….
രാത്രിയെ പ്രണയിച്ചു കൊണ്ട് ഇലഞ്ഞി പൂക്കൾ വിരിഞ്ഞെന്നു തോന്നുന്നു..
ജനലഴികളിൽ കൂടി കടന്ന് വന്ന കാറ്റിന് ഇലഞ്ഞി പൂക്കളുടെ മാദക ഗന്ധമുണ്ടായിരുന്നു…..
രാവിന്റെ കാഴ്ചകൾ ജനലഴികളിൽ കൂടി കണ്ടിരുന്നു എപ്പോഴോ ഞാൻ ഒന്ന് മയങ്ങി…..
പുലർച്ചെ കലപില കൂട്ടുന്ന പക്ഷികളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്….
നേർത്ത വെട്ടം വീണു തുടങ്ങിയതേ ഉള്ളൂ..
ഉറക്കത്തിന്റെ ആലസ്യം വെടിഞ്ഞു പുലരിയെ വരവേറ്റു കൊണ്ട് പക്ഷികൾ പാറി നടക്കുന്നു..
ഞാൻ നോക്കുമ്പോൾ ഇതൊന്നും അറിയാതെ ചുരുണ്ടു കൂടി പുതപ്പിനുള്ളിൽ കൂർക്കം വലിച്ചു ശ്രീക്കുട്ടി നല്ല ഉറക്കം തന്നെ ആയിരുന്നു….
അവൾ ഉണരുന്നത് കാത്തിരിക്കാനുള്ള ക്ഷെമ തീരെ ഇല്ലാതായത് കൊണ്ട് അവളെ വിളിച്ചു ഉണർത്തി കാര്യം പറയാൻ ഞാൻ തീരുമാനിച്ചു…..
“കുഞ്ഞു.. ഡി എഴുന്നേൽക്കടി നേരം വെളുത്തു..
“ഒന്ന് ചുമ്മാതിരി ചേച്ചി ഞാൻ ഇച്ചിരി നേരം കൂടി കിടക്കട്ടെ ….
“പറ്റില്ല എഴുന്നേറ്റേ.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..
“മ്മം പറഞ്ഞോ ഞാൻ കേട്ടോളാം എന്നവൾ പാതി മയത്തിൽ പറഞ്ഞു….
“ഡി പെണ്ണേ നീ മര്യാദക്ക് എഴുന്നേറ്റു വരുന്നുണ്ടോ അതോ ഞാൻ വെള്ളം കോരി ഒഴിക്കണോ..
അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല ….
“ഡി നീ എഴുന്നേറ്റ് വന്നിലെങ്കിൽ ഞാൻ ഇപ്പോൾ കെട്ടി തൂങ്ങി ചാവുമെ….
“ഓൾ ദി ബെസ്റ്റ് ചേച്ചി…. എന്റെ പുതപ്പ് എടുക്കരുത്..
സാരി അലമാരയിൽ കാണും..
“ഡി ദുഷ്ടേ അപ്പോൾ നിനക്ക് ഞാൻ ചത്താലും കുഴപ്പമില്ല അല്ലേ എന്നും പറഞ്ഞു ഞാൻ അവൾക്കിട്ട് ഒരിടി കൊടുത്തു….
“അയ്യോന്ന് കാറി കൊണ്ടവൾ എഴുന്നേറ്റിരുന്നു..
“ചേച്ചിക്ക് ഇപ്പോൾ എന്താ വേണ്ടത്..
“ഡി അതുപിന്നെ നീ എനിക്കൊരു ഉപകാരം ചെയ്യണം..
“ഈ കൊച്ചു വെളുപ്പാൻ കാലത്ത് എന്ത് ഉപകാരം ചെയ്യാനാണ് ചേച്ചി.. കുറച്ചു കഴിഞ്ഞിട്ട് പോരെ..
“മതി.. പക്ഷേ നീ ഞാൻ ആദ്യം പറയുന്നത് ഒന്ന് കേൾക്ക്..
“പണ്ടാരമടങ്ങാൻ പറഞ്ഞു തൊലക്ക്…..
“നീ ദേഷ്യപ്പെടല്ലേ ഞാൻ പറയാം..
നീ രാവിലെ തന്നെ പോയി ഹരിയേട്ടനെ എങ്ങനെയെങ്കിലും ഒന്ന് കണ്ട് വൈകുന്നേരം അമ്പലത്തിൽ വരാൻ പറയണം….
എനിക്ക് ഹരിയേട്ടനോട് അത്യാവശ്യമായി കുറച്ചു സംസാരിക്കാൻ ഉണ്ടെന്ന് പറ….
“ഹരിയേട്ടനോടോ.. എന്നെക്കൊണ്ടൊന്നും പറ്റില്ല..
ആ പൂതനയമ്മായി അവിടെ കാണും..
എനിക്ക് വയ്യ രാവിലെ അവരുമായി അങ്കം വെട്ടാൻ..
“ചേച്ചിയുടെ പൊന്നല്ലേ പ്ലീസ്..
ചേച്ചി എന്ത് വേണമെങ്കിലും വാങ്ങിത്തരാം ..
ഞാൻ ചെന്നാൽ അമ്മായി പിന്നെ എന്റെ പുറകിൽ നിന്നും മാറില്ല..
ഹരിയേട്ടനോട് സംസാരിക്കാനും കഴിഞ്ഞെന്ന് വരില്ല അതുകൊണ്ടാണ്..
“മ്മ്മം.. ശെരി ഞാൻ പോയി പറയാം..
ഈശ്വരാ..ആ പൂതനയമ്മായി എന്നെ കൊല്ലാതിരുന്നാൽ മതിയായിരുന്നു..
“ഹഹഹ ഹേ അങ്ങനെ ഒന്നും ഉണ്ടാവില്ലെടി.. എന്നും പറഞ്ഞു ഞാൻ അവളെ ഒന്ന് സപ്പോർട്ട് ചെയ്തു കൊടുത്തു..
അവളും അമ്മായിയും പണ്ട് തൊട്ടേ അടിയാണ്..
അമ്മായി ഒന്ന് പറഞ്ഞാൽ അവൾ പത്തു പറയും..
അതുകൊണ്ട് തന്നെ അമ്മായിക്ക് അവളെ ഒരൽപ്പം പേടിയും ഉണ്ട്..
അതുകൊണ്ട് തന്നെയാണ് ഈ ദൈത്യം ഞാൻ അവളെ ഏൽപ്പിച്ചത്….
എന്തായാലും ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും…..
അവളുടെ കൂടെ തന്നെ നിന്നു ഒരുക്കി കഴിപ്പിച്ചു അവളെ പറഞ്ഞു വിട്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്..
എന്റെ സ്നേഹപ്രകടനം അവൾക്ക് ചിരിയും വന്നു..
“ചേച്ചി എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ എന്നവൾ പറയുകയും ചെയ്തു..
കാര്യം കാണാൻ കഴുതക്കാലും പിടിക്കണമല്ലോ..
———————————————————
അമ്മായിയുടെ വീട്ടിൽ നിന്നും അവൾ ഉച്ചയോടെ തിരിച്ചെത്തി..
ഹരിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്നും ഏട്ടൻ വരാമെന്ന് പറഞ്ഞെന്നും അവൾ വന്നു പറയുമ്പോൾ എന്റെ ഉള്ളിൽ സന്തോഷം അലയടിക്കുക യായിരുന്നു….
നോവ് പടർന്നിരുന്ന നെഞ്ചിൽ പ്രതീക്ഷയുടെ മഞ്ഞ മന്ദാര പൂക്കൾ വിരിഞ്ഞു..
വൈകുന്നേരമാവാനായി ഞാൻ കൊതിയോടെ കാത്തിരുന്നു..
ഹരിയേട്ടൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന നീല ദാവണി അണിഞ്ഞു പലവട്ടം കണ്ണാടിയുടെ മുന്നിൽ നിന്ന് ഭംഗി നോക്കി..
ഹരിയേട്ടനെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കാൻ ആവുമെന്ന് വിശ്വാസം ഉണ്ടായിരുന്നത്
കൊണ്ടാവും ഉള്ളിൽ പ്രണയത്തിന്റെ മനോഹര പുഷ്പങ്ങൾ വീണ്ടും പൂവിട്ടത്….
പ്രതീക്ഷകളുടെ സ്വപ്നങ്ങളും പേറി
വൈകുന്നേരത്തോടെ ഞാൻ അമ്പലപറമ്പിലെ ആൽത്തറക്ക് മുന്നിൽ എത്തി….
അമ്പലത്തിലെ ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം പേറുന്ന കാറ്റെന്നെ തഴുകി കടന്നു പോയി കൊണ്ടിരുന്നു..
കാറ്റിന്റെ താളത്തിനൊത്തു ആലിലകൾ നൃത്തം വെക്കുകയാണ്….
ഈ ആൽത്തറയിൽ മണിക്കൂറുകളോളം പ്രണയം പങ്കിട്ടു ഞാനും ഹരിയേട്ടനും ഇരുന്നിട്ടുണ്ട്….
ഏട്ടന്റെ തോളോട് തോൾ ചേർന്നു കഥകളും തമാശകളും പൊട്ടിച്ചിരികളുമായി നേരം പങ്കിട്ടിരുന്നപ്പോൾ അന്ന് ഈ ആൽമരക്കൊമ്പിൽ ഇരുന്നിരുന്ന കിളികൾക്ക് പോലും ഞങ്ങളോട് അസൂയയായിരുന്നു….
ആ പ്രണയകാലം ഒരിക്കൽ കൂടി തിരികെ വന്നിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോവുന്നു….
ഓരോന്ന് ഓർത്തു നേരം പോയതറിഞ്ഞില്ല….
ആകാശത്തു ചെഞ്ചുവപ്പു പടർത്തി കൊണ്ടു സൂര്യൻ രാവിന് വഴിമാറി കൊടുക്കാൻ ഒരുങ്ങുകയാണ് ..
ഹരിയേട്ടനെ കാണുന്നില്ലല്ലോ ഭഗവതി..
“ഇനി ഏട്ടൻ വരാതെങ്ങാനും ഇരിക്കുമോ..??
ഹേയ് ഇല്ല വരും.. അമ്മായിയുടെ കണ്ണിൽ പെടാതെ വരാൻ ഇരിക്കുന്നത് കൊണ്ടാവും ഈ താമസം..
എന്നിങ്ങനെ ഓരോന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഞാൻ നിൽക്കുമ്പോളേക്കും ദൂരെ നിന്നും ഹരിയേട്ടൻ വരുന്നത് കണ്ടു..
ഏട്ടനെ കണ്ടതും പതിവില്ലാതെ എന്റെ നെഞ്ചിടിപ്പിന് വേഗതയേറി..
ഓടിച്ചെന്നു ഒന്ന് കെട്ടിപിടിച്ചാലോ എന്ന് വരെ ചിന്തിച്ചു..
മനസ്സിന്റെ നിയന്ത്രണം കൈവിട്ടു പോവുമ്പോലെ..
മനസ്സിൽ ഓരോ ചിന്തകൾ നിറഞ്ഞപ്പോഴേക്കും ഹരിയേട്ടൻ ഇങ്ങെത്തി..
ഞാൻ എന്താണ് പറയാൻ പോവുന്നത് എന്നറിയാത്തത് കൊണ്ടാവും ആ മുഖത്ത് ഒരു പരിഭ്രമം പടരുന്നത് ഞാൻ കണ്ടു..
അൽപ്പ സമയത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു..
ഒടുവിൽ മൗനത്തെ ഭേദിച്ചു കൊണ്ട് ഏട്ടൻ സംസാരിച്ചു തുടങ്ങി..
“നീ എന്തിനാണ് കാണണം എന്ന് പറഞ്ഞത്..
ഏട്ടന്റെ വാക്കുകളിൽ പതിവില്ലാത്ത ഒരു ഗൗരവഭാവം കലർന്നിരുന്നു..
“അതുപിന്നെ ഏട്ടാ ഞാൻ കേട്ടതൊക്ക സത്യമാണോ..??
ഏട്ടന്റെ കല്യാണം ഉറപ്പിച്ചോ..??
“സത്യമാണ്.. അതുകൊണ്ട് ആണല്ലോ അമ്മയും അച്ഛനും വന്നു കല്യാണം വിളിച്ചത്..
“എനിക്ക് അറിയേണ്ടത് ഏട്ടന്റെ പൂർണ്ണ സമ്മതത്തോടെയാണോ ഈ കല്യാണം എന്നാണ്..??
“മ്മ്മം അതേ.. എന്റെ സമ്മതത്തോടെ തന്നെയാണ് എന്നെന്റെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെ ഹരിയേട്ടൻ പറഞ്ഞു..
“ഏട്ടാ.. ഏട്ടന് ഇതിന് എങ്ങനെ കഴിഞ്ഞു..??
ഇത്രവേഗം എന്നെ മറക്കാൻ.. എന്റെ സ്നേഹം വേണ്ടെന്ന് വെക്കാൻ ഏട്ടനായോ..??
നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ഞാൻ ചോദ്യശരങ്ങൾ തൊടുത്തു വിട്ടപ്പോൾ അതൊന്നും കാര്യമാക്കാതെ ഒരു കൂസലുമില്ലാതെ ഹരിയേട്ടൻ നിന്നു..
“ഏട്ടനെന്താ ഒന്നുമിണ്ടാത്തത്.. പറ
“ഞാനെന്ത് പറയാനാണ്..
നിന്നെ കെട്ടി ജീവിതം തൊലക്കാൻ ഞാനില്ല..
അതുകൊണ്ട് തന്നെ പിരിയുന്നതാണ് നമുക്ക് നല്ലത്..
പിന്നെ ഓരോന്ന് പറഞ്ഞു ഇനി നീ വെറുതെ പ്രശ്നം ഉണ്ടാക്കാൻ നിക്കരുത് എന്നെന്റെ മുഖത്തടിച്ചത് പോലെ ഹരിയേട്ടൻ പറയുമ്പോൾ
നോവ് പടർത്തിക്കൊണ്ട് ആ വാക്കുകൾ എന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി..
വാക്കുകൾക്ക് ആയുധത്തേക്കാൾ മൂർച്ചയുണ്ടെന്നു പറയുന്നത് സത്യമാണെന്നു ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു……
തിരിച്ചൊന്നും പറയണവാതെ വാക്കുകൾ നെഞ്ചിൽ വിങ്ങലായി മാറിയപ്പോൾ കവിൾത്തടങ്ങളിലൂടെ ഒഴുകി വീഴുന്ന കണ്ണീരുമായി ഞാൻ നിന്നു..
“ഞാൻ പോവുന്നു.. പിന്നെ പഴയതെല്ലാം നീ മറക്കണം..
ഈ ജന്മം ഒന്നാവാൻ നമുക്ക് വിധിയില്ല എന്ന് കരുതിയാൽ മതി എന്ന് പറഞ്ഞു കൊണ്ട് ഹരിയേട്ടൻ നടന്നു….
അതുവരെ ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും വാക്കുകൾ കൊണ്ട് അഗ്നിക്കിര യാക്കി ഓർമ്മകളുടെ ഭാരം പേറുന്ന ചാരം എന്നിൽ അവശേഷിപ്പിച്ചു കൊണ്ട് ഹരിയേട്ടൻ നടന്നകലുന്നതു കണ്ണീരിന്റെ നനവോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…..
——————————————————–
നഷ്ടപ്രണയത്തിന്റെ ഭ്രാന്ത് പേറിയാണ് ഞാൻ തിരിച്ചു തറവാട്ടിൽ എത്തിയത്..
എന്നോട് തന്നെ വെറുപ്പ് തോന്നുന്ന ഭ്രാന്തമായൊരാവസ്ഥ..
മുറിയിൽ എത്തിയപ്പാടെ ഹരിയേട്ടൻ എനിക്ക് എഴുതി അയച്ചിരുന്ന കത്തുകളും ഗിഫ്റ്റുകളും എല്ലാം എടുത്തു കൊണ്ടു മുറ്റത്തിട്ട് കത്തിച്ചു….
കുട്ടിക്കാലം തൊട്ട് മനസ്സിൽ കൊണ്ട് നടന്നിരുന്ന എന്റെ പ്രണയത്തെ അഗ്നിക്ക് ഇരയാക്കുമ്പോൾ എന്റെ ജീവിതത്തിൽ ഇനിയൊരു പ്രണയമില്ലെന്നു അഗ്നിസാക്ഷിയായി ഞാൻ പ്രതിജ്ഞ എടുത്തു..
എല്ലാം കത്തിയമർന്നു ഒരുപിടി ചാരമായി മാറിയ പ്പോളേക്കും ഹരിയേട്ടനെ ഓർത്തുള്ള അവസാനത്തുള്ളി കണ്ണീരും എന്റെ കവിൾത്തടങ്ങളിൽ കൂടി ഒഴുകി മണ്ണിലേക്കു പതിച്ചു..
ഇനിയൊരിക്കലും ഏട്ടനെ ഓർത്തു കരയില്ല എന്നുറപ്പിച്ചു കണ്ണീർ തുടച്ചു കൊണ്ട് ഞാൻ തിരിയുബോൾ എല്ലാം കണ്ടു കൊണ്ട് അമ്മയും ശ്രീക്കുട്ടിയും ഉണ്ടായിരുന്നു..
അവർക്ക് പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കേറി പോയി..
——————————————————–
പുറമെ എത്ര ശ്രമിച്ചാലും അണയാതെ കനൽ പോലെ ചില ഓർമ്മകൾ നെഞ്ചിൽ നീറി നീറി പുകഞ്ഞു കൊണ്ടിരുന്നു..
അങ്ങനെ ഹരിയേട്ടന്റെ കല്യാണദിവസം വന്നെത്തി..
കല്യാണത്തിന് പോവാൻ തറവാട്ടിൽ മറ്റാരേക്കാളും ഉത്സാഹം എനിക്കായിരുന്നു…..
എന്റെ ഉത്സാഹം കണ്ട് അവർക്കൊക്കെ അത്ഭുതം തോന്നി..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാൻ മുറിയിൽ അടച്ചു പൂട്ടി ഇരിക്കുമെന്നായിരുക്കും അവർ ഓർത്തത്….
പക്ഷേ എനിക്ക് അതിന് ആവില്ല….
സ്വന്തമെന്നു കരുതി സ്വപ്നം കണ്ടു നടന്നായാളെ മറ്റൊരാൾ സ്വന്തമാക്കുന്ന കാഴ്ച്ച എനിക്ക് നേരിൽ കാണണമായിരുന്നു…..
മറ്റൊന്നിനും വേണ്ടിയല്ല ഇനിയൊരിക്കലും അത് സ്വന്തമല്ല.. സ്വന്തമാവില്ല എന്ന് നേരിൽ കണ്ടു ഉറപ്പിക്കാൻ വേണ്ടി മാത്രം…..
അണിഞ്ഞൊരുങ്ങി ഞങ്ങൾ അമ്പലത്തിൽ എത്തുമ്പോൾ മുഹൂർത്തം ആവാറായിരുന്നു…..
ഹരിയേട്ടന്റെ മുഖത്ത് സന്തോഷം പടർന്നു പന്തലിച്ചു നിൽക്കുന്നത് പോലെ എനിക്ക് തോന്നി…..
എന്നെ കണ്ടിട്ടും കാണാത്ത ഭാവം നടിച്ചാണ് നിൽപ്പ്..
അതിനിടയിൽ മുഹൂർത്തമായെന്നു ആരോ വിളിച്ചു പറഞ്ഞു..
പൂജാരി പൂജിച്ചു നൽകിയ താലി ഹരിയേട്ടൻ കൈകളിൽ എടുക്കുമ്പോൾ ആ കണ്ണുകൾ എന്റെ മേൽ പതിച്ചു..
ആ താലി ഏട്ടൻ എന്റെ കഴുത്തിൽ അണിയിച്ചിരുന്നു എങ്കിലെന്ന് ഒരു നിമിഷം ഞാൻ ആശിച്ചു പോയി …..
(തുടരും…)
(സ്നേഹപൂർവ്വം… ശിവ )
ADIPOLI KATTA WYTNG FOR THE NXT PRT…..