ശ്രീലക്ഷ്മി – ഭാഗം 5

  • by

2508 Views

sreelakshmi shiva novel

ഉള്ളിൽ സങ്കട കടൽ അലയടിച്ചു കൊണ്ടിരുന്നെങ്കിലും അതൊന്നും പുറമെ കാട്ടാതെ മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ ഹരിയേട്ടനെ നോക്കി നിന്നു….

സത്യത്തിൽ എന്റെ മനസ്സപ്പോൾ ഒരുതരം മരവിച്ച അവസ്ഥയിൽ ആയിരുന്നു….

എന്നെ നോക്കി കൊണ്ടു തന്നെ ഹരിയേട്ടൻ ആ പെണ്ണിന്റെ കഴുത്തിൽ താലി അണിയിച്ചു…..

കൂടി നിന്ന പലരുടെയും കണ്ണുകൾ അപ്പോൾ എന്റെ മേൽ ആയിരുന്നു..

യാതൊരു ഭാവ വ്യത്യാസങ്ങളും ഇല്ലാതെയുള്ള എന്റെ നിൽപ്പ് അവരെ ശെരിക്കും അത്ഭുതത്തിൽ ആഴ്ത്തി..

ഒരുപക്ഷെ ഹരിയേട്ടനെ പോലും…..

കണ്ണീരിന്റെ നനവില്ലാതെ പുഞ്ചിരിച്ച മുഖവുമായി ഏട്ടന്റെ കല്യാണം കൺനിറയെ കണ്ടു ഞാൻ തറവാട്ടിലേക്ക് മടങ്ങി….

ഞാൻ എന്തെങ്കിലും അബദ്ധം ചെയ്യുമോ എന്ന് പേടിച്ചാവും ശ്രീക്കുട്ടിയും  എന്റെ ഒപ്പം വന്നു…..

തറവാട്ടിൽ ചെന്നപാടെ മുറിയിൽ കയറി ഞാൻ കുറ്റിയിട്ടതും ശ്രീക്കുട്ടി ഒന്ന് ഭയന്നു…..

“ചേച്ചി വാതിൽ തുറക്കെന്നും പറഞ്ഞവൾ മുട്ടി വിളിച്ചു കൊണ്ടിരുന്നു…..

“നിനക്ക് എന്താടി പെണ്ണേ മനുഷ്യനെ ഉടുപ്പ് മാറാനും സമ്മതിക്കില്ലേ എന്നും ചോദിച്ചു കൊണ്ട്  ഞാൻ വാതിൽ തുറന്നു…..

“ഹോ ഉടുപ്പ് മാറാൻ ആയിരുന്നോ..?? ഞാൻ വെറുതെ പേടിച്ചു പോയി..

“ഹഹഹ എന്തിന് ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഓർത്തോ..

അങ്ങനിപ്പോൾ ഞാൻ മരിച്ചിട്ട് നീ സുഖിക്കണ്ട എന്നും പറഞ്ഞു ഞാൻ അവളുടെ കവിളത്തൊരു നുള്ള് വെച്ച് കൊടുത്തു…..

അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും  ഉള്ളിലെ ഭയം കെട്ടടങ്ങിയില്ല എന്നെനിക്ക് മനസ്സിലായി…..

എന്നെയോർത്തു വിഷമിക്കുന്ന ഇവരുടെ സന്തോഷത്തിന് വേണ്ടിയെങ്കിലും

ഇനിയുള്ള കാലം 

പഴയ കുസൃതിയും കുറുമ്പും നിറഞ്ഞ കാന്താരി പെണ്ണായി മാറാൻ ഞാൻ ശ്രമിച്ചു തുടങ്ങണം എന്നൊരു തീരുമാനം ഞാൻ എടുത്തു..

——————————————————–

ദിവസങ്ങൾ മുന്നോട്ട് പോവും തോറും  തറവാട്ടിൽ പഴയ കളിയും ചിരിയും വന്നു ചേർന്നു കൊണ്ടിരുന്നു..

എന്റെയും ശ്രീക്കുട്ടിയുടെയും കളി ചിരികളാൽ അച്ഛന്റെയും അമ്മയുടെയും സങ്കടം പതിയെ സന്തോഷത്തിന് വഴിമാറി…..

പക്ഷേ രാത്രിയുടെ നിശബ്ദതയിൽ ചില ഓർമ്മകൾ എന്നെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നത് എനിക്കും തലയിണക്കും മാത്രം അറിയാവുന്ന രഹസ്യമായി ഞാൻ നിലനിർത്തി…..

കണ്ണീരിന്റെ നനവ് പടർന്ന തലയിണയും കെട്ടിപിടിച്ചു കൊണ്ടായിരുന്നു ഓരോ രാവും ഞാൻ കഴിച്ചു കൂട്ടിയത്…..

മറക്കാൻ ശ്രമിക്കും തോറും തിരമാല കണക്കിന് വാശിയോടെ ഓർമ്മകൾ എന്നിലേക്ക് ആഞ്ഞടിച്ചു കൊണ്ടിരുന്നു….

അതിനിടയിൽ ഹരിയേട്ടൻ ഭാര്യയുമായി വീട്ടിൽ വിരുന്നിനെത്തി….

ഹരിയേട്ടന്റെ മുഖത്ത് നിറഞ്ഞിരുന്ന സന്തോഷം കണ്ടപ്പോൾ തന്നെ എനിക്ക്  മനസ്സിലായി ആ മനസ്സിലിപ്പോൾ ഞാനില്ല എന്ന്….

“ഇവളെ കിട്ടിയത് എന്റെ ഭാഗ്യമാണ്.. നിന്നെ പോലെ അല്ല നല്ല വിവരം ഉള്ള കുട്ടിയാണ്..

പോരാത്തതിന് മോഡേണും ആണ്..

പിന്നെ നീ എന്നെ ഓർത്തു കഴിയരുത് വേറെ കല്യാണം ഒക്കെ കഴിക്കണം എന്നൊക്ക ഒരു  പുച്ഛ ചിരിയോടെ അവളെ നിർത്തികൊണ്ട് ഏട്ടൻ പറയുമ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു..

മറുപടി ഒന്നും പറയാതെ ഞാൻ പുഞ്ചിരിച്ചു….

ഇങ്ങനെ ഒരുത്തനെ ആണല്ലോ ഭഗവതി  ഇത്രയും കാലം സ്നേഹിച്ചത് …..

എത്ര പെട്ടെന്നാണ്  ഏട്ടൻ മാറിയത് എന്ന് ഞാൻ ഓർത്തു….

സ്നേഹമൂറുന്ന വാക്കുകളുമായി നീ ഇല്ലെങ്കിൽ ഞാനില്ല പെണ്ണേ എന്ന് പറഞ്ഞു നടന്നിരുന്ന ആളാണ് ഇപ്പോൾ മറ്റൊരു പെണ്ണിനേയും കെട്ടി എന്റെ മുന്നിൽ ഒരു കൂസലുമില്ലാതെ നിന്നത്…..

ഏട്ടൻ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളും ഒരു നിമിഷം എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു..

ഒടുവിൽ വിരുന്നും കഴിഞ്ഞു ചിരി കളികളോടെ അവർ യാത്രയാവുന്നതും നോക്കി ജനലരികിൽ ഞാൻ നിന്നു….

——————————————————–

ഇല കൊഴിയും പോലെ  പിന്നെയും ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു….

ഇതിനിടയിൽ  എന്റെ കല്യാണക്കാര്യം അമ്മയും അച്ഛനും പല തവണ എടുത്തിട്ടെങ്കിലും വളരെ സമൃദ്ധമായി ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി….. കാരണം

ഇനിയൊരു പ്രണയമോ വിവാഹ ജീവിതമോ വേണ്ടെന്നുള്ള ഒരു തരം വാശിയായിരുന്നു എന്റെ ഉള്ളിൽ…..

പിന്നെ അതിനുമപ്പുറമായി  കേവലം ജാതകത്തിന്റെ പേരിൽ സ്നേഹിച്ചവൻ  പാതി വഴിയിൽ ഉപേക്ഷിച്ചു പോയപ്പോൾ എന്തോ  ആത്മാർത്ഥമായ  സ്നേഹത്തിൽ ഉള്ള വിശ്വാസം ഒക്കെ തന്നെ എനിക്ക് നഷ്ടമായിരുന്നു…..

അങ്ങനെ ഉള്ള എനിക്ക്  എങ്ങനെ ഒരാളെ  സ്നേഹിക്കാൻ കഴിയും…..

അതുകൊണ്ട് തന്നെ  ഇനിയുള്ള കാലം പഠിത്തത്തിന്റെ ഒക്കെ കാര്യം പറഞ്ഞു ഇങ്ങനെ തന്നെ അങ്ങ് ജീവിച്ചു പോവാം എന്ന് ഞാൻ തീരുമാനിച്ചിരുന്നു….

പക്ഷേ എന്റെ കണക്ക് കൂട്ടലുകൾക്ക്  അധികം ആയുസ്സ് ഉണ്ടായിരുന്നില്ല..

എനിക്ക് പാരയായി പഴയ പ്രൊപോസലുമായി കുറുപ്പേട്ടൻ വീണ്ടും വന്നു….

അവർക്ക് എന്നെ ഇഷ്ടമായി.. സ്ത്രീധനം ഒന്നും വേണ്ട പെണ്ണിനെ മാത്രം  മതി എന്നവർ പറഞ്ഞത്രേ….

അത് കൂടി കേട്ടതോടെ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷമായി….

പണത്തിന്റെയും സ്വർണ്ണത്തിന്റെയും ത്രാസ്സിൽ വെച്ച് പെണ്ണിനെ അളക്കാത്ത ഒരു കുടുംബത്തിലേക്ക് തങ്ങളുടെ മോളെ കെട്ടിച്ചു വിടാൻ കഴിഞ്ഞാൽ അത് വലിയ ഭാഗ്യം തന്നെയാണെന്ന് അവർ കുറുപ്പേട്ടനോട് പറയുന്നത്  ഞാൻ കേട്ടു….

“എന്നാലും എന്റെ ഭഗവതി എന്നോട് ഈ ചതി വേണ്ടായിരുന്നു….

ഇനി ഇതെന്റെ തലയിൽ ആവാതെ ഇരിക്കാണെങ്കിലും നീ ഒന്ന് കൂടെ നിന്നേക്കണേ എന്ന് ഞാനാ നിമിഷം പ്രാത്ഥിച്ചു പോയി…..

അല്ല എന്നാലും എല്ലാം തുറന്നു പറഞ്ഞിട്ടും  കുറുപ്പേട്ടൻ വഴി വീണ്ടും ഈ പ്രൊപോസൽ കുത്തി പൊക്കി  കൊണ്ട് വരണം എങ്കിൽ എന്തായിരിക്കും അവന്റെ ഉദ്ദേശം….

എത്ര ആലോചിച്ചു നോക്കിയിട്ടും  എനിക്കൊരു എത്തും പിടിയും കിട്ടിയില്ല….

എന്ത്‌ തന്നെ ആയാലും അവന്റെ ഒരു ഉദ്ദേശവും എന്റെ അടുത്ത് നടക്കാൻ പോവുന്നില്ല….

എന്ത്‌ ചെയ്തിട്ട് ആണെങ്കിലും വേണ്ടില്ല  ഈ പ്രൊപോസൽ  ഞാൻ മുടക്കും എന്ന് തീരുമാനിച്ചു കൊണ്ട്

അതിനുള്ള വഴികളെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങി….

——————————————————–

“മോളെ അന്ന് വന്നു നിന്നെ കണ്ടിട്ട് പോയ ആ തറവാട്ടുകാർക്ക് നിന്നെ ഇഷ്ടമായി കല്യാണത്തിന് താല്പര്യമുണ്ട് എന്നൊക്കെ കുറുപ്പ്  വഴി അറിയിച്ചിട്ടുണ്ട്..

ഞാൻ അന്വേഷിച്ചു അറിഞ്ഞിടത്തോളം  അവർ നല്ല കൂട്ടരാണ്..

അത് കൊണ്ട് തന്നെ നിന്റെ സമ്മതം ചോദിക്കാതെ തന്നെ അച്ഛൻ അവർക്ക് വാക്ക് കൊടുത്തു പോയി എന്ന് അച്ഛൻ വന്നു പറയുബോൾ ഞാനാകെ ഞെട്ടി പോയി..

“അച്ഛനോട് ആര് പറഞ്ഞു എന്റെ സമ്മതമില്ലാതെ പോയി അവർക്ക് വാക്ക് കൊടുക്കാൻ….??

എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട..

എനിക്കിനിയും പഠിക്കണം..

“മോളെ അതുപിന്നെ നീ  അച്ഛന്റെ ഇഷ്ടത്തിന്  എതിര് നിൽക്കില്ല എന്നോർത്ത് അച്ഛൻ വാക്ക് കൊടുത്തു പോയതാണ്….

പിന്നെ പഠിത്തം  അത് കല്യാണം കഴിഞ്ഞും ആവാമല്ലോ….

“അതൊന്നും ശെരിയാവില്ല അച്ഛാ.. ഈ കല്യാണം നടക്കില്ല..

“മോളെ നിന്റെ മനസ്സിൽ എന്താണെന്നു അച്ഛനറിയാം..

പക്ഷേ ഈ അച്ഛന്റെ മനസ്സ് കൂടി മോൾ മനസ്സിലാക്കണം..

കെട്ടുപ്രായം എത്തിയ പെണ്മക്കൾ ഉള്ള ഏതൊരു അച്ഛനമ്മാരു ടെയും നെഞ്ചിൽ  അവരെ നല്ലൊരാളുടെ കൈ പിടിച്ചു കൊടുക്കും വരെ തീയായിരിക്കും….

ഇപ്പോൾ തന്നെ പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാവർക്കും ചോദിക്കാനുള്ളത് നിന്നെ കുറിച്ചാണ്….

നിന്റെ കല്യാണത്തെക്കുറിച്ച്….

അവരുടെ ഒക്കെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു ഞങ്ങൾ മടുത്തു..

പിന്നെ ഇതിപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല നല്ല ബന്ധം ആണെന്ന് തോന്നിയത് കൊണ്ട്  അച്ഛൻ അവർക്ക് വാക്കും കൊടുത്തു പോയി..

ഇനി ആ വാക്ക് മാറ്റി പറയേണ്ടി വന്നാൽ പിന്നെ ഈ അച്ഛനെ നീ ജീവനോടെ കാണില്ല….

“അച്ഛാ..അച്ഛൻ  എന്തൊക്കെയാണ് ഈ പറയുന്നത്…

എനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ ഞാൻ കല്യാണം കഴിക്കണോ..??

“മോളെ നിന്റെ മനസ്സിൽ ഇപ്പോളും ഹരിയാണെന്ന് എനിക്ക് അറിയാം..

അതുകൊണ്ടല്ലേ  നീ കല്യാണത്തിന് സമ്മതിക്കാത്തത്..

“ഹേ അല്ല അച്ഛാ.. സത്യമായും

എനിക്ക് അയാളെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ്..

“മോളെ അതൊക്കെ ഇപ്പോഴത്തെ നിന്റെ അവസ്ഥ കൊണ്ട്  തോന്നുന്നതാണ് ..

എനിക്ക് ഉറപ്പുണ്ട് കല്യാണം കഴിയുബോൾ തൊട്ടു  നിനക്ക് അവനെ ഇഷ്ടമാവുമെന്ന്..

എന്നു പറഞ്ഞു കൊണ്ട് അച്ഛൻ ഉമ്മറത്തേക്ക് പോയി..

“മോളെ.. നീ എന്താടി ഇങ്ങനെ..??

അച്ഛൻ ഒരുപാട് വിഷമം ആയിക്കാണും എന്നും പറഞ്ഞു കൊണ്ട്  അപ്പോഴേക്കും  അമ്മയും  എന്റെ അടുത്ത് വന്നു..

“ഓ ഒരാൾ പോയ ഉടനെ തന്നെ  അടുത്തയാളും വന്നല്ലോ..

“മോളെ എന്താ നിന്റെ ഉദ്ദേശം..??

കല്യാണക്കാര്യം പറയുമ്പോളുള്ള നിന്റെ ഒഴിഞ്ഞുമാറ്റം പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്….

നീ ഇപ്പോഴും പഴയത് എല്ലാം ഓർത്തു നടക്കുവാണോ..??

മോളെ അവൻ കല്യാണം ഒക്കെ കഴിച്ചു സുഖമായല്ലേ ജീവിക്കുന്നത്..

പിന്നെ നീ എന്തിനാണ് അവനെ ഓർത്തു കഴിയുന്നത്..??

“അമ്മയിത് എന്തൊക്കെയാണ് ഈ പറയുന്നത്..??

ഞാൻ പഴയതൊന്നും ഓർക്കാറുപോലും ഇല്ല..

പിന്നെ ഹരിയേട്ടനെ കുറിച്ച് ഞാൻ ചിന്തിക്കാറേ ഇല്ല..

“മോളെ നീ കള്ളം പറയണ്ട..

ഒരു  മകളുടെ മനസ്സ് വായിക്കാൻ അമ്മയോളം കഴിവ് മറ്റാർക്കും തന്നെ  ഉണ്ടാവില്ല..

എന്തായാലും അമ്മക്ക് ഒന്നേ പറയാനുള്ളൂ അച്ഛന്റെ തല കുനിക്കാൻ  നീ ഇടവരുത്തരുത്..

അത് താങ്ങാനുള്ള കരുത്തു അച്ഛനുണ്ടാവില്ല….

ഇതിന്റെ പേരിൽ അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നീ ഈ അമ്മയെയും ജീവനോടെ കാണില്ല….

“എന്തിനാണ് അമ്മേ എല്ലാരും കൂടി  ഇങ്ങനൊക്കെ സംസാരിക്കുന്നത്.. എന്നെ എന്താ ആരും മനസ്സിലാക്കാത്തത്….??

“നിന്നെ ഞങ്ങൾക്ക് മനസ്സിലാവും അതുപോലെ അച്ഛനമ്മമാരുടെ മനസ്സ് മക്കളും മനസ്സിലാക്കണം എന്നും പറഞ്ഞു  കൊണ്ടു അമ്മയും  എഴുന്നേറ്റു പോയി..

അമ്മ പോയതും അവർ പറഞ്ഞതിനെ കുറിച്ച് ഞാൻ ചിന്തിച്ചു നോക്കി….

അച്ഛനും അമ്മയും പറഞ്ഞ വാക്കുകൾ എന്റെ കാതിൽ വീണ്ടും വീണ്ടും  മുഴങ്ങി കൊണ്ടിരുന്നു….

ഇല്ല അവരുടെ മനസ്സ് വേദനിപ്പിക്കാൻ എനിക്ക് ആവില്ല..

ഞാൻ കാരണം ഇനി അവർക്ക് ഒന്നും സംഭവിക്കാൻ പാടില്ല

അതുകൊണ്ട് തന്നെ വേറെ വഴിയില്ലാതെ വിവാഹത്തിന് സമ്മതം മൂളാൻ  തന്നെ ഞാൻ ഒടുവിൽ തീരുമാനിച്ചു….

——————————————————–

വിവാഹത്തിന് ഞാൻ സമ്മതം മൂളിയതും പിന്നെ എല്ലാം പെട്ടെ ന്നായിരുന്നു….

ഒരാഘോഷം പോലെ തന്നെ ഈ വിവാഹം നടത്തണമെന്ന് അച്ഛന് വാശിയായിരുന്നു..

അതിന് വേണ്ടി പാവം ഒരുപാട് കഷ്ടപ്പെട്ടു..

അച്ഛൻറെയും അമ്മയുടെയും മുഖത്ത് വിരിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തത് ആയിരുന്നു..

പക്ഷേ എന്റെ മനസ്സ് അപ്പോഴും വിങ്ങുകയായിരുന്നു..

ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് വീട്ടുകാർക്ക് വേണ്ടി സമ്മതം മൂളേണ്ടി വന്ന പെണ്ണിന്റെ മനസ്സ് കാറും കോളും നിറഞ്ഞു കലുഷിതമായത് ആയിരിക്കും..

ഒരു പുഞ്ചിരി കൊണ്ടു അവളതിനെ മറച്ചു പിടിക്കും….

വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു കൊണ്ടിരുന്നു..

ഒരു തവണ കൂടി ശിവയെ കണ്ട് എന്റെ അവസ്ഥ പറഞ്ഞാലോ എന്ന് പല തവണ ആലോചിച്ചു എങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു..

മുൻപ് എല്ലാം തുറന്നു പറഞ്ഞിട്ടും എന്നെ മനസ്സിലാക്കാത്ത അവൻ ഇനി മനസ്സിൽ ആക്കുമെന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തരം ആണെന്ന് എനിക്ക് തോന്നി….

ഇനിയെല്ലാം വിധി പോലെ നടക്കട്ടെ എന്ന് ഞാനും വിചാരിച്ചു..

അതിനിടയിൽ ആണ് ഹരിയേട്ടന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി എന്ന വാർത്ത ഞാൻ കേട്ടത്….

അവൾക്ക് മറ്റൊരുത്തനുമായി ബന്ധം ഉണ്ടായിരുന്നെന്നും

വീട്ടുകാരുടെ നിർബന്ധം കാരണം ആണ് ഹരിയേട്ടനെ  കെട്ടിയതെന്നും  അറിയാൻ കഴിഞ്ഞു..

ഹരിയേട്ടനോട് ദേഷ്യം ഉണ്ടായിരു ന്നെങ്കിലും പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ എനിക്കെന്തോ ഒരു സങ്കടം തോന്നി …..

“ജാതകം പൊരുത്തം എന്നൊക്കെ പറഞ്ഞു കെട്ടിയിട്ടു അവസാനം എന്തായി..

എന്റെ ചേച്ചിയുടെ മനസ്സ് വേദനിപ്പിച്ചതിനുള്ള ശിക്ഷയാണ് ഇതെന്നും പറഞ്ഞു ശ്രീക്കുട്ടി ചിരിച്ചു…..

എല്ലാം കേട്ട് ഞാൻ മിണ്ടാതെ ഇരുന്നതേ ഒള്ളൂ..

മറ്റൊരാളുടെ സങ്കടത്തിൽ സന്തോഷിക്കാൻ എനിക്ക് ആവുമായിരുന്നില്ല അതും ഞാൻ സ്നേഹിച്ച പുരുഷന്റെ സങ്കടത്തിൽ….

ഭാര്യ പോയ സങ്കടം കാരണമോ നാണക്കേട് കാരണമോ എന്നറിയില്ല വീട് വിട്ടു പുറത്തേക്ക് ഇറങ്ങാതെ ആയി….

——————————————————–

അങ്ങനെ വിവാഹ ദിവസം വന്നെത്തി….

വെറ്റിലയും അടക്കയും നാണയും നൽകി കൊണ്ട് മുതിർന്നവരുടെ കാല് തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങി..

അപ്പോഴേക്കും കല്യാണചെക്കനും കൂട്ടരും വിവാഹ വേദിയിൽ എത്തിയിരുന്നു..

അമ്മയും അമ്മായിയും വിളക്ക് കൊളുത്തി  നെറ്റിയിൽ ചന്ദനം തൊട്ടു തലയിൽ അരിയും പൂവും വിതറി വരനെ സ്വീകരിച്ചു..

പിന്നീട് കാല് കഴുകിച്ചു കല്യാണ മണ്ഡപത്തിൽ വലതു ഭാഗത്തായി ഇരുത്തി….

അതിന് ശേഷം അച്ഛൻ വന്നു നാദസ്വരത്തിന്റെ അകമ്പടിയോടെ  എന്നെയും കൂട്ടി മണ്ഡപത്തിൽ എത്തി..

കൈയിൽ വിളക്കേന്തി മണ്ഡപത്തിന് വലം വെച്ചു വരന്റെ ഇടതു ഭാഗത്തായി ഞാനിരുന്നു….

എല്ലാവരുടെയും കണ്ണുകൾ ഞങ്ങളുടെ നേർക്ക് ആയി..

അതിനിടയിൽ മുഹൂർത്തം ആയെന്ന് ആരോ പറഞ്ഞു..

അതോടെ താലത്തിൽ ഇരുന്ന മഞ്ഞ ചരടിൽ കോർത്ത താലി ശിവ കൈയിൽ എടുത്തു..

ഞാൻ ആ മുഖത്തേക്ക് നോക്കി..

അവന്റെ മുഖത്ത് ചെറു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു..

അത് കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്..

എല്ലാം തുറന്നു പറഞ്ഞിട്ടും പിന്മാറാതെ ഇപ്പോൾ എന്നെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ച അയാളോട്  മറ്റെന്താണ് തോന്നുക….

ആ താലി തട്ടി എറിഞ്ഞാലോ എന്ന് വരെ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി…..

മുഹൂർത്തം സമയമായി ചുറ്റും വെറുതെ  ഞാൻ ഒന്ന് കണ്ണോടിച്ചു  നോക്കിയതും എന്റെ കണ്ണുകൾ ഒരാളിൽ ചെന്നു പതിച്ചു..

അകലെ നിന്നും മുണ്ടും മടക്കി കുത്തി കല്യാണ മണ്ഡപം ലക്ഷ്യമാക്കി നടന്നു വരുന്ന ഹരിയേട്ടനിൽ….

(തുടരും…)

(സ്നേഹപൂർവ്വം ശിവ )

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply