ശ്രീലക്ഷ്മി – ഭാഗം 6

  • by

9234 Views

sreelakshmi shiva novel

അപ്രതീക്ഷിതമായുള്ള ഹരിയേട്ടന്റെ വരവ് എന്നെ ശെരിക്കും ഞെട്ടിച്ചു….

ഹരിയേട്ടൻ ഒരിക്കലും വരില്ല എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്…..

പക്ഷേ ഏട്ടൻ വന്നു..

മണ്ഡപത്തിന് അരികിൽ എത്തിയതും മുണ്ടിന്റെ മടക്കി കുത്തൊക്ക അഴിച്ചു നിന്നു കൊണ്ട് ഹരിയേട്ടൻ എന്റെ മുഖത്തേക്കൊന്നു  നോക്കി….

അതുകണ്ടു ഒരു പുച്ഛചിരിയോടെ ഞാൻ ഹരിയേട്ടനെ നോക്കി..

എന്റെ നോട്ടം കണ്ടതും  ആ മുഖത്ത് പതിയെ  വിഷാദ ഭാവം നിറയുന്നത് ഞാൻ കണ്ടു….

ഒരുപക്ഷേ ആ മനസ്സിൽ  എന്നോട് ചെയ്ത തെറ്റോർത്തു കുറ്റബോധം തോന്നി കാണും..

എന്തോ തുറന്നു പറയാനായി ആ മനസ്സ് വെമ്പൽ കൊള്ളുന്നത് പോലെ എനിക്ക് തോന്നി…..

പെട്ടെന്ന് കൊട്ടും കുരവയും ടെയും ശബ്ദം ഉച്ചത്തിലായി…..

നിമിഷാർദ്ധങ്ങൾ ക്കുള്ളിൽ  തന്നെ  മഞ്ഞചരടിൽ കോർത്ത താലി ശിവ എന്റെ കഴുത്തിൽ അണിയിച്ചു….

കണ്ണീരിന്റെ നനവോടെ നിന്നു കൊടുക്കാനെ എനിക്കപ്പോൾ  കഴിഞ്ഞുള്ളൂ…..

അപ്പോഴേക്കും ശിവ  മന്ത്രകോടി എനിക്ക്  സമ്മാനിച്ച ശേഷം  സിന്ദൂരമെന്റെ സീമന്ത രേഖയിൽ ചാർത്തി തന്നു ….

അതിന് ശേഷം എന്നെ മരുമകളായി സ്വീകരിച്ചു കൊണ്ട് ശിവയുടെ അമ്മ വന്നു  എന്റെ കഴുത്തിലേക്ക്  സ്വർണ്ണമാല അണിയിച്ചു….

അതോടെ മോതിരം പരസ്പരം അണിയിച്ചു കൊണ്ടു ഞാനും ശിവയും തുളസിപൂമാല കഴുത്തിൽ അണിയിച്ചു…..

അത് കഴിഞ്ഞതും ഉടനെ തന്നെ എന്റെ അച്ഛൻ വന്നു  ഞങ്ങളുടെ അടുത്ത് നിന്നു എന്റെ കൈ പിടിച്ചു ഒരു വെറ്റില വെച്ചു ശിവയുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് കന്യാദാനം എന്ന ചടങ്ങും പൂർത്തിയാക്കി…..

പിന്നെ കൈ ചേർത്തു പിടിച്ചു കൊണ്ട് വിവാഹ മണ്ഡപത്തിലെ അഗ്നിക്ക് ചുറ്റും ഞങ്ങൾ മൂന്നു വട്ടം വലം വെച്ചു കൊണ്ടു

അഗ്നിസാക്ഷിയായ വിവാഹമെന്ന  ചടങ്ങും പൂർത്തിയാക്കി….

പിന്നീട് വിഭവ സമൃദ്ധമായ സദ്യയുടെ സമയം ആയിരുന്നു….

ചോറ്, സാമ്പാര്, പരിപ്പ്, അവിയല്, കാളന്, തോരന്, പച്ചടി, കിച്ചടി, ഓലന്, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലും സദ്യക്ക് ഉണ്ടായിരുന്നു….

എല്ലാവരും സദ്യയോട് മൽപ്പിടുത്തം ആരംഭിക്കാൻ തുടങ്ങിയതും ഹരിയേട്ടൻ അവിടെ നിന്നും നടന്നു പോവാൻ തുടങ്ങുന്നത് കണ്ടു ശ്രീക്കുട്ടി ഓടി ചെന്നു ഹരിയേട്ടന്റെ കൈയിൽ പിടിച്ചു കൊണ്ടു വന്നു ശിവക്ക് ഹരിയേട്ടനെ പരിചയപ്പെടുത്തി കൊടുത്തു.. ഹരിയേട്ടന്റെ മുഖം അപ്പോൾ ആകെ വിളറി വെളുത്തിരുന്നു…..

“ശെരി എന്നാൽ ഞാൻ പോവാണ് കുറച്ചു തിരക്ക് ഉണ്ടെന്ന് പറഞ്ഞ ഹരിയേട്ടനോട് എന്താ ഇത്ര തിരക്ക് മുറച്ചെറുക്കൻ ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല കല്യാണം നന്നായി നടത്തേണ്ടത് ഏട്ടന്റെ കടമയാണ് എന്നും പറഞ്ഞു ശ്രീക്കുട്ടി ഒരു സാമ്പാർ ബക്കറ്റ് എടുത്തു ഹരിയേട്ടന്റെ കൈയിൽ കൊടുത്തു….

ഹരിയേട്ടൻ ദയനീയ ഭാവത്തോടെ അവളെ ഒന്ന് നോക്കി..

അത് കണ്ടു സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു പോയി..

ശ്രീക്കുട്ടി മനഃപൂർവം ഏട്ടനിട്ട് പണി കൊടുത്തത് ആണെന്ന് എനിക്ക് മനസ്സിലായി..

ഞാൻ ചുറ്റും ഒന്നും  കണ്ണോടിച്ചു അവിടെ കൂടിയിരുന്ന എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു തുളുമ്പിയിരുന്നു….

പക്ഷേ എനിക്കെന്തോ ഉള്ളു നിറഞ്ഞു സന്തോഷിക്കാനായില്ല….

ഞാൻ ശിവയുടെ മുഖത്തേക്ക് ഒന്ന് നോക്കി..

ആഗ്രഹിച്ചത് നേടിയെടു ത്തവന്റെ ചിരി  ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത്…..

എല്ലാം തുറന്നു പറഞ്ഞിട്ടും പിന്നെയും  മാസങ്ങൾ കഴിഞ്ഞു തിരികെ വന്നു ഈ കല്യാണം നടത്താൻ തീരുമാനിച്ചതിന് പിന്നിൽ ഇനി  എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരിക്കുമോ..??

എനിക്ക് ആണെങ്കിൽ ശിവയെ എവിടെയോ വെച്ച് കണ്ടു നല്ല പരിചയം തോന്നുന്നുണ്ട് പക്ഷേ  എവിടെ വെച്ചാണ് എന്ന് മാത്രം ഒരെത്തും  പിടിയും  കിട്ടുന്നില്ല….

എന്ത് തന്നെ ആയാലും എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട്     എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ശിവയോട് എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്….

ഇനിയെന്റെ  മുന്നോട്ടുള്ള ജീവിതം എന്തായി തീരുമെന്ന് ഒരെത്തും പിടിയുമില്ല….

ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കാൻ ആണ്..

ജീവിതത്തിൽ ഇനി എന്തൊക്ക പരീക്ഷണങ്ങൾ ഞാൻ  നേരിടേണ്ടി വരുമോ..

എന്റെ ഭഗവതി നീ എന്റെ ജീവിതം ഇതെങ്ങോട്ടാണ് കൊണ്ടു പോവുന്നത്..

മനസ്സിൽ ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുമായി ഞാൻ അവിടെ നിന്നു..

——————————————————–

കല്യാണത്തിന്റെ സകല ചടങ്ങുകളും പൂർത്തിയാക്കി അച്ഛനോടും അമ്മയോടും ശ്രീക്കുട്ടിയോടും യാത്ര പറഞ്ഞു കണ്ണീരിന്റെ നനവോടെ ശിവക്കൊപ്പം തറവാട്ടിൽ നിന്നിറങ്ങി കാറിൽ കേറി യാത്ര തിരിക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു…..

ഞാൻ ഓടി കളിച്ചു നടന്നിരുന്ന വഴിത്താരകൾ പിന്നിട്ടു കാർ നീങ്ങുമ്പോൾ വെറുതെ പാവ കണക്കിന് കാഴ്ചകൾ കണ്ട് ഞാനിരുന്നു..

താല്പര്യമില്ലാതെ കല്യാണം കഴിച്ചത് കൊണ്ടാവും എന്നിലെ ഞാൻ മരിച്ചപോലൊരു ഫീൽ ആയിരുന്നു എനിക്കപ്പോൾ….

കുറെ ദൂരം പിന്നിട്ടു കഴിഞ്ഞതും  അതിമനോഹരമായ ഗ്രാമ വഴിയിലേക്ക്  കാർ എത്തി….

നിറയെ മരങ്ങളും ചെടികളും വയലുകളും ചെറു തോടുകളും നിറഞ്ഞൊരു ഗ്രാമം…..

നെൽവയലുകൾക്ക്  നടുവിലൂടെ ഉള്ള  ഗ്രാമത്തിലെ മൺപാതയിലൂടെ പൊടി പറത്തി കൊണ്ട് കാർ ചീറി പാഞ്ഞു ഒരു തറവാടിന്റെ മുറ്റത്ത്‌ ചെന്നു നിന്നു….

പഴമയുടെ ഭംഗി വിളിച്ചോതുന്ന ഓടിട്ട ഒരു വലിയ തറവാട്..

വീടിന് മുന്നിലായി  ഒരു തുളസിത്തറ..

മാവ്, പ്ലാവ്, ആഞ്ഞിലി തേക്ക് തുടങ്ങിയ മരങ്ങളും പിന്നെ കുറെയധികം ചെടികളും പറമ്പിൽ തണൽ വിരിച്ചു കൊണ്ട്  നിൽക്കുന്നു..

ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചുറ്റും ഒന്ന്  കണ്ണോടിച്ചു നോക്കി..

കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പച്ച പുതച്ച നെൽവയലുകൾ കാണാം..

എന്റെ ഗ്രാമം പോലെ സുന്ദരമായൊരു ഗ്രാമം….

ആ ഗ്രാമീണ ഭംഗി കണ്ണുകളാൽ ഒപ്പി എടുക്കുന്ന തിനിടയിൽ

“മോളെ സമയമായി വന്നു കേറൂ എന്ന് ശിവയുടെ അമ്മ നിലവിളക്കുമായി വന്നു  പറഞ്ഞതും ഞാൻ അങ്ങോട്ടേക്ക് ചെന്നു..

അമ്മ പുഞ്ചിരിയോടെ

എനിക്ക് നേരെ നീട്ടിയ വിളക്ക് വാങ്ങി ഞാൻ വലതു കാൽ വെച്ചു അകത്തേക്ക് കയറി….

ചുറ്റും പുഞ്ചിരിച്ച മുഖങ്ങൾ ആയിരുന്നു എങ്കിലും എനിക്കെന്തോ  വല്ലാത്തൊരു വീർപ്പു മുട്ടലായിരുന്നു ….

അതിനിടയിൽ ബന്ധുക്കൾ പലരും വന്നു എന്നെ പരിചയപ്പെട്ടു പോയി..

അവരുടെ മുന്നിൽ പുറമെ ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ നിന്നു..

വൈകുന്നേരത്തോടെ  എല്ലാവരും യാത്ര പറഞ്ഞു  പോയി..

അതോടെ  ശിവയും അമ്മയും  മാത്രമാണ് ആ വലിയ തറവാട്ടിലെ താമസക്കാർ എന്നെനിക്ക് മനസ്സിലായി….

ആകാശത്തു ചെഞ്ചുവപ്പ്  പടർത്തി കൊണ്ടു സൂര്യൻ മറഞ്ഞു തുടങ്ങി….

പകൽ പതിയെ  രാത്രിക്ക് വഴിമാറി കൊടുത്തു….

ഞങ്ങൾ എല്ലാം ഒന്നിച്ചിരുന്നു തന്നെ  ഭക്ഷണം കഴിച്ചു..

ശിവയും അമ്മയും വളരെ സ്നേഹത്തോടെ ചിരിയോടെ എന്നോട് ഓരോന്ന് സംസാരിച്ചെങ്കിലും ഞാൻ പുഞ്ചിരി മാത്രമാണ് മറുപടിയായി  കൊടുത്തത്…

ഭക്ഷണം കഴിഞ്ഞു ആദ്യരാത്രിയുടെ ചടങ്ങും പേറി ഒരു ഗ്ലാസിൽ പാലുമായി  മുറിയിലെത്തിയ ഞാൻ കാണുന്നത് മുല്ലപ്പൂക്കൾ വാരി വിതറിയ കട്ടിലിൽ എന്നെയും പ്രതീക്ഷിച്ചു ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന ശിവയെയാണ്….

മുല്ലപൂക്കളുടെ വശ്യമായ സുഗന്ധം മുറിയിലാകെ നിറഞ്ഞു നിന്നിരുന്നു….

അതെല്ലാം കണ്ടപ്പോൾ എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്..ഇഷ്ടമില്ലാത്ത ഒരുത്തനെ കെട്ടി അവനോടൊപ്പം ആദ്യരാത്രി മുറിയിൽ ഇരിക്കുന്ന പെണ്ണിന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ ആവില്ല..

ആദ്യരാത്രിയുടെ നാണം കലർന്ന മുഖവുമായി വരുന്ന പെണ്ണിനെ പ്രതീക്ഷിച്ച ശിവ ദേഷ്യം കലർന്ന എന്റെ മുഖഭാവം കണ്ടൊന്നു  പരിഭ്രമിച്ചു എന്നെനിക്ക് തോന്നി….

പാൽ ഗ്ലാസ്സ് നേരെ മേശപ്പുറത്തു വെച്ച് ഞാൻ കട്ടിലിന്റെ അപ്പുറത്തെ വശത്ത് പോയി ഇരുന്നു….

“ശ്രീ .. പതിഞ്ഞ സ്വരത്തിൽ ശിവ എന്നെ വിളിച്ചു..

അത് കേട്ടു ദേഷ്യത്തിൽ ഞാൻ അയാളെ ഒന്ന് നോക്കി..

“എന്നോട് ദേഷ്യമാണോ..??

“അതേ തന്നെ കൊല്ലാനുള്ള ദേഷ്യം എനിക്കിപ്പോൾ ഉണ്ട്..

എടോ തന്നോട്  ഞാൻ എല്ലാം തുറന്നു പറഞ്ഞതല്ലേ..

പിന്നെയും എന്തിനാണ് എന്റെ ജീവിതത്തിലേക്ക് വീണ്ടും വന്നത്…??

എനിക്കൊരിക്കലും തന്നെ സ്നേഹിക്കാൻ കഴിയില്ല….

പിന്നെ എന്റെ അച്ഛനെയും അമ്മയെയും ഓർത്തു മാത്രമാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്..

അതുകൊണ്ട് തന്നെ ഒരു കാര്യം പറഞ്ഞേക്കാം  ഭർത്താവ് എന്നൊരു സ്ഥാനം ഉണ്ടെന്നും പറഞ്ഞു അതിന്റെ  അധികാരം സ്ഥാപിക്കാൻ എന്റെ അടുത്ത് വന്നേക്കരുത് എന്നും പറഞ്ഞു ബെഡ് ഷീറ്റ്  എടുത്തു നിലത്തേക്ക് വിരിച്ചു തലയിണയും അതിന് മുകളിൽ വെച്ചു ഞാൻ നിലത്തേക്ക് കിടന്നു…..

അത്  കണ്ടു ശിവ ചിരിച്ചോണ്ട് നിന്നു..

അത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്….

“ശ്രീ..തന്റെ മനസ്സിലിപ്പോഴും ഹരിയുണ്ടോ..??

“അതേ എന്റെ മനസ്സിൽ ആരുണ്ട് ഇല്ല എന്നൊന്നും തന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല..

“ആയിക്കോട്ടെ….അതേ ശ്രീ തന്റെ  ഹരിയുടെ കല്യാണം കഴിഞ്ഞെന്നു ഞാൻ അറിഞ്ഞിരുന്നു അതുകൊണ്ടാണ് ഞാൻ വീണ്ടും ഈ  പ്രൊപോസലുമായി വന്നത്…..

എനിക്ക് തന്നെ അത്രക്ക് ഇഷ്ടം ആണ്….

“ഓ അപ്പോൾ എല്ലാം അറിഞ്ഞു കൊണ്ടാണ് ഇരുന്നതല്ലേ..??

ഞാൻ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാവും ഇത്തവണ എന്റെ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു വാക്ക് മേടിച്ചത്…..

താൻ ആള് കൊള്ളാം..

എന്തായാലും താൻ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ കഴുത്തിൽ താലി കെട്ടാൻ തനിക്ക് കഴിഞ്ഞു പക്ഷേ എന്റെ മനസ്സിൽ സ്ഥാനം നേടാൻ തനിക്ക് ഒരിക്കലും കഴിയില്ല….

“ഹഹഹ.. അതുകേട്ടു എന്നും പറഞ്ഞു ശിവ ചിരിച്ചു..

“താൻ കൂടുതൽ ചിരിക്കേണ്ട നിങ്ങൾ ആണുങ്ങൾ എല്ലാം സ്വാർത്ഥത ഉള്ളവരാണ് ..

നിങ്ങൾക്ക്  നിങ്ങളുടെ കാര്യം  മാത്രമാണ് വലുത്….

അതിനിടയിൽ ഒരു പെണ്ണിന്റെ മനസ്സറിയാൻ എവിടുന്ന് നേരം..

“നീ പറഞ്ഞത് ശെരിയാണ് ശ്രീ  നിന്നെ സ്വന്തമാക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു….

ഒരുപക്ഷേ അതെന്റെ സ്വാർത്ഥത ആയിരിക്കാം പക്ഷേ നീ ഒന്നറിയണം  അതൊക്കെ നിന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്..

അല്ലാതെ മറ്റൊന്നും ഇല്ല..

പിന്നെ നിനക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം പോരെ….

“താൻ എന്താടോ വിചാരിച്ചു വെച്ചിരിക്കുന്നത് ഭക്ഷണവും വസ്ത്രവും ഒക്കെ വാങ്ങി തന്നു നോക്കുന്നത് ആണ് സ്നേഹമെന്നോ..??

തനിക്കൊന്നും ഒരിക്കലും ഒരു പെണ്ണിന്റെ മനസ്സ് വായിക്കാൻ കഴിയില്ല….

“ശ്രീ.. ഞാൻ ഒന്ന് പറയട്ടെ..

“താൻ കൂടുതൽ ഒന്നും പറയണ്ട എനിക്ക് കേൾക്കാൻ താല്പര്യമില്ല..

എനിക്ക് ഉറക്കം വരുന്നു

ഞാൻ ഉറങ്ങാൻ പോവാണ്..

പിന്നെ ഭർത്താവിന്റെ അധികാരം കൊണ്ട് എന്റെ അടുത്തേക്ക് എങ്ങാനും വന്നാൽ ഈ ആദ്യരാത്രി തന്റെ അവസാന രാത്രി ആയിരിക്കും ഓർത്തോ എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു….

അൽപ്പം കഴിഞ്ഞു ഞാൻ നോക്കുമ്പോൾ കണ്ടത്  ജനലരികിൽ സിഗരറ്റ് വലിച്ചു കൊണ്ട്  പുറത്തേക്ക് നോക്കി നിൽക്കുന്ന ശിവയെയാണ്…..

ഹരിയേട്ടനെ ഒരുപാട് സ്നേഹിച്ചു പോയിരുന്നത് കൊണ്ടാവാം ശിവയെ ഭർത്താവായി അംഗീകരിക്കാൻ എനിക്കെന്തോ കഴിയുണ്ടാ യിരുന്നില്ല…..

വെറുപ്പോ ദേഷ്യമോ എന്നറിയാത്തൊരു വികാരമായിരുന്നു എനിക്ക് ശിവയോട്..

ഭർത്താവാണെന്ന പരിഗണന പോലും കൊടുക്കാതെ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും ഞാൻ  ശിവയെ വേദനിപ്പിച്ചു കൊണ്ടിരുന്നു..

അപ്പോഴും  ഒരു  പുഞ്ചിരിയോടെ നിന്നതല്ലാതെ ഒരു നോട്ടം കൊണ്ടു പോലും എന്നെ വേദനിപ്പിക്കാത്ത ശിവയുടെ പെരുമാറ്റം ശെരിക്കും  എന്നെ അത്ഭുതപ്പെടുത്തി..

ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറിയപ്പോഴും ഞങ്ങൾക്ക് ഇടയിലെ അകലത്തിന് മാത്രം കുറവുണ്ടായില്ല…..

അതിനിടയിൽ എന്നിലേക്ക്‌ അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന  ശിവയെ  പെരുമാറ്റം കൊണ്ട് ഞാൻ പരമാവധി    വെറുപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു …..

——————————————————-

“അമ്മേ ഞാൻ കൂട്ടുകാരുടെ കൂടെ ഒന്ന് പുറത്ത് പോവാണ്..

വരാൻ ചിലപ്പോൾ കുറച്ചു താമസിക്കും കേട്ടോ..

“മ്മ്മം ഒരുപാട് താമസിക്കരുത്..

പിന്നെ നീ അവളോട് പോവുന്ന കാര്യം  പറഞ്ഞിരുന്നോ..??

“ഹാ പറഞ്ഞിരുന്നു അമ്മേ എന്നൊരു കള്ളവും പറഞ്ഞു കൊണ്ട് ശിവ പോവുന്നതും  നോക്കി ഞാൻ ജനലരികിൽ നിന്നു….

——————————————————–

രാത്രിയോടെ വാതിലിൽ അമ്മേ വാതിൽ തുറക്കെന്നും പറഞ്ഞുള്ള  മുട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്….

അമ്മ നല്ല ഉറക്കം ആയിരുന്ന തിനാൽ  ഉറക്കച്ചടവോടെ തന്നെ എഴുന്നേറ്റു പോയി ഞാൻ  വാതിൽ തുറന്നതും മദ്യത്തിന്റെ രൂക്ഷഗന്ധം എന്റെ  മൂക്കിലേക്ക് അടിച്ചു കേറി….

എന്നെ നോക്കി ചിരിച്ചു കൊണ്ട് ആടി കുഴഞ്ഞു നിൽക്കുന്ന ശിവയെ കണ്ടപ്പോൾ തന്നെ ആൾ  നല്ല വണ്ണം കുടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി…..

ശിവ അകത്തേക്ക്  കേറിയതും

ഒന്നും മിണ്ടാതെ ശിവയെ തുറിച്ചൊന്ന് നോക്കിയിട്ട് വാതിൽ അടച്ചു ഞാൻ മുറിയിൽ പോയി കിടന്നു..

പിന്നാലെ ശിവയും മുറിയിലേക്ക് എത്തി

നിലത്ത് എന്റെ അരുകിലേക്ക്  വന്നിരുന്നു….

“ശ്രീ.. ഞാൻ എന്ത്‌ തെറ്റാടി  നിന്നോട് ചെയ്തത് ..??

എന്തിനാണ്  നീ എന്നെ ഇങ്ങനെ  അവോയ്ഡ് ചെയ്യുന്നത്..??

ശിവ പറയുന്നത് കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചു ഞാൻ കിടന്നു….

“ഡി നിന്നോടാണ് ചോദിച്ചത് എന്നും പറഞ്ഞു ശിവ എന്റെ കൈയിൽ കേറി പിടിച്ചു..

“എന്റെ കൈയിൽ നിന്ന് വിട്..??

“ഇല്ല നീ മറുപടി തരാതെ ഞാൻ വിടില്ല…

“ശിവ എന്റെ കൈയിൽ നിന്നു  വിടാൻ ആണ്  ഞാൻ പറഞ്ഞത്..

എന്റെ ദേഹത്തു തൊടരുത് എന്ന് ഞാൻ തന്നോട് പറഞ്ഞിട്ടില്ലേ..

“ഓ ഞാൻ ഒന്ന് തൊട്ടെന്നും വെച്ചു നീ ഉരുകി പോകാത്തൊന്നും ഇല്ലല്ലോ..

മാത്രമല്ല നീ എന്റെ ഭാര്യയാണ് അത് മറക്കണ്ട..

“ഹും ഭാര്യ പോലും..

താലി കെട്ടിയതിന്റെ അധികാരം കാണിക്കാൻ എന്റെ അടുത്തോട്ടു വരരുത് എന്ന് തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ..??

“നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി ഞാൻ അണിയിച്ചത് ആണെങ്കിൽ അതിന്റെ അധികാരം ഞാൻ കാണിച്ചിരിക്കും എന്നും പറഞ്ഞു ശിവ എന്നെ കേറി പിടിച്ചതും ഞാൻ ശിവയെ തള്ളി മാറ്റി ചാടി എഴുന്നേറ്റു …..

ദേഷ്യം കൊണ്ട് എനിക്ക് ആ സമയം എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

“താൻ കെട്ടിയ ഈ താലി എന്റെ കഴുത്തിൽ കിടക്കുന്നത് കൊണ്ടല്ലേ എന്റെ മേൽ  അധികാരം കാണിക്കാൻ താൻ വന്നത്..

അതുകൊണ്ട് തന്നെ  ഇനി ഇതെനിക്ക് വേണ്ട എന്നും പറഞ്ഞു ഞാൻ ആ താലി വലിച്ചു പൊട്ടിച്ചു..

“ഡി എന്നും വിളിച്ചു  എഴുന്നേറ്റ് വന്നു ശിവയെന്റെ  കരണത്തൊന്നു പൊട്ടിച്ചു….

ഓഹ്..കണ്ണിൽ കൂടി പൊന്നീച്ചകൾ പാറി പോയി ….

അത്രയും നാൾ സൗമ്യനായി കണ്ട ശിവയുടെ മറ്റൊരു മുഖമായിരുന്നു പിന്നെ ഞാൻ അവിടെ കണ്ടത്..

ദേഷ്യം കേറി ഒരു ഭ്രാന്തനെ പോലെ എല്ലാം തട്ടിമറിച്ചിട്ടു…

“നിന്റെ മനസ്സിൽ ഇപ്പോഴും അവനായിരിക്കുമല്ലേ….??

ശെരി നീ ഇനി അവന്റെ കൂടെ തന്നെ ജീവിച്ചോളു….

എനിക്കിനി നിന്നെ വേണ്ട…..

നാളെ തന്നെ ഡിവോഴ്സിനുള്ള കാര്യങ്ങൾ ചെയ്തു തന്നേക്കാം..

നീ  അവന്റെ കൂടെ പോയി സുഖമായി ജീവിക്ക് എന്നും പറഞ്ഞു ഒരു ഭ്രാന്തനെ പോലെ വാതിൽ വലിച്ചു തുറന്നു കൊണ്ട് ശിവ പുറത്തേക്ക് ഇറങ്ങി….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply