പെട്ടെന്നതാ അമ്മ മുന്നിൽ നിൽക്കുന്നു..
ഞങ്ങളുടെ മുറിയിലെ ശബ്ദം കേട്ടിട്ട് അമ്മ എഴുന്നേറ്റു വന്നതായിരുന്നു..
അമ്മയെ കണ്ടതും ഞാനും ശിവയും ഒന്ന് ഷോക്ക് ആയി പോയി..
അമ്മ എല്ലാം കേട്ട് കാണുവോ എന്നതായിരുന്നു എന്റെ പേടി….
“എന്താടാ ഇതൊക്കെ..??
നിനക്കിത് എന്തുപറ്റി എന്നും ചോദിച്ചു കൊണ്ട് അമ്മ ശിവയുടെ അടുത്തേക്ക് ചെന്നതും ഒന്നും മിണ്ടാതെ ശിവ അവിടെ നിന്നും നടന്നു ചെന്നു ഉമ്മറ വാതിൽ തുറന്നു പുറത്തേക്ക് പോയി ….
അതോടെ അമ്മ എന്നെ നോക്കി..
ഞാൻ ആ മുഖത്തേക്ക് നോക്കാനാവാതെ തല കുനിച്ചു നിന്നു..
“എന്താ മോളെ എന്താണ് പ്രശ്നം എന്നും ചോദിച്ചു അമ്മ എന്റെ അടുത്തേക്ക് വന്നു..
അമ്മയുടെ ചോദ്യത്തിന് മുന്നിൽ എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ മനസ്സുരുകി നിന്നു..
“എനിക്ക് മനസ്സിലായി മോളെ..
അവൻ കുടിച്ചിരുന്നു അല്ലേ..?
അതിന്റെ പേരിൽ നീ വല്ലതും പറഞ്ഞതിന്റെ ദേഷ്യം ആയിരിക്കും അവൻ ഈ കാണിച്ചത്..
സാരമില്ല പോട്ടെ മോളെ ..
മുൻപ് അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല..
പക്ഷേ ഇപ്പോൾ അവന് എന്താണ് പറ്റിയതെന്ന് അറിയില്ല..
എന്തായാലും എന്റെ മോള് ഇതൊന്നും കാര്യമാക്കേണ്ട അമ്മ അവനോട് സംസാരിക്കാം കേട്ടോ….
ഇപ്പോൾ മോള് കിടന്നോളൂ
എന്നും പറഞ്ഞു കൊണ്ട് എന്റെ തലയിൽ ഒന്ന് തഴുകി തന്നു കൊണ്ട് അമ്മയും പോയി….
അപ്പോഴാണ് ഞാൻ പൊട്ടിച്ച താലി നിലത്ത് കിടക്കുന്നത് എന്റെ കണ്ണിൽ പെട്ടത്..
അത് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു കുറ്റബോധം തോന്നി തുടങ്ങി….
പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാണ് എങ്കിലും ഇതൽപ്പം കൂടി പോയി എന്നെനിക്കും തോന്നി….
ഒരായുഷ്കാലം ഒന്നിച്ചു ഒരു മനസ്സോടെ ജീവിക്കാം എന്ന ഉറപ്പാണ് ഓരോ താലിയിലും ഉള്ളത്..
അതാണ് ഞാൻ പൊട്ടി ച്ചെറിഞ്ഞത്…..
എന്തിന്റെ പേരിൽ ആണെങ്കിലും ഇത് ന്യായീകരിക്കാൻ ആവാത്ത തെറ്റ് തന്നെയാണ്..
എന്തായാലും അതിന്റെ പേരിൽ എനിക്ക് കിട്ടിയ അടി ഞാൻ അർഹിച്ചത് തന്നെയാണ്….
ഇനി ചെയ്തു പോയ ഈ തെറ്റിന്റെ പേരിൽ ശിവയോട് മാപ്പ് പറഞ്ഞാലോ….
അല്ലെങ്കിൽ വേണ്ട എല്ലാം ഇങ്ങനെ അവസാനിക്കുന്നെങ്കിൽ അങ്ങ് അവസാനിക്കട്ടെ എന്നോർത്ത് കൊണ്ട് ഞാൻ കിടന്നു…..
കല്യാണം തൊട്ടുള്ള ഓരോ സംഭവങ്ങളും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു..
ശിവയുമായി എനിക്ക് ഒരിക്കലും ഒത്തുപോവാൻ ആവില്ല..
ശിവ എന്നെ സ്നേഹിക്കു ന്നുണ്ടാവും പക്ഷേ ശിവയോട് പൊരുത്തപെടാൻ എന്റെ മനസ്സിന് കഴിയുന്നില്ല
അപ്പോൾ പിന്നെ പിരിയുന്നത് തന്നെയാണ് നല്ലതെന്നു എനിക്കും തോന്നി….
പൊട്ടിയ കണ്ണാടി പോലെയാണ് ചേരാത്ത മനസ്സുകൾ..
എത്ര ചേർത്ത് വെച്ചാലും ഭംഗി ഉണ്ടാവില്ല..
ചേർച്ചയും ഉണ്ടാവില്ല….
അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടി ഞാൻ ഒരുവിധം നേരം വെളുപ്പിച്ചു…..
——————————————————–
രാവിലെ എഴുന്നേറ്റു പതിവ് കുളി പാസ്സാക്കി കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോളാണ് ശിവയുടെ അടി കിട്ടിയ കവിൾ ഭാഗം ചുവന്നു കിടക്കുന്നത് കണ്ടത് …..
കാലമാടൻ എന്തൊരു അടിയായിരുന്നു..
ഇപ്പോഴും ചെറിയ വേദനയുണ്ട് എന്ന് ഞാൻ പറഞ്ഞു കൊണ്ടു നിൽക്കുമ്പോഴേക്കും ശിവ മുറിയിലേക്ക് കേറി വന്നു….
“ഞാൻ ഇപ്പോൾ കുളിച്ചു വരാം.. നീ വേഗം ഒരുങ്ങി നിൽക്ക് നമുക്ക് വക്കീലിനെ കാണാൻ പോവാം എന്നും പറഞ്ഞു തോർത്തും എടുത്തു ശിവ അവിടെ നിന്നും പുറത്തേക്കു ഇറങ്ങി…..
“ഓഹ്…അപ്പോൾ ആശാൻ വെള്ളത്തിന്റെ പുറത്ത് പറഞ്ഞതല്ല സീരിയസ് ആയിരുന്നല്ലേ..
എന്തായാലും നന്നായി എന്നും പറഞ്ഞു ഞാൻ വേഗം ഒരുങ്ങാൻ നോക്കി ….
അൽപ്പം കഴിഞ്ഞതും ശിവയും വന്നു ഒരുങ്ങി കഴിഞ്ഞതും
ഞങ്ങൾ പുറത്തേക്ക് പോവാനായി ഇറങ്ങി….
അപ്പോഴേക്കും അമ്മ അവിടേക്ക് വന്നു….
“അമ്മേ ഞാൻ ഇവളുമായി പുറത്തൊക്കെ ഒന്ന് പോയി വരാം..
“മ്മം..നിൽക്ക് പോവാൻ വരട്ടെ നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്..
നീ ഇന്നലെ കുടിച്ചിരുന്നോ..??
അമ്മയുടെ ചോദ്യം കേട്ടതും ശിവ മെല്ലെ തല താഴ്ത്തി..
“ഡാ നിന്നോടാണ് ചോദിച്ചത് കുടിച്ചിരുന്നോന്നു ..??
“അതുപിന്നെ അമ്മേ അവന്മാർ എല്ലാം കൂടി നിർബന്ധിച്ചപ്പോൾ അൽപ്പം കഴിച്ചു പോയി..
“അൽപ്പം കഴിച്ചതിന്റെ പരാക്രമം ആണോ ഇന്നലെ നീയാ കാണിച്ചു കൂട്ടിയതൊക്കെ….
അതൊക്കെ പോട്ടെ അവളെ നീ തല്ലിയാ യിരുന്നോ ..??
അതുകേട്ടു ശിവ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി….
“നീ അവളെ നോക്കി പേടിപ്പിക്കാൻ ഒന്നും നിൽക്കേണ്ട..
അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ല പക്ഷേ രാവിലെ അവളുടെ മുഖത്തു കിടക്കുന്ന പാട് കണ്ടപ്പോൾ എനിക്ക് മനസ്സിലായി നീ തല്ലിയെന്നു..
മോനെ നിനക്കിത് എന്താണ് പറ്റിയത്..??
എന്തിനാണ് അവളെ തല്ലിയത്..
പാവമല്ലേ അവൾ..
നിന്നെ വിശ്വസിച്ചു കഴുത്തു നീട്ടി തന്ന ഒരു പെണ്ണിനോട് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല….
ഇനി മേലാൽ ഇങ്ങനെ ഒന്നും ഉണ്ടാവരുത്..
നിങ്ങൾ സന്തോഷമായി ഇരിക്കുന്നത് കാണാനാണ് അമ്മക്ക് ഇഷ്ടം..
“ശെരി എന്നാൽ ഇനി താമസിക്കേണ്ട നിങ്ങൾ പോയിട്ട് വാ….
“ശെരിയമ്മേ എന്നും പറഞ്ഞു കൊണ്ട് ശിവ ബൈക്ക് സ്റ്റാർട്ട് ചെയ്തു..
“സൂക്ഷിച്ചു പോയിട്ട് വാ മോളെ എന്നും പറഞ്ഞു കൊണ്ട് അമ്മ എന്റെ നെറുകയിൽ ചുംബിച്ചപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു….
പാവം അമ്മ അറിയു ന്നില്ലല്ലോ ഞങ്ങൾ പിരിയാൻ പോവുകയാണെന്ന്…..
ഞാൻ വലതു കാൽ വെച്ചു ഈ തറവാട്ടിലേക്ക് വന്നു കേറിയ നാൾ മുതൽ അമ്മായിയമ്മ എന്നതിനും ഉപരിയായി ഒരമ്മയുടെ വാത്സല്യവും സ്നേഹവുമാണ് ശിവയുടെ അമ്മ എനിക്ക് പകർന്നു നൽകിയത്..
അതോർത്തപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു….
അമ്മ അത് കാണാതെ ഇരിക്കാനായി ഞാൻ വേഗം ബൈക്കിലേക്ക് കേറി….
ഉടനെ തന്നെ ശിവ ബൈക്ക് മുന്നോട്ട് എടുത്തു….
“മോനെ പതുക്കെ പോയാൽ മതി എന്നു പറഞ്ഞു കൊണ്ടു അമ്മ ഞങ്ങളെ യാത്രയാക്കി…..
———————————————————
മൺപാതയിൽ നിന്നും താറിട്ട റോഡിലേക്ക് ബൈക്ക് പ്രവേശിച്ചു..
യാത്രക്കിടയിൽ പരസ്പരം ഞങ്ങൾ ഒന്നും മിണ്ടിയില്ല….
രണ്ടു അപരിചിതരെ പോലെയാണ് ബൈക്കിൽ ഞങ്ങൾ ഇരുന്നത്
കുറേ ദൂരം പിന്നിട്ടതും ഒരു വീടിന്റെ ഗേറ്റിനു മുന്നിൽ ചെന്നു ബൈക്ക് നിന്നു..
അപ്പോഴേക്കും ഒരാൾ വന്നു ഗേറ്റ് തുറന്നു തന്നു..
ബൈക്കിൽ ഞങ്ങൾ ആ വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു..
അതിനിടയിൽ മതിലിൽ ഇരുന്ന അഡ്വക്കേറ്റ് രാജൻ എന്ന ബോർഡ് എന്റെ കണ്ണിൽ പെട്ടിരുന്നു…..
വളരെ മനോഹരമായ ഒരു വീട്..
മുറ്റത്തു നിറയെ റോസാ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു..
വാതിൽ തുറന്നു കിടന്നിരുന്നത് കൊണ്ട്
ബൈക്കിൽ നിന്നും ഇറങ്ങി ഞങ്ങൾ ആ വീട്ടിലേക്ക് കേറി..
പെട്ടെന്ന്
“ഹാ അല്ല ഇതാരൊക്കെയാ വന്നേക്കുന്നത് ” എന്നും ചോദിച്ചു കൊണ്ട് കുറച്ചു പ്രായം തോന്നിക്കുന്ന ഒരാൾ വന്നു…
“അങ്കിളെ ആന്റി എന്തിയെ..??
“ഇവിടുണ്ട് അവൾ അടുക്കളയിൽ ആണ് ഞാൻ വിളിക്കാം..
“സുധേ.. ഡി ഇത് ആരൊക്കെയാണ് വന്നേക്കുന്നത് എന്ന് നോക്കിക്കേ..” എന്നും പറഞ്ഞു ആ അങ്കിൾ നീട്ടി വിളിച്ചതും
“ആഹാ ഇതാരൊക്കെയാണ്.. മണവാളനും മണവാട്ടിയും ഇപ്പോഴാണോ ഞങ്ങളെ ഒക്കെ ഓർത്തത് എന്നും ചോദിച്ചോരു സ്ത്രീയും അവിടേക്ക് വന്നു..
ഞാൻ രണ്ടു പേരെയും മാറി മാറി നോക്കി..
“മോൾക്ക് ഞങ്ങളെ ഒന്നും മനസ്സിലായി കാണില്ല അല്ലേ..??
ഞാൻ ഇവന്റെ അച്ഛന്റെ ഒരു സുഹൃത്തു ആണ്..
പേര് രാജൻ.. അഡ്വക്കേറ്റ് ആണ്..
ഇതെന്റെ ഭാര്യ സുധ ഹൗസ് വൈഫ് ആണ്..
“ഇവൻ ഞങ്ങളെ പറ്റിയി ട്ടൊന്നും പറഞ്ഞു കാണില്ല അല്ലേ..??
എന്തായാലും വന്ന കാലിൽ തന്നെ നിൽക്കാതെ രണ്ടാളും ഇരിക്കാൻ നോക്ക്….
“സുധേ നീ പോയി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്..
“ഓ ശെരി ഞാൻ ഇപ്പോൾ എടുത്ത് കൊണ്ട് വരാം എന്നും പറഞ്ഞു ആന്റി അടുക്കളയിലേക്ക് പോയി….
“പിന്നെ പറ എന്തൊക്കെ ഉണ്ട് മോനെ വിശേഷം..??
നിങ്ങൾ വന്നപ്പോൾ തൊട്ടു ഞാൻ ശ്രദ്ധിക്കുന്നു എന്താണ് രണ്ടുപേരുടെയും മുഖത്തൊരു വാട്ടം….??
“അതുപിന്നെ അങ്കിൾ…. എനിക്കൊരു സഹായം ചെയ്തു തരണം..
പക്ഷേ ഈ കാര്യം നടക്കും വരെ അമ്മ ഒരു കാരണവശാലും അറിയരുത്….
“മ്മം..എന്ത് സഹായം നീ പറ..??
“അതുപിന്നെ അങ്കിൾ എനിക്ക് ഡിവോഴ്സ് വേണമെന്ന്
ശിവ പറഞ്ഞതും അങ്കിൾ പൊട്ടിച്ചിരിച്ചു..
“നീ നിന്റെ കുസൃതിയും തമാശയും ഒന്നും ഇതുവരെ മാറ്റിയിട്ടില്ല അല്ലേ….??
“അല്ല അങ്കിൾ ഞാൻ സീരിയസ് ആയിട്ടാണ് പറഞ്ഞത്…..
“ശെരിയാണോ മോളെ എന്ന് അങ്കിൾ എന്നോട് ചോദിച്ചതും ആണെന്ന മട്ടിൽ ഞാൻ തലയാട്ടി..
“കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആവുന്നല്ലേ ഒള്ളൂ അതിനിടയിൽ ഡിവോഴ്സ് ചെയ്യാൻ മാത്രം എന്ത് പ്രശ്നം ആണ് ഉണ്ടായത്..??
“അതുപിന്നെ അങ്കിൾ എനിക്ക് ഇവളോടൊപ്പം ഇനി ഒരു നിമിഷം പോലും ജീവിച്ചു പോവാൻ പറ്റില്ല അത് തന്നെ കാരണം..
“അതാണ് ഞാനും ചോദിച്ചത് അതിന് മാത്രം എന്താണ് ഉണ്ടായതെന്ന്..
“അതുപിന്നെ ഞാൻ ആഗ്രഹിച്ച പോലൊരു പെണ്ണല്ല ഇവൾ..
“ഓഹോ കെട്ടി കഴിഞ്ഞപ്പോൾ ആണോ നിനക്ക് അത് തോന്നിയത്..??
കല്യാണമെന്നത് നിനക്കൊക്കെ കുട്ടിക്കളിയാണോ..??
എന്നും ചോദിച്ചു കൊണ്ട് അങ്കിൾ ശിവയുടെ നേരെ ദേഷ്യപ്പെട്ടു….
അപ്പോഴേക്കും ആന്റി ജ്യൂസും ആയി അങ്ങോട്ട് വന്നു മുന്നിലിരുന്ന ടേബിളിൽ അത് വെച്ചു….
“എന്താ പിള്ളേരെ ഇത്.. നിങ്ങൾക്ക് ഇതെന്തുപറ്റി..?? എന്നും ചോദിച്ചു ആന്റി എന്റെ അടുത്ത് വന്നിരുന്നു..
എന്ത് പറയണം എന്നറിയാതെ ഞാൻ തല താഴ്ത്തി ഇരുന്നു..
“അങ്കിളെ ഞാൻ ആഗ്രഹിക്കുന്ന പോലൊരു ഭാര്യയാവാൻ അവൾക്ക് കഴിയില്ല എന്നെനിക്ക് തോന്നി അതല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല എന്ന് ശിവ ഇടക്ക് കേറി പറഞ്ഞു..
“മോനെ കല്യാണം കഴിഞ്ഞു ഒരുമാസം ആയതല്ലേ ഒള്ളൂ അതിനിടയിൽ അവൾ നീ ആഗ്രഹിക്കുന്നത് പോലെ ആവണം എന്നൊക്ക വാശി പിടിച്ചാൽ നടക്കുമോ..??
അവൾക്ക് കുറച്ചു കൂടി സമയം നീ കൊടുക്കണം എന്ന് ആന്റി കേറി പറഞ്ഞു..
“ഇല്ല ആന്റി ശെരിയാവില്ല….
അവൾ എനിക്കൊരിക്കലും ചേരില്ല..
എന്തിനാണ് വെറുതെ അവളുടെ ജീവിതം കൂടി കളയുന്നത് എന്നും പറഞ്ഞു ശിവ എല്ലാത്തിനും കാരണം താൻ തന്നെയാണ് എന്ന് സ്വയം വരുത്തി തീർക്കാനായി ശ്രമിച്ചു കൊണ്ടിരുന്നു..
“കല്യാണം കഴിക്കും മുൻപ് ഇതൊക്കെ തോന്നണ മായിരുന്നു..
ഡിവോഴ്സ് എന്നും പറഞ്ഞു പൊടിയും തട്ടി നീ പോവും പക്ഷേ ഇവളുടെ കാര്യം നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ..??
എത്ര ആഗ്രഹിച്ചും സ്വപ്നം കണ്ടും ആവും അവൾ വിവാഹത്തിന് സമ്മതം മൂളിയത്..
അതെല്ലാം ഇല്ലാതാക്കി നീ എന്താണ് നേടാൻ പോവുന്നത്..??
ഒന്ന് പറയാം ഇവളുടെ കണ്ണീരിന്റെ ശാപം അത് നീ എവിടെ കൊണ്ടു പോയി തീർക്കും..
എന്നൊക്കെ പറഞ്ഞു കൊണ്ട് അങ്കിൾ എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കുമ്പോൾ ശെരിക്കും ഞാൻ ഇരുന്നു ഉരുകുക യായിരുന്നു…..
തെറ്റ് എല്ലാം എന്റെ ഭാഗത്താണല്ലോ..
പക്ഷേ എല്ലാ കുറ്റവും സ്വയം ഏറ്റെടുത്തു അവരുടെ മുന്നിൽ പോലും കുറ്റക്കാരൻ ആയി ശിവ നിൽക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ ഒരു കുറ്റബോധം തോന്നി…..
“അങ്കിൾ നിങ്ങൾ എന്തൊക്ക പറഞ്ഞാലും എനിക്ക് ഡിവോഴ്സ് വേണം..
“മ്മം.. ശിവ നിന്റെ ഈ എടുത്തു ചാട്ടം നല്ലതിനല്ല..
പിന്നെ നീ ചോദിച്ച ഉടനെ എടുത്തു തരാൻ ഇത് ചക്കയോ മാങ്ങയോ ഒന്നുമല്ല..
ഒരു കാര്യം ചെയ്യൂ.. നിങ്ങൾ ഒരു ആറേഴ് മാസം കൂടി ഒന്നിച്ചു ജീവിക്ക്….
എന്നിട്ട് അപ്പോഴും ഇതേ തീരുമാനം തന്നെ ആണെങ്കിൽ നമുക്ക് ഡിവോഴ്സ് ചെയ്യാനുള്ള വഴി നോക്കാം..
“ഏഴ് മാസമോ..?? അതൊന്നും നടക്കില്ല അങ്കിൾ..
“ഡാ നിനക്ക് ഡിവോഴ്സ് വേണമെങ്കിൽ ഞാൻ പറയുന്നത് കേട്ടേ പറ്റൂ..
“മ്മം ശെരി….
“എന്നാൽ വാ കഴിച്ചിട്ട് പോവാം..
“വേണ്ട അങ്കിൾ ഇനി ഒരിക്കൽ ആവാം എന്നും പറഞ്ഞു ശിവ പോവാനായി ഇറങ്ങി..
ഒരു ഊമയെ കണക്കിന് എല്ലാം കേട്ടിരുന്നു ഒന്നും മിണ്ടാതെ ഞാനും എഴുന്നേറ്റു..
“മോളെ നിങ്ങളുടെ പ്രശ്നം എന്താണെന്നു ആന്റിക്ക് അറിയില്ല..
നിങ്ങൾ കുട്ടികൾ ആണ് അതിന്റെ എടുത്തുചാട്ടം ആണ് ഇതൊക്കെ..
ഒരുപാട് ജീവിതം കണ്ട അനുഭവം വെച്ച് പറയുക യാണെന്ന് കൂട്ടിക്കോ ദാമ്പത്യ ജീവിതത്തിൽ ക്ഷമ അത്യാവശ്യം വേണ്ട ഒന്നാണ്..
പിന്നെ അവൻ ഈ കാണുന്നത് പോലെ ഒന്നുമല്ല ആൾ പാവമാണ്..
പുറമെ ഇത്തിരി ദേഷ്യവും എടുത്തു ചാട്ടവും ഉണ്ടെന്നേ ഉള്ളു..
നീ അത് കാര്യമാക്കേണ്ട എന്ന്
ആന്റി എന്നെ മാറ്റി നിർത്തി പറയുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു..
ഒടുവിൽ അവരോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങുമ്പോൾ തൊട്ടു ചെയ്തു പോയതിനെ കുറിച്ച് ഓർത്തു എന്റെ ഉള്ളിൽ എവിടെയോ ഒരു കുറ്റബോധം ഉടലെടുത്തു തുടങ്ങിയിരുന്നു..
———————————————————
തിരികെ എന്നെ തറവാട്ടിൽ കൊണ്ട് വന്നു ആക്കിയിട്ടു ശിവ പുറത്ത് എവിടെയോ പോയി..
കുറച്ചു സമയം കഴിഞ്ഞതും
“മോളെ നിന്നോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട് എന്നും പറഞ്ഞു ശിവയുടെ അമ്മ മുറിയിലേക്ക് വന്നു….
“എന്താണ് അമ്മേ ചോദിച്ചോളൂ..
“മോളെ നിങ്ങൾ തമ്മിൽ എന്താണ് ശെരിക്കും പ്രശ്നം..??
പ്രശ്നം ഒന്നുമില്ലെന്നുള്ള കള്ളം പറയാനൊന്നും നീ നിൽക്കേണ്ട..
നിങ്ങൾക്കിടയിൽ എന്തോ ഒരു പ്രശ്നം ഉള്ളത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ
ഞാൻ അത് കാര്യമാക്കിയില്ല..
പരസ്പരം പരിചയം ഇല്ലാത്ത രണ്ടുപേർ തമ്മിൽ കല്യാണം കഴിച്ചത് കൊണ്ടുള്ള ചെറിയ പ്രശ്നങ്ങൾ ആയിരിക്കു മെന്നാണ് ഞാൻ വിചാരിച്ചിരുന്നത്….
പക്ഷേ ഇതിപ്പോൾ അവൻ നിന്നെ തല്ലിയെങ്കിൽ അതിന് തക്കതായ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടാവും
അല്ലാതെ അവൻ അങ്ങനെ ചെയ്യില്ല എനിക്കുറപ്പുണ്ട് എന്നമ്മ പറഞ്ഞു നിർത്തുമ്പോൾ എന്ത് പറയുമെന്ന് അറിയാതെ ഞാൻ കുഴങ്ങി..
താലി പൊട്ടിച്ച കാര്യം എങ്ങാനും അമ്മയോട് പറഞ്ഞാൽ അമ്മ അത് എങ്ങനെ എടുക്കുമെന്ന് അറിയില്ല..
പക്ഷേ എല്ലാം തുറന്നു പറയണം എന്നെന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു….
“മോൾക്ക് അമ്മയോട് തുറന്നു പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട…..
പക്ഷേ മോളോട് കുറച്ചു കാര്യങ്ങൾ അമ്മക്ക് പറയാനുണ്ട്….
നീ വിചാരിക്കും പോലെ ഞാൻ അവന്റെ പെറ്റമ്മ അല്ല മോളെ പോറ്റമ്മയാണ്…..
അതുകേട്ടു ഞാനൊന്ന് ഞെട്ടി.. അമ്മ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പെട്ടെന്ന് പിടികിട്ടിയില്ല.. കാരണം ഇത് ശിവയുടെ സ്വന്തം അമ്മ തന്നെ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്….
“മോൾക്ക് മനസ്സിലായി കാണില്ല അല്ലേ.. മോളെ എന്റെ ആങ്ങളയുടെ മകനാണ് ശിവ..
പിഞ്ചു കുഞ്ഞായിരുന്ന അവനെ എന്നെ ഏൽപ്പിച്ചു കൊണ്ട് ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ അവരുടെ മരണ വാർത്തയാണ് പിന്നെ ഞാൻ കേട്ടത്….
യാത്ര മധ്യേ ഉണ്ടായ ആക്‌സിഡന്റിൽ അവിടെ വെച്ചു തന്നെ രണ്ടു പേരും മരിച്ചു…..
അതുകേട്ടു ആകെ തകർന്ന ഞാൻ പിന്നെ ഒന്നുമറിയാത്ത ആ പിഞ്ചു കുഞ്ഞിനേയും കൊണ്ട് ജീവിച്ചു തുടങ്ങി..
അവന്റെ കളിയിലും ചിരിയിലും ഞാനെന്റെ സങ്കടങ്ങൾ മറന്നു..
പിന്നീട് ഞാൻ അവന്റെ അച്ഛനും അമ്മയും ആയി സ്വയം മാറുക യായിരുന്നു….
എനിക്ക് അവന് വേണ്ടി എന്റെ വിവാഹം പോലും വേണ്ടെന്ന് വെക്കേണ്ടി വന്നു…..
ഞാനല്ലാതെ മറ്റാരും അവനെ നോക്കാനുണ്ടാവില്ല എന്നെനിക്ക് അറിയാമായിരുന്നു….
അതുകൊണ്ട് തന്നെ അന്ന് എനിക്ക് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു….
അതോടെ അന്ന് തൊട്ടു ഇന്നോളം ഞാൻ അവന് അമ്മയും അവൻ എനിക്ക് മകനുമായി മാറി..
സ്വന്തം അമ്മയല്ലെന്ന് അറിയാ മായിരുന്നിട്ടും
ഒരമ്മയെ പോലെ തന്നെ കണ്ടാണ് അവനിപ്പോളും എന്നെ സ്നേഹിക്കുന്നത്..
എന്റെ മനസ്സ് വേദനിപ്പിക്കുന്നത് ഒന്നും അവൻ ഇന്നോളം ചെയ്തിട്ടില്ല.. ഞാനെന്നു വെച്ചാൽ അവനത്രക്ക് ജീവനാണ്..
അവന്റെ ഈ സ്നേഹം കാണുബോൾ എനിക്ക് പേടിയാണ് മോളെ..
നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ കുട്ടി തനിച്ചായി പോവും..
അതറിയാവുന്നത് കൊണ്ട് വിവാഹം കഴിക്കാൻ കുറച്ചു നാളായി ഞാനവനെ നിർബന്ധിക്കുന്നു..
പക്ഷേ അപ്പോഴൊക്കെ ഓരോന്ന് പറഞ്ഞു അവൻ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു…..
ഞാൻ അതിന്റെ പേരിൽ ദേഷ്യപ്പെടുമ്പോൾ നമുക്കിടയിൽ ആരും വേണ്ട അമ്മേ എന്നും പറഞ്ഞു ചിരിക്കും..
അങ്ങനെ ഇരിക്കെയാണ് ആ കുറുപ്പ് മോളുടെ ഫോട്ടോയും ആയി ഇവിടെ വന്നത്….
എന്തോ മോളുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ അവനിഷ്ടമായി…..
പെണ്ണുകാണാൻ പോവാമെന്ന് അവൻ സമ്മതവും മൂളി..
ശെരിക്കും ഒരുപാട് സന്തോഷത്തോടെ ആണ് ഞങ്ങൾ അന്ന് മോളെ പെണ്ണ് കാണാൻ വന്നത്…..
പിന്നെ എന്തുപറ്റി എന്നറിയില്ല കുറച്ചു കാലം കഴിഞ്ഞു കല്യാണത്തെ കുറിച്ച് ചിന്തിക്കാം എന്നും പറഞ്ഞു അവൻ ഒഴിഞ്ഞ് മാറി..
പിന്നെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വന്നു മോളെ ഇഷ്ടം ആണെന്നും കല്യാണത്തിന് സമ്മതം ആണെന്നും എല്ലാം പെട്ടെന്ന് ആയിക്കോട്ടെയെന്നും അവൻ പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല മോളുടെ അച്ഛനെ വിളിച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചു..
അങ്ങനെ ആണ് നിങ്ങളുടെ കല്യാണം തന്നെ നടന്നത്…..
ഒരു കാര്യം എനിക്കറിയാം അവന് മോളെ ഒരുപാട് ഇഷ്ടം ആണെന്ന്….
മോളെ അവൻ പൊന്നുപോലെ നോക്കിക്കോളും..
“മോളോട് അമ്മക്ക് ഒന്നേ പറയാനുള്ളൂ
അവന്റെ മനസ്സ് ഒരിക്കലും വേദനിപ്പിക്കരുത്
അവന് എല്ലാവരെയും സ്നേഹിക്കാനേ അറിയൂ ആരെയും വേദനിപ്പിക്കാൻ അറിയില്ല….
എന്നും പറഞ്ഞു കൊണ്ട് അമ്മ എന്റെ കവിളിൽ തലോടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുക യായിരുന്നു..
അമ്മയോട് തിരിച്ചൊന്നും പറയാൻ ആവാതെ മനസ്സിൽ ഒരു വിങ്ങലോടെ എല്ലാം കേട്ടു കണ്ണുകൾ നിറച്ചു നിൽക്കാനേ എനിക്കും കഴിഞ്ഞുള്ളൂ…..
അപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ശിവക്ക് ആക്‌സിഡന്റ് സംഭവിച്ചു എന്നും പറഞ്ഞൊരു ഫോൺ കോൾ തറവാട്ടിലേക്ക് വന്നത്…..
കേട്ടപാതി അമ്മ ബോധം കെട്ടു വീണു…..
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നൊരാ നിമിഷം ഞാനെന്റെ ജാതക ദോഷത്തെ കുറിച്ച് ഓർത്തുപോയി….
(തുടരും…)
(സ്നേഹപൂർവ്വം…ശിവ )
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission