Skip to content

ശ്രീലക്ഷ്മി – ഭാഗം 8

sreelakshmi shiva novel

” എന്റെ ജാതക ദോഷം കൊണ്ടു ശിവക്ക് ഒന്നും പറ്റരുതേ എന്റെ ഭഗവതി എന്ന് അവിടെ നിന്ന് മനസ്സുരുകി ഞാൻ പ്രാത്ഥിച്ചു..

അപ്പോഴാണ് അമ്മ ബോധം കെട്ടു കിടക്കുന്നതിനെ കുറിച്ച് ഞാൻ ഓർത്തത് തന്നെ..

പേടിച്ചിട്ട് ആകെ ഒരുതരം വെപ്രാളമായിരുന്നു..

പിന്നെ വേഗം  ഓടിപ്പോയി ഒരു ഗ്ളാസ്സിൽ വെള്ളവുമെടുത്തു കൊണ്ട് വന്നു അമ്മയുടെ മുഖത്തു ചെറുതായി തളിച്ചു..

അതോടെ  അമ്മ മെല്ലെ കണ്ണ് തുറന്നു എന്നെ നോക്കി …..

“അമ്മേ എഴുന്നേൽക്കമ്മേ എന്നും പറഞ്ഞു കൊണ്ട് ഞാൻ അമ്മയെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു അടുത്തുണ്ടായിരുന്ന  കസേരയിൽ ഇരുത്തി..

“മോളെ അവനെന്തോ അപകടം പറ്റിയിട്ടുണ്ട്..

എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല..

എനിക്കിപ്പോൾ അവനെ കാണണം മോളെ എന്നും പറഞ്ഞു അമ്മ കരഞ്ഞു തുടങ്ങി..

അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി..

“അമ്മേ.. അമ്മ കരയാതെ അമ്മേ  ഏട്ടന് ഒന്നും വരില്ല..

വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി അമ്മ  ടെൻഷൻ അടിക്കാതെ ഇരിക്ക്…..

“മോളെ  അവനെ കാണാതെ എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടില്ല..

എവിടെ ഉണ്ടെങ്കിലും എനിക്ക് അവനെ കണ്ടേ പറ്റൂ എന്നമ്മ പറയുബോഴേക്കും

വീണ്ടും കോൾ  വന്നു..

ഞാൻ വേഗം പോയി  ഫോൺ എടുത്തു കൊണ്ട്  മനസ്സിൽ

ഒരൽപ്പം ഭയത്തോടെ തന്നെ  ഞാൻ ഹലോ വെച്ചു..

“ഹലോ ഇതാരാ  ശ്രീലക്ഷ്മി ആണോ..??  ഞാൻ ശിവയുടെ ഫ്രണ്ട് അരുൺ ആണ്..

“ഹാ പറ ചേട്ടാ..

“ആ ലക്ഷ്മി ശിവക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റി..

നീ പേടിക്കുവൊന്നും വേണ്ട..

വലിയ കുഴപ്പമൊന്നുമില്ല പിന്നെ  ഇടതു കാലിന് ചെറിയൊരു പൊട്ടൽ ഉണ്ട്..

ഇപ്പോൾ  ആ കാലിൽ പ്ലാസ്റ്റർ ഇട്ടുകൊണ്ട് ഇരിക്കുവാണ്..

അത് കഴിയുമ്പോളേക്കും  ഞങ്ങൾ അങ്ങോട്ട്‌ വന്നോളാം….

പിന്നെ  നീ അമ്മയോട് പറഞ്ഞേക്ക് വെറുതെ  പേടിക്കണ്ട എന്ന്..

നേരത്തെ ഞാൻ  മുഴുവൻ പറയും മുൻപ് കോൾ കട്ട്‌ ആയി പോയി അതാണ് ഞാൻ വീണ്ടും വിളിച്ചത് എന്നും പറഞ്ഞു കൊണ്ട് അരുൺ കോൾ കട്ട്‌ ആക്കി……

സത്യം പറഞ്ഞാൽ അപ്പോഴാണ്  എന്റെ  ശ്വാസം നേരെ വീണത്..

അതുവരെ എന്റെ ഉള്ളിലും ടെൻഷൻ ആയിരുന്നു…..

ആദ്യമായി ശിവയെ കുറിച്ച് ഓർത്തെന്റെ മനസ്സ് പിടഞ്ഞത് ഞാൻ തിരിച്ചറിയുക ആയിരുന്നു..

“ആരാ മോളെ വിളിച്ചേ..?? അവനെന്തെങ്കിലും കുഴപ്പമുണ്ടോ..??

അമ്മയുടെ മുഖത്താകെ പരിഭ്രമം പടർന്നു പന്തലിച്ചിരുന്നു..

“ഹേ ഇല്ലമ്മേ.. പേടിക്കാൻ ഒന്നുമില്ല അരുൺ ആണ് വിളിച്ചത്..

പിന്നെ ഏട്ടന്റെ  കാലിന് ചെറിയൊരു പൊട്ടൽ ഉണ്ടത്രേ..

ഇപ്പോൾ പ്ലാസ്റ്റർ ഇട്ടു കൊണ്ടിരിക്കുവാണ് ..

അത്  കഴിഞ്ഞു അവർ ഇങ്ങോട്ട്  വരാമെന്ന് പറഞ്ഞു….

“മോളെ നീ സത്യം തന്നെയാണോ പറയുന്നത്..??

എന്റെ മനസ്സ് എന്തോ വല്ലാതെ പിടക്കുന്നു..

“സത്യമാണ് അമ്മേ….

അമ്മ വെറുതെ ടെൻഷൻ ആവാതെ ഇരിക്ക്..

ഏട്ടൻ ഇപ്പോൾ ഇങ്ങ് വരും എന്നു പറഞ്ഞു ഞാൻ അമ്മയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു….

നേരം വൈകും തോറും എന്റെ ഉള്ളിലും ചെറിയൊരു ഭയം പടർന്നിരുന്നു..

ശിവയെ നേരിൽ കാണാതെ എന്റെ ഉള്ളിലെ പിടച്ചിൽ മാറില്ല എന്നെന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു..

———————————————————

സന്ധ്യയോടെ മുറ്റത്തു ഒരു കാർ വന്നു നിന്നു….

വണ്ടിയുടെ ശബ്ദം കേട്ടു

ഞാനും അമ്മയും കൂടി ഓടി ഉമ്മറത്തു വന്നു നോക്കുമ്പോൾ കാറിൽ നിന്നും ശിവയെ പതിയെ പിടിച്ചു ഇറക്കുന്നത് ആണ് കണ്ടത്..

ശിവയുടെ തലയിലും കൈയിലും ചെറിയ കെട്ടുകളുണ്ട്..

ഇടതു കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു….

ശിവയെ കണ്ടതും മോനെ എന്നും വിളിച്ചു കൊണ്ട്  അമ്മ അങ്ങോട്ടേക്ക് ഓടി ചെന്നു..

“എന്താ മോനെ പറ്റിയത്..??

“ഒന്നുമില്ല അമ്മേ ചെറിയൊരു ആക്‌സിഡന്റ് അത്രേ ഉള്ളൂ എന്നും പറഞ്ഞു അരുണിന്റെ തോളിൽ കൂടി കൈയിട്ടു  ശിവ മുന്നോട്ടു ഞൊണ്ടി ഞൊണ്ടി  നടക്കാനായി   തുടങ്ങി..

കുറ്റബോധം ഉള്ളിൽ നിറഞ്ഞത് കൊണ്ടാവും അപ്പോൾ ആ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല..

പക്ഷേ ശിവയെ കണ്ടപ്പോൾ എന്റെ മനസ്സോന്ന് പിടഞ്ഞു..

കണ്ണുകൾ അറിയാതെ നിറഞ്ഞു തുടങ്ങി..

അരുൺ ഒരുവിധത്തിൽ ശിവയെ നടത്തി കട്ടിലിൽ കൊണ്ടു പോയി കിടത്തിച്ചു..

പിന്നാലെ ഞാനും മുറിയിലേക്ക് ചെന്നു…

“അതേ ശ്രീലക്ഷ്മി ഇത് ഇവന് കൊടുക്കാനുള്ള മരുന്നാണ്.. വേദനക്ക് മറ്റും  ഉള്ളതാണ്.. സമയത്ത് കൊടുത്തേക്കണം…

പിന്നെ  ഒരു കാര്യം ഇവനോട് ഇനി മേലാൽ ഇങ്ങനെ കുടിച്ചിട്ട് വണ്ടി ഓടിക്കരുത് എന്ന് പറഞ്ഞേക്കണം  എന്നും പറഞ്ഞു  ഒരു കൂട്ടം മരുന്നു എന്നെ ഏൽപ്പിച്ചു ഞങ്ങളോട് യാത്രയും  പറഞ്ഞു അരുൺ ഇറങ്ങി….

ഞാൻ ശിവയുടെ മുഖത്തേക്ക് ഒന്നു നോക്കി..

വേദനക്കിടയിലും തനിക്കൊന്നും ഇല്ലെന്നു കാണിക്കാൻ അമ്മക്ക് വേണ്ടി പുഞ്ചിരിക്കാൻ ശ്രമിക്കുന്ന മകന്റെ സ്നേഹമാണ് ഞാനാ മുഖത്തപ്പോൾ കണ്ടത്….

“അമ്മേ എനിക്ക് ദാഹിക്കുന്നുണ്ട്..  കുടിക്കാൻ കുറച്ചു വെള്ളം എടുത്തു കൊണ്ടുവാ..

ശിവ അത് പറഞ്ഞതും അമ്മ ഇവിടെ ഇരുന്നോളു  ഞാൻ പോയി എടുത്തു കൊണ്ടു വരാം എന്നും പറഞ്ഞു ഞാൻ വേഗം പോയി വെള്ളം എടുത്തു കൊണ്ടു വന്നു..

ഗ്ലാസിലുള്ള വെള്ളം ഏട്ടന് നേരെ നീട്ടുമ്പോൾ എന്റെ കൈ വിറക്കുന്നു ണ്ടായിരുന്നു..

ആ മുഖത്തേക്ക് നോക്കുമ്പോൾ  കുറ്റബോധം കൊണ്ടെന്റെ മനസ്സ് നീറുകയായിരുന്നു..

എല്ലാത്തിനും കാരണക്കാരി ഞാനാണ്..

എന്റെ ദോഷം കൊണ്ടാവും ഏട്ടന് ഇങ്ങനൊക്കെ ഉണ്ടായത്..

ശിവ  വെള്ളം കുടിച്ചു കഴിഞ്ഞതും ഗ്ലാസ്സ് ഞാൻ മേശപ്പുറത്തേക്ക് വെച്ചു.

“അമ്മേ ഏട്ടൻ കുറച്ചു സമയം കിടന്നോട്ടെ നമുക്ക് അപ്പുറത്തേക്ക് പോവാം എന്ന് പറയുമ്പോൾ ശിവ എന്നെ ഒന്ന് തുറിച്ചു നോക്കി..

കാരണം അന്ന് ആദ്യമായിട്ടാണ് ഞാൻ ഏട്ടൻ എന്നു വിളിക്കുന്നത് പുള്ളി കേൾക്കുന്നത്….

ഞാൻ ശിവയെ  നോക്കി മെല്ലെ പുഞ്ചിരിച്ചു..

ആ മുഖത്തപ്പോൾ നിറഞ്ഞു നിന്നിരുന്നത് അത്ഭുതമായിരുന്നു..

“ശെരിയാ മോളെ.. അവൻ കുറച്ചു നേരം ഉറങ്ങിക്കോട്ടെ..

നമുക്ക് അവന് കഴിക്കാൻ കഞ്ഞിയോ മറ്റോ  ഉണ്ടാക്കാം എന്നും പറഞ്ഞു അമ്മ എന്നെയും വിളിച്ചു കൊണ്ട്  അടുക്കളയിലേക്ക് പോയി..

———————————————————

അടുക്കളയിൽ കയറിയപ്പോൾ പതിവില്ലാത്തൊരു ആവേശമായിരുന്നു എനിക്ക്..

അമ്മയെ കാഴ്ചക്കാരിയാക്കി കൊണ്ട് എല്ലാ പണികളും ഞാൻ തന്നെ ചെയ്തു..

ഏട്ടനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു എന്റെ മനസ്സിലപ്പോൾ..

പണിക്ക്  ഇടക്ക്  ഞാൻ പോയി നോക്കുമ്പോൾ മരുന്നിന്റെ എഫക്ട് കൊണ്ടാവും  ആൾ നല്ല ഉറക്കമായിരുന്നു….

ഒടുവിൽ

കഞ്ഞിയൊക്കെ റെഡിയാക്കി അതുമായി ഞാനും അമ്മയും കൂടി  മുറിയിലെത്തി ഏട്ടനെ വിളിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി….

ഏട്ടന് കൈക്ക് നല്ല വേദന ഉണ്ടെന്ന് പറഞ്ഞത് കൊണ്ട്  അമ്മ  ഓരോ സ്പൂൺ  കഞ്ഞി  വീതം കോരി കൊടുത്തു കൊണ്ടിരുന്നു..

ഏട്ടൻ അതിനിടയിൽ എന്നെ ഒന്നു നോക്കി..

മുഖത്തൊരു ചെറു പുഞ്ചിരി വിടർത്തി കൊണ്ടു ഞാനും ആ മുഖത്തേക്ക് നോക്കി..

അതിനിടയിൽ ഞാൻ പോയി   കുടിക്കാൻ വെള്ളം എടുത്തു കൊണ്ടു വരാം അതുവരെ മോള് ഇവന് കഞ്ഞി  കൊടുക്ക് എന്നും പറഞ്ഞു അമ്മ പാത്രം എന്നെ ഏൽപ്പിച്ചു  അടുക്കളയിലേക്ക് പോയി….

ഞാൻ കൊടുത്താൽ ഏട്ടന് ഇഷ്ടമാവുമോ..

ഏട്ടൻ  എങ്ങനെ പെരുമാറും എന്നൊന്നും അറിയാത്ത കൊണ്ട് ഒരൽപ്പം ഭയത്തോടെ  ഞാൻ പതിയെ അടുത്തിരുന്നു കൊണ്ട് സ്പൂൺ കഞ്ഞിയിൽ ഇട്ടു ഇളക്കി കൊണ്ടിരുന്നു..

“അതേ നീ ബുദ്ധിമുട്ടണ്ട ഇങ്ങ് തന്നേക്ക് ഞാൻ കോരി കുടിച്ചോളാം എന്നും പറഞ്ഞു ഏട്ടൻ എന്റെ നേരെ കൈനീട്ടി..

“ഹേ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല  കൈ വയ്യാത്ത അല്ലേ ഞാൻ കോരി തരാം എന്നും പറഞ്ഞു ഞാൻ കഞ്ഞി കോരി കൊടുത്തു..

അതിനിടയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തു..

ആ നോട്ടം എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ എനിക്ക് തോന്നി..

ആ നോട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ എനിക്കായില്ല..

മനസ്സിനുള്ളിൽ ഒരു തിരയിളക്കം പോലെ..

ആ കണ്ണുകളിൽ ഞാൻ നിറഞ്ഞു നിന്നിരുന്നു..

പെട്ടെന്ന് അമ്മ അങ്ങോട്ടേക്ക് കേറി വന്നു..

ഞാൻ വേഗം ചാടി എഴുന്നേറ്റു….

“ഹാ എഴുന്നേൽക്കണ്ട മോളെ നീ  കഞ്ഞി കൊടുത്തോളു..

“വേണ്ടമ്മേ എനിക്ക് മതിയായി എന്നപ്പോൾ  ഏട്ടൻ കേറി പറഞ്ഞു..

“ഇത്തിരി കൂടി കഴിക്കെടാ..

“വേണ്ടമ്മേ ഒട്ടും വിശപ്പില്ല..

“മ്മം ശെരി.. എന്നാൽ പിന്നെ മരുന്ന് കൂടി കഴിച്ചിട്ട് മോൻ ഉറങ്ങിക്കോ..

മോളെ ഏതാണെന്നു വെച്ചാൽ ആ മരുന്ന് എടുത്തു കൊടുത്തേക്ക് എന്നും പറഞ്ഞു അമ്മ പോയി..

അമ്മ പോയതും ഏട്ടന് കഴിക്കാനുള്ള മരുന്നൊക്കെ കൊടുത്തു ഞാൻ പോയി  മുറിയുടെ വാതിൽ അടച്ചു  ലൈറ്റ് അണച്ചു നിലത്തു പായിട്ട് കിടന്നു….

കിടന്നിട്ടു ഉറക്കം വരുന്നുണ്ടാ യിരുന്നില്ല..

ഞാൻ കാരണം ആയിരിക്കും  ഏട്ടന് ഇങ്ങനൊക്കെ പറ്റിയത് എന്നൊരു കുറ്റബോധം എന്നെ വല്ലാതെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു..

വാക്കുകൾ കൊണ്ട് ആ  പാവത്തിനെ ഒരുപാട് ഞാൻ വേദനിപ്പിച്ചു..

ആ സ്നേഹം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല..

എല്ലാം എന്റെ തെറ്റാണ്..

എന്റെ എടുത്തു ചാട്ടവും വാശിയും ഒക്കെയാണ് ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം..

ഇനി ഇങ്ങനെ ഒന്നും ഉണ്ടായിക്കൂടാ..

ഇനിയും ആ മനസ്സ് വേദനിപ്പിച്ചാൽ ദൈവം പോലും  എന്നോട് പൊറുക്കില്ല എന്നെനിക്ക് തോന്നി..

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഉറക്കം വരാതെ എഴുന്നേറ്റു ഞാൻ ജനലരികിൽ പോയി നിന്നു..

തുറന്നിട്ട ജനലഴികളിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി..

തൊടിയിലാകെ നിലാവെട്ടം പരന്നു കഴിഞ്ഞു..

മിന്നാമിനുങ്ങുകൾ പാറി പറന്നു നടപ്പുണ്ട്..

തൊടിയിൽ നിന്നിരുന്ന തെങ്ങിന്റെ ഇളം കാറ്റിൽ ആടുന്ന  ഓലത്തുമ്പിൽ രണ്ടു ഇണക്കുരുവികൾ ഇരുപ്പുണ്ട്..

നിലാവിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട്  അവർ കൊക്കൊരുമ്മി പ്രണയം പങ്കിടുകയാണെന്ന് എനിക്ക് തോന്നി…

അവരുടെ പിന്നിലായി ചന്ദ്രൻ നാണിച്ചു നിൽക്കുന്നു..

രാവിനെ മനോഹരമാക്കാൻ വീശിയടിച്ച ഇളം കാറ്റിൽ മുറ്റത്ത്‌ നിന്നിരുന്ന നിശാഗന്ധി പൂവിന്റെ വശ്യമായ ഗന്ധം നിറഞ്ഞിരുന്നു..

ഏതോ സ്വപ്ന ലോകത്തേക്ക് എന്റെ മനസ്സ് മെല്ലെ സഞ്ചരിക്കാൻ ഒരുങ്ങവെ ഏട്ടന്റെ ശബ്ദം കേട്ടു ഞാൻ വേഗം പോയി  ലൈറ്റ് ഇട്ടു.. പതിയെ അടുത്ത് ചെന്നു നോക്കിയപ്പോൾ കണ്ടത് ഏട്ടൻ  പനിച്ചു വിറക്കുന്നത് ആണ്…. അതിനിടയിൽ അമ്മയെ വിളിക്കുന്നും ഉണ്ട്….

ഞാൻ കൈവെച്ചു ഏട്ടന്റെ നെറ്റിയിൽ മെല്ലെ തൊട്ട് നോക്കി പൊള്ളുന്ന ചൂടായിരുന്നു..

പിന്നെ ഒന്നും ആലോചിച്ചില്ല പെട്ടെന്ന് തന്നെ  പോയി തണുത്ത വെള്ളം എടുത്തു കൊണ്ടു വന്നു ഏട്ടന്റെ  നെറ്റിയിൽ ഞാൻ  തുണി നനച്ചിട്ടു കൊടുത്തു…

അമ്മ നല്ല ഉറക്കം ആയതു കൊണ്ട് വെറുതെ വിളിച്ചു എഴുന്നേൽപ്പിക്കണ്ട എന്നെനിക്ക്  അപ്പോൾ തോന്നി..

അടുത്തിരുന്നു കൊണ്ട് ഇടക്കിടെ തുണി നനച്ചിട്ട് കൊടുത്തത് കൊണ്ടാവും കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടന് ഒരൽപ്പം ആശ്വാസം കിട്ടി എന്ന് തോന്നി..

ക്ഷീണം മൂലമുള്ള ഉറക്കത്തിന്റെ ആലസ്യത്തിൽ ആവാം  അമ്മേ എന്നും പറഞ്ഞു കൊണ്ട്  ഏട്ടൻ എന്റെ മടിയിലേക്ക് തല വെച്ചപ്പോൾ എതിർക്കാൻ എനിക്ക് കഴിഞ്ഞില്ല….

പതിയെ ഞാനാ മുടി ഇഴകളെ തഴുകി കൊടുത്തു കൊണ്ടിരുന്നു..

ഒരു കൊച്ചു കുഞ്ഞിനെ പോലെ ശാന്തമായി ഏട്ടൻ എന്റെ മടിയിൽ കിടന്നു ഉറങ്ങുന്നത് കണ്ണിമ വെട്ടാതെ കുറെ നേരം ഞാൻ നോക്കിയിരുന്നു….

പിന്നീട്  എപ്പോഴോ ഞാനും ഉറങ്ങി പോയി…..

പുലർച്ചെ ഞാനുണരുമ്പോൾ ഏട്ടൻ എന്റെ മടിയിൽ തലവെച്ചു തന്നെ കിടക്കുക ആയിരുന്നു..

നല്ല ഉറക്കത്തിൽ ആണെന്ന് തോന്നിയത് കൊണ്ട് മൂപ്പരെ ഉണർത്താതെ മടിയിൽ നിന്നും  പതിയെ തല ബെഡിലേക്ക് വെച്ചു കൊണ്ടു  എഴുന്നേറ്റു ഞാൻ  പുറത്തേക്ക് ഇറങ്ങി..

പിന്നെ കുളിയും അടുക്കള പണിയും തീർത്തു ചായയുമായി ഞാൻ ചെല്ലുമ്പോളും ആൾ നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു..

അത് കണ്ടപ്പോൾ വിളിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ഞാൻ അൽപനേരം  നിന്നു..

ഒടുവിൽ  ഏട്ടനെ വിളിച്ചുണർത്താൻ തന്നെ ഞാൻ തീരുമാനിച്ചു..

“ഏട്ടാ.. ഏട്ടാ എഴുന്നേൽക്ക് ദേ ചായ എന്നും പറഞ്ഞു ഞാൻ ഏട്ടനെ വിളിച്ചു എഴുന്നേൽപ്പിച്ചു..

കണ്ണ് തുറന്നു ശിവ എന്നെ അത്ഭുതത്തോടെ ഒന്നു നോക്കി..

ഇത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാത്ത കൊണ്ടാവും പുള്ളിക്കാരൻ സ്വയം നുള്ളി നോക്കുന്നത് കണ്ടു എനിക്ക് ചിരി വന്നു…

സാധാരണ ഞാൻ ചായ മേശപ്പുറത്തു വെച്ചിട്ട്  പോവാറാണ് പതിവ് ഇതിപ്പോൾ ഏട്ടാന്ന് പറഞ്ഞു വിളിച്ചു എഴുന്നേൽപ്പിച്ചു ചായ ഒക്കെ കൊടുത്തപ്പോൾ മൂപ്പർ ഓർത്തു കാണും സ്വപ്നം വല്ലതും കാണുവാണെന്ന്..

“അതേ ശ്രീ.. നീ അമ്മയെ ഒന്ന് വിളിക്കുമോ എനിക്കൊന്നു ബാത്‌റൂമിൽ പോണം..

“അമ്മ അടുക്കളയിൽ ആണ്.. വാ  ഞാൻ കൊണ്ടു പോവാം..

“വേണ്ട അത് ശെരിയാവില്ല..

“അതെന്താ ശെരിയാവാത്തെ..?? ഞാൻ കൊണ്ടു പോയാൽ എന്താ കുഴപ്പം..??

“കുഴപ്പമൊന്നുമില്ല.. പക്ഷേ

ഒരു കാര്യത്തിനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഇഷ്ടമല്ല..

“ഓ അപ്പോൾ പിന്നെ അമ്മയെ വിളിക്കുന്നതോ..??

“അതെന്റെ അമ്മയാണ്.. അമ്മക്ക് ഞാൻ ഒരിക്കലും ബുദ്ധിമുട്ട് ആവില്ല എന്നെനിക്ക് അറിയാം..

പിന്നെ ഇപ്പോൾ നീ  ഈ കാണിക്കുന്ന  സഹതാപം അതെനിക്ക്  ഇഷ്ടമല്ല..

അതുകൊണ്ട് നീ അമ്മയെ വിളിച്ചാൽ മതി എന്ന് ശിവേട്ടൻ പറയുമ്പോൾ എന്തോ ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു….

ഏട്ടനെന്നെ അകറ്റി നിർത്തുന്നത് പോലെ എനിക്ക് തോന്നി..

ഒരിക്കൽ ഒരുപാട് അകറ്റി നിർത്താൻ കൊതിച്ചിരുന്ന ഒരാളിലേക്ക് മനസ്സ് അടുത്ത് കൊണ്ടിരിക്കുന്നത് പോലൊരു തോന്നൽ..

അതുകൊണ്ടാവും ഏട്ടന്റെ ഈ അവഗണന എന്നെ വേദനിപ്പിച്ചത്…..

ഒരൽപ്പം സങ്കടത്തോടെ ഞാൻ പോയി  അമ്മയെ വിളിച്ചു കൊണ്ട് വന്നു..

അവളുള്ളപ്പോൾ എന്തിനാണ് എന്നെ വിളിച്ചത് എന്നും ചോദിച്ചു കൊണ്ട് അമ്മ ഏട്ടന്റെ നേരെ ദേഷ്യപ്പെട്ടെങ്കിലും അമ്മക്ക്    മറുപടി യെന്നോണം  ഒരു പുഞ്ചിരി മാത്രം  ഏട്ടൻ  സമ്മാനിച്ചു….

ആ പുഞ്ചിരിക്ക് പിന്നിൽ ഒരു നൂറായിരം മറുപടികൾ മറഞ്ഞിരി ക്കുന്നുണ്ടാവും എന്നെനിക്ക് തോന്നി….

ഒരുപക്ഷേ താലി ചരടിൽ കോർത്തിണക്കിയ ഞങ്ങളുടെ  ബന്ധം എന്നുന്നേക്കുമായി അവസാനിച്ചു എന്ന മറുപടി..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശ്രീലക്ഷ്മി – ഭാഗം 8”

Leave a Reply

Don`t copy text!