Skip to content

ബൃന്ദാവനസാരംഗ – ഭാഗം 11

Malayalam Novel Brindavana Saranga

മാളുവിന്റെ വീട്ടൽ ഇറയത്ത് കത്തിച്ച നിലവിളക്കിനരികെ മൗനത്തിന്റെ കച്ച പുതച്ച് അവൾ കിടന്നു ..

ഒന്നുമറിയാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ വന്നു കൂടിയവരുടെ ഹൃദയം പിളർത്തി …

അമ്മ മരിച്ചുവെന്നറിയില്ലെങ്കിലും അവൻ എന്തിനോ വേണ്ടി അലറിക്കരഞ്ഞു …

ഇറയത്ത് ഒരു കോണിൽ വേദ ഒറ്റപ്പെട്ടിരുന്നു ….

ഇനിയീ ലോകത്ത് മാളുവില്ലെന്ന സത്യം ഉൾക്കൊള്ളാൻ അവൾക്കാകുമായിരുന്നില്ല …

ഓർമ വച്ചപ്പോഴെക്കും അവൾക്കച്ഛനുമമ്മയും കൂടപ്പിറപ്പും നഷ്ടപ്പെട്ടതാണ് .. അച്ഛനിൽ നിന്ന് അമ്മയിലേക്കും അമ്മയുടെ വയറ്റിൽ കിടന്ന കുഞ്ഞിലേക്കും പകർന്ന രോഗം … ഒരു രാത്രി പണിതീരാറായ ഏതോ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് മകനെ വലിച്ചെറിഞ്ഞ് ഒപ്പം അച്ഛനും അമ്മയും താഴേക്ക് ചാടി മരിച്ചു .. കൈക്കുഞ്ഞായിരുന്ന അവളെയവർ ചുവർ പണിഞ്ഞിട്ടില്ലാത്ത തറയിൽ കിടത്തി . താനെ ഇഴഞ്ഞ് വീണോട്ടെയെന്ന് കരുതിയിട്ടുണ്ടാവും .. ഒരുപക്ഷെ എടുത്തെറിയാൻ മനസുണ്ടായിക്കാണില്ല .. ആ കുഞ്ഞ് വീണില്ല … താഴെ വീണ ജഡങ്ങൾക്ക് ചുറ്റും കൂടി നിന്നവരിൽ ആരോ മുകളിൽ കാൽത്തളയിട്ടൊരു കാല് കണ്ടു … പിന്നീട് ആ കുഞ്ഞിന്റെ ജീവിതം മാറിമറിഞ്ഞു .. എയ്ഡ്സ് രോഗിയായ കുഞ്ഞിനെ ഏറ്റെടുക്കാൻ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കൾ തയ്യാറായില്ല ..ചൈൽഡ് ലൈനിലും മറ്റുമായി ബാല്യകൗമാരങ്ങൾ .. സ്കൂളിലേക്കവൾ ചെല്ലുന്നതിന് മുൻപ് ബോധവൽക്കരണം നടത്താറുണ്ട് . . അതെല്ലാം കഴിഞ്ഞ് അവളെത്തുമ്പോൾ അത്ഭുത ജീവിയെ എന്ന പോലെ കാണാനെത്തുന്ന വിദ്യാർത്ഥികൾ ..

കൂട്ടുകൂടാൻ മടിച്ച സഹപാഠികൾ .. അപ്പോഴെല്ലാം അവൾ ഒറ്റക്കായിരുന്നു … കൂട്ടിന് സംഗീതം മാത്രം … അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ കഴിവ് .. ആ സംഗീതമായിരുന്നല്ലോ അച്ഛനെ കീഴ്പ്പെടുത്തിയതും … എണ്ണം പറഞ്ഞ ആരാധികമാരിലാരോ സമ്മാനിച്ച രോഗം ..

ഹയർ സെക്കന്ററി പഠനത്തിന് അൽപം അകലെയൊരു സ്കൂളിലാണ് അവളെ ചേർത്തത് … പഠനം സിസ്റ്റർ ബ്രിജിത്ത എന്ന മനുഷ്യസ്നേഹിയുടെ സ്നേഹഭവനത്തിൽ നിന്നായി .. ആദ്യമായി അമ്മയെ പോലെ ചേർത്തു പിടിച്ചാശ്വസിപ്പിക്കാനും ചോറുവാരിത്തരാനും ഒരമ്മ .. പഠിക്കാൻ ചേർന്ന സ്കൂളിലും അവളെ കാത്ത് രണ്ട് പേരുണ്ടായിരുന്നു .. ചേർത്തു പിടിക്കാൻ .. വഴക്കിടാൻ .. ഒരുമിച്ചുണ്ണാൻ .. സൊറ പറയാൻ .. അത് വരെ കിട്ടിയിട്ടില്ലാത്ത സൗഹൃദമെന്ന അത്ഭുതത്തോണിയുമായി രണ്ടു പേർ …

മാളവിക , ദീപക് …

കൂടെ തുഴഞ്ഞ മറ്റെല്ലാ തോണികളും ഓർമകളുടെ തീരങ്ങളിലണഞ്ഞിട്ടും അവർ മാത്രം ഒരുമിച്ചു തുഴഞ്ഞു … സ്നേഹത്തിന്റെ കാണാത്തീരങ്ങൾ തേടി ….

ഇന്നിപ്പോൾ ഏതെങ്കിലുമൊരു കരയിലെത്തും മുൻപേ അവൾ മാത്രമെങ്ങോ ആഴ്ന്ന് പോയി… ഞങ്ങളിൽ നിന്ന് ഒരുപാടകലെ , ഏതോ ചുഴിയിൽപ്പെട്ടുഴറി എവിടെയോ മറയുന്നു … ഇനിയൊരിക്കലും തിരികെ വരാതെ ……

വേദയുടെ കണ്ണിലൂടെയൊഴുകിയ കണ്ണുനീർ കവിളുകളെ നനച്ച് നെഞ്ചിലേക്കിറ്റ് വീണു …

ബ്രിജിത്താമ്മക്ക് പിന്നാലെ അവളും … തനിക്ക് സ്വന്തമായി ഈ ഭൂമിയിലുണ്ടായിരുന്ന രണ്ടാമത്തെയാളും തന്നെ വിട്ടകന്നരിക്കുന്നു ….

അവരെയെല്ലാം അരികിൽ നിർത്തി , തന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടയുമെന്നായിരുന്നു താനെന്നും കരുതിയിരുന്നത് …

അതെല്ലാം കാലം തിരുത്തിക്കുറിച്ചിരിക്കുന്നു … തന്നെ തനിച്ചാക്കി അവർ യാത്രയാകുന്നു … മരണം രംഗബോധമില്ലാത്ത കോമാളിയെന്ന് പറയുന്നത് എത്ര സത്യം …

അവസാനനാളുകളിൽ അവളെ കാണുന്നത് തനിക്ക് ഹൃദയഭേദകമായിരുന്നു .. ചെറിയ മടക്കുള്ള അരയ്ക്കൊപ്പം നീളമുള്ള മുടി വിതിർത്തിട്ട് അവളെ കാണുന്നത് തന്നെ ഐശ്വര്യമായിരുന്നു … പിന്നീടത് വെട്ടിയിറക്കിയപ്പോൾ , മെല്ലെ മെല്ലെ കിളിർത്തു വന്നപ്പോൾ … ഒരു കൊച്ചു കുഞ്ഞിനെ പോലെ മെലിഞ്ഞൊട്ടിയ മുഖവുമായി നൈറ്റിക്കുള്ളിലിരുന്ന് നോക്കുന്ന മാളു …. തന്റെ രാത്രികളെയെല്ലാം ആ രൂപം കണ്ണീരിലാഴ്ത്തിയിരുന്നു ..

അവൾ നിലത്ത് തറയോടൊട്ടി വെള്ളപുതച്ചു കിടന്ന മാളുവിനെ നോക്കി ..

ഇടയ്ക്കെപ്പോഴോ മുറ്റത്തിന്റെ കോണിൽ പ്ലാസ്റ്റിക് കസേരയിലിരുന്ന രാഹുലിൽ അവളുടെ നോട്ടം വീണു … കൊല്ലാനുള്ള പകയുണ്ടായിരുന്നു അവൾക്കയാളോട് … അയാളവളെ സ്നേഹിച്ച് ചേർത്ത് നിർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ ……

വിപഞ്ചിക ….. അമ്മയുടെ തോളിൽ ചാരി , മാളുവിന്റെ തലയ്ക്കൽ അവളുണ്ടായിരുന്നു … ഇടക്കിടക്ക് ഏങ്ങലുകൾ ….

അകത്ത് കുഞ്ഞിന്റെ കരച്ചിൽ വീണ്ടും തുടങ്ങിയപ്പോൾ അവളെഴുന്നേറ്റ് അകത്തേക്ക് പോയി … കുറേക്കഴിഞ്ഞ് മോനുമായി അവൾ വന്ന് പഴയ സ്ഥാനത്തിരുന്നു … അവളുടെ കൈയിൽ അവൻ കരച്ചിലടക്കിയിരുന്നു …

അവളാ കുഞ്ഞിനെയെങ്കിലും നന്നായി നോക്കണേ എന്നവൾ പ്രാർത്ഥിച്ചു .. ഏറ്റെടുത്ത് കൊണ്ടുപോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല .. പക്ഷെ താനാര് ..? അതിന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ .. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുള്ളപ്പോൾ താനാര് ….

അല്ലെങ്കിലും മരണം തനിക്കും വിദൂരമല്ലല്ലോ … പറക്കമുറ്റാത്ത കുഞ്ഞിനെ തനിച്ചാക്കി പോകേണ്ടി വന്നാൽ പിന്നെ അവനാരുണ്ട് … ഒരുറപ്പുമില്ലാത്ത തന്റെ ജീവിതത്തിലേക്ക് അവൻ വേണ്ട …

അതുവരെ അവളും മരണത്തെ ഭയന്നിരുന്നു .. എന്തുകൊണ്ടോ ഇപ്പോൾ അവൾ മരണമാഗ്രഹിച്ചു .. മടക്കയാത്രയില്ലാത്ത ലോകത്ത് ഇനി താൻ തനിച്ചാവില്ല … തനിക്കവളുണ്ട് .. തന്റെ പ്രിയപ്പെട്ട മാളു … താൻ തനിച്ചാകാതിരിക്കുവാനാണോ അവൾ നേരത്തെ പോയത് … വേദയുടെ കണ്ണുകൾ തോരാതെ പെയ്തു കൊണ്ടിരുന്നു ..

രാഹുൽ …. അയാളും വിങ്ങിപ്പൊട്ടുകയായിരുന്നു .. ചെയ്തു പോയ അപരാധം ഏറ്റുപറയും മുൻപേ …… ക്ഷമിച്ചാലും ഇല്ലെങ്കിലും ആ കാലുകളിൽ തൊട്ട് മാപ്പ് പറയാൻ കഴിയും മുൻപേ അവൾ പോയി .. . അവസാനമായി ഇന്നലെയവൾ തന്റെയരികിലിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ , ഒന്ന് വിളമ്പിക്കൊടുത്തിരുന്നെങ്കിൽ , ഒരു രാത്രിയെങ്കിലും അവളെ ചേർത്ത് പിടിച്ച് കിടന്നിരുന്നെങ്കിൽ … ഒന്നുമുണ്ടായില്ല … ഇനി … ഇനിയൊരിക്കലും അവൾ കൂടെയില്ല … അതെല്ലാം അയാളെ പൊള്ളിച്ചുകൊണ്ടിരുന്നു ..

മരിക്കുമ്പോൾ അവൾ തന്നെ അങ്ങേയറ്റം വെറുത്തിരുന്നിരിക്കണം … ഇതും ഒരു ശിക്ഷയാകും … ജീവിതാവസാനം വരെ കുറ്റബോധം തന്നെ വേട്ടയാടും .. അവളുടെയോർമ്മകൾ ഇഞ്ചിഞ്ചായി കീറി മുറിക്കും .. മരിച്ചു തന്റെ കൈകളിൽ കിടന്നപ്പോൾ താൻ കണ്ടതാണ് , അവളുടെ കണ്ണിൽ നിന്നടർന്ന അവസാനതുളളിയുടെ അടയാളം .. ആ കണ്ണുനീരെന്നും തന്നെ വേട്ടയാടും …

സുമംഗലിയായി തന്റെ ജീവിതത്തിൽ അവൾ കടന്നു വന്ന ആദ്യരാത്രി , വീടിനെയോർത്ത് അവളുടെ നേത്രങ്ങൾ തുളുമ്പിയപ്പോൾ അത് തുടച്ചു കൊണ്ട് താനവൾക്ക് ഒരു വാക്ക് കൊടുത്തിരുന്നു .. ” ഇനിയൊരിക്കലും ഈ കണ്ണു നിറയാൻ താൻ അനുവദിക്കില്ലെന്ന് …” .. കൊടുത്ത വാക്ക് പാലിക്കാതെ അവളുടെ അവസാന നാളുകളിൽ ശരീരം നൽകിയതിനെക്കാൾ വലിയ വേദന താൻ തന്നെ നൽകി.. ഒരു ചുമരിനപ്പുറം മനസും ശരീരവും വേദന കാർന്നു തിന്ന അവളുടെ നീണ്ട രാത്രികൾ …. ഒരിക്കലെങ്കിലും അവളാ വാതിലിൽ മുട്ടി വിളിച്ചു കൺമുന്നിൽ കുറ്റവാളിയെപ്പോലെ നിർത്തിയിരുന്നെങ്കിൽ തനിക്കൽപമെങ്കിലും സമാധാനം കിട്ടിയേനേ .. പക്ഷെ എല്ലാം അറിഞ്ഞിട്ടും എന്റെ പാവം പെണ്ണ് ..

സ്വയം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ അയാൾ അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു .. ആരൊക്കെയോ വന്ന് തോളിൽ തട്ടി ആശ്വാസവാക്കുകൾ പറഞ്ഞു ..

ഇല്ല … താനിതൊന്നും അർഹിക്കുന്നില്ല .. നെഞ്ചു പൊട്ടി ഈ നിമിഷം മരിച്ചു വീണെങ്കിൽ എന്നയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു …

ഒടുവിൽ … ഒടുവിലായി ആ സമയവും വന്നണഞ്ഞു … എന്നെന്നേക്കുമായി അവളെ മണ്ണോടു ചേർക്കുവാൻ ആരൊക്കെയോ കയറി വന്നു … പ്രിയപ്പെട്ടവരുടെയെല്ലാം നിലവിളിയുയർന്നു …

എങ്ങോ ചെമ്പോത്തുകൾ കുറുകി .. അച്ഛനുമമ്മയും ജീവിച്ചിരിക്കുന്നതിനാൽ ദഹിപ്പിച്ചില്ല …

പച്ചമണ്ണ് വെട്ടി മൂടുന്ന ശബ്ദം .. ചന്ദനത്തിരികളുടെ രൂക്ഷ ഗന്ധം … അവളോടൊപ്പം അതെല്ലാം പ്രകൃതിയിൽ അലിഞ്ഞു ചേർന്നു ….

* * * * * * * * * * * *

രാത്രി

ആളും പേരും ഒഴിഞ്ഞു .. തെക്കേ പറമ്പിൽ ഒരു മൺകൂന ഉയർന്നു നിന്നു … അടുത്ത ചില ബന്ധുക്കൾ മാത്രം അവശേഷിച്ചു …

വേദ പുറത്തിറങ്ങി ദീപുവിനെ നോക്കി .. അവനും അവളെ നോക്കി നടക്കുകയായിരുന്നു .. അവളെ കണ്ടതും അവനോടി അടുത്ത് വന്നു …

” നമ്മളിനി ഇവിടെ നിൽക്കണോ ദീപു …? ” വേദ ചോദിച്ചു ..

” വേണ്ട .. നമുക്ക് പോകാം … അതിന് മുൻപ് കുറച്ചു പണി ബാക്കിയാണ് .. ഇവിടെയുള്ളവരെയെല്ലാം എനിക്കൊന്നു കാണണം …..”

” എന്തിനാടാ ….”

” എന്തിനാന്നോ … ഒരുത്തനും ഒരുത്തിയും പുണ്യാളന്മാരായി ഇവിടെയുണ്ട് .. അറിയണം എല്ലാവരും അവളെ ഇവർ കൊന്നതാണെന്ന് …” അവന്റെ കടപ്പല്ല് ഞെരിഞ്ഞു ..

” വേണ്ടടാ… ഒന്നും വേണ്ട … നമുക്ക് പോകാം …..” വേദ തടഞ്ഞു ..

” അത് പറ്റില്ല … ഞാൻ പറഞ്ഞിട്ടേ വരൂ .. ആർക്കറിയാം തൊട്ടുമുമ്പിൽ കരിക്കുപോലെ നിന്ന അനിയത്തിയോട് തോന്നിയ ആസക്തി പൂർത്തിയാക്കാൻ ചേച്ചി രോഗിയാണെന്ന് വരുത്തി തീർത്ത് മരുന്നുകൾ കുത്തിവച്ച് , ഒടുവിൽ കീറി മുറിച്ച് കൊന്നതാണോന്ന് …..” അവൻ നിന്ന് കിതച്ചു ..

വേദ പകച്ചു പോയി …

” ഏയ് … അങ്ങനെ .. അങ്ങനെയൊന്നുമാവില്ലടാ…..”

” നിനക്കെന്തറിയാം വേദാ .. അവനെ വിശ്വസിക്കാൻ കൊള്ളില്ല …. ” അവൻ കലിയോടെ പറഞ്ഞു …

അവൾ മിണ്ടാതെ നിന്നു ..

” അതെന്റെ സംശയമായിരിക്കാം .. ആകട്ടെ എന്ന് തന്നെ പ്രാർത്ഥിക്കാം നമുക്ക് .. എന്നാലും ഇനിയാ രണ്ടെണ്ണത്തിനെയും വീട്ടുകാര് പിടിച്ച് കെട്ടിക്കും ആ കുഞ്ഞിന് വേണ്ടി .. അവരുടെ കണ്ണിൽ അനിയത്തി ചേച്ചിയുടെ കുഞ്ഞിനു വേണ്ടി വലിയ ത്യാഗം ചെയ്തതുപോലെയാകും .. അത് വേണ്ട … രണ്ടിന്റേം കാമപ്രാന്ത് അവരറിയട്ടെ .. അവളെ കൊന്ന് നേടാൻ പോകുന്ന ജീവിതമാണത് .. അത്ര സുഖം വേണ്ട ….”

” നമ്മൾ പറഞ്ഞാൽ വിശ്വസിക്കുമോടാ .. അവർ നിഷേധിച്ചാൽ വീട്ടുകാർ അവരെ മാത്രമേ വിശ്വസിക്കൂ … ” വേദ മുന്നറിയിപ്പ് കൊടുത്തു ..

” അവർ വിശ്വസിക്കണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ല … പറയാനുള്ളത് ഞാൻ പറയും .. ഇല്ലെങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല വേദാ …” അവൻ പകയോടെ പറഞ്ഞു ..

അവൾ പിന്നൊന്നും പറഞ്ഞില്ല …

” നീ വരുന്നില്ലേ …. ” അവൻ ചോദിച്ചു ..

” നീ ചെല്ല് …. എന്റെയാവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി … ” അവൾ പറഞ്ഞു …

” ങും ….”

അവൻ അകത്തേക്ക് കയറിപ്പോയി …

വേദ മുറ്റത്ത് ഒരു ചെയറിലിരുന്നു .. അവളുടെ നെഞ്ചിൽ ഒരു ഭാരമെടുത്തു വച്ചത് പോലെ വിങ്ങി .. ഒരാൺകുട്ടി ട്രേയിൽ കട്ടൻചായയുമായി വന്നു … ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ കൈയിൽ ബിസ്കറ്റ് ഉണ്ടായിരുന്നു ..

അവൾ ഒരു ഗ്ലാസ് കട്ടൻചായ എടുത്തു .. ബിസ്ക്കറ്റ് വേണ്ട എന്ന് പറഞ്ഞു …

ചായ കുടിച്ചിരിക്കുമ്പോൾ അകത്ത് ആരുടെയൊക്കെയോ കരച്ചിൽ കേട്ടു .. ഉച്ചത്തിലുള്ള സംഭാഷണങ്ങൾ … അവളെ തിരക്കി ആരും വന്നില്ല …

കുറച്ച് കഴിഞ്ഞ് ദീപക്ക് അകത്ത് നിന്ന് ഇറങ്ങി വന്നു ..

” വാ … നമുക്ക് പോകാം ….” അവൻ അവളെ വിളിച്ചു …

അവൾ എഴുന്നേറ്റു കൂടെ ചെന്നു …

” എന്തായി ….” ബൈക്കിൽ കയറാൻ നേരം അവൾ ചോദിച്ചു ….

” രണ്ടും ചെയ്തതെല്ലാം സമ്മതിച്ചു … കുറ്റബോധം .. തുഫ്……….” അവൻ സൈഡിലേക്ക് കാർക്കിച്ചു തുപ്പി ….

അവൾ അത് പ്രതീക്ഷിച്ചിരുന്നു …

* * * * * * * * * * * * * * *

കവലയിലെത്തിയപ്പോൾ അവൾ ബൈക്ക് നിർത്താൻ പറഞ്ഞു ..

” ഇവിടെ വിട്ടാൽ മതി ദീപു .. നീയിനി പൊയ്ക്കോ … ഇപ്പോ തന്നെ തിരിച്ചു പോകണമെന്നല്ലേ നീ പറഞ്ഞത് …”

” ങും … ഞാനിത് പ്രതീക്ഷിച്ചല്ലല്ലോ വന്നത് .. അവളെ നിനക്കൊപ്പമാക്കിയിട്ട് പോകാൻ വന്നതല്ലേ … നാളെ മീറ്റിംഗ് ഉണ്ട് …..”

” ങും … ” അവൾ മൂളി ..

” ഞാനങ്ങ് വീട്ടിലാക്കിയിട്ട് പോകാം … ” അവൻ പറഞ്ഞു ..

” വേണ്ടടാ … എനിക്കൊന്ന് നടക്കണം … ഒറ്റക്ക് ….” അവളറിയാതെ വിങ്ങി….

അവൻ ബൈക്ക് നിർത്തി …

” നീയൊറ്റക്ക് ….?” അവൻ ആശങ്കപ്പെട്ടു …

അവൾ പുഞ്ചിരിച്ചു ..

” ഈ നാട്ടിൽ എത് പാതിരാത്രിയും ഭയമില്ലാതെ നടക്കാൻ പറ്റുന്ന ഒരു പെണ്ണ് ഞാനാണ് ….”

അവനും പുഞ്ചിരിച്ചു..

” ആ നിന്നോട് ഒരു കാര്യം പറയാനുണ്ട് .. നേരിട്ട് പറയാനിരുന്നതാ ..”

” എന്തേ ….?” അവൾ അവന്റെ മുഖത്തേക്ക് നോക്കി ..

” എന്നെയൊരാൾ കാണാൻ വന്നിരുന്നു .. നിന്റെ സ്കൂളിലെ മാഷ് … ഒരു ഗൗതമൻ … “

അവളുടെ മുഖത്ത് ഒരു തെളിച്ചം ദീപു കണ്ടു …

” എന്തിനാ വന്നത് …” അവൾ ചോദിച്ചു ..

” അതിനെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം ….. ഇപ്പോ ഞാൻ പോട്ടെ … ” അവൻ ചോദിച്ചു ..

അവൾ തല കുലുക്കി ..

പോകാൻ തുനിഞ്ഞിട്ട് അവനൊന്ന് നിന്നു ..

” വേദാ … അയാളൊരു നല്ല മനുഷ്യനാണ് … എന്നെക്കാൾ നല്ലവൻ …..” അത് പറഞ്ഞപ്പോൾ അവന്റെ തൊണ്ടയിടറി ..

പെട്ടന്ന് തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ ദൂരേക്ക് ഓടിച്ചു പോയി ….

അകലങ്ങളിൽ ഒരു പൊട്ടു പോലെ അവൻ മറയുന്നത് നോക്കി അവൾ നിന്നു …

പെട്ടന്ന് തനിച്ചായിപ്പോയത് പോലെ അവൾക്ക് തോന്നി … ജീവിതത്തിലെന്നും തനിച്ചായിരുന്നു … എന്നിട്ടും ആ നിമിഷം അവൾ ഒറ്റപ്പെട്ടത് പോലെ …

മാളുവിനെ കുറിച്ചായിരുന്നു ചിന്തകളേറെയും … ഇനിയവൾ ഈ ലോകത്തില്ലെന്ന സത്യം പിന്നെയും പിന്നെയും അവളെ നടുക്കി ..

അവൾ മണ്ണോടലിഞ്ഞു ചേരുന്നു .. ചിതലുകൾക്ക് ഭക്ഷണമായി …

വേദയുടെ കണ്ണുകൾ നിറഞ്ഞു തൂവി …

വീട്ടിലേക്ക് അടുക്കും തോറും അവൾക്ക് സങ്കടം ഇരട്ടിച്ചു …

ഇനി താൻ തനിച്ച് ….

ഒറ്റപ്പെടലിന്റെ ഭീകരത താനിനിയാണ് ശരിക്കും അറിയാൻ പോകുന്നതെന്ന് അവൾക്ക് മനസിലായി …

ക്ഷേത്രത്തിനടുത്ത് എത്തിയപ്പോൾ പെട്ടന്നൊരു തോന്നലിൽ അവൾ തിരിഞ്ഞു നടന്നു ….

‘ തളിര് ‘ എന്ന വീട് ഇരുളിലാണ്ട് കിടക്കുകയായിരുന്നു …

മാളുവിനെ കുറിച്ച് താൻ ഗൗതമനോട് പറഞ്ഞിട്ടുള്ളതാണ് .. എന്നിട്ടും മരണത്തിന് എന്തേ വന്നില്ല എന്നവൾ ഓർത്തു .. ചിലപ്പോൾ വീട് അറിയില്ലായിരുന്നിട്ടുണ്ടാകും … എങ്കിലും തന്നെയൊന്ന് വിളിക്കാമായിരുന്നു …

ആ വീട്ടിൽ ആരുമില്ലെന്ന് വേദക്ക് മനസിലായി .. ഗൗതമൻ ബാറിൽ പോയിട്ടുണ്ടാകാം .. ചിലപ്പോൾ പാതിരിക്കാവും എത്താറുള്ളതെന്ന് അയാൾ പറഞ്ഞത് അവളോർത്തു ..

അവൾ സിറ്റൗട്ടിലെ തറയിലിരുന്നു … തൂണിൽ ചാരി കാൽമുട്ടിൽ മുഖം പൂഴ്ത്തി അവൾ കിടന്നു …

മാളുവിനെ കുറിച്ചുള്ള ഓർമകളുമായി എപ്പോഴോ അവൾ മയങ്ങിപ്പോയി ….

* * * * * * * * * * * *

ആരോ തോളിൽ സ്പർശിച്ചപ്പോളാണ് അവൾ കണ്ണു ചിമ്മി തുറന്നത് …

നേരം വെളുത്തിരുന്നു … അവൾ പരിഭ്രമിച്ചു നോക്കി …..

തൊട്ടരികിൽ പുഞ്ചിരി തൂകി ഗൗതമൻ .. കൈയിൽ ഒരു ബാഗ് തൂക്കിപ്പിടിച്ചിരുന്നു …

” ഇതെന്താ …. ഇന്നലെ ഇവിടെയാണോ ഉറങ്ങിയത് …..” അയാൾ ചിരി മായാതെ ചോദിച്ചു …

അയാളുടെ മുഖം കണ്ടപ്പോൾ ഹൃദയത്തിലെവിടെയോ ഒരു കുളിർ അരിച്ചിറങ്ങുന്നത് അവളറിഞ്ഞു …

” ഞാൻ …. ഞാനിന്നലെ ….”

” ങും ………. വാ …” അവൾ പൂർത്തിയാക്കും മുൻപേ അയാൾ വിളിച്ചു …

പിന്നെ കീശയിൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്നു …

” ഞാനിവിടെയുണ്ടായിരുന്നില്ല .. ഒരു യാത്രയുണ്ടായിരുന്നു … ” അയാൾ പറഞ്ഞു …..

” മാളു മരിച്ചു …….” അവൾ പെട്ടന്ന് പറഞ്ഞു …

അയാൾ അവിശ്വസനീയതയോടെ അവളെ നോക്കി …

* * * * * * * * * *

എത്രയൊക്കെ ഒതുക്കി വച്ചിട്ടും അവളിൽ നിന്ന് ഗദ്ഗദങ്ങൾ അടർന്നു വീണു കൊണ്ടിരുന്നു … ജനാല കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നവൾ തേങ്ങി …..

” വേദാ …….” പിന്നിൽ നിന്ന് ഗൗതമൻ വിളിച്ചു ..

അവൾ തിരിഞ്ഞു നോക്കി ….

” നിനക്കീ ഭാരം ആരുടെയെങ്കിലും നെഞ്ചിലേക്കൊന്ന് ഇറക്കി വയ്ക്കാൻ തോന്നുന്നില്ലേ …. ” അയാൾ ചോദിച്ചു …

അവളുടെ മിഴികൾ നിറഞ്ഞു തൂവി .. സത്യത്തിൽ അവളതാഗ്രഹിച്ചിരുന്നു …. ഒരു വിതുമ്പൽ അവളിൽ നിന്ന് ചിതറി വീണു …

അയാൾ രണ്ടു കൈകളും വിടർത്തി അവൾക്ക് നേരെ നീട്ടിപ്പിടിച്ചു …

അവൾക്ക് പിടിച്ചു നിൽക്കാനായില്ല …

ആ മാറിലേക്കവൾ ഓടിയണഞ്ഞു … അയാളെ മുറുകെ പിടിച്ച് ആ നെഞ്ചിൽ മുഖമണച്ച് അവൾ പൊട്ടിക്കരഞ്ഞു .. അതുവരെ അവളെ പൊതിഞ്ഞു നിന്ന താപം മഴയായി പെയ്യാൻ തുടങ്ങി ….

(തുടരും )

അമൃത അജയൻ

അമ്മൂട്ടി …

NB : കഴിഞ്ഞ പാർട്ടുകൾ സത്യത്തിൽ എന്റെ ഭാവന മാത്രമായിരുന്നു .. എഴുതിയപ്പോൾ അത്രയൊന്നും എനിക്ക് ഫീൽ ചെയ്തിരുന്നുമില്ല .. പക്ഷെ മൂന്നു ദിവസങ്ങളിലായി ഒരുപാട് പേർ മാളു ഞാനാണ് എന്ന് ഇൻബോക്സിൽ വന്ന് പറഞ്ഞപ്പോൾ ഞാൻ വാക്കുകൾ നഷ്ടപ്പെട്ടു ഇരുന്നു പോയി .. നമുക്കു ചുറ്റും തന്നെ എത്ര പേരാണ് … അതോർത്തിട്ടാണ് എന്റെ ഉറക്കം പോയത് .. സത്യം പറഞ്ഞാൽ കല്ല്യാണം കഴിക്കാൻ വരെ പേടി തോന്നുന്നു .. എന്തായാലും ഈ സങ്കടങ്ങൾ ഈ പാർട്ടിൽ തീരും എന്ന് പ്രത്യാശിക്കുന്നു …

സ്നേഹപൂർവ്വം

അമ്മൂട്ടി

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!