Skip to content

ബൃന്ദാവനസാരംഗ – ഭാഗം 12 (അവസാന ഭാഗം)

Malayalam Novel Brindavana Saranga

അവന്റെ മാറിടങ്ങളിൽ നിന്ന് തെല്ല് ജാള്യതയോടെ അവൾ മുഖമുയർത്തി … ഛെ …. തനെന്താണ് ചെയ്തത് …

എങ്കിലും അവന്റെ നെഞ്ചിലേക്ക് പെയ്തൊഴിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ….

അവളയാളെ വിട്ടകന്ന് നിന്നു ….

ഗൗതമന്റെ ചുണ്ടിൽ നേർത്തൊരു മന്ദഹാസം വിരിഞ്ഞു …

” എവിടേക്കായിരുന്നു യാത്ര …..? ” കുറേ സമയത്തെ ഇടവേളക്ക് ശേഷം അവൾ ചോദിച്ചു …

” കുറച്ചകലെ …… വിരോധമില്ലെങ്കിൽ അടുത്ത യാത്ര നമുക്കൊരുമിച്ചാകാം ….” അയാൾ പറഞ്ഞു ….

അവൾ നിശബ്ദത പാലിച്ചു …

” എന്തിനായിരുന്നു ദീപക്കിനെ കാണാൻ പോയത് ….?”

” അതയാൾ പറഞ്ഞില്ലേ …? ” ഗൗതമൻ മറു ചോദ്യമിട്ടു …

” ഇല്ല … അതിനുള്ള സാവകാശം കിട്ടിയില്ല ……”

അയാൾ മൃദുവായി ചിരിച്ചു …..

* * * * * * * * * * * * * *

ഇലകൾ പിന്നെയും മഞ്ഞച്ച് അടർന്നു വീണു….

മാളവികയും ഓർമകളുടെ ചായം പൂശിയ ചുമരിലേറി …

ആർഭാടങ്ങളൊന്നുമില്ലാതെ രാഹുലും വിപഞ്ചികയുമായുള്ള വിവാഹം വീട്ടുകാർ നടത്തിക്കൊടുത്തു …

മാളവികയുമായി ഒന്നിച്ചു ജീവിച്ച വാടക വീട് അവർ ഒഴിയുകയായിരുന്നു .. സിറ്റിയിൽ ഒരു ഫ്ലാറ്റ് അയാൾ തരപ്പെടുത്തിയെടുത്തിരുന്നു ….

വിപഞ്ചിക കുഞ്ഞുമായി കാറിനടുത്ത് നിന്നതേയുള്ളു ….

അവരുടെയും കുഞ്ഞിന്റെയും അല്ലറ ചില്ലറ സാധങ്ങൾ പാക്ക് ചെയ്ത് വച്ചിരുന്ന ബാഗുകൾ രാഹുലെടുത്തു പുറത്തു വച്ചു …

വീട് പൂട്ടുമ്പോൾ അയാളുടെ മനസ് നൊന്തു… മാളുവിനൊപ്പം ആദ്യമായി ഈ വീട്ടിൽ വന്നത് …. അവൾക്കൊപ്പം ജീവിച്ച നല്ല ദിവസങ്ങളുടെ ഓർമകൾ … , അവരുടെ ജീവിത താളം തെറ്റിച്ച സംഭവങ്ങൾ , ഒടുവിലായി തനിക്ക് തന്നെ തന്നെ നഷ്ടമായ ആ നശിച്ച ദിവസങ്ങൾ ….

ഒരുനിമിഷം അയാൾ കണ്ണടച്ചു നിന്നു …

മാപ്പ് …. മാപ്പ് …… മാപ്പ് ….

ആരോടെന്നില്ലാതെ അയാൾ മന്ത്രിച്ചു …

വീടുപൂട്ടി താക്കോൽ ഹൗസോണറുടെ ശിങ്കിടിയുടെ കൈയിൽ കൊടുക്കുമ്പോൾ അയാളുടെ കൈവിറച്ചു…

ഗേറ്റിലെത്തി അയാൾ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി … താനും മാളവികയും കിടന്നിരുന്ന ബെഡ്റൂമിന്റെ ജനാല തുറന്നു കിടക്കുന്നു … അതുമാത്രമെന്തേ അടക്കാൻ മറന്നു …

അൽപസമയം അയാൾ അങ്ങോട്ട് നോക്കി നിന്നു .. അറിയാതെ കണ്ണുകളിൽ നീർ വന്നു നിറഞ്ഞു ..

കണ്ണുനീർ പാളിക്കപ്പുറം അവിടെയൊരു രൂപം .. മുടി കിളിർത്തു തുടങ്ങിയ തലയുമായി മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ .. അതിന് മാളുവിന്റെ ഛായ… അയാൾ കണ്ണിറുക്കിയടച്ചു .. കണ്ണുനീർ പൊഴിഞ്ഞ് കവിളിലേക്കിറ്റ് വീണു … അയാൾ ഭയന്നു പോയി .. ആ രൂപത്തിന്റെ വിഷാദം നിറഞ്ഞ കണ്ണുകൾ അയാളുടെ നേർക്കായിരുന്നു .. അയാൾ ഞെട്ടി പിന്നോക്കം മാറി .. എങ്ങനെയോ ഗേറ്റ് വലിച്ചടച്ച് അയാൾ കാറിനടുത്തേക്കോടി ..

വിയർത്തു കുളിച്ച് എന്തോ കണ്ട് ഭയന്നതു പോല നിൽക്കുന്ന രാഹുലിനെ പരിഭ്രമത്തോടെ വിപഞ്ചിക നോക്കി ..

” എന്താ …” തോളത്തു കിടന്നുറങ്ങുന്ന കുഞ്ഞിന്റെ മുതുകിൽ തട്ടിക്കൊണ്ട് അവൾ അയാളെ നോക്കി ചോദിച്ചു ..

അയാൾ വീണ്ടും അങ്ങോട്ടു തിരിഞ്ഞു നോക്കി …. അയാൾ നോക്കുന്നത് കണ്ട് അവളും അങ്ങോട്ടു നോക്കിയെങ്കിലും അവളൊന്നും കണ്ടില്ല …

” കയറ് ……..” ഡോർ തുറന്നുകൊടുത്ത് അവളെ കയറ്റിയിരുത്തിയിട്ട് അവനോടി ഡ്രൈവിംഗ് സീറ്റിലേക്ക് കടന്നിരുന്നു …

നെഞ്ച് വിറക്കുകയായിരുന്നു രാഹുലിന്റെ ….

ഇല്ല ….. ഇനിയൊരു മോചനമില്ല … അയാളുടെ മനസ് മന്ത്രിച്ചു …

ആദ്യമായല്ല ആ രൂപം താൻ കാണുന്നത് … ഹോസ്പിറ്റലിലെ ഒപ്പിയിൽ മുന്നിൽ കാത്ത് നിൽക്കുന്ന രോഗികളുടെ നീണ്ട നിരക്ക് ഏറ്റവും ഒടുവിലായി അവൾ…….. , കാറിൽ പിൻ സീറ്റിൽ അവൾ ….., ഡ്രൈവ് ചെയ്യുമ്പോൾ റോഡുവക്കിൽ അവൾ ….., ജനാലയിലൂടെ കാണുന്ന പുറത്തെ ഇരുട്ടിൽ അവൾ …….

ഇല്ല … ഇനിയൊരു മോചനമില്ല ….

* * * * * * * * * * * * * * * * *

അതേ സമയം മറ്റൊരിടത്ത് രണ്ടു പേർ ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നു … വേദയും ഗൗതമനും … ദീപക് കൂടി നിർബന്ധിച്ചിട്ടാണ് അവളാ യാത്രക്ക് തയ്യാറായത് …. എങ്ങോട്ടാണെന്ന് മാത്രം അവൾക്കറിയില്ലായിരുന്നു …

ജിപ്സിയുടെ ഫ്രണ്ട് സീറ്റിലേക്ക് ഗൗതമൻ അവളെ കൈപിടിച്ച് കയറ്റിയിരുത്തി ..

” സാറിന്റടുത്ത് ഇതൊക്കെയുണ്ടായിരുന്നോ ….? ” അവൾ ചോദിച്ചു …

” ഒരു സുഹൃത്തിന്റേതാണ് ഇവൻ …..” സ്റ്റിയറിംഗിൽ വാത്സല്യത്തോടെ ഒന്ന് തലോടിക്കൊണ്ട് ഗൗതമൻ പറഞ്ഞു ..

” നമ്മളെങ്ങോട്ടാണെന്ന് മാത്രം ഇതുവരെയും പറഞ്ഞില്ല .. ” വേദ ഗൗതമനെ നോക്കി …

അയാൾ ചിന്താമഗ്നനായി ….

” പറയാം … അതിന് മുൻപ് ഒരു പഴയ കഥ കേൾക്കണം … ?”

” കഥയോ …. ?”

” ങും ……… ഈ യാത്രയവസാനിക്കുമ്പോൾ ആ കഥയും അവസാനിക്കും … ” ഗൗതമൻ വേദയെ നോക്കി കണ്ണിറുക്കി ……

* * * * * * * * * * * * * *

ജിപ്സി ഓടിക്കൊണ്ടേയിരുന്നു … നഗരം വിട്ട് ഏതോ ഗ്രാമ വീഥികൾ തേടി … എങ്ങു നിന്നോ വന്ന ഏലാ കാറ്റിൽ ഗ്രാംപുവിന്റെയും ജാതിയുടെയും ഗന്ധമുണ്ടായിരുന്നു ….

ടാറിട്ട റോഡിനിരുവശം കാണാ ദൂരത്തോളം പാടശേഖരമായിരുന്നു .. വരാനിരിക്കുന്ന ഇടവപ്പാതിയെ കാത്ത് ദാഹിച്ചു കിടക്കുന്ന വയലേലകൾ . ..

വഴിവക്കിലെ നീർമരുതും നെന്മേനി വാകകളും വെയിൽ പുതച്ചു നിന്നു ….

” ഒരൽപം പഴക്കമുള്ള കഥയാണ് … “

ആ ഗ്രാമത്തിന്റെ വശ്യതയിൽ മുഴുകിയിരുന്ന വേദ ഗൗതമന്റെ ശബ്ദം കേട്ട് മുഖം തിരിച്ചു നോക്കി ….

പിന്നെ തലയാട്ടി …

” രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു …. ഒരു പക്ഷെ തന്നെയും ദീപകിനെയും പോലെ .. അല്ലെങ്കിൽ അതിനെക്കാൾ പഴക്കമുള്ള സൗഹൃദം …. സത്യത്തിൽ അവർ വെറും സുഹൃത്തുക്കളായിരുന്നില്ല … ബന്ധുക്കളായിരുന്നു .. സഹോദരന്റെയും സഹോദരിയുടെയും മക്കൾ … മുറ്റപ്പെണ്ണും മുറച്ചെറുക്കനും …. ഗായത്രിയും ഗൗതമനും …… ” അത് പറയുമ്പോൾ ഗൗതമന്റെ ശബ്ദത്തിൽ വിഷാദം നിഴലിച്ചു ….

വേദ ഗൗതമനെ കണ്ണു വിടർത്തി നോക്കി …

” കുട്ടിക്കാലം മുതൽക്കെ അവരെപ്പോഴും ഒരുമിച്ചായിരുന്നു … ഒരുമിച്ച് സ്കൂളിൽ പോകും … ഒരുമിച്ച് തിരികെ വരും … ഒരുമിച്ചുണ്ടും ഉറങ്ങിയും കളിച്ചും അവർ വളർന്നു … അതിനിടയിൽ അവന് അച്ഛനേയും അമ്മയെയും നഷ്ടപ്പെട്ടു .. അവരുടെ മുത്തശ്ശിക്കൊപ്പമായിരുന്നു പിന്നീട് അവൻ .. അവന്റെ പഠന ചിലവുകൾ കൂടി അമ്മാവൻ വഹിച്ചു .. അതായത് ഗായത്രിയുടെ അച്ഛൻ … ബാല്യം കൗമാരത്തിന് വഴിമാറിയപ്പോഴും അവരിരുവരും നല്ല സുഹൃത്തുക്കളായി തുടർന്നു ….. സ്കൂൾ പഠനം കഴിഞ്ഞു … അവർ കോളേജിലെത്തി .. അവിടെയും അവരൊരുമിച്ചായിരുന്നു … ഇരുവരും പഠിക്കാനായി തിരഞ്ഞെടുത്തത് മലയാളം .. രണ്ടാൾക്കും സാഹിത്യത്തോട് കമ്പമുണ്ടായിരുന്നു … കാന്റീനിലായാലും യാത്രകളിലായാലും കവിതകളും ക്ലാസിക്

നോവലുകളും മാധവിക്കുട്ടിയും ഒ വി വിജയനും ഒക്കെ അവർക്കിടയിലെ ചർച്ചാ വിഷയങ്ങളായിരുന്നു …

കോളേജിൽ അവരുടെ ബന്ധത്തെ പലരും സംശയിച്ചിരുന്നു … പിന്നെ അവർക്കും മനസിലായി … അവർക്കിടയിൽ സൗഹൃദത്തിന് മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു എന്ന് ….

പഠന കാലത്തിന്റെ മൂന്നാം വർഷം …

ഗായത്രിക്ക് ഒരാലോചന വന്നു .. കുടുംബക്കാർ ചേർന്ന് ആ വിവാഹം ഉറപ്പിച്ചു .. ഗൗതമനും സന്തോഷിച്ചു … അവളുടെ കണ്ണുകളിൽ മാത്രം ഒരു വിഷാദം തളം കെട്ടി കിടന്നു … എത്ര ചോദിച്ചിട്ടും അവളൊന്നും വിട്ട് പറഞ്ഞില്ല … ഗൗതമൻ കരുതിയത് വിവാഹത്തോടെ അവളുടെ പഠനം നിൽക്കും .. ആ ദുഃഖമായിരിക്കും എന്നാ ….

അവളുടെ വിവാഹം കഴിഞ്ഞു …. അവന്റെ ജീവിതത്തിൽ നിന്ന് അവൾ അകന്നു പോയി .. പിന്നീട് അവൻ തനിച്ചായിരുന്നു … അവൾ പോയ്ക്കഴിഞ്ഞപ്പോഴാണ് അവൻ അവളുടെ നഷ്ടത്തിന്റെ ആഴമറിഞ്ഞത് … ഡിഗ്രി കഴിഞ്ഞു … പിജിക്ക് കുറച്ചകലെയുള്ള കോളേജിലായിരുന്നു ഗൗതമൻ ചേർന്നത് … അവധിക്ക് നാട്ടിൽ പോകുമ്പോളെല്ലാം അവൻ അവളെ കാണാൻ പോകുമായിരുന്നു …

പഴയ പ്രസരിപ്പുകളില്ല … കവിത വിരിയുന്ന അവളുടെ കണ്ണുകളിൽ സങ്കടം മാത്രം ബാക്കിയായി … കുട്ടികളില്ലായിരുന്നു അവൾക്ക് … അതിന്റെയാവും ആ സങ്കടമെന്ന് അവൻ കരുതി …

വർഷങ്ങൾ പിന്നെയും കടന്നു പോയി …. അയാൾ പിജി കഴിഞ്ഞു … ആ നഗരത്തിൽ തന്നെ പാരലൽ കോളേജുകളിലും മറ്റും ട്രൂഷനെടുത്ത് അയാൾ കഴിച്ചു കൂട്ടി ….

നാട്ടിൽ പോക്കുകളുടെ എണ്ണം കുറഞ്ഞു … എങ്കിലും പോകുമ്പോളെല്ലാം അവനവളെ പോയ് കാണുമായിരുന്നു …

അതിനിടയിൽ എപ്പോഴോ അവൾ ഗർഭിണിയായി … ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു ….

ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷം …

അപ്പോഴേക്കും ഗൗതമൻ ഒരു സ്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു ….

ഒരുദിവസം നാട്ടിൽ നിന്ന് അവനെ തേടിയെത്തിയത് അവൾ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്ത വാർത്തയാണ് ….. ” ഗൗതമന്റെ വാക്കുകളിൽ ഗദ്ഗദം നിറഞ്ഞു …

വേദ ഞെട്ടലോടെ ഗൗതമനെ നോക്കി …

അവന്റെ ചുണ്ടുകളിൽ ഒരു വിതുമ്പലുണ്ടായിരുന്നു …

” അവസാനമായി അവനവളെ ഒരു നോക്കു കാണാൻ പോയി .. …. കാണാൻ മാത്രം ഒന്നുമില്ലായിരുന്നു … കത്തിയെരിഞ്ഞ ഒരു മാംസപിണ്ഡം …….

അവളുടെ രണ്ടു വയസുള്ള കുഞ്ഞിന്റെ കരച്ചിൽ അവനെ കീറി മുറിച്ചു ….

അവളെന്തിനിത് ചെയ്തു എന്ന് മാത്രം അവനറിയില്ലായിരുന്നു ….

അന്വേഷിച്ചു ….

പിന്നീടവനറിഞ്ഞു….. ഒരിക്കൽ പോലും അവളെ മനസിലാക്കാതെ പോയ ഒരു വിഡ്ഢിയായ കൂട്ടുകാരനായിരുന്നു താനെന്ന് ….

അവളുടെ മുറിക്കുള്ളിലെ ഡയറികൾക്കുള്ളിൽ നിന്ന് അവൻ വായിച്ചറിഞ്ഞു …. കൗമാരകാലം മുതൽ അവൾ സൂക്ഷിച്ചിരുന്ന അവനോടുള്ള പ്രണയം …..

അത് തന്നെയായിരുന്നു അവളുടെ മരണത്തിലേക്ക് വഴി വച്ചതും ….

ഭർത്താവിന് അവളെ സംശയമായിരുന്നു … ഗൗതമനായിരുന്നു അവന്റെ മനസിലെ അവളുടെ രഹസ്യക്കാരൻ …

അവനോരോ തവണ അവളെ സന്ദർശിക്കുമ്പോളും അവൾ നേരിട്ടത് ക്രൂരമായ മർദ്ദനങ്ങളായിരുന്നു .. എന്നിട്ടും ‘ ഇനിയൊരിക്കലും എന്നെ കാണാൻ വരരുത് ‘ എന്നവൾ ഗൗതമനോട് പറഞ്ഞില്ല … പകരം ഓരോ തവണയും ചായയും അവനേറ്റവും ഇഷ്ടമുള്ള പാലപ്പവും ഉണ്ടാക്കി സത്കരിച്ച് സന്തോഷവാനായി യാത്രയാക്കി ..

വർഷങ്ങൾ കാത്തിരുന്ന് ഗർഭിണിയായി അവൾ പ്രസവിച്ച കുഞ്ഞും ഗൗതമന്റെതാണെന്ന് ഭർത്താവായിരുന്നവൻ പറഞ്ഞു … അതിനുള്ള ശിക്ഷകൾ അതിലും ഭീകരമായിരുന്നു … ഒടുവിൽ സഹിക്കാതെ വന്നപ്പോൾ അവൾ …..

ഒരിക്കലെങ്കിലും മനസിലുള്ളത് അവൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ …. ഗൗതമനൊരിക്കലും അവളെ കൈവിടില്ലായിരുന്നു … ” അത് പറഞ്ഞപ്പോൾ ഗൗതമന്റെ കണ്ണുകൾ അറിയാതെ തുളുമ്പി …

അയാളുടെ മദ്യത്തിന് അടിമപ്പെട്ട ദിനചര്യകളുടെ കാരണം വേദക്ക് മനസിലായി … അയാളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു …

ജിപ്സി ചെറിയൊരു മൺവഴിയിലൂടെ കയറ്റം കയറി … ഇരുവശത്തും നോക്കത്താ ദൂരത്തോളം ഗ്രാംമ്പുവും ജാതിയും ആയിരുന്നു … അതിന്റെ സുഗന്ധം എങ്ങും നിറഞ്ഞു നിന്നു ..

അതിനുമപ്പുറം കരിമ്പിൻ തോട്ടമുണ്ടെന്ന് ഗൗതമൻ പറഞ്ഞു …

കയറ്റം കയറി ജിപ്സി ചെന്ന് നിന്നത് ശീമക്കൊന്ന കൊണ്ട് വേലി കെട്ടിയ ഒരു പഴയ വീടിന്റെ മുന്നിലാണ് ..

* * * * * * * * * * * * * * * *

രാത്രി ….

ബെഡിൽ , മടിയിൽ തലയിണ വച്ച് പിന്നിലേക്ക് ചാരി കണ്ണടച്ച് രാഹുൽ ഇരിപ്പുണ്ടായിരുന്നു …

കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് വിപഞ്ചിക വന്ന് അവന്റെയടുത്തിരുന്നു … അവൾ കൈയുയർത്തി അവന്റെ നെറ്റിയിൽ തലോടി … അവൻ കണ്ണുതുറന്നു …

” രാഹുലേട്ടന് എന്താ പറ്റിയെ … ” അറിയാതെ അവളുടെ തൊണ്ടയിടറി …

” ഏയ് … ഒന്നൂല്ല ……” അവൻ അവളുടെ മുഖത്തേക്ക് നോക്കി …

” നിന്നെയെല്ലാവരും ഒരുപാട് വേദനിപ്പിച്ചു അല്ലേ … ” അവൻ അവളുടെ കവിളിൽ തലോടി ചോദിച്ചു ..

” അത് സാരമില്ല …..” അവൾ അവന്റെയടുത്തേക്ക് കയറിയിരുന്നു ആ തോളത്ത് തല ചായ്ച്ചിരുന്നു … അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു …

പിന്നീട് എപ്പോഴോ അത് വികാര വേലിയേറ്റങ്ങൾക്ക് വഴി വച്ചു .. വസ്ത്രങ്ങളൊന്നൊന്നായി അഴിഞ്ഞ് വീണു . … അവളുടെ മേൽ അവൻ കോരിയിട്ട തീയാളാൻ തുടങ്ങി .. മുറിയിലെ ലൈറ്റണഞ്ഞു .. . ചുണ്ടുകൾ കവർന്നെടുത്തു കൊണ്ട് അവനവളിലേക്കാഴ്ന്നിറങ്ങാൻ തുടങ്ങിയ നിമിഷം , കട്ടിലിന് താഴെ തൊട്ടരികിലായി ഒരു രൂപം അവനെ നോക്കിയിരിക്കുന്നു .. മെലിഞ്ഞു തല മൊട്ടയായ ആ രൂപത്തിന് മാളവികയുടെ മുഖം … അവളുടെ കണ്ണുനീരുണങ്ങിപ്പിടിച്ച നേത്രക്കൾ അവന്റെ മുഖത്തേക്ക് നിസഹായതയോടെ നോക്കി ….

” ആ …….” ഭയന്ന് നിലവിളിച്ചു കൊണ്ട് അവൻ വിപഞ്ചികയുടെ സൈഡിലേക്ക് തെറിച്ചു വീണു ..

വിപഞ്ചിക പുളഞ്ഞു പോയി … ശരീരത്തിനെ ചുട്ടുപഴുപ്പിച്ച വികാരം എങ്ങുമെത്താതെ അവളുടെ ദേഹത്തെ കടിച്ചു കീറി .. കരയിൽ വീണ മീനിനെപ്പോലെ അവൾ പിടഞ്ഞു … അവൾ തേങ്ങിക്കരഞ്ഞുകൊണ്ട് ബെഡ്ഷീറ്റിൽ അള്ളിപ്പിടിച്ചു ..

എപ്പോഴോ എഴുന്നേറ്റ് ലൈറ്റ് തെളിച്ച് നോക്കിയ വിപഞ്ചിക കണ്ടത് , ബെഡിൽ തല കുനിച്ചിരിക്കുന്ന രാഹുലിനെയാണ് ..

” എന്തായിതൊക്കെ ……” അവളുടെ സ്വരത്തിൽ ദേഷ്യവും ഈർഷ്യയും സങ്കടവും നിസഹായതയും എല്ലാം നിറഞ്ഞു നിന്നു …..

അവൻ തലയങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു ..

” എന്നെക്കൊണ്ടാവില്ല ….. ഇനി എന്നെക്കൊണ്ടാവില്ല ……” കുനിഞ്ഞിരുന്നു മുടി പിന്നി വലിച്ചുകൊണ്ട് നിസഹായതയുടെ സ്വരത്തിൽ അവൻ പറഞ്ഞു .. ..

അവൾ നടുങ്ങി വിറച്ചിരുന്നു …

* * * * * * * * * * * *

പഴയ മുറിയിൽ ധന്വന്തരം കുഴമ്പിന്റെയും കഷായത്തിന്റെയും മണം നിറഞ്ഞു നിന്നു …

” അമ്മായിയാണ് … ഗായത്രിയുടെ അമ്മ ….” കട്ടിലിലിരുന്ന വൃദ്ധ രൂപത്തെ നോക്കി ഗൗതമൻ പരിചയപ്പെടുത്തി …

” അമ്മായിക്ക് മനസിലായില്ലേ …. ഇത് വേദ … ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ പറഞ്ഞിരുന്നു ..

” ങും …. ഇങ്ങടുത്തു വാ കുട്ടി … ” അവർ വേദയെ അടുത്തേക്ക് വിളിച്ചു .. വേദ ഗൗതമനെ നോക്കി .. ചെല്ലുവാൻ അയാൾ ആംഗ്യം കാട്ടി …

വേദ അവർക്കരികിൽ ചെന്നിരുന്നു …. ആ വൃദ്ധയുടെ കൈകൾ അവളുടെ നെറുകിൽ സ്പർശിച്ചു ..

” മോൾക്ക് നല്ലതേ വരൂ .. ആര് പറയണതും കാര്യാക്കണ്ട .. ശരീരത്തിനൊന്നും ഒരു കേടുപാടൂല്ലാത്തോരുടെ മനസ് ചിലപ്പോ അഴുകി വൃണമായിരിക്കും .. ഒരു നല്ല മനസ് ന്റെ കുട്ടിക്കീശ്വരൻ തന്നിട്ട്ണ്ട് … അതാ മനുഷ്യന് ഏറ്റം വേണ്ടത് .. ന്റെ ഗായത്രി മോളെപ്പോലെ തന്യാ അമ്മക്ക് തോന്നണേ ….”

വേദയുടെ കണ്ണ് നിറഞ്ഞു .. അവളെയങ്ങനെ ചേർത്തിരുത്തി സ്നേഹം പ്രകടിപ്പിക്കുന്നവർ വിരളമാണ് .. ഒരമ്മയുടെ സ്പർശനം , തലോടൽ അതൊക്കെ അവൾ എപ്പോഴും മോഹിക്കാറുണ്ട് .. പക്ഷെ കൊടുക്കാനാരുമില്ല ..

അപ്പോഴേക്കും ഒരു കൊച്ചു പെൺകുട്ടി പ്ലേറ്റ് നിറയെ കഞ്ഞിയുമായി അങ്ങോട്ടു വന്നു .. തുളുമ്പിക്കളയാതിരിക്കാൻ ശ്രദ്ധിച്ചാണ് അവളുടെ നടപ്പ് … ഗായത്രിയുടെ മകളായിരിക്കുമെന്ന് വേദയൂഹിച്ചു …

ഗൗതമനെ നോക്കി അവൾ പുഞ്ചിരിച്ചു .. അവനെ ഒരിക്കൽ അവൾ കണ്ടതാണ് .. വേദയെ അവൾക്ക് മനസിലായില്ല …

” ഇങ്ങൊണ്ടുവാ …..”

മുത്തശ്ശി വിളിച്ചതും അവൾ കഞ്ഞിയുമായി അവർക്കരികിൽ ചെന്ന് സൂക്ഷ്മതയോടെ മടിയിലേക്ക് വച്ചു കൊടുത്തു .. പിന്നെ ബെഡിനരികിൽ തന്നെ തെരുപ്പിടിച്ച് നിന്നു ..

” എന്താ മോൾടെ പേര് …..” വേദ ചോദിച്ചു ..

” ധ്യായാമി …….” അവൾ മടിക്കാതെ പറഞ്ഞു … അവളുടെ കുഞ്ഞിക്കണ്ണുകൾ വേദയിലായിരുന്നു …

വേദയവളെ വിളിച്ചതും അത് കാത്തു നിന്നത് പോലെ അവൾ വേദക്കരികിലേക്ക് ചേർന്നു നിന്നു ..

” ന്റെ മോൾടെ കുട്ട്യാ…. ഏഴ് വയസായി … ഞാനും ഇതും മാത്രായിട്ടിപ്പോ കൊല്ലം നാലഞ്ചായി .. ഞാനിനി എത്ര കാലംന്ന് വച്ചിട്ടാ … ല്ലാരും പറഞ്ഞത് അനാഥാലയത്തില് ആക്കാനാ … “

അത് കേട്ടപ്പോൾ വേദയുടെ നെഞ്ച് പിടഞ്ഞു പോയി … അവളനുഭവിച്ചിട്ടുളളതാണ് …

” നിക്കതിന് മനസു വന്നില്ല .. അപ്പഴാ ഇവൻ അവിടേണ്ടന്നറ്യണത് .. ഒര് കത്തിട്ടു … വരുംന്ന് പ്രതീക്ഷിച്ചില്ല്യാ … ഗായത്രി മരിച്ചേ പിന്നെ ഇവടന്ന് പോയ ശേഷം ങ്ങ്ട് വന്നിട്ടില്ല്യ … പക്ഷെ വന്നു … എവ്ടെങ്കിലും സുരക്ഷിതായിട്ട് ഒന്നാക്കാനെ ഞാൻ പറഞ്ഞിള്ളു … പക്ഷെ ഇനീളള കാലം അവനെന്റെ കുട്ടീന്റെ അച്ഛനായിക്കോളാന്ന് പറ ……..” പറഞ്ഞു മുഴുപ്പിക്കും മുൻപേ ആ വൃദ്ധ പൊട്ടിക്കരഞ്ഞു …

വേദ വിശ്വസിക്കാനാകാതെ ഗൗതമനെ നോക്കി … അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി … അവൾക്കയാളോട് ആരാധന തോന്നിപ്പോയി ..

ചെറു പുഞ്ചിരിയോടെ ഗൗതമൻ അവളെ നോക്കി നിന്നു ….

* * * * * * * * * *

സൈക്കോളജിസ്റ്റ് പ്രകാശ് കുരുവിളയുടെ റൂമിന് പുറത്ത് രാഹുലും വിച്ചുവും ഊഴം കാത്തിരുന്നു … എത്ര കൗൺസിലിംഗ് തേടിയാലും തന്റെ മനസ് എവിടെയോ വീണ് ചിതറിത്തുടങ്ങിയെന്ന് രാഹുലിന് തോന്നി .. മാളുവിന്റെ മുഖം ഒരു കൗൺസിലിംഗ് കൊണ്ട് മറക്കാൻ തനിക്ക് കഴിയുമോ .. .. ഇല്ല എന്ന് അയാൾക്കുറപ്പായിരുന്നു ..എങ്കിലും എവിടെയോ അയാളിൽ പ്രതീക്ഷ ബാക്കി നിന്നു … തന്റെ മകന് വേണ്ടിയെങ്കിലും പിടിച്ചു നിന്നേ പറ്റൂ

* * * * * * * * *

തിരികെ ” തളിരിന്റെ ‘ മുറ്റത്ത് വന്നിറങ്ങിയതും വേദയുടെ ഫോണിലേക്ക് ദീപക്കിന്റെ കോൾ വന്നു ..

” എത്തിയോ …” അവൻ മുഖവുരയില്ലാതെ ചോദിച്ചു …

” ഉവ്വ് …. വന്നിറങ്ങിയതേയുള്ളു …. “

” ആ മോളെ കൂടെ കൂട്ടിയോ …” ദീപക് ചോദിച്ചു …

വേദ അത്ഭുതപ്പെട്ടു .. ഇതൊക്കെ അവനെങ്ങനെയറിഞ്ഞു .. പിന്നെയവൾക്ക് ഓർമ വന്നു ഗൗതമൻ അവനെ കാണാൻ പോയിരുന്ന കാര്യം …

” ഉവ്വ് … അവളുണ്ട് ….”

” ങും …. വേദാ …. നീ വന്നിട്ട് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു …. ഞാൻ ജോലി രാജിവച്ചു …..”

അവൾ അന്തം വിട്ടു …

” എന്തിന് …. എന്ത് മണ്ടത്തരമാടാ നീ കാണിച്ചത് …. നിനക്ക് ഭ്രാന്ത് പിടിച്ചോ ? ” അവൾക്ക് ദേഷ്യം വന്നു …

” നിനക്കറിയില്ലേ ഈ ലോകം മുഴുവൻ ചുറ്റിക്കാണാനുള്ള എന്റെ ആഗ്രഹം ….?”

” അതിന് ….”

” അതിനൊരു ചാൻസ് ഒത്തു വന്നു .. ആദ്യം ഇന്ത്യ മുഴുവൻ …. പിന്നെ വിവിധ രാജ്യങ്ങൾ …… അങ്ങനെയങ്ങനെ … അടുത്ത മാസം തുടങ്ങും .. “

” ഛെ … ഇതൊന്നും ശര്യാകില്ല … ഞാൻ സമ്മതിക്കില്ല … അല്ലെങ്കിൽ തന്നെ ഇതിനൊക്കെ പണമെവിടുന്നാ .. ” അവൾക്ക് സങ്കടം വന്നു ..

” എന്താടീ കുഞ്ഞുങ്ങളെപ്പോലെ .. പിന്നെ പണം … അതിനല്ലേ എനിക്ക് തണ്ടും തടിയും അത്യാവശ്യം വിദ്യാഭ്യാസവും .. ഈ പോകുന്നിടത്തൊക്കെ തന്നെ ജോലിണ്ടാവും … അടുത്ത യാത്രക്കുള്ളത് സംഘടിപ്പിക്കും .. അവിടുന്ന് സ്ഥലം വിടും … ” അവൻ പൊട്ടിച്ചിരിച്ചു ..

” നീയെന്താ ദേശാടന പക്ഷിയാണോ .. നിനക്കൊരു ജീവിതം വേണ്ടേ … ” അവൾ നിരാശപ്പെട്ടു ..

” ഇതും ഒരു ജീവിതമാണ് മോളെ . . ഇനിയിപ്പോ പോകുന്നിടത്ത് ആരെയെങ്കിലും കിട്ടിയാൽ കൂടെ കൂട്ടാം .. എന്തായാലും ഞാൻ കട്ട് ചെയ്യുവാ … കുറച്ച് തിരക്കുണ്ട് … പിന്നൊരു കാര്യം .. ഞാനും ഇനിയധികം നാട്ടിലുണ്ടാവില്ല .. ഒറ്റയ്ക്കായി എന്ന് തോന്നരുത് .. ഗൗതമൻ സാറ് നിന്നോടൊരു കാര്യം ആവശ്യപ്പെടും .. നീയത് സമ്മതിക്കണം .. പോകുന്നതിന് മുൻപ് ഞാൻ വരും നിങ്ങളെ കാണാൻ ……. ” അവളെന്തെങ്കിലും പറയും മുൻപേ അവൻ കോൾ കട്ട് ചെയ്തു ….

* * * * * * * * *

ധ്യായാമിയെ കുളിപ്പിച്ചൊരുക്കി , ഭക്ഷണവും കൊടുത്തിട്ട് വേദ ഗൗതമനരികിൽ ചെന്നു ..

” ഞാനിറങ്ങുവാ …” വേദ പറഞ്ഞു ..

ഗൗതമൻ നിശബ്ദനായി … അവൾ തിരിഞ്ഞതും ഗൗതമനവളെ വിളിച്ചു ..

” വേദാ ..”

അവൾ അയാളെ നോക്കി … ഗൗതമനെഴുന്നേറ്റ് അവൾക്കരികിൽ വന്നു … അവളുടെ കണ്ണുകളിലേക്ക് അയാൾ നോക്കി നിന്നു ..

” വേദാ …. നിനക്കെന്റെ ഭാര്യയായിക്കൂടെ …. “

വേദ ഞെട്ടിപ്പിന്നോക്കം മാറി ….. അവൾ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു …

” എല്ലാമറിഞ്ഞിട്ടും എന്തിനാണ് എന്നിൽ നിന്ന് നീ ഓടിയൊളിക്കുന്നത് …? ” അയാൾ വേദനയോടെ ചോദിച്ചു …

” ഇല്ല …. ഇല്ല … ഒരു കുടുംബ ജീവിതം എനിക്ക് പറഞ്ഞിട്ടില്ല … ഗൗതമനത് അറിയാഞ്ഞിട്ടല്ലല്ലോ …..?” അവൾ പതർച്ചയോടെ ചോദിച്ചു ..

” എനിക്ക് മനസിലായി , താനെന്താ ഉദ്ദേശിച്ചതെന്ന് .. പക്ഷെ വേദാ എല്ലാ ബന്ധങ്ങളും ശാരീരിക ബന്ധത്തിൽ അവസാനിക്കണമെന്ന് ആരാ പറഞ്ഞത് … ഒരേ കൂരയ്ക്കു കീഴിൽ രണ്ട് പ്രണയിതാക്കളായി നമുക്ക് ജീവിക്കാം … എത്ര സുന്ദരമായിരിക്കും വേദാ അത് … മരണം വരെ പ്രണയിച്ചു ജീവിക്കുക .. ” അയാൾ നിർനിമേഷനായി അവളെ നോക്കി പറഞ്ഞു ….

” ഇല്ല …. അതൊന്നും ശരിയാകില്ല .. ” അവൾ വല്ലാതെ വിയർത്തു …

” ഞാൻ … ഞാൻ പോവാ ….” അയാളിൽ നിന്നോടിയൊളിക്കാനെന്നവണ്ണം അവൾ പറഞ്ഞു …. പക്ഷെ എത്ര ദൂരം എന്നവൾക്ക് അറിയില്ലായിരുന്നു ….

അവൾ പിൻതിരിഞ്ഞു നടന്നു … പടികളിറങ്ങാൻ തുടങ്ങിയതും ….

” അമ്മേ ……………..”

വേദ ഞെട്ടിത്തരിച്ച് നിന്നു … അവളുടെ മാറിടം കുളിർത്തു …… ജീവിതത്തിലൊരിക്കലും കേൾക്കാനിടയില്ലെന്ന് കരുതിയ വാക്ക് … അവൾ തിരിഞ്ഞു നോക്കി …

ഗൗതമന്റെ മടിയിലിരുന്ന് അവളെ നോക്കി ചിരിക്കുന്ന ധ്യായാമി …..!

പെട്ടന്ന് ഗൗതമന്റെ മടിയിൽ നിന്ന് ഊർന്നിറങ്ങി അവൾ വേദയുടെ അരികിലേക്ക് ഓടിവന്നു … പിന്നെ അവളെ കെട്ടിപ്പിടിച്ചു ….

വേദ അവളുടെ കവിളത്ത് തൊട്ടു … അവളുടെ കണ്ണിൽ നിന്ന് കണ്ണുനീരടർന്നു വീണു .. അവൾക്കരികിലേക്കിരുന്ന് വേദയവളെ കെട്ടിപ്പിടിച്ചു … തുരുതുരേ ഉമ്മവച്ചു …

” അമ്മേ ……” ഇടക്കെപ്പോഴോ വീണ്ടും ആ വിളി വേദയുടെ കാതിൽ വീണു … ധ്യായാമിയെ വേദ നെഞ്ചോട് ചേർത്ത് വാരി പുണർന്നു ….

ഗൗതമൻ പുഞ്ചിരിയോടെ അത് നോക്കി നിന്നു … പിന്നെ മുറ്റത്തേക്കിറങ്ങി തളിര് എന്ന ഗേറ്റടച്ചു………..

അതേ സമയം മുറിക്കുള്ളിലെ ഡയറിയിലെ അവസാന വരി ഇങ്ങനെയായിരുന്നു …

” ഇനി ഒരേ കൂരക്ക് കീഴിൽ നമുക്ക് പ്രണയിക്കാം …….”

മുറ്റത്തൊരിളം തെന്നൽ വിരുന്നെത്തി നിന്നു …. ദൂരെ സായന്തനം പുതിയ സംഗീതത്തിന് നാന്ദി കുറിച്ചു … ആകാശ മേടകൾ പൂത്തുലഞ്ഞു …

” അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ..

ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗം ….

നിന്നിലടിയുന്നതേ … നിത്യസത്യം …………”

അവസാനിച്ചു ……

അമൃത അജയൻ

അമ്മൂട്ടി

NB : ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുക ..

* ദീപു അവന്റെ ഇഷ്ടങ്ങൾ നടത്തട്ടെ .. എപ്പോഴെങ്കിലും ഒരു കുടുംബ ജീവിതത്തിൽ കുടുങ്ങാൻ തോന്നിയാൽ അങ്ങനെയാകട്ടെ …

* രാഹുൽ – വിപഞ്ചിക … സൈക്കോളജിസ്റ്റിനെയും സൈക്കാട്രിസ്റ്റിനേയും ഒക്കെ കണ്ട് ജീവിതം തിരിച്ചു പിടിക്കട്ടെ … ആ മോന് വേണ്ടീട്ടെങ്കിലും അവർ സമാധാനത്തിൽ ജീവിക്കണം … അവരെ കൊല്ലുക , പിച്ചുക , ചീന്തുക , ആൾക്കൂട്ട മർദ്ധനം ഇതൊന്നും ചെയ്യാത്തതിന് ആരും കെറുവിക്കരുത് .. ഇതൊന്നും നല്ല സന്ദേശമല്ല നൽകുക ..

* ധ്യായാമിയും കിച്ചുമോനും സന്തോഷത്തോടെ വളരട്ടെ

* തുടക്കം മുതൽ എല്ലാവരും ചോദിച്ചത് എന്താണ് ഈ പേര് , അർത്ഥം ഇതൊക്കെയാണ് … ഇതൊരു രാഗമാണ് … 22-ാം മേളകർത്താരാഗമാണ് … നമ്മുടെ നായിക ഒരു മ്യൂസിക് ടീച്ചർ ആയത് കൊണ്ട് ഇരിക്കട്ടെ എന്ന് വച്ചു ..

അപ്പോ ശരി….. അമ്മൂസ് യാത്രയാകുകയാണ് ……. ഇനിയും വരാം പുതിയ കഥയുമായി ..

സസ്നേഹം അമ്മൂസ്

അമൃത അജയൻ

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

4.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

7 thoughts on “ബൃന്ദാവനസാരംഗ – ഭാഗം 12 (അവസാന ഭാഗം)”

  1. Nalloru story ayirunnu valich neetathe valare ഭംഗിയായി അവതരിപ്പിച്ചു. waiting for the next story

  2. നന്നായി. ഒന്നും അധികമാവാതെയും എന്നാൽ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടും എഴുതി. ഇനിയും വരൂ ഇതിലും നല്ല കഥയുമായി. All the very best

  3. വായിച്ചു തീർന്നപ്പോൾ എന്തിനോ കുറേനേരം ഇരുന്നു കരഞ്ഞു നന്ദി… നല്ലൊരു വായന അനുഭവം നൽകിയതിന് … ഇനിയും നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  4. പ്രിയപ്പെട്ട എഴുത്തുകാരിക്ക്
    ഇനിയും എഴുതുക,എഴുതുക
    ഇനിയുമിനിയു൦ എഴുതുക
    നൂറ് നൂറ് കഥകളെ കൂട് തുറന്ന് പറത്തിവിടുക🍂

Leave a Reply

Don`t copy text!