Skip to content

ലോഗോസിൽനിന്നും റേമയിലേക്ക്

ലോഗോസിൽനിന്നും റേമയിലേക്ക്

തന്റെ മേൽനോട്ടത്തിൽ സഞ്ചരിക്കുന്ന രണ്ടു ദൈവാലയങ്ങളിൽനിന്നും, ബന്ധപ്പെട്ടവരുമായുള്ള കാര്യ-കാരണാന്വേഷണങ്ങൾക്കുശേഷം ഫാ.ഡാനിയേൽ തനിക്കായി ഏർപ്പാട് ചെയ്തിരിക്കുന്ന മുറിയിലേക്ക് കടന്നു വാതിലുകൾ അടച്ചു. നടന്നുകൊണ്ടിരിക്കുന്ന കൺവൻഷനിൽ, രാത്രി താൻ നടത്തിയ ദീർഘമായ പ്രഘോഷണം ശാരീരികമായി വളരെയധികം തന്നെ തളർത്തിയിരിക്കുന്നതായി അദ്ദേഹത്തിന് മനസ്സിലായി.

പതിവനുസരിച്ചു, ഉറക്കത്തിലേക്കു നീങ്ങുന്നതിനു മുൻപായി അടുത്ത ദിവസത്തെ ശുശ്രൂഷയ്ക്കുള്ള എല്ലാ അനുഗ്രഹ-വരദാനങ്ങൾക്കുമായി തന്റെ ക്രിസ്തുനാഥനോടു മുട്ടിന്മേൽനിന്നു അപേക്ഷിക്കുവാൻ ഫാദർ അന്നും സന്നദ്ധനായി, ദൈവാത്മാവിനാൽ.

‘ദൈവാത്മാവേ, യേശുനാഥാ… നാളത്തെ ദിവസം എങ്ങനെയാണു അങ്ങയുടെ ജനതയ്ക്കു മുൻപിൽ അവർക്കും ദേശത്തിനും വേണ്ടി അങ്ങയെ ഞാൻ വാഴ്ത്തുക..പ്രകീർത്തിക്കുക!?’-അദ്ദേഹം തന്റെ മനസ്സിൽനിന്നും ഉന്നതങ്ങളിലേക്ക് അപേക്ഷ അർപ്പിച്ചു. ഒരു ദേശംതന്നെ തരാമെന്നു വാഗ്ദാനം ചെയ്തു പിതാവായ ദൈവം അബ്രഹാമിനെ വിളിച്ചതും ഒടുവിൽ സ്വന്തം ഭാര്യയെ സംസ്കരിക്കുവാനായി നേടിയ മണ്ണുമാത്രം സമ്പാദിച്ചു അവസാനിച്ചുനിൽക്കുന്ന ആ വിളിയെ സ്മരിക്കപ്പെട്ടു തന്റെ കിടക്കയിലേക്ക് നിദ്രയിലാണ്ടു, ഫാദർ ഡാനിയേൽ.

ഗാഢനിദ്രയുടെ ഉദ്ദേശം മധ്യഭാഗത്തായി ഫാദറിന് ഒരു ദർശനം സാധ്യമായിത്തുടങ്ങി. വലിയൊരു മലയിലേക്ക്, തന്റെ പുത്രനെ ബലി നൽകുവാനായി അവന്റെ ചുമലിൽ വിറകുകെട്ടുംനല്കി ഒരു പിതാവ് സഞ്ചരിക്കുകയാണ്, തന്റെ പുത്രനോടൊപ്പം. ഒപ്പംതന്നെ മൈലുകൾക്കപ്പുറം ആ വലിയ മലയുടെതന്നെ ഭാഗമായൊരു പ്രദേശത്തേക്ക്, ഒരു ‘അമ്മ താൻ നൊന്തുപ്രസവിച്ച തന്റെ മകനെ വേദനയോടും ഹൃദയഭാരത്തോടുംകൂടി അനുഗമിക്കുകയാണ്. മുൾക്കിരീടമണിഞ്ഞു-ദേഹമാസകലം മുറിവിനാൽ മൂടപ്പെട്ട്-രക്തത്താൽ മുക്കപ്പെട്ട്-ചുമലിൽ വലിയൊരു മരക്കുരിശ്ശുമായി ആ മകൻ ആത്മീയമായും മാനസികമായും ശാരീരികമായും തനിക്കുള്ള ഭാരം താങ്ങി വ്യസനത്തോടെ ആ വലിയ മല കയറുകയാണ്.

പിറ്റേന്നുരാവിലെ പതിവുസമയത്തിനും മുൻപേ ഫാദർ കണ്ണുകൾ തുറന്നു. തനിക്കു ദർശ്ശനമായി നൽകപ്പെട്ട ദൃശ്യങ്ങൾ, തന്റെ മനസ്സിനെയാകെ വല്ലാതെ ഇളക്കിമറിച്ചിരിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടുതുടങ്ങി. പ്രത്യക്ഷമായ കാരണങ്ങളില്ലാതെ അസ്വസ്ഥത പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന മനസ്സുമായി അദ്ദേഹം തന്റെ കിടക്കയിൽ കിടന്നുതന്നെ ഇരുമിഴികളുമടച്ച്, തന്റെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും കർത്താവായ യേശുവിലേക്കു സമർപ്പിച്ചു മൗനമായി പ്രാർത്ഥിച്ചുതുടങ്ങി.

അല്പസമയം കഴിഞ്ഞതോടെ, എപ്പോഴത്തെയുംപോലെ ഫാദറിന്റെ അസ്വസ്ഥമായ മനസ്സ് ദൈവാത്മാവിനാൽ പ്രേരിതമായി. അദ്ദേഹം ഉടൻതന്നെ തന്റെ കിടക്കയിൽനിന്നും എഴുന്നേറ്റ് താൻ സൂക്ഷിച്ചിരുന്ന ചില ചരിത്രരേഖകളും-ചരിത്ര പുസ്തകങ്ങളും വേഗത്തിൽ തിരഞ്ഞുതുടങ്ങി. അവയിൽനിന്നും വേഗത്തിൽത്തന്നെ, ചില കാര്യങ്ങൾ ഉറപ്പുവരുത്തിയെന്നപോലെ ഫാദർ പിൻവാങ്ങി. ശേഷം അദ്ദേഹം വിശുദ്ധ ഗ്രന്ഥമെടുത്തു തുറന്നപ്പോൾ ലഭിച്ച വചനം ഇങ്ങനെയായിരുന്നു;

“തീയും വിറകുമുണ്ടല്ലോ; എന്നാൽ, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?”

അദ്ദേഹം വചനം തുടർന്ന് വായിച്ചുതുടങ്ങി; ചില വചനങ്ങൾ തന്റെ ഡയറിയിൽ കുറിച്ചുവെയ്ക്കുവാൻ പ്രേരിതനായി. ഉല്പത്തിയുടെ പുസ്തകം ഇരുപത്തിരണ്ടാം അധ്യായം പതിമൂന്നാം വാക്യം അവയിലൊന്നായിരുന്നു. എല്ലാറ്റിനുമൊടുവിൽ തന്റെ ഡയറിയുടെ പുതിയൊരു താളിനു മുകളിലായി അന്നത്തെ ദിവസത്തെ ശുശ്രൂഷയുടെ പ്രഥമ വാചകം അദ്ദേഹം കുറിച്ചിട്ടു- ‘പഴയനിയമത്തിലെ ക്രിസ്തു’.

യേശുവിന്റെ ജനനത്തിനു ഉദ്ദേശം 1500-ലധികം വർഷങ്ങൾക്കു മുൻപായി, അബ്രഹാമിനോട് സ്വപുത്രനെ, പിതാവായ ദൈവം തനിക്കുള്ള ബലിയായി നല്കുവാനാവശ്യപ്പെട്ടതിനെപ്രതി പുത്രനെയുംകൊണ്ട് അബ്രഹാം മോറിയാമലയിലെത്തി. എന്നാൽ, പാപത്തിലുള്ള മാനവരാശിയുടെ പ്രതീകമായ ഇസഹാക്കിനു പകരം ദൈവം ബലിക്കായി തിരഞ്ഞെടുത്തത്, തന്റെ സ്വപുത്രനായ യേശുക്രിസ്തുവിന്റെ പ്രതീകമായ മുൾച്ചെടികളിൽ കൊമ്പുടക്കിക്കിടക്കുന്നൊരു മുട്ടാടിനെയാണ്. മോറിയാമലയുടെതന്നെ ഒരു ഭാഗമായ കാൽവരിമലയിൽ മനുഷ്യപുത്രൻ ബലിയായിത്തീർന്നപ്പോൾ, യേശുവിന്റെ നിഴലുകളായ, പഴയനിയമത്തിലെ സംഹിതകളെല്ലാം പൂർത്തിയായി. അവൻ പിൽക്കാലത്തു യോഹന്നാനാൽ വാഴ്ത്തപ്പെട്ടു- ‘ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’- ഇത്രയും ആശയങ്ങളെ ധ്യാനിച്ചുകൊണ്ട് ചില കുറിപ്പുകൾകൂടി തന്റെ ഡയറിയിലെ പ്രഥമവാചകത്തിനു താഴെയായി ഫാദർ കുറിച്ചുതുടങ്ങി.

അന്ന്, കൺവൻഷനിൽ തന്റെ പ്രഘോഷണം ഫാ.ഡാനിയേൽ ഇങ്ങനെ അവസാനിപ്പിച്ചു- “ഉൽപ്പത്തി മുതൽ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു തിരുവെഴുത്തിന്റെ താളുകളിൽ മറഞ്ഞുകിടന്നവൻ, രണ്ടായിരം വർഷംമുമ്പ്‌ മനുഷ്യാവതാരമെടുത്തു മറനീക്കി വെളിയിലെത്തി. അവൻ ഇന്നലെ ഉണ്ടായവനല്ല; മറിച്ച്, പണ്ടേ ഉണ്ടായിരുന്നവനാണ്”.

©HIBON CHACKO

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!