Skip to content

അഗസ്ത്യ – ഭാഗം 19

agasthya-aksharathalukal-novel

“”””  ഒരുപാട്   വൈകിപ്പോയെന്നറിയാം   പക്ഷേ   ഇപ്പോഴെങ്കിലും   ഞാനിത്   ചോദിക്കാതിരുന്നാൽ   അതെന്റെ   മനസാക്ഷിയോട്   തന്നെ   ചെയ്യുന്ന   ദ്രോഹമായിപ്പോകും. “”””

മുഖവുരയോടെ   അവൻ   പതിയെ   സംസാരിച്ചുതുടങ്ങി.  എല്ലാം   കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും   മൈഥിലിയുടെ   മിഴികളപ്പോഴും   ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന   ആഴക്കടലിൽ   തന്നെയായിരുന്നു.  ആ   നിമിഷമൊരുപക്ഷേ   ആ  കടലിനേക്കാൾ   പ്രക്ഷുബ്ദമായിരുന്നു   അവളുടെ   ഉള്ളവും.  അവനെന്തായിരിക്കും   പറയാൻ   പോകുന്നതെന്നറിയാമെങ്കിലും   അതവൻ   തന്നെ   പറയട്ടെയെന്ന്   കരുതി   അവൾ   വെറുതേ   ഒരു   കേൾവിക്കാരി   മാത്രമായി   നിന്നു. 

“””” മൈഥിലി….  ഒരിക്കൽ   എന്റെകൂടൊരു   ജീവിതം   ഒരുപാട്   മോഹിച്ചവളല്ലേ   നീ…. അന്നത്   നൽകാൻ   കഴിയുന്ന   സാഹചര്യമായിരുന്നില്ല   എനിക്ക്.  അതായപ്പോഴേക്കും   നീ   മറ്റൊരാൾക്ക്‌   സ്വന്തമായിരുന്നു.  എന്നാൽ   ഇന്ന്   വീണ്ടും   വിധി   നമ്മളെ   രണ്ടാളേയും   കൂട്ടിമുട്ടിച്ചിരിക്കുകയാണ്.  നമ്മുടെ   രണ്ടാളുടെയും   മുന്നിൽ   ഇന്ന്   പ്രതിബന്ധങ്ങളൊന്നും   തന്നെയില്ല   അതുകൊണ്ട്   ഇരുകയ്യും   നീട്ടി   നമുക്കീ   വിധിയെ   സ്വീകരിച്ചൂടേ  ????  “””

അവളുടെ   മുഖത്തേക്ക്   തന്നെ   നോക്കി   നിന്നുള്ള   ദൃഡമായ   ആ   ചോദ്യം   കേട്ട്   അവളുടെ   ആദരങ്ങളിൽ   പുച്ഛം   നിറഞ്ഞ   ഒരു  പുഞ്ചിരി   വിടർന്നു. 

“”” സാറ്   പറഞ്ഞത്   ശരിയാണ്   ഞാൻ   നിങ്ങളെ   സ്നേഹിച്ചിരുന്നു   നിങ്ങളോടൊപ്പമൊരു   ജീവിതം   ഒരുപാട്   സ്വപ്നം   കണ്ടിരുന്നു.  പക്ഷേ   അന്ന്   നിങ്ങളത്   നിഷേധിച്ചു.  “””

“””” മൈഥിലി   അന്നത്തെ   എന്റവസ്ഥ…. “”””

“”” എന്തവസ്ഥയാണ്   സാർ  ???   കാത്തിരിക്കണമെന്നൊരു   വാക്കെങ്കിലും   നിങ്ങൾക്കെന്നോട്   പറയാമായിരുന്നു . എങ്കിൽ   അതിന്റെ   പേരിലെങ്കിലും   നിങ്ങളെ   മാത്രം   പ്രതീക്ഷിച്ച്   എത്ര   കാലം   വേണമെങ്കിലും   ഞാൻ   കാത്തിരുന്നേനെ….  ഇവിടെ   അങ്ങനെയൊരു   വാക്ക്   പോലും   നിങ്ങളിൽ   നിന്നുമുണ്ടായില്ല.  “”””

പറയുമ്പോൾ   അവളുടെ   സ്വരം   വല്ലാതെ   വിറച്ചിരുന്നു. 

“”””  മൈഥിലി   എനിക്കറിയാം   ഞാൻ   തെറ്റാണ്   ചെയ്തത്   പക്ഷേ   അന്നത്തെ   അവസ്ഥയിൽ   നീയെന്നോടൊപ്പമുണ്ടായിരുന്നുവെങ്കിൽ   ഒരിക്കലും   ഞാനെന്റെ   ലക്ഷ്യങ്ങളെ   എത്തിപ്പിടിക്കില്ലായിരുന്നു.  “””

അവൻ   പറഞ്ഞത്   കേട്ട്   പെട്ടന്നവൾ   വെട്ടിത്തിരിഞ്ഞാ   മുഖത്തേക്ക്   നോക്കി. 

“””  അപ്പോ   സാറിന്റെ   സ്വപ്നങ്ങൾക്കൊരു   വിലങ്ങുതടിയായിരുന്നു   ഞാനെന്നാണോ   സാർ   പറഞ്ഞുവരുന്നത് ???  “”””

അവളുടെ   നോക്കിലും   വാക്കിലും   വല്ലാത്തൊരു   മൂർച്ച   വന്നിരുന്നു   അപ്പോൾ. 

“”””   എന്നല്ല   മൈഥിലി   ഞാൻ   പറഞ്ഞത്.  നിനക്കറിയുമോ   ഒരുപക്ഷേ   നീയെന്നെ   സ്നേഹിച്ചതിലുമൊരു   നൂറിരട്ടി   ഞാൻ   നിന്നെ   സ്നേഹിച്ചിരുന്നു.  ആ   നിന്നിലേക്ക്   എന്റെ   ശ്രദ്ധ   മാറിയിരുന്നുവെങ്കിൽ   ഉറപ്പായും   എന്റെ   ലക്ഷ്യങ്ങളേപ്പോലും   ഞാൻ   മറന്നുപോയേനെ.  എന്റെ   ലോകം   നിന്നിലേക്ക്   മാത്രമായി   ചുരുങ്ങിയേനെ.  ആ   ഭയമാണ്   അന്നെന്നെ   നിന്നിൽ   നിന്നുമകറ്റിയത്.  പിന്നീട്   ഒരുപാട്   കഷ്ടപ്പെട്ടിട്ടാണ്   ഇവിടെ   വരെയെത്തിയത്.   അതിന്   ശേഷം   അദ്യം   ഓടിയെത്തിയതും   നിന്റരികിലേക്കായിരുന്നു.  പക്ഷേ   അപ്പോഴേക്കും   ഞാനൊരുപാട്   വൈകിപ്പോയിരുന്നു.  പക്ഷേ   ഇപ്പൊ   അതൊന്നുമല്ല   നമ്മുടെ   രണ്ടാളുടെയും   സ്ഥിതി   അതുകൊണ്ടാണ്   ഞാൻ….  “””

 “””   മനസ്സിലായി   സാർ…. സാർ  ഇപ്പൊ   പറഞ്ഞു   നമുക്ക്   മുന്നിൽ   ഈ   നിമിഷം   പ്രതിബന്ധങ്ങളൊന്നുമില്ലെന്ന്.  സാറ്   മറന്നതാണോ   എന്നറിയില്ല   ഇപ്പോഴും   എന്റെ   മുന്നിലൊരു   പ്രതിബന്ധമുണ്ട്  ഞാനിപ്പോ   പണ്ട്   നിങ്ങളെ   സ്നേഹിച്ച്   പിന്നാലെ   നടന്ന  ആ   പൊട്ടിപ്പെണ്ണല്ല   വിവാഹമോചിതയായ   ഒരു   സ്ത്രീയാണ്.  നിങ്ങളിൽ   നിന്നേറ്റ   മുറിവുകളുമായി   നീറി   നീറി   ജീവിക്കുമ്പോഴായിരുന്നു   ആ   മനുഷ്യനെന്റെ   ജീവിതത്തിലേക്ക്   വന്നത്.   ആ   അവസ്ഥയിലെനിക്ക്   കിട്ടിയ   കരുതലും   സ്നേഹവുമാകാം   അയാളിലേക്കെന്നെ   വലിച്ചിട്ടത്.   അന്നാ   വാക്കിലും   നോക്കിലും   സ്നേഹം   മാത്രമേ   ഞാൻ   കണ്ടുള്ളു.   അയാളുടെ   സാഹചര്യങ്ങളൊക്കെയറിഞ്ഞിട്ടും   ഒരു   മഹാഭാഗ്യമായി   എന്റെ   മുന്നിൽ   വന്ന   ഋഷിയുടെ   വിവാഹാലോചന   പോലും   തട്ടിത്തെറിപ്പിച്ചുകൊണ്ട്   ഞാനാ   ജീവിതത്തിലേക്ക്   പോയി.  അവിടെയാണ്   നിങ്ങളും   ഞാനും   തമ്മിലുള്ള   വ്യത്യാസം.  നിങ്ങൾ   സാഹചര്യങ്ങളെ   പഴി   പറഞ്ഞ്   വിദഗ്ദ്ധമായെന്നെ   ഉപേക്ഷിച്ചു.  പക്ഷേ   ഏത്   പ്രതിസന്ധി   ഘട്ടത്തിലും   സ്നേഹിച്ചവന്റെ   കൈകളിൽ   തന്നെ   ഞാൻ   മുറുകെപ്പിടിച്ചു.  പക്ഷേ   എന്നിട്ടും   എനിക്ക്   പിഴച്ചുപോയി.  അതെന്റെ   വിധി.  ആ   വിധിയുമായി   ഞാനിപ്പോ   പൊരുത്തപ്പെട്ടുകഴിഞ്ഞു.   അതുകൊണ്ട്   എന്റെ   ജീവിതത്തിലിനി   പ്രതീക്ഷകളൊന്നുമില്ല.  വീണ്ടുമൊരു   വിവാഹജീവിതവും   ഞാൻ   സ്വപ്നം   കാണുന്നില്ല.  എങ്ങനെയെങ്കിലുമൊക്കെ   ജീവിച്ചുപോകണമെന്ന്   മാത്രമേ   ഇപ്പോഴെനിക്കുള്ളു.  ‘”””

“””” പക്ഷേ   എനിക്കതൊന്നുമൊരു   വിഷയമല്ലെങ്കിലോ ???   എന്നെ   സംബന്ധിച്ച്   നീയിപ്പോഴും   ഒരുകാലത്ത്   നീ   പോലുമറിയാതെ   ഞാൻ   സ്നേഹിച്ച   അതേ   മൈഥിലി   തന്നെയാണ്.  “”””

പറഞ്ഞുതീർത്തിട്ട്   തിരിഞ്ഞുനടക്കാനൊരുങ്ങിയ   അവളുടെ   കയ്യിൽ   ബലമായി   പിടിച്ചുകൊണ്ടാണ്   അവനത്   പറഞ്ഞത്. 

“”””  പക്ഷേ   എനിക്കങ്ങനെ   കരുതാൻ   കഴിയില്ലല്ലോ   സാർ .  ഒന്നര   വർഷം   മറ്റൊരാണിന്റെ   പാതിയായിരുന്നവളാണ്   ഞാൻ.  അവന്റെ   പ്രണയവും   ഭ്രാന്തുമൊരുപോലെ   സ്വീകരിച്ചവളാണ്.  ആ   എന്നിലിനി   പുതുമയോടേ   നിങ്ങൾക്ക്‌   തരാനായി   ഒന്നുമില്ല.  വിവാഹജീവിതത്തിനൊരു   പരിശുദ്ധിയുണ്ടെന്ന്   വിശ്വസിക്കുന്നവളാണ്   ഞാൻ.  ആ   ബന്ധത്തിന്റെ   അതേ   പരിശുദ്ധി   അതിലുൾപ്പെട്ടിരിക്കുന്നവർക്കും   വേണം.  പക്ഷേ   എനിക്കിന്നാ   പരിശുദ്ധിയിന്നില്ല .  ശരീരവും   മനസും   മറ്റൊരാൾക്ക്‌   പങ്കുവച്ചവളാണ്   ഞാൻ.  ആ   എനിക്കിനി   മറ്റൊരു   പുരുഷനിലേക്ക്   പോകാൻ   സാധിക്കില്ല.  അതുകൊണ്ട്   ദയവുചെയ്ത്   ഇക്കാര്യം   പറഞ്ഞെന്നെയിനി    ബുദ്ധിമുട്ടിക്കരുത്. “””

വിദൂരതയിലേക്ക്   മിഴിയൂന്നി   നിന്ന്   അവൾ   പറഞ്ഞവസാനിപ്പിക്കുമ്പോൾ   വിശാലിന്റെ   കൈകൾ   താനേ   അയഞ്ഞിരുന്നു.   അവനെയൊന്ന്   തിരിഞ്ഞുനോക്കുക   പോലും   ചെയ്യാതെ   കടൽക്കരയിലെ   പൂഴിമണ്ണിനെ   ചവിട്ടിമെതിച്ച്   നടന്നുനീങ്ങുന്നവളെയവൻ   വേദനയോടെ   നോക്കി   നിന്നു.  റോഡിലേക്ക്   കയറിയതും    ആദ്യം   കണ്ട  ഓട്ടോയ്ക്ക്   കൈ   കാണിച്ചുനിർത്തി   അവൾ   കയറിപ്പോയതും    സർവ്വതും   നഷ്ടപ്പെട്ടവനെപ്പോലെ   അവനാ   പൂഴിയിലേക്ക്   തന്നെയിരുന്നു. 

അന്ന്   രാത്രി   ഒരുപാട്   വൈകിയായിരുന്നു   വിശാൽ   വീട്ടിലെത്തിയത്.  പക്ഷേ   അപ്പോഴും   അവനെയും  പ്രതീക്ഷിച്ച്   സിറ്റൗട്ടിലെ   കസേരയിൽ   വഴിക്ക്ണ്ണുമായി   ദേവകിയമ്മ    ഇരുന്നിരുന്നു. 

“”””  നീയെന്താ   വിച്ചൂ   ഇത്രയും   വൈകിയത്  ???  “””

കാറിൽ   നിന്നിറങ്ങി   സിറ്റൗട്ടിലേക്ക്   കയറിവന്ന   അവനെ   കണ്ടതും   കസേരയിൽ   നിന്നുമെണീറ്റുകൊണ്ട്   ദേവകിയമ്മ   ചോദിച്ചു.

“””” അതമ്മേ   ഓഫീസിൽ   കുറച്ച്   ജോലിയുണ്ടായിരുന്നു   അതാ…. “”””

“””” മ്മ്മ്…. വന്നുവല്ലതും   കഴിക്ക്  “””

അവന്റെ   വാടിയ   മുഖത്തേക്ക്   നോക്കി   അമർത്തിയൊന്ന്   മൂളിയിട്ട്   അകത്തേക്ക്   നടക്കുമ്പോൾ   ദേവകിയമ്മ   പറഞ്ഞു.

“”” എനിക്കൊന്നും   വേണ്ടമ്മേ   ഞാൻ   കഴിച്ചു… “””

പറഞ്ഞിട്ട്   വേഗത്തിൽ   മുകളിലേക്കുള്ള   സ്റ്റെപ്പുകൾ   ഓടിക്കയറുന്ന   അവനെ   നോക്കി   അവിടെത്തന്നെ   നിൽക്കുകയായിരുന്നു   അവരപ്പോഴും.  കുറേ  സമയം   കഴിഞ്ഞ്    അവർ   പതിയെ   മുകളിലേക്ക്   വരുമ്പോൾ   ബെഡിൽ   തല   കുമ്പിട്ടിരിക്കുകയായിരുന്നു   വിശാൽ. 

“”” വിച്ചൂ   നിനക്കെന്ത്   പറ്റി   എന്താ   ഇങ്ങനിരിക്കുന്നത്  ???  “””

അവരരികിലെത്തിയത്   പോലുമറിയാതെ   ഏതോ   ചിന്തകളിൽ   മുഴുകിയിരുന്ന   അവന്റെ   തലയിൽ   പതിയെ   തലോടിക്കൊണ്ട്   ദേവകിയമ്മ   ചോദിച്ചു.

“””  ഏയ്   എനിക്ക്   കുഴപ്പമൊന്നുമില്ലമ്മേ…. “””

പെട്ടന്ന്   മുഖമുയർത്തിയവരെ   നോക്കി   പുഞ്ചിരിക്കാൻ   ശ്രമിച്ചുകൊണ്ട്   അവൻ   പതിയെ   പറഞ്ഞു.

“””” നിന്നേക്കാളേറെ   നിന്റെ   മനസ്സറിഞ്ഞിട്ടുള്ള   അമ്മയോട്   വേണോ   മോനെ  ഈ   ഒളിച്ചുകളി  ???  “””

അവന്റെ   അരികിലേക്കിരുന്ന്   പതിയെ   തലോടികൊണ്ടാണ്   അവരത്   ചോദിച്ചത്.  ആ   ചോദ്യത്തിന്   മുന്നിൽ   അടി   പതറിയത്   പോലെ   അവൻ   പെട്ടന്നവരുടെ   മടിയിലേക്ക്   ചാഞ്ഞ്   നേര്യതിന്റെ   തുമ്പാലെ   മുഖം   മറച്ചു.  കുറേ   സമയത്തിന്   ശേഷം   ദേവാകിയമ്മയുടെ   നിർബന്ധത്തിന്   വഴങ്ങി   എല്ലാം   തുറന്നുപറയുമ്പോഴും   അവരുടെ   വിരലുകൾ   പതിയെ   അവന്റെ   മുടിയിഴകളെ   തലോടിക്കൊണ്ടിരുന്നു. 

“””  പോണോഡീ   പെണ്ണേ…..ഇതിപ്പോ   ഇവിടെന്ത്   കുറവുണ്ടായിട്ടാ   അങ്ങോട്ട്   കൊണ്ടുപോകുന്നത്  ???   നീയില്ലാതെ   ഞാനെങ്ങനാഡീ   ഇവിടെ….  “”””

കല്യാണസാരി   ഞൊറിഞ്ഞുടുത്തുകൊണ്ട്   നിന്ന   അഗസ്ത്യയെ   പിന്നിലൂടെ   ചെന്ന്   ചേർത്തുപിടിച്ചുകൊണ്ടാണ്   പതിഞ്ഞ   സ്വരത്തിൽ   ഋഷിയത്    ചോദിച്ചത്. 

“””  കുറവൊന്നുമുണ്ടായിട്ടല്ല   ഋഷിയേട്ടാ…. ആദ്യത്തെ   പ്രസവം   പെൺവീട്ടുകാരുടെ   അവകാശമല്ലേ ???   മാത്രമല്ല   ഇതൊക്കെയൊരു   ചടങ്ങല്ലേ  അതിനെ   നമ്മളെതിർക്കുന്നത്   ശരിയാണോ  ???  ഏട്ടനെപ്പോ   വേണമെങ്കിലും   അങ്ങോട്ട്‌   വരാല്ലോ   പിന്നെന്താ…. “””

നേരിയ   ഒരു   പുഞ്ചിരിയണിഞ്ഞ്   അവനെ   സമാധാനിപ്പിക്കാൻ    വേണ്ടി   പറഞ്ഞെങ്കിലും   അവളുടെ   മിഴികളും   സജലമായിരുന്നു.  പിന്നീടൊന്നും   പറയാതെ   നിരാശയോടെ   അവളുടെ   മുഖത്തേക്ക്   തന്നെ  നോക്കി   വെറുതെയവനങ്ങനെ   നിന്നു. 

“”””  എന്താ   ഋഷിയേട്ടാ   ഇത്   എന്നേക്കൂടി   വിഷമിപ്പിക്കാനാണോ   ഇങ്ങനെ   വാടിത്തളർന്ന്   നിക്കുന്നത്  ???  “”””

അവന്റെ   നെഞ്ചോട്   ചേർന്നുനിന്ന്   ആ   കവിളിൽ   തലോടിക്കൊണ്ട്   അവൾ   ചോദിച്ചു. 

“”””  വയ്യ   പെണ്ണേയിപ്പോ   നീയില്ലാതൊരു   നിമിഷം   പോലും…. “””

അവളെയൊന്നുകൂടി   ചേർത്തുപിടിച്ച്   ചൊടികളിൽ   അമർത്തി   ചുംബിച്ചുകൊണ്ട്   അവൻ   പറഞ്ഞു.  അപ്പോഴേക്കും   അഗസ്ത്യയും   സർവ്വ   നിയന്ത്രണങ്ങളും   വിട്ട്   പൊട്ടിക്കരഞ്ഞിരുന്നു. 

“””  ഏയ്   എന്താടീ   പെണ്ണേയിത്   ഇത്രനേരം   എന്നെ   സമാധാനിപ്പിച്ചിട്ട്‌   ഇപ്പൊ   കുഞ്ഞുങ്ങളേപ്പോലെ….  “””

അവളെ   നെഞ്ചിലേക്ക്   ചേർത്തുപിടിച്ച്   ആശ്വസിപ്പിച്ചുകൊണ്ട്   അവൻ   പറഞ്ഞു. 

“””  എനിക്കും   പോകണ്ട   ഋഷിയേട്ടാ…  ഈ   കൈക്കുള്ളിലല്ലാതെ   എനിക്കും   ഉറങ്ങാൻ   കഴിയില്ല… “””

അവനെയിറുക്കിപ്പിടിച്ച്   പറയുമ്പോൾ   അവളുടെ   അധരങ്ങൾ   വിതുമ്പിയിരുന്നു. 

“””  അച്ഛനോടുമമ്മയോടുമൊന്ന്   പറ   ഋഷിയേട്ടാ   എന്നെ   കൊണ്ടുപോകേണ്ടെന്ന്…. ഋഷിയേട്ടൻ   പറഞ്ഞാൽ   അവര്   കേൾക്കും. “””

അവനിൽ   നിന്നകലാൻ   കൂട്ടാക്കാതെ   ചിണുങ്ങിക്കൊണ്ട്   അവൾ   പറഞ്ഞു. 

“””പറഞ്ഞാൽ   കേൾക്കും   പക്ഷേ   വേണ്ട   പെണ്ണേ…. അച്ഛനുമമ്മയുമൊക്കെ   എന്തോരം   പ്രതീക്ഷകളോടാ   വന്നിരിക്കുന്നത്.  ഈ   സമയത്ത്   നിന്നെ   നോക്കാനും   പരിചരിക്കാനുമൊക്കെ   അവർക്കും   കൊതി   കാണില്ലേ… ഈ   സമയം   കഴിഞ്ഞാൽ   പിന്നെന്നും   നമ്മളൊരുമിച്ചല്ലേ  അപ്പോ   അവരുടെ   ആഗ്രഹങ്ങൾ   നമ്മളും   മനസ്സിലാക്ക്ണ്ടേ…. അതുകൊണ്ട്   നല്ല   കുട്ടിയായിട്ട്   പോയിട്ട്   വാ   നിനക്കെപ്പോ   കാണാൻ   തോന്നിയാലും   ഞാനോടിയെത്തില്ലേഡീ   പിന്നെന്തിനാ   ഈ   ഉണ്ടക്കണ്ണിങ്ങനെ   നിറയ്ക്കുന്നത് ???  “

തന്നെത്തന്നെ   നോക്കി   നിൽക്കുന്ന   ആ   പെണ്ണിന്റെ   കവിളിൽ   പതിയെ   നുള്ളിക്കൊണ്ട്   ചോദിക്കുമ്പോൾ   കണ്ണുകളിലെ   നൊമ്പരം   അവളിൽ   നിന്നുമൊളിക്കാൻ   അവൻ   നന്നേ   ബുദ്ധിമുട്ടിയിരുന്നു.  പിന്നെ   അവൾ   ഉടുത്തുപാതിയാക്കിയ   സാരി   ബാക്കി   ഞൊറിഞ്ഞെടുത്ത്   അവളുടെ   ഇളിയിൽ   കുത്തിയിട്ട്   അവൻ   പതിയെ   അവളുടെ   മുന്നിൽ   മുട്ടുകുത്തിയിരുന്നു. 

“”””  അച്ഛേടെ   വാവേ… വേഗമിങ്   പോന്നേക്കണോട്ടോ… അച്ഛയിവിടെ  കാത്തിരിക്കുവാ…. “””

അവളുടെ   നഗ്നമായ   വയറിൽ   ചുണ്ടമർത്തിക്കൊണ്ട്   ആർദ്രമായി   അവൻ   പറഞ്ഞു.  ആ   കാഴ്ച   കണ്ടുനിൽക്കുമ്പോൾ   ഒരേ   സമയം   സന്തോഷവും   സങ്കടവും   കൊണ്ട്   അഗസ്ത്യയുടെ   മിഴികൾ   നിറഞ്ഞൊഴുകി. 

“””  ഇനി   കണ്ണ്   നിറച്ചെന്നേക്കൂടി   വിഷമിപ്പിക്കല്ലേ   പെണ്ണേ… വന്നേ   അവരൊക്കെ   എത്ര   നേരമായി   കാത്തിരിക്കുന്നു… “””

“””  ഓഹ്   എന്നേപ്പറഞ്ഞുവിടാൻ   അത്ര   ധൃതിയായോ  ????  “””

കെറുഭാവിച്ചുകൊണ്ട്   പറഞ്ഞവളെ   അവനൊരു   ചിരിയോടെ   വീണ്ടും   ചേർത്തുപിടിച്ചു.  അവർ   താഴേക്ക്   ചെല്ലുമ്പോൾ   അവിടെയെല്ലാവരും   കൂടി   സംസാരിച്ചിരിക്കുകയായിരുന്നു.  അവരെ   കണ്ടതും   പോകാനൊരുങ്ങി   വേണുവും   ഇന്ദിരയുമെണീറ്റു. 

“””  എന്നാപ്പിന്നെ   ഞങ്ങളിറങ്ങട്ടേ… “””

മഹേന്ദ്രനോടായി   വേണു   പറയുന്നത്   കേട്ടതും   അഗസ്ത്യയുടെ   വിരലുകൾ   ഋഷിയുടെ   കയ്യിലൊന്നുകൂടി   മുറുകി.  സാരമില്ലെന്ന    അർഥത്തിൽ   അവൻ   കണ്ണുകൾ   കൊണ്ടവളെ   ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.  ആരുമതൊന്നും   ശ്രദ്ധിച്ചില്ലായെങ്കിലും   ഇന്ദിരയതൊക്കെ   കാണുകയും   നേർമയായി   പുഞ്ചിരിക്കുകയും   ചെയ്യുന്നുണ്ടായിരുന്നു   അപ്പോൾ. 

“””  സന്തോഷമായിട്ട്   പോയിട്ട്   വാ   മോളെ   ഒന്നുമോർത്ത്    വിഷമിക്കണ്ടാ… “””

ഇറങ്ങാൻ    നേരം   അനുഗ്രഹം   വാങ്ങാൻ   ചെന്ന   അഗസ്ത്യയെ   ചേർത്തുപിടിച്ച്   നെറുകയിൽ   മുകർന്നുകൊണ്ട്   ഊർമിള   പറഞ്ഞു.  അപ്പോൾ   ആ   മിഴികളും   നനഞ്ഞിരുന്നു. 

“””  അപ്പോ   നാളെയങ്ങ്   വന്നേക്കണം   കേട്ടോ   ഇന്നൊരു   ദിവസം   ഒരു   ചടങ്ങിനുവേണ്ടി   സത്യയവിടെ   നിൽക്കട്ടെ…”””

ഇറങ്ങാൻ   തുടങ്ങുമ്പോൾ   മ്ലാനമായി   നിന്ന   ഋഷിയുടെ   തോളിൽ   പതിയെ   തട്ടിക്കൊണ്ട്    വേണു   പറഞ്ഞു.  അത്   കേട്ടതും  ഋഷിയുടെയും   ഒപ്പം   അഗസ്ത്യയുടെയും   മുഖങ്ങൾ   ഒരുപോലെ   പ്രകാശിച്ചു.

“””  അച്ഛാ   അത്…. “””

“”””  മ്മ്മ്…. എനിക്ക്‌   മനസ്സിലാവും  മോനെ. അതുകൊണ്ട്   തന്നെ   ഒരു   ചടങ്ങിന്   വേണ്ടി   മാത്രമാണ്   ഞങ്ങള്   വന്നത്.  ഈ   സമയത്തെന്റെ   മോൾക്   സന്തോഷവും   സമാധാനവുമാണ്   വേണ്ടത്.  അതിവിടെ   നിന്റടുത്താണുള്ളത്.  പിന്നെ   അവൾ   ഞങ്ങളുടെ   അടുത്തുള്ളതിനെക്കാൾ   എന്തുകൊണ്ടും   സുരക്ഷിതയാണ്   നിന്റെ   കയ്യിൽ   ആ   ബോധ്യവും   ഞങ്ങൾക്കുണ്ട്.  അതുകൊണ്ട്   ഈ   സമയത്തവളവിടെ   വന്നുനിൽക്കാത്തതിൽ   ഞങ്ങൾക്കൊട്ടും   വിഷമവുമില്ല.  “””

നിറഞ്ഞ   പുഞ്ചിരിയോടെ   അവന്റെ   പുറത്ത്   തട്ടി   അയാളത്   പറയുമ്പോൾ   എല്ലാവരുടെ   മുഖത്തും   പുഞ്ചിരിയായിരുന്നു.  പിന്നീടധികം   വൈകാതെ   എല്ലാവരോടും   യാത്ര   പറഞ്ഞ്   അവർ   കാറിലേക്ക്   കയറി.  കാവുവിളയുടെ   കൂറ്റൻ ഗേറ്റ്   കടന്ന്   കാർ   പുറത്തേക്ക്   നീങ്ങുമ്പോഴും   അഗസ്ത്യയുടെ   മിഴികൾ   ഋഷിയിൽ   തന്നെ   തറഞ്ഞുനിന്നു.

പിറ്റേദിവസം   തിരികെ   കൊണ്ടുപോകാൻ   ഋഷിയെ   കാത്തിരുന്ന   അഗസ്ത്യയുടെ   മുന്നിലേക്കാണ്   മറ്റൊരു   കാർ   വന്നുനിന്നത്.   അതിൽ   നിന്നിറങ്ങിങ്ങിയ   ആളെക്കണ്ട്   ചെറിയൊരമ്പരപ്പോടെ   അവൾ   ചാടിയെണീറ്റു.

“””  ദീവൂട്ടി….”””

നിറഞ്ഞ   പുഞ്ചിരിയോടവൾ  പറഞ്ഞു.

“”””  ഇങ്ങനൊന്നും   ചാടിയെണീറ്റൂടാ   മോളെ… “”””

പൂമുഖത്തേക്ക്   കയറി   അവളുടെ   നെറുകയിൽ   തലോടികൊണ്ടാണ്   ദേവകിയമ്മയത്   പറഞ്ഞത്.

“””  ആഹാ   വക്കീൽ   സാറിന്റമ്മയാരുന്നോ… അകത്തേക്ക്   കയറിയിരിക്കാം… “”””

പുറത്തേതോ    വണ്ടി   വന്ന  ശബ്ദം   കേട്ട്   അങ്ങോട്ട്   വന്ന  വേണു  അവരെക്കണ്ട്   ചിരിയോടെ   പറഞ്ഞു.  അപ്പോഴേക്കും   ഇന്ദിരയും  ഒപ്പം   മൈഥിലിയും  കൂടിയങ്ങോട്ട്   വന്നിരുന്നു.

“””  ഞാൻ   വന്നത്   മൈഥിലി   മോളെയൊന്ന്   കാണാനാ… വിച്ചു   എന്നോടെല്ലാം  പറഞ്ഞു.  “””

ഇന്ദിരയുടെ   അരികിൽ   നിന്ന  മൈഥിലിയെ   ചേർത്തുപിടിച്ചുകൊണ്ടാണ്   ദേവകിയമ്മ   അത്   പറഞ്ഞത്. 

“””  ഞാനൊരു   വിവാഹാലോചനയുമായിട്ടാണ്   ഇവിടേക്ക്   വന്നത്.  എന്റെ   വിച്ചുവിനുവേണ്ടി   മൈഥിലിയെ   ചോദിക്കാൻ. “”””

ഒന്നും   മനസ്സിലാവാതെ   നിന്ന   മറ്റുള്ളവരോടായി    അവർ  പറഞ്ഞു.  അപ്പോഴും   നിറമിഴികളോടെ      തറയിലേക്ക്   നോക്കി   നിൽക്കുകയായിരുന്നു   മൈഥിലി.  പിന്നീടവരിൽ   നിന്നുതന്നെ  കാര്യങ്ങളെല്ലാമറിഞ്ഞ  ശേഷം   എന്തുപറയണമെന്നറിയാതെ   നിൽക്കുകയായിരുന്നു   വേണു. 

“””  വിച്ചുവിനോട്   മോള്   പറഞ്ഞതെല്ലാം   അവനെന്നോട്   പറഞ്ഞു.   മോളുടെ   ഭാഗത്ത്‌   ന്യായമുണ്ട്   പക്ഷേ   ഒക്കെ   മറന്ന്   എന്റെ   മോനോടൊപ്പമൊരു   പുതിയ   ജീവിതത്തിന്   മോള്   തയാറാണെങ്കിൽ   നിന്നെ   മരുമകളായല്ല   മകളായി   തന്നെ   സ്വീകരിക്കാൻ   ഞാനും   ഒരുക്കമാണ്.   “”””

മൈഥിലിയുടെ   മിഴികളിലെ   കണ്ണുനീർ   തുടച്ചവളെ   ചേർത്തുപിടിച്ചുകൊണ്ട്   ദേവകിയമ്മ   വീണ്ടും   പറഞ്ഞു. 

“”””കാര്യങ്ങളൊക്കെ   അറിഞ്ഞപ്പോൾ   സഹതാപം   കൊണ്ടല്ലെന്ന്   മനസ്സിലായല്ലോ   അതുകൊണ്ട്   എല്ലാവരും   നന്നായിട്ടൊന്നാലോചിക്കൂ   അനുകൂലമായ   ഒരു   മറുപടിയാണ്   ഞങ്ങൾ   പ്രതീക്ഷിക്കുന്നത്.  വരട്ടെ   മക്കളെ…  “””

അവസാനവാചകങ്ങൾ   അഗസ്ത്യയോടും   മൈഥിലിയോടുമായി   പറഞ്ഞിട്ട്   അവർ   പുറത്തേക്ക്   നടന്നു.   ആ   കാർ   പുറത്തേക്ക്   പോയതും   ആലോചനയോടെ   വേണു   ചാരുകസേരയിലേക്കിരുന്നു.

“””  എന്താ   മോൾടെ   അഭിപ്രായം  ??? “””

കുറെ   നേരത്തെ   ആലോചനകൾക്കൊടുവിൽ   മൈഥിലിയോടായി   വേണു   ചോദിച്ചു. 

“””  അച്ഛാ   ഞാനിനിയെങ്ങനെ…. “””

വാക്കുകൾ   പൂർത്തിയാക്കാൻ   കഴിയാതെ   അവൾ   നിന്നു.

“””  മോളെ   നിന്റെ   ഭൂതകാലമെല്ലാമറിഞ്ഞിട്ടും   നിന്നെ   ചേർത്തുപിടിക്കാൻ   തയ്യാറായ   ആ   അമ്മയേം   മകനേം   തള്ളിക്കളയരുതെന്ന്   തന്നെയാണ്   എന്റെ   പക്ഷം.  പിന്നെ   ഒരന്തോം   കുന്തോമില്ലാതെ   ജീവിച്ചുതീർക്കുന്ന   മകളെ   ഞങ്ങളുടെ   കണ്ണടയും   മുൻപ്    സുരക്ഷിതമായൊരു   കൈകളിലേൽപ്പിക്കണമെന്ന   ഒരച്ഛന്റെ   സ്വാർത്ഥതയും   അതിന്റെ   പിന്നിലുണ്ടെന്ന്   കൂട്ടിക്കോ.  അതുകൊണ്ട്   എല്ലാം   മറന്ന്   എന്റെ   മോൾക്കിതിന്   സമ്മതിച്ചൂടെ  ???  ഒന്നുമല്ലെങ്കിൽ   ഒരിക്കൽ   ഒരുമിച്ച്   ജീവിക്കാൻ   കൊതിച്ചവരല്ലേ   നിങ്ങൾ.  നിങ്ങളൊരുമിച്ചൊരു   ജീവിതം   വിധിച്ചിട്ടുള്ളത്   ഇനിയായിരിക്കുമെന്ന്   കരുതിയാൽ   മതി.  ഒരുപക്ഷെ   എല്ലാമൊരു   നിമിത്തമെസ്സയിരിക്കാം.  സമ്മതിച്ചൂടെ   എന്റെ   കുട്ടിക്കിതിന് ????  . “”””

അവളുടെ   കണ്ണുകളിലേക്ക്   നോക്കിനിന്നത്   ചോദിക്കുമ്പോൾ   ആ   നെഞ്ചിലെ   പിടച്ചിൽ    അയാളുടെ    കണ്ണുകളിൽ   പ്രകടമായിരുന്നു.

“”””  എനിക്ക്…. എനിക്ക്‌    സമ്മതമാണച്ഛാ….. “””

പറഞ്ഞിട്ടൊരു   പൊട്ടിക്കരച്ചിലോടവളയാളുടെ    നെഞ്ചിലേക്ക്   വീണു.   അയാളുടെ   കൈകൾ   വാൽസല്യത്തോടെ   അവളെ   തലോടി.  അപ്പോൾ   അരികിൽ   നിന്നിരുന്ന   അഗസ്ത്യയും   ഇന്ദിരയുമെല്ലാം   കണ്ണീരിനിടയിലും   പുഞ്ചിരിക്കുകയായിരുന്നു. 

തുടരും…..

(  ഇതുവരെയും   സ്നേഹിച്ചും   പരിഭവിച്ചും   സപ്പോർട്ട്   ചെയ്ത്   കൂടെ   നിന്ന   എല്ലാ   പ്രീയപ്പെട്ടവരോടും , അടുത്ത   ഒരു   ഭാഗത്തോട്   കൂടി

അഗസ്ത്യയുടെ   ഒപ്പമുള്ള   യാത്ര   അവസാനിക്കുകയാണ്.  ഇതുവരെ  കൂടെയുണ്ടായിരുന്ന   എല്ലാവരോടും   ഒരുപാട്   നന്ദി. സ്നേഹപൂർവ്വം   )

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!