Skip to content

തൈരും ബീഫും – ഭാഗം 13

izah sam aksharathalukal novel

ഇത് ഒന്നും ഞാനല്ല ചെയ്തത് എന്ന ഭാവത്തിൽ നമ്മടെ സാൻഡ്ര അവളുടെ അപ്പനെ കാണാൻ നാട്ടിലേക്ക് പിടിച്ചു…. ഒപ്പം എന്റെ പട്ടത്തിയും….അവൾക്കു എന്റെ നാട് കാണണം എന്റെ പള്ളി കാണണം …എന്റെ അമ്മച്ചിയെ കാണണം…… എന്റെ വീടും അപ്പനെയും കാണണം എന്ന മോഹം ഞാൻ ഇടിവെട്ട് കഥകൾ പറഞ്ഞു ഫലിപ്പിച്ചു മുളയിലേ നുള്ളി……

അവർ ബസ്സിലും ഞാൻ എന്റെ ബൈക്കിലുമാണു നാട്ടിലോട്ട് വിട്ടത്…… വീട്ടിലെത്തി മമ്മയുടെ സ്ഥിരം അടിപൊളി കപ്പയും മീൻകറിയും മോരുകറിയും ചോറും അച്ചാറും എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ……..ഞാൻ വീട്ടിൽ ചെല്ലൂന്ന ദിവസം ബാക്കി എല്ലാപേരും രാത്രി ചപ്പാത്തിയായിരിക്കും കഴിക്കുന്നേ…..കാരണം ചോറുവെക്കുന്ന കലം കാലി ആയിരിക്കും ….കറിയുടെ അവസ്ഥയും അതൊക്കെ തന്നെ …….. പിന്നെ പുറത്തോട്ടു ഒരു പോക്കാണ്…….രാത്രി എപ്പോഴാ വരുന്നേ എന്ന് ആർക്കും അറിയില്ല…..മോളിക്കുട്ടിക്ക് അറിയാം ……എൻ്റെ മമ്മയാണെ …… അപ്പനും ചേട്ടന്മാരും പിന്നെ എന്നെ കൂട്ടാറില്ല…ഞാനും അതേ…… അവരെ ശ്രദ്ധിക്കാറില്ല……. അടുത്ത ദിവസം എങ്ങേനെയും മമ്മയെയും കൊണ്ട് പള്ളിയിൽ പോണം …വേറെ ആരും വരാനും പാടില്ല……സാൻഡ്രയും ശ്വേതയും നാളെ പള്ളിയിൽ വരും…..

ഒരു വിധം മമ്മയെ പറഞ്ഞു സെറ്റ് ആക്കി പള്ളിയിലേക്കു വിട്ടു…….പള്ളിമേടയിൽ എത്തിയപ്പോൾ പതുക്കെ പതുക്കെ മമ്മയോട് കാര്യം അവതരിപ്പിക്കാൻ ആരംഭിച്ചു…….

“മമ്മ……. ” ഞാൻ എന്റെ ശബ്ദത്തിൽ സ്നേഹവും മധുരവും ചാലിച്ച് വിളിച്ചു….

“നീ എന്നാത്തിനാ ചെക്കാ ഈ കൊച്ചു വെളുപ്പാൻകാലത്തു എന്നെയും വിളിച്ചു പള്ളിയിലോട്ടു വന്നേ……. എനിക്കൊരുപാട് പണിയുണ്ട്….”

“മമ്മ…” ഞാൻ മമ്മയുടെ തോളിൽ കൂടെ കയ്യിട്ടു നടന്നു……മമ്മ എന്നെ തല ചരിച്ചു നോക്കുന്നുണ്ട്……

“അതേ…..” ഞാൻ പറഞ്ഞു തുടങ്ങിയതും…

“നീ ഒന്ന് നിർത്തിക്കെ ….ഞാൻ ആ ബെഞ്ചേൽ ഒന്ന് ഇരുന്നോട്ടെ…….. ഏതാണ്ട് പണി ഒപ്പിച്ചിട്ടു നിക്കുവാ………” അതും പറഞ്ഞു മമ്മ വേഗം നടന്നു ചെന്ന് ബെഞ്ചിലിരുന്നു……ഞാനും ചിരിച്ചു കൊണ്ട് ഒപ്പം ഇരുന്നു.

“ഇനി പറയടാ എബിച്ചാ……എന്നാ ഒപ്പിച്ചെ…….?” മമ്മയാണേ…….ഞാൻ വീണ്ടും മമ്മയുടെ തോളിൽ കൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു…..

“അതേ ഞാൻ ഇപ്പൊ ഹൗസ് സർജൻസി ഒക്കെ കഴിഞ്ഞല്ലോ…..ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവുന്നും ഉണ്ട്…….എം .ഡി എൻട്രൻസ് കോച്ചിങ്ങനും പോവുന്നുണ്ട്……..” ഒന്ന് നിർത്തി മമ്മയെ നോക്കി.

” കാശ് വല്ലതുമാണെങ്കിൽ ചോദിക്കണ്ടാ….നടക്കില്ല……നിനക്ക് കണ്ട മലയും കുന്നും താഴ്വാരവും ഹിമാലയവും കാണാനുള്ള പൈസ ഒന്നും ഞാൻ ഇനി അപ്പനിൽ നിന്നു വാങ്ങി തരില്ല…… സ്വന്തം കാലിൽ നിൽക്കാറായല്ലോ…….” അതും പറഞ്ഞു മോളിക്കുട്ടി മുഖം വീർപ്പിച്ചു….. ഈ പറഞ്ഞതു സത്യമാണ്……

“അതൊന്നുമല്ല എന്റെ മോളികുട്ടി…….”

“പിന്നെ……”

“അതേ എനിക്ക് ഒരു കൊച്ചിനെ ഇഷ്ടാണ്…….എന്റെ ഒരു വര്ഷം ജൂനിയറാ കോളേജിൽ….അവൾ ഇപ്പൊ ഇവിടെ വരും….മമ്മയെ കാണാൻ…… മമ്മയ്ക്കും ഇഷ്ടാവും…….”

“ഓഹോ…… അതാന്നു കാര്യം……ഞാൻ വെറുതെ പേടിച്ചു……” മമ്മയാണേ……

“ആ നിന്റെ അപ്പനോട് പറഞ്ഞു സമ്മതിപ്പിക്കാൻ ഭയങ്കര പാടാ……. സെബാനും അലക്സിയും അല്ലെങ്കിലും നീയും ഞാനും പറയുന്ന ഒന്നും സമ്മതിക്കേലല്ലോ…… പുച്ഛമല്ലേ…….നമ്മൾ എന്നാ ചെയ്തിട്ട…….” ആ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ മമ്മ പറയുന്നത് മൂളികേട്ടു…..”സാരമില്ല അമ്മച്ചി……. എന്റെ എം.ഡി എൻട്രൻസ് ഒന്ന് കിട്ടിക്കോട്ടെ……അപ്പൊ എനിക്ക് സ്റ്റൈഫെൻഡ് കിട്ടുമല്ലോ….ഞാൻ വന്നു മമ്മയെ കൊണ്ട് പോവും….നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാ…………” ഞാൻ മമ്മയെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു……

‘മമ്മ ഇല്ലാ എന്ന് തലയാട്ടി……”ഞാനെങ്ങും വരുകേലാ……നിന്റെ അപ്പൻ വയസ്സൻകാലത്തു എന്നെ കെട്ടിയതു അപ്പനെ നോക്കാനാ……. ഞാനതു സമ്മതിച്ചതാ പണ്ട്…ഇനി അതിനു മാറ്റമില്ല……ഞാനെങ്ങും വരുകേലാ…..എവിടെയായാലും നീ നന്നായാൽ മതി…..” ഞാൻ മമ്മയുടെ മുഖത്തേക്ക് നോക്കി…..അത് ഉറച്ച മനസ്സാ…ഇനി മാറില്ല….

“അപ്പന് അത്ര സ്നേഹം ഒന്നുമില്ലലോ മമ്മ…….. പിന്നെന്തിനാ…..” ഞാനാന്നേ…..

മമ്മ എന്നെ നോക്കി ചിരിച്ചു…….”ചിലരുടെ സ്നേഹം അങ്ങനാ……ഉള്ളിലാ……. അത് മനസ്സിലാക്കാൻ കഴിയുമ്പോഴേ നമുക്കതു അനുഭവിക്കാനും കഴിയുള്ളു…….”

ഞാൻ മമ്മയെ സഹതാപത്തോടെ നോക്കി……അപ്പന് അങ്ങനെ ഒരു സ്നേഹം ഉണ്ടോ….അത് മമ്മയുടെ മനസ്സിലെ തോന്നലാണോ……

“എനിക്കെങ്ങും മേലാ ഇങ്ങനെ കഷ്ടപ്പെട്ട് മനസ്സിലാക്കി അനുഭവിച്ചു സ്നേഹിക്കാൻ….അതുകൊണ്ടാ ഞാൻ നല്ല ഓപ്പൺ മൈൻഡഡ്‌ ആയിട്ടുള്ള….ഉള്ളത് ഉള്ളത് പോലെ പറയുന്ന ഒരു പെണ്ണിനെയങ്ങു പ്രേമിച്ചേ……..അല്ല പിന്നെ………” ഞാൻ അലസമായി പറഞ്ഞത് കേട്ട് മമ്മ ചിരിച്ചു………

“എന്നിട്ടു ആള് എവിടെ……?” മമ്മയാണേ. ഞാൻ ദൂരേയ്ക്ക് വിരൽചൂണ്ടി കാണിച്ചു……ദൂരെ എൻ്റെ പട്ടത്തിയും സാന്ദ്രയും കൂടെ നടന്നു വരുന്നു……. ഇരുവരും സാരി ആയിരുന്നു വേഷം….ശ്വേതയുടെ ഇളം റോസ് നിറത്തിലെ സാരി ഞാൻ വാങ്ങിയതായിരുന്നു… അതിൽ അവൾ എപ്പോഴും അതീവ സുന്ദരി ആയിരുന്നു……. ഞാൻ മമ്മയെ നോക്കി…. പുള്ളിക്കാരിയുടെ മുഖത്തു ഒരാശ്വാസം………കൂടെ ഒരു ചോദ്യവും……

“നമ്മടെ മാത്യുച്ചായൻ്റെ മോളായിരുന്നോ…….. സാന്ട്ര……. ഇതിനാണോ നീ ഇത്രയും കഷ്ടപ്പെട്ടെ….. ഇത് അപ്പനും ചേട്ടന്മാരും എല്ലാരും സമ്മതിക്കില്ലായോ….. നീ ധൈര്യമായിട്ടു പ്രേമിച്ചോടാ……..” കൂടെ ഒരു ആഹ്വാനവും…..ധൈര്യമായി പ്രേമിച്ചോ പോലും…… എനിക്ക് ദേഷ്യം വന്നു…..

“എന്റെ മമ്മ…. സാന്ട്ര അല്ല…… അവളുടെ കൂടെ വരുന്ന കോച്ചാ……..” പുള്ളിക്കാരി എണീറ്റ് നിന്നു നോക്കുന്നു…..

“ഇഷ്ടായോ……..?” ഞാനാണെ ……. പ്രതീക്ഷയോടെ മമ്മയെ നോക്കി…. എന്നെ തകർത്തുകൊണ്ട് അടുത്ത ചോദ്യം വന്നല്ലോ….

“ഏതു ഇടവകയിലേയാ………. ?” കർത്താവേ……. പണി ആയോ……

“അത് പാലക്കാട്……..” ഞാൻ അലസമായി പറഞ്ഞിട്ടു ഇടകണ്ണിട്ടു നോക്കി……

“അത്രയും ദൂരെയൊ…….പേര് എന്ന……..” മമ്മയാണേ…..

“ശ്വേത…….” ഞാൻ പറഞ്ഞിട്ട് മമ്മയെ ഇടകണ്ണിട്ടു നോക്കി.

“ശ്വേതാ………മ്മ് പറ……..” മമ്മയാണേ ………. പണി പാളുന്നുണ്ടല്ലോ……

“എന്ന പറയാനാ……..?” ഞാൻ മടുപ്പോടെ ചോദിച്ചു…….

“ബാക്കി പറ…… ശ്വേതാ……..”

പെട്ട്….. ഇപ്പൊ പോക്കും……

“അത് ….പിന്നെ……ശ്വേത അയ്യർ……..” ദാ ഞെട്ടി എന്നെ നോക്കുന്നു…… നെഞ്ചത്ത് കൈവെച്ചു കൊണ്ട് പറയുവാ……

“കർത്താവേ…..അപ്പനും ചേട്ടന്മാരും നിന്നെ വെച്ചേക്കുമോ……. ?”

“ഒന്നുമില്ല മമ്മ……. അതൊക്കെ ഞാൻ സെറ്റ് ആക്കി കൊള്ളാം…… ദേ അവര് ഇങ്ങു എത്തി……. മമ്മ ഒന്ന് സ്മാർട്ട് ആയി നില്ക്കു…… പട്ടത്തിയോട് മമ്മയ്ക്കു കട്ടയ്ക്കു പിടിച്ചു നിൽക്കണ്ടേ…..” എവിടെ എന്റെ ആ പറച്ചിൽ ഒന്നും മമ്മയെ സന്തോഷിപ്പിച്ചില്ല….

“എവിടെ പോയി കിടക്കുവായിരുന്നു രണ്ടും……എത്ര നേരായി ഞങ്ങൾ വന്നിട്ട്..” ഞാൻ അവരോടു ചോദിച്ചു……

“ശ്വേതയ്ക്ക് നടന്നു പള്ളിയിൽ വരണം എന്ന് പറഞ്ഞു…….അതാ താമസിച്ചത്……. ” സാന്ട്രയാണു …… ശ്വേത മമ്മയുടെ അമർഷവും വിഷമവും നിറഞ്ഞ മുഖം കണ്ടു ദയനീയമായി എന്നെയും മമ്മയെയും നോക്കി നിൽപ്പുണ്ട്.

..” എന്റെ മമ്മയ്ക്ക് അങ്ങ് കുരിശിങ്കലിൽ ഒരുപാട് പണിയുള്ളതാ….. കഷ്ടപ്പെട്ട് ഞാൻ അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തു വിളിച്ചു കൊണ്ട് വന്നതാ……..” ഞാൻ ശ്വേതയെ നോക്കി കണ്ണ് ചിമ്മി…..പറഞ്ഞു….അവൾ ആള് പൊളി ആണല്ലോ….അപ്പോഴേ മമ്മയെ കെട്ടിപിടിച്ചു…….

“സോറി മമ്മ……. സോറി…….. എല്ലാത്തിനും……. എനിക്ക് എബിയെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാ……. എന്നോടിങ്ങനെ മുഖം വീർപ്പിച്ചു വെക്കല്ലേ…പ്ലീസ് ……. മമ്മയെ കാണാനുള്ള കൊതി കൊണ്ട് വന്നതാ…….” ആ ഒറ്റ പ്രവൃത്തിയിൽ മമ്മ ഫ്ലാറ്റ്……. ശ്വേതയുടെ ആ പ്രവൃത്തിയെ ഞാനും സാൻഡ്രയും ആരാധനയോടെ നോക്കി നിന്നു…. പിന്നങ്ങോട്ട് മമ്മയും അവളും വർത്തമാനം തന്നെ…… ഞാനും സാന്ട്രയും പോസ്റ്റ്…….

“നിങ്ങൾ സംസാരിക്കു……ഞാൻ പ്രാര്ഥിച്ചിട്ടു വരാം…….” എന്നും പറഞ്ഞു സാൻഡ്ര പോയി…….. ആദ്യം അവളുടെ മമ്മയുടെ അടുത്തും പിന്നീട് അവൾ പള്ളിക്കു അകത്തോട്ടും പോയി…….

ഞാൻ വെറുതെ അവളെ നോക്കിയിരുന്നു….കാരണം ഇവിടെ മമ്മയും ശ്വേതയും തകർക്കുവായിരുന്നു…എനിക്ക് ഒന്ന് സംസാരിക്കാനുള്ള ഇടം പോലും ഉണ്ടായിരുന്നില്ല…. കുറെ നേരം അതും നോക്കിയിരുന്നു…ഈ പള്ളിയും പടവുകളും സാൻഡ്രയുടെ മമ്മയുടെ കല്ലറയും എല്ലാം എന്റെ ആദ്യ പ്രണയത്തിന്റെ ഓർമ്മകളായിരുന്നു…എന്ത് വിചിത്രം ഞാൻ ഇന്ന് എന്റെ ആദ്യ കാമുകിയോടൊപ്പം ഞാൻ എന്റെ പാതിയുമായി മമ്മയെ കാണാൻ ഇവിടെ വന്നിരിക്കുന്നു….. …. എനിക്ക് ചിരി വന്നു….ഒപ്പം സാന്ദ്രയോടു ഒന്നു സംസാരിക്കാനും തോന്നി……അന്നത്തെ അടിക്കു ശേഷം ഞങ്ങൾ അങ്ങനെ കാണാറില്ല…സംസാരിക്കാറുമില്ല….ഇപ്പൊ ഞാൻ കോളേജിൽ നിന്ന് പാസ് ഔട്ട് ആയല്ലോ….ശ്വേതയെ കാണാൻ എന്നും ചെല്ലാറുണ്ട് …അപ്പൊ എങ്ങാനും കണ്ടാലായി…… അവൾ ഒന്ന് നോക്കും….. ഞാൻ ചിരിച്ചാലും ചിലപ്പോ ചിരിക്കും………

ഞാൻ പള്ളിയിലേക്ക് കയറി….. സാനട്ര അവിടെ കുരിശുരൂപത്തിനു മുന്നിലായി കണ്ണടച്ച് ഇരിക്കുന്നു……

ഞാൻ അവളുടെ അടുത്തായി ഇരുന്നു……..

“എല്ലാംകൂടെ ഇന്ന് പറയല്ലേ……കർത്താവ് മറന്നു പോവും…… ” ഞാനവളോട് പതുക്കെ പറഞ്ഞു…. അവൾ പെട്ടന്നു കണ്ണ് തുറന്നു എന്നെ നോക്കി….. ആ കണ്ണുകൾ നിറഞ്ഞിരുന്നു……. ഒരു നിമിഷം എന്നെ നോക്കീട്ടു….പെട്ടന്ന് തന്നെ ചിരിച്ചു……

“അങ്ങനെയൊന്നും പുള്ളിക്കാരൻ മറക്കത്തില്ല…….. അവരൊക്കെ എവിടെ?” പിന്നെ പുറകിലോട്ടു നോക്കി…….ചോദിച്ചു.

“അമ്മായിയും മരുമോളും കൂടെ കത്തിയാണു…….. ഞാൻ ഒന്നു നുഴഞ്ഞു കയറാൻ ഒന്ന് ശ്രമിച്ചു…പക്ഷെ നടന്നില്ലാട്ടോ…അപ്പൊ ഇങ്ങു പൊന്നു……….”

“മ്മ്…..” അവൾ പിന്നെ ഒന്നും മിണ്ടിയില്ല……. വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സാന്ദ്ര എന്റെയുള്ളിൽ ഒരു നേരിയ വേദന പകർന്നു…….എന്ത് കൊണ്ട്…….

“സാന്ട്ര…….. നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ…അതോ പുച്ഛമാണോ…..?” ഞാനാണേ ….. എനിക്ക് എന്തോ അങ്ങനെ തോന്നിയിരുന്നു…….

“എന്തിനാ………എബി…..?” അവളാണ്…..എന്നെ അതിശയിച്ചു നോക്കുന്നുണ്ട്.

“അത് പിന്നെ……. ആദ്യ കാമുകിയോടൊപ്പം പുതിയ കാമുകിയുമായി അവളോട് ആദ്യമായി പ്രണയം പറഞ്ഞ അതെ പള്ളി മേടയിൽ വന്നതിനു…… ……” അത് പറഞ്ഞപ്പോൾ എനിക്കല്പം ജാള്യതയുണ്ടായിരുന്നു….. എന്നാലും സാൻഡ്ര ആയതു കൊണ്ട് എന്തോ അതൊന്നും ഒരു വിഷയമല്ല……. പണ്ടേ വഴക്കു കൂടിയും അടിയും ഉമ്മയും ഒക്കെ കൊടുത്തും അടി തിരിച്ചു കിട്ടിയും അവളുടെ മുന്നിൽ എനിക്ക് വലിയ ബഹളം ഒന്നുമില്ല…..

” ആദ്യ കാമുകി……….” അവൾ ഒന്ന് പുഞ്ചിരിച്ചു……അതിൽ അൽപ്പം ആക്ഷേപഹാസ്യം ഉണ്ടായിരുന്നുവോ……

“ഞാൻ എപ്പോഴാ നിന്റെ ആദ്യ കാമുകി ആയതു……. എന്നെങ്കിലും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ……എനിക്ക് നിന്നെ ഇഷ്ടാണ് എന്ന്…….?” അവളുടെ മുഖത്തെ ഭാവം ആക്ഷേപമായിരുന്നു എങ്കിൽ കണ്ണുകളിൽ അതല്ലായിരുന്നു……

“എനിക്ക് നിന്നോട് പ്രണയം ഉണ്ടായിരുന്നല്ലോ……? ഞാൻ അതാ ഉദ്ദേശിച്ചത്…….” ഞാനാണ് ….അപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു……എന്നിട്ടു……

“എബിക്ക് എന്നോടുണ്ടായിരുന്നത് പ്രണയമായിരുന്നോ?……ഐ ഡോൺട് തിങ്ക് സോ ……. എബിക്ക് എന്നോട് ശെരിക്കും പ്രണയം ഉണ്ടായിരുന്നു എങ്കിൽ…ഒരിക്കലും ശ്വേത നമുക്കിടയിൽ വരുമായിരുന്നില്ല……… എബിക്ക് എന്നോട് ഉണ്ടായിരുന്നത് പ്രായത്തിന്റെ കൗതുകം മാത്രം….. അതിനെ വെറുതെ പ്രണയം കാമുകി എന്നൊന്നും വിശേഷിപ്പിക്കേണ്ടതില്ല……നീ അതിനെ പറ്റി കൂടുതൽ ആലോചിച്ചു വറി ചെയ്യേണ്ടേ കാര്യവുമില്ല….. “

അതും പറഞ്ഞു അവൾ മുന്നോട്ടു നോക്കിയിരുന്നു…… അവളുടെ വാക്കുകൾ എന്നിൽ ഒരു വിങ്ങലായി അവശേഷിച്ചു….. അവൾക്കും അങ്ങനെന്തോ…ആണ് എന്ന് തോന്നി…….

“എബി…… എന്റെ അപ്പൻ പറഞ്ഞതാ…..രണ്ടു വ്യെക്തികൾക്കു ഒരേപോലെ ഒരേ സമയം പ്രണയിക്കുമ്പോഴാണ് അത് അനശ്വര പ്രണയമായി മാറുന്നത്……. എബിയുടെ പ്രണയം അത് ശ്വേതയല്ലേ…… എന്നോട് എബിക്ക് പ്രണയം തോന്നിയപ്പോൾ ഒന്നും എനിക്ക് തോന്നീലല്ലോ തിരിച്ചു…..നമ്മൾ പ്രണയം പങ്കു വെച്ചിട്ടുമില്ല….. സൊ….എബിക്ക് ഈ ഗിൽറ്റി ഫീലിംഗിന്റെ ആവശ്യവുമില്ല……… ” അതും പറഞ്ഞു അവൾ എണീറ്റ് പോകാനൊരുങ്ങിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു…….മറ്റൊന്നും കൊണ്ടല്ല…….എന്തോ…. അവൾ അങ്ങനെ പറഞ്ഞപ്പോൾ…. എന്റെ ഹൃദയം വിങ്ങുന്ന പോലെ…..

“നിനക്ക് അന്ന് ഒന്നും ഒരിക്കൽപോലും എന്നോട് പ്രണയം തോന്നാത്തത് എന്താ……? ഒരിക്കലും നിനക്ക് തോന്നീട്ടില്ലേ………?” അവൾ എന്നെ തന്നെ നോക്കി നിന്നു….. പിന്നെ ഒന്ന് കണ്ണടച്ചിട്ടു…ഒരു ദീർഘനിശ്വാസം എടുത്തു…… എന്നിട്ടു ഒരു ചിരിയോടെ പറഞ്ഞു…….

“മോനെ എബിച്ചാ എന്താണ് നിന്റെ ഉദ്ദേശം…… തൈരുസാദവും ബീഫിക്കറിയും കൂടെ ഒരുമിച്ചു കഴിക്കരുതുട്ടോ….. അത് വിരുദ്ധ ആഹാരമാണ്….”

അതും പറഞ്ഞു അവൾ എന്റെ കയ്യ് വിടുവിച്ചു…… എന്തോ അവൾ ചിരിച്ചെങ്കിലും എന്റെ ഉള്ളിൽ അതൊരു വിങ്ങൽ പോലെ തോന്നി… ഞാനും എണീറ്റ് അവളുടെ ഒപ്പം നടന്നു……

“നിനക്ക് എങ്ങനെത്തെ ചെക്കനയാ ഇഷ്ടം….? ” ഞാൻ അവളോട്‌ ചോദിച്ചു…… ഒന്നും പ്രതീക്ഷിച്ചിട്ടല്ല…….

“എന്നാത്തിനാ……?” അവൾ കുറുമ്പോ ടെ ചോദിച്ചു….

“വെറുതെ ഞാനും ഒന്ന് നോക്കാലോ…….. ?”

“സഹായിക്കണ്ട……. അതൊക്കെ നോക്കാൻ ഒരു അടിപൊളി അപ്പൻ എന്റെ വീട്ടിൽ ഉണ്ട്….മൂപ്പര് നോക്കികോളുംന്നേ…….” അതും പറഞ്ഞു അവൾ വേഗം നടന്നു…അവിടെ ശ്വേതയും മമ്മയും ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു…..കുറച്ചു നേരം അവിടെ നിന്ന്.ഞാനും ശ്വേതയും മമ്മയും പല പോസ്സിലെ ഫോട്ടോ എടുത്തു….ഞാനും ശ്വേതയും മാത്രം സെൽഫി എടുത്തു….. സാൻഡ്ര ഇതൊക്കെ കണ്ടു ചിരിച്ചു നിന്നതേയുള്ളൂ…… തിരിച്ചു വന്നിട്ട് ശ്വേതയ്ക്ക് പറയ്യാനുണ്ടായിരുന്നത് സാൻഡ്രയുടെയും അപ്പന്റെയും കാര്യമായിരുന്നു…..

ഞാൻ എന്റെ കൂട്ടുകാരോടൊപ്പം ഒരു വാടക വീട്ടിലായിരുന്നു നിന്നിരുന്നത്…. ഇപ്പൊ എല്ലാരും പലവഴിക്കായി…ഞാൻ മാത്രം ഒറ്റയ്ക്കായി…. ഇപ്പൊ ഇവിടെ ഇടയ്ക്കു ഇടയ്ക്കു ശ്വേത വരാറുണ്ട്….വന്നാൽ പിന്നെ പോവില്ല….ഞാൻ വളരെ കഷ്ടപ്പെട്ടാ പറഞ്ഞയക്കുന്നെ….എനിക്ക് അത്ര കണ്ട്രോൾ ഒന്നുമില്ലേ…..അങ്ങനെ ഒരുദിവസം വന്നപ്പോഴാ ആശാത്തി എന്നെയും പിടിച്ചു മടിയിൽ കിടത്തി പറഞ്ഞത് സാന്ദ്രയുടെ അപ്പനെ പറ്റി…….

“അങ്കിൾ അടിപൊളി ആയിരുന്നു അച്ചായാ…… സാൻട്രയും അപ്പനും കൂട്ടുകാരെ പോലെയാ…ഞങ്ങൾ ഒരുമിച്ചു ഗ്രിൽ ചെയ്തു….. റബ്ബർ പാൽ എടുക്കുന്നത് കാണാൻ വെളുപ്പിനെ എണീറ്റ് പോയി….പിന്നെ അവരുടെ ഓൾഡ് ഏജ് ഹോം……. ഞാൻ വെജ് ആയതു കൊണ്ട് അവരും വെജ് ആയിരുന്നു…….”

എല്ലാം തലയാട്ടി ചിരിച്ചു കേട്ട് കൊണ്ടിരുന്ന ഞാൻ അവസാനം പറഞ്ഞത് കേട്ട് ഞെട്ടി പോയി….

“അത് എന്നാത്തിനാ എല്ലാരും വെജ് ആയതു……” ഞാൻ ഞെട്ടി ചോദിച്ചു.

“അത് ഞാൻ വെജ് അല്ലേ….. എനിക്ക് ആ മണം .ഇഷ്ടല്ല…….” അവൾ മടുപ്പോടെ പറഞ്ഞു.

“അയ്യടാ……അത് കൊള്ളാലോ….അതൊക്കെ അങ്ങ് ഇഷ്ടപ്പെട്ടെക്കണം…കേട്ടല്ലോ…….?”

അവൾ ദയനീയമായി എന്നെ നോക്കി……” അത് വേണോ അച്ചായാ…….”

പെണ്ണ് കൊഞ്ചുവാണ്……അതും ഈ തികഞ്ഞ മാംസഭുക്കായ എന്നോട്. ഞാൻ അവളെ ചേർത്ത് നെഞ്ചോടെ കിടത്തി……

“എടി പട്ടെത്തി….. ഈ ബീഫും കൊഞ്ചും ചിക്കനും മീനും എല്ലാം കഴിക്കുന്ന അച്ചായനോട് ഇങ്ങനെ ചേർന്നിരിക്കാം ഉമ്മ വെക്കാം വേറെ പല പരിപാടിയും ചെയ്യാം…… പക്ഷേ ആ മാംസാഹാരത്തിന്റെ മണം നിനക്കിഷ്ടല്ല അല്ലെ…….?”

അവൾ തലപൊക്കി നോക്കിയിട്ടു….”ഞാൻ ഇന്ന് ഇവിടെ നിന്നോട്ടെ……..?”

“നിന്നോ…… ഞാൻ നിന്റെ വീട്ടിൽ വിളിചു പറയാമെന്നേ……?”

എനിക്ക് ഒരു ഉഗ്രൻ കടിയും തന്നിട്ട് അവൾ പോയി…..

പിന്നീട് ദിവസങ്ങൾ കടന്നു പോയി…. മമ്മയ്ക്കു ഭയങ്കര പേടി ആയിരുന്നു അപ്പനെയും ചേട്ടന്മാരെയും….. ശ്വേതയുടെ അപ്പവും അമ്മാവും ഇതൊന്നും അറിഞ്ഞിട്ടില്ല അവള് അറിയിക്കാനും പോയില്ല…

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം പെട്ടിയും കിടക്കയും ആയി അവൾ ഇങ്ങെത്തി. ഒരു നിമിഷം എന്റെ മനസ്സിൽ കൂടെ അപ്പനും ചേട്ടന്മാരും കൂടെ മിന്നി മറഞ്ഞു പോയി.

(കാത്തിരിക്കണംട്ടോ)

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!