Skip to content

തൈരും ബീഫും – ഭാഗം 43

izah sam aksharathalukal novel

ആ സെൽഫിയിലേക്കു നോക്കി എത്ര നേരം ഇരുന്നു എന്ന് എനിക്കറിയില്ല……അച്ചായൻ്റെ പേജ് നിറച്ചും മോൾടെയും സാൻട്രയുടെയും ഫോട്ടോകൾ…..അവർ ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ……പലതിലും അച്ചായൻ്റെ മമ്മയും ഉണ്ട്…….. സാൻട്രയുടെ മുഖത്ത് അത്രയും സന്തോഷം ഞാൻ മുൻപെങ്ങും കണ്ടിട്ടുണ്ടായിരുന്നില്ല……. ഞാൻ ആദ്യമായി കണ്ട സാൻട്രയ്ക്ക് കരഞ്ഞു തളർന്ന മുഖമായിരുന്നു…..പിന്നെ എന്നും ആ മുഖത്ത് ഒരു ദുഖവും ശാന്തതയും തോന്നിയിരുന്നു…..എന്നാൽ ഈ ഫോട്ടോകളിൽ നിറഞ്ഞതു അവളിലെ സന്തോഷമായിരുന്നു…….അച്ചായനും മാറിയിരിക്കുന്നു……സന്തോഷം നിറഞ്ഞ മുഖമായിരുന്നു എല്ലാ ഫോട്ടോയിലും…….ഞാൻ മാറിയും തിരിഞ്ഞും ആ ചിത്രങ്ങൾ നോക്കി കിടന്നു……. മോൾക്ക് എൻ്റെ ഛായ അല്ലാ…… അച്ചായൻ്റെയോ മമ്മയുടെയും ഛായ ആണു…….ദൈവം ബുദ്ധിമാനാണ്……ഈ ക്രൂരയായ അമ്മയുടെ ഛായ പോലും അവൾക്കു കൊടുത്തില്ല…….എൻ്റെ സ്വാർത്ഥത അവൾക്കു കൊടുക്കാതിരുന്നാൽ നന്ന്……എനിക്കന്നു ഉറങ്ങാൻ പോലും സാധിച്ചില്ല…..എൻ്റെ മനസ്സു നിറച്ചു ആ ചിത്രങ്ങളായിരുന്നു…….അച്ചായനും സാൻട്രയും ഒരുപാട് മുന്നോട്ടു പോയി…പക്ഷേ ഞാൻ ഇന്നും ആ വേദനയിൽ നീറി നീറി……………….

വൈദവ് എന്നെ വിളിച്ചിരുന്നില്ല…..കിച്ചുവിനെയോ ആരെയെങ്കിലും വിളിച്ചു എന്നും ആദവിനോട് സംസാരിച്ചിരുന്നു…….വീഡിയോ കാൾ ചെയ്തിരുന്നു……. എന്നെ ചോദിക്കാറില്ല…… എനിക്ക് ചുറ്റും നടക്കുന്ന ആഘോഷങ്ങൾ സന്തോഷങ്ങൾ പൊട്ടിച്ചിരികൾ ഒന്നിലും ലയിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…….

വര്ഷങ്ങള്ക്കു മുന്നേ ഞാൻ തിരിഞ്ഞുപോലും നോക്കാതെ ഒന്ന് തൊഴുത് പ്രാർത്ഥിക്കുക പോലും ചെയ്യാതെ ഇറങ്ങി പോയ അതേ പടവുകളിൽ ഞാൻ ചുവടുകൾ വെചു…….. സമാധാനത്തിനായി …..സ്വസ്ഥതയ്ക്കായി…….. ആ ദൈവ സന്നിധിയിൽ എത്രെയോ നേരം ഞാൻ കൈകൂപ്പി കണ്ണുകൾ അടച്ചു നിന്നു ….മനസ്സിൽ ഓടി വന്നത് അവസാനമായി ഞാൻ ഇത് പോലെ കണ്ണടച്ചു നിന്ന് പ്രാർഥിച്ചത് എന്നെ വൈദവ് വിവാഹം കഴിച്ച ദിവസമായിരുന്നു……പിന്നീട് ഞാൻ ഒരമ്പലത്തിലും പോയിരുന്നില്ല….പ്രാര്ഥിച്ചിരുന്നില്ലാ……വിളക്ക് വെച്ചിരുന്നില്ല…….ഇന്ന് ഞാൻ വന്നിരിക്കുന്നു സ്വസ്ഥതയ്ക്കു വേണ്ടി…സമാദാനത്തിനു വേണ്ടി…

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ…..പലരെയും കണ്ടു…ആരെക്കെയോ ചിരിച്ചു…എന്തെക്കെയോ ചോദിച്ചു….. വീട്ടിൽ എത്തുമ്പോൾ ആധവും കിച്ചുവും പുറത്തു പോയി കറങ്ങിയിട്ടു വരുന്നു……ആധവിന്റെ കൈ നിറച്ചും മിട്ടായികളും കളിപ്പാട്ടങ്ങളും ആണ്…… എനിക്കതൊക്കെ കാണിച്ചു തരുന്ന തിരക്കിലായിരുന്നു അവൻ…..ഞാൻ അതൊക്കെ നോക്കി ചിരിച്ചു……

“നീ എപ്പോഴാ പഴയതു പോലെ ആവുന്നേ ചേച്ചീ……..? ഞാൻ വിചാരിച്ചു ചേച്ചി ഭയങ്കര ബോൾഡ് ആണ്

എന്ന്…….. ” കിച്ചുവാണ്‌ …. ഞാൻ അവനെ നോക്കി ചിരിച്ചു……ഒട്ടും ജീവനില്ലാതെ….

“ചേച്ചി ഇപ്പോഴും ………. പഴയതു പോലായില്ല……..ഇവിടന്നു പോകുമ്പോ എങ്ങനെ തകർന്നുവോ? അങ്ങനെ തന്നെ……..ഇപ്പോഴും……….. ” എനിക്കവനോട് ഒരുപാട് സ്നേഹം തോന്നി…അവൻ എന്നും അങ്ങനാണ്…ഞാൻ പറയാതെ എന്നെ അവൻ മനസ്സിലാക്കാറുണ്ട്…എൻ്റെ കള്ളത്തരങ്ങൾ എല്ലാം അവൻ അറിയുന്ന പോലെ ആർക്കും അറിയില്ല…..അവനോളം എന്നെ ആർക്കും മനസ്സിലായിട്ടില്ലാ….

ഞാൻ അവൻ്റെ തോളിൽ തലചായ്ച്ചു…..അവൻ എൻ്റെ കൈകളിൽ തഴുകി…..എത്രയോ കാലമായി

എന്നെ ആരെങ്കിലും ഒന്ന് ആശ്വസിപ്പിച്ചിട്ടു……..”ചേച്ചീ…..ഒന്നു സ്മാർട്ട് ആകു……..” ഞാൻ കുറച്ചുനേരം നിശബ്ദയായി ഇരുപ്പു തുടർന്ന്….

“എനിക്ക് ഒരു ഹെല്പ് പണ്ണ മുടിയുമാ……..” അവൻ എന്നെ ചോദ്യഭാവത്തിൽ നോക്കി……

“എനിക്ക് ഒന്ന് കോട്ടയത്ത് പോകണം……. അവരെ കാണണം… മോളെ കാണണം……..”

അവൻ ദേഷ്യത്തിൽ മുഖം തിരിച്ചു……..

“ഉനക്ക് പൈത്യം താൻ…………. എതുക്ക് ഇപ്പൊ അങ്ക പോറേൻ…….ലെറ്റ് തെം ലീവ് …..”

“എനിക്ക് പോണം കിച്ചു……..ഒരു തവണത്തേക്കു മാത്രം…….പ്ളീസ്………..”

അടുത്ത ദിവസം ഞാനും അവനും കോട്ടയത്തേക്ക് തിരിച്ചു……ആധവിനെ വീട്ടിലാക്കി……അപ്പാ…’അമ്മ….മാമി……വൈദുവിന്റ്റെ അപ്പ പാട്ടി എല്ലാരും അവനു ചുറ്റും ഉണ്ട്……അതുകൊണ്ടു ഞാൻ പോവുന്നത് അവനു വിഷയം അല്ലാ…..

ഞാൻ ഓർക്കുകയായിരുന്നു എൻ്റെ കോട്ടയത്തേക്കുള്ള ആദ്യ യാത്ര……ആദ്യ ദിവസം……ആദ്യ കൂടിക്കാഴ്ച….യാത്രകൾ…പ്രണയം….ഒരുമിച്ചുള്ള ജീവിതം….സാൻട്ര ……അവളുടെ മനസമ്മതം….എന്റെ നഷ്ടങ്ങളുടെ ദിനം……വെറുതെ ആലോചിച്ചു…അന്ന് ഞാൻ ഒളിച്ചോടിയില്ലായിരുന്നു എങ്കിൽ……..അന്ന് ആക്സിഡന്റ് സംഭവിചില്ലായിരുന്നു എങ്കിൽ….എന്ത് പ്രസക്തി…………ഞാൻ പുറത്തേക്കു നോക്കി ചാരി ഇരുന്നു……

ഉച്ചയോടെ കോട്ടയത്ത് എത്തി…..അച്ചായൻ ഇപ്പൊ ജോലിചെയ്യുന്ന ഹോസ്പിറ്റലിന്റെ വിവരങ്ങൾ എഫ്.ബി.യിൽ തന്നെയുണ്ടായിരുന്നു…..അച്ചായനെ കുറിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല….. അച്ചായൻ അന്ന് പഠിക്കുമ്പോഴും മിടുക്കനായിരുന്നു…..ആക്‌സിഡന്റിനു മുന്നേ തന്നെ എം.ഡി കഴിഞ്ഞിരുന്നു… കരിയറിൽ നല്ല രീതിയിൽ മുന്നോട്ടു വരുകയായിരുന്നു…

“ചേച്ചി കണ്ടിട്ട് വാ……ഞാൻ കാറിൽ ഉണ്ടാവും…….” കിച്ചു എന്റൊപ്പം വന്നില്ല…….

അച്ചായൻ്റെ കൺസൾട്ടിങ് മുറിയിലേക്ക് ചുവടുകൾ വെയ്ക്കുമ്പോഴും ഞാൻ വല്ലാതെ വിറച്ചിരുന്നു….വിയർത്തിരുന്നു…… ഒന്ന് രണ്ടു രോഗികൾ കൂടെ പുറത്തുണ്ടായിരുന്നു….ഞാൻ അവസാന വരിയിൽ ഇരുന്നു..ആ വാതിലിനു മുന്നിൽ എഴുതിയിരിക്കുന്ന ആ അക്ഷരങ്ങളിലേക്ക് കണ്ണുകളോടിച്ചു..ഡോ .എബി ചാക്കോ…ഈ ഒരൂ അക്ഷരങ്ങളും എന്നിൽ പ്രണയം നിറച്ചിരുന്നു……………അവരും അകത്തേക്ക് പോയി തിരിച്ചു വന്നു…….എല്ലാപേരും കഴിഞ്ഞു…ഇനി ഞാൻ മാത്രം…..എൻ്റെ കാലുകൾ ചലിച്ചില്ല…..ഞാൻ ആ വാതിൽ തുറക്കുന്നതും കാത്തു അവിടെ ഇരുന്നു……..വാതിൽ തുറന്നു…….നഴ്സിനോട് എന്തോ ഫയൽ നോക്കി പറഞ്ഞു കൊണ്ട് അച്ചായൻ ഇറങ്ങുന്നു……കയ്യിൽ സ്റ്റെത് ഉണ്ട്…… അച്ചായൻ കുറച്ചു തടിച്ചിട്ടുണ്ട്……ഒരുപാട് മാറിയിരിക്കുന്നു….. മുടി വെട്ടി ഒതുക്കിയിരിക്കുന്നു…….ഫുൾ സ്ലീവ് ഷർട്ട് കൈ മുട്ട് വരെ മടക്കി വെച്ചിരിക്കുന്നു….. അവരോടു സംസാരിച്ചു അച്ചായൻ മുന്നോട്ടു നടന്നു…….ഞാൻ അച്ചായനെ നോക്കി നിന്നു…ആ നടത്തത്തിനു പണ്ടത്തെ വേഗതയും ചടുലതയും ഉണ്ടായിരുന്നില്ല എങ്കിലും അച്ചായന് അച്ചായന്റെതായ ഒരു സ്റ്റൈൽ ഉണ്ട്……എപ്പോഴും…എല്ലാ കാര്യത്തിലും..ഇപ്പോഴും അതേ……ഈ .ഞാൻ ഇരുന്ന ഭാഗം ഒന്ന് പാളി നോക്കി

അച്ചായൻ മുന്നോട്ടു നടന്നു…..എനിക്ക് അച്ചായനെ വിളിക്കാൻ തോന്നിയില്ല……എന്നെ കടന്നു പോയപ്പോൾ ആശ്വാസമാണ് തോന്നിയത്.എനിക്ക് വല്ലാതെ ഭയം തോന്നിയിരുന്നു……എന്നാൽ പെട്ടന്ന് അച്ചായൻ നിന്നു……മെല്ലെ തിരിഞ്ഞു നോക്കി……ആ പാളി നോട്ടത്തിലും ഞാൻ പതിഞ്ഞിരുന്നു……എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു…….ആ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നു…..ഞാൻ എഴുന്നേറ്റു…അച്ചായനരികിലേക്കു ചുവടുകൾ വെചു……

എൻ്റെ അരികിലേക്ക് നടന്നു വരുന്ന ശ്വേത…… ചുവന്ന സാരിയും ചുവന്ന പൊട്ടും…… അന്നത്തേ ശ്വേതയിൽ നിന്നും ഒരുപാട് പക്വത തോന്നിച്ചു….. അവസാനമായി ഞാൻ കണ്ടപ്പോൾ നിറവയറോടെ എന്നെ യാത്രയാക്കിയവൾ…….. ആ തലപൊളിയുന്ന വേദനയിലും എൻ്റെ മനസ്സു നിറച്ചും നിറഞ്ഞതു ഈ മുഖമായിരുന്നല്ലോ……. എൻ്റെ ഈവയുടെ ‘അമ്മ….അല്ല……എൻ്റെ പൊന്നുമോൾക്കു ഒരു തുള്ളി മുലപ്പാൽ പോലും കൊടുക്കാത്തവൾ………ഞാൻ കണ്ണുകൾ അടച്ചു….മുഖം തിരിച്ചു……

അവൾ എന്റെ അടുത്ത് എത്തി എന്ന് എനിക്ക് മനസ്സിലായിരുന്നു…………

“അച്ചായാ…….” ഒരിയ്ക്കൽ എന്നെ ഒരുപാട് ഹരം കൊള്ളിപ്പിച്ചിരുന്ന വിളി……. ഈ വിളിയിൽ എന്നും പ്രണയ നിറഞ്ഞിരുന്നു……അന്ന്…ഇന്ന് അത് അരോചകമാണ്…….ഞാൻ അവളുടെ നേരെ കൈ ഉയർത്തി….

“എന്നെ അങ്ങനെ വിളിക്കരുത് ശ്വേതാ…..കാൾ മീ എബി……..”

അവൾ ഒന്ന് പകച്ചു ……….ആ കണ്ണുകൾ നിറഞ്ഞു…

“സോറി……. എനിക്കൊന്നു സംസാരിക്കണമായിരുന്നു….” എന്നെങ്കിലും അവൾ വരും എന്ന് എനിക്കറിയാമായിരുന്നു……. പക്ഷേ എനിക്കവളെ കാണാൻ ആഗ്രഹമുണ്ടായിരുന്നില്ല….

ഞാൻ കാന്റീനിലേക്കു ചുവടുകൾ വെച്ചു…അവളും എന്റൊപ്പം വന്നു……. പലരും എന്നെ നോക്കി ചിരിക്കുന്നുണ്ട്…ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് കുറച്ചു മാസങ്ങൾ ആയിട്ടുണ്ടായിരുന്നുള്ളു…….

കാന്റീനിൽ മേശയ്ക്കു ഇരു വശങ്ങളായി ഇരിക്കുമ്പോൾ അച്ചായനെ ഞാൻ നോക്കി കാണുകയായിരുന്നു……അച്ചായൻ ഒരുപാട് മാറിയിരിക്കുന്നു……പണ്ടത്തെ അച്ചായൻ ഇത്രയും ഗൗരവക്കാരനായിരുന്നില്ല…..എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നി……

പക്ഷേ എനിക്ക് പരാതി ഇല്ല….ഞാൻ ഇത് അർഹിക്കുന്നു………

“എന്നതാ പറയാനുള്ളത്….. വേഗം പറയ്…..” അക്ഷമനായി പറഞ്ഞു.

“ഈ അവഗണനയ്‌ക്കാണ്‌ ഞാൻ വന്നത്…….ഞാൻ ചെയ്ത തെറ്റിന്…..എനിക്ക്……….” …എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല……ഞാൻ വിതുമ്പി പോയി……

” എന്നോട് ………… അച്ചായന് എന്നോട് ക്ഷമിക്കാവോ…..?.” എന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു…….അച്ചായൻ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു…….

അച്ചായൻ എന്നെ നോക്കി ചിരിച്ചു…പുച്ഛത്തോടെ…….

“ക്ഷമ……….. ക്ഷമിക്കാൻ നീ എന്റെ മനസ്സിൽ ഇല്ലല്ലോ ശ്വേതാ……. “

അച്ചായന്റെ വാക്കുകൾ സത്യമാണ് എന്ന് തോന്നി…..ആ കണ്ണുകളിലും ഒന്നും പ്രണയമുണ്ടായിരുന്നില്ല……

“ഓർമ്മ വന്നപ്പോൾ എന്റെ മനസ്സിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളു……നീയും നമ്മുടെ കുഞ്ഞും…….”

“…..ഒരുപാട് ദിവസങ്ങൾ കാത്തു…ഒരു വിളിക്കായി……ഒരു വരവിനായി…ഗേറ്റ് കടന്നു ഓരോരുത്തർ വരുമ്പോഴും നീയാണോ എന്ന് നോക്കി……സാൻട്രയോട് വഴക്കുണ്ടാക്കി…. നിന്നെ വിളിക്കാത്തെ എന്താ..?..അവൾ എന്നെ കുളിപ്പിക്കുമ്പോഴും ഞാൻ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു…നീയാരാ എൻ്റെ…എൻ്റെ ശ്വേത എവിടെ?….മമ്മ എവിടെ?……. അപ്പോഴൊക്കെ അവൾ പറയും…ശ്വേത വരും…….എന്ന്……. പിന്നെ പിന്നെ മനസ്സിലായി……ഒരിക്കലും എഴുന്നേൽക്കാൻ സാധ്യത ഇല്ലാത്ത ഒരുവനെ നോക്കാൻ മാത്രം ഭ്രാന്തു എൻ്റെ സാന്ഡിക്ക് മാത്രമേ ഉണ്ടാവുള്ളൂ എന്ന്…….. ആ ഭ്രാന്തിനെ ഞാനും സ്നേഹിച്ചു തുടങ്ങി……..ഞാൻ എഴുന്നേറ്റു നടന്നത് പോലും അവൾക്കു വേണ്ടിയാണ്……എൻ്റെ സാൻഡിയോടൊപ്പം ഒരുപാട് കാലം ജീവിക്കാനുള്ള കൊതികൊണ്ടാണ്….ഈ ലോകത്തു അവളോളം വിലപ്പെട്ടത് ഒന്നും എനിക്കില്ല……. അവളാണ് ഞങ്ങളുടെ ലോകം…….”

അച്ചായൻ്റെ വാക്കുകളിൽ നിറച്ചും പ്രണയമായിരുന്നു……സ്നേഹമായിരുന്നു…സാൻട്രയോടുള്ള പ്രണയം……ഹൃദയം നുറുങ്ങുന്ന വേദന തോന്നി….

“നിന്നെ വെറുക്കാൻ തോന്നിയില്ല ശ്വേതാ…കാരണം നീ ഉപേക്ഷിച്ചു പോയത് കൊണ്ടാണല്ലോ….എനിക്കും മോൾക്കും സാൻഡിയെ കിട്ടിയത്……”

അച്ചായൻ പറയുന്നത് ഞാൻ നിശബ്ദം കേട്ട് കൊണ്ടിരുന്നു…… കുറച്ചു നേരം അച്ചായനും മൗനമായിരുന്നു….

“മോൾ……… എനിക്കൊന്നു കാണണമായിരുന്നു………….. പ്ളീസ്…….”

അച്ചായൻ എന്നെ നോക്കി…..ജ്യൂസ് ചുണ്ടോടടുപ്പിച്ചു……..

“മോളെ മാത്രം കണ്ടാൽ മതിയോ…….? നിന്റെ കൂട്ടുകാരിയെ കാണണ്ടേ………? നീ എന്നെങ്കിലും അവളെ പറ്റി ചിന്തിച്ചിട്ടുണ്ടോ ശ്വേതാ…? അവളുടെയും ഡേവിസിന്റെയും കല്യാണം കഴിഞ്ഞെങ്കിലും നിനക്ക് ഞങ്ങളെ ഉപേക്ഷിച്ചു പോകാമായിരുന്നില്ലേ……. ? നീ എങ്ങനെ മറ്റൊരാളെ പറ്റി ചിന്തിക്കും…..എന്നും ഞാൻ…ഞാൻ…ഞാൻ…………. നീ നൊന്തു പ്രസവിച്ച കുഞ്ഞിനോട് പോലും…………… ” അച്ചായൻ ഒന്ന് നിർത്തി…….

അച്ചായന്റെ വാക്കുകൾ ഓരോന്നും പ്രഹരങ്ങളായിരുന്നു…….. എന്റെ കണ്ണുനീർ പോലും മരവിച്ചു പോയത് പോലെ…..ഞാൻ തലകുമ്പിട്ടു ഇരുന്നു…….എൻ്റെ ആ തകർന്ന ഭാവം കണ്ടിട്ടാവണം അച്ചായൻ പിന്നീട് ഒന്നും മിണ്ടിയില്ല……

“ലീവ് ഇറ്റ്……..എല്ലാം പോട്ടെ………. ഇട്സ് ഓൾ ഓവർ…………. “

മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി…അച്ചായൻ്റെ മൊബൈൽ ബെൽ അടിച്ചു…അച്ചായൻ എന്നെ നോക്കി…….മൊബൈൽ എടുത്തു……..മുഖം ഒന്ന് അയഞ്ഞതു പോലെ…ഗൗരവം കുറഞ്ഞത് പോലെ…..

” ഡീ ഞാൻ ഇപ്പൊ എത്തും‌ ……..”

പെട്ടന്ന് ആ മുഖത്ത് കുസൃതി നിറഞ്ഞു……

“അയ്യോടാ…എൻ്റെ ഈവ്സ് ആയിരുന്നോ……..അപ്പായീ….. ഇപ്പൊ എത്തും….. ” അച്ചായൻ കുറച്ചു മാറി നിന്ന് സംസാരിക്കുന്നു…ചിരിക്കുന്നു…..ആ മുഖത്ത് പണ്ടത്തെ കുസൃതി നിറയുന്നു……എന്റെ മുന്നിൽ വന്നിരുന്നു മൊബൈൽ കട്ട് ചെയ്തു…….

ഈവ്സ്…….. അതായിരിക്കുമോ …മോൾടെ പേര്……എന്റെ കണ്ണുകൾ വിടർന്നു…..

“അവൾ അച്ചായനെ പോലെയാണ് അല്ലേ……..? മിടുക്കിയാണോ….? കുസൃതിയാണോ….? നിങ്ങളോടൊപ്പം ആണോ…..? സാൻട്രയോടൊപ്പം കൂട്ടാണോ ? “

എന്റെ മുഖത്തെ ആകാംഷയും തുടരെ തുടരെ ഉള്ള ചോദ്യവും അച്ചായൻ നിസ്സംഗതയോടെ നോക്കി നിന്നു…..

“നിനക്ക് സുഖമാണോ…….? ” ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…….

ഞാൻ മൗനമായിരുന്നു………എനിക്ക് അതിനു മറുപടി പറയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല……

“സത്യം പറ ശ്വേതാ…നീ എന്തിനു വന്നു……..? “

ഞാൻ അച്ചായനെ നോക്കി……..കുറ്റബോധത്തോടെ…….

“ഞാൻ……..സാൻട്രയ്ക്കു മോൾ ബുദ്ധിമുട്ടാവില്ലേ……? ഞാൻ കൊണ്ട് പൊയ്ക്കോട്ടേ………? ഞാൻ ഒരിക്കലും നിങ്ങളെ………” ഞാൻ വിക്കി വിക്കി…എങ്ങെനയൊക്കെയോ പറഞ്ഞു…….

അച്ചായൻ എന്നോട് പൊട്ടി തെറിക്കും എന്ന് ഭയന്നിരുന്നു….എന്നാൽ അച്ചായൻ വിദൂരതയിൽ നോക്കി മെല്ലെ ചിരിച്ചു…..

“ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസ്സിലാകൂ എന്ന് പറയുന്നത് വളരെ ശെരിയാണ്……….”

ഞാൻ അച്ചായനെ സംശയഭാവത്തിൽ നോക്കി……

“എന്നതായാലും എന്റെ കൂടെ പോര്……നിനക്ക് മോളെ കാണണ്ടേ…….നിന്റെ എല്ലാ സംശയങ്ങളും ചോദ്യങ്ങളും അവിടെ വരുമ്പോ തീർന്നുകൊള്ളും…..”

അച്ചായൻ സാൻട്രസ്സ് കാസിലിലേക്കു കിച്ചുവിനോടൊപ്പം വരാൻ പറഞ്ഞു….ഞാൻ ഒരുപാട് ഒഴിഞ്ഞു എങ്കിലും അച്ചായൻ സമ്മതിച്ചില്ല…അവിടെ വന്നാൽ മാത്രമേ മോളെ കാണാൻ കഴിയുള്ളു എന്ന് പറഞ്ഞു…..എനിക്ക് സാൻട്രയെ അഭിമുഖീരിക്കാൻ ഭയമായിരുന്നു……

മനസ്സില്ല മനസ്സോടെയാണെങ്കിലും ഞാനും കിച്ചുവിനോടൊപ്പം സാൻട്രാസ് കാസിലിലേക്കു പോയി……ഭയത്തോടെ…….

(കാത്തിരിക്കണംട്ടോ…….)

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!