Skip to content

അനന്തൻ – ഭാഗം 2

anandhan novel

തായമ്പകയുടെ അകമ്പടിയിൽ നടന്ന് അവർക്കരികിൽ എത്തുമ്പോൾ എന്നെ മാത്രം നോക്കി നിൽക്കുന്നവനെ ഇടംകണ്ണിട്ട് നോക്കി…

ആ ചുണ്ടിലെ ആ ചിരിക്ക് വല്ലാത്ത ആകർഷണം…

എന്തോ ആ സാമീപ്യം ഉള്ളിൽ നിറക്കുന്ന സുഖകരമായ ഭാവത്തിന് എന്ത് പേര് നൽകണമെന്ന് അറിയില്ല …..

ചില മുഹൂർത്തങ്ങൾ അവസാനിക്കാതെയങ്ങ് നീണ്ടുപോകണം എന്നാഗ്രഹിക്കാറില്ലേ?

എൻ്റെ ജീവിതത്തിൽ അങ്ങനെ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്…..

എല്ലാ മണവും സുഗന്ധമാക്കുന്ന,

എല്ലായിടവും വർണ്ണശഭളമാകുന്ന,

നിമിഷം……….

ഇതാണോ പ്രണയം???

ഒടുവിൽ ഒരു നിമിഷം ഞങ്ങളിൽ നിന്നും മാറി തിരിച്ചെത്തിയയാളുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു …

അനിയത്തിമാര് കാണാതെ അത് കയിൽ വച്ച് തന്നു..

കാത്ത് നിൽക്കാൻ ക്ഷമയില്ലാത്തോണ്ട് ഇത്തിരി മാറി പൊതി തുറന്നപ്പോൾ കണ്ടിരുന്നു നിറെ നിറെ എനിക്കേറെ പ്രിയപ്പെട്ട കരിവള – …

എൻ്റെ മനസറിഞ്ഞത് പോലെ…

അത് കണ്ട് കണ്ണും മനസും ഒപ്പം നിറഞ്ഞു ….

ആ കരിവളകൾ ചുണ്ടോട് ചേർത്തപ്പോൾ നാണത്താൽ അവ കൊഞ്ചിക്കിലുങ്ങി പറഞ്ഞതും ആ പേരാണെന്ന് തോന്നി…

     ” അനന്തൻ “

                          

നാളുകൾ വീണ്ടും കൊഴിഞ്ഞു പോയി,

ഇടക്ക് മാത്രമേ കാണാൻ കഴിയുന്നുള്ളൂ എങ്കിലും അനന്തേട്ടൻ ഉള്ളിൽ ആഴത്തിൽ  വേരോടി…..

റിസൽട്ട് നോക്കാൻ വേണ്ടി അനുവിനെയും കൂട്ടി കവലയിൽ ചെന്നതാ..

അവളുടെ മുഖത്തെ വാട്ടം ആദ്യമൊന്നും കണ്ണിൽ പെട്ടില്ല…

റിസൽട്ട് വരുന്നതിൻ്റെ ടെൻഷനാവും എന്ന് കരുതി…

റിസൽട്ട് അറിഞ്ഞു,

എനിക്ക് ഫുൾ എ പ്ലസും… അവൾക്ക് ഒരു ബിയും ബാക്കി ഒക്കെ എ പ്ലസും,

നല്ല മാർക്കാണ് രണ്ടാൾക്കും..

റിസൽട്ട് അറിയാൻ വന്ന നിരവധി അസൂയ നിറഞ്ഞ മിഴികൾക്കിടയിലൂടെ അവളുടെ കയ്യും പിടിച്ച് പുറത്തിറങ്ങി…

ഒന്നു തുള്ളിച്ചാടാൻ തോന്നിപ്പോയി.. കുത്തിയിരുന്നു പഠിച്ചതിന് ഫലം കിട്ടിയിരിക്കുന്നു…

അച്ഛൻ്റെ മോഹം സാധ്യമാക്കി കൊടുത്തിരിക്കുന്നു….

മനക്കലമ്മ, വാങ്ങണം എന്ന് പറഞ്ഞ മാർക്ക്  വാങ്ങിയിരിക്കുന്നു…

അച്ഛനെ ഇപ്പോൾ തന്നെ കാണാൻ കൊതി തോന്നി..

കെട്ടിപ്പിടിച്ച് ആദ്യമൊന്നും കാര്യം പറയാതെ ഒടുവിൽ …. ഒടുവിലീ റിസൽട്ട് കാണിക്കാൻ …

ചിരിയോടെ കരയുന്നത് കാണാൻ ….

കൂടെ കരയാൻ…. ഒടുവിൽ എന്നെം ചേർത്ത് പിടിച്ച് അമ്മയുടെ ഫോട്ടോ നോക്കി..

“കണ്ടില്ലേടി അമ്മിണി, നമ്മടെ കുഞ്ഞിൻ്റെ കഷ്ടപ്പാടിൻ്റെ ഫലം എന്ന് പറയാൻ…..”

അത് കേട്ട് പിന്നേം പിന്നേം കരയാൻ…….

ഓർത്തപ്പഴേ മിഴി നിറഞ്ഞ് അനുവിനെ നോക്കി…

അവളും നിൽക്കുന്നുണ്ട് മിഴി നിറച്ച് ..

“സന്തോഷം കൂടുമ്പഴും കരച്ചിലാ വരാ ല്ലേ അനൂ “

എന്ന് മിഴി തുടച്ച് ഒരു പൊട്ടിയെ പോലെ അവളോട് ചോദിച്ചു..

അപ്പഴും അവൾ കരഞ്ഞു… അതിന് പക്ഷെ, സന്തോഷത്തിൻ്റെ ഭാവമായിരുന്നില്ല

” അനൂ… എന്തൊടി?? എന്താ….. നീ നീയെന്തിനാ കരയണേ….?”

“തനൂ….. വല്യേട്ടൻ… വല്യേട്ടൻ ഇന്ന് പോവാ ഗൾഫിലേക്ക് …. ജോലി കിട്ടീത്രെ…. ഒക്കെ പെട്ടെന്നാ… ഞങ്ങക്കിനി……. “

പാതിയിൽ പറഞ്ഞ് നിർത്തിയവളെ അവിശ്വാസത്തോടെ നോക്കി..

” പോവേ??”

വീണ്ടും ചോദിച്ചു അവളോട് ഒരുതരം മരവിപ്പോടെ ……

” ഉം… ഇന്ന് … ഇത്തിരി നേരം കൂടി കഴിഞ്ഞാൽ ”’

ഇത് വരെ നുരഞ്ഞ് പൊന്തിവന്നിരുന്ന സന്തോഷം എവിടെയോ പോയി മറഞ്ഞു …

പകരം സങ്കടത്തിൻ്റെ കാറ് വന്ന് മൂടി..

ആർത്ത് ചെയ്യാൻ പാകത്തിൽ ….

“ഞാ…. ഞാനും വരാം “

എന്നു പറഞ്ഞ് അനുവിൻ്റെ കൂടെ അവളുടെ കൂടെ നടക്കുമ്പോൾ കാലുകൾക്കൊപ്പം മനസും ഇടറിയിരുന്നു …

                          

വീട്ടിലെത്തിയപ്പോൾ മുറ്റത്ത് ഒരു കാറ് കിടക്കുന്നുണ്ടായിരുന്നു .. കാർട്ടൺ പെട്ടിയിൽ എന്തോ രണ്ടു പേര് , അനന്തേട്ടൻ്റെ സുഹൃത്തുക്കൾ കാറിന് മുകളിൽ വച്ച് കെട്ടുന്നുണ്ട്…..

കണ്ടപ്പോ നെഞ്ചിൽ ഒരു ഭാരം എടുത്ത് വച്ച പോലെ

അനുവിന് പുറകേ അകത്തേക്ക് കയറിച്ചെന്നു ..

വലത് കൈ മാലയിട്ട അച്ഛൻ്റെ ഫോട്ടോയിലും ഇടത് കൈ നെഞ്ചിലും വച്ച് കണ്ണടച്ച് നിൽക്കുന്നുണ്ട്..

തിരിഞ്ഞപ്പോൾ അനുവിന് പുറകിൽ നിൽക്കുന്ന എന്നെ കണ്ട് ഒന്ന് നോക്കി …

ആദ്യം അലസമായും പിന്നെ ശരിക്കും……

ഉള്ളിലൊരു സങ്കടക്കടൽ ആർത്തിരമ്പി നിൽക്കുന്നുണ്ട് ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് ചാടാൻ ..

എത്ര നിയന്ത്രിച്ചിട്ടും മിഴികൾ ഉള്ളിൻ്റെ വേവിൽ പെയ്ത് തുടങ്ങിയിരുന്നു …

നോവോടെ ഒന്ന് ചിരിച്ച് തിരിഞ്ഞപ്പോൾ ആ കണ്ണുകളിൽ ഒളിപ്പിച്ച നീർത്തിളക്കം ഞാൻ കണ്ടിരുന്നു…..

നേരെ മുറിയിൽ ചുരുണ്ടു കൂടിക്കിടന്ന് കരയുന്ന അമ്മയുടെ അടുത്തെത്തി മെല്ലെ ഒന്ന് തൊട്ടപ്പോൾ,

പൊട്ടിക്കരഞ്ഞാ അമ്മ പറയുന്നത് കേൾക്കാനുണ്ടായിരുന്നു,

” ള്ള കഞ്ഞി കുടിച്ച് ഇവടെ കഴിയാലോ അമ്മേടെ കുട്ടിക്ക് പോണോടാ .. എന്ന് “

നെഞ്ച് നീറി അത് കേട്ടൊന്ന് ഏന്തി നോക്കിയപ്പോൾ കണ്ടു തേങ്ങലോടെ അമ്മയെ മുറുകെ കെട്ടിപ്പിടിച്ച് ആ മകനും തേങ്ങുന്നത് …

” മാസം വാടക കൊടുക്കാത്തൊരു കൂര നമുക്കും വേണ്ടേ… അച്ഛൻ്റെ മോഹം പോലെ… “

എന്ന് പറഞ്ഞ് അമ്മയുടെ നെറുകിൽ ചുണ്ട് ചേർക്കുന്നവൻ്റെ മുഖം വീണ്ടും ഉള്ളിൽ നീറ്റലായി…

” വരട്ടെ അമ്മേ “

എന്നു പറഞ്ഞൊടുവിലാ കാലിൽ വീണ് തിരിഞ്ഞ് നോക്കാതെ പുറത്തേക്ക് വരുമ്പോൾ കണ്ടത് ചുവന്ന ആ മുഖമാണ് …. കലങ്ങിയ ആ കണ്ണുകളാണ് ..

അനുവിനേയും അനുപമ ചേച്ചിയേയും ഇരു കൈകളിൽ പിടിച്ച് ആ നെഞ്ചിൽ ചേർത്ത് അവരോടും പറഞ്ഞു..

“വല്യേട്ടൻ പോയിട്ട് വരട്ടേടി … “

എന്ന് ..

ആരുമല്ലാത്തത് ഞാനായിരുന്നു…. ഒരു പേര് ചൊല്ലി യാത്ര പറയാനില്ലാത്തത് എന്നോടായിരുന്നു ..

എന്നിട്ടും ഞാനാ ആളെ മാത്രം നോക്കി കൊണ്ട് നിന്നു..

ഉള്ള് പൊള്ളി പിടയുമ്പോഴും”…

കാറിൽ കേറാൻ നേരം ആരെയോ തിരഞ്ഞ മിഴികൾ ഒടുവിൽ വന്ന് നിന്നത് എൻ്റെ മുഖത്തായിരുന്നു.. …

തല ചലിപ്പിച്ച് യാത്ര ചോദിച്ചപ്പോൾ നിറഞ്ഞ മിഴിയാലെ ഞാനും പതിയെ തല ചലിപ്പിച്ചിരുന്നു..

അകന്നു പോകുന്ന കാറ് ശ്വാസം വിലക്കിയപ്പോൾ അനുവിനോട് കൂടെ ഒന്നും മിണ്ടാതെ ഇറങ്ങി ഓടി…

മനക്കലെ കുളപ്പടവ് വരെ …

ആ പടികളിൽ ഇരുന്ന് ഞാനൊഴുക്കിയ കണ്ണുനീരിന് പൊള്ളുന്ന എൻ്റെ ഉള്ളോളം ചൂട് തോന്നിയിരുന്നു….

ഒത്തിരി നേരം കഴിഞ്ഞപ്പോൾ ആ വെള്ളത്തിൽ മുഖം കഴുകി വീട്ടിലേക്ക് നടന്നു….

എന്നെ കരുതി മാത്രം ജീവിക്കുന്ന ഒരു പാവം അച്ഛനടുത്തേക്ക്…

                          

ഉമ്മറത്ത് തന്നെ നിന്നിരുന്നു ഒരച്ഛൻ മകളെ കാത്ത്…

ക്ഷമയില്ലാണ്ട് ..

തനുവിനെ കണ്ടപ്പോൾ തന്നെ ഓടിയിറങ്ങി വന്നിരുന്നു….

” എവിടാരുന്നു നീയ്യ് എത്ര നേരായി നിൻ്റെ അമ്മയോട് പരിഭവം പറഞ്ഞ് ഞാനിരിക്കുണു ….. പോയില്യേ അവള് …. നീയ് എഴുതി തന്ന നമ്പറ് കൊടുത്തപ്പോ മനക്കൽത്തെ അമ്മേടെ ഫോണിൽ കണ്ടു ൻ്റ കുട്ടി ജയിച്ചത് …… നിറേ മാർക്ക് ണ്ട് ന്നാ ആയമ്മ പറഞ്ഞത് … ൻ്റ കുട്ടീടെ കഷ്ടപ്പാടിന്റെ ഫലം.. അല്ലാണ്ട് ഈ വയസൻ എന്ത് ചെയ്ത് കൊടുത്തിട്ടാ …”

പറഞ്ഞ് തീർന്നപ്പോഴേക്ക് ആ നെഞ്ചിൽ ചേർന്നിരുന്നു തനു ..

“ഈ അച്ഛനെക്കാൾ മീതെയായി  ആർക്ക് എന്ത് ചെയ്യാനാ പറ്റാ….. ദാ ഈ ചേർത്ത് പിടിക്കല് മതീ ട്ടോ തനൂന്….”

അച്ഛനോട് ചേർന്ന് നിന്നവൾ മിഴിവാർക്കുമ്പോൾ.. ആ പാവം അച്ഛനും വിതുമ്പുകയായിരുന്നു മനസ് നിറഞ്ഞ്..

” മനക്കലമ്മ പറഞ്ഞു ഈ അച്ഛൻ്റെ ഭാഗ്യാ നീ എന്ന് …

ഭാഗ്യം തന്നെയാ.. ഈ അച്ഛൻ്റെ പുണ്യം …….

എല്ലാം കണ്ട് തെക്കേ തൊടിയിലെ പൂത്ത ചെമ്പക മരത്തിൽ തട്ടി ഒരു കാറ്റ് ആ സുഗന്ധവും പേറി അവരെ തഴുകി  …. ഒരമ്മ എന്ന പോലെ……

” ഇനി ടി. ടി .സി  ക്ക് പൊയ്ക്കോളൂ കുട്ട്യേ.. “

എന്ന് വാത്സല്യത്തോടെ മനക്കലമ്മ പറഞ്ഞപ്പോ നിറഞ്ഞ ചിരിയോടെ അച്ഛൻ എന്നെ നോക്കി..

വരുത്തി തീർത്തൊരു ചിരിയോടെ സമ്മതത്തിൽ തലയാട്ടുമ്പോൾ,

ഉള്ളിലൊരു ആർക്കിടെക്റ്റ് ആവാനുള്ള മോഹം അവിടെ ഉപേക്ഷിച്ചിരുന്നു..

വേണ്ട എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിഷേധമായി തോന്നിയാലോ അതച്ഛനെ കൂടെ വിഷമിപ്പിക്കും….

മോഹിക്കണതും എത്തി പിടിക്കാൻ പറ്റാതെ അവ ഒഴുകി ഒഴുകി ദൂരേക്ക് പോണതും ഇപ്പോ ശീലായി …

ഓടിപ്പോയി പറഞ്ഞത് അനുവിനോടാണ് ….

” അനു… ടീ ഞാൻ ടി.ടി.സി ക്കാ പോണത്… കഴിഞ്ഞാ മനക്കലെ സ്കൂളിൽ തന്നെ കേറ്റിത്തരാം ന്ന് മനക്കലമ്മ പറഞ്ഞിട്ടുണ്ട്.. “

അത് കേട്ട് അവളുടെ മുഖമൊന്ന് മങ്ങി….

“ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ മാത്രം കൊടുത്താ മതീന്നാ വല്യേട്ടൻ വിളിച്ചപ്പോ പറഞ്ഞത് …..”

“വല്യേട്ടൻ”

കേട്ടപ്പോ എന്തോ ഉള്ളിലൊരു പിടച്ചിൽ…

പോയതിന് ശേഷം നെഞ്ചിൽ എന്തോ കേറ്റി വച്ചത് പോലെയാ……

പലപ്പോഴും ഫോൺ ചെയ്യുമ്പോ കൊതിയോടെ നോക്കും,

ആശബ്ദമൊന്ന് കേൾക്കാൻ ….

വെറുതേ ആ നിശ്വാസങ്ങൾ കാതോരം വന്നലിയാൻ …..

തന്നെ പറ്റി എന്തെങ്കിലും അനുവിനോട് ചോദിക്കുന്നുണ്ടോ എന്ന് കാതോർക്കും..

പക്ഷെ, ഒരു വാക്ക് പോലും തന്നെ പറ്റി ചോദിക്കാതെ കട്ട് ചെയ്യുമ്പോ,

ഉള്ളിൻ്റെ ഉള്ളിൽ മുള്ള് കുത്തി കേറും പോലെ നോവും…

” അ … അനന്തേട്ടൻ വിളിക്കാറില്ലേ?”

എന്ന് ഒന്ന് മടിച്ചിട്ടാണെങ്കിലും അവളോട് ചോദിച്ചു….

“ഉം … ദിവസോം വിളിക്കും… രണ്ട് തവണ…. രാവിലേ ജോലിക്ക് പോകും മുമ്പും, ജോലി കഴിഞ്ഞ് വന്ന് വൈകീട്ടും ….”

” ഉം… സുഖല്ലേ അനന്തേട്ടന്? “

” ഉം… നല്ല ജോലിയാടി… നല്ല ശമ്പളം …. പിന്നെ… പറയാനായിട്ട്, ഞങ്ങൾ അടുത്ത മാസമൊക്കെ ആയിട്ട് ഇവിടം വിട്ട് പോവും…”

“പോവേ? എങ്ങട് ?”

അവൾ പറഞ്ഞത് ഉള്ളിൽ ഉണ്ടാക്കിയ അതേ ഞെട്ടലോടെ തന്നെയാണ് ചോദിച്ചതും…

“തനൂ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ എത്തപ്പെട്ട സാഹചര്യം…? അന്ന് അച്ഛൻ്റെ മരണശേഷം കള്ള പ്രമാണം ഉണ്ടാക്കി ചെറിയച്ഛൻ  വീട് തട്ടിയെടുക്കുമ്പോ ഈ ഞാൻ കൈക്കുഞ്ഞായിരുന്നു… സ്വന്തം വീട്ടിലെ ജോലിക്കാരിയായി എൻ്റെ അമ്മ, ചാവാൻ പോവുമ്പഴും മാനം പോവരുത് ന്ന് പറഞ്ഞ് പഠിപ്പിച്ച ഒരു അച്ഛൻ്റെ മകൻ, ൻ്റെ ഏട്ടൻ ചെറിയച്ഛൻ്റെ പൈസ എടുത്തുന്ന് കൂടെ പറഞ്ഞപ്പോ അന്നിറങ്ങീതാ അമ്മ ആ പടി .. അന്ന് വന്ന് നിന്നത് ഇവിടെത്തെ വാടക വീട്ടിലാ…. അന്ന് ഏട്ടൻ തീരുമാനം എടുത്തതാ.. അച്ഛന് അവകാശപ്പെട്ട ആ തറവാട് സ്വന്താക്കും ന്ന്…”

ഇത്രയും പറഞ്ഞ് തീർത്തപ്പോൾ അവളുടെ കണ്ണിലും ഒരഗ്നി എരിയുന്നത് കാണായി…

അരികിൽ വന്നിരുന്നു, അവള് പോണത് ഓർത്ത്…. മറ്റെന്തൊക്കെയോ അകലുന്നത് ഓർത്ത് കുനിഞ്ഞ എൻ്റെ മുഖം അവൾക്ക് നേരേ തിരിച്ചു…

“ഏട്ടൻ, ആ വീട് വാങ്ങിച്ചു… ക്ഷയിച്ചു പോയ ചെറിയച്ഛനൊപ്പം വീടും ക്ഷയിച്ചു… അതൊന്ന് നേരേ ആക്കിയാൽ ഞങ്ങൾ അങ്ങട് മാറും…”

എന്ന് കണ്ണുകളിൽ നോക്കി പറഞ്ഞപ്പോ അവളുടെ ശബ്ദം ഇടറിയിരുന്നു ..

ഒപ്പം എൻ്റെ മിഴികൾ നിറഞ്ഞിരുന്നു..

“ടീ….. നിന്നെ കാണാൻ ഞാൻ വരും .. ഈ തനുപ്പെണ്ണിനെ കാണാതെ ഇരിക്കാനാവോ നിക്ക് “

എന്നെൻ്റെ കവിളിൽ പിടിച്ച് വലിച്ച് പറഞ്ഞപ്പോൾ .,

നോവോടെ ഒന്ന് ഞാനും ചിരിച്ചു…

എല്ലാ മോഹങ്ങളും വ്യർത്ഥമായവളുടെ നോവിൻ്റെ ചിരി…

” പോട്ടെ, അച്ഛൻ അന്വേഷിക്കും”

എന്ന് അനുവിനോട് പറഞ്ഞ് മെല്ലെ നടന്ന് നീങ്ങിയപ്പോൾ പുറകിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു ..

” ടീ… നിന്നെ വല്യേട്ടൻ അന്വേഷിച്ചു ട്ടോ… “

മിഴി തിളങ്ങിയതും, എവിടെ നിന്നോ ചുണ്ടിലൊരു ചിരി വന്ന് വിടർന്നതുമവൾ ശ്രദ്ധിച്ചോ ആവോ?

മനസ് നിറഞ്ഞിരുന്നു അത് കേട്ട് …

ചിന്തകൾ കാട് കയറിയിരുന്നു ..

മോഹങ്ങൾ ചിറക് വച്ച് പറന്നിരുന്നു..

ചെറിയൊരാ വാക്കുകൾ ചിത്രശലഭമാക്കിയിരുന്നു എന്നെ……

                       

വീടിൻ്റെ പടിക്കൽ എത്തിയപ്പോഴേ കണ്ടു ആരോ തിണ്ടിൽ പുറം തിരിഞ്ഞ് ഇരിക്കുന്നത്,

കുറച്ചു കൂടി അടുത്തെത്തിയപ്പോൾ മനസിലായി അപ്പച്ചിയാണെന്ന്,

അച്ഛൻ്റെ ഓരേ ഒരു പെങ്ങൾ …..

ശാരദ””

വല്യേ സ്നേഹാ അപ്പച്ചിക്ക് പണ്ടു മുതൽ തന്നെ,

അപൂർവ്വമായേ നാട്ടിൽ വന്നിട്ടുള്ളൂ,

പത്ത് സെൻ്റ് ഭൂമിയും അതിൽ ഒരു കുഞ്ഞു വീടും ഉണ്ട് നാട്ടിൽ അവർക്ക്, പക്ഷെ കൊയമ്പത്തൂര് വിട്ട് വരില്ല

എങ്കിലും വരുമ്പോ എനിക്കായി ഒത്തിരി സാധനങ്ങൾ കരുതിയിട്ടുണ്ടാകും….

ഉടുപ്പായിട്ടും പലഹാരങ്ങളായിട്ടും ..

കുഞ്ഞായിരുന്നപ്പോ ശാരദാപ്പച്ചി വരണേ തേവരേന്ന് പറഞ്ഞ് എന്നും പൈസ ഭണ്ഡാരത്തിൽ ഇട്ടിരുന്നു…

കൊയമ്പത്തൂരാണ് അപ്പച്ചി താമസം, അവരുടെ ഭർത്താവിന് അവിടെ  ട്രാൻസ്പോർട്ട് സ്റ്റാൻ്റിൽ  ചായക്കടയായിരുന്നു….

ഒരിക്കൽ നിയന്ത്രണം വിട്ട് ഒരു ബസ് പാഞ്ഞ് കയറി മരിക്കുമ്പോൾ അപ്പു എന്ന് വിളിക്കുന്ന ഗോപകുമാർ എന്ന ഏക മകന് വെറും പന്ത്രണ്ട് വയസായിരുന്നു ..

പിന്നെ അപ്പച്ചി പോരാട്ടമായിരുന്നു ജീവിക്കാൻ …

ബഹുമാനേ തോന്നീടുള്ളൂ എന്നും ഈയൊരാളോട്..

“തനൂട്ടാ…”

ദൂരേന്ന് കണ്ടപ്പോ തന്നെ നീട്ടി വിളിച്ചിരുന്നു അപ്പച്ചി….

” അപ്പച്ചീ…. എപ്പഴാ വന്നേ?”

ഓടിയാ നെഞ്ചോരം ചേർന്ന് ചോദിച്ചു…

ഈ നെഞ്ചിൻ്റെ ചൂടു പറ്റുമ്പോ അമ്മയടുത്തുള്ള പോലെ എപ്പഴും തോന്നീട്ട്ണ്ട്..

” ദേ വന്നേ ള്ളൂ തനൂട്ടാ…. അപ്പൂം ണ്ട് “

അപ്പഴാണ് തൊടിയിൽ നിന്ന് ഫോണിൽ സംസാരിക്കുന്നയാളെ ഞാനും ശ്രദ്ധിക്കുന്നത് …

” അപ്പേട്ടൻ ”

ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോഴാ ആളെ ശരിക്ക് കണ്ടത്…

പണ്ട് പൊടിമീശ മുളക്കണ പ്രായത്തിൽ വന്നിട്ടുള്ളതാ…. പിന്നെ ഇപ്പഴാ കാണണെ….

അപ്പച്ചി നാട്ടിൽ വരുമ്പോ അപ്പേട്ടൻ വരാറില്ല,

അവിടെ അപ്പേട്ടൻ്റെ അച്ഛൻ്റെ പെങ്ങടെ വീട്ടിൽ നിൽക്കും,

അതോണ്ട് തന്നെ പത്ത് വർഷത്തിൽ കുടുതലായി കാണും കണ്ടിട്ട് ..

കട്ടി മീശയും, ഒത്ത ശരീരവും ഇരു നിറവും ഒക്കെയായി … വല്യ ആളായിട്ടുണ്ട് ..

നല്ല മുഖശ്രീയും….

നല്ല ഒരു ചിരി നൽകി ഉമ്മറത്തേക്ക് കയറി…

ചിരി ആ മുഖത്തിൻ്റെ ഭംഗി കൂട്ടിയിരുന്നു …

” അപ്പുവിന് അവിടെ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നല്ല ജോലി കിട്ടി ഏട്ടാ….. ഈ മാസം പതിനെട്ടിന് കേറണം”

അപ്പേട്ടനെ കണ്ടപ്പോ ശാരദാപ്പച്ചി അച്ഛനെ നോക്കി പറഞ്ഞു..

അത് കേട്ട് എല്ലാവരുടെയും മുഖത്തെ ചിരി മാഞ്ഞിരുന്നു…..

അപ്പേട്ടൻ്റെ അച്ഛൻ മാധവൻ മാമ മരിച്ചത് കൊണ്ട് മാത്രം കിട്ടിയ ജോലി…

നിയന്ത്രണം വിട്ട് വന്ന ഗവൺമെൻ്റ് ബസ് ആ ജീവനെടുത്തപ്പോൾ അന്നത്തെ മന്ത്രി പറഞ്ഞതാ ആശ്രിതർക്ക് ജോലി കൊടുക്കാം എന്ന്….

ഇപ്പഴാ അത് കിട്ടിയത് എന്ന് മാത്രം..

” ൻ്റെ മാധേട്ടന്റെ ജീവൻ്റെ വിലയുള്ള ജോലി.. “

എന്നു പറഞ്ഞ് തേങ്ങുന്ന അപ്പച്ചിയെ കരുത്തുള്ള കരങ്ങൾ നെഞ്ചിലേക്ക് ചേർത്ത് നിർത്തി പറയാതെ പറഞ്ഞിരുന്നു ആ മകനുണ്ട് ഇനി എന്ന് ..

അച്ഛനും അത് കണ്ട് കണ്ണീരൊപ്പി ..

” ഞാൻ ചായ എട്ക്കാ ട്ടോ “

എല്ലാം കണ്ട്,

ചെറിയ ഒരു വിളറിയ ചിരിയോടെ പറഞ്ഞു തിരിഞ്ഞ എന്നെ അപ്പച്ചി വിളിച്ച് നിർത്തി…

“തനൂട്ടൻ അവിടെ നിന്നേ!”

അകത്തേക്ക് വച്ച കാല് പുറത്തേക്ക് തന്നെ വച്ച് അപ്പച്ചിയെ നോക്കി..

അടുത്ത് വന്ന് കവിളിൽ തലോടി,

“ൻ്റ തനൂട്ടനെ ൻ്റെ അപ്പൂന് തന്നൂടെ ഏട്ടാ “

പാതി എന്നെയും പാതി അച്ഛനെയും നോക്കി അപ്പച്ചി പറഞ്ഞു….

അച്ഛൻ്റെ മിഴികളും അപ്പോൾ എന്നിൽ വന്ന് നിന്നത് കണ്ടു…

“എന്തേലും നല്ല ജോലി ആയിട്ടേ ചോദിക്കു ന്ന് തീരുമാനിച്ചിരുന്നു… ഇപ്പോ കാത്തിരുന്നത് തന്നെ കിട്ടീലോ…. ഇനി ഏട്ടനാ പറയണ്ടേ “

അച്ഛൻ്റെ മിഴികൾ വീണ്ടും അത്രമേൽ പ്രതീക്ഷയോടെ എന്നിൽ എത്തിയതറിഞ്ഞിരുന്നു……

അപ്പൊ കേട്ടതൊന്നും മനസിലാവാതെ ശ്വാസം പോലും കഴിക്കാനാവാതെ നിൽക്കുകയായിരുന്നു ഞാൻ……

ഒരു ചിരിയോടെ ദൂരെ അപ്പേട്ടനും ..

(തുടരും)

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!