Skip to content

അനന്തൻ – ഭാഗം 5

anandhan novel

കാറിൻ്റെ സീറ്റിലേക്ക് തളർന്ന് കിടക്കുകയായിരുന്നു അനന്തേട്ടൻ …

രഞ്ചൻ കയറിയതും, കാറ്റ സ്റ്റാർട്ടായി….

ധൃതിയിൽ ആശുപത്രിയെ വലം വച്ച്  പോകുന്ന ആ കാറിനെ തന്നെ നോക്കി ഞാൻ നിന്നു…

അമ്പരപ്പോടെ..

ഒന്നും മനസിലാവാതെ….

                        

വീട്ടിലെത്തി കാറിൽ നിന്നും ഇറങ്ങുമ്പോൾ അച്ഛനെ ഞാൻ പിടിച്ചിരുന്നു….

അകത്തേക്ക് പിടിച്ച് കയറ്റും മുമ്പ് അച്ഛൻ ചെമ്പകത്തയ്യിൻ്റെ ചുവട്ടിൽ ഉറങ്ങുന്ന അമ്മയെ നോക്കി ഒന്ന് വിതുമ്പി…

” അകത്തേക്ക് പോവാ അച്ഛാ….. ”

എന്ന് പറഞ്ഞപ്പഴാണ് അച്ഛൻ ഉണർന്നതെന്ന് തോന്നുന്നു…

” അവടെ അവളുടെ കൂടെ ആ ഇത്തിരി സ്ഥലത്ത് ചേരണം ന്ന് തന്നെയാ…. നിന്നെ ഓർത്ത് പക്ഷെ അച്ഛന് പോവാനും പേടിയാ ടാ ..”

തലയിൽ തഴുകി അത് പറഞ്ഞപ്പോൾ ഉള്ളിലെ സങ്കടം പുറത്തേക്ക് തികട്ടി വരാതെ നോക്കി…..

” അച്ഛനും കൂടെ ഇല്യാണ്ടായാ ഒറ്റക്കാവില്യേ അച്ഛന്റെ കുട്ടി… “

അതു കൂടെ പറഞ്ഞപ്പോൾ പിന്നെ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല …

” ക്ഷീണല്യേ അച്ഛന് ഒന്നു മയങ്ങിക്കോളൂ.. “

എന്ന് എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ചു ..

ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടക്കണ അച്ഛനെ കണ്ടപ്പോൾ വീണ്ടും ചങ്ക് പൊടിഞ്ഞു..

മുറിയിൽ കൊണ്ടുപോയി കിടത്തി അടുക്കള വശത്തേക്ക് ഓടുമ്പോൾ സങ്കടം അണപൊട്ടി ഒഴുകി തുടങ്ങിയിരുന്നു ..

ആവോളം കരഞ്ഞപ്പോൾ കിട്ടിയ ഇത്തിരി സമാധാനത്തിൽ തിരികെ പോരാൻ നോക്കിയതാ,

അപ്പഴാ കണ്ടത് നിലത്തെ ചോരത്തുള്ളികൾ ….

ഉളളിൽ എന്തോ ഭയം..

ചോരത്തുള്ളികൾ,

നേരേ പോയിരിക്കുന്നത് കയ്യാലപ്പൊരയിലേക്ക് …..

മരത്തിൻ്റെ അഴിയുള്ള വാതിൽ തള്ളിമാറ്റി ചെന്നപ്പോൾ ഉള്ളിൽ ചോരയിൽ കുളിച്ചൊരാൾ ……

ഭയപ്പെട്ട് തിരിഞ്ഞോടാൻ തുടങ്ങിയപ്പോഴേക്ക് കേട്ടു….

“തന്മയ”

എന്ന വിളി…

അനന്തേട്ടൻ…..”

പെട്ടെന്നാണ് മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിന്നത് കണ്ടത്,

“എ… എന്നെ രക്ഷിക്കണം”

എന്ന് വേദന സഹിക്കാതെ പുളഞ്ഞു കൊണ്ട് പറയുന്നയാളേ പുച്ഛത്തോടെ ഒന്ന് നോക്കി വേഗം ഉമ്മറത്തേക്ക് പോയി…

അപ്പഴേക്കും കോളിംഗ് ബെല്ലിലെ കിളി ചിലക്കുന്ന ശബ്ദം അവിടെ ആകെ അലയടിച്ചിരുന്നു

                        

” ഗൗതം സർ”

മുറ്റത്ത് നിൽക്കുന്നയാളെ തിരിച്ചറിഞ്ഞ് അവൾ വിളിച്ചു…

“ഹാ കുട്ടി ടീച്ചറോ? ശങ്കരേട്ടൻ എവിടെ, ഇത് വഴി പോകേണ്ട ഒരു കാര്യം ഉണ്ടായി അതാ….. ഇവിടെ എത്തിയപ്പോൾ ശങ്കരേട്ടനെ ഓർത്തു അപ്പോ കരുതി കണ്ടിട്ട് പോവാം ന്ന് “

അത്രയും പറഞ്ഞ് ഗൗതം സാർ നിർത്തിയപ്പോൾ എന്തോ ഭയം വന്നു മൂടിയിരുന്നു എന്നെ….

” അ.. അച്ഛൻ …. അകത്ത്…. അകത്ത് ണ്ട് “

വിക്കി വിക്കിയാണ് പറഞ്ഞൊപ്പിച്ചത്…..

“തനിക്കെന്താടോ ടീച്ചറെ ഒരു പരിഭ്രമം പോലെ?”

ചോദിച്ചത് കേട്ട് ഞെട്ടി ഞാൻ സാറിനെ നോക്കി…

” എ… എനിക്കെന്താ ഒന്നൂല്യ….”

“അച്ഛൻ്റെ കാര്യോർത്തിട്ടാണെങ്കിൽ ഇനി പേടിക്കാനൊന്നും ഇല്യ ട്ടോ…”

ഒന്നു അലസമായി ചിരിച്ചു ഞാൻ….

അനന്തൻ സാർ ഉള്ളിലേക്ക് വന്നപ്പോൾ ഹൃദയമിടിപ്പ് വേഗതയിൽ ആവുന്നത് അറിഞ്ഞിരുന്നു..

” ശങ്കരേട്ടനെ ഡിസ്ചാർജ് ചെയ്യുമ്പോ കൂടെ ണ്ടാവണന്നാ കരുതീത്, പക്ഷെ ഒരു നശിച്ച കേസ് തലയിൽ വന്ന് പെട്ടു ..

ഡിവൈഎസ്പി റാങ്കിലുള്ള ഒരാൾ അന്വേഷിക്കണ്ട കാര്യമില്ല:.. പക്ഷെ ഇതെൻ്റെ പ്രസ്റ്റീജ് ഇഷ്യൂ ആണ്…..

ഒരുത്തൻ കുടുങ്ങിയിട്ടുണ്ട് ….. ഇനി ഒരുത്തനെ കൂടെ കിട്ടണം ആ ക്രിസ്റ്റോ യെ…. “

ഇത്രയും അച്ഛന്റെ അരികിലിരുന്ന് ആ കൈ പിടിച്ച്  ഗൗതം സർ പറഞ്ഞപ്പോൾ വാത്സല്യത്തോടെ സാറിനെയും നോക്കി കിടക്കുകയായിരുന്നു അച്ഛൻ :..

കുറേ നേരം സംസാരിച്ച് ഇറങ്ങാന്ന് പറഞ്ഞപ്പഴാ ശ്വാസം നേരെ വീണത്..

                         

വീണ്ടും ഓടി കയ്യാലപ്പൊരയിൽ ചെന്നു ..

ചെറുതായി മയങ്ങിയിരുന്നു അനന്തേട്ടൻ…

അപ്പഴാണ് ശ്രദ്ധിക്കുന്നത് വലത് കയ്യിൽ തോളിന് അൽപം താഴെയായി വെട്ട് കൊണ്ടത് പോലത്തെ പാട്….. അതിൽ നിന്നാണ് രക്തം കിനിയുന്നത്..

ഒപ്പം ഇടതുകാലിൻ്റെ തുട ഭാഗത്തും ഉണ്ട്…

ആകെ ചോര പടർന്ന് ഉടുപ്പിലെല്ലാം പരന്നിരിക്കുന്നു….

ഒന്ന് മുരടനക്കിയപ്പോൾ

ഞെട്ടി എണീറ്റത് കണ്ടു…

ഭയത്തോടെ…

മുന്നിൽ ഞാനാണ് എന്ന് കണ്ടതും ആശ്വാസത്തോടെ ദീർഘ ശ്വാസം എടുത്തു.-…

“വെ… വെള്ളം: …”

നാക്ക് തളർന്ന് ചോദിച്ചത് കേട്ട് എന്തോ സഹതാപം തോന്നി…

വേഗം വെള്ളം കൊണ്ട് വന്ന് കൊടുത്തു…

കൈകൾ അനക്കി വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടു…

അയാളുടെ ശരീരം അയാളുടെ ഇച്ഛക്കൊത്ത് അനങ്ങുന്നില്ലായിരുന്നു ..

അരികത്ത് ചെന്നിരുന്ന് മെല്ലെ വായിലേക്ക് കമഴ്ത്തിയപ്പോൾ ആർത്തിയോടെ അത് മുഴുവൻ കുടിച്ച് തീർത്തു..

കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു..

സഹിക്കാവുന്നതിലും വേദന ആ ശരീരത്തിൽ ഉണ്ടെന്ന് അറിയാമായിരുന്നു,

എന്നിട്ടും അറിയാത്ത ഭാവം നടിച്ചു..

“എ…..എന്നോട് ദേഷ്യാവും ല്ലേ “

ചുമരിൽ ചാഞ്ഞിരുന്ന് എന്നോട് ചോദിക്കുമ്പോൾ ആ കണ്ണുകളിൽ നിസ്സംഗത നിഴലിച്ചിരുന്നു……

ഒപ്പം കുറ്റബോധത്തിൻ്റെ നീർത്തിളക്കവും..

” ഇപ്പോ ആരോടും ഒരു വികാരവും ഇല്ല .. ദേഷ്യം പോലും…. ഉള്ളത് ഒരു തരം മരവിപ്പാണ്… അതു മാത്രം… “

“തനൂ.. ഞാൻ “

മിഴികൾ നിറഞ്ഞത് കണ്ടു അയാളുടെ …

” വേണ്ട.. എനിക്ക് ഒന്നും കേൾക്കണം എന്നില്ല … ഇനി ആരുടെ കാര്യവും അറിയണ്ട…… കേൾക്കണ്ട തൻമയക്ക് …..”

അതു പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഭാവിച്ചതും ..

“തന്റെ അനു വിൻ്റെം?”

എന്ന് ചോദിച്ചിരുന്നു..

ഉള്ളിലൊരു നീറ്റൽ പടർത്തി ആ ചോദ്യം എങ്കിലും വാശിയോടെ,

” കൂടെ പിറപ്പായി കണ്ടവൾക്ക് ഞാനാരും അല്ല എന്ന തിരിച്ചറിവ് ഒത്തിരി നോവിച്ചിട്ടുണ്ട് ഇപ്പോ ആരും എൻ്റെ മനസിലില്ല… ആരുടെയും കാര്യം കേൾക്കണ്ട…. “

എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ,

വീണ്ടും കേട്ടു;

“തനൂ…. “

എന്ന്,

എത്രയൊക്കെ ഞാൻ അഭിനയിച്ചാലും ആ വിളിക്ക് വല്ലാത്ത കാന്തിക ശക്തിയായിരുന്നു,

എന്നെ പിടിച്ചു നിർത്താൻ മാത്രം കഴിവുള്ള ശക്തി ….

മുന്നോട്ട് വച്ച കാൽ മെല്ലെ തിരിച്ചെടുത്ത് അവിടെ തന്നെ നിന്നു ഞാൻ..

ആ മുഖത്തേക്ക് നോക്കാതെ ….

” എനിക്ക് …. എനിക്ക് പറയാനുള്ളത്….”

മുഴുവൻ പറയാൻ സമ്മതിക്കാതെ ഇടക്ക് കയറി പറഞ്ഞു…,

“അനുവിനെ പറ്റി ആണെങ്കിൽ പറയണ്ട എന്ന് ..,

“ഒരു കൂടപ്പിറപ്പിനെ പോലെ, അല്ല അതിനേക്കാൾ ഞാൻ…..

ഒരു ദിവസം യാത്ര പോവുമ്പോൾ വരട്ടെ”” എന്നൊന്ന് പറയാൻ മാത്രം ഞാനവൾക്ക് ആരുമല്ല എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല

അത് തന്നെയാ എൻ്റെ കഴിവുകേടും,

ആൾക്കാരെ അളക്കണതിൽ ഞാൻ തോറ്റു ..

അതോണ്ട് ഇനി ആരേ പറ്റിയും അറിയണ്ട…

വിവാഹവും കഴിഞ്ഞല്ലോ …. ഇനി എന്നെ കണ്ടാൽ കൂടെ അറിയുന്നുണ്ടാവില്ല…

വേണ്ട ..

കാണുമ്പോ അനന്തേട്ടൻ പറയണം,

ന്നെ ഓർത്തില്ലെങ്കിലും അവള് മാത്രമായിരുന്നു ഈ മനസില് ഇപ്പഴും ന്ന്…

അവളായിട്ട് അറിയിച്ചില്ലെങ്കിലും കേട്ടറിഞ്ഞപ്പോൾ, വിവാഹത്തിൻ്റെ അന്ന് ദീർഘ സുമംഗലിയാവാൻ ഞാൻ ൻ്റെ കണ്ണന് തൃക്കൈ വെണ്ണ നേദിച്ചിട്ടുണ്ടെന്ന്….. “

അത്രയുo പറഞ്ഞപ്പോഴെക്ക് പൊട്ടിപ്പോയിരുന്നു ഞാൻ..

അപ്പോൾ കേട്ടു നേർത്ത ആ സ്വരം,

“തൻ്റെ വഴിപാട് ഫലിച്ചില്ലല്ലോ തനൂ “

എന്ന്,

സംശയത്തോടെ തിരിഞ്ഞപ്പോൾ കേട്ടു …

“തൻ്റെ അനു ഇപ്പോൾ ഇല്ല!”

എന്ന് ..

വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു പിന്നെ ഓടി അനന്തേട്ടൻ്റെ അരികെ മുട്ടുകുത്തിയിരുന്നു….

“ന്താ… ന്താ ന്നോട് ഇപ്പോ പറഞ്ഞത് …? “

മിഴികൾ നിറഞ്ഞ് ഒഴുകിത്തുടങ്ങിയിരുന്നു,

“സത്യം … തൻ്റെയാ പഴയ അനു മരിച്ചു.. ഇപ്പോ ഉള്ളത് ജീവിച്ചിരിക്കുന്ന അവളുടെ ജഡം മാത്രം…

“നിക്ക് .. നിക്കൊന്നും മനസിലാവണില്ല അനന്തേട്ടാ.. തെളിച്ച് പറയ്വോ ഒന്ന് ….? ൻ്റെ അനു… എന്താ അവൾക്ക് പറ്റീത്….”

അനന്തേട്ടൻ്റെ തല താണിരുന്നു അപ്പോൾ….

ഒന്ന് ശ്രദ്ധിച്ചാൽ മാത്രം കേൾക്കാവുന്ന സ്വരത്തിൽ പിറുപിറുക്കും പോലെ പറയുന്നുണ്ടായിരുന്നു …

“എല്ലാം .. എല്ലാം എൻ്റെ തെറ്റാ… എന്റെ സ്വാർത്ഥത – ……”

കണ്ണുകൾ ഇറുക്കിയടച്ച് പുളയുന്ന വേദന കടിച്ച് പിടിച്ച് അനന്തേട്ടൻ ചുമരിലേക്ക് ചാരി ഇരുന്നു …

ആ നെഞ്ചിലെ ശ്വാസഗതി ഉയർന്നുവന്നു..

അവസാനം ചുമച്ചപ്പോൾ പുറത്തേക്ക് തെറിച്ച ചോരത്തുള്ളികൾ കണ്ട് ഏറെ ഭയത്തോടെ വിളിച്ചു

“അനന്തേട്ടാ ” എന്ന് ..

” ക്ഷമിക്കാൻ പറ്റുവോ തനു എന്നോട് ?? മാപ്പ് തര്വോ താൻ …. ? “

എന്നു പറഞ്ഞ്  വിറയാർന്ന ആ കൈയ്യാലെ എൻ്റെ കൈ പിടിച്ചു..

” എന്തൊക്കെയാ…. അനന്തേട്ടാ? എങ്ങനെയാ ഇയാൾ ക്രിസ്റ്റോ ആയത്?”

ആ പേര് കേട്ട് അനന്തേട്ടൻ ഞെട്ടി എന്നെ നോക്കി…

“തീർന്നില്ല ! എൻ്റെ അനു അവൾക്ക് എന്താ പറ്റിയേ?”

” പറയാം… എല്ലാം താനറിയണം… എല്ലാം”

നേരത്തെ കൊണ്ട് വച്ച വെള്ളം വലം കയ്യാലെ വായിലേക്ക് കമഴ്ത്തി അനന്തേട്ടൻ

അപ്പോഴത്തെ വേദനയിൽ നെറ്റി ചുളിയുന്നത് കാണാമായിരുന്നു …

മെല്ലെ ശ്വാസം വലിച്ച് വിട്ട് ചുമരിലേക്ക് ചാരി ഇരുന്നു ..

“ചെറിയച്ഛൻ സ്വത്ത് തട്ടിയെടുത്തതിനേക്കാൾ അമ്മയെ വേദനിപ്പിച്ചത് എന്നെ കള്ളനാക്കാൻ ശ്രമിച്ചപ്പഴായിരുന്നു…

കാരണം പട്ടിണി കിടന്ന് ചത്താലും അന്യൻ്റെ മുതല് ആഗ്രഹിക്കരുതെന്നാ അവര് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്…..

അന്ന് മൂന്ന് കുഞ്ഞുങ്ങടെം കൈയ്യ് പിടിച്ച് ഇറങ്ങി ഈ നാട്ടിൽ വരുമ്പോ മുന്നിൽ കുറേ പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമായിരുന്നു ….

അതിലേക്ക് നീന്താൻ ഉള്ള വഴി  മാത്രം അറിയില്ലായിരുന്നു…

ഉള്ളത് വിറ്റ് പെറുക്കി…

ഇവിടെ ഞങ്ങൾ ഒരു കുഞ്ഞു വാടക വീട് ഒപ്പിച്ചു….

അതിനുള്ളിൽ ഞങ്ങടെ സ്വർഗം തുടങ്ങുകയായിരുന്നു…

ഇണക്കങ്ങളും പിണക്കങ്ങളും ആയി ….

അമ്മ നൃത്തം പഠിപ്പിച്ചും തയ്ച്ചും, .മറ്റും ഞങ്ങളെ പഠിപ്പിച്ചു…

എൻ്റെ പഠനം പൂർത്തിയായപ്പോ ഞാൻ കൂടെ കൂടി അമ്മക്ക് സഹായത്തിന് …

എന്തു ചെയ്യുമ്പോഴും മുന്നിൽ ചെറിയച്ഛൻ്റെ മുഖമായിരുന്നു, ആട്ടിയിറക്കി വിട്ട രംഗമായിരുന്നു…

പണം എന്നത് ജീവിതത്തിൽ വലിയ വിലയുള്ള സംഗതിയാണ് എന്ന് എന്നെ പഠിപ്പിച്ചത് അതൊക്കെയാണ് …..

ചെറിയ വരുമാനങ്ങൾ ഒരിക്കലും സംതൃപ്തി തന്നില്ല …

ഉള്ളിൽ ഞങ്ങളെ കബളിപ്പിച്ചവർ നേടിയത് സ്വന്തമാക്കാനുള്ള ത്വര മാത്രമായിരുന്നു ..

അതിനിടയിലാ ഒരുവളെൻ്റെ നെഞ്ചേറിയത്…

തുളസിക്കതിരിൻ്റെ നൈർമ്മല്യമോലുന്നവൾ…

കണ്ണിൽ കുസൃതി ഒളിപ്പിച്ചവൾ..

അവളുടെ കൊലുസിൻ്റെ നാദം മുഴങ്ങിയതെൻ്റെ ഇടനെഞ്ചിലായിരുന്നു …

എൻ്റെ മാത്രം തന്മയ””….

അത്രയും പറഞ്ഞപ്പോഴെക്ക് ഞെട്ടിപ്പിടഞ്ഞ് ഞാൻ നോക്കി…

ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു ..

“നുണയാ.. നുണയാ ഇത് … വീണ്ടും വീണ്ടും നിങ്ങളെന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാ…”

മുഖം പൊത്തി കരഞ്ഞപ്പോൾ കേട്ടു,

“തനൂ…. എന്ന് ….

അത്രമേൽ ആർദ്രമായി…

” ഒരിക്കൽ…. ഒരിക്കൽ ഞാൻ മനസിലിട്ടതാ നിങ്ങളെ ….. ഒരു വാക്ക് പറഞ്ഞില്ലെങ്കിൽ കൂടി … ഇഷ്ടാണോ എന്ന് അറിയില്ലെങ്കിൽ കൂടി.. പക്ഷെ .. പക്ഷെ…. തിരികെ കിട്ടിയത് …..?????? ഇനിയും നുണകൾ പറഞ്ഞെന്നെ പറ്റിക്കല്ലേ അനന്തേട്ടാ… ഒരു പാവം അച്ഛനു വേണ്ടി ,ഞാൻ ജീവിച്ച് തീർത്തോട്ടെ ഈ ജീവിതം…..”

“അറിയാം ഈ ഉള്ള് നിറയെ ഞാനാന്ന്… ഞാൻ മാത്രാണ് എന്ന് … പക്ഷെ തനൂ.. എൻ്റെ സാഹചര്യം…… “

“വേണ്ട”

മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല, അത്രമേൽ നോവുകയായിരുന്നു ഉള്ളം…..

” ഒരു പാവം പെണ്ണിന് ആശകൊടുത്ത്, പ്രതീക്ഷയുടെ ഒരു തരിമ്പ് പോലും നൽകാതെ ഓടിയൊളിച്ചതിനെ ഇനി നിങ്ങൾ എന്തൊക്കെ ന്യായീകരണം നൽകിയാലും എനിക്കത് കേൾക്കണ്ട അനന്തേട്ടാ… അത്രക്ക്…. അത്രക്ക് ഞാൻ……”

“തനൂ.. ഒക്കെ ശരിയാ… പക്ഷെ ഞാൻ… എനിക്ക് ….. “

ബാക്കി പറയും മുമ്പ് അവിടം വിട്ട് ഓടിയിരുന്നു ഞാൻ…

ചങ്കുപൊടിഞ്ഞ് കിനിയുന്ന ചോരയോടെ…

                            

കുളിമുറിയിൽ വെള്ളം തുറന്നിട്ട് ഉറക്കെ ഉറക്കെ അലറിക്കരയുമ്പോൾ മറ്റൊന്നും ആലോചിച്ചിരുന്നില്ല …..

“സ്നേഹാരുന്നു ത്രെ…. സ്നേഹം… ഉമിത്തീയിലെന്ന പോലെ  ഉള്ള് പൊള്ളി നീറാൻ വിട്ടിട്ട് ഇപ്പോ സ്നേഹാരുന്നുത്രെ….

കുറേ കരഞ്ഞ് തളർന്നിരുന്നപ്പോൾ ഇത്തിരി ആശ്വാസം തോന്നി..

ചിന്തകൾ എവിടെക്കൊക്കെയോ പാറിക്കളിച്ചു…

പഴയ തന്മയയെ എത്തി പിടിക്കാൻ ശ്രമിച്ചു …

വേഗം അച്ഛൻ്റെ അരികത്തെത്തണം എന്ന് തോന്നി….

മെല്ലെ മുറിയിൽ ചെന്ന് എത്തി നോക്കി..

മരുന്നിൻ്റെ ഫലം…, ഇപ്പഴും ഉറങ്ങുകയാണ് ..

വേഗം കഞ്ഞിക്ക് അരി അടുപ്പത്തിട്ടു… ഉരിയരി കൂടുതൽ ഇട്ടിരുന്നു…..

രണ്ട് പാത്രത്തിലേക്ക് പകർന്ന് ചൂടാറാൻ വച്ചപ്പോഴാണ് ഫോൺ ബെല്ലടിച്ചത്….

ചെന്ന് എടുത്തപ്പോൾ മനസിലായി അപ്പച്ചിയാണെന്ന്…..

അവർ നാട്ടിലേക്ക് തിരിക്കുകയാണ് എന്ന് പറയാൻ….

മറുപടി ഒന്നും പറയാത്തതാവണം ഫോൺ മറുതലക്കൽ നിന്നും കട്ട് ചെയ്തത്….. :

                ‘     

ആഹാരത്തിൻ്റെ അരമണിക്കൂർ മുന്നെ ഉള്ള ടാബ്ലറ്റ് എടുത്ത് അച്ഛന്നെ ഉണർത്തി കൊടുത്തു…

ഒരു പത്രത്തിലെ കഞ്ഞിയുമായി കയ്യാലപ്പുരയിൽ എത്തി….. വാതിൽ തുറന്ന് കിടന്നു.

ഉള്ളിലേക്ക് കടന്ന് ചുറ്റും നോക്കി..

ആളെ എങ്ങും കണ്ടില്ല …

വല്ലാത്ത ഭയം തോന്നി … അവിടെ മുഴുവൻ നോക്കി…

എവിടേം ഇല്ല….

“ൻ്റെ കണ്ണാ….. “

ഭയത്തോടെ നെഞ്ചിൽ കൈവച്ച് ഞാൻ നിന്നു..

(തുടരും)

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!