“അനന്തേട്ടാ..”
വിളിച്ചു കൊണ്ട് പുറകേ ഓടുമ്പോൾ അണക്കുന്നുണ്ടായിരുന്നു…
വിളി കേട്ട് നിന്നത് കണ്ടപ്പോ മനസ്സമാധാനിച്ചിരുന്നു…
എവിടന്നോ ഒരു ധൈര്യം വന്ന് മൂടും പോലെ …
ആൾക്കൂട്ടത്തിൽ തനിച്ചായ ഒരച്ഛനും മകൾക്കും ചായാൻ ഒരു തോൾ കിട്ടിയ പോലെ…..
” അനന്തേട്ടാ…..”
അടുത്ത് നിന്നാ കൈ പിടിച്ച് വിളിച്ചപ്പോ അണക്കുന്നുണ്ടായിരുന്നു… ഒപ്പം ഏങ്ങലുകളും കഴുത്തോളം എത്തി നിന്നു..
” അനന്തേട്ടാ… അച്ഛൻ…. അച്ഛന് വയ്യ അനന്തേട്ടാ.. ആരൂല്ല… ഞങ്ങൾക്കാരൂല്ല അനന്തേട്ടാ…..”
ആ കൈ മുറുകെ പിടിച്ച് കരയുകയായിരുന്നു അപ്പോൾ ….
ആ മിഴികളിലേക്ക് പിടച്ചിലോടെ നോക്കി പ്രതീക്ഷയുടെ തിളങ്ങുന്ന കണ്ണുകളുമായി….
“നിക്ക് …. ധൃതി ണ്ട് തന്മയ! “
എന്നും പറഞ്ഞ് കൈ വിടുവിച്ച് അകന്ന് നീങ്ങുന്നവനെ വിശ്വാസം വരാതെ നോക്കി നിന്നു..
ചുറ്റും നടക്കുന്നതൊന്നും മനസിലാവാത്ത പോലെ…..
” അ…. അനന്തേട്ടാ…”
എന്ന് അവ്യക്തമായി വിളിച്ചപ്പോഴേക്ക് അവിടെ വീണിരുന്നു..
“ൻ്റെ…. ൻ്റെ അനന്തേട്ടനല്ല… ഇതല്ല .. ”
എന്ന് ആരോടോ പുലമ്പുന്നുണ്ടായിരുന്നു..
തലയൊക്കെ പെരുത്തു കയറും പോലെ ..
മിഴികൾ മാത്രം ഇടതടവില്ലാതെ ഒഴുകിയിരുന്നു ..
മെല്ലെ എണീറ്റ് ഭിത്തിയിൽ കൈയ്യൂന്നി വേച്ച് വേച്ച് നടക്കുമ്പോൾ ഒരു കാര്യം മാത്രം മന്ത്രണം പോലെ ഉരുവിട്ടു….
” ൻ്റെ അനന്തേട്ടനല്ല…. അല്ല …. “
സമനില തെറ്റാൻ തുടങ്ങുന്ന പോലെ തോന്നി…
പ്രതീക്ഷയോടെ പിടിച്ച കൈ വിടുവിച്ച് ധൃതി ആണെന്ന് പറഞ്ഞ് പോകുന്നവനായിരുന്നു അവൻ മാത്രമായിരുന്നു മുന്നിൽ ഒരു ജീവനെക്കാൾ വിലയുള്ള ധൃതി….
ഇനിയെന്ത് എന്ന് ചിന്തിക്കാനുള്ള ശക്തി പോലും തന്നിൽ നിന്ന് അകന്നിരിക്കുന്നു ..
സി.സി.യുവിന് അടുത്തെത്തിയപ്പോൾ കണ്ടു ചിരിയോടെ ഒരാൾ …..
“ഹാ തൻമയ അല്ലേ? അച്ഛനെ കേസിന് കേറ്റി ട്ടോ… എൻ്റെ അങ്കിളാ എന്ന് പറഞ്ഞ് ഞാൻ ഒപ്പിട്ടു കൊടുത്തു….. “
എന്ന് പറഞ്ഞ് അടുത്തേക്ക് വന്നത്…
മുമ്പെങ്ങും കണ്ട് പരിചയമില്ലാത്ത ആൾ …
സംസാരിക്കുന്ന മലയാളത്തിൽ മറ്റേതോ ഭാഷയുടെ ചുവ….
ഒന്നും മനസിലാവാതെ ആ മുഖത്തേക്ക് നോക്കി…..
മറ്റൊന്നും ചോദിക്കാനോ പറയാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ …..
ഏതോ ലോകത്തായിരുന്നു…. ഒന്നും മനസിലാവാത്ത കാണുന്നതൊന്നും വിശ്വസിക്കാനാവാത്ത ലോകത്ത്: ..
“ടോ താനെന്താ ഈ നോക്കുന്നത്? കുറേ നേരായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു…. ആകെ ടെൻഷനായി.. ആരെയൊക്കെയോ തിരഞ്ഞ് നടക്കുന്നത് …..
ഇപ്പോ വീണ്ടും നഴ്സ് വന്ന് ശങ്കരൻ നായരുടെ ആള് വന്നോ ന്ന് ചോദിച്ചു.. എന്താന്ന് ചോദിച്ച എന്നോട് കേസ് ചെയ്യണേ സൈൻ ചെയ്യാൻ പറഞ്ഞു…. ഒരു സൈനല്ലേടോ ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട് “
എന്ന് ചിരിയോടെ അയാൾ മുഖത്ത് നോക്കി പറഞ്ഞു..
അപ്പോഴും ഒന്നും മനസിലാവാത്ത പോലെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ…
“ബൈ ദ ബൈ ഞാൻ രഞ്ചൻ…. രഞ്ചൻ ഫിലിപ്പ് … ഒരു പാവം ബിസിനസുകാരൻ…. തൻ്റെ പേര് കേട്ടു… തന്മയ ശങ്കർ അല്ലേ?”
ആണെന്നും അല്ലെന്നും പറയാതെ ഇമ പോലും ചിമ്മാതെ അയാളെ തന്നെ നോക്കിയിരുന്നു…..
കാരണം എന്നും കുളിച്ചു തൊഴുന്ന തേവരുടെ രൂപമായിരുന്നു അപ്പോഴയാൾക്ക്…
അച്ഛനെ പ്രൊസീജിയർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാൻ വേണ്ടി സ്ട്രക്ചറിൽ പുറത്തേക്ക് കൊണ്ട് വന്നു…
രണ്ടു ഭാഗം തല ചരിച്ച് ആരേയോ തിരയുന്ന ആ മിഴികൾ എന്നിൽ എത്തിയതും തറഞ്ഞ് നിന്നു…
എനിക്കായി ആ കൈകൾ നീട്ടി..
ഓടിച്ചെന്നാ കയ്യിൽ പിടിച്ചപ്പോൾ എവിടെ നിന്നോ കിട്ടിയ ഇത്തിരി ബലത്തിൽ വിളിച്ചു ചിലമ്പികൊണ്ടെങ്കിലും
“അച്ഛാ’… “
എന്ന് ..
” അച്ഛന് ഒന്നൂല്ലടാ … അച്ഛൻ്റെ തനൂട്ടൻ കണ്ണ് തുടക്കടാ :… കാണാൻ വയ്യടാ അച്ഛൻ്റെ കുട്ടിയേ ഇങ്ങനെ”
എന്ന് കിതച്ച് പറഞ്ഞപ്പോൾ വാശിയോടെ അച്ഛനായി മിഴികൾ തുടച്ചു …
വാതിൽക്കൽ വരെ കൂടെ നടന്നു.. ആ കയ്യും പിടിച്ച് ….
അപ്പഴും കുറച്ചു ദൂരം മാറി രഞ്ചൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ….
മണിക്കൂറുകൾ അങ്ങനെ ഒഴുകി നീങ്ങി…..
ആശുപത്രി ഇടനാഴികയിലെ കസേരകളിൽ ആളുകൾ ഇടക്ക്നിറഞ്ഞും ഇടക്ക് ഒഴിഞ്ഞും ഇരുന്നു …..
അപ്പഴൊക്കെയും അയാൾ ദൂരെ ഒരു കസേരയിൽ സ്ഥാനം പിടിച്ചു…..
അച്ഛൻ്റെ പേര് ഉറക്കെ നഴ്സ് വിളിക്കുമ്പഴൊക്കെയും ഓടി വന്നു,
അധികാരത്തോടെ മരുന്നിൻ്റെ ലിസ്റ്റ് വാങ്ങി കൊണ്ടു പോയി ..
പണം വച്ചു നീട്ടിയിട്ടും കാണാത്ത പോലെ ഓടിനടന്ന് ധൃതിയിൽ എല്ലാം ചെയ്തു…
ആരോ ഞങ്ങളെ ഭദ്രമായി ഏൽപ്പിച്ചത് പോലെ …
ഡോക്ടർ ബിജു എബ്രഹാം പുറത്തേക്കിറങ്ങി …..
ദൂരേ ഇരിക്കുന്നയാൾ അപ്പഴേക്ക് ഡോക്ടറുടെ അരികിലെത്തിയിരുന്നു …..
” ശങ്കരൻനായരുടെ ??”
എന്ന് ഡോക്ടർ ചോദിച്ചപ്പോ
“ആ യെസ് “
എന്ന് പറഞ്ഞ് അയാൾ അടുത്ത് നിന്നു..
ഞാനും ഡോക്ടർക്ക് പറയാനുളളത് കേൾക്കാൻ അക്ഷമയായി കാത്ത് നിന്നു..
“രണ്ടിടത്ത് സ്റ്റൻ്റ് ഇട്ടിട്ടുണ്ട് … ഇനി പേടിക്കാൻ ഒന്നുമില്ല …. ഒരു സിക്സ് ഹവേഴ്സ് സി സിയൂ വിൽ കിടക്കട്ടെ ശേഷം റൂമിലേക്ക് മാറ്റിത്തരാം…”
സകല ദൈവങ്ങളോടും നന്ദി പറയുകയായിരുന്നു അപ്പോൾ ഞാൻ …
അത് കേട്ട് ഇത്തിരി നേരം അവിടെ തന്നെ നിന്ന് അയാൾ മെല്ലെ നടന്നു നീങ്ങിയിരുന്നു ….
“നോക്കൂ “
കുറേ മണിക്കുറുകൾക്ക് ശേഷം എന്നെ സ്വയം തിരിച്ച് കിട്ടിയിരുന്നു ..
നടന്നു നീങ്ങിയയാൾ മെല്ലെ നിന്നു…
” നിങ്ങള്… നിങ്ങള് ആരാ…. “
അത് കേട്ട് ഒന്നു ചിരിച്ചു അയാൾ…..
എന്നിട്ട് എളിയിൽ കൈ കുത്തി തിരിച്ച് ചോദിച്ചു.
“തനിക്ക് ഓർമ്മപ്പിശകുണ്ടോ ..? ഞാൻ പറഞ്ഞല്ലോ, ഐയാം രഞ്ചൻ ഫിലിപ്പ് “
എന്ന് …
“എങ്ങനെയാ ഇവിടെ? അല്ല എന്തിനാ ഇങ്ങനെ സഹായിച്ചത് ?? “
” ആസ് എ ഹ്യൂമൻ ബീയിംഗ് ഇതെൻ്റെ ഡ്യൂട്ടി ആണെന്ന് തോന്നി ദാറ്റ്സ് ഓൾ “
പോവാൻ വേണ്ടി തിരിഞ്ഞ ആളെ വീണ്ടും പിടിച്ചു നിർത്തി…
“നിങ്ങൾ പേ ചെയ്ത എമൗണ്ട് എങ്കിലും പറയൂ? പ്ലീസ് അതെങ്കിലും വാങ്ങിക്കൂ.. ആ ചെയ്ത സൈനിന് പോലും വിലമതിക്കാനാവില്ല.. പിന്നെ ഈ കടം കൂടി വയ്യ….”
അതിന് മറുപടിയായി,
“ഞാനിട്ട സൈനിനേക്കാൾ, പേ ചെയ്ത എമൗണ്ടിനേക്കാൾ വിലമതിക്കാനാവാത്ത ഒരു ജീവനാ അകത്ത് എന്നാ എന്റെ വിശ്വാസം അതുകൊണ്ട് മോള് ചെല്ല് “
എന്നും പറഞ്ഞ് ധൃതിയിൽ പോകുന്നവനെ ഒന്നും മനസിലാവാതെ നോക്കി നിന്നു ഇത്തിരി നേരം..
കറുത്ത ചരടിൽ കോർത്തിട്ട ആശ്രിത വത്സലൻ, ഗുരുവായൂരപ്പൻ്റെ ലോക്കറ്റ് മുറുകെ പിടിച്ചു അപ്പോൾ,
ശീതീകരിച്ച സി സി യു വിൽ ഏറെ ബീപ് ശബ്ദങ്ങൾക്കും , മെഷീനുകൾക്കും ഉള്ളിൽ കിടക്കുന്ന അച്ഛനെ കർട്ടൻ നീക്കി ഒരു നോക്ക് കണ്ടു..
തല ഭാഗം ഇത്തിരി പൊന്തിച്ചു വച്ചിട്ടുണ്ട് ..
നോക്കുമ്പോൾ ഉറക്കത്തിലാണ്…
മിഴികൾ ഈറനായി ….,
ഇത്തവണ പക്ഷെ കണ്ണൻ എൻ്റെ അച്ഛനെ മടക്കി തന്ന സന്തോഷത്തിലാണെന്ന് മാത്രം…..
സമയം കഴിഞ്ഞു എന്ന് പറയും വരെയും അച്ഛനെ തന്നെ നോക്കി നിന്നു…
ശാസത്തിൻ്റെ താളത്തിൽ ഉയരുന്ന മുഖത്തേക്ക് തന്നെ…
തനിക്ക് സ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരാൾ…
ഒടുവിൽ നേരമായപ്പോൾ പുറത്തേക്കിറങ്ങി …
കണ്ണടച്ച് ഒന്നുകൂടി കണ്ണന് നന്ദി പറഞ്ഞു,
അപ്പഴെന്തോ മുന്നിൽ തെളിഞ്ഞത് അയാളായിരുന്നു …
“”” രഞ്ചൻ ഫിലിപ്പ് .. “””
ഒരു കുസൃതിച്ചിരിയോടെ …..
“ആരാ കണ്ണാ അത്?”
മുന്നിലൊരു വലിയ സമസ്യയായിരുന്നു അത്….
വാർഡിലേക്ക് മാറ്റിയപ്പോഴും അച്ഛൻ മയക്കത്തിലായിരുന്നു ..
” ഉണർന്നാൽ കഞ്ഞി കൊടുത്തിട്ട് ഈ ടാബ്ലറ്റ് കൊടുത്തോളു “
എന്ന് നഴ്സ് പറഞ്ഞപ്പോൾ വേഗം തൂക്കുപാത്രം എടുത്ത് കഞ്ഞി വാങ്ങാൻ പോയി…
തിരിച്ച് വന്നപ്പോഴേക്കും അച്ഛൻ ഉണർന്നിരുന്നു….
” എണീറ്റോ?”
എന്നു ചോദിച്ച് അച്ഛൻ്റെ അടുത്ത് ചെന്നിരുന്നു…
അച്ഛൻ്റെ കാന്യൂല ഇട്ട കൈകൾ എൻ്റെ തലയിൽ തഴുകി….
“നിന്നെ ഒറ്റക്കാക്കി പോവേണ്ടി വരുമോ ന്ന് പേടിച്ചു .. സകല ദൈവങ്ങളേം വിളിച്ചു അച്ഛൻ … നിന്നെ ആരേം ഏൽപ്പിക്കാതെ സമാധാനല്യ കുട്ട്യേ ഈ വയസന് മരിക്കാൻ പോലും..”
അതും പറഞ്ഞ് നിറഞ്ഞ് വന്ന അച്ഛൻ്റെ മിഴികൾ തുടക്കുമ്പോൾ ഉള്ളിലുള്ള സങ്കടം ഞാൻ ഒളിപ്പിച്ചു…
ഇനിയും ആ പാവത്തിന് സങ്കടങ്ങൾ നൽകുന്ന കാര്യങ്ങൾ വേണ്ട എന്ന് കരുതി…
” അതേ കഞ്ഞി തന്നിട്ടേ ഒരു ഗുളിക കഴിക്കാൻ ണ്ട്….. ഞാൻ കഞ്ഞി എടുക്കട്ടെ ട്ടോ… “
എന്നും പറഞ്ഞ് കൊണ്ടുവന്ന കഞ്ഞി കിണ്ണത്തിലേക്ക് പകർത്തി ആവശ്യത്തിന് ഉപ്പ് ചേർക്കുമ്പോൾ നിറഞ്ഞ മിഴികൾ അച്ഛൻ കാണാതെ തുടച്ചു ..
ഇത്തിരി കഴിച്ചപ്പോഴേക്ക് മതി”
എന്ന് പറഞ്ഞ അച്ഛനെ ചീത്ത പറഞ് മുഴുവൻ കുടിപ്പിക്കുമ്പഴാണ് അവർ വന്നത്…
മനക്കലമ്മയും, ഗൗതം സാറും…
ഗൗതം സാർ ഒഫീഷ്യൽ യൂണിഫോമിലായിരുന്നു …
വേഗം കഞ്ഞി കൊടുത്ത് വാ തുടച്ചു….
മറക്കാതിരിക്കാൻ പറഞ്ഞ ടാബ്ലറ്റ് കയ്യിൽ കൊടുത്തു…
“എന്താണ്ടായേ ശങ്കരേട്ടാ….?”
മനക്കലമ്മ അച്ഛൻ്റെ കൈ പിടിച്ച് ചോദിച്ചു..
“ഒന്നൂല്യ കുഞ്ഞേ… നെഞ്ചിന് ചെറിയ വേദന തോന്നി.. കുട്ടിയോട് പറഞ്ഞപ്പോ അവളാ തെക്കേലെ സേതുനെ വിളിച്ച് ഇവിടെ എത്തിച്ചത്…..
ഹാ… അതോണ്ട് ജീവനോടെ ണ്ട് ഇപ്പഴും….”
മനക്കലമ്മ അപ്പോൾ വാത്സല്യത്തോടെ എൻ്റെ മുടിയിൽ തഴുകി …
“പേടിച്ചു പോയീല്ലേ കുട്ടിയേ നീയ്യ്.. കണ്ണും മുഖോം കണ്ടാ മതി….!”
ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു…
” ഞങ്ങളുമുണ്ടായില്യ ഒരാവശ്യം വന്നപ്പോ…. ഗൗതത്തിന് ഒരു മീറ്റിങ്ങ് കൊല്ലൂര് വച്ചാന്ന് പറഞ്ഞപ്പോ മൂകാംബിക അമ്മയെ കാണാൻ
ഒരു മോഹം….. അതാ കൂടെ ഇറങ്ങിയേ… ആ നടക്കൽ നിന്ന് കുറേ നേരം തൊഴുതു… പുറത്തിറങ്ങിയപ്പോഴാ അറിഞ്ഞേ ശങ്കരേട്ടനെ….. “
ഞാൻ കണ്ണിമ ചിമ്മാതെ മനക്കലമ്മയെ തന്നെ നോക്കി ഇരുന്നു ….
ഗൗതം സാർ ഒരു ഫോൺ വന്നിട്ട് പുറത്തേക്ക് പോയതായിരുന്നു …..
“മോളൊറ്റക്ക്.. ഓർക്കും തോറും ആധിയായി .. ചെറുപ്പം മുതൽ കാണണതാ
ശങ്കരേട്ടനെ…. ഒരു കൂടപ്പിറപ്പ് തന്നെയാ നിക്ക്… അറിഞ്ഞത് മുതൽ ഗൗതത്തിന് സൊയ്ര്യം കൊടുത്തിട്ടില്യ .. ങ്ങട് പോന്നു “
അച്ഛൻ നന്ദിയോടെ മനക്കലമ്മയെ നോക്കി കൈകൂപ്പി ..
എത്ര നന്ദി പറഞ്ഞാലാ തീരുക എന്ന് ചിന്തിച്ച് നിൽക്കാരുന്നു ഞാനും..
ഇതു പോലെയും ചിലരുണ്ട് … തന്നെ ചേർന്ന് നിൽക്കുന്നവരുടെയും കാര്യങ്ങൾ കടമയായി ഏൽക്കുന്നവർ..
വല്യ മനസുള്ളവർ നന്ദി പറഞ്ഞാൽ അതും കുറഞ്ഞു പോകും…
“ടീച്ചറു കുട്ടി ഈ ലോകത്തല്ലേ?”
എന്ന് കയ്യിൽ മൃദുവായി പിടിച്ച് മനക്കലമ്മ ചോദിച്ചു…
മെല്ലെ ഒന്ന് ചിരിച്ച് വാത്സല്യം തുളുമ്പുന്ന ഐശ്വര്യമുള്ള ആ മുഖത്തേക്ക് നോക്കി…
” ഫോൺ വന്നാ പിന്നെ ഗൗതത്തിനെ കിട്ടില്ല മോള് പോയി ഇങ്ങട് വരാൻ പറ മതി ഫോണിൽ പറഞ്ഞത് എന്ന് പറ”
കുട്ടികളെ പോലെ പരിഭവിച്ച് പറയുന്ന മനക്കലമ്മയെ ചിരിയോടെ നോക്കി പുറത്തേക്കിറങ്ങി….
അവിടെ വരാന്തയിൽ ഫോൺ തോളിനും ചെവിക്കും ഇടയിൽ തിരുകി വച്ച് എന്തൊക്കെയോ പറയുന്നുണ്ട്..
ഒപ്പം കയ്യിലെ ഫയലിൽ നിന്നും ഏതോ പേപ്പർ എടുക്കാൻ ശ്രമിക്കുന്നു…..
അടുത്തേക്ക് ചെന്നു ..
പെട്ടെന്ന് ഗൗതം സാറിൻ്റെ കയ്യിലെ പേപ്പേഴ്സ് നിലത്ത് വീണിരുന്നു ..
ഞാൻ വേഗം ഓടിച്ചെന്ന് എടുത്ത് കൊടുക്കാൻ നോക്കി…
അപ്പഴേക്കും ഫോൺ കട്ട് ചെയ്ത് എൻ്റെ കൂടെ പേപ്പർ നിലത്ത് നിന്ന് പെറുക്കാൻ തുടങ്ങി…
” മനക്കലമ്മ വിളിക്കണ്ട് സാറിനെ .. “
“ദാ വന്നു.. ശങ്കരമാമയെ ശരിക്ക് കണ്ടും കൂടി ഇല്ല … അപ്പഴേക്ക് വന്നു ഫോൺ .. “
പേപ്പർ എടുക്കുന്നതിനിടയിൽ ഗൗതം സാർ പറഞ്ഞു…
ഞാൻ എടുത്ത പേപ്പറുകൾ സാറിൻ്റെ നേർക്ക് നീട്ടിയപ്പഴാണ് അത് കാണുന്നത് … ഏറ്റവും മുകളിലായി ,
ഒരു രേഖാചിത്രം ..
നീട്ടിയ പേപ്പർ പിൻവലിച്ച് സൂക്ഷിച്ച് നോക്കി…..
” അനന്തേട്ടൻ….””
മുടി കുറ്റിയാണ് ഇതിൽ എന്ന തൊഴിച്ചാൽ:…
മൂക്കിൻ്റെ നടുവിലെ കറുത്തപുളളി പോലും അതുപോലെ രേഖപ്പെടുത്തിയിട്ടുണ്ട് …..
അപ്പഴാണ് ഞാൻ അതും നോക്കി നിൽക്കുന്നത് ഗൗതം സാറ് കാണുന്നത് ..
” സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാ….. മിടുക്കൻ, ക്രിമിനൽസ് ആയാൽ ഇങ്ങനെ വേണം..
ക്രിസ്റ്റോ “””
എന്നാ റെക്കോഡിൽ ..
ശരിക്കുള്ള പേര് ആർക്കറിയാം.. ആർക്കും ഇവനെ പറ്റി മത്രം ഒന്നും അറിയില്ല….
ഒരു പുകമറ പോലെ ഒരുത്തൻ …
അവനെ നേരിട്ട് കണ്ടവർ ജീവിച്ചിരിപ്പുമില്ല… കൊന്നു തളളി… ഒടുവിൽ ഇത്തിരി ജീവൻ ബാക്കി വച്ച ഒരുവൻ അവസാനമായി പറഞ്ഞ പ്രകാരം ഞാൻ വരച്ച അവൻ്റെ പടമാ.. എത്രത്തോളം ശരിയാണെന്ന് അറിയില്ല … ചോദിക്കാനായി ആരും ഇല്ല താനും.. തലവേദന കേസാണെന്നേ…. “
ഗൗതം സാറിൻ്റെ ഉള്ളിലെ സ്ട്രെസ് കുറക്കാനാ തന്നോട് പറഞ്ഞത് എന്ന് തീർച്ചയുണ്ടായിരുന്നു എനിക്ക്,…..
പക്ഷെ കേട്ടതിൻ്റെ ഷോക്കിൽ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുകയാണ് ഞാൻ അപ്പഴും…..
” കുറേ നേരമായല്ലോ നോക്കി നിൽക്കുന്നു അറിയോ തനിക്കിയാളെ??”
“ഏയ് ഇല്യ”
തമാശയായിട്ടാണ് ഗൗതം സാർ ചോദിച്ചത് എങ്കിലും വിറച്ചിട്ടാണ് മറുപടി പറഞത് …
എന്തോ അങ്ങനെ പറയാനാണ് തോന്നിയത്…
ഗൗതം സാർ അകത്തേക്ക് പോയി അപ്പഴും അവിടെ തറഞ്ഞ് നിന്നു താൻ….
മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്ത ഗൗതം സാർ മനക്കലമ്മ കരഞ്ഞ് പറഞ്ഞിട്ട് ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി വന്നിട്ട് കുറച്ചേ ആയുള്ളൂ അതായിരിക്കാം അനന്തേട്ടനെ കണ്ട് തിരിച്ചറിയാഞ്ഞത്……
എന്തോ അറിയില്ല എന്ന് പറയാനാ തോന്നിയത്….
പക്ഷെ, പറഞ്ഞതെന്തെന്ന് വ്യക്തമായില്ല.
സ്വർണ്ണക്കടത്ത്: … കൊലപാതകം..
മരവിപ്പായിരുന്നു ഉള്ളിൽ…
പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല .. എന്നാലും പ്രതീക്ഷയോടെ ഓർത്തു, അത്,
അനന്തേട്ടൻ ആവില്ല ..
ഇത് മറ്റാരോ ആണ്..
“ക്രിസ്റ്റോ….
അതല്ലേ പേര് പറഞ്ഞത്..
അതെ…..മറ്റാരോ ആണ് ഇത്…
ഗൗതം സാറ് ഡോക്ടറുടെ അടുത്ത് ചെന്ന് എല്ലാം വിശദമായി ചോദിച്ചു….
വേറേ കുഴപ്പമൊന്നുമില്ലെങ്കിൽ നാളെ രാവിലെ വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു..
ഗുളികകൾ കണ്ടിന്യൂ ചെയ്ത് രണ്ട് മാസം കഴിഞ്ഞ് ഡോക്ടറെ വന്ന് കാണണം…
വിശദമായി പറഞ്ഞ് തന്ന് എന്നെ ആശ്വസിപ്പിച്ചു…
പക്ഷെ മനസിപ്പഴും ഗൗതം സർ പറഞ്ഞതിൽ ഉടക്കി നിൽക്കുകയാണ്….
എന്തോ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു ആ ചിന്തകൾ…
പോകാൻ നേരം ഇത്തിരി പണം കൂടെ അച്ഛനെ ഏൽപ്പിച്ചു…
ബില്ലുകൾ എല്ലാം പേ ചെയ്തു എന്ന് പറഞ്ഞപ്പോൾ അച്ഛൻ മിഴികൾ ഒപ്പുന്നത് കണ്ടിരുന്നു…
തൊഴു കയ്യാലെ വിട പറയുമ്പോൾ അച്ഛൻ്റെ ചുണ്ടുകൾ വിറകൊണ്ടു…
പൂവിട്ട് തൊഴണം അത്രക്ക് വലിയവരാ … എന്ന് അവരിറങ്ങിയപ്പോൾ എന്നെ നോക്കി പറഞ്ഞു…
മറുത്തൊരഭിപ്രായം എനിക്കും ഇല്ലായിരുന്നു ..
രാത്രി അച്ഛൻ്റെ മരുന്ന് എടുത്ത് കൊടുത്ത് തിരിഞ്ഞതും അച്ഛൻ വിളിച്ചു..
“തനൂട്ടാ…”
ഞാനും മനക്കലെ അമ്മയും സംസാരിച്ചത് നിന്നെ പറ്റിയാരുന്നു…
സംശയത്തോടെ അച്ഛനെ നോക്കി ഞാൻ …
“നിന്നെ വേഗം ഒരു കയ്യിൽ ഏൽപ്പിക്കണമെന്ന് ….
അത് കേട്ടപ്പോൾ എന്തോ തല താണു…
” കേക്കണുണ്ടോ കുട്ട്യേ നീയ്യ് “
എന്ന് അച്ഛൻ വീണ്ടും ചോദിച്ചപ്പോ,
“ഈ രാത്രി വേണ്ടല്ലോ നേരം ഒന്ന് വെളുത്തിട്ട് പോരെ എന്ന് കുസൃതിയോടെ ഞാൻ ചോദിച്ചു.. “
ചിരിയോടെ
“മതി “
എന്ന് പറഞ്ഞ് അച്ഛൻ കിടന്നെങ്കിലും എൻ്റെ മനസ് പ്രക്ഷുബ്ദമായിരുന്നു അലറിയിരമ്പുന്ന കടല് പോലെ….
രാവിലെ എല്ലാം നോർമലാണ് എന്ന് കണ്ട് ഡിസ്ചാർജ് എഴുതി തന്നു..
അച്ഛനെ വീൽ ചെയറിൽ ഇരുത്തി ഉന്തി കൊണ്ട് പോയി..
മനക്കലെ കാറ് പറഞ്ഞ് വിട്ടിരുന്നു..
ആശുപത്രിയുടെ മുൻവശത്ത് എത്തിയപ്പോൾ അയാളെ കണ്ടു…
” രഞ്ചൻ ഫിലിപ്പ് “
ഒരു നന്ദി കൂടെ പറയാൻ പറ്റിയില്ല…
” അച്ഛാ ഇപ്പ വരാ ട്ടോ “
എന്ന് പറഞ്ഞ് അയാളുടെ പുറകേ ഓടി ..
കയ്യിൽ മരുന്നുകളുമായി ധൃതിയിൽ അയാൾ മുന്നിൽ പോയി ..
വേഗം ചെന്ന് ഒരു കാറിൽ ഡ്രൈവിംഗ് സീറ്റിൽ കയറി…
പെട്ടെന്നാണ് അതിൻ്റെ അപ്പുറത്തെ ആളെ കണ്ടത്…
” അനന്തേട്ടൻ”
എന്താ നടക്കുന്നത് എന്നറിയാതെ ഞാൻ അവിടെ തന്നെ തറഞ്ഞ് നിന്നു…
(തുടരും)
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anandhan written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Story is good and way of presentation was good … Just a request, we viewers don’t wish tragedy story..So we wish this would be a happy ending ,😊