Skip to content

അനന്തൻ – ഭാഗം 3

anandhan novel

“ഞാ.. ഞാൻ ചായ എടുക്കാ അപ്പച്ചീ “

എന്ന് പറഞ്ഞ് അകത്തേക്ക് പോയി…

മൂന്ന് ഗ്ലാസ് വെളളം അടുപ്പത്ത് വച്ച് അടുപ്പും ഊതി കത്തിച്ച് അടുക്കള വാതിൽ ചാരി നിന്നു….

ഉള്ള് നീറി പിടയാണ്….

ആ ഒരാൾ കാരണം ..

“” അനന്തേട്ടൻ”

ഓർക്കും തോറും ശ്വാസം വിലങ്ങി ആ പാവം പെണ്ണിന്…

മോഹത്തിൻ്റെ ഒരു തിരി ഉള്ളിലിട്ട് തന്നിട്ട്… അത് ഊതി ഊതി നീറ്റിയിട്ട് …. ഇന്നതൊരു വലിയ അഗ്നിയായി മാറിയിരിക്കുന്നു അനന്തേട്ടാ… ഈ പാവം പെണ്ണിനെ ജീവനോടെ ചുട്ടെരിക്കുന്നു അത്….

തമാശയായിരുന്നോ എല്ലാം ….. ഇഷ്ടം പറഞ്ഞില്ല… കാത്തിരിക്കാൻ പറഞ്ഞില്ല…

ന്നട്ടും ഒരു പൊട്ടിപ്പെണ്ണ് കാത്തിരിക്കാ…. എന്തിനാന്നറിയാതെ…

പൊന്തി വന്ന തേങ്ങൽ ആരും കേൾക്കാതിരിക്കാൻ വായ പൊത്തി..

വേഗം മിഴി തുടച്ച് അകത്തേക്ക് പോകാൻ ഒരുങ്ങിയപ്പഴാണ് ,

” തൻമയ…”

എന്ന് വിളിച്ചത് കേട്ടത്…

” അപ്പേട്ട “

മുന്നിലുള്ള ആളെ കണ്ടതും എന്ന് വിളിച്ചു….

” അപ്പേട്ടൻ… അപ്പു…താനും അമ്മയും അല്ലാതെ ആരുമങ്ങനെ എന്നെ വിളിക്കാറില്ലടോ…”

എവിടേയോ നോക്കി പറയുന്നയാളിന് തെളിച്ചമില്ലാത്ത ഒരു ചിരി മറുപടിയായി കൊടുത്തു….

” അമ്മ കല്യാണക്കാര്യം പറഞ്ഞപ്പോൾ ഈ മുഖം വാടിയത് ഞാൻ കണ്ടിരുന്നു…. കാരണം ഞാൻ ചോദിക്കുന്നില്ല .. പക്ഷെ പതിനേഴു വയസുള്ള കുട്ടിയാ താൻ .. കുട്ടി..

അമ്മയോട് ആവുംവിധം പറഞ്ഞതാടോ താനൊന്ന് വളർന്ന് വലുതാവട്ടെ ന്ന്.. അപ്പോ ഒന്ന് പറഞ്ഞ് വക്കാം ന്ന് അമ്മ …”

ചെറു ചിരിയോടെ പറയുന്നവനെ അത്ഭുതത്തോടെ നോക്കി…

“താൻ പഠിക്ക് … എന്നിട്ട് സ്വന്തം കാലിൽ നിൽക്കാറാവുമ്പോ ഞാൻ ഒന്നൂടെ വരാം തൻ്റെ അപ്പച്ചിയേം കൂട്ടി.. അന്ന് തൻ്റെ മനസ്

മറ്റാർക്കും കൊടുത്തിട്ടില്ലെങ്കിൽ.. എന്നെ ഉൾക്കൊള്ളാനാവുമെങ്കിൽ അന്ന് ….. അന്ന് നമുക്ക് ആലോചിക്കാം … “

ചായ തിളച്ച് അടുപ്പിൽ വീഴുന്ന ശബ്ദം കേട്ട് മറുപടി നിറഞ്ഞ ഒരു ചിരിയിൽ ഒതുക്കി ഞാൻ തിരിഞ്ഞു ..

ആളിപ്പടരുന്ന തീ നാളങ്ങൾക്ക് മീതെ ചായ തൂവിപോകുമ്പോൾ അവ അണഞ്ഞടങ്ങുന്ന പോലെ ഉള്ളിലെ തീയും ഇപ്പോൾ ഒത്തിരി അണഞ്ഞടങ്ങിയിക്കുന്നു ..

എങ്കിലും അനന്തൻ”””

ഒരു സമസ്യയായി തന്നെ മുന്നിൽ നിന്നു ..

                     

അപ്പച്ചിക്ക് , അവളുടെ പഠിത്തം കഴിഞ്ഞിട്ട് ആലോചിക്കാം എന്ന് പറഞ്ഞ് അച്ഛൻ വാക്കു കൊടുക്കുമ്പോഴും

എന്നെ മനസിലാക്കാൻ കഴിയുന്ന ഒരാൾ ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു എൻ്റെ ബലം …

ആ മുഖത്തേക്ക് നോട്ടം നീണ്ടപ്പോൾ ചിമ്മിത്തുറന്ന കുസൃതി കണ്ണുകൾ ആത്മവിശ്വാസം പകർന്നിരുന്നു..

തിരികെ പോകുമ്പോൾ

” വച്ചോളൂ ആവശ്യം വരും “

എന്ന് പറഞ്ഞ് കയ്യിൽ ഒരു ചെറിയ മൊബൈൽ ഫോൺ വച്ചു തന്നു അപ്പേട്ടൻ….

ആദ്യമായി കിട്ടിയ വില കൂടിയ സമ്മാനം….

വാങ്ങാതെ അച്ഛനെ നോക്കിയപ്പോൾ വാങ്ങിക്കോളൂ എന്ന മട്ടിൽ തല ചലിപ്പിച്ചിരുന്നു…

“താങ്ക്സ് “

എന്നു മാത്രം വായിൽ നിന്നും വന്നുള്ളൂ…

ഒപ്പം

പോട്ടെ എന്ന് തലയാട്ടി ചോദിച്ചയാളോട് ശരി എന്ന ഒരു തലയാട്ടലും…

                          

അനുവിനെ കാണിക്കാനാണ് മൊബൈൽ ഫോണും എടുത്ത് ഓടിച്ചെന്നത്..

മുറ്റത്ത് ഫർണിച്ചർ നിറച്ച ഒരു ലോറി മാത്രം…. സൈഡിലേക്ക് നീങ്ങി നിന്നതും അതും പോയി …

താക്കോലുമായി നിൽക്കുന്ന അയൽപക്കത്തെ ചേച്ചിയോടാണ് ചോദിച്ചത്

” അനന്യയും അമ്മയുമൊക്കെ എവിടെ എന്ന്?”

“ഒന്നുമറിയില്യ മോളെ പെട്ടെന്ന് ഒക്കെ കെട്ടിപ്പെറുക്കി ഇന്ന് രാവിലെ പോയി ….. ഞങ്ങളോട് കൂടി ഒന്നും മുൻകൂട്ടി പറഞ്ഞില്യ… മോളോടും പറഞ്ഞില്യ ല്ലേ… ചെക്കന് ദുബായില് നല്ല പണിയാത്രെ കിട്ടിയെ… പണം വാരുകയല്ലേ …. പിന്നെ എന്തിനാ അയൽക്കാര്… ഒടമസ്ഥനെ എൽപ്പിക്കണേ ന്നും പറഞ്ഞ് താക്കോല് തന്നു അതെന്നെ … “

ഒന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല …..

സഹോദരിയായി കരുതിയവളും…. അമ്മയെ പോലെ കണ്ടവരും ഒന്നു മിണ്ടുക കൂടെ ചെയ്യാതെ പോയതിൻ്റെ ആഘാതത്തിലായിരുന്നു ഞാൻ ……

                     

“ചെലപ്പോൾ തോന്നും സ്വന്തം മനസാണ് ഏറ്റവും വലിയ ശത്രു എന്ന്…. ഓർക്കരുത് എന്ന് കരുതി മാറ്റി വച്ച പലതും തെരഞ്ഞെടുത്ത് തരും അത് .. വീണ്ടും വീണ്ടും ഓർക്കാൻ ….. അതിൻ്റെ നോവിൽ നീറാൻ….”

അഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു അവൾ പോയിട്ട് ..

” അച്ഛൻ്റ കുട്ടി എന്തേലും വന്നൊന്ന് കഴിക്കടാ …. എത്ര ദിവസായി നേരാം വണ്ണം ഒന്ന് കഴിച്ചിട്ട് “

കട്ടിലിൽ തല വച്ച് നിലത്ത് ഇരുന്ന എൻ്റെ തലയിൽ മൃദുവായി തലോടി അത് പറയുമ്പോൾ ആ ഉള്ള് പിടയുന്നത് അറിയാനുണ്ടായിരുന്നു …

“ഒന്നോടിയാൽ എത്തണ ദൂരല്ലേള്ളൂ അച്ഛാ ഇങ്ങട്, ഒന്ന് പറഞ്ഞിട്ട് പോയിക്കുടാരുന്നോ അവൾക്ക്…?”

അഛൻ്റെ മടിയിലേക്ക് തല വച്ചത് പറഞ്ഞപ്പോൾ,

“സമയം കിട്ടീണ്ടാവില്യ.. അല്ലെങ്കിൽ മറ്റെന്തെങ്കിലും സാഹചര്യം വന്ന് പെട്ടിട്ടാവും.. ഇനീം വരാലോ ആ കുട്ടിക്ക് ഇങ്ങട് .. വരും… ആ കുട്ടി നിന്നെ കാണാൻ ഉറപ്പായിട്ടും വരും ട്ടോ…. “

എന്ന് നോവോടെ ആശ്വസിപ്പിക്കുന്ന അച്ഛനെ ഇനീം വിഷമിപ്പിക്കാൻ ആവുമായിരുന്നില്ല …

മെല്ലെ മുഖം കഴുകി വന്നപ്പഴേക്ക് രണ്ടു കിണ്ണത്തിൽ കഞ്ഞിയും.. ഉപ്പുമാങ്ങ ചീനമുളക് ഉടച്ചതും… പ്ലാവില കുമ്പിൾ കുത്തിയതും ഒക്കെ അച്ഛൻ തന്നെ എടുത്ത് വച്ചിരുന്നു..

കൂടെ ചെന്നിരുന്നപ്പോൾ പ്ലാവിലയിൽ ഇത്തിരി കഞ്ഞി കോരിയും തന്നു …

കഴിക്കാൻ ഞാൻ വന്നതിൻ്റെ സംതൃപ്തി ആ പാവത്തിൻ്റെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു…

ഇനിയീ പാവം അച്ഛനെ ഞാനായിട്ട് വിഷമിപ്പിക്കില്ല എന്ന് മനസിൽ ഞാനും ഉറപ്പിച്ചിരുന്നു..

                       

മനക്കലമ്മയുടെ ആഗ്രഹപ്രകാരം ടി.ടിസിക്ക് തന്നെ ചേർന്നു …

ഇളം പച്ച സാരിക്ക് കടും പച്ച ബ്ലൗസ് അതായിരുന്നു യൂണിഫോം …

ആദ്യമേ സാരിയുടുക്കാൻ പഠിച്ചത് കൊണ്ട് അത്ര പ്രശ്നമില്ലായിരുന്നു ..

ക്ലാസ് തുടങ്ങാൻ ഇനീം ഒരാഴ്ചയുണ്ട്…

അപ്പച്ചി ഒന്നിടവിട്ട ദിവസങ്ങളിൽ വിളിക്കുമായിരുന്നു …

കുറേ നേരം എന്നോടും അച്ഛനോടും സംസാരിക്കും….

അപ്പേട്ടൻ്റെ കാര്യം അപ്പച്ചിയിൽ നിന്നും അറിയും എന്നല്ലാതെ അപ്പേട്ടൻ ഒരിക്കലും ഫോൺ വിളിക്കുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല ..

എങ്കിലും അപ്പേട്ടൻ എന്ന പേര് സുരക്ഷിതത്വം നൽകുന്ന ഒരു രക്ഷകർത്താവിൻ്റെ സ്ഥാനത്തേക്ക് മനസ് നീക്കി നിർത്തിയിരുന്നു…..

                     

ഒരിക്കലും ആഗ്രഹിച്ചതല്ല എങ്കിലും ചേർന്ന് ഇത്തിരി കഴിഞ്ഞപ്പോഴേക്ക് വല്ലാതെ ഇഷ്ടമായി ടിടിസി….

മെരുക്കാൻ പോകുന്ന കുഞ്ഞു വീരന്മാരെ ഓർത്ത് കൗതുകം തോന്നി…..

പ്രാക്ടീസിനായി അടുത്തുള്ള എൽ പി സ്കൂളിലെത്തിയതും കുറുമ്പൻമാരും കുറുമ്പികളും മനസ് നിറച്ചിരുന്നു..

ഏതൊരു തൊഴിലിനേക്കാൾ മനസിന് കുളിർമയേകുന്നതാണ് അധ്യാപനം എന്ന തിരിച്ചറിവിൽ എത്തിയിരുന്നു ഞാൻ…

രണ്ട് വർഷം പോയതറിഞ്ഞില്ല …..

എക്സാമും കഴിഞ്ഞ് ടെറ്റും എഴുതി റിസൽട്ടിനായി ഇരിക്കുകയാണ്…….

റിസൽട്ട് വരുന്നത് ഇന്നാണ്,

രാവിലെ മുതലേ ഒരു വിറയൽ…. കിട്ടില്ലേ…’? എന്നൊരു ഭയം…

അതാ കണ്ണനെ കണ്ട് ഒന്ന് തൊഴാം എന്ന് കരുതീത്……

അവിടെ ചെന്ന് മനസ് തുറന്ന് സങ്കടം മുഴുവൻ ആ ഇന്ദ്രജാലക്കാരനോട് പറഞ്ഞപ്പോ ഇത്തിരി സമാധാനം…

ആ ഒരു സംതൃപ്തിയിൽ നടന്ന് വരുമ്പോഴാണ്

വഴിയിൽ പട്ടുസാരി ഒക്കെ ഉടുത്ത് രേഖ ചേച്ചിയെ കണ്ടത്…

അനുവിൻ്റെ ചേച്ചി അനുപമയുടെ ഭർത്താവിൻ്റെ പെങ്ങൾ …..

അവർ ഭർത്താവിൻ്റെ കൂടെ ബോംബെയിൽ ആണ് ഇവിടെ ഉള്ള വീട് അടച്ചിടാറാണ്…

” രേഖ ചേച്ചി എന്നാ വന്നേ?”

“ഇന്നലെ … അനൂൻ്റെ കല്യാണത്തിനായി വന്നതാ… അല്ല ! പ്രിയപ്പെട്ട കൂട്ടുകാരി വരണില്ലേ ….?”

എന്ന് ചോദിച്ചപ്പോൾ വിശ്വാസം വരാതെ ഞാനവരെ തന്നെ നോക്കാരുന്നു..

“എൻ്റെ ….. എൻ്റെ അനൂൻ്റെ കല്യാണോ?”

എന്ന് ചോദിച്ച് ….

ചെവിയിൽ വണ്ട് മൂളും പോലെ …

” അനന്തൻ എത്തീട്ട്ണ്ട് “

ഇടയിൽ അതും കേട്ടിരുന്നു വ്യക്തമായി .. …..

അനന്തൻ, അനു, അമ്മ അവരൊക്കെ അന്യരായി തീർന്നിരിക്കുന്നു,

വിശ്വസിക്കാൻ വയ്യ….

ഇതാണ് സത്യം എന്നത് ഉള്ളിൽ നീറ്റലുണ്ടാക്കുന്നു…..

പണ്ട് പെണ്ണ് കളിയായി പറഞ്ഞത് വെറുതേ ഒന്നോർത്തു ..

“””” ടീ തനൂ നിനക്ക് ഒരാങ്ങള ഉണ്ടായിരുന്നെങ്കിൽ അയാളെ ഞാനും, ൻ്റെ അനന്തേട്ടനെ നീയും കെട്ടിയാൽ നമ്മൾക്ക് എന്നും ഇങ്ങനെ ചേർന്ന് തന്നെ നിക്കാലേ…. ചാവും വരെ… “””

അത് കേട്ടന്ന് പെണ്ണിൻ്റെ കവിളിൽ അമർത്തി മുത്തിയതും, അവളെന്നെ ചേർത്ത് ഇറുക്കി പിടിച്ചതും എല്ലാം……..

സുഖമുള്ള നോവുള്ള ഓർമ്മകൾ മാത്രമായി മാറിയിരിക്കുന്നു അവയെല്ലാം …

“എന്താ കുട്ട്യേ പാലത്തിൽ ഇരുന്ന് കരയണേ? എന്തേ?”

എന്ന ദേവു അമ്മയുടെ ചോദ്യമാണ് മറ്റേതോ ലോകത്ത് നിന്ന് തിരികെ കൊണ്ട് വന്നത്…

അതെ, ഞാനിപ്പഴും ഇവിടെ തന്നെയാണ്….

എല്ലാവരും നടന്ന് നീങ്ങി.. ഒന്നുമറിയാതെ ഓർമ്മകളുടെ ലാളനങ്ങൾ വിശ്വസിച്ച് യഥാർത്ഥത്യം ഉൾക്കൊള്ളാതെ……

വേഗം കണ്ണ് തുടച്ച് ഒന്നും ഇല്ലെന്ന് തലയാട്ടി നടന്ന് നീങ്ങിയപ്പോഴും ദേവു അമ്മയുടെ കണ്ണുകൾ പല ചോദ്യങ്ങളുമായി പുറകിൽ തന്നെ ഉണ്ട് എന്ന് അറിയാമായിരുന്നു …..

                      

തന്നെ ഒരിക്കലും ഒറ്റപ്പെടുത്തില്ലെന്നുറപ്പുള്ള തനിക്കായി മാത്രം ജീവിക്കുന്ന ഒരാളുണ്ട് …..

” അച്ഛൻ”

അച്ഛനെ കാണാനാ അപ്പോൾ തോന്നിയത്…

ഓടി ചെന്നു മനക്കലേക്ക്…

അവിടെ മനക്കലമ്മയുടെ മകൻ ഗൗതം സാർ ഉമ്മറത്ത് ലാപ്ടോപ്പിൽ എന്തോ നോക്കുന്നു തൊട്ടടുത്ത് തന്നെ മനക്കലമ്മയും..

ഞാൻ വരുന്നത് ആദ്യം കണ്ടത് ഗൗതം സാറായിരുന്നു …..

ഡിവൈഎസ്പി,

ഭാര്യ അമേരിക്കയിൽ ഡോക്ടറാണ് മക്കളും അവിടെ തന്നെ ..,

സാറ് മാത്രം ഇവിടെ, ഇടക്ക് ലീവെടുത്ത് പോകും…

പണത്തിൻ്റെ ഹുങ്കോ ആർഭാടമോ ഇല്ലാത്ത മനക്കലമ്മയെ പോലെ പാവം….. ഒരു അമ്മാവനെ പോലെയാണ് തനിക്ക് …

“ഹാ കുട്ടി ടീച്ചർ എത്തിയോ?”

അത് പറഞ്ഞപ്പഴാണ് മനക്കലമ്മയും അച്ഛനും തിരിഞ്ഞ് നോക്കിയത്.. തന്നെ കാണുന്നത്…..

“തനൂട്ടാ…. നിനക്ക് കിട്ടും ന്ന് അച്ഛൻ പറഞ്ഞതല്ലേ കുട്ട്യേ… ഇപ്പെന്തായി.. ആ പറഞ്ഞത് കിട്ടീന്ന് മാത്രല്ല നല്ല മാർക്കും ണ്ട്…”

അഭിമാനത്തോടെ അതും പറഞ്ഞ് എന്നെ ചേർത്ത് പിടിക്കുമ്പോൾ ആ മിഴികൾ അനുസരണക്കേട് കാട്ടിയിരുന്നു …

ഈ അച്ഛൻ മാത്രം മതി ഇനി തൻമയക്ക് ..

ഇപ്പോ മുതൽ ഉറപ്പിക്കാ ഞാൻ,

നെഞ്ചോട് ചേർത്ത് ഒരു വാക്കു പോലും പറയാതെ പോയവൾക്കായി…

അമ്മയുടെ സ്നേഹവും കരുതലും വെച്ചു നീട്ടി കൊതിപ്പിച്ച് പോയവർക്കായി ….

പിന്നെ…. ഒരു ചുംബനത്തിലൂടെ മാത്രം ഹൃദയം കവർന്ന്, ചുറ്റും ശൂന്യത മാത്രം സമ്മാനിച്ചു എങ്ങോ പോയി മറഞ്ഞവനായി…

ഇനി കരയില്ല എന്ന്…..

” അക്കാദമിക് ഇയർ തുടങ്ങുമ്പോ സ്കൂളിൽ ജോയിൻ ചെയ്തോളൂ കുട്ടി ടീച്ചറ് “

എന്ന് വാത്സല്യത്തോടെ മനക്കലമ്മ പറഞ്ഞപ്പോൾ

എന്തോ ഒരാശ്വാസം ..

ഞാനും സ്വന്തം കാലിൽ നിൽക്കാൻ പോണു…

അച്ഛനെയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ, ഉള്ളിലെ നോവുന്ന ഓർമ്മകളെ ഉള്ളിൽ തന്നെ കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നു …

അതിനെൻ്റെ കൂടെ ബലത്തിനായി, വാർദ്ധക്യം ശക്തി ക്ഷയിപ്പിച്ചെങ്കിലും മതിയായ ഇരു കരങ്ങൾ ഉണ്ടായിരുന്നു …

                      

” ശർക്കരണ്ടോ തനൂട്ടാ”

എന്ന് മുറ്റത്തെ ചെമ്പകചോട്ടിൽ ഉറങ്ങുന്ന അമ്മയോട് മൗനത്തിൻ്റെ ഭാഷയിൽ സംസാരിക്കുമ്പോൾ അച്ഛൻ വന്ന് ചോദിച്ചു…

” ണ്ടല്ലോ…. എന്താ അച്ഛാ?”

“ന്നാ ഒരു നെയ് പായസം വച്ചോളൂ കുട്ടാ “

എന്ന്,

ചിരിച്ച് മുടിയിൽ തലോടി പറയുന്ന അച്ഛനെ കുസൃതിയോടെ നോക്കി…

വേഗം ചെന്ന് ഉണങ്ങല്ലരി കഴുകി അടുപ്പത്തിട്ടു…..

അപ്പഴേക്കും അച്ഛൻ ഉമ്മറത്ത് അപ്പച്ചിയോട് സംസാരിക്കുന്നത്  കേട്ടു….

അങ്ങോട്ട് വിളിക്കാൻ അറിയില്ല എങ്കിലും ഇങ്ങോട്ട് വരുന്ന കാളുകൾ എടുക്കാനറിയാം അച്ഛന്….

ഇടക്ക് അടുക്കളയിലേക്ക് വന്ന്,

“ദാ തനൂട്ടാ അപ്പുവാ…”

എന്ന് പറഞ്ഞ് ഫോൺ നീട്ടി…

“ഹ..ഹലോ…. “

ഫോൺ മേടിച്ച് ചെവിയോട് ചേർത്തപ്പഴേക്ക് അച്ഛൻ ഉമ്മറത്തേക്ക് തന്നെ പോയിരുന്നു ..

” കൺഗ്രാജ് സ് തൻമയ”

എന്ന് അപ്പേട്ടൻ്റെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തോ മുഖത്തൊരു നേർത്ത ചിരി വന്ന് മൂടി …

“താങ്ക്സ് “

എന്ന് ഒച്ച കുറച്ച് പറഞ്ഞപ്പോൾ അപ്പുറത്ത് നിന്ന് കേട്ടു

“മാമ പറഞ്ഞത് പോലെ സ്കൂളിൽ ജോയിൻ ചെയ്യൂ… എക്സ്പീരിയൻസ് എപ്പഴും നല്ലതാ…. പെർഫെക്ട് ആവും…. ഞാനും നാട്ടിൽ ഒരു പോസ്റ്റിന് ട്രൈ ചെയ്യുന്നുണ്ട്… എന്തോ അവിടെ സെറ്റിലാവാൻ തോന്നാ …. അച്ഛൻ്റെ ഇൻഷുറൻസ് തുക അങ്ങനെ കിടക്കുന്നുണ്ട്…. എടുക്കാൻ മടിയായിരുന്നു ചോര മണക്കുന്ന ആ പണം … വിഡ്ഡിത്തം… ഇനി അമ്മേ നല്ല നിലയിൽ നോക്കണം…. നാടാ നല്ലത്…”

ഇത്രം പറഞ് കട്ട് ചെയ്തപ്പോ എന്തോ ആവശ്യമില്ലാത്ത ഒരു ഭയം ഉള്ളിലേക്ക് അരിച്ചിറങ്ങും പോലെ ..

                     

അരി വെന്തപ്പോൾ ശർക്കരയും നെയ്യും ചേർത്ത് പാത്രത്തിലേക്ക് പകർന്ന് ഒരു സ്പൂണും ഇട്ട് അച്ഛന് കൊണ്ട് കൊടുത്തു…

“തനൂട്ടാ അമ്മേടെ ആ കവടി പിഞ്ഞാണം ഇങ്ങട് എടുത്തേ “

എന്ന് പറഞ്ഞപ്പോൾ കുണ്ടുള്ള ചെറിയ കവടി പാത്രം എടുത്തു കൊടുത്തു ഞാൻ,

വിശേഷിച്ച് എന്തേലും വച്ചാൽ ഇതാ പതിവ് ഈ പിഞ്ഞാണത്തിലാക്കി അമ്മക്ക് ആ ചെമ്പകചോട്ടിൽ കൊണ്ട് വച്ച് കൊടുക്കും…..

ഇന്ന് എൻ്റെ കയ്യും പിടിച്ചാ അച്ഛൻ ഇറങ്ങിയത് – …

” അമ്മിണീ … കുട്ടി ഒക്കെലും ഒന്നാമതായി ജയിച്ചു ട്ടോ…. അതിൻ്റെ മധുരാ – …. നിനക്കാവട്ടെ ആദ്യം…..”

എന്ന് പറഞ്ഞ് നോവുന്ന ചിരിയോടെ തൻ്റെ പ്രണയത്തിനായി സമർപ്പിക്കുന്ന അച്ഛൻ്റെ നെഞ്ചിൽ ചാഞ്ഞു ഒരേങ്ങലോടെ…

എന്നേയും ചേർത്ത് പിടിച്ച് അച്ഛനും …..

ഞങ്ങൾക്ക് പറയാൻ എല്ലാം ഇറക്കി വക്കാൻ ഈ ചെമ്പകത്തയ്യേ ഉള്ളൂ… സാന്ത്വനിപ്പിക്കാൻ അതിനെ തഴുകി വരുന്ന കാറ്റേ ഉള്ളൂ….

                       

രാത്രിയിലെ കഞ്ഞി കുടിച്ച് കഴിഞ്ഞാണ് അച്ഛൻ വിളിക്കുന്നത് …

പാത്രം കഴുകൽ പാതിയിൽ നിർത്തി ചെല്ലുമ്പോൾ ഇടനെഞ്ച് അമർത്തി തഴുകുന്നുണ്ടായിരുന്നു …

“എന്താ അച്ഛാ?”

“നെഞ്ഞിനൊരു വേദന കുട്യേ…. ആ അമൃതാഞ്ജൻ ഇട്ടൊന്ന് ഉഴിഞ്ഞ് തര്വോ…??”

ഓടിപ്പോയി അമൃതാഞ്ജനും കൊണ്ട് വന്ന് നെഞ്ച് തടവികൊടുക്കുമ്പോൾ ആകെ വിയർത്തി രു ന്നു അച്ഛൻ …..

” ഡോക്ടർടെ അടുത്ത് പോവാം ഞാൻ തെക്കേലെ സേതു ഏട്ടനോട് ഓട്ടോ എടുക്കാൻ പറയാം”

“വേണ്ട കുട്ട്യേ ഇതിപ്പ മാറും.. സേതുന്റെ ഭാര്യ മാസം തെകഞ് ഇരിക്കല്ലേ ? ബുദ്ധിമുട്ടിക്കണ്ട…. “

അച്ഛൻ്റെ എതിർപ്പ് വകവക്കാതെ സേതു ഏട്ടനെ വിളിച്ചു…..

ഓട്ടോയുമായി അപ്പോ തന്നെ എത്തിയിരുന്നു ..

തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു…

വേദന കൂടുന്നുണ്ട് എന്ന് അച്ഛൻ്റെ മുഖഭാവം മനസിലാക്കി തന്നു…

“സേതു ഏട്ടാ വേഗം ട്ടോ “

എന്ന് ഇടക്കിടക്ക് ഞാൻ പറഞ്ഞു….

ഒടുവിൽ ആശുപത്രി എത്തിയപ്പോ സേതു ഏട്ടനും ഞാനും കൂടെ കാഷ്വാലിറ്റിയിൽ എത്തിച്ചു…

അപ്പഴേക്കും സേതു ഏട്ടന് ഫോൺ വന്നു.. വീട്ടിൽ നിന്ന് ആ മുഖം മാറി,

“മോളെ ഞാൻ പോവാ ഷീനക്കെന്തോ വയ്യാന്ന് പറഞ്ഞു ”

എന്ന് പറഞ്ഞു ..

സേതു ചേട്ടൻ പോയതും ഡ്യൂട്ടി ഡോക്ടർ കാർഡിയോളജിസ്റ്റിനെ വിളിച്ചു…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു,

ഇ സി ജി യിൽ കണ്ട വാരിയേഷൻ… ആൻജിയോഗ്രാം ചെയ്തു…

ബ്ലോക്കുണ്ട് ആൻജിയോപ്ലാസ്റ്റി ചെയ്യണം അതും എത്രയും പെട്ടെന്ന് എന്ന്……

മനക്കലമ്മയും ഗൗതം സാറും സ്ഥലത്തില്ല..

പക്ഷെ പണത്തിൻ്റെ കാര്യം ഗൗതം സാർ ഏറ്റെടുത്തു …

പക്ഷെ ആണുങ്ങൾ ആരെങ്കിലും കൂടെ ഉണ്ടെങ്കിലേ , കേസ് ചെയ്യൂ എന്ന് ഡോക്ടർ തീർത്ത് പറഞ്ഞപ്പഴാ,

ഈ വൃദ്ധനും മകൾക്കും ആരുമില്ല എന്ന് മനസിലായത്..

കരഞ്ഞ് പറഞു ൻ്റെ കണ്ണനോട്…

അപ്പോഴാ കണ്ടത് ദൂരേന്ന് നടന്ന് വരുന്ന അനന്തേട്ടൻ….

കയ്യിൽ ഒരു കെട്ടുമുണ്ട്…

ഓടി ചെന്നു അടുത്തേക്ക് സഹായത്തിനായി…..

മറ്റൊന്നും വേണ്ട ഒരാളായി കൂടെ നിൽക്കാൻ മാത്രം …

” അനന്തേട്ടാ… “

പുറകേ ഓടിച്ചെന്ന് നീട്ടി വിളിക്കുമ്പോൾ, മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു …

ശബ്ദം ഇടറുന്നുണ്ടായിരുന്നു …

(തുടരും)

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!