ഇഷ്‌കിൻ താഴ്‌വാരം part 02

6802 Views

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-02

[തുടരുന്നു…]

“പേടിക്കൊന്നും വേണ്ട. ഉപ്പ എല്ലാവരെയും സഹായിച്ചു. ആരെയും പറ്റിക്കാൻ ഉപ്പാക്ക് അറിയില്ല. അതുകൊണ്ട് ഉപ്പയെ ആരൊക്കെയോ പറ്റിച്ചു. അതിന്റെ കണക്കൊന്നും എനിക്കറിയണ്ട. പക്ഷെ ഉപോയെ ഇല്ലാതാക്കിയതാണെങ്കിൽ അതിന്റെ കണക്ക് ഞാൻ ചോദിച്ചിരിക്കും. അത് ആരായാലും”

വണ്ടി മജീദ്ക്കയുടെ വീട്ടുമുറ്റത്ത് ചെന്നുനിന്നു.

മജീദ്ക്കാക്ക് പുറകിലായി അജ്മലും വീട്ടിലേക്ക് കയറി.

“അസീ… പോവാം”
അജു അസിയെ വിളിച്ചപ്പോൾ ഷാനയാണ് വന്നത്.
“അജുക്കാ ഒരു പത്തുമിനിറ്റ്… അവളിപ്പോ വരും”

അജു ഒന്ന് മൂളി.

ഷാന വീണ്ടും അകത്തേക്കുപോയപ്പോൾ അജ്മലും മജീദ്ക്കയും സംസാരിച്ചിരുന്നു.

റൂമിലെത്തിയ ഷാന അസിയെ പിടിച്ചിരുത്തി.
“എടീ അസീ… ഇക്കയോട് ഞാൻ പറഞ്ഞിട്ടുണ്ട്. നീ ഇരിക്ക് കുറച്ചുകഴിഞ്ഞിട്ട് പോവാട്ടോ”

“ഇന്ന് ഇക്കയെന്നെ വഴക്കുപറഞ്ഞാൽ പിന്നെ എന്നേ ഇങ്ങോട്ട് നോക്കണ്ട”

“അതൊന്നും ഉണ്ടാവില്ല. നമ്മുടെ അജുക്കയല്ലേ”

“എന്തോ എങ്ങനെ”

“അല്ല അസീ… നിന്റെ അജുക്ക”

“ഉവ്വ. മനസിലാവുന്നുണ്ട് മോൾടെ ചാട്ടം എങ്ങോട്ടാണെന്ന്. ഇക്ക അറിയണ്ട… ചുരുട്ടിമടക്കി കയ്യിൽതരും”

അസി അങ്ങനെ പറഞ്ഞപ്പോൾ ഷാനയുടെ മുഖംവാടുന്നത് അസി കണ്ടു.
“ഞാൻ വെറുതെ പറഞ്ഞതാണ് ഷാനാ. നീയതുവിട്”
അസി ഷാനയെ ഒന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ഇല്ല അസീ… ആദ്യമായി നീ ഇക്കയെപ്പറ്റി പറഞ്ഞതുമുതൽ പിന്നീടങ്ങോട്ട് ആ ഇക്കയോട് എനിക്കൊരു ആരാധന തോന്നിയതാണ്. ഞാൻ വളർന്നുകൊണ്ടിരിക്കെ എന്നിലുള്ള ആരാധനയും വളർന്നു. ഇപ്പൊ എന്തോ ഇക്കയുടെ പെണ്ണാവണമെന്ന് എനിക്കൊരു ആഗ്രഹം” ഷാന പറഞ്ഞതുകേട്ട് അസി കിളിപോയിനിന്നു.

“സത്യമാണ് അസീ… നിന്നോട് പറയാൻ പേടിയായിരുന്നു. ഇതൊക്കെ അറിഞ്ഞുകഴിഞ്ഞാൽ നീയെങ്ങനെയാണ് പ്രതികരിക്കുക എന്നെനിക്ക് അറിയില്ലായിരുന്നു. ഒരുപക്ഷെ നമ്മൾതമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരുമോ എന്നുഞാൻ ഭയന്നിരുന്നു” ഷാന വീണ്ടും പറഞ്ഞു.

“എന്റെ ഷാനാ… നിനക്കറിയാലോ അജുക്കയുടെ കഥകളൊക്കെ. നിന്നോട് ഞാൻ പറഞ്ഞതല്ലേ അതെല്ലാം. അതിനുശേഷം ഇക്ക മറ്റൊരു പെൺകുട്ടിയെ ആ കണ്ണുകൊണ്ട് കണ്ടിട്ടില്ല. അതുകൊണ്ട് ഇതറിയുമ്പോൾ ഇക്കയുടെ പ്രതികരണം എന്താവുമെന്നോർത്താ എനിക്ക് പേടി”

അസി കൂടുതലായി പറയുമ്പോഴേക്കും അജൂന്റെ ശബ്ദം കേട്ടു.
“അസീ… പോവാം നമുക്ക്”

“ആ ഇക്കാക്കാ… വരുന്നു”
അസി റൂമിലിരുന്നുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു.
ശേഷം ഷാനയെ കെട്ടിപ്പിടിച്ച്
“എന്റെ നാത്തൂനായി നീ വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്. എന്റെ ഇക്കയെ പൊന്നുപോലെ നോക്കണം”
അസിയും ഷാനയും ഒന്ന് ചിരിച്ചു.

ശേഷം ഷാനയോടൊപ്പം റൂമിൽനിന്നും പുറത്തിറങ്ങി അസി അജൂന്റെ അരികിലേക്ക് ഓടി.
“പോവാം”

“കഴിഞ്ഞോ നിങ്ങളുടെ കലാപരിപാടികൾ”

“ഇല്ല ഇക്കാക്കാ… ഇക്ക വിളിച്ചതുകൊണ്ട് വന്നതാ”
അസി പറഞ്ഞതും

“അജുക്കാ… അസിയെ ഇന്നിവിടെ എന്റെകൂടെ നിർത്താമോ” എന്ന ഷാനയുടെ ചോദ്യമെത്തി.

അജു ഷാനയെയും അസിയെയും മാറിമാറിനോക്കി.
“ഇവൾ നിൽക്കുമെങ്കിൽ നിന്നോട്ടെ” എന്ന് അജു പറഞ്ഞതും

“ഏയ്‌ അത് ശെരിയാവില്ല. ഞാൻ നിൽക്കില്ല. നമുക്ക് നാളെ ക്ലാസ്സിൽവെച്ച് കാണാം”
അസി അജൂന്റെ കൈപിടിച്ചു ഷാനയോട് മറുപടിപറഞ്ഞു.

“നിനക്ക് ഇക്കാക്കാനെ പിരിഞ്ഞ് ഒരുദിവസംപോലും മാറിനിൽക്കാൻ കഴിയില്ലല്ലേ… അത് ഞാൻ മറന്നു” ഷാന പറഞ്ഞതുകേട്ട് മജീദ്ക്കയും റസിയാത്തയും ചിരിച്ചു.
കൂടെ അജ്മലും അസിയും.

അസി അജൂന്റെ കൂടെ ആ വീട്ടിൽനിന്നും ഇറങ്ങി കാറിൽകയറി പോകുന്നത് ഉമ്മറത്തുനിന്ന് മജീദ്ക്കയും കടുംബവും നോക്കിനിന്നപ്പോൾ ഷാനയുടെ കണ്ണുകൾ ഡ്രൈവിംഗ്സീറ്റിലിരിക്കുന്ന അജുവിലായിരുന്നു.

പതിയെ കാറ് ആ ഗേറ്റുംകടന്ന് പോയി.

പ്രിയപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും മരണത്തിനുശേഷം ആദ്യമായാണ് ഇരുവരും ഉതുപോലെ മറ്റൊരുവീട്ടിലേക്ക് പോകുന്നത്.

“ഇക്കാക്കാ…”
കാറിലിരുന്ന് അസി അജുവിനെ വിളിച്ചു.

“പറ അസീ”

“അതേ എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്”

“എന്താണ് നീ പറ”

“ഇക്കാക്ക് വയസ്സ് ഇരുപത്തിനാല് കഴിഞ്ഞില്ലേ…?”

“ആ… മൂന്നുമാസം കഴിയുമ്പോൾ ഇരുപത്തിയഞ്ചാവും. എന്തേ…?”

“നമുക്ക് നമ്മളല്ലാതെ വേറെ ആരാണുള്ളത്…?”

“നമുക്ക് നമ്മളല്ലാതെ മൂത്താപ്പയുണ്ട് അമ്മായിയുണ്ട് രണ്ട് മാമനും ഉണ്ട്. അതുപോരെ…?”

“എന്നിട്ട് ഇവരാരും നമ്മുടെകൂടെ നമ്മുടെവീട്ടിലില്ലല്ലോ”

അത് കേട്ടപ്പോൾ അജു റോഡരികിലെ ഐസ്ക്രീം കടയുടെമുൻപിൽ വണ്ടിയൊതുക്കി.
“നിനക്ക് ഐസ്ക്രീം വേണോ അസീ”

“വേണ്ട. ഞാൻ ചോദിച്ചതിന് മറുപടിപറ”

അജു വണ്ടി വീണ്ടും മുന്നോട്ടെടുത്തു.
“ഇല്ല അസീ. അങ്ങനെ നോക്കുമ്പോൾ നമുക്ക് നമ്മളല്ലാതെ മാറ്റാരുമില്ല”

“എനിക്ക് വയസ്സ് പതിനെട്ടാവാൻ ഇനി ആറുമാസമൊള്ളൂ. എന്നെ കെട്ടിച്ചുവിടാൻ എന്തെങ്കിലും ഉദ്ദേശമുണ്ടോ…?”

അസിയുടെ ചോദ്യംകേട്ട അജു റോഡിൽനിന്ന് ശ്രദ്ധ ഒരുനിമിഷത്തേക്ക് അസിയിലേക്ക് മാറ്റി.

“നേരെനോക്കി ഓടിക്ക് ഇക്കാക്കാ”

“സമയമാവുമ്പോൾ കെട്ടിച്ചുവിടണം”

“അപ്പൊ കെട്ടിച്ചുവിടുമല്ലേ…?”

“പിന്നല്ലാതെ”

“അപ്പോൾ ഞാൻ മറ്റൊരുവീട്ടിലേക്ക് പോവില്ലേ..?”

“പിന്നെ പോവാതെ”

“ഞാനുംപോയാൽ എന്റെ ഇക്കാക്ക തനിച്ചാവില്ലേ…?”

അജു മറുപടിയൊന്നും പറയാതെ വാഹനത്തെ നിയന്ത്രിച്ചു.
അടഞ്ഞുകിടന്ന ഗേറ്റിനുമുന്നിൽ വണ്ടിനിർത്തി അജു കാറിൽനിന്നിറങ്ങി ഗേറ്റ് തുറന്ന് കാറുമായി അകത്തുകടന്നു.
പോർച്ചിൽ വണ്ടിനിർത്തി അജു വാതിൽതുറന്ന് വീടിനകത്തേക്ക് കയറി.
പുറകിലായി അസിയും.
രണ്ടുപേർക്കിടയിലും മൗനം അതിഥിയായെത്തി.
ആ അതിഥിയെ ഇല്ലാതെയാക്കി അസി വീണ്ടും ചോദ്യം തുടർന്നു.

“ഇക്കാക്കാനെ സങ്കടപ്പെടുത്താൻ ചോദിച്ചതല്ല. ഞാൻ പോയാൽ ഇക്ക തനിച്ചാകും. ഞാൻ ഇക്കാക്ക് ഒരു വിരുന്നുകാരിയായിമാറും. അതുകൊണ്ട് എന്നെ കെട്ടിച്ചുവിടുന്നുമുമ്പ് ഇക്ക ഒരു വിവാഹംകഴിക്കണം. പറ്റില്ല എന്നുപറയരുത്”

“ഇല്ല അസീ… നിന്നെ സുരക്ഷിതമായി മറ്റൊരാളുടെ കയ്യിലേൽപിക്കാതെ ഞാൻ വിവാഹം കഴിക്കില്ല”

“കഴിക്കണം. ഇക്കയെ തനിച്ചാക്കി ഞാൻ എവിടേക്കും പോകില്ല. നിക്കാഹിന് സമ്മതിക്കുകയുമില്ല” എന്ന് അസി കടുപ്പിച്ചുപറഞ്ഞപ്പോൾ

“നിന്റെ നിക്കാഹ്‌നടത്താൻ എനിക്ക് നിന്റെ സമ്മതം വേണമെന്നില്ല അസീ. അതുകൊണ്ട് കൂടുതൽ വാശിക്കാണിക്കരുത്”

അസിയുടെ കണ്ണുകൾ നിറഞ്ഞു.
അസി അടഞ്ഞുകിടന്ന അവളുടെ റൂമിലേക്ക് കടന്ന് വാതിലടച്ചു.
അജു അതത്ര കാര്യമായെടുത്തില്ല.

അവൻ അവന്റെ‌റൂമിൽച്ചെന്ന് കുളിച്ച് അടുക്കളയിലേക്ക് നടന്നു.

ഗൾഫിലായിരുന്നപ്പോ അത്യാവശ്യം പാചകംപഠിച്ചതുകൊണ്ട് ഉമ്മയില്ലാത്ത ഈ നാളുകളിൽ അടുക്കള അവന്റെ കൈകളിലായിരുന്നു. അസിയും ഉമ്മയിൽനിന്ന് പാചകം പഠിച്ചതുകൊണ്ട് അവളും അടുക്കളയിൽ അജൂനൊപ്പം കൂടാറുണ്ടെങ്കിലും ഇന്നവൻ തനിച്ചായിരുന്നു.

രാത്രിയിലേക്ക് ഭക്ഷണമൊക്കെ ഒരുക്കി ഹാളിലെ സോഫയിൽ വന്നിരുന്നപ്പോൾ “തനിച്ചായോ” എന്നൊരുതോന്നൽ അവനിലേക്കെത്തി.
ചുമരിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴുമണി ആയിട്ടേയൊള്ളു.
ആ സോഫയിൽ എന്തൊക്കെയോ ചിന്തിച്ചിരുന്ന അജു ഉറക്കത്തിലേക്ക് വഴിമാറി.
സോഫയിൽ ചാരിയിരുന്ന അജു ചെറുതായോന്ന് മയങ്ങി.

“ഈ അകൽച്ച കാരണമെങ്കിലും ഇക്ക വിവാഹത്തിന് സമ്മതിക്കണേ” എന്ന പ്രാർത്ഥനയിലായിരുന്നു ഈസമയം അസി.
നിസ്കാരവും കഴിഞ്ഞ് മുസല്ല മടക്കിവെച്ച് അസി ഫോണെടുത്ത് ഷാനയെ വിളിച്ച് നടന്നതൊക്കെ പറഞ്ഞു.

“അസീ… ഇക്ക സമ്മതിച്ചില്ലേൽ വേണ്ട. ഇക്കയെ കൂടുതൽ ടെൻഷനാക്കേണ്ട” എന്ന് ഷാന അസിയോട് പറയുമ്പോഴും അസി ഉറച്ച തീരുമാനത്തിലായിരുന്നു.

“ഇല്ല ഷാനാ… നോക്കിക്കോ ഇന്നൊരു രാത്രികൊണ്ട് ഇക്കയെകൊണ്ട് ഞാൻ സമ്മതിപ്പിക്കും” ഒരുപാട് വിശ്വാസത്തോടെ അസി ഷാനക്ക് മറുപടിനൽകി.

ഏറെനേരം ഇരുവരും ഫോണിലൂടെ സംസാരിച്ചു.

“നീയിങ്ങനെ ഇക്കയിൽനിന്ന് മാറിനിൽകുമ്പോൾ നിന്നിലൊരു വാശിമാത്രമാണുള്ളത്. പക്ഷെ പുറത്തിരിക്കുന്ന ഇക്ക ഒരുപാട് വേദനിക്കുന്നുണ്ടാവും. അത് നീ മറക്കരുത്” ഷാന അസിയെ ഓർമപ്പെടുത്തി.

അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്.
“ഷാനാ… ഇക്ക വാതിലിൽ മുട്ടുന്നുണ്ട്. നമുക്ക് നാളെ കാണാട്ടോ. ബാക്കി അപ്പൊ പറയാം” അസി ഫോൺ കട്ടാക്കി പതിയെ ചെന്ന് വാതിൽതുറന്ന് അജൂനെ നോക്കി.

“വാ കഴിക്കാം” എന്നുപറഞ്ഞ് അജു അവളെ വിളിച്ചപ്പോൾ
“എനിക്ക് വിശക്കുന്നില്ല” എന്നായിരുന്നു അസിയുടെ മറുപടി.

“വിശക്കാതിരിക്കാൻ നീയൊന്നും കഴിച്ചില്ലല്ലോ. വാ വന്ന് കഴിക്ക്”

“എനിക്ക് വേണ്ട” അസി വീണ്ടും വാതിലടച്ചു.
അവളുടെ ചുണ്ടിലൊരു കള്ളച്ചിരി വന്നെങ്കിലും അവളുടെ ഉള്ളിലൊരു നീറ്റലുണ്ടായിരുന്നു.

“നീ കഴിക്കുന്നില്ലെങ്കിൽ കഴിക്കണ്ട. ഞാനും കഴിക്കുന്നില്ല. ഇന്ന് തനിച്ചാണ് കിടക്കുന്നതെങ്കിൽ കിടന്നോളു. രാത്രിയിൽ പേടിതോന്നിയാൽ പോരെ റൂമിലേക്ക്. റൂം ലോക്കാക്കില്ല” എന്ന് അജു പറയുമ്പോൾ അവന്റെ ശബ്ദമിടരുന്നത് റൂമിൽനിന്ന് അസി കേട്ടു.

അവളുടെ കള്ളച്ചിരിയാർന്ന ചുണ്ടുകൾ ഒരുനിമിഷംകൊണ്ട് വിതുമ്പലിലേക്ക് വഴിമാറി. കണ്ണുകൾ നിറഞ്ഞു.
നിറഞ്ഞുവന്ന കണ്ണുകളെ അമർത്തിത്തുടച്ച് അസി വാതിൽതുറന്ന്.

“എന്റെകാരണം ഇക്ക കഴിക്കാതിരിക്കണ്ട. വാ” അസി ടേബിളിന്റെ അടുത്തേക്ക് നടന്നു.
പുറകെ അജുവും.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അജു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാം പെങ്ങളുടെ പിണക്കം മാറാൻവേണ്ടിമാത്രം.
എല്ലാം അസി കേൾക്കുന്നുണ്ടെങ്കിലും ഒരു ചിരികൊണ്ട് വാശിയെ ഇല്ലാതാക്കാൻ അസി തയ്യാറല്ലായിരുന്നു.
എല്ലാം മൂളിക്കേട്ട് അസി കഴിച്ചു.
ഒടുക്കം കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സാകെ നീറുകയായിരുന്നു.

“ഈ പെണ്ണെന്താ ഇങ്ങനെ. ഒടുക്കത്തെ വാശിയിലാണല്ലോ” എന്ന് അജു ചിന്തിച്ചു.

പാത്രമെല്ലാം കഴുകിവെച്ച് അസി അവളുടെ റൂമിലേക്കുതന്നെ പോകുന്നതുകണ്ട അജു അവളുടെ കൈപിടിച്ചു.
“അസീ… മോളെ എനിക്ക് നീയല്ലാതെ മാറ്റാരുമില്ല. ഇങ്ങനെ പിണങ്ങിനടന്ന് എന്നെ വേദനിപ്പിക്കരുത്”

“ആരുമില്ല എന്ന തോന്നലുമാറ്റാനാണ് ഇക്കയോട് ഒരു വിവാഹംകഴിക്കാൻ ഞാൻ പറഞ്ഞത്. അതിന് ഇക്കാക്ക് പറ്റില്ലല്ലോ…”

അജു മറുപടിയൊന്നും പറയാതായപ്പോൾ

“ഇക്കാക്കാ… ഇക്കയെ വേദനിക്കാതെ കാണാനാ എനിക്കിഷ്ട്ടം. ഞാൻ ഇക്കയുടെ അരികിൽനിന്ന് മറ്റൊരാളുടെ കൈപിടിച്ച് ഇറങ്ങിപോകുമ്പോൾ ഇക്ക ഒറ്റക്കാവും. അതെനിക്ക് കാണാൻ കഴിയില്ല. ഇക്കയെ ഈവീട്ടിൽ തനിച്ചാക്കി പോകാൻ എന്റെ മനസ്സ് എന്നെ അനുവദിക്കില്ല. അതുകൊണ്ടാണ്… എനിക്കുമുൻപ് ഇക്കയൊരു വിവാഹംകഴിച്ചാൽ, ഇക്കാക്കൊരു കൂട്ടായാൽ എനിക്കിവിടെന്നിന്ന് സമാധാനത്തോടെ പോകാലോ… സമ്മതിക്ക് ഇക്കാക്കാ… എനിക്കും ഇക്കയല്ലാതെ മാറ്റാരുമില്ലല്ലോ” അസിയുടെ കണ്ണുകൾ നിറഞ്ഞു.

“സമ്മതിച്ചു… ഇനി അതിന്റെ പേരിൽ നീ സങ്കടപ്പെടണ്ട” അജു അസിയുടെ കണ്ണുനീരിനെ അവന്റെ വിരലുകൾച്ചേർത്ത് ഒപ്പിയെടുത്തു.

അവളുടെ ചുണ്ടിലൊരു പുഞ്ചിരിവിടർന്നു. ഇക്കയെ കീഴ്പ്പെടുത്തിയ സന്തോഷത്തിൽ.

“എനിക്ക് നാളെ ക്ലാസ്സുള്ളതാണ്. ഞാൻ കിടക്കാൻ പോവുകയാ” അസി അജൂന്റെ റൂമിലേക്ക് നടന്നു”

“ഈ പെണ്ണിന്റെയൊരു കാര്യം” അകത്തെ ലൈറ്റുകൾ എല്ലാം ഓഫാക്കി അജു റൂമിലേക്ക് കടന്നു.

അജൂന്റെ കട്ടിൽ ഇരുവശങ്ങളിലാണ് അവർ രണ്ടുപേരുടെയും സ്ഥാനം.
പേടിയും സങ്കടവുമുള്ള രാത്രികളിൽ മാത്രമാണ് അസി അജൂന്റെ അരികിലേക്ക് ഇഴഞ്ഞെത്താറുള്ളത്.

ഇന്നും അവർ ഇരുവശങ്ങളിൽ സ്ഥാനം പിടിച്ച് കിടന്നപ്പോൾ അസിയുടെ അടുത്ത ചോദ്യമെത്തി.

“ഇക്കാക്ക് ഞാൻ കാണിച്ചുതരുന്ന കുട്ടിയെ നിക്കാഹ്ചെയ്യാൻ സമ്മതമാണോ…?”

“പടച്ചോനെ… ഈ പെണ്ണ് എന്നെക്കൊണ്ട് നാളെത്തന്നെ നിക്കാഹ് ചെയ്യിപ്പിക്കുമോ” എന്ന് അജു മനസ്സിൽ ചോദിച്ചു.

“ഇക്കാക്കാ ചോദിച്ചതിന് മറുപടി പറ”

“നീ കാണിച്ചുതരുന്ന കുട്ടിയെ നിക്കാഹ് ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷെ ആ കുട്ടിയുടെ വീട്ടുകാരും സമ്മതിക്കണ്ടേ”

“അത് രണ്ടാമത്തെ ചോദ്യം. ആദ്യത്തെ ചോദ്യത്തിന്റെ മറുപടി പറ”

“എന്റെ അനിയത്തിയാ നീ കാണിച്ചുതരുന്ന കുട്ടിയെ നിക്കാഹ്ചെയ്യാൻ നിന്റെ ഇക്കാക്ക് സമ്മതമാണ്”

“ഉറപ്പല്ലേ… വാക്കുമാറ്റില്ലല്ലോ…?”

“ഇല്ല. എനിക്ക് ചേരുന്നതിനെവേണം കണ്ടുപിടിക്കാൻ”

അതുകേട്ട അസി പൊട്ടിച്ചിരിച്ചു.

“എങ്കിൽ ഞാനൊരാളെ പറയാം. കേൾക്കുമ്പോൾ വാക്കുമാറ്റരുത്”

“ഇല്ല. നീ പറ”

“ഷാന”

കേട്ടപാതി അജു ബെഡിൽനിന്ന് ചാടിയെണീറ്റു.

“ഏത്… നിന്റെ കൂട്ടുകാരി… മജീദ്ക്കയുടെ മോള്… ഷഹാന…” അജു വിക്കിക്കൊണ്ട് ചോദിച്ചു.

“അതേ… മജീദ്ക്കയുടെ ആകെയുള്ള, ഒരേയൊരു മകൾ, എന്റെ ചങ്ക്, എന്റെ ഷാന”

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply