Skip to content

ഇഷ്‌കിൻ താഴ്‌വാരം part 06

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-06

[തുടരുന്നു…]

“ബാബീ… ദേ വന്നു അജുക്ക… നോക്ക്” ഷാനയുടെ തോളിൽ തൂങ്ങി അസി പറഞ്ഞപ്പോഴേക്കും അജു ഷാനയുടെ മുന്നിലെത്തിത്തിയിരുന്നു.

അജു ഷാനയെ നന്നായിനോക്കുന്നുണ്ടെങ്കിലും ഷാനയിൽ അന്നുവരെ കാണാത്ത നാണം അജുവിന് കാണാനായി.

അജു കൊണ്ടുവന്ന മോതിരം അജു ഷാനയുടെ വിരലിൽ അണീച്ചു.
ഒരുമിച്ചുനിന്ന് ഫോട്ടോ എടുത്തു.

അങ്ങനെ ചടങ്ങുകൾക്കൊടുവിൽ അജ്മലും കൂട്ടരും അവിടെനിന്നും മടങ്ങി.

ഷാന ഒരുപാട് സന്തോഷത്തിലായിരുന്നു.
ആഗ്രഹിച്ച ജീവിതം കിട്ടുന്നതിൽ ഷാന പടച്ചവനോട് നന്ദി പറഞ്ഞു.

ബന്ധുക്കളൊക്കെ യാത്രപറഞ്ഞിറങ്ങി.

അജുവും ബന്ധുക്കളും തിരികെ അവന്റെ വീട്ടിലെത്തി.
“അജൂ… നിനക്ക് ഇടക്ക് അവിടേക്ക് വന്നൂടെ” എന്ന് അബു മാമ ചോദിച്ചപ്പോൾ
“അതിന് അജുക്കാക്ക് ആരെയും വേണ്ടല്ലോ. ഇക്ക ഒറ്റയാൻ പോരാട്ടം നടത്തുകയാണല്ലോ” എന്ന് അബു മാമന്റെ മകൻ ആദിൽ പറഞ്ഞു.

അജു മറുപടിയൊന്നും പറഞ്ഞില്ല.

“അധികം ദൂരമൊന്നും ഇല്ലല്ലോ ഞങ്ങളുടെ വീട്ടിലേക്ക്. ഉമ്മുമ്മയും ഉപ്പുപ്പയും ഉണ്ടായിരുന്ന സമയങ്ങളിൽ ഇടയ്ക്കിടെ വരാറുള്ളതായിരുന്നല്ലോ നീ. ഗൾഫിൽ ആയിരുന്നപ്പോൾ അവിടെയാണല്ലോ എന്ന് ചിന്തിക്കാം. ഇതിപ്പോ നാട്ടിലായിട്ടും നീ അങ്ങോട്ട് വരാത്തത് ഞങ്ങൾക്കൊക്കെ വിഷമമുണ്ട്”
ബഷീർമാമയും പരാതിപറഞ്ഞു.

പരാതികൾ കേട്ടിട്ടും അജു ഒന്നുംപറയാതെ ഇരുന്നപ്പോൾ
“ഇക്കാ… ഞങ്ങളും ഇക്കയുടെ അനിയത്തിമാരാണ്” എന്ന് ആദിലയുടെ അടുത്തുനിന്ന് ബിൻസി പറഞ്ഞതും

“എല്ലാവരുംകൂടി ഇനി അജുമോന്റെ നെഞ്ചത്തേക്ക് കയറണ്ട” എന്ന് അബുമാമന്റെ ഭാര്യയായാ ഫാത്തിമ മാമി പറഞ്ഞു.

“അജുക്കാ ഞങ്ങളെ ബീച്ചിൽ കൊണ്ടുപോവോ…?” എന്ന് ബിൻസി ചോദിച്ചതും

“അതിനെന്താ പോവാലോ” എന്ന് അജു.

മാമന്മാരും മാമിമാരും ഇല്ലെന്ന് പറഞ്ഞതോടെ അജൂന്റെ കൂടെ കാറിൽ മുൻസീറ്റിൽ ആദിലും പുറകിലെ സീറ്ററിൽ അസിയും ആദിലയും ബിൻസിയും കയറി.
അവർ അഞ്ചുപേരുംകൂടി ഓരോ തമാശയൊക്കെ പറഞ്ഞ് ബീച്ചിലേക്ക് പുറപ്പെട്ടു.

“ബഷീറേ… അജു ആകെമാറിയില്ലേ…?” വീട്ടിലിരുന്ന് അജൂന്റെ മൂത്തമാമയായ അബുക്ക അനിയനായ ബഷീർക്കയോട് ചോദിച്ചു.

“മാറി. ഒരുപാട് മാറിപ്പോയി. എപ്പോഴും തമാശയൊക്കെ പറഞ്ഞ് എല്ലാവരേയും കളിയാക്കിയും ചിരിപ്പിച്ചും നടന്നിരുന്ന അജൂനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്”

“അവന്റെ ലോകം വളരെ ചെറുതായി. അളിയന്റെ (അബ്‌ദുക്കയുടെ) ബിസിനസ്സും ഈ കാണുന്ന വീടും ഇവിടെ അവശേഷിക്കുന്ന അവന്റെ ആകെയുള്ള അസിയുമാണ് ഇപ്പോഴത്തെ അവന്റെ ലോകം. അതിനപ്പുറത്തേക്ക് അവനൊന്നും ചിന്തിക്കുന്നുണ്ടാവില്ല” അബുക്ക സങ്കടത്തോടെ പറഞ്ഞപ്പോൾ

“ഇനി അതോർത്ത് മനസ്സ് വിഷമിപ്പിക്കണ്ട. കയറിവരുന്ന പെൺകുട്ടിയെങ്കിലും അവനെ മാറ്റിയെടുത്തോളും” എന്ന് അബുക്കയുടെ ഭാര്യ ഫാത്തിമതാത്ത അബുക്കയോട് പറഞ്ഞു.

ഏറെനേരം അജുവിനെപ്പറ്റിയുള്ള ചർച്ച അവർ തുടർന്നു.

പഠനത്തിൽ ഇടത്തരം നിലവാരമായിരുന്നു അജുവിനെങ്കിലും സ്പോർട്സിൽ അവൻ മുന്നിലായിരുന്നു. അവന്റെ പ്രായത്തിലുള്ളവർ അവന്റെ കൂടെ ഓടിയാൽ എത്തില്ലായിരുന്നു.
വാങ്ങിക്കൂട്ടിയ സമ്മാനങ്ങളുമായി വീട്ടിലേക്ക് കയറിവരുമ്പോൾ അബ്‌ദുക്ക സന്തോഷത്തോടെ അവനെ സ്വീകരിക്കുമായിരുന്നു.
കളിക്കിടയിൽ വീണ് പരിക്കുപറ്റുമ്പോഴും അബ്‌ദുക്ക അജുവിനെ പ്രോത്സാഹിപ്പിക്കുമായിരുന്നു.
ഹയർസെക്കണ്ടറിയിലേക്ക് സ്പോർട്സ്കോട്ടയിൽ കയറിപ്പറ്റിയ അജു സ്കൂൾടീമിനുവേണ്ടി കളിച്ചു.
സ്കൂളിലെ എല്ലാവർക്കുമറിയാവുന്ന സ്കൂളിന്റെ താരമായിരുന്നു അജു.
അവിടെന്ന് കോളേജിലേക്കെത്തിയപ്പോൾ ഒരു പ്രേമവും കുറച്ച് രാഷ്ട്രീയവും ഒക്കെയായി കോളേജിൽ ആക്റ്റീവ് ആയിരുന്നു അജു.
അജുവിനെ അറിയാത്ത ചെറുപ്പക്കാർ ആ നാട്ടിൽകുറവാണ്.
അങ്ങനെയുള്ള അജു ഇന്ന് ഒതുങ്ങിക്കൂടിയതിൽ ബന്ധുക്കൾക്ക് ഒരുപാട് സങ്കടംതോന്നി.

“മതിയാക്ക് പോവാം നമുക്ക്” തിരമാലയിൽ ത്തിമർത്താടുന്ന പെങ്ങന്മാരെ അജു വിളിച്ചു.

“കുറച്ച് കഴിയട്ടെ ഇക്കാ” ബിൻസി പറഞ്ഞു.

“അവർ കളിക്കട്ടെ അജുക്കാ… എനിക്ക് ഇക്കയോട് ഒരുകാര്യം പറയാനുണ്ട്” എന്ന് അജുവിന്റെ അരികിൽ മണൽപരപ്പിലിരുന്ന് ആദിൽ പറഞ്ഞപ്പോൾ
“ഇനിയും കുറ്റപ്പെടുത്താനാണോ ആദി” എന്ന് അജു ചോദിച്ചു.

“ഇക്കാ… നേരത്തെ കുറ്റപ്പെടുത്തിയതല്ല, ഇക്കയിലെ മാറ്റങ്ങൾ ആർക്കും ഉൾകൊള്ളാൻ കഴിയുന്നില്ല. ഉപ്പ ഇടയ്ക്കിടെ പറയാറുണ്ട് ഇക്കയെപ്പറ്റി. ആർക്കും ഇതൊന്നും സഹിക്കുന്നില്ല. ആ കോളേജിലെ എന്റെ സീനിയറായിരുന്ന അജുക്ക. ആ അജുക്കയെ ഞങ്ങൾക്ക് തിരികെ വേണം”
ആദി പറഞ്ഞു.

“ഇതാണോ പറയാനുണ്ടെന്ന് പറഞ്ഞത്”

“അതേ” എന്ന് ആദി തലയാട്ടി.

“ആദീ… ഉപ്പയും ഉമ്മയും ഞങ്ങളെവിട്ടുപോയി. എന്റെ ഭാഗ്യംകൊണ്ട് മാത്രമാണ് എനിക്കീ അസിയെ അന്ന് തിരികെ കിട്ടിയത്. നിങ്ങളിപ്പോ കാണുന്ന അസി കണ്ണീരിന്റെ നനവില്ലാതെ ഒരുരാത്രിപോലും ഉറങ്ങുന്നില്ല. അവൾക്ക് ഏറ്റവും ഇഷ്ടം ഉപ്പയോടായിരുന്നു. കുറുമ്പും കുസൃതിയും ഒരുപാടുള്ള അസി ഉപ്പയോട് എന്താവശ്യപ്പെട്ടാലും സാധിച്ചുകൊടുക്കും.
ആ ഉപ്പയെ നഷ്ടമായത് അസിക്ക് ഒരു വേദനയാണ്. എല്ലാ മക്കൾക്കും അങ്ങനെയാണ്. ഉപ്പയുടെ പുറകെ ഉമ്മയെയും നഷ്ടമായപ്പോൾ അസിയുടെ മനസ്സ് ഒരുപാട് തളർന്നതാണ്. ഒരുമാസത്തോളം വീട്ടിൽനിന്നും പുറത്തിറങ്ങാതെ അസി റൂമിലിരുന്നു.
ബന്ധുക്കളുടെ വീട്ടിലേക്കോ കൂട്ടുകാരുടെ വീട്ടിലേക്കോ, എന്തിനേറെ മുറ്റത്തിറങ്ങി ഒന്ന് നടക്കാമെന്ന് പറഞ്ഞാൽപോലും അസി സമ്മതിക്കില്ലായിരുന്നു. ആ അസിയെ ഇന്നിപ്പോ കാണുന്നരൂപത്തിലേക്ക് മാറ്റുയെടുക്കാൻ ഞാനൊരുപാട് കഷ്ടപ്പെട്ടതാണ്.
എനിക്കിപ്പോ സ്വന്തം എന്നുപറയാൻ അവൾ മാത്രമേയുള്ളു. അവൾക്കുവേണ്ടിത്തന്നെയാണ് ഞാനിപ്പോ ജീവിക്കുന്നതും”
അജു പറഞ്ഞുനിർത്തി.

“എനിക്ക് മനസ്സിലാകും അജുക്കാ. എന്നാലും…”

“ഉമ്മ മരണപ്പെട്ട് ഉമ്മയുടെ ഏഴാംദിനത്തെ ആവശ്യം പറയാനായി ഞാൻ ഉപ്പയുടെ വീട്ടിൽ പോയിരുന്നു. അന്ന് അസിയും എന്റെകൂടെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ മൂത്താപ്പ ഞങ്ങളെ ഇറക്കിവിട്ടതാണ്. അതും അസിയുടെ ഉള്ളിലൊരു നീറ്റലായി അവശേഷിക്കുന്നുണ്ട്.
ആ സംഭവത്തിന് ശേഷം ബന്ധുക്കളുടെ വീട്ടിലേക്ക് എന്നുകേൾക്കുന്നതുപോലും അവൾക് ദേഷ്യമായിരുന്നു. ഈ കാരണംകൊണ്ടൊക്കെയാണ് ആ വഴിക്ക് വരാതിരുന്നത്. നീയത് കണ്ടോ ആദി…” അജു തിരമാലയിൽ ആദിലിയുടെയും ബിൻസിയുടെയും കൂടെ കളിക്കുന്ന ഷാനക്കുനേരെ കൈചൂണ്ടി.

“ആ അസി ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്. താത്തയുടെയും അനിയത്തിയുടെയും കൂടെ കൂടിയപ്പോൾ അവളൊരുപാട് സന്തോഷത്തിലാണ്. നിങ്ങളൊക്കെ പോയിക്കഴിഞ്ഞാൽ അസിതന്നെ എന്നോട് പറയും നിങ്ങളെയൊക്കെ കാണണമെന്നും നിങ്ങളോടൊപ്പം കഴിയണമെന്നും. അതുവരെ എല്ലാവരും എന്റെ മാറ്റത്തെ അംഗീകരിക്കണം. ഈ മാറ്റത്തിന്റെ പേരിൽ ആരും ഞങ്ങളെ വെറുക്കരുത്” അജു ആദിയുടെനേരെ കൈകൂപ്പി.

ആ കൈ തട്ടിമാറ്റി ആദി അജൂനെ കെട്ടിപ്പിടിച്ചു.
“എന്താണിക്കാ ഇത്. ഈ കഥകളൊന്നും ആരുമറിയില്ലല്ലോ അതുകൊണ്ടല്ലേ എല്ലാവരും അങ്ങനെ പറഞ്ഞത്. സങ്കടം ഉണ്ടെങ്കിലും ഇകയോടും അസിയോടും ഞങ്ങൾക്ക് വെറുപ്പൊന്നുമില്ല”

ഇത് കണ്ടുകൊണ്ട് കടലിലെ കളിമതിയാക്കി മൂന്നുപെൺപടകളും അവരുടെ അടുത്തേക്ക് ഓടിയടുത്തു.

“എന്താ സംഭവം” അസി ചോദിച്ചു.

തമ്മിൽ അടർന്നുമാറി
“ഏയ്‌ ഒന്നുല്ല…” എന്ന് ആദി പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞത് ആദില എന്ന ദിലു കണ്ടു.

“ആദിക്കാ… എന്താണ്. എന്തുപറ്റി രണ്ടാൾക്കും” ദിലു ചോദിച്ചു.

“ഞങ്ങൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ചെക്കൻ സെന്റി ആയതാ. അല്ലാതെ ഒന്നുല്ല” അജു മറുപടി നൽകി.

അസിയും ബിൻസിയും ഇതൊക്കെകണ്ട് മിണ്ടാതെ നിൽക്കുകയായിരുന്നു.

“നമുക്ക് പോയാലോ…?” എന്ന് അജു അവരോടായി ചോദിച്ചു.

“പോകാം” എന്ന് ഒരേസ്വരത്തിൽ മറുപടി വന്നപ്പോൾ ആദിയും അജുവും എഴുനേറ്റ് കാറിനടുത്തേക്ക് നടന്നു.

“ഇക്കാക്കാ ഐസ്ക്രീം” അസി പറഞ്ഞു.

“വേണോ…?” എന്ന് അജു.

“എനിക്കും വേണം” എന്ന് ബിൻസിയും പറഞ്ഞപ്പോൾ
“നിങ്ങൾ വണ്ടിയിൽ കയറിക്കോളൂ. ഞാൻ വാങ്ങിയിട്ടുവരാം.

അങ്ങനെ ഐസ്ക്രീംവാങ്ങി അതുംകഴിച്ച് അവർ വീട്ടിലേക്ക് യാത്രതുടങ്ങി.

വീട്ടിലെത്തിയതും അബുക്കയും ബഷീർക്കയും അവരുടെ വീട്ടിലേക്ക് മടങ്ങുവാൻ തിടുക്കം കാണിച്ചു.

“മാമാ ഇന്നത്തെ ഈദിവസം കഴിഞ്ഞിട്ട് പോയാപോരെ?” എന്ന് അജു ആവശ്യപ്പെട്ടെങ്കിലും

“അത് പറ്റില്ല അജൂ. ആടും പശുവുമൊക്കെ ഉള്ളതാണ്. അവറ്റകൾക്ക് എന്തെങ്കിലും കൊടുക്കണം. അതുകൊണ്ട് പോയെ പറ്റൂ”

അങ്ങനെ ആരണ്ടുകുടുംബവും അവരവരുടെ വീടുകളിലേക്ക് പുറപ്പെട്ടതും ആ വീട്ടിൽ അസിയും അജുവുമായി അംഗബലം ചുരുങ്ങപ്പെട്ടു.

“അജുക്കാ… വീണ്ടും നമ്മൾമാത്രമായി അല്ലെ” അസിയുടെ കണ്ണുകൾ നിറയാൻതുടങ്ങി.

“ഇതാണ് പറ്റാത്തത്. നീയിങ്ങനെ തുടങ്ങല്ലേ അസീ. അവർക്കൊക്കെ ഓരോ അത്യാവശ്യങ്ങൾ ഉള്ളതുകൊണ്ടല്ലേ” അജു അവളെ സമാധാനിപ്പിച്ചു.

അസിയും അജുവും അവരുടെ പതിവുജീവിതം വീണ്ടും ആരംഭിച്ചു.

ദിവസങ്ങൾ കഴിഞ്ഞുപോയി.
അസി കോളേജിലേക്ക് പോവുകയാണിന്ന്.

“അസീ… റെഡിയായില്ലേ നീ..” അജുവിന്റെ ചോദ്യമുയർന്നു.

“ഓ കഴിയാറായിക്കാ. ഒന്ന് അടങ്ങ് ഞാനിപ്പോവരാം. എനിക്കറിയാം പതിവില്ലാത്ത മോന്റെ ഈ തിടുക്കം എന്തിനാണെന്ന്. ബാബിയെ കാണാനല്ലേ…? ബാബി ബസ്സിൽ പോവുമെന്നാ പറഞ്ഞെ. നമ്മുടെ കൂടെ വരില്ലാന്ന്” അസി റൂമിൽനിന്ന് ഉറക്കെ പറഞ്ഞു.

“അതെന്താ… ഷാനക്ക് നമ്മുടെകൂടെ വന്നാലെന്താ…”

“അതെനിക്കറിയില്ല. ചോദിച്ചൂടെ നേരിട്ട്”

“അതിന് അവൾ അവളെയൊന്ന് കാണാൻകിട്ടണ്ടേ അസീ”

“മോനെ അജുക്കാ… ഉടായിപ്പ് വിട്. ഇക്ക ബാബിക്ക് വിളിക്കുന്നത് ഞാൻ അറിയുന്നില്ലെന്നാണോ മോൻ വിചാരിച്ചിരിക്കുന്നെ, എന്നെ ഉറക്കികിടത്തി ഇക്ക ബാബിയോട് സംസാരിക്കുന്നത് ഞാൻ അറിയാറുണ്ട്” എന്ന് അസി പറഞ്ഞപ്പോൾ അജു ഒന്നുചൂളിപ്പോയി.
അസി റൂമിലായതുകൊണ്ട് അസി അത് കണ്ടില്ല.

റൂമിൽനിന്നിറങ്ങിവന്ന അസി അജുവിനെ കണ്ണുരുട്ടി നോക്കി.

“എന്താമോനെ… ഒന്നും പറയാനില്ലേ”

“ഇല്ല” അജു പല്ലിളിച്ചു.

“വല്ലാതെ ഇളിക്കല്ലേ… ഓരോ കള്ളത്തരങ്ങൾ കാണിച്ചിട്ട് നിന്ന് ഇളിക്കുന്നത് കണ്ടില്ലേ”

“അതുപിന്നെ അസീ…”

“മോൻ കൂടുതൽ ഉരുളാതെ പോയി വണ്ടിയെടുക്ക്. ഷാനയും വരുന്നുണ്ട് നമ്മുടെകൂടെ”

വൈകാതെ ഇരുവരും കാറിൽകയറി ഷാനയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

അവിടെന്ന് ഷാനയെയുംകൂട്ടി കോളേജിലേക്ക് പോകുന്നവഴി
“അതേ… പോകുന്നത് സ്കൂളിലേക്കല്ല, കോളേജിലേക്കാണ്. അവിടെ ടീച്ചർമാർക്ക് എന്നോടൊരു മതിപ്പുണ്ട്. ഓരോ ഉഡായിപ്പുകൾ ഒപ്പിച്ച് നിങ്ങൾ രണ്ടുപേരും അത് ഇല്ലാതാക്കരുത്” അജു അവരോട് പറഞ്ഞു.

“ഓ പിന്നെ… വലിയൊരാള്. തള്ളാതെ വണ്ടിയൊടിക്ക് അജുക്കാ” അസി പറഞ്ഞപ്പോൾ പുറകിലിരുന്ന് ഷാന പതിയെ ചിരിച്ചു.

ഡ്രൈവിങ്ങിനിടയിൽ കണ്ണാടിയിലൂടെ അജൂന്റെ കണ്ണുകൾ ഇടയ്ക്കിടെ പുറകിലിരിക്കുന്ന ഷാനയിൽ പതിയുന്നത് ഷാനയും അറിയുന്നുണ്ടായിരുന്നു.
കോളേജിൽ ചെന്നിറങ്ങാൻനേരം
“അതേയ്… ചിലപ്പോ സീനിയേഴ്‌സ് നിങ്ങളെ പൊക്കുമായിരിക്കും” എന്ന് അജു പറഞ്ഞപ്പോൾ

“എന്തിന്” എന്ന് അസി ചോദിച്ചു.

“റാഗിംഗ് എന്നൊരു കലാപരിപാടിയുണ്ട്. അതിന്” അജു പറഞ്ഞു.

“പടച്ചോനെ… പേടിപ്പിക്കാതെ അജുക്കാ”
അസി ദയനീയമായി പറഞ്ഞു.

“ആരെങ്കിലും നിങ്ങളെ പൊക്കുകയാണെങ്കിൽ എന്റെ പേരുപറഞ്ഞാമതി”

“എന്നിട്ട് പാട്ടിന്റെ കൂടെ ഡാൻസും കളിപ്പിക്കാനാവും അല്ലെ” ഷാന പതിയെയാണ് പറഞ്ഞതെങ്കിലും അജു അതുകേട്ടു.

“എന്നാൽ പറയണ്ട. നിങ്ങൾ പോവാൻനോക്ക്”

അസിയും ഷാനയും കാറിൽനിന്നിറങ്ങി മുന്നോട്ടുനടന്നു.

“പടച്ചോനെ… ഞങ്ങളെ നീതന്നെ കാക്കണേ” എന്ന് അസി മനസ്സിൽപറഞ്ഞു.

കാറിൽനിന്നിറങ്ങി അജു അവർപോക്കുന്നതും നോക്കി അങ്ങനെ നിന്നു.

“ആരാത് അജുക്കയോ… എന്താണിക്കാ, രണ്ടാമത് ഡിഗ്രി പഠിക്കാൻ വന്നതാണോ”
ആ ചോദ്യംകേട്ട് അജു തിരിഞ്ഞുനോക്കി.
അജുവിന്റെ ഉറ്റചങ്ങാതി നബീലിന്റെ അനിയൻ നിയാസ് ആയിരുന്നു അത്.

“ആ നിയാസേ… പഠിക്കാൻ വന്നതല്ലടാ. അസിയും ഷാനയും ഇനിമുതൽ ഇവിടെയാണ്‌. അവരുമായി വന്നതാണ്”

“അടിപൊളി. അതെന്തായാലും നന്നായി. ഞാൻ പോട്ടെ അജുക്കാ. കുറച്ച് പണിയുണ്ട്”
നിയാസ് പോകാനൊരുങ്ങിയപ്പോൾ

“നിയാസേ… സീനിയേഴ്‌സിന്റെ ഇടയിൽനിന്ന് അവരെ രക്ഷിക്കണേ” അജു പറഞ്ഞു.

“എന്തോ… എങ്ങനേ… അജുക്കയൊക്കെ ഇവിടെ കാട്ടിക്കൂട്ടിയ അലമ്പുകൾ കുറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്” നിയാസ് അജുവിനെ നോക്കി ചിരിച്ചു.
“എന്തായാലും വക്കാലത്ത് പറഞ്ഞതല്ലേ… രണ്ടെണ്ണത്തിനെയും വെറുതെ വിടാം”
നിയാസ് നടന്നുനീങ്ങി.
അജു കാറുമായി മില്ലിലേക്കും.

“അസീ… അജുക്ക പറഞ്ഞപോലെ നമ്മളെ ആരെങ്കിലും…” ഷാന ചോദിക്കാൻ തുടങ്ങിയതും

“ഹലോ… എവിടെക്കാ… ഒന്നിങ്ങോട്ടുവന്നെ രണ്ടുപേരും” മരത്തണലിൽ ജീപ്പിന്റെ മുകളിൽ കയറിയിരിക്കുന്ന ഒരുത്തൻ അവരെ വിളിച്ചു. അവന്റെ ഇരുവശങ്ങളിലായി മറ്റുചിലരുമുണ്ട്.

“നീയിപ്പോ എന്തിനാ ഷാനാ വാതുറന്നത്. ദേ വിളിക്കുന്നു നമ്മളെ. സന്തോഷായല്ലോ ഇപ്പൊ” അസി ഷാനയോട് ചോദിച്ചു.

“അവിടെ നിൽക്കാനല്ല പറഞ്ഞത്. ഇവിടേക്ക് വരാനാ”

അത് കേട്ടതും അസിയും ഷാനയും പതിയെ ആ മരത്തണലിലേക്ക് നടന്നു.

“എന്താമോളെ നിന്റെ പേര്” ജീപ്പിന്റെ മുകളിലിരുന്നവൻ അസിയോട് ചോദിച്ചു.

“അസ്ന”

“അപ്പൊ നിന്റെയോ”

“ഷഹാന”

ജീപ്പിന്റെ മുകളിലിരുന്നവൻ കയ്യിലുണ്ടായിരുന്ന താക്കോൽ ഷാനയുടെ മുന്നിലേക്കിട്ടു.

“ഷഹാനമോൾ ആ താക്കോലിങ്ങെടുത്തെ”

ഷാന അവനെയും അസിയെയും മാറിമാറിനോക്കി.

“നോക്കിനിൽകാതെ താക്കോലെടുക്ക് മോളെ”

“പറ്റില്ല”
ഷാനയിൽ നിന്നും അങ്ങനെയൊരു മറുപടി അസി ഒട്ടും പ്രതീക്ഷിച്ചതല്ല.

ഷാനയുടെ മറുപടി ജീപ്പിനുമുകളിലിരുന്നവനും രസിച്ചില്ല.
അവൻ മുകളിൽനിന്ന് ചാടിയിറങ്ങി ഷാനയുടെ മുന്നിൽച്ചെന്നുനിന്ന്
“തുടക്കംതന്നെ ഉടക്കാതെ നല്ലകുട്ടിയായി ആ താക്കോൽ എടുത്തുതന്നാൽ നിനക്കൊക്കെ മര്യാദക്ക് ഇവിടെ പഠിക്കാം. ഇല്ലെങ്കിൽ നിന്നെയൊക്കെ പഠിപ്പിക്കുന്നത് ഞങ്ങളായിരിക്കും. അത് വേണോ മക്കളെ…?” അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

അപ്പോഴേക്കും നിയാസ് അവരുടെ അടുത്തേക്കെത്തിയിരുന്നു.

“ടാ അനൂപേ… അവരെ ഒഴിവാക്ക്” നിയാസ് ഷാനയുടെ മുന്നിൽനിൽക്കുന്ന അനൂപിനോട് പറഞ്ഞു.

“അതെങ്ങനെ നിയാസേ. നീയിത് കണ്ടോ. ഈ താക്കോലൊന്ന് എടുക്കാൻ പറഞ്ഞിട്ട് ഈ പെണ്ണ് എടുക്കുന്നില്ല”
അനൂപ് നീയാസിനെ നോക്കി.

നിയാസ് ഷാനയോട്
“ഷാന അല്ലെ” എന്നും
അസിയോട് ” നീയാണ് അസി അല്ലെ” എന്നും ചോദിച്ചപ്പോൾ ഷാനയും അസിയും തലയാട്ടി.
അതുകണ്ട നിയാസ് അനൂപിനുനേരെ തിരിഞ്ഞു.

“അനൂപേ… ഇവർ ആരാണെന്നറിയാമോ…?”

“പെരുമാത്രമല്ലേ ചോദിച്ചൊള്ളു” അനൂപ് പറഞ്ഞു.

“ഇത് അസി. അജുക്കാടെ അനിയത്തി” നിയാസ് അസിക്കുനേരെ കൈചൂണ്ടി അനൂപിനോട് പറഞ്ഞു.
“ഇത് ഷാന. അജുക്ക കെട്ടാൻപോകുന്ന പെണ്ണ്” നിയാസ് ഇരുവരെയും അജൂന്റെ നാമംചേർത്ത് അനൂപിന് പരിചയപ്പെടുത്തി.

“ഏത് അജുക്ക…?” അനൂപ് സംശയത്തോടെ ചോദിച്ചു.

“നബീൽക്കയുടെ ചങ്ങാതി അജുക്കയെ നിനക്കറിയില്ലേ” എന്ന് നിയാസ് ചോദിച്ചതും അനൂപിന്റെ കണ്ണുകൾ വിടർന്നു.

“ദൈവത്താണേ അറിയാതെ പറ്റിയതാണ്. ഇതൊന്നും വീട്ടിലെത്തിയാൽ അജുക്കയോട് പറയരുത് പ്ലീസ്”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!