Skip to content

ഇഷ്‌കിൻ താഴ്‌വാരം part 07

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-07

[തുടരുന്നു…]

“നബീൽക്കയുടെ ചങ്ങാതി അജുക്കയെ നിനക്കറിയില്ലേ” എന്ന് നിയാസ് ചോദിച്ചതും അനൂപിന്റെ കണ്ണുകൾ വിടർന്നു.

“ദൈവത്താണേ അറിയാതെ പറ്റിയതാണ്. ഇതൊന്നും വീട്ടിലെത്തിയാൽ അജുക്കയോട് പറയരുത് പ്ലീസ്”

അസിയും ഷാനയും മുഖത്തോടുമുഖം നോക്കി.
“ഇക്കയപ്പോ വെറുതെ തള്ളിയതല്ലല്ലേ അസീ”
ഷാന അസിയോട് ചോദിച്ചു.

“രണ്ടാളും ക്ലാസ്സിലേക്ക് പൊയ്ക്കോളൂ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇനി ഞങ്ങളോട് പറഞ്ഞാമതി” നിയാസ് അവരെ ക്ലാസ്സിലേക്കയച്ചു.

“എടാ അനൂപേ നീയെന്ത് പണിയാ കാണിച്ചത്. ഇത് അജുക്കയെങ്ങാനും അറിഞ്ഞാലുണ്ടാകുന്ന പ്രശ്നം നീ ഓർത്തില്ലലോ…?”
നിയാസ് അനൂപിനെ കുറ്റപ്പെടുത്തി.

“അതിന് ഞാനറിഞ്ഞില്ലല്ലോ അവർ അജുക്കയുടെ പെങ്ങളും പെണ്ണുമാണെന്ന്. നീയിത് നബീൽക്കയോട് പറയാനൊന്നും പോവണ്ട. എനിക്ക് നിന്നെയാണ് പേടി”
അനൂപ് പറഞ്ഞു.

“ഇത് എന്തായാലും അജുക്ക അറിയും. അസി അജുക്കയോട് പറയും”

“ഇനി എന്താ ചെയ്യാ”

“ഞാൻ പറഞ്ഞോളാം ഇക്കയോട്”

ഈ സമയം ഷാനയും അസിയും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു.
പുതിയ കൂട്ടുകാരിൽ ചിലരെയൊക്കെ പരിചയപ്പെട്ട് അസിയും ഷാനയും മുൻപത്തെപോലെ അടുത്തടുത്തായി ഇരുന്നു.

ക്ലാസ്സിലേക്കെത്തിയ അധ്യാപകൻ തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്തി.

കോളേജ് ജീവിതം എന്താണെന്നും കൂടെ പഠിച്ചില്ലേൽ എന്താണ് സംഭവിക്കുക എന്നും ഫാറൂഖ് എന്ന ആ അധ്യാപകൻ തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു.

ആദ്യദിവസത്തെ ക്ലാസ്സ്‌കഴിഞ്ഞ് പുറത്തിറങ്ങിയ അസിയും ഷാനയും ഗ്രൗണ്ടിൽ എത്തിയപ്പോൾ അജു അവരുടെ സാറുമായി സംസാരിക്കുന്നത് അവർ കണ്ടു.
മടിയോടെ ആണെങ്കിലും അസിയും ഷാനയും അവർക്കരികിലേക്ക് നടന്നടുത്തു.

“അജുക്കാ…” അജുവിന്റെ പുറകിലെത്തിയ അസി പതിയെ വിളിച്ചു. അസിക്കുപുറകിലായി ഷാനയും ഉണ്ടായിരുന്നു.

“ഇതാണ് എന്റെ അനിയത്തി” അജു അസിയെ ഫാറൂഖ്സാറിന് പരിചയപ്പെടുത്തി.
“ഇത് ഉപ്പയുടെ സുഹൃത്തിന്റെ മകളാണ്. പിന്നെ ഞങ്ങളുടെ വിവാഹവും ഉറപ്പിച്ചതാണ്” എന്ന് ഷാനയെയും പരിചയപ്പെടുത്തി.

“ഈ മനുഷ്യൻ എന്തിനാ ഇതിങ്ങനെ പാടിനടക്കുന്നെ. മിണ്ടാതിരുന്നൂടെ” എന്ന് ഷാന മനസ്സിൽപറഞ്ഞു.

മിനിറ്റുകൾക്കൊടുവിൽ അജുവിന്റെ കാറിൽകയറി അവർ വീട്ടിലേക്ക് പുറപ്പെട്ടു.

“അജുക്കാ ഇന്നൊരു സംഭവമുണ്ടായി”

“എന്താ അസി”

“ഇക്ക പറഞ്ഞതുപോലെ സംഭവിച്ചു. സീനിയേഴ്‌സ് ഞങ്ങളെ പൊക്കി” അസി ചിരിച്ചു.

“എന്നിട്ട്”
അജു ചോദിച്ചു.

അസി അവിടെനടന്ന സംഭവങ്ങളെല്ലാം അജുവിനോട് വിവരിച്ചു.

എല്ലാംകേട്ടുകഴിഞ്ഞ് അജു കണ്ണാടിയിലൂടെ പുറകിലിരിക്കുന്ന ഷാനയെ നോക്കി.

“ഇപ്പോ എനങ്ങനെയുണ്ട്. കാലത്ത് ഞാൻ പറഞ്ഞപ്പോൾ ഭയങ്കര പുച്ഛമായിരുന്നല്ലോ. ഇപ്പൊ വിശ്വാസം വന്നില്ലേ ഷാനാ” അജു കണ്ണാടിയിൽ തെളിഞ്ഞ ഷാനയുടെ മുഖത്തുനോക്കി ചോദിച്ചതും
ഡ്രൈവിങ് സീറ്റിന്റെ സൈഡിലൂടെ ഷാനയുടെ വിരൽ അജൂന്റെ കയ്യിലമർന്നു.

“ആ…” അജു അറിയാതെ ശബ്ദമുണ്ടാക്കിയപ്പോൾ അസി
“എന്തുപറ്റി” എന്ന് ചോദിച്ചതും ഷാന പഴയപോലെ സീറ്റിലേക്ക് ചാരിയിരുന്നു.

“ഒന്നുല്ല. എന്തോ കുത്തിയതാ കയ്യിൽ”
അജു അസിക്ക് മറുപടിനൽകി.

“അത് ചിലപ്പോ പുറകിലിരിക്കുന്ന വലിയ കൊതുകായിരിക്കും” എന്ന് അസി മറുപടിയും പറഞ്ഞു.

ഷാനയെ വീട്ടിലാക്കി അജു അസിയുമായി അവരുടെ വീട് ലക്ഷ്യമാക്കി മുന്നോട്ടുപോയി.

“ഇക്കാ… പ്രണയിച്ച് നടക്കാനുള്ള ഇക്കയുടെ അവസരങ്ങൾ ഞാൻ കാരണം ഇല്ലാതാകുന്നില്ലേ…?”

“പിന്നല്ലാതെ”

“എന്നെ കെട്ടിച്ചുവിടുന്നവരെ ഞാൻ സ്വർഗ്ഗത്തിലെ കാട്ടുറുമ്പാവും” അസി പൊട്ടിച്ചിരിച്ചു.

വീടിന്റെ ഗേറ്റ് കടന്നതും ഉമ്മറത്ത് അവരെയും കാത്തുനിൽക്കുന്ന രാമേട്ടനെ അജു കണ്ടു.

കാറിൽനിന്നിറങ്ങി അജു ചാവിയെടുത്ത് വീടിന്റെ വാതിൽതുറന്നു.
കാണുമ്പോഴൊക്കെ രാമേട്ടനോട് കുശലംപറയാറുള്ള അസി ഒന്നും മിണ്ടാതെ വീടിനകത്തേക്ക് കയറിപ്പോയി.
“ഇക്കാ ഞാൻ കുളിക്കാൻ പോവുകയാണ്. എന്നെ ഒന്നിനുംവിളിക്കരുത്” എന്ന് അജുവിനോട് പറഞ്ഞിട്ടാണ് അസി പോയത്.

“എന്താ രാമേട്ടാ ഇങ്ങനെ നിൽകുന്നത്. നിങ്ങളിരിക്ക്” അജു പറഞ്ഞു.

രാമേട്ടൻ ഉമ്മറത്തുള്ള കസേരയിൽ ഇരുന്ന്
“എന്താണ് അജൂ… സുഖമാണോ നിങ്ങൾക്ക്…?” അയാൾ ചോദിച്ചു.

“സുഖവിവരം അന്വേഷിക്കാനാണോ ഇതുവരെ വന്നത്…?” എന്ന് അജു ചോദിച്ചപ്പോൾ
രാമേട്ടൻ കയ്യിലിരുന്ന ബാഗിൽനിന്ന് ഒരു പൊതിയെടുത്ത് അജൂന്റെ മുന്നിലായിവെച്ചു.

“ഇതെന്താ…?” അജു ചോദിച്ചു.

“എന്റെ ബുദ്ധിമോശംകൊണ്ട് നിങ്ങളുടെ വാഹനങ്ങൾ ഞാൻ വിറ്റിരുന്നു. ആ പണമാണിത്”

“ഇത് തരാനായി വന്നതാണോ നിങ്ങൾ. എങ്കിൽ എനിക്കിത് ആവശ്യമില്ല. മുൻപ് രഹുലിനോട് ഞാൻ പറഞ്ഞതാണ്. എല്ലാം ഞാൻ മറന്നു എന്ന്. ഒരിക്കലും ഇതുംപറഞ്ഞ് എന്റെമുന്നിൽ വരരുത് എന്ന്”
അജു ദേഷ്യപ്പെട്ടു.

“മോനെ… ദയവുചെയ്ത് ഇതുവാങ്ങണം”
രാമേട്ടൻ അപേക്ഷയോടെ പറഞ്ഞു.

“വേണ്ട രാമേട്ടാ… നമുക്കിടയിൽ കൊടുക്കൽ വാങ്ങലിന്റെ കണക്കുകളില്ല. മുൻപുണ്ടായിരുന്ന ബന്ധം വീണ്ടും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുമില്ല. ഈ പണവുമെടുത്ത് നിങ്ങൾക്ക് പോകാം”
തന്റെ ഉപ്പയെ ഇല്ലാതാക്കിയ അയാളോട് അറ്റമില്ലാത്ത പകയുണ്ടജുവിന്.

രാമേട്ടൻ പണവുമെടുത്ത് പതിയെ പടികളിറങ്ങി നടന്നുനീങ്ങി.

“പോയോ…?” അകത്തുനിന്നും ഉമ്മറത്തേക്ക് ഇറങ്ങിവന്ന് അസി ചോദിച്ചു.

മറുപടിയായി അജു ഒന്നുമൂളി.

“ഇക്കാ… അത് നമ്മുടെ പണമാണ്. ഉപ്പ കഷ്ടപ്പെട്ടുണ്ടാക്കിയ നമുക്ക് അവകാശപ്പെട്ട പണം. അത് വേണ്ടെന്ന് വെക്കരുതായിരുന്നു” അസി പറഞ്ഞു.

“അറിയാം അസീ… അയാളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ യാതൊരു പണിയുമില്ല. ഈ പ്രായത്തിൽ അയാൾ ജയിലറകളിൽ കഴിയുന്നതുകൊണ്ട് യാതൊരു അർത്ഥവുമില്ല. അയാൾക്ക് ഞാൻ വിധിച്ച ശിക്ഷയാണിത്” അജു ഒന്ന് പുഞ്ചിരിച്ചു.

പക്ഷെ ഒന്നും മനസ്സിലാകാതെ അസി അവനെയുംനോക്കി നിന്നു.

“നിനക്കൊന്നും മനസ്സിലായില്ലല്ലേ അസീ…”

“ഇല്ല”

“വാ… പറയാം” അസിയെയും കൂട്ടി വീടിനകത്തേക്ക് കടന്ന് അജു മുൻവശത്തെ വാതിലടച്ച് അടുക്കളയിലേക്ക് നടന്നു.
നല്ലൊരു കട്ടനും ഉണ്ടാക്കി തിരികെ ഹാളിലെ സോഫയിൽ ഇരുന്ന് അജു അസിയുടെ സംശയം തീരുന്ന കഥാപറയാൻ തുടങ്ങി.

“എല്ലാമറിഞ്ഞ് രാമേട്ടനെ വെറുതെ വിട്ടതിന്റെ പിറ്റേന്ന് രാഹുൽ ഇവിടേക്ക് വന്നത് നിനക്കോർമ്മയില്ലേ അസീ. അന്നത്തെ സംഭവത്തിനുശേഷം രാഹുൽ അസ്വസ്തനാണ്. മില്ലിൽ വെച്ച് രാഹുൽ എന്നോടൊന്നും പറയില്ലെങ്കിലും എല്ലാം മജീദ്ക്കയോട് പറയുമായിരുന്നു.
ഉപ്പയുടെ മരണം സ്വഭാവികമല്ല എന്നും അതിനുപിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും ഞാനറിഞ്ഞത് രാമേട്ടൻ കോഴിക്കോടുള്ള നാസറിനോട് വിളിച്ചറീച്ചിരുന്നു. പക്ഷേ നാസർ എല്ലാം രാമേട്ടന്റെ തലയിൽവെച്ച് രാമേട്ടനെ കയ്യൊഴിഞ്ഞു”

“എന്നിട്ട്…”

“നമ്മുടെ വണ്ടികൾവിറ്റ് രാമേട്ടൻ കച്ചവടം തുടങ്ങുയത് നാസറിന്റെ കൂടെയായിരുന്നു. ഉപ്പയെ ഇല്ലാതാക്കിയതിൽ രാമേട്ടന് കിട്ടിയ ആ വലിയ തുകയും രമേട്ടൻ നസാറുമായുള്ള കച്ചവടത്തിലേക്കിറക്കി. പറ്റിച്ചും ചതിച്ചും നേടിയെടുത്ത പണം മുഴുവൻ നാസറിന്റെ കൈകളിലായി”

“അതെന്തായാലും നന്നായി. അല്ലങ്കിലും അങ്ങനെ സമ്പാതിക്കുന്നത് നിലനിൽക്കില്ല… ഇക്ക ബാക്കിപറ”

“രാമേട്ടന്റെ ഉണ്ടായിരുന്ന ജോലിയും പോയി. രാഹുൽ ഇവിടെവന്ന് ഇറങ്ങിപ്പോയതുമുതൽ രാമേട്ടനെ കുറ്റപ്പെടുത്തി മാത്രമായിരിന്നു രാമേട്ടനോട് സംസാരിച്ചത്. അതുകൊണ്ട് രാമേട്ടൻ മാനസികമായി ഒരുപാട് തളർന്നു”

“അയാൾ ഉരുകി ഇല്ലാതാവണം. അതാണുവേണ്ടത്” അസിയുടെ കണ്ണിലെ ദേഷ്യത്താലുള്ള തീ അജുവിന് കാണാനായി.

“രാമേട്ടന്റെ ആകെയുള്ള ആ വീടുംപുരയിടവും വിറ്റിട്ടാണ് ഇന്നിപ്പോ പണവുമായി രാമേട്ടൻ ഇവിടെ വന്നത്. കയ്യിലുള്ള പണമല്ലാതെ രാമേട്ടന് ഇനിയൊന്നുമില്ല. ഭാര്യയും മക്കളും മരുമകനുമടക്കം രാമേട്ടനെ വെറുക്കുകയാണ്. അയാൾ ഉള്ളിൽ കരയുകയാണ്… ഈ പ്രായത്തിൽ രാമേട്ടന് കിട്ടാവുന്ന ഏറ്റവുംവലിയ ശിക്ഷ ഇതുതന്നെയാണ്”
അജു പറഞ്ഞുനിർത്തി.

“അജുക്കാ… ഉപ്പയെ ഇല്ലാതാക്കുക എന്നുള്ളത് ആ നാസർ എന്നുപറയുന്ന ആളുടെ ഉദ്ദേശമായിരുന്നില്ലേ. അതുകൊണ്ടല്ലേ രാമേട്ടൻ ഇതൊക്കെ ചെയ്തത്. സത്യത്തിൽ ശിക്ഷിക്കപ്പെടേണ്ടത് അയാളല്ലേ ആ നാസർ”

“ശെരിയാണ് അസീ… എന്റെ ഉള്ളിലെ പകയൊടുങ്ങിയിട്ടില്ല. അയാൾക്കുള്ളതിന് സമയമായിട്ടില്ല. പകരം ഞാൻ ചോദിക്കും”

“ചോദിക്കണം ഇക്കാ. അവരങ്ങനെ നെഞ്ചുവിരിച്ച് നടക്കാൻ പാടില്ല”

രണ്ടുപേരും ഏറെനേരം ആ സോഫയിൽ സംസാരിച്ചിരുന്ന് സമയംപോയതറിഞ്ഞില്ല.
ടേബിളിൽ അജുവിന്റെ ഫോണടിക്കുന്നത് കേട്ട് അസിയാണ് ചെന്നെടുത്തത്. നോക്കിയപ്പോൾ ഷാന ആയിരുന്നു.

അസി ഫോൺ അജുവിന്നേരെനീട്ടി ലൗഡ്സ്പീക്കാരിൽ ഇടാനാവശ്യപ്പെട്ടു.

അസി പറഞ്ഞത് അനുസരിച്ചില്ലേൽ അവനുതന്നെയാവും പണി എന്നറിയാവുന്നതുകൊണ്ട് അസി പറഞ്ഞത് അജു അനുസരിച്ചു.

“ഹലോ…” അജു തുടങ്ങിവെച്ചു.

“എവിടെ ഇക്കാടെ പുന്നാര പെങ്ങളുട്ടി. എനിക്ക് ഇക്കയോടൊന്ന് സംസാരിക്കാൻ കഴിയുമോ…?” എന്ന് ഫോണിലൂടെയുള്ള ഷാനയുടെ ദയനീയമായ ചോദ്യംകെട്ട് അസിയുടെ ചുണ്ടിൽ ചിരിവിടർന്നു.

“അടുക്കളയിലാണ്” എന്നുപറയാൻ അസി കൈകൊണ്ട് കാണിച്ചു.

“അസി അടുക്കളയിലാ ഷാനാ…. എന്താണ് പറ” അജു പറഞ്ഞു.

“ഒന്നുല്ല വെറുതെ വിളിച്ചുനോക്കിയാതാണ്. ഇന്നുവരെ നല്ലപോലെ ഒന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. എപ്പോഴും അസി കൂടെയുണ്ടാകുമല്ലോ…” ഷാന ഫോണിലൂടെ പറഞ്ഞു.

“അതേ മോളെ… ഞാൻ എപ്പോഴും എന്റെ ഇക്കയുടെകൂടെത്തന്നെ ഉണ്ടാകും. എന്തെങ്കിലും പ്രാ‍നമുണ്ടോ നിനക്ക്” എന്ന് അസി ചോദിച്ചതും ഷാന ഫോൺ കട്ടാക്കി.

അതുകണ്ട അസി ഉറക്കെചിരിച്ചു.

“നീ ചിരിച്ചോ… ആ പാവം ആകെ വിറക്കുന്നുണ്ടാവും” അജു പറഞ്ഞു.

“എന്തിനാ എന്റെ ബാബി വിറക്കുന്നെ”

“ഈ ഫോൺവിളി നീ അറിയുന്നതിൽ അവൾക്കെന്തോ നല്ല പേടിയാണ്”

“ഓ അങ്ങനെ. ഞാൻ അറിഞ്ഞാലെന്താ. ഇക്കാക്ക് പറഞ്ഞുറപ്പിച്ച പെണ്ണല്ലേ ഷാന. പിന്നെ എന്നെ എന്തിനാ പേടിക്കുന്നത്”

“അതൊന്നും എനിക്കറിയില്ല. നീതന്നെ ചോദിച്ചോ”

അസി അജുവിന്റെ കയ്യിൽനിന്നും ഫോൺവാങ്ങി ഷാനക്ക് വിളിച്ചു.
ഷാന കോളെടുത്തതും
“ഫോൺ വെക്കല്ലേ ബാബീ… എനിക്കൊരു കാര്യം ചോദിക്കാനാ”
അസി പറഞ്ഞു.

“എന്നെ ചീത്തപറയാണല്ലേ…?” ഷാന ചോദിച്ചു.

“അല്ല ബാബീ… ബാബി ഇക്കാക്ക് വിളിക്കുന്നതിലും സംസാരിക്കുന്നതിലും എനിക്ക് പ്രശ്നമൊന്നുമില്ലട്ടോ. അല്ലങ്കിൽതന്നെ എന്നെയെന്തിനാ നിങ്ങൾ പേടിക്കുന്നത്” അസി സംശത്തോടെ ചോദിച്ചു.

“അതല്ല അസീ. മുൻപ് ഞാൻ ഇക്കയുടെ നമ്പർ ചോദിച്ചപ്പോൾ അന്ന് നീയെന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക്…?”

“ഉണ്ട്… അത് അന്നല്ലേ ബാബീ. അന്ന് നിങ്ങൾതമ്മിൽ യാതൊരു ബന്ധവുമില്ലല്ലോ. നീ എനിക്ക് നല്ലൊരു സുഹൃത്തായ ഷാന ആയിരുന്നില്ലേ. അതുകൊണ്ടാണ് അന്ന് നമ്പർ തരാതിരുന്നതും ഇക്കാക്ക് വിളിച്ച് സംസാരിക്കാൻ ശ്രമിക്കരുത് എന്നുപറഞ്ഞതും. പക്ഷേ ഇന്ന് ഷാന എന്നതിനപ്പുറം ബാബിയെന്നൊരു സ്ഥാനമില്ലേ നിനക്ക്. നിങ്ങൾ വിളിച്ച് സംസാരിച്ചോളൂ എനിക്ക് അതിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല” അസി ചിരിച്ചുകൊണ്ട് ഷാനയോട് പറഞ്ഞു.

മറുപടി ഷാന ഒരു മൂളലിലൊതുക്കി.

“പിന്നെ ബാബീ… ഈ കട്ടുറുമ്പ് നിങ്ങൾക്കിടയിൽ അധികനാളുകൾ ഉണ്ടാവില്ല. എന്തായാലും ഉള്ളകാലം ഒരു കാട്ടുറുമ്പായി എപ്പോഴും നിങ്ങൾക്കിടയിലുണ്ടാകും. അത് മറക്കരുത്”
എന്ന് അസി പറയുമ്പോൾ അവളുടെ മുഖം വാടിയിരുന്നു.
ഫോൺ കട്ടാക്കി അസി അജുവിന്റെ അരികിലേക്ക് ചേർന്നിരുന്നു.
അജു അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച്
“എന്തുപറ്റി എന്റെ അസിക്ക്” എന്ന് ചോദിച്ചതും അസി കരയാൻ തുടങ്ങിയിരുന്നു.
അതറിഞ്ഞ അജു അവളുടെ മുന്നിലായി തറയിൽ മുട്ടുകുത്തിനിന്നു.
എന്നിട്ട് ചോദിച്ചു
“എന്തിനാ എന്റെമോള് കരയുന്നത്…?”

“ഒന്നുല്ല…” അസി അവളുടെ കണ്ണുകൾ തുടച്ചു.

“ഏയ്‌ അത് കള്ളം. എന്തോ ഒന്നുണ്ട്.. അല്ലാതെ എന്റെ അസി കരയില്ല”

അജു അവളെ വിടാനൊരുക്കമല്ലായിരുന്നു.
അതുകൊണ്ട്
“എന്നെ ഇപ്പൊത്തന്നെ കെട്ടിച്ചുവിടരുത്” അസിയുടെ തുടച്ചുമാറ്റിയ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“അതുശെരി. അപ്പൊ അതാണല്ലേ കാര്യം. നിന്നെ ഉടനെതന്നെ കെട്ടിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. കെട്ടിക്കാറായെന്ന് എനിക്ക് തോന്നണം. ഈ വാശിയൊക്കെയായി നിന്നെ കെട്ടിച്ചയച്ചാൽ എന്റെ അളിയൻ എന്നെ ഓടിച്ചിട്ടടിക്കും. എന്തിനാ വെറുതെ അടി ചോദിച്ചുവാങ്ങുന്നത്. ആവശ്യത്തിന് നിന്റെ കയ്യീന്ന് കിട്ടുന്നുണ്ടല്ലോ” അജുവിൽനിന്ന് അതുകേട്ടപ്പോൾ അസിയുടെ ചുണ്ടിൽ പുഞ്ചിരിവിടർന്നു.

“അല്ലാ… കഴിക്കണ്ടേ ഇന്ന്”
അജു ചോദിച്ചപ്പോൾ
“പിന്നെ കഴിക്കാതെ… എനിക്ക് നല്ലവിശപ്പുണ്ട്” എന്ന് അസി മറുപടിപറഞ്ഞു.

“ഒന്നും ഉണ്ടാകിയിട്ടില്ല. നമുക്കിന്ന് പുറത്തുപോയി കഴിച്ചാലോ”
കേൾക്കേണ്ടതാമസം അസി നേരെ റൂമിലേക്കോടി ഡ്രസ്സ്‌ മാറിവന്നു.

അസി തന്റെ പ്രിയപ്പെട്ട ഇക്കയുടെകൂടെ അന്ന് പുറത്തുപോയി ഭക്ഷണം കഴിച്ചു.
മടങ്ങിവാരുന്ന സമയത്ത് ഷാന അജുവിന്റെ ഫോണിലേക്ക് വിളിച്ചു.

അസി ഫോണെടുത്ത് ലൗഡ്സ്പീക്കർ ഓൺചെയ്ത് കയ്യിൽപിടിച്ചു.
ഓരോ തമാശയൊക്കെ പറഞ്ഞ് മൂന്നുപേരും കുറേ ചിരിച്ചു.
വീട്ടിൽ കേറിയിട്ടും ആ ഫോൺ കട്ടാക്കിയില്ല.
റൂമിലെത്തിയപ്പോഴേ അസി കിടന്നു. അപ്പോഴും അവൾ ഷാനയോട് സംസാരിക്കുകയായിരുന്നു.
അജുവിനെ പറ്റി അസിക്കറിയാവുന്ന ഓരോ കുരുത്തക്കേടുകളും അസി ഷാനക്ക് പറഞ്ഞുകൊടുത്തു.
അജു കുളികഴിഞ്ഞ് വരുമ്പോഴും അസിയും ഷാനയും ഫോണിൽ സംസാരിക്കുകയാണ്.
“ഇത് കഴിഞ്ഞില്ലേ അസീ… എന്നും കാണുന്ന നിങ്ങൾക്ക് ഇതിനുമാത്രം എന്താണ് സംസാരിക്കാനുള്ളത്” എന്ന് അജു ചോദിച്ചപ്പോൾ
“ഞങ്ങൾക്ക് പലതും പറയാനുണ്ടാകും. ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ഷാനയുടെ പഴയ കാമുകനെ പറ്റിയാണ്. എന്തേ ഇക്കാക്ക് വിരോധമുണ്ടോ…?” എന്ന് അസി തിരിച്ചുചോദിച്ചു.

“ഏയ്‌… നിങ്ങളായി നിങ്ങളുടെപാടായി. നമ്മളില്ലേ… ഞാൻ ഉറങ്ങാൻപോവാ” അജു ബെഡിന്റെ ഒരറ്റത്ത് സ്ഥാനംപിടിച്ച് കിടന്നതും

“അപ്പൊ ബാബിയോട് സംസാരിക്കണ്ടേ ഇക്കാക്ക്” എന്ന് അസി.

“വേണ്ട” എന്നുപറഞ്ഞ് അജു തലവഴി പുതപ്പുമൂടി.
എങ്കിലും ഷാനയോട് സംസാരിക്കാൻ അവന്റെ ഉള്ളിലൊരുപാട് കൊതിയുണ്ടായിരുന്നു.

“അപ്പൊ ശെരി ബാബി. ഇക്ക ഉറങ്ങി. ബാബിയും ഉറങ്ങിക്കോ. ഇനി എന്നെ ഉറക്കിയിട്ട് ഫോൺ വിളിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ ഫോൺ തരില്ലട്ടാ” അസി അജു കേൾക്കെ ഷാനയോട് പറഞ്ഞു.

അതുകേട്ട അജു പുതപ്പുമാറ്റി അസിയെനോക്കി.
അസി അജുവിന് പല്ലിളിച്ചു കാണിച്ചു.

അങ്ങനെ ഫോൺ കട്ടാക്കി അസിയും ബെഡിന്റെ സൈഡിലായി കിടന്ന് എപ്പോഴോ ഉറങ്ങി.
കൂടെ അജുവും.

സുബ്ഹി നമസ്കാരത്തിനുശേഷം വീണ്ടുമുറങ്ങിയ അജു ഫോണിന്റെ ബെല്ലടികേട്ടുകൊണ്ടാണ് എണീറ്റത്.
ആദ്യം ചുമരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം ആറുമണി.
“ഈ നേരത്ത് ഇതാരാ വിളിക്കുന്നെ” എന്നുചിന്തിച്ച് അജു ഫോൺ നോക്കിയപ്പോൾ മജീദ്ക്ക.
അതുകണ്ട അജൂനൊരു പേടിതോന്നി…

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!