ദേവൂന്റെ ചോദ്യത്തിന് മറുപടി എന്നോണം മായ ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു…
“പറയു നീ എന്താ ഏട്ടനെ രക്ഷിക്കാത്തത്…?”
ദേവു വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു…
“ദേവു , ഈ ഭൂമിയിൽ എന്തൊക്കെ സംഭവിക്കണം എന്ന് വിധി ഉണ്ടോ അതൊക്കെ സംഭവിക്കുക തന്നെ ചെയ്യും…
നീ പറഞ്ഞത് പോലെ എനിക്ക് അനന്തെട്ടനെ രക്ഷിക്കാൻ സാധിക്കുമായിരുന്നു… പക്ഷേ ഞാൻ അങ്ങനെ ചെയ്താൽ തുടർന്നു സംഭവിക്കേണ്ട പലതും സംഭവിക്കാതെ പോകും…. “
മായ ഗുഢമായ മന്ദസ്മിതം നൽകികൊണ്ട് പറഞ്ഞു….
“എനിക്ക് ഒന്നും മനസിലാവുന്നില്ല… ആരായിരിക്കും വരുണേട്ടനെ ഉപദ്രവിച്ചത്…?”
ദേവു തന്റെ ഉള്ളിലെ അടുത്ത സംശയവും മായയുമായി പങ്ക് വച്ചു…
“ഇവിടുത്തെ ശേഖരൻ… അയാൾ ആണ് അനന്തെട്ടനെ വധിക്കാൻ ശ്രമിച്ചത്…. ഒപ്പം കൂട്ട് നിന്ന ചാത്തുണ്ണിയാണ് നിന്നെ നശിപ്പിക്കാൻ ശ്രമിച്ചത്… ‘
മായയുടെ വാക്കുകൾ ദേവൂനെ ആകെ അസ്വസ്ഥ ആക്കി….
എന്ത് കൊണ്ടോ അവൾക്ക് അതൊന്നും വിശ്വസിക്കാൻ ആയില്ല…
താൻ ഇവിടെ വന്ന അന്ന് മുതൽ കണ്ട ശേഖരൻ അമ്മാവൻ തീർത്തും പാവം ആയിരുന്നു…
എപ്പോഴും സ്നേഹത്തോടെ മാത്രം ഇടപെടുന്ന ആൾ… സുമംഗല അമ്മായി എന്തെങ്കിലും കുത്തി പറഞ്ഞാൽ പോലും അമ്മാവൻ ഇവിടെ ആരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ല എന്നവൾ ഓർത്തു…
ഇത്രയും സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറിയിരുന്ന ആൾക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി…
“നീ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് ഊഹിക്കാം..? “
മായയുടെ വാക്കുകൾ ആണ് ദേവൂനെ ചിന്തകളിൽ നിന്നും ഉണർത്തിയത്…
“പക്ഷേ അമ്മാവൻ എന്തിന്? “
ദേവു ആശങ്കയോടെ ചോദിച്ചു….
“ശേഖരൻ ഒരു ആട്ടിൻ തോലിട്ട ചെന്നായ ആണ്.. അയാൾക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഒള്ളു പണം.. അനന്തേട്ടൻ മരിച്ചാൽ ആ കുറ്റം അയാൾ ആത്മകളിലേക്ക് ചാരും… കുറച്ച് നാൾ കഴിഞ്ഞ് ദേവനെയും ഇല്ലാതെ ആക്കിയാൽ ഈ തറവാടിന്റെ അവകാശം മുഴുവനും അയാൾക്ക് മാത്രം ലഭിക്കും… ”
മായ അത് പറഞ്ഞപ്പോൾ ദേവൂന്റെ ഉള്ളിൽ പിന്നെയും സംശയങ്ങൾ ബാക്കി ആയി …
“അതിന് പത്മ അമ്മയ്ക്കും സ്വത്തിൽ അവകാശം ഉണ്ടല്ലോ പിന്നെ എങ്ങനെ എല്ലാം അമ്മാവന് മാത്രം ലഭിക്കും… “
ദേവു തന്റെ ഉള്ളിലെ സംശയം മായയോട് ചോദിച്ചു…
“പണ്ട് മാധവന് ഒപ്പം നാട് വിട്ട പത്മയോടുള്ള ദേഷ്യത്തിൽ പത്മയുടെ അച്ഛൻ സ്വത്തുക്കൾ രണ്ട് ആണ്മക്കളുടെയും പേരിൽ എഴുതി കൊടുത്തു… ഈ മനക്കൽ തറവാട് മാത്രം പത്മയുടെ അച്ഛന്റെ പേരിൽ ഇപ്പോൾ ഒള്ളു… ഭദ്ര അനന്തേട്ടന് സ്വന്തം ആയാൽ മനക്കൽ തറവാട് ഇവിടുത്തെ മുത്തശ്ശൻ അവർക്ക് നൽകും … ഇതൊക്കെ തടയുക ആയിരുന്നു ശേഖരന്റെ ലക്ഷ്യം …. “
മായ പറഞ്ഞത് കേട്ടു ദേവൂന് അവിടെ നടക്കുന്ന ചതികളുടെ ഏകദേശ രൂപം കിട്ടി…
“അപ്പോൾ ചാത്തുണ്ണി എന്തിനാ അങ്ങനെ ചെയ്യാൻ ശ്രമിച്ചത്.. അതും അമ്മാവൻ പറഞ്ഞിട്ട് ആണോ..? “
ദേവു വീണ്ടും അവളുടെ ഉള്ളിലെ സംശയം പങ്ക് വച്ചു…
“അല്ല ദേവു.. ചാത്തുണ്ണി നിന്നോട് അങ്ങനെ പെരുമാറാൻ ശ്രമിച്ചതിൽ ശേഖരന് പങ്ക് ഇല്ല… “
മായ സൗമ്യമായി മറുപടി പറഞ്ഞു…
‘മായ ഒരു കാര്യം കൂടി ഞാൻ ചോദിച്ചോട്ടെ… ഗൗരിയോട് ഇപ്പോഴും നിനക്ക് ദേഷ്യം ആണോ… സത്യത്തിൽ നിനക്ക് എന്താ സംഭവിച്ചത്? “
ദേവു അത് ചോദിച്ചതും മായയുടെ ഭാവം മെല്ലെ മാറി തുടങ്ങി….
“ഞാൻ നിന്നോട് പറഞ്ഞില്ലേ ദേവൻ എന്നോട് ചെയ്തത്… അതിന് ശേഷം ഞാൻ അത് ആരോടും പറയാതെ ഇരിക്കാൻ വേണ്ടി അയാൾ എന്നോട് പ്രണയം നടിച്ചു… ഞാനും അത് വിശ്വസിച്ചു… പക്ഷേ ദിവസങ്ങൾ കൊഴിഞ്ഞു പോകവേ എന്റെ ഉള്ളിൽ അയാളുടെ ജീവൻ ന്റെ തുടിപ്പ് വളരുന്നത് ഞാൻ അറിഞ്ഞു… അത് അയാളെ അറിയിക്കിനായി മനക്കൽ എത്തിയ ഞാൻ അറിഞ്ഞത് അയാളുടെ യും ഭദ്രയുടെയും വിവാഹം ഉറപ്പിച്ചു എന്നായിരുന്നു… അന്ന് ഇവിടുത്തെ കുളത്തിന് അരികിൽ വച്ചു ഞാൻ കാല് പിടിച്ചു കരഞ്ഞു അപേക്ഷിച്ചു അയാളോട് എന്നെ ഉപേക്ഷിക്കരുത് എന്ന്… പക്ഷേ അയാൾ ഭദ്രയുടെ സൗന്ദര്യത്തിൽ മയങ്ങി പോയിരുന്നു… എന്നെ ഉപേക്ഷിക്കും എന്ന് ഉറപ്പ് ആയപ്പോൾ എല്ലാം പത്മനാഭ ഗുരുക്കളെ അറിയിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ ഇവിടുത്തെ കുളത്തിൽ തന്നെ എന്നെ അവസാനിപ്പിച്ചു…
ഭദ്രയെ നേടാൻ അയാൾ ഇല്ലാതെ ആക്കിയത് എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും എന്റെ കുടുംബത്തെയും കൂടിയാണ്… എന്റെ മരണവാർത്ത അറിഞ്ഞു എന്റെ അച്ഛൻ ഹൃദയം തകർന്നു മരിച്ചു… എന്റെ അമ്മ ആത്മഹത്യാ ചെയ്തു… എന്നെ കൊന്നത് അനന്തേട്ടൻ ആണെന്ന് അയാൾ വരുത്തി തീർത്തു….
ഞാൻ മരിച്ചു കൃത്യം 17 ആം നാൾ എന്റെ ആത്മാവ് അയാളോടുള്ള പക തീർക്കാൻ ഇവിടേക്ക് വന്നു പക്ഷേ മന്ത്ര തന്ത്രങ്ങൾ വശത്ത് ആക്കിയിരുന്ന ദേവൻ എന്നെ കുളത്തിൽ തന്നെ ബന്ധിച്ചു….
ഭദ്ര ക്ക് വേണ്ടി എന്നോട് ചെയ്ത ദ്രോഹം എനിക്ക് ഒരിക്കലും ക്ഷമിക്കാൻ ആവില്ല… അവൾക്ക് വേണ്ടി എന്നെ അയാൾ കൊന്നത് കൊണ്ട് തന്നെ അവളോടും എനിക്ക് പകയാണ്… അവളോട് ഉള്ള ദേഷ്യത്തിൽ മാത്രം ആണ് ഞാൻ അനന്തെട്ടനെ അന്ന് കുളത്തിന് കരയിൽ വച്ചു ആക്രമിച്ചത്…
എനിക്ക് ലഭിക്കാത്ത ജീവിതവും പ്രണയവും അവൾക്കും ലഭിക്കാൻ ഞാൻ സമ്മതിക്കില്ല… ഈ ചിത്രാപൗർണ്ണമിയുടെ അന്ന് ഞാൻ എന്റെ ശത്രുക്കളെ എല്ലാം ഈ ഭൂമിയിൽ നിന്നും കൊണ്ട് പോകും…. “
അത്രയും പറഞ്ഞ് കൊണ്ട് മായ ഒരു പുകയായി അവിടെ നിന്നും പോയി…
ഇതെല്ലാം കണ്ട് നിസ്സഹായതയോടെ നിൽക്കാൻ മാത്രേ ദേവൂന് ആയുള്ളൂ….
- ••••••••••••••••••••••••••••••••••••••••••••••••••••••
“എന്താ ഉറങ്ങില്ലേ….? ‘
രാത്രി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മുത്തശ്ശനോടായി മുത്തശ്ശി ചോദിച്ചു….
“ഉറങ്ങാൻ പറ്റുന്നില്ലടോ.. ഇന്ന് ഇവിടെ നടന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ എന്തൊക്കെയോ ശരികേടുകൾ… “
മുത്തശ്ശൻ നടത്തം നിർത്തി കൊണ്ട് പറഞ്ഞു…
“എന്താ അങ്ങനെ തോന്നാൻ…? “
മുത്തശ്ശി ഒന്നും മനസിലാകാതെ ചോദിച്ചു…
“ദേവു മോളെ ആക്രമിച്ച ആൾ ആരാവും…? അയാളെ അറിയില്ല എന്നാണ് ശേഖരൻ പറഞ്ഞത്… പക്ഷേ ശേഖരന് ഒപ്പം ഒരിക്കൽ അയാളെ കണ്ടതായി ആണ് എന്റെ ഓർമ… അങ്ങനെ ആണെങ്കിൽ ശേഖരൻ എന്തിന് കള്ളം പറയണം… എനിക്ക് ഒന്നും മനസിലാകുന്നില്ല… “
അദ്ദേഹം തന്റെ ഉള്ളിലുള്ള ആശങ്കകൾ മുത്തശ്ശിയും ആയി പങ്ക് വച്ചു…
“ശേഖരൻ നമ്മളെ ചതികുവോ…? “
മുത്തശ്ശി ആകുലതയോടെ ചോദിച്ചു..
“അവനോട് മരിച്ച ആളിനെ കുറിച്ച് ചോദിച്ചപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന പരിഭ്രമം എന്റെ സംശയങ്ങൾ ശരി വെക്കുന്നത് ആണ്… എങ്കിലും നമുക്ക് പ്രാർത്ഥിക്കാം എന്റെ സംശയങ്ങൾ ശരി ആകരുതേ എന്ന്… “
മുത്തശ്ശൻ അത് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ മനസിലും ആ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നോള്ളൂ…
തന്റെ മകൻ തെറ്റുകാരൻ ആകരുതെന്ന് അവർ മഹാദേവനോട് മനമുരുകി പ്രാർത്ഥിച്ചു…..
- •••••••••••••••••••••••••••••••••••••••••••••••••••••••
“ഇത്രയും നേരം ആയിട്ടും അവൻ കണ്ണ് തുറന്നില്ലല്ലോ… “
നന്ദിത ആകുലതയോടെ പറഞ്ഞു…
“താൻ ഇങ്ങനെ ടെൻഷൻ അടിക്കാതെ.. നേരം വെളുത്തത് അല്ലേ ഒള്ളു അവൻ കണ്ണ് തുറക്കും… “
ഗണേശൻ തന്റെ ഉള്ളിലെ ആശങ്കകൾ മറച്ചു വച്ചുകൊണ്ട് നന്ദിതയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ..
പാച്ചുവും അരുണും ഡോക്ടറുടെ വരവിനായി അക്ഷമയോടെ കാത്തിരുന്നു…
ഇതിനിടയിൽ പലപ്പോഴും അരുൺ നേഴ്സ് ന്റെ അരികിൽ നിന്നും വരുണിന്റെ മെഡിക്കൽ ഷീറ്റ് നോക്കുകയും ഒക്കെ ചെയ്തു…
താൻ ഒരു ഡോക്ടർ ആയിരുന്നിട്ടും വരുണിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നത് അരുണിൽ കുറ്റബോധം ഉണ്ടാക്കി…
എന്നാൽ ഈ സമയം അത്രയും ആരോടും മിണ്ടാതെ വെള്ളം പോലും കുടിക്കാതെ ഗൗരി അതെ ഇരുപ്പ് തുടർന്നു…
അവളുടെ ആ അവസ്ഥ എല്ലാവരെയും വേദനിപ്പിച്ചു…
പാച്ചു പലപ്പോഴും അവൾക്ക് അരികിൽ പോയിരുന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കണ്ണുകളിൽ നിന്നും പെയ്തു തുടങ്ങിയ മഴ ഈ നേരത്തിനിടയിൽ ഒരിക്കൽ പോലും തോർന്നില്ല…
കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഡോക്ടർ എത്തി വരുണിനെ പരിശോധിക്കാൻ ആരംഭിച്ചു….
അരുൺ ഒരു ഡോക്ടർ ആയത് കൊണ്ട് മാത്രം അരുണിനെയും അദ്ദേഹം അകത്തു കേറാൻ അനുവദിച്ചു ..
“അരുൺ തന്റെ ബ്രദർ ന്റെ അവസ്ഥ ഞാൻ പറയാതെ തനിക്ക് അറിയാമല്ലോ… ഇതുവരെ അയാൾ മരുന്നുകളോട് റെസ്പോണ്ട് ചെയ്തിട്ടില്ല… “
ഡോക്ടർ അത് പറയുമ്പോൾ അരുണിന്റെ ഉള്ളിൽ അവൻ പോലും അറിയാതെ ഒരു നോവ് പടർന്നു…
“ഡോക്ടർ എനിക്ക് ഒരു സഹായം ചെയ്യുമോ…? ഗൗരി ക്ക് വരുണിനെ കാണാൻ ഒരു അവസരം നൽകാമോ..? “
അരുൺ അത് ചോദിക്കുമ്പോൾ അവന്റെ ഉള്ളിൽ പ്രതീക്ഷയുടെ ഒരു നാമ്പ് ഉണ്ടായിരുന്നു….
“അരുൺ താങ്കൾ ഒരു ഡോക്ടർ ആയത് കൊണ്ട് മാത്രം ആണ് ഞാൻ താങ്കളെ ഇതിനുള്ളിൽ കേറാൻ അനുവദിച്ചത്.. മരുന്നുകളോട് റെസ്പോണ്ട് ചെയ്യാത്ത രോഗിയുടെ അരികിലേക്ക് ആരെങ്കിലും കേറ്റി വിട്ടാൽ അയാൾക്ക് അണുബാധ ഏൽക്കില്ലേ…? “
ഡോക്ടർ അല്പം ഗൗരവത്തോടെ ചോദിച്ചു…
“ഡോക്ടർ പ്ലീസ് ഇതിന്റെ പേരിൽ വരുണിന് ഒരു കുഴപ്പവും വരില്ല… ആ പെൺകുട്ടി വരുണിന് വേണ്ടി ആണ് ജീവിക്കുന്നത്… പ്ലീസ് ഡോക്ടർ.. “
അരുൺ ഡോക്ടറിനോട് അപേക്ഷിച്ചു..
“മ്മ് പക്ഷേ പിന്നെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദി അല്ല “
ഡോക്ടർ അൽപനേരം ചിന്തിച്ച ശേഷം പറഞ്ഞു..
അരുൺ അപ്പോൾ തന്നെ ഡോക്ടറിനോട് നന്ദി പറഞ്ഞ് കൊണ്ട് ഗൗരിയെ പോയി വിളിച്ച് കൊണ്ട് വന്നു..
അവൾ നടക്കാൻ പോലും പറ്റാത്ത അത്രയും ദുർബല ആയിരുന്നു.. അരുൺ അവളെ താങ്ങി പിടിച്ചാണ് വരുണിന്റെ അരികിൽ എത്തിച്ചത്…
വരുണിനെ കണ്ടതും അവൾ അവന്റെ കൈകളിൽ പിടിച്ചു കരയാൻ തുടങ്ങി… അവന്റെ കൈകളെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടി…
ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു അവളുടെ പ്രവർത്തികൾ എല്ലാം…
അത് കണ്ട് നിൽക്കാൻ ആവാതെ അരുൺ അവളെ പുറത്തേക്ക് കൊണ്ട് പോകാനായി കൈകളിൽ പിടിച്ചെങ്കിലും അവൾ അത് തട്ടി മാറ്റി….
“അനന്തേട്ട… “
അവൾ വരുണിനെ അങ്ങനെ വിളിച്ചപ്പോൾ അരുണിൽ ഒരു ഞെട്ടൽ ഉണ്ടായി..
(തുടരും…. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission