Skip to content

അഗ്നിസാക്ഷി – ഭാഗം 10

Agnisakshi Novel

”  പിണങ്ങല്ലേഡീ   പെണ്ണേ…. ദേ   അങ്ങോട്ട്   നോക്കിയേ…. “

സീറ്റിലേക്ക്   ചാരി   കണ്ണടച്ചിരുന്നവളെ   ചേർത്ത്   പിടിച്ചുകൊണ്ട്   അവൻ   മുന്നിലേക്ക്   കൈ   ചൂണ്ടി.  മുഖം   വീർപ്പിച്ചുകൊണ്ട്   തന്നെ    അവൻ   ചൂണ്ടിയിടത്തേക്ക്   നോക്കിയതും   ട്രീസയുടെ   മിഴികൾ   വിടർന്നു.  അധരങ്ങളിലൊരു  പുഞ്ചിരി   വിരുന്നെത്തി.

”  താങ്ക്യൂ  ഇച്ചായാ  ഉമ്മ

ാാാ….. “

പറഞ്ഞതും   അവന്റെ   കഴുത്തിലൂടെ   ചുറ്റിപ്പിടിച്ചാ   കവിളിൽ   അമർത്തി   ഉമ്മ

  വച്ചവൾ.  തിരികെ   ആൽവിനുമവളെ   ചേർത്തുപിടിച്ച്   നെറുകയിൽ   ചുംബിച്ചു.

”  ഇങ്ങനിരുന്നാൽ  മതിയോ  ഇറങ്ങണ്ടേ ???  “

തന്റെ   ഞെഞ്ചോടുചേർന്ന്  ഒരിക്കലും   അകലാനാഗ്രഹിക്കാത്തത്   പോലെയിരിക്കുന്നവളുടെ   നെറുകയിൽ  ചുണ്ടമർത്തിക്കൊണ്ടാണ്  ആൽവിനത്    ചോദിച്ചത്. അതുകേട്ടൊരു  നേർത്ത  പുഞ്ചിരിയോടെ  ട്രീസയവനിൽ   നിന്നുമകന്ന്   മാറി.  അവനൊപ്പം  ഡോർ   തുറന്നുപുറത്തേക്ക്  ഇറങ്ങുമ്പോൾ  സന്തോഷം   കൊണ്ടവളുടെ  ഉള്ളം  തുള്ളിത്തുളുമ്പുകയായിരുന്നു.  ആൽവിൻ  പതിയെ   നടന്നവളുടെ  അരികിലെത്തിയവളെയും  ചേർത്ത്  പിടിച്ചുകൊണ്ട്  മുന്നോട്ട്   നടന്നു.  അവരപ്പോൾ   ബീച്ച്   സൈഡിലായിരുന്നു  എത്തിച്ചേർന്നിരുന്നത്.  അവിടെ  ബീച്ചിലേക്ക്   കുറച്ചുമാറി  നിറയെ  അലങ്കാരബൾബുകളും  മറ്റുമൊക്കെ  തെളിയിച്ചിരുന്നു.  നൂലുകളാൽ  ബന്ധിതമായ  നിരവധി   ബലൂണുകൾ   കാറ്റിൽ   പാറിക്കളിച്ചിരുന്നു.  അവയൊക്കെ   കണ്ട്   അത്ഭുതത്തോടവനെ  നോക്കിയ  അവളെയൊന്ന്   കണ്ണുചിമ്മിക്കാട്ടി   ചിരിച്ചുകൊണ്ട്   ആൽവി  മുന്നോട്ട്  തന്നെ  നടന്നു.  അവരവിടെക്കെത്തിയതും  അവിടമാകെ  വല്ലാത്തൊരു  പ്രകാശം  നിറഞ്ഞു.  ഒന്ന്   ഞെട്ടിപ്പോയ   ട്രീസയവന്റെ   കൈയ്യിൽ   മുറുകെപ്പിടിച്ചുകൊണ്ട്   അവൻ   ചൂണ്ടിയിടത്തേക്ക്   നോക്കി.  ഒരുനിമിഷമവളുടെ  മുഖം   സന്തോഷം   കൊണ്ട്  വിടർന്നു.  അലയടിച്ചുകൊണ്ടിരുന്ന   കടൽത്തിരകൾക്ക്   മുകളിലേക്ക്   ഉയർന്നുപൊങ്ങിക്കൊണ്ടിരിക്കുന്ന  പല   നിറങ്ങളിലുള്ള   നിരവധി  ആകാശവിളക്കുകൾ  കണ്ടവളുടെ    കണ്ണുകൾ   തിളങ്ങി.   അപ്പോഴാണ്  തിരമാലകളോടടുത്ത്   തന്നെ   ഒരു   ടേബിളിൽ   സെറ്റ്  ചെയ്തിരുന്ന   കേക്കും  കാൻഡിൽസും  അവളുടെ   കണ്ണിൽ  പെട്ടത്.  അതിൽ   ഹാപ്പി  സെക്കന്റ്‌   ലവ്  ആനിവേഴ്‌സറി   എന്ന്  എഴുതിയിരിക്കുന്നത്  കണ്ട്  അവൾ  സന്തോഷത്തോടെ   വീണ്ടുമവനെ  കെട്ടിപ്പിടിച്ച്   പെരുവിരലിലുയർന്നുകൊണ്ട്   ആ  കവിളിൽ   അമർത്തി  ചുംബിച്ചു. 

”  ഹലോ  ഹലോ…. ഇതൊക്കെ  പിന്നെ   ആദ്യം   വന്നീ   കേക്ക്   ഒന്ന്   കട്ട്   ചെയ്യൂ   പ്ലീസ്…. “

പെട്ടന്നാരുടെയോ  ശബ്ദം   കേട്ടതും   ട്രീസ   ഞെട്ടിയവനിൽ  നിന്നുമകന്ന്   മാറി  ചുറ്റും  നോക്കി.   ഏകദേശം   പത്തിരൂപത്   പേരോളം  അപ്പോഴേക്കും  അവർക്കുചുറ്റും  നിരന്നിരുന്നു.  എല്ലാവരുടെ  ചുണ്ടിലും   നിറഞ്ഞ   പുഞ്ചിരിയായിരുന്നു.  ആദ്യമൊന്നമ്പരന്നെങ്കിലും   അതൊക്കെ   ആൽവിന്റെ   ഫ്രണ്ട്സാണെന്ന്   വളരെ   വേഗത്തിൽ   തന്നെ  തിരിച്ചറിഞ്ഞു.

”  വാ  വാ  രണ്ടാളും  കൂടിയീ  കേക്കങ്ങ്   മുറിക്ക്…. “

കൂട്ടത്തിലൊരു  പെൺകുട്ടി   കത്തിയെടുത്ത്   നീട്ടിക്കൊണ്ട്‌   വിളിച്ചതും   പുഞ്ചിരിയോടെ   ആൽവിനവളേം   കൂട്ടി   അങ്ങോട്ടടുത്തു.  അവർ   കേക്ക്   കട്ട്   ചെയ്യുന്ന  സമയമൊക്കെയും   കരയിലേക്ക്   പാഞ്ഞുകയറുന്ന   തിരമാലയാൽ  കാലുകൾ   നനയ്ക്കപ്പെടുന്നത്   ട്രീസയറിയുന്നുണ്ടായിരുന്നു.   കേക്ക്  കട്ട്‌  ചെയ്ത്  പരസ്പരം   നൽകുമ്പോൾ  എന്തുകൊണ്ടൊ  അവളുടെ  മിഴികൾ  ഈറനണിഞ്ഞിരുന്നു.  അത്  കണ്ടതും  ഒരിളം  ചിരിയോടെ  ആൽവിനവളെ  ചേർത്തുപിടിച്ച്   നെറ്റിയിൽ  ചുണ്ടമർത്തി. 

പിന്നീട്   അവിടെയുണ്ടായിരുന്നവരെയൊക്കെ  അവനവൾക്ക്   പരിചയപ്പെടുത്തി.  ട്രീസയും  നിറഞ്ഞ  പുഞ്ചിരിയോടെല്ലാവരോടും  സംസാരിച്ചു.  

”  അപ്പോൾ  ഇവിടുത്തെ  ചടങ്ങുകളൊക്കെ  കഴിഞ്ഞസ്ഥിതിക്ക്  ഞങ്ങളങ്ങോട്ട്  നീങ്ങുവാ.  കാമുകീം  കാമുകനും  കൂടിവിടിരുന്ന്  തിരയെണ്ണ്.  ഇനിയെങ്കിലും   ഇവളുമാരെയൊക്കെ  വീട്ടിൽ   കേറ്റിയിട്ട്  വേണം   ഞങ്ങൾക്ക്   പോകാൻ.  കൂട്ടത്തിൽ  ഇവന്  മാത്രമല്ലേയുള്ളൂ  ലൈസെൻസുള്ളൂ… “

കൂട്ടത്തിലൊരു  പെൺകുട്ടിയുടെ  തോളിൽ  കയ്യിട്ട്   ചേർത്തുപിടിച്ചുകൊണ്ട്   ഒപ്പമുണ്ടായിരുന്ന  വിവാഹിതരായ  എബിയേയും  ഭാര്യ  അലീനയേയും  ചൂണ്ടിയാണ്  വിവേക്  അത്  പറഞ്ഞത്. 

”  അതിനാടാ  പുല്ലേ  പറയുന്നത്  നേരത്തിന്  കല്യാണം  കഴിക്കണമെന്ന്…. അല്ലെങ്കിൽ   പാതിരാത്രി   നിന്നേയൊക്കെ  പോലെ  കാമുകിമാരെ  മതില്  ചാടിക്കേണ്ടി  വരും.  അല്ലേടി   ഏലിയമ്മോ ???  “

ചിരിയോടെ  അലീനയെ  ചേർത്തുപിടിച്ചുകൊണ്ട്  എബി   പറഞ്ഞത്  കേട്ട്   എല്ലാവരും  ചിരിച്ചു. 

”  അളിയാ  സദാചാരപോലിസിന്റെ  ഇടിയൊന്നും  കൊള്ളാൻ  നിൽക്കാതെ   വീട്ടിൽ   പോയേക്കണേ….. “

”  കരിനാക്കെടുത്ത്   വളക്കല്ലേടാ  ശവി…..”

തന്റെ  വണ്ടിയിലേക്ക്  കയറുന്നതിനൊപ്പം  വിളിച്ചുപറഞ്ഞ  വിവേകിനെ  എന്തോ  എടുത്തെറിഞ്ഞുകൊണ്ട്  ആൽവിയും  പറഞ്ഞു.  നിമിഷനേരം  കൊണ്ട്   തന്നെ   അവരെല്ലാം  കയറിയ  വണ്ടികൾ   അവരുടെ  കണ്ണിൽ  നിന്നും  മറഞ്ഞു. 

”  എന്നാടി   കൊച്ചേ  നീയൊന്നും  മിണ്ടാത്തേ ???  “

അവന്റെ  ചോദ്യത്തിന്  മറുപടിയൊന്നും  പറയാതവനെ  ചുറ്റിപ്പിടിച്ചാ  മാറിലേക്ക്   മുഖം  പൂഴ്ത്തുകയാണ്  ട്രീസ   ചെയ്തത്.

”  I LOVE YOU  ഇച്ചായാ….. സത്യമായും   എനിക്കെന്താ   പറയേണ്ടതെന്നറിയില്ല.  ഇപ്പോഴത്തെ  എന്റെ   സന്തോഷം   എത്രയെന്നെനിക്ക്   പറഞ്ഞറിയിക്കാൻ   വയ്യ….. “

അവൾ   പറഞ്ഞത്  കേട്ട്   ആൽവിനൊരു  ചിരിയോടവളെ  നെഞ്ചോട്   ചേർത്ത്  പിടിച്ച്   മുടിയിലൂടെ   തഴുകി. 

”  പിന്നേ….. ഇച്ചായാ…. “

”  എന്നാടി ????  “

”  സോറി….. “.

”  എന്നാത്തിന് ????  “

”   നേരത്തെ   വഴക്കിട്ടതിന്…..”

തന്റെ  നെഞ്ചിൽ  നിന്നും   മുഖമുയർത്താതെ  തന്നെ   അവൾ   പറഞ്ഞത്  കേട്ട്   ആൽവിൻ   പൊട്ടിച്ചിരിച്ചുപോയിരുന്നു. 

”  എന്നാത്തിനാ  ചെകുത്താനെ  ഇപ്പൊ  ഇങ്ങനെ  കിടന്നട്ടഹസിക്കുന്നത് ???  “

അവന്റെ  നെഞ്ചിൽ   പതിയെ  കടിച്ചുകൊണ്ട്  ചോദിക്കുമ്പോൾ  ട്രീസയുടെ  കവിളുകൾ  വീർത്തിരുന്നു. 

”  അല്ല  ഈ  രണ്ട്  വർഷത്തിനിടയിൽ  നീ  പിണങ്ങാത്ത  എത്ര  ദിവസമുണ്ടായിരുന്നെന്ന്  ഞാനൊന്ന്  വിരലിൽ  കൂട്ടി  നോക്കുവായിരുന്നു.  “

ചിരി  നിർത്താതെ  തന്നെ  അവൻ   പറഞ്ഞത്  കേട്ട്  അവൾ  പിണക്കത്തോടവനെ   നോക്കി.  ആൽവി  പക്ഷേ  അപ്പോഴും   പുഞ്ചിരിക്കുക  തന്നെയായിരുന്നു.  അത്   കണ്ട്  ദേഷ്യത്തോടെ  അവൾ  തിരിഞ്ഞ്  കടലിലെ  ഇരുളിലേക്ക്  നോക്കി  നിന്നു. പെട്ടന്നായിരുന്നു  കഴുത്തിലൊരു  തണുപ്പ്   പോലെ  തോന്നിയതവൾക്ക്.  അവൾ  കുനിഞ്ഞുനോക്കുമ്പോഴേക്കും   മാറിൽ  പതിഞ്ഞുകിടക്കുന്ന  സ്വർണ  ലോക്കറ്റുള്ള  ചെയിൻ  അവനവളുടെ  കഴുത്തിൽ  മുറുക്കിയിരുന്നു.  ഒരമ്പരപ്പോടെ  അവനെ  നോക്കിയിട്ട്  ആ  ലോക്കറ്റ്  കൈവെള്ളയിലെടുത്തുകൊണ്ട്   ട്രീസയതിലേക്ക്  നോക്കി.   ഭംഗിയുള്ള  അക്ഷരങ്ങൾ  ചേർത്തുവച്ച   ആൽവിന്റെ    പേരായിരുന്നു  അതിൽ  ഉണ്ടായിരുന്നത്.  അതിലേക്ക്   നോക്കും  തോറും   അവളുടെ   മിഴികൾ   തിളങ്ങുന്നത്   കൗതുകത്തോടവൻ   നോക്കിയിരുന്നു. 

വീണ്ടും  പിണക്കം  മറന്ന്  തന്റെ  കയ്യിൽ  ചുറ്റിപ്പിടിച്ച്  തോളിലേക്ക്   ചാഞ്ഞിരുന്നവളെ   ചിരിയോടെ  നോക്കിയിരുന്നവൻ. 

”  ഇച്ചായാ  നമുക്ക്   പോണ്ടേ  ????  “

സമയം  കൊഴിഞ്ഞുവീഴവേ   അവന്റെ   മുഖത്തേക്ക്  നോക്കി  അവൾ  ചോദിച്ചു. 

”  കുറച്ചുകഴിയട്ടെടി….. “

”   ഈ  മനുഷ്യനിതെതെന്തിന്റെ  കേടാ  പാതിരാത്രി  ഇവിടെ  വന്നിരുന്ന്   തിരയെണ്ണാൻ…… ഒന്ന്   വാ  ഇച്ചായാ  എനിക്ക്  തണുക്കുന്നു…..”

അവനെ  പിടിച്ചുകുലുക്കിക്കൊണ്ട്   അവൾ   വീണ്ടും   പറഞ്ഞു. 

”  അത്രേയുള്ളൊ ….. “

ചോദിച്ചതും   കാലുനീട്ടിയിരുന്നുകൊണ്ടവളെ   പൊക്കിയെടുത്ത്   മടിയിലേക്കിരുത്തി  പൊതിഞ്ഞുപിടിച്ചവൻ. 

”  ഹോ  എന്നാ  ബുദ്ധിയാ…. “

അവന്റെ  കവിളിലൊരു  കുത്ത്    കൊടുത്തുകൊണ്ട്   പറഞ്ഞവളെ  നോക്കി   ആൽവിൻ   നന്നായൊന്നിളിച്ചുകാണിച്ചു.  പിന്നീടൊന്നും  പറയാതെ  ട്രീസയുമവന്റെ  നെഞ്ചിലേക്കൊതുങ്ങിയിരുന്നു.  അപ്പോഴും  കരയിലേക്ക്   വീശിയടിക്കുന്ന   കടൽക്കാറ്റിലവളുടെ  നേർത്ത   മുടിയിഴകൾ   അവന്റെ  മുഖത്തേക്ക്   പാളിവീണുകൊണ്ടിരുന്നു.  അവയിൽ   നിന്നും    പരന്നിരുന്ന    ഏതോ   ഷാംപൂവിന്റെ   സുഗന്ധവും  അവളുടെ  ഉടലിലെ   പെർഫ്യൂമിന്റെ   മണവുമെല്ലാം   കൂടിക്കുഴഞ്ഞൊരു   സുഗന്ധമവന്റെ   മൂക്കിലേക്കിരച്ചുകയറി.  ഒപ്പം   തന്നെ  ആ   തണുപ്പിലും   അവളുടെ   ശരീരത്തിൽ   നിന്നുമുള്ളൊരു   ചെറുചൂടുകൂടിയായപ്പോൾ   അവന്റെ  സിരകൾക്ക്   ചൂട്   പിടിച്ചുതുടങ്ങിയിരുന്നു.

ഇടയ്ക്കെപ്പോഴോ   തന്റെ   ഇടുപ്പിലമർന്നിരുന്ന  അവന്റെ   കൈകൾക്ക്   മുറുക്കമേറുന്നതും   അവ  ദിശതെറ്റിയൊഴുകുന്നതുമറിഞ്ഞ്   ട്രീസ  മുഖമുയർത്തി   അവനിലേക്ക്   നോക്കി.  ആ   മിഴികളപ്പോൾ   അവളിൽ   തന്നെ   തങ്ങി   നിൽക്കുകയായിരുന്നു.  ആ   കണ്ണുകളുമായി   കൊരുത്ത   തന്റെ   മിഴികളെ   പിൻവലിക്കാനാവാതെ   ഒരുനിമിഷമവളുമതേയിരുപ്പ്   തുടർന്നു.  ആൾവിന്റെ  വലതുകരം   തന്റെ  കവിളുകളിലിഴഞ്ഞതും   മുഖത്തേക്ക്   വീണുകിടന്ന  മുടിയിഴകളെ   മാടിയൊതുക്കിയതും  പോലുമറിയാതെ   അവന്റെ   മിഴികളിലേക്ക്   തന്നെ  ഉറ്റുനോക്കിയിരിക്കുകയായിരുന്നു   ട്രീസയപ്പോൾ. 

പെട്ടന്നായിരുന്നു   അവൾക്കൊന്ന്   ചിന്തിക്കാൻ  പോലും  സമയം   നൽകാതെ  കുനഞ്ഞുവന്ന   ആൽവിനവളുടെ  അധരങ്ങളെ   കവർന്നെടുത്തത്.  ഒന്ന്   പുളഞ്ഞുപോയ  ട്രീസയൊരു   വിറയലോടെ   അവന്റെ  ഷർട്ടിൽ   അള്ളിപിടിച്ചു.  ഒരുനിമിഷമൊന്ന്   മരവിച്ചിരുന്നുപോയെങ്കിലും   പിന്നീടവളുമാ   ചുംബനത്തിന്റെ  ലഹരി  നുണഞ്ഞുതുടങ്ങി.   തന്റെ  കീഴ്ചുണ്ടും  മേൽചുണ്ടും  മാറിമാറി  നുണഞ്ഞുകൊണ്ടിരിക്കുന്നവന്റെ  മുടിയിഴകളിലൂടവളുടെ  വിരലുകൾ  കൊരുത്തുവലിച്ചു.  പതിയെപ്പതിയെ  അധരങ്ങളിൽ  നിന്നുമത്   നാവുകൾ    തമ്മിലിണചേരുന്നിടത്തെത്തി.  അപ്പോഴേക്കും   ട്രീസ   വല്ലാതെ  തളർന്നുപോയിരുന്നു.  അതറിഞ്ഞിട്ടെന്ന  പോലെ  അധരങ്ങളെ   പരസ്പരം  വേർപെടുത്തി   അവളെ  ചേർത്തുപിടിച്ച്    നെറുകയിൽ  പതിയെ  തലോടിയവൻ.  അപ്പോഴും   അവന്റെ   നെഞ്ചിൽ   ചാഞ്ഞുകിടന്ന്   കിതപ്പടക്കാൻ   പാടുപെടുകയായിരുന്നു   ട്രീസ. 

                

രാവിലെ   ശിവയുണരുമ്പോൾ  അരികിൽ   അല്ലിയുണ്ടായിരുന്നില്ല.  അല്പനേരം   കൂടിയവിടെത്തന്നെ  ചുരുണ്ടുകൂടിക്കിടന്നിട്ട്   അവൻ   പതിയെ   എണീറ്റ്   താഴേക്ക്   നടന്നു.  സ്‌റ്റെയർ  കേസിറങ്ങി   താഴെയെത്തുമ്പോഴെ  കണ്ടു   പൂമുഖത്തെല്ലാവരും   കൂടി   നിൽക്കുന്നത്.  കാര്യമാറിയാതെ   അവനുമങ്ങോട്ട്   ചെന്നു. 

”  എന്താ   രാവിലെ   എല്ലാരും   കൂടൊരു   ചർച്ച….. “

അങ്ങോട്ട്‌   ചെന്ന്   ചോദിച്ചകഴിഞ്ഞപ്പോഴാണ്   സോപാനത്തിണ്ണത്തിണ്ണയിൽ  കാല്   നീട്ടിയിരിക്കുന്ന   അല്ലിയെ   അവൻ   കണ്ടത്.   അവളുടെ   അരികിൽ   തന്നിരുന്നുകൊണ്ടാ   വലതുകാലിൽ  കുഴമ്പിട്ട്   തടവുകയായിരുന്നു   ഈശ്വരവർമ.  അല്ലിയുടെ  കാലിലാണെങ്കിൽ   ചെറിയതോതിൽ   നീരുമുണ്ടായിരുന്നു.  കാലിൽ   തൊടുമ്പോഴൊക്കെയും  വേദനകൊണ്ട്   മുഖം   ചുളിച്ചിരുന്ന   അവൾ   ശിവയേക്കൂടി   കണ്ടപ്പോഴേക്കും   കരഞ്ഞുപോയിരുന്നു. 

”  അല്ലു….. ഇതെന്തുപറ്റിയതാ   കാലിന് ??”

അവളുടെ   ഇരുപ്പുകണ്ടോടിവന്നവളുടെ   അരികിലേക്കിരുന്നുകൊണ്ട്   ശിവ  ചോദിച്ചു. 

”  ശിവേട്ടാ…. “

അവനരികിൽ  വന്നിരുന്നതും   തല  മാത്രം   ചരിച്ചവന്റെ   മാറിലേക്ക്   ചാഞ്ഞുകൊണ്ട്     അല്ലി  വിതുമ്പിക്കരഞ്ഞു.  കാര്യമൊന്നും  മനസ്സിലാവാതെ  ശിവയും   അവളെ  ചേർത്തുപിടിച്ചു.   അത്   കണ്ട്  അവിടെ   നിന്നിരുന്നവരൊക്കെ   ചിരിച്ചു. 

”  എന്താ   മുത്തശ്ശാ  ഇതെന്തുപറ്റിയതാ ????  “

അവളോട്   ചോദിച്ചിട്ടവളൊന്നും  പറയുന്നില്ലെന്ന്   കണ്ടപ്പോൾ   ഈശ്വരവർമയോട്   തന്നെ   ശിവ  ചോദിച്ചു. 

”  ഒന്നൂല്ലെടാ   രാവിലെ   എന്റെ   കൂടെ   കൃഷി   ചെയ്യാനിറങ്ങിയതാ   കാന്താരി……എവിടെയോ   തട്ടി   വീണു.  കുഴതെറ്റിയതാ   പേടിക്കാനൊന്നുമില്ല.  രണ്ട്   ദിവസം   വേദന   കാണും.  “

ഒരു   ചിരിയോടെ   ഈശ്വരവർമ   പറഞ്ഞത്   കേട്ട്   മറ്റുള്ളവരും   ചിരിച്ചു.  അല്ലി   മാത്രം   കൊച്ചുകുഞ്ഞുങ്ങളെപ്പോലെ   ചുണ്ട്   പിളർത്തി   അവനെനോക്കിയിരുന്നു.   അത്   കണ്ട്   ചിരി   കടിച്ചമർത്തിയിരിക്കുകയായിരുന്നു   ശിവ. 

അപ്പോഴേക്കും  മായ   ഒരു   കപ്പ്   ചായ   കൊണ്ടുവന്നവന്   കൊടുത്തു. 

”   മുത്തശന്റെ   പുറകെ    കാവടിതുള്ളിയുള്ള   പോക്ക്   കണ്ടപ്പോഴേ   ഞാനോർത്തതാ   ഇതിങ്ങനെന്തെങ്കിലുമാകുമെന്ന്.  “

പൊട്ടിച്ചിരിച്ചുകൊണ്ട്    പറഞ്ഞു   ദീപക്കിനെ   നോക്കി   കണ്ണുരുട്ടുവായിരുന്നു   അല്ലിയപ്പോൾ. 

”  നീ   പോടാ…..വീഴ്ചകൾ   വിജയത്തിലേക്കുള്ള   ചവിട്ടുപടിയാ….. “

”  തല്ക്കാലം   ഇന്നിത്രേം   മതി……ബാക്കി   വീഴ്ച  ഈ   കാല്   ശരിയായിട്ടാവാം…. “

പറഞ്ഞുകൊണ്ട്   ശിവയെണീറ്റവളെ   കൈകളിൽ   കോരിയെടുത്തുകൊണ്ട്   മുകളിലേക്ക്   നടന്നു.  അത്   കണ്ട്   അവിടെയുണ്ടായിരുന്നവരൊക്കെ  ചിരിച്ചു. 

                 

രാവിലെ  ഉണരാൻ   വൈകിയത്  കൊണ്ടുതന്നെ   അല്പം   താമസിച്ചായിരുന്നു   ആൽവിൻ  ഓഫീസിലേക്കിറങ്ങിയത്.  തലേദിവസം  രാത്രി  ഉറക്കം   ശരിയാവാതിരുന്നതിന്റെ  ക്ഷീണമത്രയും  അവന്റെ   മുഖത്ത്   ദൃശ്യമായിരുന്നു.

”  ഈ   ഉറക്കക്ഷീണവും   വച്ചോണ്ട്   നീയെന്നാപ്പിന്നിന്ന്   പോവണ്ട   വിനു…. “

പോകാൻ  റെഡിയായി   താഴേക്ക്   ഇറങ്ങിവന്ന  ആൽവിനെ  കണ്ട്  റോസ  പറഞ്ഞു. 

”  കുഴപ്പമില്ല  മമ്മീ….. ഇന്നിച്ചിരി   തിരക്ക്   കൂടുതലുള്ള   ദിവസമാ.  ഡാഡിയേക്കൊണ്ടൊറ്റയ്ക്ക്   പറ്റുകേല…. ഞാനും   കൂടി  ഉണ്ടായേലേ  പറ്റു.  വൈകുന്നേരം   ഞാനിത്തിരി   നേരത്തെ   ഇറങ്ങാം…. “

”  ഉവ്വാ….. നീ   ഓഫീസിന്ന്   നേരത്തെ   ഇറങ്ങും.  പക്ഷേ   വീട്   പറ്റാൻ  കോഴി  കൂവണം.  നേര്   പറയെടാ   ഇന്നലെ  മൂന്നാംമണി   വരെ   നീയെവിടാരുന്നു ???  “

അവന്റെ   അരികിലേക്ക്  വന്ന്   കണ്ണുരുട്ടി   നോക്കിക്കൊണ്ട്‌   ചോദിച്ച   റോസയുടെ  മുഖം  കണ്ട്  ആൽവിനൊരു  അവിഞ്ഞ  ചിരി   ചിരിച്ചു. 

”  ഹോ   റോസാക്കൊച്ച്   കാലത്തേ   നല്ല   ചൂടിലാന്നല്ലോ…. എന്നാ  പറയാനാന്നേ  ഇന്നലെ   എന്റെയൊരു  ഫ്രണ്ടിന്റെ  ബെർത്ത്‌ ഡേ  ആയിരുന്നു.  അതൊന്ന്   സെലിബ്രേറ്റ്   ചെയ്യാൻ   പോയതാ  ഞങ്ങൾ.  സത്യമായും   ഞാനൊഴിയാൻ   നോക്കിയതാ   മമ്മീ…. പക്ഷേ   അവന്മാര്   വിട്ടില്ല.  “

റോസയുടെ  കവിളിൽ   പിച്ചിയൊരു   കുസൃതിച്ചിരിയോടെ  നിഷ്കളങ്ക   ഭാവത്തിൽ   അവൻ   പറഞ്ഞത്  കേട്ട്  അവരാ   കൈ  തട്ടി  മാറ്റി. 

”  എന്റെ   മോനൊത്തിരിയങ്ങ്   നിഷ്കളങ്കനാവല്ലേ…. പോകാൻ   നോക്ക്…. “”

പറഞ്ഞിട്ടവനെ  ഒന്നുകൂടി   തറപ്പിച്ച്   നോക്കി   കൃത്രിമ  ദേഷ്യം   നടിച്ചുകൊണ്ട്   പറഞ്ഞ  റോസയേ   നോക്കിയൊന്ന്   കൂടി   ചിരിച്ചിട്ട്   ആൽവിൻ  വേഗത്തിൽ   പുറത്തേക്കിറങ്ങിച്ചെന്ന്   കാറിലേക്ക്   കയറി   ഓടിച്ചുപോയി.  ആ   വണ്ടി   ഗേറ്റ്   കടന്ന്   കണ്ണിൽ   നിന്ന്   മറയും  വരെ  റോസയവിടെത്തന്നെ    നിന്നു. 

”  എന്റെ   കുഞ്ഞിനെ   കാത്തോണേ   മാതാവേ….. “

തിരികെ  അകത്തേക്ക്   പോരുമ്പോൾ  കുരിശുവരച്ചവർ   മനസ്സിൽ   പ്രാർത്ഥിച്ചു. 

അധികം   വണ്ടികളൊന്നുമില്ലാതെ  ഒഴിഞ്ഞുകിടന്ന   റോഡിലൂടെ   ഡ്രൈവ്   ചെയ്യുമ്പോൾ   ആൽവിന്റെ   ചിന്തകൾ   ഇടയ്ക്കെങ്ങോട്ടോ   ഒന്ന്   പാളിപ്പോയിരുന്നു.  പെട്ടന്നായിരുന്നു   പിന്നിൽ   നിന്നും   പാഞ്ഞുവന്ന  രണ്ട്   വണ്ടികൾ   അവന്റെ   വണ്ടിക്ക്   കുറുകെ  വന്ന്   ബ്രേക്കിട്ടത്.  ആദ്യമൊന്ന്   പകച്ചുപോയെങ്കിലും   പെട്ടന്ന്   സംയമനം   വീണ്ടെടുത്ത   ആൽവി  വണ്ടി   സഡൺ   ബ്രേക്കിട്ടു.   അതിന്റെ   ടയറുകൾ   റോഡിലുരഞ്ഞ്   വല്ലാത്തൊരു   ശബ്ദത്തോടെ   മുന്നിലുള്ള  വണ്ടികളിൽ   ഇടിച്ചുഇടിച്ചില്ല   എന്ന  നിലയിൽ   ചെന്ന്   നിന്നു. 

അപ്പോഴേക്കും   മുന്നിലെ   വണ്ടികളിലൊന്നിൽ  നിന്ന്   ഐസക്കും   മറ്റൊന്നിൽ   നിന്ന്   ലോറൻസും   ഇറങ്ങിയിരുന്നു.  ആൽവിനാണെങ്കിൽ   പ്രത്യേകിച്ച്   ഭാവമാറ്റമൊന്നുമില്ലാതെ     സ്റ്റിയറിങ്ങിൽ   വിരൽകൊണ്ട്   താളം   പിടിച്ചുകൊണ്ടതേയിരുപ്പ്   തന്നെയായിരുന്നു  അപ്പോഴും. 

”  ആരാമത്തെ   കൊച്ചുമുതലാളിയൊന്ന്   പുറത്തേക്കിറങ്ങണം….. “

അവന്റെയിരുപ്പ്   കണ്ട്   പുച്ഛത്തോടെ   ലോറൻസ്   പറഞ്ഞത്  കേട്ട്   പുച്ഛം   കലർന്നൊരു  പുഞ്ചിരിയോടെ   ആൽവി   പതിയെ   ഡോർ  തുറന്ന്   പുറത്തേക്കിറങ്ങി.

”  എന്താണാവോ ????  “

പുറത്തേക്കിറങ്ങി  കാറിന്റെ  ബോണറ്റിൽ   ചാരിയൊരുകാൽ  പിന്നിലേക്ക്   മടക്കി   വണ്ടിയിലൂന്നി   നിന്നുകൊണ്ട്   അവൻ   ചോദിച്ചു. 

”  എന്ത്   ധൈര്യത്തിലാടാ   നീയെന്റെ   മോളുടെ  പിന്നാലെ   നടക്കുന്നത് ???  “

തൊട്ടുമുന്നിലേക്ക്  വന്ന്   ചീറികൊണ്ടുള്ള   ഐസക്കിന്റെ   ചോദ്യം   കേട്ടപ്പോഴും  അതേ   ചിരി   തന്നെയായിരുന്നു   അവനിൽ. 

”  അവളെന്റെ   പെണ്ണാണെന്ന  ധൈര്യത്തിൽ…. എന്താ   തനിക്ക്   സംശയമുണ്ടോ ????  ഉണ്ടെങ്കിൽ   മോള്   വീട്ടിലില്ലേ   ചെന്ന്   ചോദിക്കെഡോ…. ഈ   ആൽവിൻ  അലക്സ്‌   ഒരു  വിരൽ  ഞൊടിച്ചാൽ   താനല്ല   അങ്ങ്   പള്ളിസെമിത്തേരിയിലോട്ട്   കെട്ടിയെടുത്ത   തന്റപ്പൻ  പാപ്പച്ചനെതിർത്താലും   അതിനെയൊക്കെ   മറികടന്നവളിറങ്ങി  വരുമെന്റെ  കൂടെ…. കാണണോ   തനിക്ക് ?????  “

കൂസലിലില്ലാതെ   പറയുന്ന  ആൽവിന്റെ   വാക്കുകൾക്ക്   മുന്നിൽ   ജ്വലിച്ചുകൊണ്ട്  നിൽക്കുകയായിരുന്നു  ഐസക്ക്. 

”  എഡാ….. “

”  ഹാ   കിടന്നലറാതെടോ   വയസാംകാലത്ത്…. ഉള്ള  വീര്യം   മൊത്തമിപ്പോഴേ   ചോർത്തിക്കളയണ്ടാ   കുറച്ചൊക്കെ   ബാക്കി   വച്ചേക്ക്  മോളെന്റെ   കൂടിറങ്ങി   വന്നുകഴിയുമ്പോൾ   എനിക്കെതിരെ   പ്രയോഗിക്കാൻ…. “

ദേഷ്യത്താൽ   അലറിവിളിച്ച   ഐസക്കിന്റെ  മുഖത്തേക്കടുത്ത്   പുച്ഛിച്ചുചിരിച്ചുകൊണ്ട്   അവൻ  പറഞ്ഞു.  അതുകൂടിയായപ്പോൾ   ദേഷ്യം   കൊണ്ട്   അയാളുടെ  കണ്ണുകൾ  ചുവന്നുകലങ്ങി. 

”  ഒന്നടങ്ങഡാ   കൊച്ചനേ….. ചെറുപ്രായത്തിൽ   വെറുതേ   ചത്തുമലക്കാനൊരുങ്ങല്ലേ   നീ….. കർത്താവ്   തമ്പുരാൻ   തന്ന   ആയുസ്   സമയമാകുമ്പോ  അങ്ങേര്   തന്നെ   അങ്ങ്   തിരിച്ചെടുത്തോളും.  ഒത്തിരി   നെഗളിച്ച്   നീയായിട്ടതില്ലാതാക്കാൻ   നിക്കണോ ????   നീയാ   കൊച്ചിനെയങ്ങോട്ട്   മറന്നേക്ക്.   അവളേ   എന്റെ   മരുമകളാവണ്ടവളാ.  എന്റെ   മോൻ   സ്റ്റെഫിനവളെ   ഒത്തിരിയങ്ങ്   മോഹിച്ചുപോയി.  പിന്നെ   എനിക്കുമൊരു   ചിട്ടയുണ്ട്.  അവനെ   പെറ്റെന്റെ   കയ്യിലോട്ട്   തന്നേച്ച്   അങ്ങ്   മേലോട്ട്   പോയതാ   എന്റെ   കെട്ടിയോള്.  അതിന്   ശേഷം   അവനുവേണ്ടി   മാത്രമായിരുന്നു   എന്റെ   ജീവിതം.  അവൻ   ചോദിച്ചതൊന്നും   ഇന്നുവരെ   ഞാൻ   കൊടുക്കാതിരുന്നിട്ടില്ല.  അതുകൊണ്ട്   തന്നെ   ചെക്കനിത്തിരി   വാശിയുമുണ്ടെന്ന്   കൂട്ടിക്കോ.  എന്തെങ്കിലും   മോഹിച്ചാൽ   അത്   കിട്ടിയില്ലെങ്കിൽ   അവനൊരു   പ്രാന്തനാണെന്നേ.  അതുകൊണ്ട്   മോനവളെയങ്ങ്   മറന്നേക്ക്.  “

ഭീഷണിയുടെ  സ്വരത്തിൽ   ചിരിച്ചുകൊണ്ട്   പറഞ്ഞ   ലോറൻസിന്റെ  വാക്കുകൾ   കേട്ട്   ആൽവി   ഒരുനിമിഷം  മോണ്ടാതെ  നിന്നു. 

”  ഞാൻ   മറന്നേനെ   അച്ചായോ   പക്ഷേ   എന്നാ  ചെയ്യാനാ   ഇപ്പൊ  പറഞ്ഞ   മരുമോളാകാൻ   പോണ   കൊച്ചില്ലേ   അവൾ   സമ്മതിക്കൂല.  അവളെന്നേയേ  കെട്ടൂന്നും   പറഞ്ഞ്   നിൽക്കുമ്പോ   ഞാനെന്നാ   ചെയ്യാനാ…. പിന്നെ   അവൾ   വെറുതെ   ഏതെങ്കിലുമൊരു   പെണ്ണാണെങ്കിൽ   പോട്ടെ   പുല്ലെന്ന്   വെക്കാമായിരുന്നു.  ഇതിപ്പോ   ഒരൊമ്പത്   മാസം   കൂടിക്കഴിഞ്ഞാൽ   അവളെന്റെ   കൊച്ചിന്റെ   തള്ളയല്ലിയോ.  ആ   അവളേ   ഞാനെങ്ങനെ   തള്ളികളയും ??? “

നിഷ്കളങ്കതയോടെയുള്ള   ആൽവിയുടെ   സംസാരം   കേട്ട്   ഐസക്കും  ലോറൻസും   ഒരുനിമിഷമൊന്ന്   തറഞ്ഞ്   നിന്നു.   ലോറൻസാണെങ്കിൽ   കൂർത്ത   ഒരു   നോട്ടമെറിഞ്ഞതും   താഴ്ന്നുപോയിരുന്നു   ഐസക്കിന്റെ   ശിരസ്.

”   എന്നാപ്പിന്നെ   ഇവിടുത്തെ   ആലോചനയൊക്കെ   കഴിഞ്ഞ്   പയ്യെപോയാൽ   മതി   രണ്ടുപേരും.  എനിക്കേ   ഇച്ചിരി   തിരക്കുണ്ട്.  ആ   പിന്നേ   അച്ചായോ….. ഒരു   പേപിടിച്ച  മോന്റെ   കാര്യം   പറഞ്ഞില്ലേ    ഒന്നും   വിഷമിക്കണ്ട   ചെന്നിട്ടവനെയിങ്ങോട്ടഴിച്ചുവിട്ടേര്  കേട്ടൊ….  അവന്റെ  കാര്യം   ഞാനേറ്റു.  “

പറഞ്ഞിട്ടതേ  ചിരിയോടെ   അവൻ    തിരിഞ്ഞ്   ഡോർ  തുറക്കാനാഞ്ഞതും  ലോറൻസ്   പിന്നിൽ   നിന്നിരുന്ന  സഹായികളിലൊരുവനെ   നോക്കി  കണ്ണുകൊണ്ടെന്തോ   സൂചന   നൽകി.  അതേ  നിമിഷത്തിൽ   തന്നെ   ആൽവിന്റെ   തലയുടെ  പിൻഭാഗത്ത്  ശക്തമായൊരടിയേറ്റു.  അടിയുടെ  ആഘാതത്തിൽ   കണ്ണുകൾ   തുറിച്ചുപോയ  അവൻ   തിരിഞ്ഞ്  ഐസക്കിനെയും  ലോറൻസിനെയുമൊന്ന്   നോക്കിയിട്ട്   ആടിയാടി  നിലത്തേക്ക്  വീണു. 

”  ഞാൻ   പറഞ്ഞതല്ലേഡാ  കൊച്ചനെ  ഒത്തിരി  ആവേശം  കാണിക്കരുതെന്ന്…. ആവേശമൊക്കെയാവാം  പക്ഷേ  അത്  നിന്റെ   ഇരട്ടിയോണമുണ്ടവനോടാകരുത്.  വലിച്ചുറോഡിന്റെ   നടുക്കോട്ടിട്ട്  വണ്ടി   കേറ്റിയിറക്കെടാ….. “

ക്രൂരത  നിറഞ്ഞ   ഭാവത്തിൽ   കൂട്ടാളികളോട്   പറഞ്ഞിട്ട്   ഐസക്കിനെയും  കൂട്ടി  അയാൾ  നടന്നകന്നു.  നിമിഷങ്ങൾ  കൊണ്ട്   രണ്ടുപേർ   ചേർന്ന്   ആൽവിനെ   തൂക്കിയെടുത്ത്   റോഡിന്റെ   മദ്യത്തേക്കിട്ടു.  നിലത്ത്  കിടന്ന   അവന്റെ   കണ്ണുകളിൽ  ഇരുൾ   ബാധിക്കും  മുൻപ്   തനിക്ക്  നേരെ  പാഞ്ഞടുക്കുന്ന  വണ്ടിയവൻ   കണ്ടു.  ഒന്ന്   നിരങ്ങി   മാറാൻ   പോലും  കഴിയാത്ത   നിസ്സഹായതയിൽ   അവന്റെ   കണ്ണുകൾ   പാളിയടഞ്ഞു. 

തുടരും……

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!