Skip to content

അഗ്നിസാക്ഷി – ഭാഗം 24 (അവസാനിച്ചു)

Agnisakshi Novel

അടുത്ത  മകനും   പടിയിറങ്ങുന്നത്   നോക്കിയിരുന്ന്   തേങ്ങലോടെ  മഹേശ്വരി  വിളിച്ചു.  പക്ഷേ   ആ  വിളി  ശ്രദ്ധിക്കുകപോലും  ചെയ്യാതെ  ആ   വലിയൊവീടിന്റെ   പടിയിറങ്ങി  എങ്ങോട്ടെന്നില്ലാതെ   അയാളും   നടന്നു.  പിന്നാലെ   തന്നെ  ലേഖയും  ശ്രീദേവും  കയറിയ  കാറും  ആ   പഠിപ്പുരകടന്ന്   പോയി.  അതുവരെ  ആളും   ബഹളവുമായി   കിടന്നിരുന്ന   ആ   വലിയ   തറവാടിനെയാകെ  മൗനം  ബന്ധിച്ചു.  മഹേശ്വരിയിൽ   നിന്നും   ഉയരുന്ന   തേങ്ങലുകൾ   മാത്രം   ഇടയ്ക്കിടെ   അവിടെ   പ്രതിധ്വനിച്ചു.  എല്ലാം   നഷ്ടമായെന്ന   തിരിച്ചറിവിൽ   തളർച്ചയോടെ   സോപാനത്തിണ്ണയിലേക്ക്   ഇരിക്കുമ്പോൾ   എന്തിനായിരുന്നു   ഇതെല്ലാമെന്ന   ചോദ്യമായിരുന്നു  വർമയുടെ  ഉള്ള്   മുഴുവൻ.

”  മതിയായില്ലേ  നിങ്ങൾക്ക് ???  എങ്ങനെ  കിടന്ന  വീടാ…. ഇപ്പൊ    ശവപ്പറമ്പ്   പോലെയാക്കിയില്ലേ  നിങ്ങൾ ???  ഇനി   ആർക്കും  വേണ്ടാത്ത   എന്നേക്കൂടിയങ്ങവസാനിപ്പിച്ചുതാ  എന്നേയൊന്നു  കൊന്ന്   താ….. ഇങ്ങനൊരു   പാപിയായെനിക്ക്   ജീവിക്കണ്ടാ…. “

വർമയെ   പിടിച്ചുലച്ചുകൊണ്ട്   അവരലറിക്കരഞ്ഞു.  പക്ഷേ   തല   കുനിച്ചിരുന്നതല്ലാതെ  അയാളൊരുവാക്ക്   പോലും   എതിർത്തുപറഞ്ഞില്ലെന്ന്   മാത്രമല്ല   അവരുടെ   മുഖത്തേക്ക്   ഒന്ന്   നോക്കുക  പോലും  ചെയ്തില്ല.  പെട്ടന്ന്  മഹേശ്വരിയുടെ  സ്വരം  കുഴഞ്ഞുവരുന്നതുപോലെ   തോന്നിയ   അയാൾ   വെപ്രാളത്തോടെ മുഖമുയർത്തി  അവരെ  നോക്കി.  പക്ഷേ   അപ്പോഴേക്കും  കണ്ണുകൾ  തുറന്നപടി  അവർ   നിലത്തേക്ക്   വീണിരുന്നു. 

ഇരുന്നയിരുപ്പിൽ   നിന്നും   ചാടിയെണീറ്റ്   നിലത്തേക്ക്   മുട്ടുകുത്തിയിരുന്ന്   വർമയവരെ   വാരിയെടുക്കുമ്പോഴേക്കും  ആ   ശരീരത്തിൽ  നിന്നും  ദേഹി   യാത്രയായിരുന്നു.  എന്ത്   ചെയ്യണമെന്നറിയാതെ  ഒരുനിമിഷം  പകച്ചിരുന്നുപോയ  വർമയിൽ  നിന്നുമൊരു   നിലവിളി   ഉയർന്നു.  അതോടൊപ്പം   തന്നെ   അതുവരെ  ചെയ്ത   പാപങ്ങൾ   കഴുകിക്കളയാനെന്ന പോലെ   അയാളുടെ    മിഴികൾ   പെയ്തിറങ്ങിക്കൊണ്ടേയിരുന്നു.  പതിയെ  പതിയെ   ആ  കണ്ണുനീരിനിടയിലും  അയാൾ   പൊട്ടിപ്പൊട്ടി  ചിരിക്കാൻ   തുടങ്ങി.  എങ്ങും  നിശബ്ദത  മൂടികിടന്ന  ആ   തറവാട്ട്   വളപ്പിലാകെ   അയാളുടെ   ചിരികളുടെ  അലകളൊരു   പ്രകമ്പനം  തീർത്തു.  പിന്നെ  കൈകൊട്ടിക്കൊണ്ട്   എണീറ്റ്  ഒരു  കൊച്ചുകുട്ടിയെപ്പോലെ  അയാൾ  അകത്തേക്ക്   ഓടി.  ആ  വലിയ  വീടിന്റെ   ഒരോ  മുക്കിലും  മൂലയിലും  വരെ  പൊട്ടിച്ചിരിച്ചുകൊണ്ടയാളോടി  നടന്നു.  ഒടുവിൽ  അടുക്കളയിലെത്തി  അവിടെയുണ്ടായിരുന്നതൊക്കെ  തല്ലിത്തകർത്തു.  ഒടുവിൽ   ഗ്യാസ്   തുറന്നുവിട്ടിട്ട്  വീണ്ടും  പുറത്തേക്ക്   പോയി. മരിച്ചുമരവിച്ച്  കിടന്നിരുന്ന   ആ  ശരീരം  വലിച്ചിഴച്ചകത്തേക്ക്   കൊണ്ടുവന്നു.  അടുക്കളയിലെ   തണുത്ത   തറയിലേക്ക്    അവരെ   കിടത്തി   ആ   ശരീരത്തിൽ  ചുറ്റിപ്പിടിച്ച്   അയാളുമങ്ങനെ  കിടന്നു.  നിമിഷങ്ങൾക്ക്   ശേഷം   വലിയൊരു   പൊട്ടിത്തെറിയോടെ   ആളിക്കത്തിയ   അഗ്നിയാ   തറവാടിനെ   മുഴുവനായും   വിഴുങ്ങുമ്പോഴും  ആ   അഗ്നിയെ  വരെ   തോൽപ്പിക്കാൻ   പാകത്തിൽ  ഈശ്വരവർമയുടെ   പൊട്ടിച്ചിരി   മുഴങ്ങിക്കേട്ടിരുന്നു.

മൂന്ന്   വർഷങ്ങൾക്ക്  ശേഷം….

ഇന്ന്  ചിറ്റേഴം  തറവാടില്ല.  ആ  സ്ഥലമേതോ   മൾട്ടി  നാഷണൽ  കമ്പനി   വാങ്ങി.  ഇപ്പൊ  അവിടെയൊരു   സൂപ്പർസ്പെഷ്യാലിറ്റി   ഹോസ്പിറ്റൽ   ഉയർന്നുകൊണ്ടിരിക്കുകയാണ്.  ദേവന്റെ   വീടിനടുത്ത്   തന്നെ   സ്ഥലം   വാങ്ങി  അവിടെയൊരു  വീട്   വച്ച്   രുദ്രനും  കുടുംബവും  താമസമാക്കിയിരുന്നു.  രുദ്രന്റെ   മകൻ  ദീപക്ക്  തന്റെ   കൂടെ   ജോലി  ചെയ്തിരുന്ന   പെൺകുട്ടിയെ   ജീവിതസഖിയാക്കി.  ദേവിക  എന്ന  ദേവു   ഇപ്പോൾ  ആറ്  മാസം  ഗർഭിണിയാണ്.  പിന്നെ  ഇന്നൊരു  വിശേഷദിവസം  കൂടിയാണ്.  ശിവപ്രിയയുടെയും  ദീപ്തിയുടെയും  വിവാഹമാണ്.  എപ്പോഴും  ഒരുമിച്ചായിരുന്ന  അവരുടെ  വിവാഹവും  ഒരുമിച്ച്   തന്നെയാണ്. മാത്രവുമല്ല  ഒരേ   വീട്ടിലേതന്നെ   മരുമക്കളാകാനുമാണ്  ഇരുവരുടേയും  ഒരുക്കം.  ശിവപ്രിയയെ  കാണാൻ  വന്ന  ചെക്കന്റെ  അനിയന്  ദീപ്തിയെ  കണ്ട്  ഇഷ്ടപ്പെടുകയും  ആലോചിക്കാനൊന്നുമില്ലാത്തത്  കൊണ്ട്  തന്നെ  ആ  വിവാഹവുമങ്ങ്  ഉറപ്പിക്കുകയുമായിരുന്നു..

വിവാഹം  ഓഡിറ്റോറിയത്തിൽ  വച്ചായിരുന്നു.  മുഹൂർത്തം    പന്ത്രണ്ടിനായിരുന്നുവെങ്കിലും  രാവിലെ  തന്നെ  എല്ലാവരും   ഓഡിറ്റോറിയത്തിൽ  തന്നെ  ഉണ്ടായിരുന്നു. 

”  എഡീയെടി  എങ്ങോട്ടാടീ  കുട്ടിത്തേവാങ്കേ  നീയീ   പാഞ്ഞോടുന്നത് ???  ഇത്  സിനിമേലൊക്കെ   കാണുന്ന   പോലെ  തലയിണ  ഒന്നുമല്ലെടി… എന്റെ   കൊച്ചാ…. “

ആളുകൾക്കിടയിലൂടെ   ഓടി  നടന്നിരുന്ന   ദേവികയെ  പിടിച്ച്   സൈഡിലേക്ക്   നീക്കി   നിർത്തി   ആ  വയറിൽ  പിടിച്ചുകൊണ്ട്   ദീപക്ക്  ചോദിച്ചു.

”  ഓഹ്   ഈ  മനുഷ്യനെ   കെട്ടാൻ  തോന്നിയതേത്  നേരത്താണോ    എന്തോ….. ഒന്നനങ്ങാൻ  പറ്റുമോ  പുല്ല്….”

”  നീ  കുറേ  കുത്തിമറിഞ്ഞതല്ലേ   ഇനി  കുറച്ചടങ്ങി   നിക്കെടി….. “

അവളുടെ  കവിളിലൊരു   കുത്ത്   കൊടുത്തുകൊണ്ട്   ദീപക്   പറഞ്ഞതും   ചുണ്ട്  കൂർപ്പിച്ചവളവനെ   തുറിച്ചുനോക്കി.

”  ഇങ്ങനെ  നോക്കല്ലേ  മോളെ  ചേട്ടന്  സ്ഥലകാലബോധം  പോലും  പോകും…. “

അവളെയൊന്നുഴിഞ്ഞുനോക്കി   മീശ  പിരിച്ചൊരു   വഷളൻ   ചിരിയോടെ   അവൻ   പറഞ്ഞു. 

”  പോടാ  പട്ടീ…. മാറങ്ങോട്ട്   ഞാൻ   പോയി   അല്ലി   ചേച്ചിയെ  നോക്കിട്ട്   വരട്ടെ…. “

പറഞ്ഞിട്ടവനെ  തള്ളി   മാറ്റി   അവൾ  ഡ്രസിംഗ്   റൂമിനരികിലേക്ക്   നടന്നു. 

”  ഏഹ്   കെട്ടിയോനെ  പട്ടീന്നോ….. എന്തൊരച്ചടക്കമുള്ള   ഭാര്യ…. അയ്യോ   ഇങ്ങനെ   ചവിട്ടിക്കുലുക്കാതൊന്ന്   പയ്യെ   പോടീ….. “

അവൻ   വീണ്ടും   വിളിച്ചുകൂവി.  അത്   കേട്ടൊരു   ചിരിയോടെ  ദേവിക  പതിയെ  അകത്തേക്ക്  നടന്നു.

”  ലിപ്സ്റ്റിക്  പോയൊടീ ???  “

ഉടഞ്ഞുപോയ  സാരിയുടെ  പ്ലീറ്റ്സ്  നേരെയാക്കിക്കൊണ്ട്‌  നിന്ന  അല്ലിയെ  നോക്കി  ചുണ്ട്   തടവിയൊരു  കുസൃതിച്ചിരിയോടെ  ശിവ  ചോദിച്ചു. 

”  ദേ  ശിവേട്ടാ   എന്നേകൊണ്ടൊന്നും  പറയിക്കരുത്…. പെങ്ങമ്മാരുടെ  കല്യാണമാ  എന്നിട്ടങ്ങോട്ട്   ചെല്ലാനുള്ളേന്   അങ്ങേരിവിടേ…. “

ബാക്കി   പറയാതെ   അവൾ  തിരിഞ്ഞുനിന്ന്   കണ്ണാടിയിലേക്ക്   നോക്കി   മുടിയൊക്കെ   ഒന്നുകൂടിയൊന്ന്   ശരിയാക്കി. 

”  ഓഹ്  പിന്നേ  ഈ  കാക്കപ്പൂടയിനി  എന്തോന്ന്   നേരെയാക്കാനാഡീ ???  “

ചോദിച്ചുകൊണ്ട്   ശിവ   വീണ്ടുമവളെ   പിന്നിലൂടെ  പുണർന്നാ  പിൻകഴുത്തിൽ   അധരമുദ്ര   പതിച്ചു.  അല്ലിയൊരേങ്ങലോടെ   അവനെ   തള്ളി   മാറ്റാൻ   ശ്രമിച്ചുവെങ്കിലും  അവൻ   വീണ്ടും  അവളെ   തന്നിലേക്ക്   തന്നെ   ചേർത്ത്  പിടിച്ചു.  അവന്റെ  നിശ്വാസത്തിന്റെ  ചൂട്  കഴുത്തിലടിച്ചതും  അല്ലിയുടെ  മിഴികളും  കൂമ്പിയടഞ്ഞു. 

”  അപ്പേ….. “

കോറസ്   പോലെയുള്ള  ആ  വിളി   കേട്ടതും  ഒരു  ഞെട്ടലോടെ   ശിവയും  അല്ലിയും  പരസ്പരമകന്ന്   മാറി.  അവർ  ഞെട്ടി   തിരിഞ്ഞുനോക്കുമ്പോൾ  വാതിലിൽ   കള്ളച്ചിരിയോടെ   നിൽക്കുന്നുണ്ടായിരുന്നു   കൊച്ചരിപ്പല്ലുകൾ   കാട്ടി   ചിരിച്ചുകൊണ്ട്   ഒരേ  വേഷത്തിൽ  മൂന്ന്   കുഞ്ഞി  കുറുമ്പത്തികൾ.  ആദ്യ ശിവജിത്ത്   എന്ന   പൊന്നു ,  ആദ്വിക ശിവജിത്ത്  എന്ന  ചിന്നു ,   ആദ്രിക ശിവജിത്ത്  എന്ന  മിന്നു.  ഒറ്റ   പ്രസവത്തിൽ   അല്ലി  ജന്മം  നൽകിയ  

ശിവയുടെയും  അല്ലിയുടെയും   പൊന്നോമനകൾ.  

”  ആഹ്  വന്നോ  മൂന്നും  എവിടായിരുന്നു  ഇതുവരെ ???  “

മുഖത്ത്  വന്ന  വാത്സല്യത്തിന്  മുകളിലൊരു   കർക്കശക്കാരിയായ  അമ്മയുടെ  മുഖംമൂടിയെടുത്തണിഞ്ഞുകൊണ്ട്  അല്ലി   ചോദിച്ചു. 

”  ണീ   പോടി  അല്ലി… “

ഒരേസ്വരത്തിൽ  വിളിച്ചുകൊണ്ട്   മൂന്നാളും  ഓടി  ചെന്ന്   ശിവയുടെ  ദേഹത്തേക്ക്   കയറി.  അവനാണെങ്കിൽ   വാത്സല്യത്തോടെ  മൂന്നാളെയും  വാരിയെടുത്തു. 

”  ഇങ്ങോട്ടിറങ്ങ്   മൂന്നും…. കാണിക്കുന്ന  കുരുത്തക്കേടൊന്നും  പോരാഞ്ഞിട്ട്   നാവെടുത്താ  എടി  പോടീന്നേ  വിളിക്കൂ….”

ദേഷ്യപ്പെട്ട്  വന്ന്   കുട്ടികളെ   പിടിച്ചുകൊണ്ട്   അല്ലി   പറഞ്ഞു. 

”  പോടീ  എന്റെ   മക്കളെ  തൊട്ടാ   നീയിപ്പോ  വാങ്ങിക്കും…. “

അവരെ   പൊതിഞ്ഞുപിടിച്ചല്ലിയെ  നോക്കി   കണ്ണുരുട്ടി  ശിവ  പറഞ്ഞു.  അത്  കൂടിയായപ്പോൾ  ദേഷ്യം  കൊണ്ട്  അവളുടെ   ഉണ്ടകണ്ണുകൾ   വീണ്ടും  ഉരുണ്ടു.  കുട്ടികലാണെങ്കിൽ   അവളുടെ  ഭാവം   കണ്ട്  പൊട്ടിച്ചിരിക്കാനും  തുടങ്ങി. 

”   ആഹ്  പഠിപ്പിച്ചുകൊട്  അവസാനം  അപ്പക്ക്   തന്നെ  കിട്ടും…. ഒരപ്പേം  മക്കളും  ഹും… “

പറഞ്ഞുകൊണ്ട്   അവൾ  മുഖം  വീർപ്പിച്ച്  ദേഷ്യത്തിൽ  പുറത്തേക്ക്  നടന്നു. 

”  ദൈവമേ  അമ്മ  കലിപ്പിലാ  മക്കളെ  വേഗം  പോയി  തണുപ്പിച്ചില്ലേ  ഇന്നപ്പ  പുറത്തായിരിക്കും…. “

പറഞ്ഞുകൊണ്ട്  ശിവയവരെ  മൂന്നാളെയും  നിലത്തേക്ക്  ഇറക്കി.  പിന്നെ   മൂന്നാളെയും  കൊണ്ട്  വേഗം  അല്ലി    പോയപുറകെ   പോയി. 

”  അല്ലീ…… “

കുറച്ചുമുൻപോട്ട്  നടന്നതും  പിന്നിൽ  നിന്നുമാ  വിളി   കേട്ട്   ദേഷ്യത്തോടെ  അവൾ  തിരിഞ്ഞുനോക്കി.  പക്ഷേ   കണ്ണുകൾ   ഇറുക്കിയടച്ച്   ചുണ്ടുകളിലൊരു   കള്ളച്ചിരിയോടെ   നിന്നിരുന്ന   ആ  കുഞ്ഞ്   മുഖങ്ങളിലേക്ക്  നോക്കിയതും   അവളിലെ   ദേഷ്യമൊക്കെ  എങ്ങോ  പോയി   മറഞ്ഞു.  അറിയാതവളുടെ   അധരങ്ങൾ   വിടർന്നു.   അവൾ  ചിരിക്കുന്നത്   കണ്ടതും  മൂന്നും  കൂടി   ഓടിച്ചെന്നവളെ  ചുറ്റിപിടിച്ചു. 

അല്ലിയും  നിറഞ്ഞ   ചിരിയോടവരെ  ചേർത്ത്   പിടിച്ച്   നെറുകയിൽ  ചുംബിച്ചു.

അപ്പോഴാണ്   ദേവികയങ്ങോട്ട്  വന്നത്. 

”  ആഹ്  നിങ്ങളിവിടെ  നിക്കുവാണോ…..മുഹൂർത്തത്തിന്   സമയമായി   അവിടെല്ലാരും  നിങ്ങളേ   തിരക്കുന്നു…. “

”   ഓ  ഈ  നാലെണ്ണത്തിനേം  കൊണ്ട്   ഞാൻ  തോറ്റു…..പിള്ളേരെ   കാൾ   കഷ്ടമാ  അപ്പൻ….  “

ദേവിക   പറഞ്ഞതിന്   മറുപടിയൊരു  ചിരിയോടെ   പറഞ്ഞുകൊണ്ട്  അല്ലി  എണീറ്റു.  അപ്പോഴേക്കും   പൊന്നു  വലിഞ്ഞവളുടെ  ഇടുപ്പിലേക്ക്  കയറിയിരുന്നു.  അവൾ  ചിരിയോടെ  കുഞ്ഞിനെ  വാരിയെടുത്തു. മറ്റ്   രണ്ടുപേരെ  ശിവയും  എടുത്തിരുന്നു.   അവർ   മണ്ഡപത്തിലേക്ക്   എത്തുമ്പോഴേക്കും    ആൽവിയും  ട്രീസയും   എത്തിയിരുന്നു.  ട്രീസയുടെ  ഒക്കത്തുമുണ്ടായിരുന്നു   അവളെപ്പോലെ   തന്നൊരു   സുന്ദരിക്കുട്ടി.  ഇവ   ആൽവിൻ  അലക്സ്‌   എന്ന   ഇവക്കുട്ടി.  ശിവയുടെയും  അല്ലിയുടെയും  മക്കളെക്കാൾ  ഒന്നരവയസ്  ഇളയതാണ്   ഇവ.  അവർ   പരസ്പരം  സംസാരിച്ചുകൊണ്ടു   നോക്കുമ്പോഴേക്കും   പെൺകുട്ടികളെ   വിളിക്കാൻ  സമയമായിരുന്നു.  ദേവന്റെ   കൈ  പിടിച്ച്   പ്രിയയും  രുദ്രന്റെ   കൈ  പിടിച്ച്   ദീപ്തിയും  മണ്ഡപത്തിലേക്ക്   വന്നിരുന്നു.  എല്ലാവരുടെയും  അനുഗ്രഹത്തോടെ   അവരുവരും  സുമംഗലികളായപ്പോൾ  സന്തോഷം   കൊണ്ട്   കൃഷ്ണയുടെയും  മായയുടെയും  മിഴികൾ   നനഞ്ഞു.  ദേവനും  രുദ്രനും  പരസ്പരം   പുണർന്നു. 

”  എല്ലാം  ഇന്നലെ   കഴിഞ്ഞത്   പോലുണ്ട്  അല്ലേ  ശിവേട്ടാ….. “

രാത്രി   കുട്ടികളുറങ്ങിയ  ശേഷം   ശിവയുടെ   നെഞ്ചിലേക്ക്   ചാഞ്ഞിരുന്നുകൊണ്ട്   അല്ലി   ചോദിച്ചു.  അവൻ   വെറുതെ   ഒന്ന്   മൂളി.  

”  അന്നെനിക്ക്   വല്ലതും   പറ്റിയിരുന്നെങ്കിലോ   ശിവേട്ടാ….. നമ്മുടെ   കുഞ്ഞുങ്ങളും…. “

അവളെയാ  വാചകം   മുഴുവനാക്കാൻ   സമ്മതിക്കാതെ    ശിവയവളുടെ    വായ  പൊത്തി.  

”  ഒന്നും   സംഭവിച്ചില്ലല്ലോ….. നിന്നോട്   ഞാൻ   പറഞ്ഞില്ലേ  അല്ലു   ഇടയ്ക്കിടെ   ഇതിങ്ങനോർത്തിരുന്ന്   വിഷമികരുതെന്ന്…. നമുക്കോർക്കാൻ   എന്തൊക്കെ   നല്ലതുണ്ട് ???  നമ്മുടെ   പൊന്നുമക്കളില്ലേ   നമുക്കൊർക്കാനും   സന്തോഷിക്കാനും  സ്വപ്നം   കാണാനും…”

അവനത്   ചോദിക്കുമ്പോൾ  അല്ലിയുടെ  മിഴികൾ   ഉറങ്ങിക്കിടക്കുന്ന  കുഞ്ഞുങ്ങളിലേക്ക്   പാളിവീണു.  ഉറക്കത്തിലുമൊരു   പുഞ്ചിരിവിരിഞ്ഞിരുന്ന   ആ   കുഞ്ഞുമുഖങ്ങൾ   കാണെ   അവളുമൊന്ന്   പുഞ്ചിരിച്ചു. 

”  നമുക്കായാലും   ആൽവിനും   ട്രീസക്കുമായാലും  എല്ലാം  പെൺപിള്ളേരായിപ്പോയി  അല്ലേടീ ???  “

”  അയിന് ???  “

കുട്ടികളെ   നോക്കിയിരുന്നൊരു   കള്ളച്ചിരിയോടെ  പറയുന്നവനെ    നോക്കി   ചുണ്ട്   വാക്രിച്ചുകൊണ്ട്   അല്ലി   ചോദിച്ചു. 

”  അല്ല   ഇവർക്കൊരു   കുഞ്ഞനിയൻ   കൂടിയുണ്ടായാൽ   നന്നായിരിക്കില്ലേഡീ…”

”  ദേ   മനുഷ്യ   എന്റെ   വായിലിരിക്കുന്നത്   കേൾക്കാതെ   മര്യാദക്ക്   കിടന്നുറങ്ങിക്കോ ????  ”

”  എടി   ഞാൻ   പിള്ളേരുടെ   ആഗ്രഹം  പറഞ്ഞതല്ലേ…. “

നിഷ്കളങ്ക   ഭാവത്തിൽ  ശിവ  പറയുന്നത്   കേട്ട്   അവൾ   പല്ല്   കടിച്ചു. 

”  ആഹ്   പിള്ളേരുടെ  ആഗ്രഹമൊക്കെ  ദേവുന്റെ   കുഞ്ഞുവരുമ്പോ   മാറിക്കോളും.  അല്ലെങ്കിലും  പ്രിയേം  ദീപ്തിയുമൊക്കെ  നിക്കുവല്ലേ…. ആ  സങ്കടം   അവരാരെങ്കിലുമൊക്കെ  മാറ്റിക്കോളും…. “

പറഞ്ഞിട്ട്   അവൾ   തിരിഞ്ഞുകിടന്ന്   പുതപ്പ്   വലിച്ച്   തലയിലേക്ക്  ഇട്ടു.  

”  അതേ  പിള്ളേർക്ക്   മാത്രമല്ല  അവരുടപ്പക്കും  മോഹമുണ്ട്   ഒരു   കുഞ്ഞിചെക്കനെ…. “

ലൈറ്റണച്ചവളുടെയരികിലേക്ക്   കിടന്നവളെ   വാരിപ്പുണർന്നുകൊണ്ട്   ശിവ  പറഞ്ഞു.  വെട്ടിത്തിരിഞ്ഞ   അവൾക്കെന്തിങ്കിലും   പറയാൻ   കഴിയും  മുന്നേ   അവളുടെ   ചെഞ്ചൊടികളെ   അവനധരങ്ങളാൽ   ബന്ധിച്ചിരുന്നു.  അവനിലേ   പെയ്തുതോരാത്ത  പ്രണയമഴ  നനയുവാനൊരുങ്ങി   അല്ലിയുമവനെ  തന്നോട്   ചേർത്തുപിടിച്ചു.  രാത്രിയുടെ  യാമങ്ങളിലെപ്പോഴോ  വിരിഞ്ഞ   നിശാഗന്ധി   പൂമണവുമായി  ജനൽപ്പാളി   നീക്കിയകത്തേക്ക്   വന്ന   ഒരിളങ്കാറ്റവരെ   തലോടിക്കൊണ്ട്‌   കടന്നുപോയി  അപ്പോൾ. 

അവസാനിച്ചു…..

(  അല്ലിയുടെയും  ശിവയുടെയും  ഇച്ചായന്റെയും  ട്രീസക്കൊച്ചിന്റേം  അവരുടെ   കുഞ്ഞിക്കുറുമ്പികളുടേയും  ഒപ്പമുള്ള  നമ്മുടെ  യാത്രയിവിടെ   അവസാനിക്കുകയാണ്.  ഇനി  അവർ   ജീവിച്ചു  തീർക്കട്ടെ    ശത്രുക്കളില്ലാത്ത….. പകയും  പ്രതികാരവുമില്ലാത്ത  അവരുടെ   ജീവിതം.  ഒരുപാട്  ഇഷ്ടത്തോടെയായിരുന്നു  അല്ലിക്കും  ശിവക്കുമൊപ്പമൊരു  യാത്ര   ആരംഭിച്ചത്.   ഒരുപക്ഷേ   ഇങ്ങനെയൊരവസാനവുമായിരുന്നില്ല   മനസ്സിൽ.  പക്ഷേ  തല്ക്കാലം  ഇങ്ങനെ  അവസാനിപ്പിക്കാനെ  പറ്റൂ.  ഇതുവരെ  കൂടെയുണ്ടായിരുന്ന ,  ഒരോ  കഥാപാത്രങ്ങളെയും  നെഞ്ചോട്  ചേർത്ത  എല്ലാപ്രീയപെട്ടവരോടും  ഒത്തിരി  സ്നേഹം.  അഭിരാമി )

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!