അഗ്നിസാക്ഷി – ഭാഗം 20

4275 Views

Agnisakshi Novel

”  എന്താ  ആലോചിക്കുന്നേ  ശിവേട്ടാ ???  “

”   ഒന്നുല്ലെടി  ഞാൻ  വെറുതെ  ഇങ്ങനെ  ആലോചിക്കൂവായിരുന്നു “

”  അതല്ലേ  ചോദിച്ചത്  എന്താണെന്ന്….. “

അവന്റെ   താടിയിൽ   പിടിച്ചുവലിച്ചുകൊണ്ട്  അല്ലി   ചോദിച്ചു. 

”  ദേ  നീ  വാങ്ങുമെന്റെ  കയ്യീന്ന്….. “

”  ഓഹ്   പിന്നേ   കാര്യം  പറ  ശിവേട്ടാ….. “

”  അതോ…… എന്റല്ലിക്കൊച്ചിങ്ങനെ  വല്യ   വയറൊക്കെ  താങ്ങി   നടക്കുന്നതും   പിന്നെ   ലേബർ  റൂമിന്   മുന്നിൽ   നിൽക്കുന്ന   എന്റെ   കയ്യിലോട്ടൊരു  കുഞ്ഞിക്കുറുമ്പിയെ  കിട്ടുന്നതും   അങ്ങനെയങ്ങനെ  എന്തൊക്കെയോ….. “

മുകളിൽ  കറങ്ങിക്കൊണ്ടിരുന്ന  ഫാനിലേക്ക്   നോക്കിക്കിടന്നുകൊണ്ട്   പറഞ്ഞ   ശിവയെ   നോക്കി  അവൾ   ഭംഗിയായി  ചിരിച്ചു. 

”  കുട്ടിക്കുറുമ്പിയോ ???  ഒരു   കുഞ്ഞിക്കുറുമ്പനായാൽ   ഇഷ്ടാവില്ലെ ???  “

”  എങ്കിലും   ഇഷ്ടാണ്.  പിന്നെ  ഒരു  ചുന്ദരിക്കുട്ടിയെ   കിട്ടിയാൽ   കൂടുതൽ  സന്തോഷം.  “

അവളുടെ   വയറിൽ  പതിയെ  തലോടിക്കൊണ്ട്‌  അവൻ   പറയുമ്പോൾ   അല്ലിയും   നിറഞ്ഞുപുഞ്ചിരിച്ചു. 

”  പക്ഷേ   ഞാൻ  സ്വപ്നം   കണ്ടത്   ഇതൊന്നുമല്ല….. രാത്രി   ശിവേട്ടനെക്കൊണ്ട്‌   ഉറക്കമൊഴിച്ചിരുത്തി   കാല്  തടവിപ്പിക്കുന്നതും  രാത്രി   തട്ടുകടയിൽ  നിന്ന്  വാങ്ങുന്ന  ചൂട്  തട്ടുദോശയും  ചമ്മന്തിയുമൊക്കെയാ…..”

ഒരു   കള്ളച്ചിരിയോടെ  പറഞ്ഞവളെ  അന്തം  വിട്ട്   നോക്കിക്കിടക്കുകയായിരുന്നു   ശിവയപ്പോൾ. 

”  അവസരം  മുതലാക്കുവാ  അല്ലേടീ   കുരുട്ടടക്കേ ???  “

”  അതേ…. എങ്ങനെ   മനസ്സിലായി ???  “

കണ്ണിറുക്കി   ചിരിച്ചുകൊണ്ട്  ചോദിക്കുന്നവളെ  നോക്കി   കിടക്കുമ്പോൾ  അവനും  ചിരിച്ചുപോയി. 

”  ആയിക്കോട്ടെടി  ഇതൊക്കെക്കഴിഞ്ഞ്   നിന്നേയെന്റെ   കയ്യിലോട്ട്  തന്നെ   കിട്ടും.  അന്ന്   ഞാൻ   കാണിച്ചുതരാം  നിനക്ക്.  “

”  ഉവ്വാ  ഇപ്പോ  തല്ക്കാലം  ഉറങ്ങാൻ  നോക്ക്…. എനിക്ക്   നല്ല   ഉറക്കം   വരുന്നുണ്ട്.  “

പറഞ്ഞിട്ട്   അവനിലേക്ക്   ഒന്നുകൂടി   ചേർന്നുകിടന്നു  അവൾ.  ശിവയുമൊരു  നേർത്ത   പുഞ്ചിരിയോടെ  അവളെ   ചേർത്ത്  പിടിച്ചുകൊണ്ട്   മിഴികളടച്ചു. 

പിറ്റേദിവസം   ഹോസ്പിറ്റലിൽ   പോയി  പ്രെഗ്നൻസി   ഉറപ്പാക്കിയിട്ടാണ്  ശിവയും  അല്ലിയും   ചിറ്റേഴത്തേക്ക്   പോയത്.  അറിഞ്ഞപ്പോൾ   തന്നെ   അല്ലി   എൽസയേയും  ട്രീസയെയുമെല്ലാം   വിളിച്ചറിയിക്കുകയും  ചെയ്തു.

”  അല്ലൂ….. “

ചിറ്റഴത്ത്   എത്തുന്നതിന്   കുറച്ചുമുൻപ്   വണ്ടി   റോഡ്   സൈഡിലേക്ക്   ഒതുക്കി   നിർത്തിക്കൊണ്ട്   ശിവ   വിളിച്ചു.  അവന്റെ    തോളിലേക്ക്   ചാഞ്ഞിരിക്കുകയായിരുന്ന   അല്ലി   ഒന്ന്   മൂളിക്കൊണ്ട്‌   മുഖമുയർത്തി  അവനെ   നോക്കി. 

”  അത്…. അതുപിന്നെ….. തല്ക്കാലം   നീ   പ്രഗ്നന്റ്   ആണെന്ന്   തറവാട്ടിൽ   ആരുമറിയണ്ട… “

”  അറിയണ്ടെന്നോ…. അതെന്താ   അങ്ങനെ  ???  “

അവൻ   പറഞ്ഞത്   കേട്ട്   അമ്പരപ്പോടെ   അവൾ   ചോദിച്ചു. 

”  അവർക്കൊക്കെ   ഒരു   സർപ്രൈസ്   കൊടുക്കാം.  തല്ക്കാലം   നീയിതാരോടും  പറയണ്ട.  “

”  പക്ഷേ   ശിവേട്ടാ  അറിയുമ്പോ  അമ്മേം   ചെറിയമ്മേമൊക്കെ   എന്നോട്   പിണങ്ങും….. “

”  അതൊന്നുമില്ല.  അവരോട്   ഞാൻ   പറഞ്ഞോളാം…. “

”  മ്മ്ഹ്ഹ് …… “

മനസ്സില്ലാമനസോടെ   അവൾ   മൂളി.  എന്തൊക്കെയോ   കണക്കുകൂട്ടലുകൾ   നടത്തിക്കൊണ്ട്‌   ശിവ   വണ്ടി   മുന്നോട്ടെടുത്തു.  അവർ   ചെല്ലുമ്പോൾ   ഈശ്വരവർമയും  മഹേശ്വരിയും   പൂമുഖത്ത്   തന്നെയുണ്ടായിരുന്നു.

”  ആഹ്   എത്തിയോ   രണ്ടാളും….. എന്തേ   മൂത്തശിടെ   കുറുമ്പീടെ   മുഖത്തൊരു   വാട്ടം ???  “

അല്ലിയെ   നോക്കി   ചിരിയോടെ  മഹേശ്വരി  ചോദിച്ചു. 

”  അത്   മുത്തശ്ശി   വീട്ടിൽ   രണ്ട്   ദിവസം   നിന്നപ്പോഴേക്കും   ഇങ്ങോട്ട്   വരാനൊരു   പ്ലാനുമില്ലായിരുന്നു   കൊച്ചുമോൾക്ക്.  ഇന്ന്   പിന്നെ   ഞാൻ   പിടിച്ചപിടിയാലേ   കൊണ്ടുപോന്നതാ….. “

പൂമുഖത്തേക്ക്    കയറി   സോപാനത്തിലേക്ക്   ഇരുന്നുകൊണ്ട്   ശിവ   പറഞ്ഞു. 

”  നിനക്കിതെന്താ   ചെക്കാ   അവൾടെ   ഒരാഗ്രഹമല്ലേ……. കുറച്ചുദിവസം   അവിടെ   നിർത്തിക്കൂടായിരുന്നോ ???  “

”  അതൊന്നും  ശരിയാവില്ല   മുത്തശ്ശി   ഇവളവിടെ  പോയി   നിന്നാൽ   ഇവിടുത്തെ   ജോലികളൊക്കെ   ആര്  ചെയ്യും ???  “

അല്ലിയെ  ഒന്ന്  ദേഷ്യം   പിടിപ്പിക്കാനായി  അവൻ   വെറുതെ  പറഞ്ഞു.  അത്   കേട്ട്   അവളുടെ   മുഖം   വീർക്കുകയും  ചെയ്തു.

”  ഓഹ്  പിന്നേ  അതിനീ   കാന്താരിയല്ലേ   ഇവിടുത്തെ   ജോലികളൊക്കെ   ചെയ്യുന്നത്…. “

അവളെ  ചേർത്ത്   പിടിച്ചുകൊണ്ട്   മുത്തശ്ശി   പറയുമ്പോൾ  ഈശ്വരവർമയും  ചിരിച്ചു. 

”  ഞാൻ  പോവാ  മുത്തശ്ശി  ഇനി  ഞാനിവിടെ  നിന്നാൽ   ഇവിടെ  ചിലരൊക്കെ  എന്റെ  കയ്യീന്ന്   വാങ്ങും… “

മുഖം  വീർപ്പിച്ച്  ശിവയെ  നോക്കി  പറഞ്ഞുകൊണ്ട്  അല്ലി  ചവിട്ടിക്കുലുക്കി  അകത്തേക്ക്  പോയി.  അവളുടെ  പോക്ക്   കണ്ട്   ശിവയും  പിന്നാലെ  ഓടി.  അത്  നോക്കിയിരുന്ന   ഈശ്വരവർമയും  മഹേശ്വരിയും  ചിരിച്ചു.  അല്ലി   മുകളിലെ   തങ്ങളുടെ   റൂമിലേക്ക്   കയറി  വാതിലടക്കാൻ  തുടങ്ങും  മുൻപ്  ഓടിവന്ന  ശിവയും  അകത്തേക്ക്  കയറി.

”  തള്ളിയിട്ട്  കൊല്ലുമോ  മനുഷ്യ…..”

”  എന്ത്   നടപ്പാഡീ  ഇത്???   വയറ്റിലെന്റെ   കൊച്ച്   കിടപ്പുണ്ടെന്ന്  വല്ല  വിചാരോമുണ്ടോ  നിനക്കിങ്ങനെ  കാവടിതുള്ളി   നടക്കുമ്പോ  ????  “

മുറുകിയ  മുഖഭാവത്തോടെ  ചോദിക്കുന്ന  അവനെ   കണ്ടപ്പോഴായിരുന്നു  അല്ലിക്കതോർമ   വന്നത്.  അറിയാതവളുടെ  കൈകൾ  വയറിലേക്ക്  നീണ്ടു.

”  സോറീ  ശിവേട്ടാ….. ഞാൻ   പെട്ടന്ന്  ഓർത്തില്ല…. “

അവന്  ദേഷ്യം  വന്നെന്ന്  തോന്നിയപ്പോൾ  ഓടിച്ചെന്നവനോട്  ചേർന്നുകൊണ്ട്  അവൾ  പറയുമ്പോൾ  അറിയാതെ  അവന്റെ  മുഖവും  തെളിഞ്ഞു.  ഒരു  കയ്യവളെയും  മറുകയ്യവളുടെ  വയറിനെയും  പൊതിഞ്ഞുപിടിച്ചു. 

”  ഐസക്കിനൊരു   വിസിറ്ററുണ്ട്…… “

സെല്ലിൽ   ചാരി   ഇരിക്കുകയായിരുന്ന   അയാളത്   കേട്ട്   പതിയെ   എണീറ്റ്  ആ   പോലിസ്   കാരനൊപ്പം   നടന്നു. 

”  ചെന്നോളൂ….. “

വിസിറ്റിംഗ്   റൂമിലേക്കുള്ള   വാതിലിന്   മുന്നിലെത്തിയപ്പോൾ   അയാൾ   പറഞ്ഞു.  വന്നതാരായിരിക്കുമെന്ന   ചിന്തയോടെ   ഐസക്   അങ്ങോട്ട്‌   ചെല്ലുമ്പോഴെ  കണ്ടു   അഴികൾക്കപ്പുറം   കാത്തുനിൽക്കുന്ന   മകളെ.  അവളെ   കണ്ടതും   അറിയാതെ  അയാളുടെ   മിഴികൾ   നിറഞ്ഞു. 

”  മോളേ  ട്രീസാ…. “

ധൃതിയിൽ   നടന്നുചെന്ന്   വിളിക്കുമ്പോൾ   അയാളുടെ   സ്വരമിടറിയിരുന്നു. 

”  പപ്പാ….. “

വേദനയോടെ   അവളും   വിളിച്ചു. 

”  എന്റെ   മോളേയൊന്ന്   കാണണമെന്നുണ്ടായിരുന്നു…. അനുഗ്രഹിക്കനാമെന്നും. പക്ഷേ…… “

വേദന   നിറഞ്ഞ   പുഞ്ചിരിയോടെ   പറയുന്ന   അയാളെ   നോക്കിനിൽക്കുമ്പോൾ   അവളുടെ   മിഴികൾ   പെയ്തുകൊണ്ടെയിരുന്നു. 

”  മോൾക്….. മോൾക്ക്   സുഖാണോ   അവിടെ ???  “

ചോദിക്കുമ്പോൾ   അയാളുടെ   കണ്ണുകൾ   അല്പം   മാറി   നിന്നിരുന്ന   ആൽവിനിലേക്ക്   നീണ്ടു. 

”  സുഖാ   പപ്പാ….. സന്തോഷമാണ്. “

”  മമ്മി….. “

”  മമ്മിയും   ഇച്ചായന്റെ   വീട്ടിൽ   തന്നെയുണ്ട്.  എൽസ   മമ്മി   പറഞ്ഞു   ഒറ്റക്ക്   നമ്മുടെ   വീട്ടിൽ   പോയി   നിക്കണ്ടെന്ന്.  “

”  മ്മ്ഹ്ഹ്   അവളെയും  അവർ   കൈ   വിടില്ലെന്ന്   അറിയാരുന്നു.  ഞാനാ   കുടുംബത്തെ   ഒരുപാട്   ദ്രോഹിച്ചിട്ടുണ്ട്.  പക്ഷേ   അതൊന്നും   അവർ   കാര്യമാക്കിയിട്ടില്ല.   “

കുറ്റബോധത്തോടെ   തല   കുനിച്ചുനിന്ന്   പറയുന്ന   അയാളെ  ആൽവിനും   ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  പക്ഷേ   അടുത്തേക്ക്   ചെല്ലാനോ   ഒരാശ്വാസവാക്ക്   പറയാനോ    അവന്റെ   മനസ്   സമ്മതിക്കുന്നുണ്ടായിരുന്നില്ല. 

”  രാത്രി   കാണണോന്ന്   പറഞ്ഞ്   ഇവൾ   കരച്ചിലും   പിഴിച്ചിലുമൊക്കെയായിരുന്നു.  അതാ   രാവിലെ   തന്നെ   കൊണ്ടുവന്നത്….”

കുറേ   സമയത്തിന്   ശേഷം   അവരുടെ   അരികിലേക്ക്   വന്ന്   ആരോടെന്നില്ലാതെ   ആൽവി   പറഞ്ഞു.  അപ്പോഴും   ഐസക്ക്   ഒന്ന്   ചിരിച്ചു.  ആത്മനിന്ദയോടെയുള്ളൊരു   ചിരി.  അപ്പോഴേക്കും   അകത്തുനിന്നും   സമയം   കഴിഞ്ഞുവെന്നുള്ള   അറിയിപ്പുമുണ്ടായി. 

”  മോള്   വിഷമിക്കണ്ട   പപ്പക്ക്   സങ്കടമൊന്നുമില്ല.  സന്തോഷമാണ്.  ചെയ്തുപോയ  തെറ്റുകൾക്കുള്ള   ശിക്ഷയാണ്   ഞാനനുഭവിക്കുന്നത്.  എനിക്കത്തിലൊട്ടും   വേദനയില്ല.  ഇതൊക്കെ   തീർന്ന്   ഞാൻ   വരും   എന്റെ   മോളാഗ്രഹിച്ച  നിന്റെ   പപ്പയായി. അന്ന്   ഈ  മടിയിലേക്കൊരു  കുറുമ്പൻ   ചെക്കനെ   വച്ചുതരണം   രണ്ടാളും  കൂടി… ആ   നിമിഷങ്ങളൊക്കെയാ   ഇപ്പോൾ    പപ്പക്ക്   സ്വപ്നം   കാണാനുള്ളത്.  “

”  പപ്പാ….. “

അയാളുടെ   വാക്കുകൾ   കേട്ടുനിൽക്കേ   പൊട്ടിക്കരഞ്ഞുകൊണ്ട്   അവൾ   വിളിച്ചു.  മുന്നിൽ   നിന്ന്   വിങ്ങിപൊട്ടുന്ന   മകളെയൊന്ന്   ആശ്വസിപ്പിക്കാൻ   പോലും   കഴിയാതെ   പിടയുകയായിരുന്നു   അപ്പോൾ   ഐസക്കിന്റെ   നെഞ്ചും.  പക്ഷേ   അപ്പോഴേക്കും   ആൽവിയവളെ   ചേർത്ത്   പിടിച്ചിരുന്നു.  അവന്റെ   നെഞ്ചിലേക്ക്   മുഖം   പൂഴ്ത്തി   നിൽക്കുന്ന   മകളെ   നോക്കി   നിൽക്കുമ്പോൾ  സന്തോഷം   കൊണ്ട്   തുളുമ്പുകയായിരുന്നു   അയാളുടെ   ഉള്ളം.  അഴികൾക്കപ്പുറം   നിന്നുകൊണ്ട്   തന്നെ   അവരെ   രണ്ടാളെയും  ചേർത്ത്   അനുഗ്രഹിച്ചിട്ട്‌   പിന്നീടവിടെ  നിൽക്കാതെ  കണ്ണുകളൊപ്പിക്കൊണ്ട്   ഐസക്ക്  വേഗത്തിൽ   അകത്തേക്ക്   നടന്നു. 

”  അത്യാവശ്യമായി   കാണണമെന്ന്   പറഞ്ഞതെന്താ   അങ്ങുന്നേ ???  “

രാത്രിയുടെ   മറവ്   പറ്റി   ആ   മുറിയിലേക്ക്   കയറി   വന്ന   അനന്തൻ   പുറം   തിരിഞ്ഞുനിൽക്കുകയായിരുന്ന   അയാളോട്  ചോദിച്ചു. 

”  അല്ലി…..അവളിനിയും   ജീവിച്ചിരിക്കാൻ   പാടില്ല…..  “

”  പക്ഷേ   അമാവാസിക്കല്ലേ   ബലിയുടെ   പേരിൽ   അവളുടെ   ജീവനെടുക്കാൻ   രുദ്രനെ   ഏർപ്പെടുത്തിയിരിക്കുന്നത് ???  അപ്പോൾ   പെട്ടന്ന്   അവനോടെന്ത്   പറയും ???  “

അനന്തൻ   ചോദിക്കുമ്പോൾ  അയാൾ   ആലോചനയോടെ   ഒന്നിരുത്തി   മൂളി. 

”  നടക്കാൻ   പോകുന്നത്   ബലിയാണെന്നത്   രുദ്രന്റെ   മാത്രം   തെറ്റിധാരണയല്ലേ   അനന്താ…. സത്യമതല്ലല്ലോ.  നടക്കാൻ   പോകുന്നത്   കൊലപാതകമല്ലേ.  ആ   സ്ഥിതിക്ക്   അമാവാസിയും  പൗർണമിയുമൊന്നും   നോക്കണ്ട.  നാളെത്തന്നെ   അത്   സംഭവിച്ചിരിക്കണം.  അലംകൃത   ഇല്ലാതാവണം.  ഇനിയും  കാത്തുനിന്നാൽ   ചിലപ്പോൾ  എല്ലാം  കൈവിട്ട്   പോകും. “

”  പക്ഷേ   എങ്ങനെ ???  “

ഭയത്തോടെ   അനന്തൻ   ചോദിച്ചു.

”  മ്മ്ഹ്ഹ്  അതൊക്കെ   നടക്കും.  നീ   നാളെ  അവൾ   കുളക്കടവിലേക്ക്   പോകുന്ന   പുറകെ   തന്നെ   രുദ്രനെയും   അവിടെയെത്തിക്കണം.  അല്ലി   മരിച്ചെന്ന്   ഉറപ്പായാൽ    രുദ്രനും   ഇല്ലാതാവണം.  ഇനിയഥവാ   പാളിപ്പോയാലും   അല്ലിയുടെ  മരണം  അവന്റെ   തലയിൽ   വച്ചുകെട്ടണം.  അതോടെ   ശിവ   തന്നെ   അവന്റെ   ജീവനെടുക്കും   മിക്കവാറും…. “

”  പക്ഷേ….. “.

”  ഒരു   പക്ഷേയുമില്ല….. നാളെത്തന്നെ   അത്   നടന്നിരിക്കണം.  “

പിന്നീടൊന്നും  പറയാതെ  അനന്തൻ  പുറത്തേക്ക്   നടന്നു. 

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply