Skip to content

അഗ്നിസാക്ഷി – ഭാഗം 11

Agnisakshi Novel

”  ഞാൻ   പറഞ്ഞതല്ലേഡാ  കൊച്ചനെ  ഒത്തിരി  ആവേശം  കാണിക്കരുതെന്ന്…. ആവേശമൊക്കെയാവാം  പക്ഷേ  അത്  നിന്റെ   ഇരട്ടിയോണമുണ്ടവനോടാകരുത്.  വലിച്ചുറോഡിന്റെ   നടുക്കോട്ടിട്ട്  വണ്ടി   കേറ്റിയിറക്കെടാ….. “

ക്രൂരത  നിറഞ്ഞ   ഭാവത്തിൽ   കൂട്ടാളികളോട്   പറഞ്ഞിട്ട്   ഐസക്കിനെയും  കൂട്ടി  അയാൾ  നടന്നകന്നു.  നിമിഷങ്ങൾ  കൊണ്ട്   രണ്ടുപേർ   ചേർന്ന്   ആൽവിനെ   തൂക്കിയെടുത്ത്   റോഡിന്റെ   മദ്യത്തേക്കിട്ടു.  നിലത്ത്  കിടന്ന   അവന്റെ   കണ്ണുകളിൽ  ഇരുൾ   ബാധിക്കും  മുൻപ്   തനിക്ക്  നേരെ  പാഞ്ഞടുക്കുന്ന  വണ്ടിയവൻ   കണ്ടു.  ഒന്ന്   നിരങ്ങി   മാറാൻ   പോലും  കഴിയാത്ത   നിസ്സഹായതയിൽ   അവന്റെ   കണ്ണുകൾ   പാളിയടഞ്ഞു.  പക്ഷേ   പെട്ടന്നായിരുന്നു   എവിടെ   നിന്നോ   ഒരു   ബുള്ളറ്റ്   പാഞ്ഞുവന്ന്   റോഡിൽ   കിടന്നിരുന്ന   ആൽവിനും   അവന്റെ   ജീവനെടുക്കാനടുത്തുകൊണ്ടിരുന്ന   വണ്ടിക്കും   ഇടയിലായി   നിന്നത്.  പൊടുന്നനെ   ആ   വണ്ടി   സഡൺ ബ്രേക്കിട്ട്   നിന്നു.   ആ   ശബ്ദം   കേട്ടതും   തങ്ങളുടെ   വണ്ടിയിലേക്ക്    കയറാനൊരുങ്ങിയ   ഐസക്കും   ലോറൻസും  തിരിഞ്ഞുനിന്നു.   അപ്പോഴേക്കും   ബുള്ളറ്റിലിരുന്ന   ചെറുപ്പക്കാരൻ   താഴേക്കിറങ്ങിയിരുന്നു.   അവർ   നോക്കി   നിൽക്കേ   തന്നെ   അവൻ   തലയിലിരുന്ന   ഹെൽമെറ്റഴിച്ചുമാറ്റി. 

”  ഇവനോ….. “

”  ഏഹ്   തനിക്കറിയോ   ഇവനേ???   ഏതാടോ   ഈ  പുതിയ   അവതാരം ???? “

ഹെൽമെറ്റ്‌   ഊരിയ  ആ  ചെറുപ്പക്കാരനെ   കണ്ടതും   പിറുപിറുത്ത   ഐസക്കിനോടായി   ലോറൻസ്   ചോദിച്ചു. 

”  ഇവനാണ്   ചിറ്റേഴത്തേ  ശിവജിത്ത്  ദേവപ്രതാപ്.  അലക്സിന്റെ   മോളെ  വിളിച്ചിറക്കിക്കൊണ്ട്‌   പോയി   താലി   കെട്ടിയവൻ.  “

ഹെൽമെറ്റ്‌   വണ്ടിയിലേക്ക്  വച്ച്   കൈ  വച്ച്   മുടിയൊന്ന്   കോതിയൊതുക്കി   ഷർട്ടിന്റെ  കൈകൾ  മുകളിലേക്ക്   തെറുത്തുകേറ്റിക്കൊണ്ട്‌   നിൽക്കുകയായിരുന്ന  ശിവയെ   തന്നെ   കണ്ണുപറിക്കാതെ  നോക്കി  നിന്നുകൊണ്ട്   ഐസക്ക്   മറുപടി  പറഞ്ഞു. 

”  ഓഹോ  അപ്പൊ  അളിയനെ  രക്ഷിക്കാൻ   അളിയനവതരിച്ചതാണോ…. ഇവൻ   നമുക്കൊരു  വിലങ്ങുതടിയാവില്ലെന്ന്   കരുതിയ  നമുക്ക്   തെറ്റി  അല്ലേടോ ????  “

ലോറൻസ്  ചോദിക്കുമ്പോൾ   പല്ല്   ഞെരിച്ച്   പകയോടവനെ   നോക്കി   നിന്നുകൊണ്ട്   ഐസക്കൊന്ന്   മൂളി.

”  ഹാ  താൻ   വിഷമിക്കണ്ടെഡോ…. നമുക്ക്   ചെറുക്കനെയൊന്നുപദേശിച്ചുനോക്കാം.  കേട്ടാൽ  അവന്റെ  പെണ്ണ്  വിധവയാവില്ല.  അല്ലെങ്കിൽ   അളിയനുമളിയനും   കൂടിയങ്ങ്‌   പരലോകത്ത്   കയ്യും  പിടിച്ചുനടക്കട്ടെ…. താൻ  വാ…. “

പറഞ്ഞുകൊണ്ട്   മുണ്ടിന്റെ   കോന്തല   ഉയർത്തി   കയ്യിൽ   പിടിച്ചുകൊണ്ട്  ഐസക്കിനെയും  കൂട്ടി  അയാൾ   മുന്നോട്ട്   നടന്നു. 

”  ആഹാ   ഇതാണല്ലിയോഡോ  ഐസക്കേ   നമ്മടലക്സിന്റെ   മരുമകൻ….. നീയെന്തിനാ   മോനെ   ഈ  നല്ല  കാര്യങ്ങളൊക്കെ   തടസ്സപ്പെടുത്താനിങ്ങനെ   നടുവിൽ   കേറി  നിൽക്കുന്നത് ????.  മോനാ  സൈഡിലോട്ടങ്ങ്   മാറി   നിന്നുകൊട്.  ആ   പിള്ളേരവരടെ   പണി   നേരെ   ചൊവ്വേയങ്ങ്‌   ചെയ്തോട്ടെ…. എന്നാ   ചെയ്യാനാന്നേ   വേണ്ടാ വേണ്ടാന്ന്   പറഞ്ഞാൽ   കേൾക്കുന്ന  ഇനമല്ലെന്നേ   ഈ  കിടക്കുന്നത്.  പിന്നെ   ഇതല്ലാതെ   വേറെ  വഴിയൊന്നുമില്ലായിരുന്നു   കേട്ടൊ   കൊച്ചനെ…. ആ   പിന്നെ   ദേ   ഈ   കിടക്കുന്നവനങ്ങ്   പരലോകത്തോട്ട്   പോവുന്നത്   കൊണ്ട്   നമുക്ക്   രണ്ടുകൂട്ടർക്കും   ലാഭമാ   കേട്ടൊ….. എനിക്ക്   വേണ്ടത്    ഈ   എരണംകെട്ടവൻ   പ്രേമിച്ചോണ്ട്   നടക്കുന്ന   ദേ  ഇയാളുടെ   മോളെയാ….. ആ   കൊച്ചിനെ  എന്റെ   മോനൊരുപാടങ്ങ്   മോഹിച്ചുപോയി.  ഞാൻ   മര്യാദക്കിവനോട്   പറഞ്ഞതാ   ആ   കൊച്ചിനെയങ്ങ്‌   മറന്നുകളഞ്ഞേക്കാൻ.  അപ്പൊ   ആരാമത്തെ   അലക്സിന്റെ   ഈ  &%$$മോന്   വല്ലാത്ത   തിളപ്പ്.  അതുകൊണ്ടെന്നാ   ഇപ്പോ  ദാ   ഈ   നടുറോഡിലിങ്ങനെ   കിടക്കേണ്ടി   വന്നില്ലേ…. ഇനി   നിന്റെ  ലാഭം  പറയാം.  ഇവനങ്ങ്   തുലഞ്ഞ്   മേലോട്ട്   പോയിക്കഴിഞ്ഞാൽ   ഇവന്റെ   തന്ത   അലക്സ്‌ തോമസ്   ഉണ്ടാക്കിവച്ചേക്കുന്ന   കോടിക്കണക്കിന്   സ്വത്തുക്കൾ   മുഴുവൻ   പിന്നെയാർക്കാ ????  അയാളുടെ   ഒരേയൊരു   മകൾ   അലംകൃത  എൽസ  അലക്സ്‌   എന്ന   നിന്റെ   കെട്ടിയോൾക്ക്.  അതായത്   നിനക്ക്.   അതുകൊണ്ടെന്റെ   പൊന്നുമോനങ്ങോട്ട്‌   മാറി നിന്നുകൊട്…. “

ശിവയുടെ   തോളിലൊന്ന്   തട്ടി   വെളുക്കെ   ചിരിച്ചുകൊണ്ട്   ലോറൻസ്   പറഞ്ഞു.  അയാൾ   പറഞ്ഞതും   ആ   മുഖത്തേക്ക്   നോക്കി   ശിവയുമൊന്ന്   ചിരിച്ചു.  എന്നിട്ട്   ഒരു   ചുവടൊന്ന്   പിന്നിലേക്ക്   വച്ച്   വീണ്ടും   മുന്നോട്ടാഞ്ഞ്   അയാളുടെ   കവിളത്ത്   ആഞ്ഞൊരടി   പൊട്ടിച്ചവൻ.  പ്രതീക്ഷിക്കാതെ   കിട്ടിയ   അടിയിൽ   ലോറൻസ്   വേച്ച്   റോഡിലേക്ക്   വീണു. 

”  നീയെന്നെ   തല്ലിയല്ലേഡാ…. നോക്കി   നിൽക്കാതെ   ഇവനേം   കൂടി   തല്ലിക്കൊന്നവന്റെ   കൂടങ്ങ്‌   മേലോട്ടയക്കെടാ…. “

നിലത്ത്   കിടന്നുകൊണ്ട്   തന്നെ   തന്റെ   ഗുണ്ടകളോടലറിയ   ലോറൻസിന്റെ   നെഞ്ചാംകൂട്   നോക്കിയൊരു   ചവിട്ട്   കൂടി   കൊടുത്തു   ശിവ.  അപ്പോഴേക്കും  പിന്നിൽ   നിന്നും  രണ്ടുപേരോടി  വന്നവന്റെ   പിന്നിലൂടെ  ലോക്കിട്ട്   പിടിച്ചു.   ഒരുനിമിഷമാ   പിടിയിൽ   നിന്നും   മോചിതമാകാൻ   കഴിയാതെ   ഒന്ന്   തറഞ്ഞുനിന്നെങ്കിലും  അടുത്ത   നിമിഷം  വലം   കാൽ   പിന്നിലേക്ക്    വളച്ച്   ഒരുവന്റെ   നാഭി   നോക്കി   തൊഴിച്ചവൻ.  ഒരലർച്ചയോടയാൾ   അവനിലേ   പിടി   വിട്ട്   റോഡിലേക്ക്   കുത്തിയിരുന്നു.  ആ  സമയം   കൊണ്ട്   തന്നെ   അടുത്തവനെ   കഴുത്തിനുപിടിച്ച്   ഉയർത്തി   റോഡിലേക്കെറിഞ്ഞിരുന്നു   ശിവ. അവനും   നിലത്ത്   കിടന്ന്   വേദനകൊണ്ട്   പിടഞ്ഞു.  അതുകണ്ട്   വണ്ടിയിൽ   ബാക്കിയുണ്ടായിരുന്നവർ  കൂടി   അവനരികിലേക്ക്   പാഞ്ഞുവന്നു.  ആദ്യമോടിയടുത്തുവന്ന   ഒരുവൻ   വന്നവഴി   തന്നെ   ശിവയുടെ   നെഞ്ച്   നോക്കി   ആഞ്ഞുതൊഴിച്ചു.  പെട്ടന്നായത്    കൊണ്ടുതന്നെ   അവൻ   പിന്നിലേക്ക്   തെറിച്ചുവീണു.  വീഴ്ചയിൽ   കൈമുട്ട്   റോഡിൽ   ഉരഞ്ഞ്   ചോര   ഒഴുകി.  ആ  കയ്യിലേക്കൊന്ന്   നോക്കി   അവനെണീക്കാൻ   ശ്രമിക്കുമ്പോഴേക്കും   അടുത്ത  ചവിട്ടും  നെഞ്ചിൽ   തന്നെ   ഏറ്റിരുന്നു..

ഒരിക്കൽ   കൂടി   വീണുപോയെങ്കിലും  പിന്നീട്   ശിവയുടെ  ഊഴമായിരുന്നു.   ഞൊടിയിടകൊണ്ട്   നിലത്തുനിന്നും   ചാടിയെണീറ്റ   അവൻ   കാലുയർത്തി   മുന്നിൽ  നിന്ന   കുറുകിയ  മനുഷ്യന്റെ   കഴുത്തിൽ   തന്നെ   ചവിട്ടി.  ആ   പ്രഹരത്തിന്റെ   ശക്തിയിൽ   നിലവിളിച്ചുകൊണ്ടയാൾ   ഒരു  സൈഡിലേക്ക്   തെറിച്ചുവീണു.  പിന്നെ   നടന്നതൊരു   കൂട്ടത്തല്ലായിരുന്നു.  ചുറ്റും  കൂടി   നിന്നടിക്കാൻ  ശ്രമിച്ചവരിൽ   നിന്നൊക്കെ   ഒഴിഞ്ഞുമാറി   അവരിലോരോരുത്തരുടെയും   മർമഭാഗം   നോക്കി   പ്രഹരിച്ചുകൊണ്ടിരുന്നു  ശിവ.  തന്റെ   മുഖത്തിന്   നേരെ   വന്നവന്റെ   മുഷ്ടിമേൽ   ബലമായി   പിടിച്ചൊടിച്ച്   അവന്റെ   കഴുത്തും   വന്യമായ  ഭാവത്തോടെ  പിന്നിലേക്ക്   പിടിച്ചൊടിച്ചവൻ.   ഒടുവിൽ   കാവൽക്കാരൊക്കെ   വീണുകഴിഞ്ഞതും   അവൻ   പതിയെ   ലോറൻസിന്   നേരെ   ചെന്നു.  അതുവരെ    നടന്നതെല്ലാം   കണ്ട്   ബോധിച്ചത്   കൊണ്ടുതന്നെ   അവനരികിലേക്ക്   ചെല്ലുന്നത്   കണ്ടതും   പതർചയോടയാൾ   പിന്നിലേക്കൊരടി  വച്ചു.  പക്ഷേ   ശിവ   അയാളുടെ   കോളറിൽ   കുത്തിപ്പിടിച്ച്   തന്നോടടുപ്പിച്ചു. 

”  താനെന്താടോ   ചെറ്റേ   കരുതിയത്   സ്വത്തിന്റെ   പേര്   പറഞ്ഞ്   ഈ   ചിറ്റേഴത്തെ   ശിവയ്ക്ക്   വിലയിടാമെന്നോ ????   അവസാനമായി   പറവയുവാ   തന്നോട്…. ഇനിയും വില്ലൻ  കളിക്കാൻ   തന്നേ   കണ്ടാൽ    ഇപ്പോൾ    കാണിച്ച   ഈ   ദയ   പ്രതീക്ഷിക്കരുതെന്നിൽ   നിന്ന്….. “

പറഞ്ഞുകൊണ്ടയാളെ   പിന്നിലേക്ക്   തള്ളി   ഐസക്കിനെയുമൊന്ന്   തറപ്പിച്ച്   നോക്കിയിട്ടവൻ   തിരിഞ്ഞു   നടന്നു.

                  

കൈത്തണ്ടയിലൊരു   നൊമ്പരം   തോന്നിയപ്പോഴാണ്   ആൽവിൻ   കണ്ണ്   തുറന്നത്.   കണ്ണ്   തുറന്നുനോക്കിയതും   തന്റെ   കയ്യിലെന്തോ   ഇൻജെക്ഷൻ   ചെയ്തുകൊണ്ടിരിക്കുകയായിരുന്ന   സിസ്റ്ററിനെയാണവൻ   കണ്ടത്.  താൻ   ഹോസ്പിറ്റലിലാണെന്ന്   മനസ്സിലായതും   ചുറ്റുപാടും   കണ്ണോടിച്ച   അവനാദ്യം   തന്റെ   കണ്ണുകളെ   വിശ്വസിക്കാൻ   കഴിഞ്ഞില്ല.   ബെഡിനരികിലൊരു   കസേരയിട്ട്   തന്നേത്തന്നെ    നോക്കിയിരിക്കുന്ന   ശിവ. 

”  തലയിൽ   മൂന്ന്   സ്റ്റിച്   ഉണ്ട്‌.  വേറെ   പ്രശ്നമൊന്നുമില്ല.  നമുക്കുടനെ   പോകാം….. “

അവന്റെ   നോട്ടം   കണ്ട്   ശിവ   സൗമ്യമായി   പറഞ്ഞു.  അവന്റെ   മുഖത്തേക്ക്   നോക്കാനുള്ള   മടി   കൊണ്ടൊ   എന്ത്   മറുപടി   പറയണമെന്നറിയാത്തത്   കൊണ്ടൊ   എന്തോ   ആൽവി   വെറുതേ   മുകളിലേക്ക്   നോക്കി   കിടന്നു.  അവന്റെ    അവസ്ഥ   മനസ്സിലാക്കിയത്   പോലെ   ശിവയും   പിന്നീടൊന്നും   മിണ്ടാതൊരിളം   ചിരിയോടവിടിരുന്നു.  കുറച്ചു   സമയം   കൂടി   കഴിഞ്ഞപ്പോഴാണ്   ഡോക്ടർ   വന്നൊരിക്കൽ   കൂടിയവനെ   പരിശോധിച്ചിട്ട്‌   ഡിസ്ചാർജ്   എഴുതിയത്.     ആൽവിന്റെ   വണ്ടിയിൽ     ഹോസ്പിറ്റലിൽ   നിന്നും   തിരിക്കുമ്പോൾ   ശിവയായിരുന്നു   ഡ്രൈവിംഗ്  സീറ്റിൽ.  എന്തുകൊണ്ടോ   പരസ്പരം   തുറന്നുസംസാരിക്കാൻ   കഴിയാത്തത്   പോലെ    ഇരുവരും   പരസ്പരം   നോക്കാൻ   പോലും   മടിച്ച്   മുന്നിലെ   ഇരുളിലേക്ക്   തന്നെ   നോക്കിയിരുന്നു. പെട്ടന്നായിരുന്നു   ശിവയുടെ   ഫോൺ   റിങ്   ചെയ്യാൻ   തുടങ്ങിയത്.   അവൻ   വണ്ടിയോടിക്കുന്നതിനിടയിൽ   തന്നെ   ബ്ലൂ ടൂത്   കണക്ട്   ചെയ്ത്   കാൾ   എടുത്തു.  അല്ലിയായിരുന്നു   മറുതലയ്ക്കൽ.  

”  ആഹ്   വരുവാ   പെണ്ണേ…. ഇന്ന്   ഓഫീസിൽ   കുറച്ച്   തിരക്ക്   കൂടുതലായിരുന്നു    അതുകൊണ്ടല്ലേ…. “

” ………………….  “

അരികിൽ   ആൽവിയിരിക്കുന്നത്   പോലും   മറന്ന്   അവളുടെ   ചോദ്യങ്ങൾക്കെല്ലാമൊരു   ചിരിയോടെ   മറുപടി   കൊടുക്കുന്ന   ശിവയെ   നോക്കിയിരിക്കുമ്പോൾ   ഏറ്റവും   അർഹമായ  കൈകളിൽ   തന്നെയാണ്   തന്റെ   അനിയത്തിയെന്ന   ചിന്ത   കൂടുതൽ   ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു   അൽവിനിൽ.  റോഡിൽ   തിരക്കധികമില്ലാത്തത്   കൊണ്ടുതന്നെ   അവർ   പെട്ടന്ന്   തന്നെ   ആരാമത്ത്   എത്തി.

”  താങ്ക്സ്   ശിവ….. “

ഡോർ   തുറന്ന്   പുറത്തേക്കിറങ്ങിയിട്ട്   കുനിഞ്ഞകത്തേക്ക്   നോക്കി   നിന്നുകൊണ്ട്   ആൽവിൻ   പറഞ്ഞത്   കേട്ട്   ശിവ   മനസ്സിലാവാത്തത്   പോലവനെ   നോക്കി. 

”  എന്റെ   ജീവൻ   രക്ഷിച്ചതിനല്ല….. എന്റനിയത്തിയെ   ഇത്ര   സന്തോഷത്തോടെ   കൊണ്ടുനടക്കുന്നതിന്…..ഒരുപക്ഷേ   അന്നാ   വിവാഹം   നടന്നിരുന്നുവെങ്കിൽ   ജീവനുള്ളൊരു   ജഡം   മാത്രമായിരുന്നേനെ   അവൾ….. “

ആൽവിൻ   പറഞ്ഞതൊക്കെ   കേട്ട്   മറുപടിയൊന്നും   പറയാതെ   ഒന്ന്   ചിരിച്ചിട്ട്  ശിവ   വണ്ടി   മുന്നോട്ടെടുത്തു.  അവൻ   പോകുന്നത്   നോക്കി   നിന്നിട്ട്   ആൽവി   പതിയെ   അകത്തേക്ക്   നടന്നു.   ഈ   സമയം   ഡ്രൈവ്   ചെയ്യുന്നതിനിടയിലും   ആൽവി   പറഞ്ഞതിനേപ്പറ്റിയായിരുന്നു   ശിവയുടെ  ചിന്ത.  മൂന്നുവർഷം   ജീവൻ   കൊടുത്തു   സ്നേഹിച്ച   അവളെ   തനിക്ക്   നഷ്ടമായിരുന്നുവെങ്കിലോ   എന്നോർക്കവേ   ഉള്ളിലെവിടെയോ   ഒരു   കൊളുത്തിവലി   പോലെ   തോന്നിയവന്.

”  ശിവ്…. ശിവേട്ടനും   വേണ്ടേ   എന്നേ ????   ഞാനില്ലെങ്കിലും   ശിവേട്ടന്   സന്തോഷമാണോ ???  അതാണോ   ഇങ്ങനെ   ഒന്നും   മിണ്ടാതെ   നിൽക്കുന്നത്  ????  പക്ഷേ  എനിക്ക്….. എനിക്ക്   ശിവേട്ടനില്ലാതെ   പറ്റില്ല….. ജീവിതത്തിലൊരേയൊരാണിനേയേ   ഞാനാഗ്രഹിച്ചിട്ടുള്ളു.   അത്   ശിവേട്ടനാ….. ആ  ജീവിതമെനിക്ക്   കിട്ടിയില്ലെങ്കിൽ   പിന്നെനിക്കെന്തിനാ   ഈ   ജീവിതം….. “

അവൾ   പറയുന്നതൊക്കെ   കേട്ടിട്ടും   തിരിച്ചൊരു   മറുപടി   പോലും   പറയാതെ   പതഞ്ഞുപൊങ്ങുന്ന   കടലലകളിലേക്ക്   നോക്കിയിരിക്കുകയായിരുന്ന   ശിവ   അവസാനമവളിൽ   നിന്നും   വന്ന   വാചകം  കേട്ടൊന്ന്  ഞെട്ടി.

”  എന്തൊക്കെയാ   അല്ലു   നീയീ   പറയുന്നത്…..നിന്നേ   വേണ്ടെന്ന്   ഞാനെപ്പഴാ   പറഞ്ഞത് ????  അങ്ങനെ   ആർക്കെങ്കിലും   വിട്ടുകൊടുക്കാനാണോ   ഞാനീ   നെഞ്ചിൽ   തന്നെ   നിന്നേ   കൊണ്ടുനടന്നത്.  നിന്റെ   കഴുത്തിലൊരു   താലി   വീഴുന്നുണ്ടെങ്കിൽ   അതെന്റെ   പേര്   കൊത്തിയത്   തന്നെയാവും.  അതിനി   ആരൊക്കെ   എതിർത്താലും   കൈവിട്ട്   കളയില്ല   നിന്നേഞാൻ…. “

വിമ്മിക്കരഞ്ഞുകൊണ്ടിരുന്നവളെ   തന്റെ   മാറിലേക്ക്   ചേർത്തമർത്തിക്കൊണ്ട്   ദൃഡസ്വരത്തിൽ   അവൻ   പറഞ്ഞു.   എന്നിട്ടും   അവളിലെ   കരച്ചിലിന്റെ  ആയം   കുറഞ്ഞിരുന്നില്ല. 

”  എന്നെ   വിശ്വാസമില്ലേ    എന്റെ   ചുള്ളിക്കമ്പിന് ???  “

”  മ്മ്ഹ്ഹ്…. “

അവന്റെ   ചോദ്യത്തിന്   മറുപടിയായി   കണ്ണീരിനിടയിലും  അവളൊന്നുമൂളി.  വിവാഹത്തിന്   മൂന്നുദിവസം   മുൻപ്   ബീച്ചിൽ   വച്ചവളെ   കണ്ട   നിമിഷമോർത്തെടുക്കവേ   ശിവയുടെ   കൺകോണിലെവിടെയോ   ഒരുറവ   പൊട്ടി.   അപ്പോഴേക്കും   വണ്ടി   ചിറ്റേഴത്ത്   എത്തിയിരുന്നു.  വണ്ടി   ആൽവിന്റെ   ആയത്   കൊണ്ടുതന്നെ   വീട്ടുകാരുടെ   ചോദ്യങ്ങളൊഴിവാക്കാനായി   അവൻ   വണ്ടി   ഗേറ്റിന്   പുറത്ത്   റോഡ്  സൈഡിൽ   തന്നെ   പാർക്ക്   ചെയ്തിട്ട്   അകത്തേക്ക്   കയറിപ്പോയി. 

              

പൂമുഖത്തേക്ക്   കയറുമ്പോഴേ  കണ്ടു   തന്നെ   പ്രതീക്ഷിച്ചെന്നപോലെ   ഹാളിലെ   ഊഞ്ഞാൽ   കട്ടിലിൽ   ഇരിക്കുന്ന   അല്ലിയെ.  പതിവിലും   താമസിച്ചതിന്റെ   കലിപ്പിലാണെന്ന്   വ്യക്തമാക്കുന്നതായിരുന്നു   അവളുടെ   വീർത്തുകെട്ടിയ  മുഖം.  തന്നേക്കണ്ടതും  അല്പം   കൂടി   വീർത്ത   ആ   മുഖത്തേക്ക്   നോക്കി    ഭംഗിയൊന്ന്   ചിരിച്ചിട്ടവനകത്തേക്ക്   കയറിച്ചെന്നു.  പക്ഷേ   അവനടുത്തെത്തിയതും   അവൾ   വെട്ടിത്തിരിഞ്ഞടുക്കളയിലേക്ക്   പോയി.  അവളുടെ   പോക്കൊരു   കുസൃതിച്ചിരിയോടെ  നോക്കി   നിന്നിട്ടൊന്നും   മിണ്ടാതെ    അവൻ   മുകളിലേക്ക്   കയറിപ്പോയി. 

ശിവ   മുറിയിലെത്തി   കുളിയും   കഴിഞ്ഞുവന്ന്   ഫോണിൽ   തോണ്ടിക്കൊണ്ട്‌   നിൽക്കുമ്പോഴായിരുന്നു   അല്ലി   മുകളിലേക്ക്  വന്നത്. 

”  കഴിക്കാനെടുത്ത്   വച്ചിട്ടുണ്ട്…. “

”  എന്താടി   നിന്റെ   ശബ്ദത്തിനൊരു  കനം  ??? “

വാതിൽക്കൽ   വന്നുനിന്ന്   താല്പര്യമില്ലാത്തത്  പോലെ  പറഞ്ഞവളെ   നോക്കി    ശിവയൊരു   ചിരിയോടെ  ചോദിച്ചു.

”   എന്റെ   ശബ്ദമിങ്ങനാ….. “

”  ഓഹോ….. ഞാനിന്ന്   കാലത്തിവിടുന്ന്   പോകുംവരെ    ഇങ്ങനല്ലായിരുന്നല്ലോ  പിന്നിപ്പോ   എന്നാപറ്റി  ????  “

കുസൃതിച്ചിരിയോടടുത്ത്   ചെന്നവളെ   നെഞ്ചോട്   ചേർത്തുകൊണ്ടാണവനത്   ചോദിച്ചത്. 

”  ദേ  ശിവേട്ടാ   പാതിരാത്രി   കേറിവന്നിട്ട്   കൊഞ്ചാൻ   നിന്നാലുണ്ടല്ലോ…. “

”  നിന്നാൽ ???? “

”  ആഹ്   അങ്ങനിപ്പോ   കൊഞ്ചണ്ട….സത്യം   പറ   ഏത്   ബാറിലായിരുന്നു   നിങ്ങടെ   ജോലിയീ  പാതിരാത്രി ????  “

അവനിൽ   നിന്നും   കുതറിമാറാൻ   ശ്രമിച്ചുകൊണ്ട്   അവൾ   ചോദിച്ചു. 

”  ദൈവദോഷം   പറയല്ലേഡീ   മഹാപാപീ….. ഞാൻ   കുടിച്ചിട്ടൊന്നുമില്ല….”

പറഞ്ഞതും   അവളുടെ   മുഖത്തേക്ക്   ഊതിയവൻ. 

”   പറയെഡീ   ഞാൻ   കുടിച്ചോ ????  “

”  ഇല്ല….. എന്നെക്കൊണ്ടൊന്നും   പറയിക്കണ്ട   നാറീട്ട്   പാടില്ല…. “

അവന്റെ   ശ്വാസം   മുഖത്തടിച്ചതും   കുടിച്ചിട്ടില്ലെന്ന്   മനസ്സിലയെങ്കിലും   വെറുതെ   അവനെയൊന്ന്   ചൊടിപ്പിക്കാനായി   അവൾ   പറഞ്ഞു.  അത്   കേട്ട്    ശിവയ്ക്ക്   സത്യത്തിൽ   ദേഷ്യം   വന്നിരുന്നു. 

”  ആഹാ  എന്നാപ്പിന്നത്   തെളിയിച്ചിട്ട്   തന്നെ   ബാക്കികാര്യം….. “

പറഞ്ഞതുമവളുടെ   അധരങ്ങളെ   സ്വന്തമാക്കാനായി   ശിവയവളിലേക്കൊന്നുകൂടി   ചേർന്നു.  അല്ലിയാണെങ്കിൽ   അവന്റെ   കയ്യിൽ   കിടന്നുകുതറിക്കൊണ്ട്‌   തല   പിന്നിലേക്ക്   വെട്ടിച്ചുകൊണ്ടിരുന്നു. 

”  ആഹ്….. “

പരസ്പരം   പിടിവലി   കൂടുന്നതിനിടയിൽ   പെട്ടന്നായിരുന്നു   ശിവയിൽ   നിന്നൊരു   നിലവിളി   കേട്ടത്.  വേദന   നിറഞ്ഞ   അവന്റെയാ   ശബ്ദം   കേട്ട്   അല്ലി   വെപ്രാളത്തോടെ   അവനെ   നോക്കി.  അപ്പോഴേക്കും   അവളിൽ   ചുറ്റിയിരുന്ന   അവന്റെ   കൈകളും   അയഞ്ഞിരുന്നു. 

”  എന്താ   ശിവേട്ടാ…. “

തന്നേ   വിട്ട്   ബെഡിലേക്ക്   ചെന്നിരുന്നവന്റെ   അരികിലേക്കിരുന്നുകൊണ്ട്   അല്ലി   ചോദിച്ചു.  അപ്പോഴാണ്   അവന്റെ   കൈമുട്ടിന്   താഴെയായി   വീതിയിൽ   തൊലിപോയി   രക്തം   കിനിഞ്ഞിരിക്കുന്നതവൾ   കണ്ടത്.  അത്   കണ്ടതും   അല്ലിയാദ്യമൊന്ന്   ഭയന്നുപോയി. അത്രയ്ക്ക്   നന്നായി  തന്നെ   അവിടെ   മുറിഞ്ഞിരുന്നു.  

”  ശിവേട്ടാ  ഇതെന്തുപറ്റിയതാ ???  “

ചോദിക്കുമ്പോഴവളുടെ   സ്വരം   കരച്ചിലിന്റെ   വാക്കോളമെത്തിയിരുന്നു. 

”  ഒന്നുല്ലെടാ   ഞാൻ   വണ്ടിയേന്നൊന്ന്   വീണു.  അപ്പൊ   റോഡിലുരഞ്ഞതാ…. നീ   ചെന്നാ  മുറിവിനിടുന്ന   ഓയിൻമെന്റിങ്ങെടുത്തോണ്ട്   വാ…. “

അവളെ   ആശ്വസിപ്പിക്കാൻ   ശ്രമിച്ചുകൊണ്ടവൻ   പറഞ്ഞെങ്കിലും   അവളുടെ   മിഴികൾ   നിറഞ്ഞിരുന്നു.  അല്ലി   തന്നെയാണ്   മുറിവ്   ക്ലീൻ   ചെയ്ത്   മരുന്ന്   പുരട്ടിയത്.  അപ്പോഴൊക്കെയും  അവളുടെ   കണ്ണുകൾ   തൂവിക്കൊണ്ടേയിരുന്നു. 

”  സോറി   ശിവേട്ടാ….. വയ്യാതിരുന്നിട്ടും   ഞാൻ   വഴക്കിനുവന്നതല്ലേ…. “

”  എടി   പൊട്ടീ   എനിക്കതിനുംമാത്രം   വയ്യായ്കയൊന്നുമില്ല.  വീണപ്പോ  കൈ   കുത്തിയപ്പോ   പറ്റിയതാ    ഈ   മുറിവ്.  അതിനാണോ   നീയിങ്ങനെ   കരയുന്നേ  അത്   നാളത്തേക്കങ്ങുണങ്ങിക്കോളും….”

അവളെ   ചേർത്തുപിടിച്ചുകൊണ്ട്   ശിവ   പറഞ്ഞെങ്കിലും   ആ  വാക്കുകളിളൊന്നും   പോരായിരുന്നു   അവളെ   ആശ്വസിപ്പിക്കാനായി. 

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!