Skip to content

അഗ്നിസാക്ഷി – ഭാഗം 12

Agnisakshi Novel

രാത്രിയേറെ   വൈകിയിരുന്നു.  പഠിപ്പുരകടന്ന്   പുറത്തേക്ക്   വന്ന  രുദ്രൻ   പരിസരമാകെയൊന്നുഴിഞ്ഞുനോക്കി.   പെട്ടന്ന്   കുറച്ചപ്പുറത്തുള്ള   മാവിന്   മറുവശത്ത്   നിന്നും   നേർത്തൊരു   ചുമകേട്ടുകൊണ്ട്   അയാളങ്ങോട്ട്   ചെന്നു.  അവിടെ   പതുങ്ങി   നിന്നിരുന്ന   ആൾ   പതിയെ   വെളിച്ചത്തിലേക്ക്  വന്നു.   അനന്തനായിരുന്നു   അത്. 

”  താനെന്താ   ഇത്രയും   താമസിച്ചത് ???  “

”  പണിയൊക്കെ   തീർത്തുവന്ന്   കുളിയും   തേവാരവുമൊക്കെ   കഴിഞ്ഞ്   എന്റെ   ഭാര്യയെന്ന  ആ  മൂദേവിയൊന്നുറങ്ങിയാലല്ലേ  വരാൻ   പറ്റൂ…. അവളുറങ്ങിക്കഴിഞ്ഞ്   ഒരുതരത്തിൽ   പുറത്തിറങ്ങിയപ്പോ   അടുക്കളയിൽ   ശിവേടേം   അവന്റെ   മറ്റവളുടേയും  പ്രേമനാടകം…. “

അനന്തന്റെ   ചോദ്യത്തിന്   മറുപടി   പറയുമ്പോൾ   അയാളുടെ   കടപ്പല്ലുകൾ   ഞെരിഞ്ഞിരുന്നു.  പിന്നൊട്ടും  താമസിക്കാതെ  അവരിരുവരും  കൂടി   ഇരുളിന്റെ   മറപറ്റി   മുന്നോട്ട്   നടന്നു.  തറവാട്ടിൽ   നിന്നും   അല്പമകലെയയുള്ള  പൊട്ടിപ്പൊളിഞ്ഞ്   കിടന്നിരുന്ന   ഭദ്രകാളി  ക്ഷേത്രമായിരുന്നു   അവരുടെ   ലക്ഷ്യം. രാത്രിയുടെ  ഏറ്റവും   ഭീകരമായ  ഭാവം   ആ  കോബൗണ്ടിനുള്ളിലാണെന്ന്   തോന്നിയവർക്ക്.  ചീവിടുകളുടെ   ശബ്ദം   ചെവി   തുളച്ചുകയറി.  കരിയിലകൾ   ചവിട്ടി   മെതിച്ചുകൊണ്ടവർ  നടന്നുനീങ്ങുമ്പോൾ   കുറ്റിച്ചെടികൾക്കിടയിൽ  നിന്നും  മറ്റും  ഏതൊക്കെയോ  ജീവികളോടി   മറയുന്ന   ഒച്ചയും  കേട്ടുകൊണ്ടിരുന്നു.  പൊട്ടിപ്പൊളിഞ്ഞുകിടന്ന   ക്ഷേത്രമണ്ഡപവും  കടന്ന്   അവരതിന്റെ   പിന്നാമ്പുറത്തേക്കാണ്   പോയത്.  അവിടെ   കുറച്ചുമാറി   വൃത്തിയാക്കിയ   തറയിൽ  കത്തിച്ചുവച്ചിരുന്ന   പന്തത്തിന്  പിന്നിലായി   ഇരുളിന്റെ  ചായ്‌വ്   പറ്റി  ഒരാൾ   ഇരുന്നിരുന്നു.   ആ  രൂപത്തിന്   മുന്നിലേക്കവരിരുവരും   വന്ന്   നിന്നു. പരസ്പരം   കാണാനും  മാത്രം   വെളിച്ചമുണ്ടായിരുന്നുവെങ്കിലും   ഇരുളിനെ   അഭിമുഖീകരിച്ചിരുന്നിരുന്ന    ആ   രൂപത്തിന്റെ   മുഖമൊട്ടും   തന്നെ   വ്യക്തമായിരുന്നില്ല.  പോരാഞ്ഞിട്ട്    അയാൾ   തലയും   മുഖവും   മറച്ചൊരു   കറുത്ത   തുണി   ധരിച്ചിരുന്നു. 

”   പറഞ്ഞത്   ചെയ്തോ  രുദ്രാ  ???  “

അവരും   നിലത്തേക്ക്   ഇരുപ്പുറപ്പിച്ചുടനെ  വളരേ  പരിചിതമായ    സ്വരത്തിൽ   ആ   രൂപം   ചോദിച്ചു. 

”  ഉവ്വ്…..പക്ഷേ   ഒരു   സംശയം…..ഒരന്യജാതിക്കാരി   പെണ്ണിലാണ്   കാളിയുടെ   പ്രീതിയെന്ന്   പറഞ്ഞാൽ   എനിക്കെന്തോ….  ”

”  ഹഹഹ  ….  നീയെന്താ  രുദ്രാ   ഇപ്പോഴും   ഇത്തരം   മൂഢധാരണകൾ   വെടിഞ്ഞില്ലേ ???  അവൾ   വെറുമൊരു   പെണ്ണല്ല   അത്രയേറെ   വീശിഷ്ടമായ  സമയത്തത്   ഭൂജാതയായവളാണ്.  രാശി   ചക്രത്തിലെ   ഇരുപത്തിയേഴ്‌   നക്ഷത്രങ്ങളുടെ   സൽഗുണങ്ങളുമൊത്തിണങ്ങിയവൾ.  അവളെ   ദേവിക്ക്‌   നേദിക്കുന്നതോടെ   ഈ    ക്ഷേത്രനിലവറയിൽ   നാഗങ്ങളാൽ   സംരക്ഷിക്കപ്പെട്ടിരിക്കുന്ന   കോടിക്കണക്കിന്   വിലവരുന്ന   അപൂർവയിനം  രത്നങ്ങളൊക്കെയും  നമുക്ക്   സ്വന്തമാണ്.  അതുമാത്രമല്ല   ദേവീപ്രീതിയാൽ   മരണത്തേപ്പോലും   അതിജീവിക്കാൻ   കഴിഞ്ഞേക്കാം.   പിന്നവളുടെ   ജാതി…. ഈ   ജാതിയും  മതവുമെല്ലാം   നാം   മനുഷ്യരുണ്ടാക്കിയതല്ലേ  രുദ്രാ….. ഈശ്വരന്   മുന്നിൽ   ജാതിയും   മതവുമൊന്നുമില്ല. അവിടെയുള്ളത്   ഒന്ന്   മാത്രമാണ്.  ഭക്തൻ    മാത്രം…..ഇതെല്ലാമൊരു   നിമിത്തമാണ്.  അല്ലെങ്കിൽ    ഇന്നും   പാരമ്പര്യം   കാത്തുസൂക്ഷിക്കപ്പെടുന്ന   ചിറ്റേഴത്ത്   തറവാട്ടിലേക്കൊരു   അന്യജാതിക്കാരി   വലതുകാൽ   വച്ച്   കയറിവരിക   എന്നത്   സംഭവ്യമാണോ  ???  ഒരിക്കലുമല്ല   പക്ഷേ   അത്   സംഭവിച്ചു…… ദേവി   സംഭവിപ്പിച്ചു……അതിനർഥമൊന്നേയുള്ളൂ    ദേവിക്ക്‌   ബലികഴിക്കപ്പെടേണ്ടവൾ ,  ദേവിക്ക്   നിവേദ്യമാകേണ്ടവൾ   അവൾ    തന്നെയാണ്….. പിന്നെ   ഒന്ന്   മറക്കരുത്   ബലി   നടക്കും   വരെയും     അവളുടെ   ഉള്ളിലൊരു    കാരണവശാലും    ശിവയുടെ   ജീവൻ   മുളപൊട്ടരുത്.   അങ്ങനെ   സംഭവിച്ചാൽ   നമ്മുടെ   കാത്തിരിപ്പുകളെല്ലാം   അസ്താനത്തായിപോകും.  “

”  ഇല്ല   അതിന്   വേണ്ടതൊക്കെ   ഞാൻ   ചെയ്തിട്ടുണ്ട്…. “

”  മ്മ്ഹ്ഹ്….. അനന്താ   പൂജക്കുള്ള   ഒരുക്കങ്ങളൊക്കെ   പൂർത്തിയായോ ???  “

രുദ്രനുള്ള   മറുപടിയൊരു   മൂളലിലൊതുക്കി   അനന്തനോടായി   അയാൾ   ചോദിച്ചു. 

”  ഉവ്വ്….. പൂർത്തിയായി   കഴിഞ്ഞു.  ബലി  നടന്നുകഴിഞ്ഞാലുടൻ   പൂജകളാരംഭിക്കാം.  “

”  അതുടൻ   നടക്കും.  അവൾ   പോലുമറിയാതെ   മരണമവളുടെ   പിന്നാലെയൊരു   നിഴൽ   പോലെയുണ്ട്.  ജലമോ  അഗ്നിയോ  അങ്ങനെയെന്തെല്ലാമൊ   അവളെയാലിംഗനം   ചെയ്യാൻ   പതിയിരുപ്പുണ്ട്.  വരുന്ന  പൗർണമിക്ക്‌   മുൻപ്   ദേവിയ്ക്കുള്ള   ബലിയായി   അല്ലിയുടെ   ദുർമരണം  നടന്നിരിക്കണം   രുദ്രാ….. “

മുറുകിക്കെട്ടിയ   സ്വരത്തിൽ   അയാൾ  പറയുമ്പോൾ   വല്ലാത്തൊരുറപ്പോടെ   രുദ്രനും   തല   കുലുക്കി.

”  രുദ്രാ…. “

പിന്നെയുമെന്തൊക്കെയോ   സംസാരിച്ച   ശേഷം   തിരികെ   അവരിരുവരും   തിരികെ   പോകാൻ   തുടങ്ങുമ്പോഴായിരുന്നു   പിന്നിൽ   നിന്നും   അയാൾ   വീണ്ടും   വിളിച്ചത്.  രുദ്രനും   അനന്തനും   ഒരേപോലെ   തിരിഞ്ഞുനിന്നു.

”  അവനെ…. ശിവയേ   സൂക്ഷിക്കണം.  സാക്ഷാൽ   പരമശിവന്റെ   പകയാണവന്.   അവനെതിരെ   നിൽക്കുമ്പോൾ   അഗ്നിയോടെതിരിടും   പോലെ   സൂക്ഷിക്കണം.  പൊള്ളും.  ചിറ്റേഴത്ത്   ഈശ്വരവർമയുടെ   കൊച്ചുമകനാണവൻ…. “

അയാൾ  പറഞ്ഞത്  കേട്ട്   നിൽക്കുമ്പോൾ  രുദ്രനിലുമൊരു  ഭയം  ദൃശ്യമായിരുന്നു. 

                 ദിവസങ്ങൾ  വീണ്ടും   കടന്നുപോയി.   രാവിലെ   ശിവക്കുള്ള   ചായയുമായി   അല്ലി   റൂമിലേക്ക്   വരുമ്പോൾ  ബെഡിലിരുന്ന്   ആരോടോ   ഫോണിൽ   സംസാരിക്കുകയായിരുന്നു   അവൻ.  അവളകത്തേക്ക്  വരുന്നത്  കണ്ടതും   അവൻ   പെട്ടന്ന്   ഫോൺ   കട്ട്   ചെയ്ത്  അവളെ   നോക്കി  ചിരിച്ചു. 

”  എന്താ   ഒരു  കള്ളത്തരം ???   “

അവന്റെയിരുപ്പും   ചിരിയും  കണ്ട്  കണ്ണുരുട്ടി   അല്ലി   ചോദിച്ചു. 

”  എന്ത്   കള്ളത്തരം….ഇങ്ങനെ   തൊട്ടതിനും   പിടിച്ചതിനുമൊക്കെ   തങ്കംപോലുള്ള   നിന്റെയീ  കെട്ടിയോനെ  സംശയിക്കാതെ  എന്റല്ലിക്കൊച്ച്    പോയി   റെഡിയായി  വന്നേ  നമുക്കൊരിടം  വരെ  പോകാം….”

”  എങ്ങോട്ടാ…. “

”  ആഹ്ഹ്   ഓഫീസിലെ   ഒരു   ഫ്രണ്ടിന്റെ   വെഡിങ് അണിവേഴ്സറിയാ   ഇന്ന്.  കൊളീഗ്സിനും   ഫാമിലിക്കും  വേണ്ടി   അവനൊരു   പാർട്ടി   അറേഞ്ച്   ചെയ്തിട്ടുണ്ടിന്ന്…. ആഹ്   പറഞ്ഞിരിക്കാൻ  നേരമില്ല   നമുക്ക്   രാവിലെ   തന്നെ   പോണം   നീ   വേഗം   ചെന്ന്   റെഡിയായി  വാ…. “

പറഞ്ഞിട്ട്   ഫോണും   ചായയുമെടുത്തുകൊണ്ട്   അവൻ   ബാൽക്കണിയിലേക്ക്   പോയി. 

”  ഹും…  കൂട്ടുകാരന്റെ   വെഡിങാനുവേഴ്‌സറിക്ക്   പോകാൻ   എന്തൊരുൽസാഹം.  സ്വന്തം   കെട്ടിയോൾടെ   ബർത്ത്  ഡേ   പോലും   ഓർമയില്ല.  കല്യാണത്തിന്   മുൻപ്   എന്തൊക്കെ   ആയിരുന്നു….. പാതിരാത്രി   വിഷ്   ചെയ്യുന്നു…. മതില്   ചാടി   ഗിഫ്റ്റ്   തരുന്നു….  കേക്ക്   മുറിക്കുന്നു….. ആകെ   ബഹളം.  കെട്ട്   കഴിഞ്ഞപ്പോഴോ   ഇങ്ങനൊരാളീ   വീട്ടിലുണ്ടെന്ന്   തന്നെ   വിചാരമില്ല.  ഇന്നിനി  പഞ്ചാരയടിച്ചോണ്ടിങ്ങ്   വാ…..”

പിറുപിറുത്തുകൊണ്ട്   അവൾ   റെഡിയാവാൻ   തുടങ്ങി.  വിവാഹത്തിന്   മുൻപുള്ള   ബർത്ത് ഡേയ്ക്ക്   ശിവ   വാങ്ങിക്കൊടുത്ത  പർപ്പിൾ   കളറിൽ  സ്റ്റോൺ  വർക്ക്  ഉള്ള   സാരിയായിരുന്നു   അവളുടെ   വേഷം. 

”  ശിവേട്ടനോർമയുണ്ടോ   ഈ  സാരി ???  “

കുറച്ചുകഴിഞ്ഞപ്പോ   റൂമിലേക്ക്  വന്ന  ശിവയോടായി  അവൾ   ചോദിച്ചു.  

”  ആഹ്   എനിക്കൊന്നുമോർമയില്ല.  പോകാൻ   സമയായി  ഇനി  വന്നിട്ട്   വേണേൽ   സൗകര്യമായിട്ടിരുന്നാലോചിക്കാം.  ഇപ്പോ   ഞാനൊന്ന്   കുളിക്കട്ടെ….  “

അലസമായി   പറഞ്ഞിട്ട്   കുളിമുറിയിലേക്ക്   പോകുന്നവനെത്തന്നെ    നോക്കി  നിൽക്കുമ്പോൾ   ഉള്ളിലെവിടെയോ  ഒരു   കുഞ്ഞുനൊമ്പരമുടലെടുക്കുന്നതവളറിഞ്ഞു.  പത്തുമിനിറ്റ്   കൊണ്ടുതന്നെ   ശിവയും  റെഡിയായി  വന്നു.  പോകാൻ   കാറിൽ   കയറിയിട്ടും   ഉള്ളിലവനോടുണ്ടായിരുന്ന   പരിഭവം   കൊണ്ടൊ   എന്തോ   ഒന്നും   തന്നെ   സംസാരിക്കാൻ   കൂട്ടക്കാതെ   ഫോണിൽ  ഹെഡ്സെറ്റ്   കണക്ട്   ചെയ്ത്   പാട്ടുകേട്ടുകൊണ്ട്   അവൾ   പിന്നിലെ   സീറ്റിലേക്ക്   ചാഞ്ഞുകിടന്ന്   കണ്ണുകളടച്ചു.  ഇതെല്ലാം   കണ്ടെങ്കിലും   അതൊന്നും   മൈൻഡ്   ചെയ്യാതെ   ഒരു   കുസൃതിച്ചിരിയോടെ  ഡ്രൈവിംഗിൽ   മാത്രം   ശ്രദ്ധിച്ചു   ശിവ.

കുറച്ചുസമയം   കഴിഞ്ഞ്   വണ്ടിയെവിടെയോ   നിർത്തിയതറിഞ്ഞപ്പോഴാണ്   അല്ലി   പതിയെ   കണ്ണുകൾ   തുറന്നത്.  അപ്പോഴേക്കും   ശിവ   ഡോർ   തുറന്ന്   പുറത്തേക്ക്   ഇറങ്ങിയിരുന്നു.  കണ്ണ്  തുറന്ന്   ചുറ്റും   നോക്കിയ   അല്ലിയൊരു   നിമിഷമൊന്ന്   പകച്ചുപോയി.  താൻ   ജനിച്ചുവളർന്ന…..ഡാഡിയും  മമ്മിയും   ഇച്ചായിയുമൊക്കെയുള്ള   തന്റെ   സ്വന്തം   വീടിന്റെ   പോർച്ചിലാണ്   താനെന്നറിഞ്ഞതും   ഒരേ  സമയം   സന്തോഷവും  ചെറിയൊരു   ഭീതിയും  തോന്നിയവൾക്ക്. 

”  വാ  ഇറങ്ങ്….. “

ഡോർ   തുറന്നുവിളിച്ച   ശിവയുടെ   കണ്ണിലേക്ക്‌   തന്നെ   നോക്കിയൊരു   പാവപോലിറങ്ങുമ്പോഴും   നടക്കുന്നത്   സ്വപ്നമാണോ   എന്ന   അങ്കലാപ്പിലായിരുന്നു   അല്ലി.  പക്ഷേ   ശിവയുടെ   മുഖം   നിറയെ   പുഞ്ചിരിയായിരുന്നു. 

”  എന്താ….. “

പുറത്തേക്കിറങ്ങിയവന്റെ   കയ്യിലമർത്തിപ്പിടിച്ചുകൊണ്ടെന്തോ   ചോദിക്കാൻ   തുടങ്ങുമ്പോഴായിരുന്നു   അവന്റെ   നോട്ടം   മറ്റെങ്ങോട്ടോ   ആണെന്നവളറിഞ്ഞത്.  പതിയെ   അങ്ങോട്ട്   നോക്കിയ   അവളുടെ   മിഴികൾ   സന്തോഷം   കൊണ്ട്   നിറഞ്ഞൊഴുകി..  പൂമുഖത്ത്   അവരെത്തന്നെ   നോക്കി   നിറഞ്ഞ   പുഞ്ചിരിയോടെ   നിൽക്കുന്ന   അലക്സും   എൽസയും  റോസമ്മയും  ആൽവിയും.  അവരെയും   ശിവയേയും  മാറിമാറി   നോക്കി   കണ്ണീരിനിടയിലും   ചിരിക്കുന്ന   അവളെ   നോക്കി   നിറഞ്ഞ   ചിരിയോടെ   അലക്സ്‌   കൈകൾ   വിടർത്തികാട്ടി.  ആ   ഒരു   ക്ഷണം   മതിയായിരുന്നു   മാസങ്ങൾ   നഷ്ടമാക്കിയ   ആ   സ്നേഹക്കൂട്ടിലേക്കോടിയണയാനവൾക്ക്.   ഒരു   കുഞ്ഞിനെപ്പോലെ   പാഞ്ഞുചെന്നയാളെ   ഇറുകെ   പുണർന്ന്   ആ   നെഞ്ചിലേക്ക്   മുഖം    പൂഴ്ത്തിയവൾ. 

”  എന്നോട്….. എന്നോട്   ക്ഷമിക്ക്   ഡാഡി….ഞാൻ….ഞാനൊരുപാട്…… “

തന്റെ   നെഞ്ചിൽ   കിടന്ന്   പദംപറഞ്ഞുകരയുന്നവളെ   ചേർത്തുപിടിച്ചാശ്വസിപ്പിക്കുമ്പോൾ   സന്തോഷം   കൊണ്ട്   അലക്സിന്റെ   കണ്ണും  നിറഞ്ഞിരുന്നു. 

”  സാരമില്ലെടാ….. പണ്ടും   നമ്മളിങ്ങനെയൊക്കെ   ആയിരുന്നില്ലേ…..  എനിക്കിഷ്ടമല്ലാത്തതെ  ഡാഡിടെയീ   കുറുമ്പിപ്പാറു   ചെയ്യുമായിരുന്നുള്ളു.  പക്ഷേ   കുറച്ചുകഴിയുമ്പോൾ   ഇതുപോലെ   വന്ന്   സോറി   പറയും.  അതോടെ   എന്റെ   ഇഷ്ടക്കുറവും  മാറുമായിരുന്നു.  ഇതും   അത്രേയുള്ളൂ.  പക്ഷേ   അതുകൊണ്ട്   മാത്രമല്ല   കേട്ടൊ  ഈ   ഇഷ്ടക്കുറവ്   മാറിയത്.   എന്റെ   മരുമോനേ   എനിക്കുമങ്ങ്   ബോധിച്ചു…. ഒരുപക്ഷേ   ഞാനേത്   കൊമ്പത്തേ   ബന്ധം   കൊണ്ടുവന്നിരുന്നെങ്കിലും   എന്റെ   കുഞ്ഞിത്ര   സന്തോഷമായിരിക്കുമായിരുന്നില്ല.  “

അല്ലിയുടെ   നെറുകയിൽ   മുത്തിക്കൊണ്ട്   അലക്സത്  പറയുമ്പോൾ   ശിവയുൾപ്പെടെ   എല്ലാരും   ചിരിക്കുകയായിരുന്നു.   അലക്സിനെ   വിട്ട്   എൽസയോടും  റോസമ്മയോടുമുള്ള   വിശേഷം   പറച്ചിലൊക്കെ   കഴിഞ്ഞപ്പോഴാണ്   ആൽവിയുടെ   തലയിലെ   കെട്ടവളുടെ   കണ്ണിൽ   പെട്ടത്. 

”  ഇച്ചായി….. ഇത്….. ഇതെന്നാ   പറ്റിയതാ…. “

ഓടിയവന്റെ  അരികിലെത്തി   തലയിലെ   മുറിവിലൂടെ   വിരലോടിച്ച്   ചോദിക്കുമ്പോൾ   അവളുടെ  സ്വരമെവിടെയൊക്കെയോ   വിറച്ചിരുന്നു. 

”  ഒന്നുല്ലടാ….. ചെറിയൊരാക്സിഡന്റുണ്ടായതാ.  അതും   നമ്മുടെയീ   ഒത്തുചേരലിന്   ഒരു   കാരണമാണ്.  “

ആൽവി   പറഞ്ഞത്   കേട്ട്   അന്തംവിട്ട്   നിൽക്കുകയായിരുന്നു   അല്ലി.  അതുകണ്ട്   ചിരിയോടെ   നിൽക്കുകയായിരുന്ന   ശിവയേയൊന്നു  നോക്കിയിട്ട്   ഐസക്കും   ലോറൻസുമായുണ്ടായ   പ്രശ്നങ്ങൾ   മറച്ച്   നടന്നത്   വെറുമൊരാക്സിഡന്റാക്കി   അവിടെ   നിന്ന്   ശിവ   വന്ന്   ഹോസ്പിറ്റലിലെത്തിച്ചതായും   ആൽവി   പറഞ്ഞു.   ശിവയൊഴികെ   ബാക്കിയെല്ലാരും   അമ്പരപ്പോടെയായിരുന്നു   അതൊക്കെ   കേട്ടത്.  കാരണം   ചെറിയൊരപകടമെന്ന്  മാത്രമേ   ആൽവിയും   മറ്റുള്ളവരോട്   പറഞ്ഞിരുന്നുള്ളു. 

”  അന്നൊരു   ദിവസം   രാത്രി   കയ്യിലൊരു   മുറിവൊക്കെ   ആയി   ശിവ   രാത്രി   ലേറ്റായി   വന്നില്ലേ.  അന്നാണ്   ഇതൊക്കെ   സംഭവിസിച്ചത്..  പിന്നെ   ഡാഡിയേ   മെരുക്കിയത്   ഇന്നലെയാ.  ഇന്നലെ   നിന്റെ   പിറന്നാളിന്   പതിവ്   സമ്മാനം   വാങ്ങാൻ    ജ്വല്ലറിയിൽ   പോയതായിരുന്നു    ഞാനും   ഡാഡിയും.  അപ്പോൾ   അവിടെവച്ചാണ്   അതേ   കാര്യത്തിന്   വന്ന   ശിവയേയും   കണ്ടത്.  ആദ്യം   പരസ്പരമിത്തിരി   മസില്   പിടിച്ചെങ്കിലും   പതിയെ    ആ  മഞ്ഞുമുരുകി.  അപ്പോഴല്ലേ   മനസ്സിലായെ    നമ്മളെയൊക്കെക്കാൾ   മുൻപ്   നിങ്ങളോടുള്ള   പിണക്കം   മാറ്റാൻ   നടക്കുവാരുന്നു   ഡാഡിയെന്ന്.  അങ്ങനെ    അവിടെവച്ച്   തന്നെ   എന്റല്ലിക്കൊച്ചിനായി   ദേ   ഇങ്ങനൊരു   സർപ്രൈസും   ഞങ്ങള്   പ്ലാൻ   ചെയ്തു. “

ആൽവി   പറഞ്ഞതെല്ലാം   കേട്ട്   സന്തോഷം   കൊണ്ടവൾ   വീണ്ടും   ചെന്ന്   അലക്സിനെ   കെട്ടിപിടിച്ചു. 

”  ആഹാ   ഇങ്ങനെ   നിന്നാൽ   മതിയോ  ഡാഡിക്കും   മോൾക്കും   കൂടി  വന്ന്   കേക്ക്  മുറിക്ക്…. “

എൽസ   പറഞ്ഞത്   കേട്ട്   എല്ലാവരും   ചിരിച്ചു. 

”  ശിവ   വാ  മോനേ…. “

എല്ലാരോടുമൊപ്പം   അകത്തേക്ക്   നടക്കുമ്പോൾ   ആദ്യമായാ   വീട്ടിൽ   വരികയായിരുന്ന  ശിവയേ   ചേർത്തുപിടിച്ചുകൊണ്ട്   അലക്സ്‌   വിളിച്ചു.  അകത്ത്   ഹാള്   മുഴുവൻ   ബലൂണുകളും   മറ്റുമൊക്കെ   കൊണ്ട്   അലങ്കരിച്ചിരുന്നു.  നടുവിലൊരു   ടേബിളിൽ   അല്ലിക്കേറ്റവും   പ്രീയപ്പെട്ട   കേക്കും   സെറ്റ്  ചെയ്തിരുന്നു.  അല്ലിയും  ശിവയും  ഒരുമിച്ചാണ്   കേക്ക്   കട്ട്   ചെയ്തത്.   അവർ   പരസ്പരം   കൊടുത്ത  ശേഷം  മറ്റുള്ളവരും   അളിയുടെ  വായിൽ   ഓരോ  പീസ്   കേക്ക്   വച്ചുകൊടുത്തു.  നിറഞ്ഞ   സന്തോഷത്തോടെ  അവളതെല്ലാം   സ്വീകരിച്ചു.  ഇതിനിടയിൽ  ഇതെല്ലാം   ഫോട്ടോസാക്കുവാനും   ആൽവിനൊരാളെ   ഏർപ്പാടാക്കിയിരുന്നു.

”  ദാ   ഡാഡിടെ   വക   പതിവ്   പിറന്നാൾ   സമ്മാനം…. “

പറഞ്ഞുകൊണ്ട്  അലക്സ്‌   ഒരു  ജ്വല്ലറി   ബോക്സവളുടെ   കയ്യിലേക്ക്   വച്ചുകൊടുത്തു.  ഭംഗിയുള്ളൊരു   ഡയമണ്ട്  നെക്ലെസ്സ്   ആയിരുന്നു   അതിൽ.  പിന്നാലെ    തന്നെ    എൽസയും  റോസമ്മയും  ആൽവിയുമെല്ലാം  അവൾക്ക്‌   സമ്മാനങ്ങൾ   നൽകി.  എല്ലാം   കഴിഞ്ഞപ്പോഴാണ്   തൊട്ടരികിൽ   ചിരിയോടെ   കയ്യും   മാറിൽ   പിണച്ചുകെട്ടി   നിൽക്കുന്ന   ശിവയേ  അവൾ   നോക്കിയത്.

”  അല്ല   എനിക്ക്   ഗിഫ്റ്റ്   വാങ്ങിക്കാൻ   പോയപ്പഴാ  ഡാഡിയുമായുള്ള   പിണക്കം   തീർത്തതെന്നല്ലേ   പറഞ്ഞത്…. എന്നിട്ട്   ശിവേട്ടൻ   വാങ്ങിയ  ഗിഫ്റ്റ്  എവിടെ ???  “

”  പോയത്  ശരിയാ  അപ്പോഴാ  ഡാഡിയുമായുള്ള  പിണക്കം   തീർന്നതും  ഇങ്ങനൊരു   സർപ്രൈസ്  പ്ലാൻ   ചെയ്തതും.  ആ  എക്സൈറ്റ്   മെന്റിൽ   ഞാൻ  ഗിഫ്റ്റ്   വാങ്ങുന്നകാര്യമങ്ങ്   മറന്നുപോയി……തല്ക്കാലം   എന്റേലിതേയുള്ളൂ   തരാൻ…. “

പറഞ്ഞതും   അവനവളെ   ചേർത്തുപിടിച്ച്   നെറുകയിൽ   ചുംബിച്ചു.  തന്റെ   പ്രാണന്റെയാ  ചുംബനം   തന്നെ   ധാരാളമായിരുന്നുവെങ്കിലും  അവൻ   മറന്നുവെന്ന്   പറഞ്ഞതിൽ   ഒരു  കുഞ്ഞുവിഷമം   തോന്നാതിരുന്നില്ല   അല്ലിക്ക്.  അതിന്റെയൊരു  വാട്ടമവളുടെ   മുഖത്ത്   തെളിയുകയും  ചെയ്തു.  പക്ഷേ  അത്   ഭാവിക്കാതെ   അവളൊന്ന്   ചിരിച്ചു.  

”  എന്നാപ്പിന്നെ   നമുക്ക്  വല്ലതും   കഴിച്ചാലോ…. “

റോസമ്മ   ചോദിച്ചതും  അത്  ശരിവച്ച്   എല്ലാവരും  ഡൈനിങ്   ഹാളിലോട്ട്   നടന്നു.  ഏറ്റവും   പിന്നിലായിട്ടായിരുന്നു   അല്ലിയും  ശിവയും   നടന്നരുന്നത്.  പെട്ടന്നാണ്   അവളുടെ  വായ   പൊത്തി  അരക്കെട്ടിലൂടെ  ചുറ്റിപ്പിടിച്ച്   അവൻ   പിന്നിലേക്ക്   മാറ്റിയത്. 

”  എന്താ   ശിവേട്ടാ   ഇത്   ആരെങ്കിലും  കാണും…. “

അവന്റെ   നെഞ്ചിലേക്ക്   ചേർന്ന്   നിന്ന്   മറ്റുള്ളവർ  പോയ   വഴിയേ   നോക്കിക്കൊണ്ട്‌   വെപ്രാളത്തിൽ   അവൾ   പറഞ്ഞു. 

”  വിഷമമായോ   എന്റെ   കുശുമ്പിപ്പാറൂന്  ???  “

അവൾ   പറഞ്ഞതൊന്നും   ശ്രദ്ധിക്കാതെ  അവളുടെ   വിടർന്ന   മിഴികളിലേക്ക്   നോക്കി   നിന്നുകൊണ്ടവളുടെ   മുടിയിഴകളെ   പിന്നിലേക്ക്   മാടിയൊതുക്കിക്കൊണ്ട്‌   അവൻ   ചോദിച്ചു.

”  ഏയ്…. ഇല്ല   ശിവേട്ടാ…. ഇതിലും  വലിയ   എന്ത്   സന്തോഷാ   ഇന്നെനിക്ക്   കിട്ടാനുള്ളത് ???  “

ഉള്ളിലെയാ  കുഞ്ഞ്   നൊമ്പരം   മറച്ചുവച്ച്  ചിരിയോടവൾ   പറഞ്ഞു. 

”  പക്ഷേ   എനിക്ക്   വിഷമമുണ്ട്….. രാവിലെ   മുതൽ   ഞാൻ   പിറന്നാള്    മറന്നെന്നോർത്ത്   നീ   കാട്ടിക്കൂട്ടിയാതൊക്കെ   ഞാൻ   കാണുന്നുണ്ടായിരുന്നു.  പക്ഷേ   മൈൻഡ്   ചെയ്യാഞ്ഞത്   ഈ  സർപ്രൈസ്   പൊളിഞ്ഞാലോന്ന്    കരുതിയിട്ടാ….. “

തന്റെ   കണ്ണിലേക്കു  തന്നെ   നോക്കി   നിന്നിരുന്നവളെ   നോക്കി   പറഞ്ഞുകൊണ്ട്   തന്നെ   അവളെ   കൈകളിൽ  വാരിയെടുത്തുകൊണ്ടവൻ   ഹാളിലേക്ക്  നടന്നു.  അവിടെയുണ്ടായിരുന്ന   സോഫയിലേക്കവളെയിരുത്തിയവൻ.  എന്നിട്ടന്തംവിട്ട്   നോക്കിയിരിക്കുന്നവളുടെ   മുന്നിലേക്ക്   മുട്ടുകുത്തിയിരുന്നു.  അവളുടെയൊരു  കാൽപ്പാദമെടുത്ത്   തന്റെ   മടിയിലേക്ക്   വച്ചുകൊണ്ട്   പോക്കറ്റിൽ   നിന്നുമൊരു  പൊതിയെടുത്തു.  അവന്റെ  ചെയ്തികളൊക്കെ   നോക്കി   കണ്ണും   മിഴിച്ചിരുന്നവളെ   നോക്കിയൊന്ന്   സൈറ്റടിച്ച്   കാണിച്ചിട്ടവനാ   പൊതിനിവർത്തി.  നല്ല  ഭംഗിയുള്ള  മുത്തുകളും   ചെറിയ  കല്ലുകൾ   പതിപ്പിച്ച   തൊങ്ങലുകളുമൊക്കെയുള്ളൊരു   സ്വർണ  കൊലുസായിരുന്നു   അതിൽ.  അതവൻ   തന്നെയെടുത്ത്   അവളുടെ   ഇരുകാലുകളിലും  ഇട്ടുകൊടുത്തു.  എന്നിട്ടവളുടെ  പാദത്തിൽ   അമർത്തി   ചുംബിച്ചു.  ഇതേ   സമയത്ത്   തന്നെയായിരുന്നു   അവരെ   കാണാതെ   തിരക്കിവന്ന  അലക്സ്‌  അങ്ങോട്ട്  വന്നത്.  അവിടെ  നടന്നുകൊണ്ടിരുന്ന  രംഗം   കണ്ടതും   നിറഞ്ഞ   പുഞ്ചിരിയോടെ  അതിലുപരി   ഹൃദയം  നിറഞ്ഞ  സന്തോഷത്തോടെ  അയാൾ   തിരികെ   നടന്നു. 

”  ഹാ  നീ   പിള്ളേരെ  വിളിക്കാൻ   പോയതല്ലേ   എന്നിട്ടവരെവിടെ ???  “

തിരികെ   ചിരിച്ചുകൊണ്ട്  ചെന്ന  അലക്സിനെ   കണ്ട്   റോസമ്മ   ചോദിച്ചു. 

”  അവരിങ്ങ്   വരും  അമ്മച്ചി…. “

”  അതുശരി   നീയപ്പോ   വിളിച്ചില്ലേ…. ഇനി  ഞാൻ   തന്നെ   പോയി   വിളിച്ചേച്ച്   വരാം… “

”  അമ്മച്ചിയിപ്പോ  അങ്ങോട്ട്  പോകണ്ട.  അവര്   സമ്മാനം  കൊടുപ്പൊക്കെ   കഴിഞ്ഞിങ്ങ്   വരും.  അമ്മച്ചി   വിളമ്പാൻ   നോക്ക്   പിള്ളേര്   വരുമ്പോഴേക്കും…. “

അല്ലിയേയും  ശിവയേയും  വിളിക്കാനായി   പോകാൻ  തുടങ്ങിയ  റോസമ്മയേ  തടഞ്ഞുകൊണ്ട്  അയാൾ  പറഞ്ഞത്   കേട്ട്  അവരൊന്ന്  ചിരിച്ചു.  പിന്നൊന്നും  മിണ്ടാതെ  വിളമ്പാൻ  തുടങ്ങി.

”  ഇഷ്ടായോ ???  “

”  ഒത്തിരി  ഇഷ്ടമായി….”

അവളുടെ  പാദങ്ങൾ   വിട്ട്  അതേയിരുപ്പിരുന്നുകൊണ്ട്  തന്നെ  ചോദിച്ചവന്റരികിലേക്ക്   ഊർന്നിറങ്ങിയവന്റെ   നെഞ്ചോടൊട്ടിക്കൊണ്ടാണ്   അല്ലിയത്  പറഞ്ഞത്. 

”  പിറന്നാളായിട്ട്   സമ്മാനങ്ങളൊത്തിരി   കിട്ടിയല്ലോ  എന്നിട്ടെനിക്കൊന്നുല്ലേ ???  “

ഒരു   കുസൃതിച്ചിരിയോടവളുടെ  അധരങ്ങളെ   പതിയെ   തഴുകിക്കൊണ്ട്‌   പറഞ്ഞവന്റെ   മിഴികളിലേക്ക്   നോക്കിയിരിക്കുമ്പോൾ   അവളുടെ   മിഴികളിലും   പ്രണയം   പൂത്തുലഞ്ഞിരുന്നു.   അപ്പോഴേക്കും   ആ   മൗനത്തിലുമവളുടെ  സമ്മതമുണ്ടെന്നറിഞ്ഞത്   പോലെ   ശിവ   കുനിഞ്ഞവളുടെ   അധരങ്ങളെ   നുകർന്നു.  പെട്ടന്നൊരു  വിറയൽ   തന്നിലൂടെ   പാഞ്ഞതറിഞ്ഞ്   അല്ലിയവനെ   മുറുകെപ്പിടിച്ചു.  ശിവയുടെ  കൈകളും  അപ്പോഴേക്കുമവളെ   വരിഞ്ഞുമുറുക്കിയിരുന്നു.  ഒടുവിലവൾ   തളർന്നവന്റെ   നെഞ്ചിലേക്ക്   വീഴും   വരെ   പരസ്പരം  ഭ്രാന്തമായ  ആവേശത്തിലവർ  ചുംബിച്ചുകൊണ്ടേയിരുന്നു. 

കുറച്ചുസമയം   കഴിഞ്ഞ്   അല്ലിയും  ശിവയും  വരുമ്പോഴേക്കും  എൽസയും  റോസമ്മയും  കൂടി  ആഹാരമൊക്കെ   വിളമ്പിയിരുന്നു.  എല്ലാവരും   ഒരുമിച്ചിരുന്ന്   സംസാരവും  കളിപറച്ചിലുമൊക്കെയായി   ആഹാരം   കഴിക്കുമ്പോൾ   എല്ലാവരിലും  നിറഞ്ഞ   സന്തോഷമായിരുന്നു.  രാത്രി   വൈകിയായിരുന്നു   അല്ലിയേയും  കൂട്ടി   ശിവ  തിരികെപ്പോകാനിറങ്ങിയത്.  അന്നവിടെ   തങ്ങാൻ   എല്ലാവരും  നിർബന്ധിച്ചുവെങ്കിലും  പിറ്റേദിവസം  ശിവയ്ക്ക്  ഓഫീസിൽ   പോകേണ്ടത്   കൊണ്ട്   അവർ   യാത്രപറഞ്ഞിറങ്ങി. 

                 

പുറത്തെവിടെയോ    പോയിരുന്ന   ട്രീസ  തിരികെ   വരുമ്പോൾ   മുറ്റത്ത്   മറ്റൊരു   വണ്ടി   കൂടി   കിടന്നിരുന്നു.  അതാരായിരിക്കുമെന്ന്   ആലോചിച്ചുകൊണ്ട്   നിൽക്കുമ്പോൾ   തന്നെ   അകത്ത്   നിന്നും   ആരുടെയൊക്കെയോ  ഉച്ചത്തിലുള്ള   സംസാരവും  പൊട്ടിച്ചിരിയുമൊക്കെ   ഉയർന്നുകേട്ടു..  അവൾ   പതിയെ   സ്കൂട്ടി   പോർച്ചിലേക്ക്   കേറ്റിവച്ചിട്ട്   അകത്തേക്ക്   കയറിച്ചെന്നു.  അവിടെ   ഇരുന്നിരുന്നവരെയാരെയും  ശ്രദ്ധിക്കാതെ   മുകളിലേക്ക്‌   പോകാനുള്ള   അവളുടെ   ശ്രമം   പരാചജയപ്പെടുത്തിക്കൊണ്ട്‌      ഐസക്ക്‌  വിളിച്ചതും   അവളവിടെത്തന്നെ  നിന്നു.

”  മോളിങ്ങോട്ടൊന്ന്   വന്നേ….. “

ചിരിയോടെ   ഐസക്ക്   വിളിച്ചതും   ട്രീസ  മനസ്സില്ലാ   മനസോടെ   അങ്ങോട്ട്‌  ചെന്നു. 

”  മോൾക്കിവനെ   മനസ്സിലായോ….  ഇതാണെന്റെ   മോൻ   സ്റ്റെഫിൻ.  ഇവനങ്ങ്   ഓസ്ട്രേലിയേലായിരുന്നു.  “

അരികിലിരുന്ന   സുമുഖനായൊരു   ചെറുപ്പക്കാരനെ   നോക്കി  ലോറൻസ്   പറഞ്ഞത്   കേട്ട്   അയാളെ   നോക്കി   ട്രീസയൊന്ന്   ചിരിച്ചെന്ന്   വരുത്തി. 

”  ആഹ്   ഇനി   പറഞ്ഞില്ല   അറിഞ്ഞില്ല എന്നൊന്നും   പറഞ്ഞേക്കരുത്   ഇതൊരു   പെണ്ണുകാണലാണ്. പണ്ടുതൊട്ടേ   മോളെന്ന്   പറഞ്ഞാൽ   ഇവന്   പ്രാന്താ…. പിന്നെ   നമ്മുടെ   കുടുംബങ്ങൾ  തമ്മിലുള്ള  ബന്ധം   വച്ച്   മോൾക്ക്   വേറൊരു   ആലോചന   വന്നാലോന്നും   പേടിക്കാനില്ലല്ലോ   സമയമാകുമ്പോ   എല്ലാം  അവതരിപ്പിക്കാല്ലോന്ന്   കരുതി. 

പക്ഷേ   മോൾടെ   പപ്പയോട്   പറഞ്ഞിരുന്നു  കേട്ടോ…. “

അയാൾ   പറഞ്ഞതെല്ലാം   കേട്ട്   ഞെട്ടി   നിൽക്കുകയായിരുന്ന   ട്രീസയുടെ   നോട്ടമൊരുനിമിഷം   ഐസക്കിലേക്ക്   നീണ്ടു.  അയാളുമെല്ലാം   കേട്ട്   ചിരിയോടെ   ഇരിക്കുകയായിരുന്നു. 

”  താനെന്താ   ട്രീസാ   ആകെ   വിരണ്ട്   നിക്കുന്നത് ???  ഞാനങ്കിളിനോടപ്പഴേ   പറഞ്ഞില്ലേ   ഇയാളാകെ  സർപ്രൈസാകുമെന്ന്.   അതുപോലെ   തന്നെ   സംഭവിച്ചില്ലേ…..”

അവളുടെ   നിൽപ്പുകണ്ട്   സ്റ്റെഫിനും   പറഞ്ഞു.  അതുകേട്ട്   എല്ലാവരും   ചിരിച്ചു. 

”  ഞാൻ….. ഞാനൊന്ന്   ഫ്രഷായിട്ട്   വരാം…. “

ഉള്ളിലെ   വെപ്രാളമൊളിപ്പിച്ച്   എങ്ങനെയൊക്കെയോ   പറഞ്ഞൊപ്പിച്ചിട്ട്‌    അവൾ   വേഗമവിടെ   നിന്നും  മുകളിലേക്ക്   പോയി.  അവളുടെയാ  പോക്ക്   കണ്ടതും   ലോറൻസും  സ്റ്റെഫിനും  കൂടി   ഐസക്ക്   കാണാതെ   പരസ്പരം   നോക്കി   പല്ലിറുമ്മി. 

”  ഇപ്പോൾ    നീ   പൊക്കോടി…. പക്ഷേ   അധികനാൾ   എന്നിൽ   നിന്നുമോടി   മറയാൻ   നിന്നേ   ഞാനനുവദിക്കില്ല.  ആ   &%%$%മോന്റെ   പട്ടമഹിഷിയാവാനുള്ള   നിന്റെ   മോഹമങ്ങ്   കളഞ്ഞേക്ക്.  നീയൊരാണിന്റെ   സ്വന്തമാകുന്നുണ്ടെങ്കിൽ  അതീസ്റ്റെഫിന്റെ   തന്നെയാകും.  വർഷങ്ങളായി   എന്നിലുണ്ടായിരുന്ന  ഭ്രാന്താണ്   നീ…. ആ   നിന്നേയൊരു   പട്ടിക്കും   വിട്ടുകൊടുക്കില്ല   ഞാൻ…. “

ഐസക്കിനെ   നോക്കി   പുഞ്ചിരിയോടിരിക്കുമ്പോഴും   അവന്റെ   മനസ്   മന്ത്രിച്ചു.. ഈ  സമയം   റൂമിലെത്തി   ആൽവിന്റെ   ഫോണിലേക്ക്   വിളിക്കാൻ  ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു   ട്രീസ.    പക്ഷേ   ഒരുപാട്   ശ്രമിച്ചിട്ടും   കാൾ   കിട്ടാതെകൂടി   വന്നപ്പോൾ   സങ്കടവും   ടെൻഷനുമെല്ലാം   കൊണ്ട്   വല്ലാത്തൊരവസ്തയിലേക്കെത്തിയിരുന്നു   അവൾ.  ഒരു  നിമിഷമെന്ത്  ചെയ്യണമെന്നറിയാതെ   ബെഡിലേക്ക്  വീണവൾ  പൊട്ടിക്കരഞ്ഞു.  പെട്ടന്നാണ്   ബെഡിൽ   കിടന്ന്   ഫോൺ   ബെല്ലടിച്ചത്.  ആൽവിനായിരിക്കുമെന്ന്  കരുതി   അവൾ  ധൃതിയിലത്  കയ്യിലെടുത്തു.  പക്ഷേ  പ്രതീക്ഷകൾ  തെറ്റിച്ചുകൊണ്ട്  അല്ലിയുടെ  പേരായിരുന്നു   ഡിസ്പ്ലേയിൽ  തെളിഞ്ഞത്. 

”  അല്ലൂ….. “

കാൾ  അറ്റൻഡ്  ചെയ്തുകൊണ്ട്  വിളിക്കുമ്പോഴേക്കും   കരഞ്ഞുപോയിരുന്നു   അവൾ.   ചെവിയിലേക്ക്   തുളഞ്ഞുകയറിയ  അവളുടെ  ഏങ്ങലുകൾ   കേട്ട്  അല്ലിയുമൊരുനിമിഷം  പകച്ചുപോയിരുന്നു.

”  ട്രീസ….. ഡീ…. എന്താഡീ…. നീയെന്തിനാ   ഇങ്ങനെ  കരയുന്നത് ??? “

അങ്കലാപ്പോടെ   അവൾ   ചോദിച്ചു. 

”  എനിക്ക്   പേടിയാവുന്നെടി…. ഇന്നാ   ലോറൻസിന്റെ   മോൻ   വന്നിരുന്നു   എന്നെ   കാണാൻ…. അവരൊക്കെ   ഏതാണ്ടേല്ലാമുറപ്പിച്ചത്   പോലെയാ….. ഇച്ചായൻ….. ഇച്ചായനില്ലാതെ   ഞാൻ  ജീവിക്കില്ല….. “

പൊട്ടിക്കരഞ്ഞുകൊണ്ട്   അവൾ  പറഞ്ഞത്  കേട്ട്   അല്ലിയുമൊരു   നിമിഷമൊന്ന്  നിശബ്ദയായിപ്പോയി. 

”  കരയല്ലേഡീ   ഒന്നും   സംഭവിക്കില്ല…. നാളെയെന്തായാലും   കെട്ടൊന്നും  നടത്താൻ   പോണില്ലല്ലോ… നീയൊന്ന്  സമാധാനപ്പെട്.  “

അങ്ങനെ   പറഞ്ഞവളെ   ആശ്വസിപ്പിക്കുമ്പോഴും   എന്ത്   ചെയ്യുമെന്ന്   അല്ലിക്കുമറിയില്ലായിരുന്നു. 

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!