Skip to content

അഗ്നിസാക്ഷി – ഭാഗം 13

Agnisakshi Novel

”  ട്രീസയെവിടെ  ??  “

”  മുറിയിലുണ്ട്    തലവേദനയാ  ഒന്നും   വേണ്ടെന്ന്   പറഞ്ഞ്  കിടന്നു.  “

രാത്രി   അത്താഴം   കഴിക്കാനിരിക്കുമ്പോൾ   ഐസക്ക്‌     ചോദിച്ചതിന്   മറുപടിയായി  സാലി   പറഞ്ഞു.  

”  നീയെടുത്ത്   വെക്ക്   ഞാനവളെയൊന്ന്   നോക്കിയേച്ചും  വരാം.  “

പറഞ്ഞിട്ട്  ഐസക്ക്  എണീറ്റ്   മുകളിലേക്ക്  പോയി. 

”  ഇങ്ങനൊരപ്പനും   മോളും…. “

അയാൾ   പോകുന്നത്   നോക്കിയിരുന്ന്   പിറുപിറുത്തുകൊണ്ട്   വിളമ്പാൻ   തുടങ്ങി  സാലി.  ഐസക്ക്   മുകളിലെത്തുമ്പോൾ   ബെഡിൽ  ചാരിയിരിക്കുകയായിരുന്നു      ട്രീസ.  കണ്ണും   മുഖവുമൊക്കെ   കരഞ്ഞ്   വീർത്തിരുന്നു.  അകത്തേക്ക്   കയറിച്ചെന്ന   ഐസക്കിനെ  കണ്ടതും   അവൾ   മുഖമുയർത്തിയൊന്ന്   നോക്കിയിട്ട്   വീണ്ടുമതേ   ഇരുപ്പ്   തുടർന്നു. 

”  മോളേ….. “

”  എന്താ   പപ്പാ….. “

അരികിലേക്ക്   വന്നിരുന്ന്   വിളിച്ച  ഐസക്കിനെ   നോക്കാതെ   തന്നെ   അവൾ   വിളികേട്ടു. 

”  നീയെന്താ   ഒന്നും   കഴിക്കുന്നില്ലേ ???  “

അവളുടെ   തലയിലൂടെ   പതിയെ   തലോടിക്കൊണ്ട്‌   വാത്സല്യത്തോടെ   അയാൾ    ചോദിച്ചു.

”  എനിക്കൊന്നും   വേണ്ട   പപ്പാ….. വിശപ്പില്ല….. “

”  എന്നാപറ്റി   പനിയൊ  മറ്റോ   ഉണ്ടോ  ??”

”  ഇല്ല   പപ്പാ….. ചെറിയൊരു   തലവേദന   പോലെ….. “

”  മ്മ്മ്…… എന്നാ  കുറച്ചുനേരം  കിടന്നോ…. പിന്നെണീറ്റ്    എന്തേലും   കഴിച്ചാൽ  മതി.  “

പറഞ്ഞിട്ട്   ഐസക്ക്   എണീറ്റ്   പുറത്തേക്ക്   നടന്നു. 

”  ഇല്ല…ഇനിയുമിങ്ങനെ   മറച്ചുവച്ചിട്ട്   കാര്യമില്ല…..എല്ലാം   പപ്പയോട്   തുറന്നുപറയണം…… “

മനസ്സിൽ   ഓർത്തുകൊണ്ട്   ട്രീസ   പെട്ടന്ന്   ഐസക്കിന്റടുത്തേക്ക്   ഓടിച്ചെന്ന്   അയാളുടെ   കയ്യിൽ   പിടിച്ചു. 

”  പപ്പാ…. “

”  എന്താടാ  ??? “

”   എനിക്ക്….. എനിക്കീ   കല്യാണം   വേണ്ട   പപ്പാ….. “

ട്രീസയത്   പറഞ്ഞതും   അതുവരെ   സ്നേഹവും   വാത്സല്യവും  നിറഞ്ഞിരുന്ന   ഐസക്കിന്റെ   മുഖം  ചുളിഞ്ഞു.  കണ്ണുകൾ   കുറുകി. 

”  കാരണം ???  “

രൂക്ഷമായി   തന്നെ   അയാൾ   ചോദിച്ചു. 

”  എനിക്ക്…. ആൽവിച്ചായനെ   ഇഷ്ടാ…..ഇച്ചായനെ   അല്ലാതൊരാളെ   എനിക്ക്….. “

”  മതി   ട്രീസാ….. നീയാരോടാ   സംസാരിക്കുന്നതെന്ന   ഓർമ   നിനക്ക്   വേണം….. എന്റെ   ശത്രുവിനോട്‌   പ്രേമമാണെന്ന്   എന്റെ   മുഖത്ത്   നോക്കി   പറയാൻ   നിനക്കെങ്ങനെ   ധൈര്യമുണ്ടായി ???  “

അവളെ   ഞെട്ടിച്ചുകൊണ്ട്   അലറുകയായിരുന്നു   അയാൾ.  ഐസക്കിന്റെ   ഒച്ച   കേട്ടുകൊണ്ടാണ്   സാലി   അങ്ങോട്ട്  കേറി  വന്നത്. 

”  എന്നതാ  ഇച്ചായാ….. എന്നാത്തിനാ   ഇങ്ങനെ   ഒച്ച   വെക്കുന്നെ ???  “

”  കേട്ടില്ലെടി   നിന്റെ   പുന്നാര   മോള്   പറഞ്ഞത്…..അവൾക്കാ   ചെകുത്താനോട്   പ്രേമമാണെന്ന്…. ഞാനിവളെപ്പിടിച്ചവന്റെ   കയ്യിലേക്ക്   കൊടുക്കണമെന്ന്……”

കലിയോടെ   ഐസക്ക്   പറഞ്ഞത്  കേട്ട്   സാലിയും  ഞെട്ടി.  അവരമ്പരന്ന്   അയാളെയും  ട്രീസയേയും  മാറിമാറി   നോക്കി. 

”  പപ്പയെന്തൊക്കെ   പറഞ്ഞാലും   ഇച്ചായന്റെ   മുന്നിലല്ലാതെ  വേറൊരാണിന്   ഞാനെന്റെ   കഴുത്ത്‌   നീട്ടിക്കൊടുക്കില്ല.  പ്രത്യേകിച്ച്   പപ്പേടെയാ   കൂട്ടുകാരന്റെ   വൃത്തികെട്ട   മകന്   മുന്നിൽ…. “

കരഞ്ഞുകൊണ്ട്   ട്രീസയത്   പറഞ്ഞതും  ഐസക്കിന്റെ   കയ്യവളുടെ   മുഖത്ത്   പതിഞ്ഞിരുന്നു. 

”  ഞാൻ   ജീവിച്ചിരിക്കുമ്പോൾ   എന്റെ   മകളവനെപ്പോലൊരുത്തനൊപ്പം  ജീവിക്കില്ല.  അനുവദിക്കില്ലീ   ഐസക്ക്…..  ഞാൻ   തീരുമാനിച്ച   സ്റ്റെഫിനുമായുള്ള   നിന്റെ   വിവാഹം   തന്നെ   നടക്കും.  നടത്തിയിരിക്കും   ഞാൻ….. അതല്ലാതെ   വല്ല   മോഹവുമുണ്ടെങ്കിൽ    എന്റെ    മോളതങ്ങ്   മറന്നേക്ക്….. “

പറഞ്ഞിട്ട്   ദേഷ്യത്തോടെ  അയാൾ   താഴേക്ക്   പോയി.  മകളെയൊന്ന്   നോക്കിയിട്ട്   സാലിയും   അയാൾക്ക്   പിന്നാലെ   പോയി.  അവർ   പോയതും   പൊട്ടിക്കരഞ്ഞുകൊണ്ട്   ട്രീസ   വീണ്ടും   കിടക്കയിലേക്ക്   വീണു. 

                 

ഓഫിസിലേ   മണിക്കൂറുകൾ  നീണ്ട  ഏതോ   മീറ്റിംഗ്   കഴിഞ്ഞ്   പുറത്തേക്കിറങ്ങിയ   ആൽവി   കോട്ടിന്റെ   പോക്കറ്റിൽ   സൈലന്റ്   ആക്കിയിട്ടിരുന്ന   ഫോൺ   കയ്യിലെടുക്കുമ്പോൾ    അതപ്പോഴും   റിങ്  ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.  ഡിസ്പ്ലേയിൽ   തെളിഞ്ഞ   പേരിനൊപ്പം   കണ്ട   അല്ലിയുടെ    ചിരിക്കുന്ന   മുഖം   കണ്ടതും   ഒരു   നേർത്ത  പുഞ്ചിരിയോടെ   അവൻ   കോളെടുത്തു. 

”  ഇതെവിടെപ്പോയികിടക്കുവാരുന്നു   ഇച്ചായാ ????  “

കാൾ   അറ്റൻഡ്   ചെയ്തതും   ദേഷ്യവും  വെപ്രാളവുമൊക്ക   നിറഞ്ഞ   അല്ലിയുടെ   സ്വരം   അവന്റെ  കാതിൽ   വന്നലച്ചു.  പെട്ടന്ന്   അവന്റെ   മുഖത്തേ   പുഞ്ചിരി   മാഞ്ഞു.

”  എന്നതാഡീ  കുരുപ്പേ….. നീ   വിളിക്കുമെന്നും   പറഞ്ഞ്   എപ്പോഴും   ഫോണും   നോക്കിയിരുപ്പാണോ   ഞാൻ  ????  “

അവൻ   ചോദിച്ചു. 

”  ദേ   ഇച്ചായാ   എനിക്ക്   ദേഷ്യം   വരുന്നുണ്ട്…. വിളിച്ചത്   ഞാനല്ല   ട്രീസയാ…. “

”  ഏഹ്   അവക്കിപ്പോ   എന്നാപറ്റി  ??? “

ട്രീസയുടെ   പേര്   കേട്ടതും   ഗൗരവത്തോടെ   ആൽവി   ചോദിച്ചു. 

”  ആഹ്   ഇച്ചായനൊന്നുമറിയണ്ടല്ലോ….. ആ   ലോറൻസും   മോനും   കൂടി   ഇന്നവളെ   പെണ്ണ്   കാണാൻ   ചെന്നിരുന്നെന്ന്…. കെട്ടുടനെ   നടത്തണമെന്ന   തീരുമാനത്തിലാണെന്ന്   അവരെല്ലാം.  അവളാണെങ്കിൽ   കരച്ചിലും   പിഴിച്ചിലുമാ…. ഒന്ന്   വിളിക്കുവെങ്കിലും    ചെയ്യിച്ചായാ  അവളെ…. ഇപ്പൊ   ഇച്ചായനൊരു   കോളിലൂടെങ്കിലും   കൂടെയുണ്ടെന്ന്   തോന്നിയാൽ    അതവൾക്ക്   വലിയൊരാശ്വാസമാണ്.  “

അല്ലി   പറഞ്ഞതൊക്കെ   മൗനമായി   നിന്ന്    കേട്ട്   ഒടുവിലൊരു   മൂളൽ   മാത്രം   മറുപടി  നൽകി   ഫോൺ   കട്ട്   ചെയ്യുമ്പോൾ   അവന്റെ   മനസ്   മുഴുവൻ   അവളായിരുന്നു.  ട്രീസയെന്ന  പൊട്ടിപ്പെണ്ണ്. 

               

”  മോളേ  ഇതെന്തൊരു   കിടപ്പാ  ഇങ്ങനെ   പട്ടിണികിടന്നുകരഞ്ഞാൽ   വല്ല   അസുഖവും  വരും.  വന്നെന്തെങ്കിലുമൊന്ന്   കഴിക്ക്….. “

ബെഡിൽ   കമിഴ്ന്നുകിടക്കുകയായിരുന്ന   ട്രീസയുടെ  അരികിൽ    വന്നിരുന്നാ   മുടിയിൽ   തലോടിക്കൊണ്ട്‌  സാലി   പറഞ്ഞു.  അപ്പോഴും   അവളുടെ   കണ്ണുകൾ   പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു.   മുഖവും   ചുണ്ടുകളുമൊക്ക   കരിവാളിച്ച്   മുടിയിഴകൾ   പാറിപ്പറന്ന്   കരഞ്ഞുനിലിച്ച   കണ്ണുകളും   കവിൾത്തടങ്ങളുമായുള്ള   അവളുടെയാ   കിടപ്പ്   സഹിക്കാൻ   കഴിയുന്നതിലുമപ്പുറമായിരുന്നു  ആ   അമ്മയ്ക്ക്.  അതിന്റെ   വേദനയവരുടെ   നോക്കിലും   വാക്കിലും   പ്രകടവുമായിരുന്നു. 

”  മോളേ….. “

താൻ   പറഞ്ഞതൊന്നും   ശ്രദ്ധിക്കാതെ   അവളതേകിടപ്പ്    തുടർന്നപ്പോൾ   സാലി   വീണ്ടും   വിളിച്ചു. 

”  എനിക്ക്…. എനിക്കൊന്നും   വേണ്ടമ്മേ…. പപ്പയോടൊന്ന്   പറയമ്മേ….ഇച്ചായനെ   മറക്കണമെങ്കിൽ   നിങ്ങൾക്ക്    വേണ്ടി   ഞാനതും   ചെയ്തോളാം…. എന്നാലും   ആ   സ്റ്റെഫിനുമായുള്ള   കെട്ട്   നടത്തല്ലേന്ന്   ഒന്ന്   പറയമ്മേ….. “

സാലിയുടെ   മടിയിലേക്ക്   കയറിക്കിടന്നവരുടെ   അരക്കെട്ടിൽ   ചുറ്റിപ്പിടിച്ച്   പൊട്ടിക്കരഞ്ഞുകൊണ്ട്   ട്രീസ   പറഞ്ഞു.  അവളുടെയാ   കണ്ണീര്   കണ്ട്   അവരുടെ   നെഞ്ചും   വിങ്ങുകയായിരുന്നു   അപ്പോൾ. 

”  നീയെന്താ   മോളെ   വിചാരിച്ചത്   ഞാൻ   നിന്റെ   ഇഷ്ടത്തിനെതിരാണെന്നോ  ???  ലോറൻസിന്റെ   മോനേപ്പോലൊരുത്തന്   എന്റെ   മോളെ   പിടിച്ചുകൊടുക്കുന്നതിൽ   എനിക്കും   സന്തോഷമാണെന്നാണോ ???  എന്നാലങ്ങനെയല്ല   മോളെ…… നീ   ആരാമത്ത്   ചെന്ന്   കയറുന്നത്   തന്നെയാണ്   എന്റെയും   സന്തോഷം  പക്ഷേ ….. അമ്മക്ക്…… അമ്മക്കൊന്നും   ചെയ്യാനില്ല   മോളേ….. നിന്റെ   പപ്പേ   ധിക്കരിക്കാനുള്ള   ധൈര്യമൊന്നും   എനിക്കില്ല.  അല്ലെങ്കിൽ   തന്നെ   പപ്പേ   ധിക്കരിച്ച്   കയറിച്ചെല്ലുമ്പോൾ   സ്വീകരിക്കാൻ   എനിക്കാരാ   ഉള്ളേ…. എന്നെ   വളർത്തിയ  ആ   അനാഥാലയത്തിലേക്ക്   തന്നെയുള്ളൂ   ഇന്നും   പോകാൻ.  പക്ഷേ   ഇനിയും   അവർക്കൊരു   ഭാരമാകാൻ   വയ്യ   മോളെ…. “

”  അമ്മേ….. “

കണ്ണീരോടെ   സാലി   പറഞ്ഞതും   ട്രീസയവരെ   കെട്ടിപ്പുണർന്നു. 

”  അമ്മക്ക്…..അമ്മക്കിച്ചായനെ   ഇഷ്ടമാണോ ???  “

കുറേ   സമയത്തേ   ഇരുവരുടേയും   കണ്ണീര്   പെയ്തുതോർന്ന   ശേഷം   ട്രീസ   പതിയെ   ചോദിച്ചു..  അവളുടെയാ   ചോദ്യം   കേട്ട്   സാലിയൊന്ന്   പുഞ്ചിരിച്ചു. 

”  ഇഷ്ടമാണോന്നോ   എന്റെ   എൽസേടെ   മോൻ   എന്റേം   മോനല്ലേഡീ….. ആ   അവനെ   എനിക്ക്   പിന്നിഷ്ടമല്ലാതെ   വരുമോ ???  “

പുഞ്ചിരിയോടെ   സാലി   പറഞ്ഞത്   കേട്ട്   ട്രീസയൊന്നമ്പരന്നു.  സാലിയും   എൽസയും  തമ്മിലത്ര   ആഴത്തിലുള്ള   എന്തെങ്കിലും   ബന്ധമുണ്ടെന്ന്   അതുവരെ   അവൾ   കരുതിയിരുന്നതേയില്ലല്ലോ. 

”   മോൾക്കറിയോ   ഞാനും   അവളും   ഒരേ   സ്കൂളിലും   കോളേജിലും   പഠിച്ചതാണ്.  പത്ത്കൊല്ലം   രണ്ടുടലും   ഒരുയിരുമായി   കഴിഞ്ഞവർ.  പഠിക്കാൻ   മിടുക്കിയായിരുന്നത്   കൊണ്ട്   അനാഥാലയത്തിലെ  മദറിന്റെ   കെയറോഫിൽ  എനിക്കും   എൽസി   പഠിച്ച  സ്കൂളിലും   തുടർന്ന്  കോളേജിലും  അഡ്മിഷൻ   റെഡിയാക്കിയത്.  അധികം   കൂട്ടുകാരൊന്നുമില്ലാതിരുന്ന   എന്റെ   ചുരുക്കം   ചില  കൂട്ടുകാരിൽ   മുൻപന്തിയിലുള്ളവളായിരുന്നു   എൽസ.  എന്തോ   ഒരമ്മയുടെ    വയറ്റിൽ   പിറന്ന   കൂടപ്പിറപ്പുകളേക്കാൾ   സ്നേഹമായിരുന്നു   ഞങ്ങൾ   തമ്മിൽ.  അങ്ങനെ   പ്രീഡിഗ്രി   കഴിഞ്ഞസമയത്തായിരുന്നു   ആരാമത്ത്   അലക്സുമായി   അവളുടെ   വിവാഹമുറപ്പിച്ചത്.  ആ   വിവാഹം   നടക്കുന്ന  സമയമൊന്നും  ആരാമത്ത്   അലക്സിന്റെ   ശത്രുവായിരുന്നില്ല   നിന്റെ   പപ്പ. ഈ   കാണുന്ന   സൗഭാഗ്യങ്ങളുമുണ്ടായിരുന്നുമില്ല.  ആരാമത്തെ   കൺസ്ട്രക്ഷൻ   കമ്പനിയിലെ   വെറുമൊരു   സൂപ്പർവൈസർ.  പക്ഷേ   അലക്സിന്റെ   അപ്പൻ   ജോസഫിന്   മകനൊപ്പം   തന്നെ    പ്രീയപ്പെട്ടവൻ.  ആ   വീടിനുള്ളിൽ   ഏത്   പാതിരാത്രിയും   നിന്റപ്പന്   സ്വാതന്ത്ര്യമുണ്ടായിരുന്നു.  ആ   സമയത്ത്   പലപ്പോഴും   എൽസയെ  കാണാൻ   ആ   വീട്ടിൽ   ചെന്നിരുന്ന  ഞാനും  നിന്റെ   പപ്പയുമടുത്തത്    വളരേ  പെട്ടന്നായിരുന്നു.  പറയത്തക്ക   ബന്ധുക്കളൊന്നും   രണ്ട്   പേർക്കുമില്ലാതിരുന്നത്   കൊണ്ട്   അലക്സിച്ചായനും   ജോസപ്പച്ചനും   കൂടിത്തന്നെ   ഞങ്ങടെ  കെട്ടും   നടത്തിത്തന്നു.  പിന്നെയും  നാളുകൾ   കടന്നുപോകവേ   കമ്പനിയിലെന്തൊക്കെയോ  ക്രമക്കേടുകളുണ്ടെന്ന്   സംശയം   തോന്നിയ   അലക്സ്‌   ഇച്ചായന്റെ   അന്വേഷണത്തിൽ   അതിന്   പിന്നിൽ   നിന്റെ   പപ്പയാണെന്ന്   തെളിഞ്ഞു.  വർഷങ്ങളായി   കമ്പനിയിൽ   ചതി   കാണിക്കുകയായിരുന്നു   എന്ന്   ബോധ്യപ്പെട്ടപ്പോൾ   രണ്ടാമതൊന്നാലോചിക്കാതെ  അവർ   നിന്റെ   പപ്പയെ   പുറത്താക്കി.  അതിന്റെ   പകയോടെ   നടന്നിരുന്ന   ഇച്ചായൻ   ചെന്നുപെട്ടത്   അന്നും  ഇന്നും   ആരാമത്തുകാരുടെ   ബദ്ധശത്രുവായ  ലോറൻസിന്റെ   പിടിയിലായിരുന്നു.  അവരൊരുമിച്ച്   നിന്ന്   നേരും   നെറിയുമില്ലാത്ത   ഒരുപാട്   ബിസ്നെസ്സുകൾ   നടത്തി.   ഇച്ചായൻ  ഇന്ന്   കാണുന്ന   ഐസക്കായി   വളർന്നു.  പക്ഷേ   അപ്പോഴും    ഞാനും  ആ  കുടുംബവുമായുള്ള  ബന്ധം   തുടർന്നിരുന്നു.   പക്ഷേ   പിന്നീട്  നന്ദികെട്ട   നിന്റെ   പപ്പ   ചെയ്ത    ഒരിക്കലും   ചെയ്യാൻ   പാടില്ലാത്ത   ക്രൂരതയോടെ  ആ   ബന്ധവുമില്ലാതെയായി. 

എൽസ   ആൽവിയെ  നിറവയറുമായി   ഇരിക്കുന്ന   സമയത്തായിരുന്നു  ആ   സംഭവം   നടക്കുന്നത്.  എസ്റ്റേറ്റിലോട്ട്   പോയ   അലക്സ്‌  ഇച്ചായനും  ജോസപ്പച്ചനും  കയറിയ   കാറ്   നിന്റപ്പനും  ആ  ലോറൻസും   കൂടി   കൊല്ലിയിലേക്കിടിച്ച്   തെറിപ്പിച്ചു.  ആ   അപകടത്തിൽ   ജോസപ്പച്ഛനെ   നഷ്ടമായി.  ഗുരുതരപരുക്കോടെ   അലക്സ്‌   ഇച്ചായൻ   രക്ഷപെട്ടു.  പക്ഷേ    ആ   അപകടവിവരമറിഞ്ഞ്   പുറത്തേക്കിറങ്ങിയോടിയ   പ്രസവത്തിന്   ദിവസങ്ങൾ   മാത്രം   ബാക്കിയുണ്ടായിരുന്നുള്ള   എൽസ   വയറിടിച്ച്   മുറ്റത്തേക്ക്   തെറിച്ചു   വീണു.  കുഞ്ഞിനെയോ   അമ്മയെയോ   എന്ന   അവസ്ഥയിൽ   നിന്ന്   ഈശ്വരാധീനം   കൊണ്ട്   ഒരു   പോറൽ   പോലുമില്ലാതെ   ആൽവിക്കവൾ    ജന്മം   നൽകി.  പക്ഷേ   വീഴ്ചയുടെ   ആഘാതത്തിൽ   കോമയിലായ   എൽസയുടെ   ബോധം   തിരികെകിട്ടാൻ  ഏകദേശം   ഒരു   വർഷമെടുത്തു.  ഏഴുകൊല്ലം   കഠിനതടവ്   വിധിക്കപ്പെട്ട   നിന്റെ   പപ്പ   ജയിലിലുമായി.  ആ   ദിവസത്തിന്   ശേഷം   പിന്നിന്നീ   നിമിഷം   വരെ   എന്റെ   എൽസയുടെ   മുന്നിൽ   ചെന്നുനിൽക്കാനുള്ള   ധൈര്യമെനിക്ക്   കിട്ടിയിട്ടില്ല.  “

പറഞ്ഞവസാനിപ്പിക്കുമ്പോൾ   കരഞ്ഞുപോയിരുന്നു   സാലി.  ഒരിക്കലും   പ്രതീക്ഷിക്കാത്ത   കഥകളവരിൽ   നിന്നുമറിഞ്ഞ  ട്രീസയുടെ   മിഴികളും   നനഞ്ഞിരുന്നു.

             

വൈകുന്നേരം   ശിവ  വരുമ്പോൾ   പതിവ്  പോലെ  അല്ലിയെ  പുറത്തെങ്ങും   കാണാനുണ്ടായിരുന്നില്ല.  പ്രിയയും   ദീപക്കും  ദീപ്തിയുമെല്ലാം   പൂമുഖത്ത്   തന്നെയുണ്ടായിരുന്നു.   ഒപ്പം   പതിവ്   പോലെ   അല്ലിയെ   കാണാഞ്ഞത്   കൊണ്ടുതന്നെ   അവരോടെന്തോ   ഒന്ന്   സംസാരിച്ച്   അവൻ   പെട്ടന്ന്   മുകളിലേക്ക്   നടന്നു. 

അവൻ   മുകളിലെത്തുമ്പോൾ   തന്നെ    കേട്ടു   തങ്ങളുടെ   മുറിയിൽ   നിന്നും  മായയുടേയും  കൃഷ്ണയുടെയും   സംസാരം.  ഇതിപ്പോ   എന്താ   പതിവില്ലാതെ   രണ്ടാളും  ഇവിടെ   എന്നാലോചിച്ച്   അവൻ   പെട്ടന്ന്   അകത്തേക്ക്   കയറി.  അവിടെ   കഴുത്തൊപ്പം   പുതച്ചുമൂടി   ബെഡിൽ   ചാരിയിരിക്കുകയായിരുന്ന   കൃഷ്ണയുടെ   മടിയിൽ   തലവച്ച്   കിടക്കുകയായിരുന്നു   അല്ലി.  നെറ്റിയിലൊരു   തുണി   നനച്ച്   വച്ചിരുന്നു.  മുഖമൊക്കെ   വീർത്ത്   കരുവാളിച്ചിരുന്നു.   മായയാണെങ്കിൽ    അരികിലിരുന്ന്   അവളുടെ   കാൽവെള്ളകളും   കൈപത്തികളും   മാറിമാറി   ഉഴിഞ്ഞുകൊണ്ടുക്കുന്നുമുണ്ടായിരുന്നു.

”  ഏഹ്   എന്തുപറ്റിയമ്മേ ….. “

ബെഡിനരികിലേക്ക്   വന്നുനിന്ന്   ചോദിച്ച   ശിവയെ   കണ്ടതും   കൃഷ്ണ  കണ്ണുരുട്ടിയവനെ   നോക്കി. 

”  അതുശരി   ഇന്നലെ   മുതൽ   ഇതിന്   പനിയായിരുന്നു.  രാത്രി   കൂടെക്കിടന്നുറങ്ങിയിട്ടും   നീയതറിഞ്ഞില്ലേ  ???  “

കൃഷ്ണ   ചോദിച്ചത്  കേട്ട്   അവൻ   വായതുറന്നല്ലിയെ   നോക്കി.  അവളാണെങ്കിൽ   തളർന്നതെങ്കിലും   ഒരു  പുഞ്ചിരിയോടെ   അവനെ   നോക്കി   കിടക്കുകയായിരുന്നു.  അപ്പോഴാണ്   ഇന്നലെ   ഓഫീസിൽ   നിന്നും   താൻ   വരാൻ   വൈകിയതും  വരുമ്പോഴേക്കും   പതിവിന്   വിപരീതമായി   അവളുറക്കമായിരുന്നതുമൊക്കെ   അവന്റെ   ചിന്തയിലേക്ക്   വന്നത്. 

”  അതുപിന്നമ്മേ   ഞാനിന്നലെ   ഇച്ചിരി   വൈകിയാ  വന്നത്.   അപ്പോഴേക്കും   ഇവളുറങ്ങിപ്പോയിരുന്നു.  പിന്നെ   വിളിക്കേണ്ടെന്ന്   വിചാരിച്ച്   ഫ്രഷായി   ഞാനും   കിടന്നു.  ആഹാരം  പോലും   കഴിച്ചില്ല.  ഇന്നും  ഓഫീസിലെ   ടെൻഷനിൽ   ഞാൻ   പോകാനിറങ്ങുമ്പോഴും   ഇവൾ   ഉറക്കത്തിൽ   തന്നെയായിരുന്നു….. “

”  എടാ   മെനകെട്ടവനെ  നീ  കഴിക്കാൻ   താഴെ  വന്നപ്പോൾ   ഞാൻ   നിന്നോട്   ചോദിച്ചതല്ലേ   മോൾക്കിപ്പോ   എങ്ങനെയുണ്ടെന്ന് ????  “

കൃഷ്ണ   ചോദിച്ചപ്പോഴാണ്   ശിവ   അതും   ഓർത്തത്.  രാവിലത്തെ   ടെൻഷന്റെ   ഇടയിൽ   അമ്മ   ചോദിച്ചത്  ശരിക്ക്   ശ്രദ്ധിച്ചില്ല   എന്ന്   പറയുന്നതാവും  ശരി.  ഓർത്തുകൊണ്ട്   ഒരിളിഞ്ഞ   ചിരിയോടെ   അവൻ   ബെഡിലേക്കിരുന്നു. 

”  ഏതായാലും   ഇപ്പൊ   നീയറിഞ്ഞല്ലോ   ഇനി   ദാ   ഇവിടിരുന്നെന്റെ   കൊച്ചിനെ   നോക്ക്   ഞാൻ   പോയി   ചായ   എടുത്തോണ്ട്  വരാം….. വാ  മായെ…. “

അല്ലിയെ   ബെഡിൽ   നേരെ  കിടത്തി  പറഞ്ഞിട്ട്   മായേം   കൂട്ടി   കൃഷ്ണ   താഴേക്ക്   നടന്നു. 

”  തണുക്കുന്നു  ശിവേട്ടാ….. “

അവർ   പോയതും  ബെഡിലേക്ക്   നേരെയിരുന്ന   ശിവയുടെ  നെഞ്ചിലേക്ക്  ഒട്ടിചേർന്നുകൊണ്ട്   അല്ലി   ചിണുങ്ങി.

”  അവളുടെ  ദേഹത്ത്  നിന്നും  വന്ന   ചൂട്   തന്നിലേക്കും   പടരുന്നതറിഞ്ഞൊരു   വെപ്രാളം   തോന്നിയെങ്കിലും  അത്   പുറത്തുകാണിക്കാതെ   അവനവളെ   തന്നിലേക്ക്    ചേർത്ത്   പിടിച്ചു. 

”  എണീറ്റ്   റെഡിയാവ്   നമുക്ക്   ഹോസ്പിറ്റലിൽ   പോകാം….. “

”  വേണ്ട   ശിവേട്ടാ  ഇത്   മാറിക്കോളും…. “

”  പറയുന്നത്   കേൾക്കല്ലൂ….. നല്ല   പനിയുണ്ട്   വച്ചോണ്ടിരിക്കണ്ട   നമുക്ക്   ഹോസ്പിറ്റലിൽ   പോകാം…. “

”  കുറച്ചുടെ   നോക്കാം   ശിവേട്ടാ  ഞാൻ   ഗുളിക   കഴിച്ചതാ….. പ്ലീസ്   എനിക്കിപ്പോ   വയ്യാഞ്ഞല്ലേ…. “

കൊച്ചുകുഞ്ഞുങ്ങളെപ്പോലെ   ചിണുങ്ങി   അവന്റെ   ഷർട്ടിന്റെ   ബട്ടനഴിച്ച്   നഗ്നമായ  കഴുത്തിൽ   മുഖം   ചേർത്തുകൊണ്ട്   അവൾ   പറഞ്ഞു.  പിന്നെ   ശിവയും  ഒന്നും   മിണ്ടാതവളെ   ചേർത്തുപിടിച്ച്   നെറുകയിൽ   ചുംബിച്ചു.  കുറച്ചുകഴിഞ്ഞപ്പോ   ശിവക്കുള്ള   ചായയുമായി   മായ   മുകളിലേക്ക്   വരുമ്പോഴും  അല്ലിയതേ   ഇരുപ്പ്   തന്നെയായിരുന്നു.  ശിവയാണെങ്കിൽ   പതിയെ   അവളുടെ   കൈകൾ   ഉഴിഞ്ഞുകൊണ്ടുമിരുന്നു. 

”  ആഹ്   നീയി   കാന്താരിടെ   താളത്തിന്   തുള്ളിക്കോണ്ടിരുന്നോ….. നേരം   വെളുത്തീ   നേരം   വരെയും   ഒരു  വക   കഴിച്ചിട്ടില്ല   കുരുത്തംകെട്ടത്.   പിന്നെങ്ങനെ    അസുഖം   മാറും….. “

ചായ   ശിവയുടെ   കയ്യിലേക്ക്   കൊടുത്ത്   അല്ലിയുടെ   നെറ്റിയിൽ   തൊട്ടുനോക്കിക്കൊണ്ട്‌   മായ   പറഞ്ഞത്   കേട്ടതും   ശിവ   കുനിഞ്ഞ്   അവളെ   നോക്കി.  പക്ഷേ   കുഞ്ഞിപ്പിള്ളേരെപ്പോലെ   കണ്ണുകളിറുക്കിയടച്ചിരിക്കുവായിരുന്നു    അവൾ. 

”   പഠിച്ച   പണി   പതിനെട്ടും   നോക്കിയിട്ടും   ഒരുവക   കഴിപ്പിക്കാൻ   ഞങ്ങളെക്കൊണ്ട്‌   പറ്റില്ല.  ഇനി   നീ   തന്നെ   എന്തെങ്കിലും   ചെയ്യ്.   ഞാൻ   ഇത്തിരി   കഞ്ഞിയെടുത്ത്   വെക്കാം…… “

”  ചെറിയമ്മ   ചെന്നെടുത്ത്   വെക്ക്    ഞാനൊന്ന്   കുളിച്ചിട്ട്   വരാം….. “

പറഞ്ഞിട്ടവളെ   നേരെയിരുത്തിയിട്ട്   അവൻ   ബാത്‌റൂമിലേക്ക്  പോയി.  ചുണ്ട്   കൂർപ്പിച്ച്   നോക്കിയിരിക്കുന്ന   അല്ലിയെ   നോക്കിയൊന്ന്   കണ്ണുരുട്ടിയിട്ട്   മായ   താഴേക്കും   പോയി.   കുറച്ചുസമയത്തിനുള്ളിൽ    കുളിയൊക്കെ   കഴിഞ്ഞ്   ശിവ   പുറത്തേക്ക്    വരുമ്പോഴേക്കും   മായ   കഞ്ഞി   റെഡിയാക്കി   മുറിയിൽ   കൊണ്ട്   വച്ചിട്ടുപോയിരുന്നു. 

”  എനിക്ക്   വിശപ്പില്ല   ശിവേട്ടാ   വായൊക്കെ   ഭയങ്കര   കൈപ്പാ….”

വേഷമൊക്കെ   മാറ്റി   കഞ്ഞിയുമെടുത്ത്   തന്റെ   നേർക്ക്   വന്നവനെ   നോക്കി   അല്ലി   കെഞ്ചിപ്പറഞ്ഞു. 

”  എന്നാപ്പിന്നെ   നമുക്കൊരു   കാര്യം   ചെയ്യാം  ഹോസ്പിറ്റലിൽ   പോകാം…. അവിടെപ്പോയൊരു   ഇൻജെക്ഷനെടുക്കുമ്പോ   പനി   പമ്പ   കടക്കും.  “

”  യ്യോ   അതൊട്ടും   വേണ്ട….എനിക്ക്   പേടിയാ   ശിവേട്ടാ….. “

”  ആഹ്   എന്നാപ്പിന്നെ   മര്യാദക്കിത്   കഴിച്ചൊരു   ഗുളികയും  കഴിക്കാൻ   നോക്ക്…. “

പറഞ്ഞുകൊണ്ട്   അവനവളുടെ   അരികിലേക്ക്   വന്നിരുന്നു. ചുട്ടരച്ച   ചമ്മന്തിയും   അച്ചാറും   കലർത്തിയ   കഞ്ഞിയവൻ   തന്നെ   സ്പൂണിലവളുടെ   വായിലേക്ക്   വച്ചുകൊടുത്തു.  കഴിക്കാൻ   വയ്യെങ്കിലും   ഹോസ്പിറ്റലിൽ   പോകേണ്ടിവന്നാലൊന്ന്   കരുതി   മാത്രം    കഴിക്കുന്നവളെ   നോക്കിയിരുന്ന്   കഞ്ഞി   കോരിക്കൊടുക്കുമ്പോഴും   അവന്റെ   അധരങ്ങളിലൊരു   പുഞ്ചിരി   തത്തിക്കളിച്ചിരുന്നു.  കഞ്ഞി  കുടിയൊക്കെ   കഴിഞ്ഞ്   കൃഷ്ണ   കൊണ്ടുകൊടുത്ത   ഗുളികയും   കഴിച്ച്   ശിവയുടെ   നെഞ്ചിൽ   തല   വച്ച്   കിടക്കുമ്പോൾ   മുൻപത്തേതിലും   ഉണർവ്   തോന്നിയിരുന്നു   അല്ലിക്ക്.  അപ്പോഴും   തന്നേ   അടക്കിപ്പിടിച്ചുകൊണ്ട്      കിടക്കുന്ന   അവനെ   നോക്കി   കിടകുമ്പോൾ   എന്തോ   വല്ലാത്തൊരു   സ്നേഹം   തോന്നിയവൾക്ക്.  

”  കിടന്നൂറ്റാതെ   ഉറങ്ങെടി   ചെമ്പല്ലി….. “

ഇടയ്ക്കെപ്പോഴോ  നോട്ടമവളിലേക്ക്   പാളി  വീണപ്പോൾ   തന്നേത്തന്നെ   നോക്കി   പുഞ്ചിരിയോടെ   കിടക്കുന്നവളെ   കണ്ട്   ശിവ   പറഞ്ഞു.  അല്ലി   പക്ഷേ  അത്   ശ്രദ്ധിക്കാതെ   അവന്റെ   നെഞ്ചിലൂടുയർന്ന്   അവന്റെ   നെറ്റിയിൽ   അമർത്തി   ചുംബിച്ചു.  അതേസമയം   തന്നെ   അവളുടെ   കഴുത്തിൽ   കിടന്നിരുന്ന   താലിമാലയവന്റെ   അധരങ്ങളിലും   മുത്തമിട്ടിരുന്നു. 

തുടരും……

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!