Skip to content

അഗ്നിസാക്ഷി – ഭാഗം 3

Agnisakshi Novel

” അതുപിന്നെ   അച്ഛാ  എനിക്കൊരു  പെൺകുട്ടിയെ  ഇഷ്ടമായിരുന്നു.  ഇന്നലെ  മറ്റൊരാളുമായി  അവളുടെ  വിവാഹം  നടക്കുമെന്നായപ്പോൾ   ഞാനവളെ  രജിസ്റ്റർ  മാര്യേജ്  ചെയ്തു….”

അവൻ  പറഞ്ഞതൊക്കെ  കേട്ടതും  എല്ലാവരും  ഞെട്ടിത്തരിച്ചുപോയി.  കൃഷ്ണയും  മായയും  മഹേശ്വരിയുമൊരുപോലെ  നെഞ്ചിൽ  കൈവച്ച്  വിതുമ്പി. 

” ശിവാ……. “

ഒരലർച്ചയായിരുന്നു  ദേവൻ.  ആ  വിളിയിൽ  ചിറ്റേഴമൊന്നാകെ  കുലുങ്ങി  വിറച്ചു. ഒപ്പം  തന്നെ  ദേവന്റെ  വലതുകരം  ഊക്കോടെ  അവന്റെ  കവിളിൽ  പതിഞ്ഞു.  ശിവ  ഒന്നുലഞ്ഞുപോയെങ്കിലും  മറുത്തൊന്ന്  ചലിക്കുക  പോലും  ചെയ്തില്ല.

”  ദേവേട്ടാ…. “

അഗ്നിയാളുന്ന  ദേവന്റെ  മുഖം   കണ്ട്  ഒരുപക്ഷെ  വീണ്ടുമടിച്ചേക്കുമോ  എന്ന  ഭയത്തിൽ  കരച്ചിലിന്റെ  വക്കോളമെത്തിയ  ഒരു   വിളിയോടെ  കൃഷ്ണയവരിരുവർക്കുമിടയിലേക്ക്  ഓടിയെത്തി. 

”  നീ മാറ്  കൃഷ്ണേ…. എന്തുതോന്യാസം  കാണിച്ചിട്ട്  വന്നാലും  നീയിവന്  സപ്പോർട്ട്  കൊടുത്തു.  എന്നിട്ടിപ്പോ  കണ്ടില്ലേ  ഒരു  കൂസലുമില്ലാതെ  വന്നു  നിന്ന്  പറയുന്നത്.  കല്യാണം  കഴിച്ചുപോലും….. കല്യാണം  എന്താടാ  കുഞ്ഞുകളിയാണെന്നാണോ  നിന്റെ  വിചാരം ???  “

മൗനമായി  നിൽക്കുന്ന  അവന്  നേരെ  ആക്രോശിച്ചുകൊണ്ട്  ദേവൻ  ചോദിച്ചു.  പക്ഷേ  ശിവയുടെ  മുഖത്തൊരു  കൂസലുമുണ്ടായിരുന്നില്ല.  അവൻ  മാറിൽ  കൈകൾ  പിണച്ചുകെട്ടി  നിസ്സാരഭാവത്തിൽ  നിലത്തേക്ക്  നോട്ടമെറിഞ്ഞുകൊണ്ട്  നിൽക്കുകയായിരുന്നു. 

”  എന്താഡാ  നിന്റെ  വല്ലോം  താഴെപ്പോയോ ???  “

തറയിൽ  അവൻ  നോക്കുന്നിടത്തേക്കും  അവന്റെ  മുഖത്തേക്കും  മാറി  മാറി  നോക്കി  കലിപ്പിച്ച്  ദേവൻ  ചോദിച്ചതും  ശിവ  വേഗമയാളുടെ  മുഖത്തേക്ക്  നോക്കി.

”  ശിവാ…..എന്തൊക്കെയാടാ  ഞാനീ  കേൾക്കുന്നത് ???   ഇതിനാണോ  ഇത്ര  ദിവസം  നീയിവിടുന്നിറങ്ങിപ്പോയത്???  “

അവന്റെ  ഷർട്ടിൽ  പിടിച്ചുലച്ച്  ആർത്തുകരഞ്ഞുകൊണ്ട്  കൃഷ്ണ  ചോദിച്ചു.

”  പറഞ്ഞതിനപ്പുറമൊന്നും  എനിക്ക്  പറയാനില്ലമ്മേ…… ഞാൻ  ചെയ്തത്  ശരിയാണെന്ന്  ഞാൻ  പറയുന്നില്ല….. പക്ഷേ  ചിറ്റേഴത്ത്   തറവാട്ടിൽ  ജനിച്ചുപോയെന്ന്  കരുതി  സ്നേഹിച്ചപെണ്ണിനെ  കൈവിട്ട്  കളയാൻ  മാത്രമൊരു  കിഴങ്ങനല്ല  ഈ  ശിവ….. “

”  ഡാ…… “

”  അയ്യോ  ദേവേട്ടാ….. വേണ്ട…. “

”  പിന്നെ   ഞാനെന്ത്  വേണം….  പിറപ്പുകേട്  കാണിച്ചുവച്ചിട്ട്  അവന്റെ  വർത്താനം  കേട്ടില്ലേ ?? “

”  ദേവാ  മതി…… “

അവരച്ചനുമമ്മക്കും  മകനുമിടയിലായി   ആ  ശബ്ദമുയർന്നത്  പെട്ടന്നായിരുന്നു.  ഒരു  നിമിഷം  കൊണ്ട്  അവിടമാകെ  നിശബ്ദ  പരന്നു.  പൂമുഖത്ത്  കൂടിയിരുന്ന  സർവ്വരുടെയും  നോട്ടം  ചിറ്റേഴത്ത്  കാരണവരുടെ  മുഖത്തേക്ക്  എത്തിനിൽക്കാൻ  അധികസമയമൊന്നും  വേണ്ടിവന്നില്ല..

”  അച്ഛാ….. “

”  മ്മ്ഹ്   മതി  ദേവാ…… ശിവാ…. നീയാ  കുട്ടിയെ  വിളിക്ക്…. “

ദേഷ്യം  നിയന്ത്രിക്കാൻ  കഴിയാതെ  അലറുകയായിരുന്ന  ദേവന്   നേർക്ക്  കയ്യുയർത്തി  തടഞ്ഞുകൊണ്ട്   ശിവയുടെ  നേരെ  നോക്കി  ഈശ്വരവർമ  പറഞ്ഞു.  അവനാരെയും  ശ്രദ്ധിക്കാതെ  ഇറങ്ങി  ചെന്ന്   കാറിന്റെ  ഡോർ  തുറന്നു.  ഒരു  നിമിഷത്തിന്  ശേഷം  അവന്റെ  കൈ  പിടിച്ച്   പേടിയാണോ  ടെൻഷണാനോ  എന്നുപോലും  തിരിച്ചറിയാൻ  കഴിയാത്തൊരുഭാവത്തോടെ  അല്ലിയിറങ്ങി. 

”  അരെ  വാഹ്  ശിവേട്ടന്റെ  സെലക്ഷൻ  കിടുക്കി….. “

കാറിൽ  നിന്നിറങ്ങിയ  അല്ലിയെ  കണ്ടതും   പ്രിയ  അറിയാതെ  പറഞ്ഞുപോയി.  അതേ  അഭിപ്രായമായിരുന്നുവെങ്കിലും  ദീപ്തി  വേഗമവളുടെ  വായ  പൊത്തിപ്പിടിച്ചു.  അവിടെയുണ്ടായിരുന്ന  എല്ലാവരുടെ  നോട്ടവുമപ്പോൾ  അല്ലിയിൽ   തന്നെയായിരുന്നു. 

”  മോളെ  കൃഷ്ണേ  ആ  നിലവിളക്കെടുത്തുകൊടുത്താ  കുട്ടിയെ  പിടിച്ചകത്ത്  കയറ്റ്……”

വീണ്ടുമെല്ലാവരെയും  ഞെട്ടിച്ചുകൊണ്ട്   ഈശ്വരവർമ  പറഞ്ഞത്  കേട്ട്  അവിടെ  നിന്നവരൊന്നാകെ  ഞെട്ടി.  ഏറ്റവും  എതിർക്കുമെന്ന്  കരുതിയ  മുത്തശ്ശന്റെ  വാക്കുകൾ  കേട്ട്  ശിവയദ്ദേഹത്തെ  നന്ദിയോടെ  നോക്കി.  കൃഷ്ണ  വേഗത്തിൽ  അകത്തേക്ക്  കയറിപ്പോയി  ഒപ്പം  മായയും. വളരെ  വേഗം  തന്നെ  അഞ്ചുതിരിയിട്ട്  കത്തിച്ച  നിലവിളക്കും  ആരതിയുമായി  അവരിരുവരും  തിരികെ  വന്നു. 

”  ഇങ്ങോട്ട്  നീങ്ങി  നിക്ക്  മക്കളെ……  “

ഈശ്വരിയമ്മ  പറഞ്ഞതും  അല്ലിയുടെ  കൈ  പിടിച്ചുകൊണ്ട്  ശിവ  ഇത്തിരിക്കൂടി  മുന്നോട്ട്  കയറി  നിന്നു. ആരതിയുമായി  വന്ന  മായ  അവരിരുവരെയും  ചേർത്ത്  ആരതിയുഴിഞ്ഞു.  ഇരുവർക്കും  കുങ്കുമം  തൊട്ടുകൊടുത്തു. 

”  ഈശോ  മിശിഹായ്ക്ക്  സ്തുതിയായിരിക്കട്ടെ  !!!!!!!!!!! “

പെട്ടന്ന്  അല്ലിയിൽ  നിന്നും  വന്ന  വാക്കുകൾ  കേട്ട്  എല്ലാവരുമൊന്ന്  തറഞ്ഞുനിന്നു.  കൃഷ്ണയാണെൽ  എന്തുചെയ്യണമെന്നറിയാതെ  കയ്യിലിരുന്ന  നിലവിളക്കിൽ  മുറുകെപ്പിടിച്ചു . 

”  നീയെന്താ  കൃഷ്ണേ  നോക്കി  നിൽക്കുന്നത് ???  ആ  വിളക്കങ്ങ്  കൊടുക്ക്….. “

ഈശ്വരവർമയുടെ  തീരുമാനത്തിൽ  മാറ്റമൊന്നുമുണ്ടായിരുന്നില്ല. 

”  അത്   നടക്കില്ലച്ഛാ…… ഇതുവരെ  ഞാനൊന്നും  മിണ്ടിയില്ല  പക്ഷേ  ഇനിയത്  പറ്റില്ല.  ഒരു  ക്രിസ്ത്യാനിപ്പെണ്ണിനെ  കൈപിടിച്ചീ   തറവാട്ടിലേക്ക്  കയറ്റാൻ  ഞാൻ  സമ്മതിക്കില്ല.  ഇന്നുവരെ  ഈ  പടിപ്പുരക്കുള്ളിൽ  പോലുമൊരന്യജാതിക്കാരൻ  തീണ്ടിയിട്ടില്ല.  എന്നിട്ടിപ്പോ  ഒരു  നസ്രാണിപ്പെണ്ണിന്  ഈ  തറവാട്ടിൽ  മണിയറയൊരുക്കാൻ  ഞാൻ  സമ്മതിക്കില്ല….. “

അതുവരെ  എല്ലാം  കണ്ടുനിന്നിരുന്ന  രുദ്രനായിരുന്നു  അത്. 

”  മണിയറ  മാത്രമല്ല  രുദ്രാ  എന്റെ  ശിവയുടെ  ഭാര്യയായിരിക്കുന്നിടത്തോളം  കാലം  അവൾക്ക്  വേണ്ടതെല്ലാം  ഈ  തറവാട്ടിൽ  തന്നെ  ഒരുങ്ങിയിരിക്കും.  അത്  നിന്റച്ഛൻ   പറഞ്ഞതിൽ  നിന്നും  നിനക്ക്  മനസ്സിലായില്ലേ ????  “

”  അത്   നടക്കില്ലെന്നാ  ഞാനും  പറഞ്ഞത്. തലമുറകളായി  പരദേവതകളും  നാഗത്താന്മാരും  വാണരുളുന്ന  ഈ  തറവാട്ടിൽ  ഒരന്യജാതിക്കാരിയെ  കുടിവെപ്പിക്കണമെന്ന്  പറയാൻ  എങ്ങനെ  തോന്നി  അച്ഛനുമമ്മക്കും ????  “

അയാളുടെ  വാക്കുകളിൽ  മുഴുവൻ  അമർഷം  നിറഞ്ഞിരുന്നു.  അത്  മനസിലായ  അല്ലിയുടെ  കൈകൾ  ശിവയുടെ  വിരലുകളിലമർന്നു. ശിവയിൽ  പക്ഷേ  കുലുക്കമൊന്നുമുണ്ടായിരുന്നില്ല.  അവനവളെ  ചേർത്ത്  പിടിച്ച്  ഒന്നുമില്ലെന്ന  അർഥത്തിൽ  കണ്ണുകളടച്ച്  കാണിച്ചു. 

”  രുദ്രാ  ആചാരങ്ങളും  അനുഷ്ടാനങ്ങളും  നീയീ  പറഞ്ഞ  പരദേവതകളുമെല്ലാം  മനുഷ്യനന്മക്ക്  വേണ്ടിയുള്ളതാണ്. അല്ലാതെ  മറ്റുള്ളവർക്ക്  നേരെ  ആയുധങ്ങളാക്കാനുള്ളതല്ല. പിന്നെ  ജാതിയാണ്  നിന്റെ  പ്രശ്നമെങ്കിൽ….. ഈ  ലോകത്തിൽ  ജാതി  രണ്ടേയുള്ളൂ.  ആണും പെണ്ണും.  ആണിന്  തുണയായി  ഒരു  പെണ്ണ്  വരിക  എന്നത്  ഒരു  ലോകതത്വമാണ്.  ആ  നിലയിൽ  ശിവയ്ക്ക്   പാതിയായി  അവൾ   മതിയെന്ന്  അവൻ  തീരുമാനിച്ചാൽ  അതിലിനിയൊരു  ചർച്ച  വേണ്ട…. “

”  പക്ഷേ  അച്ഛാ….. “

”  മിണ്ടരുത്….. ഇന്നീ  കുടുംബത്തിൽ  തീരുമാനങ്ങളെടുക്കാൻ  ഞാനുണ്ട്.  എന്നെ  തെക്കേത്തൊടിയിലൊരുപിടി  ചാരമാക്കിയിട്ട്  മതി   മക്കളുടെ  തോന്നിവാസം. “

രൂക്ഷമായി  തന്നെ  പറഞ്ഞ  ഈശ്വരവർമയെ  നോക്കുമ്പോൾ   അഗ്നിയാളുകയായിരുന്നു  രുദ്രന്റെ  കണ്ണുകളിൽ. 

”  അപ്പോൾ  അച്ഛന്റെ  കൊച്ചുമകൻ  ചെയ്തത്  തോന്നിവാസമല്ലെന്നാണോ  അച്ഛൻ  പറഞ്ഞുവരുന്നത് ???  “

”  അവൻ  പൂർണമായും  ശരിയാണെന്ന്  ഞാൻ  പറയില്ല.  പക്ഷേ  നീ  ചെയ്ത  തെറ്റ്  അവൻ  ചെയ്തിട്ടില്ല.  സ്നേഹിച്ച  പെണ്ണിനെ  ആണിനെപ്പോലെ  അവൻ  ചേർത്തുപിടിച്ചു.  താലികെട്ടി  ഒപ്പം  കൂട്ടുകയും  ചെയ്തു.  ആ  നിമിഷം  മുതൽ  അവനുള്ള  എല്ലാ  അധികാരങ്ങളും  ഈ  തറവാട്ടിൽ  അവന്റെ  ഭാര്യക്കുമുണ്ട്.  അതിനേ  തടയാൻ  ഇനിയെന്റെ  മോൻ  മെനക്കെടണ്ടാ….. മോളെ  കൃഷ്ണേ  പറഞ്ഞത്  ചെയ്യ് …..”

ആ  വാക്കിനുമപ്പുറം  ചലിക്കാൻ  കഴിയില്ലെന്ന്   ഉറപ്പായതും  ഒരു  കാറ്റ്  പോലെ  രുദ്രനകത്തേക്ക്  പോയി.  കൃഷ്ണക്കും  പിന്നീടൊന്നും  നോക്കാനുണ്ടായിരുന്നില്ല.  അവർ  വേഗത്തിൽ  മുറ്റത്തേക്കിറങ്ങി  കയ്യിലിരുന്ന   നിലവിളക്ക്  അല്ലിയുടെ  കയ്യിലേക്ക്  കൊടുത്തു. 

”  വാ  മോളെ….. “

ശിവയ്ക്ക്  നേരെ  കൂർത്തയൊരു  നോട്ടമയച്ചുകൊണ്ട്  അല്ലിയെ  ചേർത്തുപിടിച്ചുകൊണ്ട്  കൃഷ്ണയകത്തേക്ക്  കയറി.  ഒപ്പം  ശിവയും.  വിശാലമായ  ഉമ്മറത്തേക്ക്  കയറിയതും  അല്ലിയിൽ  നിന്നും  മായ   വിളക്ക്  വാങ്ങി.  ശിവയും  അല്ലിയും  ഒരുമിച്ച്  ഈശ്വരവർമയുടേയും  മഹേശ്വരിയമ്മയുടേയും  എല്ലാം  കാലിൽ   തൊട്ട്   അനുഗ്രഹം   വാങ്ങി.  കൃഷ്ണയും  മായയും  അല്ലിയെ  ചേർത്തുപിടിച്ച്  മൂർദ്ധാവിൽ  ചുംബിച്ചു.  ഒടുവിൽ  ദേവന്റെ  അരികിലേക്ക്  ചെല്ലുമ്പോൾ  അല്ലിയിൽ  വല്ലാത്തൊരു  വെപ്രാളം  നിറഞ്ഞിരുന്നു.  പക്ഷേ  അവളെയുമമ്പരപ്പിച്ചുകൊണ്ട്  കാലിൽ  വീണവളെ  പിടിച്ചുയർത്തി  വാൽസല്യത്തോടെ  തലയിൽ  കൈവച്ചനുഗ്രഹിക്കുകയാണ്  ദേവൻ  ചെയ്തത്. 

”  അച്ഛന്   മോളോട്  പിണക്കമൊന്നുമില്ല  മോളെ….. ഇനിയധവാ  ഉണ്ടെങ്കിൽ  തന്നെ   ദേ  ഇവനോടേയുള്ളൂ…. അത്  പക്ഷേ   മോള്  ക്രിസ്ത്യാനിയായി  പോയതുകൊണ്ടൊന്നുമല്ല   സ്വന്തം  മകന്റെ  വിവാഹം  ഏതൊരച്ഛനമ്മമാരുടെയും  സ്വപ്നമാണ്.  അതാണ്  ഒരു  നിമിഷം  കൊണ്ട്   ഇവനില്ലാതാക്കിയത്.  സഹിച്ചില്ല  മോളെ…. അത്രേയുള്ളൂ…… “

ശിവയെ  രൂക്ഷമായി  നോക്കി  ദേവൻ  പറഞ്ഞത്  കേട്ട്  മുഖത്ത്  വന്ന  പുഞ്ചിരി  മറയ്ക്കാൻ  അവൻ  വേഗം  മുഖം  കുനിച്ചുകളഞ്ഞു.  അല്ലിയും  ആശ്വാസത്തോടെ  ഒന്ന്  പുഞ്ചിരിച്ചു. 

”  കൃഷ്ണേ….. മോളെ   അകത്തോട്ട്   കൊണ്ടുപോ….. “

അവളുടെ  നെറുകയിൽ  ഒരിക്കൽ   കൂടി  തഴുകിയിട്ട്  ദേവൻ  പറഞ്ഞതും  മായയും  കൃഷ്ണയും  കൂടി  അല്ലിയേയും  കൂട്ടി  അകത്തേക്ക്  പോയി.  ഒപ്പം  പ്രിയയും  ദീപ്തിയും.  ശിവയെ  ഒന്ന്  കൂടി  തുറിച്ചുനോക്കിയിട്ട്  ദേവൻ  പുറത്തേക്കിറങ്ങിപ്പോയി.  അവൻ  പതിയെ  മഹേശ്വരിയമ്മയുടെ  അരികിലേക്ക്  ചെന്ന്  ആ  മടിയിലേക്ക്  ചാഞ്ഞു.   അവർ   പക്ഷേ  ഗൗരവത്തിന്റെ  മുഖംമൂടിയണിഞ്ഞുതന്നെ  ഇരിക്കുകയായിരുന്നു.

”  സോറി  അച്ഛമ്മേ…..  സ്നേഹിച്ചിട്ട്  പാതിവഴിയിൽ  കൈവിട്ട്  കളയാൻ  തോന്നിയില്ലെനിക്ക്…. അങ്ങനെ  ചെയ്താൽ  ഞാനെങ്ങനെ  നിങ്ങൾ  രണ്ടാളുടേയും  കൊച്ചുമോനാകും ???  എന്റമ്മ  വളർത്തിയ  മകനാകും ???  “

അവൻ  പറഞ്ഞത്  കേട്ടതും  പരസ്പരമൊന്ന്  നോക്കിയ  ഈശ്വരവർമയുടേയും  മഹേശ്വരിയമ്മയുടേയും  മുഖത്തൊരു  പുഞ്ചിരി  വിരിഞ്ഞു. 

”  മതിയെടാ  തെമ്മാടി  സുഖിപ്പിച്ചത്  ????  എന്നാലും  നീ  കൃത്യമായിട്ട്  ചെന്നൊരച്ചായത്തി   കൊച്ചിനെതന്നെ  കണ്ടുപിടിച്ചുകളഞ്ഞല്ലോഡാ  കുരുത്തംകെട്ടവനെ…..”

പറഞ്ഞുകൊണ്ട്  മഹേശ്വരിയമ്മയവന്റെ  ചെവിയിൽ  ചെറുതായിട്ടൊന്ന്  പിടിച്ചുകിഴുക്കി.  അതിന്  മറുപടിയായി  ശിവയൊന്ന്  കണ്ണിറുക്കി  ചിരിച്ചു.  അവർ  വാത്സല്യത്തോടവന്റെ  മുടിയിലൂടെ  തലോടി. 

അകത്തളത്തിൽ  അല്ലിയോട്  വിശേഷങ്ങൾ  ചോദിക്കുന്ന  തിരക്കിലായിരുന്നു  കൃഷ്ണയും  മായയും  ദീപ്തിയും  പ്രിയയുമെല്ലാം.  അപ്പോഴാണ്  ശിവയുമങ്ങോട്ട്  വന്നത്.  അവനെ  കണ്ടതും  എല്ലാവരുടെയും  നടുവിലിരിക്കുമ്പോഴും  അല്ലിയുടെ  മുഖം  വല്ലാതെ  തിളങ്ങി.   ആൾക്കൂട്ടത്തിന്  നടുവിലും  ഒറ്റപ്പെട്ട്  നിന്നിട്ട്  തന്റെയവകാശികളെ   കണ്ടെത്തിയ  ഒരു  കുഞ്ഞിന്റെ  ഭാവമായിരുന്നു  അപ്പോഴവളിൽ. 

”  ഹലോ  ഇങ്ങനെ  ചിലരുകൂടിയുണ്ടേ   ഇവിടെ…..  “

പറഞ്ഞുകൊണ്ടവൻ  നേരെ  വന്ന്  കൃഷ്ണയുടേയും  മായയുടേയും  ചുമലിലൂടെ  കയ്യിട്ടുനിന്നു.

”  വിടെടാ  അങ്ങോട്ട്‌  അഹമ്മതി  കാണിച്ചുവച്ചിട്ട്  വന്നുനിന്ന്  വാചകമടിക്കുന്നത്  കണ്ടില്ലേ…..”

അവന്റെ  കൈ   തട്ടി  മാറ്റി  കൃത്രിമ  ഗൗരവത്തോടെ  കൃഷ്ണ  പറഞ്ഞു.  മായയുടെ   ഭാവവും  വ്യത്യസ്തമായിരുന്നില്ല. 

”  പിണങ്ങല്ലേ  കൃഷ്ണമായമാരെ…… ഞാൻ  പറഞ്ഞില്ലേ….. സ്നേഹിച്ചുപോയി….. പിന്നീട്  ഒന്നിനുവേണ്ടിയും  കൈ  വിട്ട്  കളയാൻ  ആവില്ലായിരുന്നു  എനിക്കിവളെ…..അതുകൊണ്ട്  തന്നെ   പ്രണയിക്കുമ്പോൾ   തടസമാകാതിരുന്ന   ജാതിയും  മതവുമൊന്നും  ഒരു  താലിചരടിനാലിവളെ  എന്നോട്  ബന്ധിക്കുമ്പോഴുമൊരു  തടസ്സമായെനിക്ക്  തോന്നിയില്ല….. “

അല്ലിയുടെ  മിഴികളിലേക്ക്  തന്നെ  നോക്കി  നിന്ന്  പറയുമ്പോൾ  ശിവയുടെ  സ്വരമാർദ്രമായിരുന്നു.  അവളുടെ  മിഴിക്കോണിലുമെവിടെയൊ  ഒരിറ്റ്   മിഴിനീരൂറിക്കൂടിയിരുന്നു.  കൃഷ്ണയും  മായയുമൊരുപോലെ  അവനെ  ചേർത്ത്  പിടിച്ചു.   അത്രമേൽ  വാത്സല്യത്തോടെ.   

രാവിലെ  മുകളിലേക്ക്  കയറിപ്പോയ  രുദ്രനെ   ഉച്ചയായിട്ടും  താഴേക്ക്  കാണാതിരുന്നപ്പോഴാണ്  മായ  പതിയെ  മുകളിലേക്ക്  ചെന്നത്.  അവൾ   ചെല്ലുമ്പോൾ  കിടപ്പുമുറിയിലിരുന്ന്  മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു  അയാൾ. 

”  രുദ്രേട്ടാ….. വന്നു  ഭക്ഷണം  കഴിക്ക്…. “

പറഞ്ഞത്  മാത്രമേ  മായക്ക്  ഓർമ്മയുണ്ടായിരുന്നുള്ളു.  ആ  നിമിഷം  തന്നെ  കയ്യിലിരുന്ന  മദ്യവും  ഗ്ലാസും  ഒരുമിച്ചവളുടെ  മുഖത്തേക്ക്  വീശിയെറിഞ്ഞു  രുദ്രൻ.   ഗ്ലാസ്‌  കൃത്യമായി   അവളുടെ  തിരുനെറ്റിയിൽ  തന്നെ  കൊണ്ടു.  അതിലുണ്ടായിരുന്ന  ദ്രവകം  മുഖവും  ദേഹവുമൊക്കെ   നനച്ചുകൊണ്ട്    നിലത്തേക്കൊഴുകിയിറങ്ങി.  ഒപ്പം  പ്രാണവേദനയിൽ  നിറഞ്ഞ  അവളുടെ  മിഴിനീരും  കൂടിക്കലർന്നു. 

”  ആരോട്  ചോദിച്ചിട്ടാഡീ  &%$$%മോളെ   നീയാ   അന്യജാതിക്കാരി  മൂധേവിയെ  ആരതിയുഴിഞ്ഞീ   തറവാട്ടിലേക്ക്  കെട്ടിയെടുത്തത് ???. “

ഉള്ളം  കാൽ  മുതൽ  നെറുകംതല  വരെയും   പടർന്ന   വേദനയുടെ  ആക്കമൊന്ന്  മാറും  മുന്നേ  കസേരയിലിരുന്നുകൊണ്ട്  തന്നെ  മുന്നിൽ  നിന്നവളെ  ആഞ്ഞൊരുചവിട്ടിന്   പിന്നിലേക്ക്   മറിച്ചിട്ടുകൊണ്ട്  അയാൾ  ചോദിച്ചു. 

”  ആാഹ്ഹ്…… “

ഒരാർത്തനാദത്തോടെ  മായ  പിന്നിലേക്ക്  തെറിച്ചുവീണു. 

”  വായടക്കെടി  ശവമേ….. “

പറഞ്ഞുകൊണ്ട്  പാഞ്ഞുവന്ന  രുദ്രനവവളുടെ  തുറന്നവായ  ഇടം  കാലുകൊണ്ട്   അമർത്തിപ്പിടിച്ചു.  പ്രാണവേദനയിൽ  അവളിൽ  നിന്നുതിർന്ന  ഏങ്ങലുകൾ  പോലും  അയാളുടെ  കാൽപ്പാദത്തിന്  കീഴിൽ  ഞെരിഞ്ഞമർന്നു.  ശ്വാസം  പോലും  തടസ്സപ്പെട്ടപ്പോൾ  നിറഞ്ഞുകലങ്ങിയ  തുറിച്ച  മിഴികൾ  കൊണ്ട്  യാചനപോലെ  അയാളെ  നോക്കി   ഇരുകൈകൾ  കൊണ്ടും  ആ  കാലിൽ  ചുറ്റിപ്പിടിച്ചവൾ.

”  ഡീ  നീ  നോക്കിക്കോ…… അവളെ   ഞാനിവിടെ  വാഴിക്കില്ല….. ഈ  തറവാടും  സ്വത്തുമൊന്നും  കണ്ട  നസ്രാണിച്ചിക്കനുഭവിക്കാൻ  വിട്ടുകൊടുക്കില്ല  ഞാൻ….. അതിന്  വേണ്ടി  കൊന്നുതള്ളേണ്ടി  വന്നാൽ  ഞാനതും  ചെയ്യും..  അതിനി  അവളായാലും   എന്റെ  തന്തയെന്ന്  പറയുന്ന  ആ  കെളവനായാലും  എന്നേ  ധിക്കരിക്കുന്ന  ഭാര്യ  വേഷം  കെട്ടിച്ച്  ഞാൻ  ചുമക്കുന്ന  നീ  ആയാലും….. കേട്ടോടി  &&%&$ മോളെ….. “

പറഞ്ഞുകൊണ്ട്  അവളുടെ  അടിവയറ്റിലൊരിക്കൽ  കൂടി  കാല്   പതിച്ചുകൊണ്ട്  അയാൾ  പുറത്തേക്കിറങ്ങിപ്പോയി.  പിന്നെയും  കുറച്ചു  സമയമെടുത്തു   വെറുമൊരു  പുഴുകണക്കെ   നിലത്തുചുരുണ്ടുകിടന്ന്  പിടഞ്ഞുകൊണ്ടിരുന്ന  മായയുടെ  അടിവയറ്റിലെ  ആളലൊന്നടങ്ങാൻ. 

ആ  നൊമ്പരമൊന്നടങ്ങിയതും  ശരീരത്തേക്കാൾ  വൃണപ്പെട്ട  ഹൃദയം  പൊട്ടിയിട്ടെന്നപോലെ  നിലത്ത്  തലയറഞ്ഞവളറിക്കരഞ്ഞു.  ഇരുപത്തിയഞ്ച്  കൊല്ലത്തെ  നരകജീവിതം  മുഴുവൻ  ഒരു  നിമിഷം  കൊണ്ടവളുടെ  കണ്മുന്നിലൊരു  തിരശീലയിലെന്ന  പോലെ  തെളിഞ്ഞുവന്നു.  ആ  ഓർമ്മകൾ   ഹൃദയത്തെ  മധിച്ചുകൊണ്ടിരിക്കെ   സകല   നൊമ്പരവും  പെയ്തൊഴിക്കാനെന്ന  പോലെ   ഒഴുകിയിറങ്ങിക്കൊണ്ടിരുന്ന  മിഴികളെ   അമർത്തിത്തുടച്ചുകൊണ്ട്   എന്തോ  തീരുമാനിച്ചുറച്ചത്  പോലെ  മായ  പതിയെ  നിലത്തുനിന്നെണീറ്റു.  അവൾ  നേരെ  ചെന്ന്  അലമാര   തുറന്ന്  അതിൽ  നിന്നും  മരുന്നുകൾ  സൂക്ഷിച്ചിരുന്ന  പ്ലാസ്റ്റിക്  കേയ്സ്   കയ്യിലെടുത്തു. 

തുടരും…….

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!