Skip to content

അഗ്നിസാക്ഷി – ഭാഗം 5

Agnisakshi Novel

”  ഇവിടെ  വിട്ടാമതിയിച്ചായാ….. ഞാൻ  പൊക്കോളാം.  പപ്പയിന്ന്   വീട്ടിൽ  കാണും… “

തന്റെ  വീടിരിക്കുന്ന  ഹൗസിങ്ങ്  കോളനിയിലേക്ക്  തിരിയുന്ന  ഇടവഴിയുടെ  അടുത്തെത്തിയതും  ആൽവിയുടെ  കൈത്തണ്ടയിൽ  പിടിച്ചുകൊണ്ട്  ട്രീസ  പറഞ്ഞു.  മറുത്തൊന്നും  പറയാതെ  വണ്ടി  നിർത്തുമ്പോഴും  അവന്റെ  മുഖമതേപോലെ  തന്നെയിരിക്കുകയായിരുന്നു. 

”  എന്നോട്  ദേഷ്യായോ  ഇച്ചായാ ???  “

ഇറങ്ങാൻ  തുടങ്ങിയിട്ട്  വീണ്ടുമവനരികിലേക്ക്  ചേർന്നിരുന്നുകൊണ്ട്  അവൾ  ചോദിച്ചു. 

”  എന്തിനാഡീ ???  നീ   പറഞ്ഞതൊക്കെ  ശരിയല്ലേ….. ഒരുകണക്കിന്  അല്ലിയെക്കൊണ്ട്‌  ഇങ്ങനെ  ചെയ്യിച്ചത്  ഞങ്ങളൊക്കെ  തന്നെയല്ലേ.  പള്ളിക്കാരും  കുടുംബത്തിന്റെ   അഭിമാനവുമൊക്കെയായിരുന്നു   എന്റെയും   ഡാഡിയുടേയുമൊക്കെ   തല  നിറയെ. അതിനിടയിലൊരിക്കൽ  പോലും  ഞങ്ങൾ   അവളുടെ  ഭാഗത്തുനിന്ന്  ചിന്തിച്ചിട്ടില്ല.  ഇരുപത്തിരണ്ട്  വർഷം  കൂടെയുണ്ടായിരുന്ന  എന്റെ   പെങ്ങളെ  മനസ്സിലാക്കാൻ   എനിക്ക്  മറ്റൊരാളുടെ  സഹായം  വേണ്ടിവന്നു…. “

അവൻ  പറയുന്നതൊക്കെ  കേട്ടിരിക്കുകയായിരുന്ന  ട്രീസയുടെ  മുഖം  പെട്ടന്ന്  മങ്ങി.

”  അങ്ങനെ   ആരെങ്കിലുമാണോ  ഇച്ചായാ  ഇച്ചായന്  ഞാൻ  ????  ഇച്ചായനെവിടെയെങ്കിലുമൊരു  പിഴവ്  പറ്റിയെന്ന്  തോന്നിയാൽ  അത്  ചൂണ്ടിക്കാണിക്കാൻ  ഞാനാരുമല്ലേ ???  അത്  ഇച്ചായന്  കുറച്ചിലാണോ ????  “

”  അയ്യേ….. എന്തൊക്കെയാടീ   നീയീ  ചിന്തിച്ചുകൂട്ടുന്നത് ???  അങ്ങനെയാണോ  ഞാൻ   പറഞ്ഞത്.  ആരും  പറയാതെ  അവളെയറിയേണ്ടവനല്ലേഡീ  അവൾടെയീ   ഇച്ചാച്ചൻ.  എന്നിട്ടെനിക്കതിന്   പറ്റിയില്ലല്ലോ….. “

”  പോട്ടെ  ഇച്ചായാ….. ഇനിയിങ്ങനെ  വിഷമിക്കല്ലേ….. ശിവ  നല്ലവനാ  അവനോടൊപ്പമാണ്   നമ്മുടല്ലിയുടെ  സന്തോഷം.   അവൾ  ജീവിക്കട്ടെ  ഇച്ചായാ….. “

അവന്റെ  തോളിലേക്ക്   ചാഞ്ഞ്  ആ  കവിളിൽ   കൈ  ചേർത്തുകൊണ്ട്   ട്രീസ  പറഞ്ഞത്  കേട്ട്   ആൽവിയുമൊന്ന്  മൂളി. 

”  നേരമൊത്തിരിയായി   പള്ളീലോട്ടെന്നും  പറഞ്ഞ്   ഞാനിറങ്ങീട്ട്   ഞാനെന്നാ  പൊക്കോട്ടേ  ഇച്ചായാ….. “

പറഞ്ഞിട്ട്  പിൻസീറ്റിൽ  കിടന്ന  ബാഗുമെടുത്തുകൊണ്ട്  അവൾ  കാറിന്റെ  ഡോർ  തുറന്നു.  പക്ഷേ  അവൾ   കാൽ   പുറത്തേക്ക്  വയ്ക്കും  മുന്നേ  ആൽവിയവളെ  കടന്നുപിടിച്ച്  തന്റെ  നെഞ്ചിലേക്കിട്ടു.  എന്താണ്  സംഭവിക്കുന്നതെന്നവൾ  മനസിലാക്കും  മുന്നേ   അവനവളെ  ഉടുമ്പടക്കം  കെട്ടിപ്പിടിച്ച്   ഇടംകഴുത്തിൽ  ചുംബിച്ചിരുന്നു.  ശരീരമാകെ  ഒരു  തരിപ്പ്   പടർന്നത്  പോലെ  തോന്നിയ  അവൾ  മിഴി ഉയർത്തി  അവനെ  നോക്കിയതും  അവനവളിലെ  പിടിവിട്ട്  നേരെ  ഇരുന്നിരുന്നു. 

”  ഒന്നുല്ലെഡീ  എന്തോ   എവിടെയോ  ഒരു  കൊളുത്തിവലി   പോലെ….. “

അവളുടെ  നോട്ടം  കണ്ട്   ആ  മിഴികളിലേക്ക്  നോക്കാതെ  പുറത്തേക്ക്  നോക്കിയിരുന്നുകൊണ്ട്  പറയുമ്പോൾ  അവന്റെ  കണ്ണുകളിൽ  ചുവന്നഞരമ്പുകൾ  തെളിഞ്ഞിരുന്നു.  ആ  മുഖത്തേക്കൊരുനിമിഷം  നോക്കിയിരുന്നിട്ട്   ട്രീസ  പതിയെ  അവന്റെ  ഇരുകവിളിലും   കൈ  ചേർത്ത്  തനിക്ക്  നേരെ  പിടിച്ചുതിരിച്ചു. 

”  എന്റപ്പന്റെ  ഒന്നാന്തരം  എതിരാളിയായിട്ടും  ഞാനീ  ചെകുത്താന്റെ  പെണ്ണായത്  ഏത്  ദുർബല  നിമിഷത്തിലും  കുലുങ്ങാതെ  നിൽക്കുന്ന  ഈ  തന്റേടവും  ആരെയും  കൂസാത്ത  ഈ   സ്വഭാവവും  കണ്ടിട്ടാ…. എന്നിട്ടിപ്പോ  ഇങ്ങനെ  ഒടിഞ്ഞുതൂങ്ങിയിരുന്നാലുണ്ടല്ലോ…..  ഈ  ട്രീസകൊച്ചിനെന്നും  ആ   ചെകുത്താനോടാ  പ്രണയം  തോന്നിയിട്ടുള്ളത്…. അതുകൊണ്ട്  എന്റെ  ചെകുത്താന്  ഈ  ഭാവം  വേണ്ടാട്ടോ… “

പറഞ്ഞുകൊണ്ട്  അവന്റെ  നെറ്റിയിലും  ഇരുമിഴികളിലുമവൾ  അധരങ്ങൾ  ചേർത്തു.  എവിടെനിന്നോ  ഒരു  ശക്തി   വന്നത്  പോലെ   ആൽവിയും  പതിയെ   ഒന്ന്  ചിരിച്ചു. 

”  എന്നാപ്പിന്നെ   പൊന്നുമോൻ  പോകാൻ  നോക്ക്  ഞാൻ  ചെല്ലട്ടെ…. “

പറഞ്ഞിട്ട്  ഒരിക്കൽ  കൂടി   അവനിലേക്കൊന്ന്   ചേർന്നിട്ട്   ട്രീസ  പുറത്തേക്കിറങ്ങി.  റോഡ്  സൈഡിലേക്ക്  മാറി  നിന്ന്   കൈവീശികാണിക്കുന്ന  അവളെ   നോക്കിയൊന്ന്  പുഞ്ചിരിച്ചിട്ട്‌   ആൽവി  കാർ  മുന്നോട്ടെടുത്തു.   അവൻ  പോയതും  ട്രീസ  വേഗത്തിൽ  ഫോണെടുത്ത്  അല്ലിയുടെ  ഫോണിലേക്ക്  വിളിച്ചു. 

”   എന്നാടീ   ചേട്ടത്തീ….. “

ഫോണെടുത്തതും  അപ്പുറത്തുനിന്ന്   അവളുടെ   ചോദ്യമെത്തി. 

”  നിന്റെ  ചേട്ടനാ  ചെകുത്താനില്ലേ   അതിന്റെ  ചെവിയിലോട്ട്  കുറേ  വേദമോതിക്കൊടുത്തിട്ടുണ്ടെന്ന്   പറയാൻ  വിളിച്ചതാ….. എന്റെ  ഉപദേശത്തിന്റെയൊരു   പവറ്   നോക്കുമ്പോൾ   മിക്കവാറും  ഇന്ന്  തന്നെ   ആങ്ങള  പെങ്ങൾക്ക്   മുന്നിൽ  മുട്ട്  മടക്കുന്ന  ലക്ഷണമാ…. “

ഫോണിലൂടെ  അവൾ  പറഞ്ഞത്  കേട്ട്   സന്തോഷം   കൊണ്ട്   അല്ലിയുടെ  കണ്ണുകൾ  നിറഞ്ഞൊഴുകി. 

”  സത്യാണോഡീ  ഏട്ടത്തീ  ????  “

”  പിന്നെ   ഞാൻ  കള്ളം   പറഞ്ഞതാണോ….. സത്യമാടീ   പെണ്ണേ…..”

”  അയ്യോ   നിനക്ക്   ഞാനിപ്പോ   എന്നതാടി  നാത്തൂനെ  തരിക….. ഉമ്മ

ാാാ…… ബാക്കി   നേരിട്ട്  കാണുമ്പോൾ   തരാം…. “

”  പിന്നല്ല…… നിന്റെയീ   ചേട്ടത്തിയാരുടെയാ    മോൾ….. “

അഭിമാനത്തോടെ  ട്രീസ  പറഞ്ഞത്    കേട്ട്   അല്ലി  പൊട്ടിച്ചിരിച്ചു. 

”  ആ  കള്ളത്തടി  ഐസക്കിന്റെ   തന്നെയല്ലേ ????  അതോ  ഇനി  മാറ്റം  വല്ലോമുണ്ടോ ??? “

”  പ്ഫാ  എരപ്പെ…. അതേടീ   നാറീ   ഞാൻ   ഐസക്കിന്റെ  മോള്   തന്നെയാ….. പിന്നെ   നിന്നോടാര്   പറഞ്ഞെടി  മെനകെട്ടവളെ  എന്റെ   ഡാഡി  കള്ളത്തടിയാണെന്ന് ????”

കുസൃതിച്ചിരിയോടെയുള്ള   അല്ലിയുടെ  ചോദ്യം   കേട്ട്   ട്രീസ  ചോദിച്ചു. 

”  അതിനിയാര്   പറയണം  കാട്ടിൽ  കേറി  കള്ളത്തടി  വെട്ടിയേന്  അങ്ങേരെ  പോലിസ്  ഓടിച്ചിട്ടടിച്ചത്   നാട്ടിൽ   പരസ്യമല്ലേ   മോളേ  ചേട്ടത്തീ….. “

”  പോടീ  എരണംകെട്ടവളെ   ഓടിച്ചുന്നുള്ളത്   നേരാ…. പക്ഷേ  ഓടി  വാരിക്കുഴിയിൽ  വീണൊണ്ട്  അടി   കിട്ടിയില്ല… “

എന്തോ  വലിയ   കാര്യം  പോലെ  അവൾ  പറഞ്ഞത്  കേട്ട്   അല്ലി  വീണ്ടും  പൊട്ടിച്ചിരിച്ചു.  

”  വച്ചിട്ട്  പോടീ  ചെറ്റേ  അവളുടെയൊരു  ഒടുക്കത്തെ   കിണി….. ”  

ദേഷ്യത്തിൽ   പറഞ്ഞിട്ട്   ഫോൺ  കട്ട്   ചെയ്തുകൊണ്ട്  ട്രീസ  വേഗത്തിൽ   മുന്നോട്ട്  നടന്നു. 

വൈകുന്നേരം  ശിവ  വരുമ്പോൾ  പ്രിയക്കും   ദീപ്തിക്കുമൊപ്പമിരുന്ന്   എന്തൊക്കെയോ  സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു   അല്ലി.  അല്പനേരമവളെത്തന്നെ   നോക്കി  നിന്നിട്ട്   ഷർട്ടിന്റെ  മുകളിലെ  ബട്ടൺ  അഴിച്ച്  അതൽപ്പം  തുറന്നിട്ടൊരു  ചിരിയോടെ  അവനുമങ്ങോട്ട്  ചെന്നു.

”  എന്താണ്   മൂന്നുംകൂടി  ഒരു  ചർച്ച ???  “

നേരെ  വന്ന്  അല്ലിയുടെ  അരികിലേക്കിരുന്നുകൊണ്ട്   ശിവ  ചോദിച്ചു. 

”  അതോ  എന്റെ  നാത്തൂൻമാർക്ക്   നമ്മുടെ  ലവ്  സ്റ്റോറിയറിയണോന്ന്.  ഞാനത്   പറഞ്ഞുകൊടുക്കുകയായിരുന്നു.  “

”  ഓഹ്…. ഞാനാകാശത്തൂടെ   പോയതേണിവച്ച്   പിടിച്ചതിന്റെ  കഥ  പറയുവാരുന്നോ….. “

ഒരു  കുസൃതിച്ചിരിയോടെ   ശിവ  പറഞ്ഞതും  അല്ലി  കൂർപ്പിച്ചവനെ  നോക്കി. 

”  മാറങ്ങോട്ട്   എന്നേ  തൊടണ്ട…. “

തോളിലിരുന്ന  അവന്റെ  കൈ  തട്ടിമാറ്റി   ദേഷ്യത്തിൽ  പറഞ്ഞുകൊണ്ട്  അവൾ  മുകളിലേക്ക്   കേറിപ്പോയി.

”  സമാധാനമായല്ലോ…..വേഗം   ചെല്ല്  ചൂടാറും  മുന്നേ  ചെന്ന്  ബാക്കി  കൂടി. വാങ്ങിച്ചോ….. “

അവളുടെ  പോക്ക്   നോക്കിയിരുന്ന്   ചിരിക്കുന്ന   ശിവയോടായി  പറഞ്ഞുകൊണ്ട്  ദീപ്തി  പറഞ്ഞു.

”  അതേ  വല്യേട്ടാ  വേഗം  ചെല്ല്  അല്ലി   ചേച്ചിയിപ്പോ  നല്ല  ഫോമിലാ  ഇപ്പൊ  കിട്ടിയാൽ  ഇരിപ്പതാ…. “

അവളെ  പിൻതാങ്ങി  പ്രിയയും  ചിരിച്ചുകൊണ്ട്  പറഞ്ഞു. 

”  പോടീ   കുടുംബംകലക്കികളെ  അവള്   നിന്നേയൊന്നും  പോലെയല്ല…. ഈ   പൊട്ടലും  ചീറ്റലുമൊക്കെയേ  ഉള്ളു.  “

പുച്ഛത്തോടെ   അവരിരുവരോടുമായി   പറഞ്ഞിട്ട്  ശിവ  എണീറ്റ്  മുകളിലേക്ക്  കയറിപ്പോയി. 

”  ദൈവമേ  കാവടിതുള്ളിയാ  പോക്ക് ….. ഏട്ടത്തിയെടുത്തിട്ട്  കൂമ്പിന്  കുത്താതിരുന്നാൽ  മതിയായിരുന്നു…. “

അവന്റെ  പോക്ക്  നോക്കിയിരുന്നുകൊണ്ട്   പ്രിയ   പറഞ്ഞു.  അതുകേട്ട്   ദീപ്തി  വായപൊത്തിച്ചിരിച്ചു. 

”  അല്ലിപ്പൂവേ മല്ലിപ്പൂവേ

ഇന്നെൻ വള്ളിക്കൂടിൽ വെള്ളിച്ചന്തം നീയല്ലേ

ചുണ്ടിന്നല്ലിത്തേനോ തന്നീടാനിന്നരികത്തോ മണിമുത്തേ നീയില്ലേ

ചെല്ലക്കാറ്റേ വല്ലിക്കാറ്റേ…… എന്റമ്മേ….. “

ചുണ്ടിലൊരു  മൂളിപ്പാട്ടോടെ   അകത്തേക്ക്   കയറി   വാതിലടച്ച്   തിരിഞ്ഞതും  ശിവയിൽ   നിന്നുമൊരു  നിലവിളി  ഉയർന്നു.

”  ആഹ്ഹ്….. എന്തിനാഡീ   താടകേ  എന്നേ  എറിഞ്ഞത് ????  “

ഒരു  കൈ  കൊണ്ട്  നെഞ്ച്  തടവി  മറുകൈകൊണ്ട്   നിലത്തുനിന്നും   അവളെറിഞ്ഞ   പ്ലാസ്റ്റിക്കിന്റെ ഫ്ലവർവേസുമെടുത്ത്   പിടിച്ചുകൊണ്ട്  ബെഡിലിരുന്ന  അല്ലിയെ  നോക്കി   അവൻ  ചോദിച്ചു. 

”  ആകാശത്തൂടെ   പോയത്  ഏണിവച്ച് പിടിച്ചപ്പോ   ഓർക്കണമായിരുന്നു   ഇങ്ങനൊക്കെ  വരുമെന്ന്…. സഹിച്ചോ…. “

”  ഓഹോ  അപ്പോ  ലങ്ങനെയാണ്   കാര്യങ്ങൾ….. “

ചിരിയോടെ  വന്ന്   ഫ്‌ളവർവേസ്   ടേബിളിലേക്ക്   വച്ചുകൊണ്ട്  ശിവ  പറഞ്ഞു.

”  ആഹ്  അങ്ങനെതന്നെയാ…. അല്ലേലും   എനിക്കിത്   തന്നെ  കിട്ടണം  മര്യാദക്കാ  റോഷനേയെങ്ങാനും  കെട്ടിയാൽ  മതിയാരുന്നു…. ഏത്  നേരത്താണോ   എന്തോ   എനിക്കീ  സ്നേഹമില്ലാത്ത  കാണ്ടാമൃഗത്തിന്റെ  കൂടിറങ്ങിത്തിരിക്കാൻ  തോന്നിയത്….. “

”  ആഹാ  നിനക്ക്  അവനെ  കെട്ടിയേപറ്റൂ   അല്ലേടീ….. “

പറഞ്ഞതും  ഷർട്ടൂരി  നിലത്തേക്ക്  ഇട്ട്  ബെഡിലേക്ക്  കിടന്നവളുടെ  മടിയിലേക്ക്  തല  വച്ചവൻ. 

”  എണീറ്റ്  പോടാ  താന്തോന്നി…. എന്റെ  മടീൽ  കിടക്കണ്ട….. “

”  ഓക്കേ  വേണ്ട….ഞാനീ   വയറ്റിൽ  കിടന്നോളാം…. “

അവന്റെ  തല  മടിയിൽ  നിന്ന്   തള്ളി  മാറ്റാൻ  നോക്കിക്കൊണ്ട്‌  പറഞ്ഞ  അവളെയൊരു  തള്ളിന്   ബെഡിലേക്ക്   തള്ളിയിട്ടിട്ട്   ഒന്നുരുണ്ട്   അവളുടെ  വയറിലേക്ക്   കയറിക്കിടന്നു.  അവന്റെ   തല  വയറിലമർന്നതും  അല്ലിയുടെ  ദേഹമൊന്ന്  വിറച്ചു.  അത്  മനസ്സിലായ  ശിവയൊരു   കുസൃതിച്ചിരിയോടെ  അവൾ  ധരിച്ചിരുന്ന   ടീഷർട്ടുയർത്തി  ആ  അണിവയറിൽ  അമർത്തി  ചുംബിച്ചു. 

”  ആഹ്…. മാറ്  ശിവേട്ടാ  അങ്ങോട്ട്…. “

അവനെയൊന്ന്   തട്ടിമാറ്റാൻ   പോലും  കഴിയാത്തൊരു   നിസ്സഹായതയിൽ   വിറയ്ക്കുന്ന  സ്വരത്തിൽ  അവൾ   പറഞ്ഞു.

”  അപ്പോൾ   നിനക്ക്  റോഷനെ  കെട്ടണ്ടേ ???  “

അവളുടെ  വയറിൽ   വീണ്ടും വീണ്ടും  അമർത്തി  ചുംബിച്ചുകൊണ്ട്  പതിഞ്ഞ   സ്വരത്തിൽ   ശിവ  ചോദിച്ചു.  അവന്റെ  ചുണ്ടുകളുടെ  തണുപ്പും   താടിരോമങ്ങളുടെ  കൂർത്ത  സ്പർശവുമെല്ലാം   അവളിൽ    വല്ലാത്തൊരു  അനുഭൂതി  നിറയ്ക്കുകയായിരുന്നു   അപ്പോൾ. 

”  വ്….വേണ്ട….. “

”   ഇനി   പറയോ ????  “

”  ഇല്ല…. ഇല്ല…. ഞാൻ   വെറുതെ  പറഞ്ഞതാ…. “

അവന്റെ   സ്പർശത്തിന്റെ  തീവ്രതയിൽ  ഉരുകിയൊലിച്ചുകൊണ്ട്   തളർന്ന  സ്വരത്തിൽ   അവൾ  പറഞ്ഞു. 

”  അങ്ങനെ  വഴിക്ക്   വാടീ  കുട്ടിത്തേവാങ്കേ….. എന്നോടാ  അവളുടെ  കളി…. “

അവളുടെ  ശരീരത്തിലൂടെ  തന്നെ  ഊർന്ന്  മുകളിലേക്ക്  കയറി   അവളുടെ  കവിളിൽ  അമർത്തിക്കടിച്ചുകൊണ്ട്   അവൻ  പറഞ്ഞത്  കേട്ട്   അവൾ  വീണ്ടുമവനെ  കൂർപ്പിച്ചുനോക്കി.

”  എന്താടീ  അച്ചായത്തി  നോക്കുന്നേ ???? “

”  പോടാ  തെമ്മാടി…. “

അവന്റെ  ചോദ്യം  കേട്ടാ   കവിളിലൊന്ന്   കൊട്ടി   തന്നിൽ   നിന്നുമവനെ  തള്ളിമാറ്റി   ബെഡിൽ  നിന്നും  എണീക്കുമ്പോഴേക്കും    അവൻ   വീണ്ടുമവളെ   പിടിച്ച്   കിടക്കയിലേക്ക്   തന്നെയിട്ട്   അവളിലേക്കമർന്നിരുന്നു. 

”  വേദനിച്ചാരുന്നോ  ശിവേട്ടാ ????  “

ഒടുവിൽ  അവന്റെ  വിയർത്തുകുളിച്ച  നെഞ്ചിൽ   തല  ചായ്ച്ച്   കിടന്നുകൊണ്ട്   തന്റെ  ഏറുകൊണ്ട  അവന്റെ  ഇടനെഞ്ചിൽ   പതിയെ   ചുംബിച്ചുകൊണ്ട്   അല്ലി  ചോദിച്ചു. 

”  വേദനിച്ചാരുന്നു  പക്ഷേ   ഇപ്പൊ  മരുന്ന്  കിട്ടി…. “

അഴിഞ്ഞുലഞ്ഞ്   കിടന്ന  അവളുടെ   മുടിയിഴകളിലൂടെ  തലോടിയൊരു  വഷളൻ   ചിരിയോടെ  പറഞ്ഞ  അവന്റെ  കവിളിലൊരു  കുത്ത്   കൊടുത്തിട്ട്   പിറുപിറുത്തുകൊണ്ട്  അല്ലി  മറുസൈഡിലേക്ക്  ചരിഞ്ഞുകിടന്നു.  അത്  കണ്ട്  ശിവ  വീണ്ടും  നിരങ്ങിവന്നവളെ  പിന്നിലൂടെ  പുണർന്ന്   ആ  മുടിക്കുള്ളിലേക്ക്  മുഖം  പൂഴ്ത്തിക്കിടന്നു.  പതിയെ  അവളിലുമൊരു  പുഞ്ചിരി  വിരിഞ്ഞു.  അതേകിടപ്പിൽ  കിടന്നുകൊണ്ട്   ഇരുവരുമെപ്പോഴോ  ഉറക്കത്തിലേക്ക്  വഴുതിവീണു. 

രാവിലെ  ഉണർന്നപ്പോൾ  മുതലെന്തോ   മനസ്സിനൊരു  സുഖമില്ലായ്‌മ  തോന്നിയപ്പോഴാണ്   ശിവ  ഓഫീസിലേക്ക്  പോയ  പിറകെ   ഒന്ന്   പള്ളിയിൽ   പോകാമെന്ന്   കരുതി  അല്ലി   വീട്ടിൽ   നിന്നിറങ്ങിയത്. 

അവൾ  പള്ളിയിലെത്തി  പ്രാർത്ഥനയൊക്കെ  കഴിഞ്ഞ്  സെമിത്തേരിയിലും  പോയിട്ട്   തിരികെപ്പോകാനായി  താഴേക്കുള്ള   സ്റ്റെപ്പുകളിറങ്ങുന്നതിനിടയിലായിരുന്നു   താഴെ   നിർത്തിയിട്ടിരുന്ന   കാറിൽ   ചാരി   അവളെത്തന്നെ   നോക്കി  നിൽക്കുന്ന   ആൽവിയിലേക്ക്   അവളുടെ  നോട്ടമെത്തിയത്.  അവനെ  കണ്ടതും  അവളുടെ   മുഖം  വിടർന്നു. 

”  ഇച്ചാച്ചൻ….. “

അറിയാതവളുടെ  അധരങ്ങൾ   മന്ത്രിച്ചു.  എങ്കിലും  പഴയത്  പോലെ  അവന്റെയരികിലേക്ക്   ഓടിചെല്ലാൻ  അവളൊന്ന്   ഭയന്നു.  അത്കൊണ്ട്   തന്നെ  മുന്നോട്ടൊരടിപോലും  ചലിക്കാതെ   അവന്റെ   മുഖത്തേക്ക്  നോക്കി  അതേ  നിൽപ്പ്  തുടർന്നു  അവൾ. 

അവളുടെ  അവസ്ഥ   തിരിച്ചറിഞ്ഞത്  പോലെ  പെട്ടന്നായിരുന്നു     ഇരുകൈകളും  വിടർത്തി   ഒരിളംചിരിയോടെ   ആൽവിയവളെ   മാടിവിളിച്ചത്.  ആ  ഒരു  വിളി   മതിയായിരുന്നു  അവൾക്കും.  പിന്നെയൊന്നുമാലോചിക്കാതെ    ഒരു  പറക്കലായിരുന്നു   അല്ലിയവനരികിലേക്ക് .

”  ഇച്ചാച്ചാ….. “

പാഞ്ഞുവന്നവന്റെ  മാറിലേക്ക്  വീണൊരു   പൊട്ടിക്കരച്ചിലോടെ  അവൾ  വിളിച്ചു.

”  കരയല്ലേടാ…. നമ്മടെ   ഡാഡിടെ  വിഷമത്തിന്  മുന്നിൽ   എന്റെ   മോളെയറിയാൻ   ശ്രമിച്ചില്ല  ഇച്ചാച്ചൻ….. പൊറുക്കെടാ  ഇച്ചനോട്‌…. “

അവൻ   പറഞ്ഞത്   കേട്ട്  അവന്റെ  വായ  മൂടി  കണ്ണീരോടെ  അരുതേയെന്ന  അർഥത്തിൽ   തലയനക്കി. 

”  സുഖാണോ   എന്റെ  കുറുമ്പിപ്പാറൂന് ??? “

അവളുടെ   മുടിയിലൂടെ  തലോടിക്കൊണ്ട്‌  ആൽവി  ചോദിച്ചതും  കണ്ണീരിനിടയിലും  പുഞ്ചിരിച്ചുകൊണ്ട്  അല്ലി   തല  കുലുക്കി. 

” ഡാഡി   ????   “

”  പുറത്തോട്ടൊക്കെ  ഇറങ്ങിയിട്ട്  കുറേ  ദിവസമായി…. ആകെ  തളർന്നുപോയി  പാവം….. “

”  എനിക്ക്…. എനിക്ക്   തീരെ   പറ്റാഞ്ഞിട്ടാ   ഇച്ചാ…..  ശിവേട്ടനേയല്ലാതെ   വേറെയാരേം  എനിക്ക്…. പറ്റാഞ്ഞിട്ടാ  ഇച്ചാച്ചാ….. “

”  സാരമില്ലെടാ   ഞങ്ങളും  തെറ്റല്ലേ  ചെയ്തെ ???  പോട്ടെ   ഇനിയതൊന്നും  പറയണ്ട.  കഴിഞ്ഞത്   കഴിഞ്ഞു.  ഇപ്പൊ   എന്റെ   മോള്   സന്തോഷമായിരിക്കുന്നുണ്ടല്ലോ   അതുമതി……  ഡാഡിടെ   പിണക്കമൊന്നുമോർത്ത്   മോള്   വിഷമിക്കണ്ട.  നമ്മൾ   മക്കളോടെത്രനാൾ   പിണങ്ങിയിരിക്കാനാവും   നമ്മുടെ   ഡാഡിക്ക്….. ഒരുദിവസം  എല്ലാം   ശരിയാകും.  “

അവളെ  ചേർത്തുപിടിച്ചുകൊണ്ട്   പറയുമ്പോൾ   അവന്റെ   മിഴികളിലും  പ്രതീക്ഷയുടെ   വെളിച്ചം   തെളിഞ്ഞിരുന്നു.   അവിടെ  നിന്നും  ആൽവിയുടെ  കാറിലാണ്   അല്ലി  തിരികെ  പോയത്.  പോകും  വഴി  ഷോപ്പിങ്ങിനുപോയി  എന്തൊക്കെയോ   വാങ്ങിക്കൊടുത്തിട്ടാണ്   അവനവളെ   ചിറ്റഴത്താക്കിയത്.  തിരികെയെത്തുമ്പോൾ   വല്ലാത്ത  സന്തോഷത്തിലായിരുന്നു   അല്ലി.  അതുകൊണ്ട്  തന്നെ  ഉമ്മറത്തേക്ക്   കയറിവരുമ്പോൾ  അവിടെയിരുന്നിരുന്നവരെ  അവൾ  ശ്രദ്ധിച്ചിരുന്നില്ല. 

”  ഒന്നവിടെ  നിന്നേ…. “

അവളടുത്തെത്തിയതും   ഉമ്മറത്ത്  നിന്ന്  പരിചയമില്ലാത്തൊരു   സ്വരം  മുഴങ്ങി.  അപ്പോഴാണ്  അല്ലിയുടെ  മിഴികൾ  പൂമുഖത്തിരുന്നവരിലേക്ക്   എത്തിയത്.   അവിടെ  ഈശ്വരവർമയ്ക്കും  രുദ്രനുമൊപ്പം  മറ്റൊരാളും  കൂടിയിരുന്നിരുന്നു.  ഒരൊറ്റമുണ്ട്  മാത്രം   ധരിച്ച്  നെറ്റിയിലും  നെഞ്ചിലുമെല്ലാം   ഭസ്മക്കുറിയണിഞ്ഞ്  താടിയും  മുടിയുമൊക്കെ  നീട്ടി  വളർത്തിയിരുന്നു  അയാൾ.  മഞ്ഞപ്പ്   ബാധിച്ചിരുന്നെങ്കിലും  തീക്ഷണമായ  നോട്ടവും  മുറുക്കിചുവപ്പിച്ച  ചുണ്ടുകളുമെല്ലാം   എന്തോ  ഒരു  ഭയം  ജനിപ്പിക്കുന്നവയായിരുന്നു.

”  അല്ലിമോളെ  ഇത്  എന്റേട്ടനാ…. ആളൊരു  നാടോടിയാ  ഇടയ്ക്കിങ്ങനൊരു   വരവുണ്ട്.  “

അമ്പരന്നയാളെ   തന്നെ   നോക്കി  നിൽക്കുന്ന  അല്ലിയോടായി   ഈശ്വരവർമ  പറഞ്ഞു.  അത്കേട്ട്  ഒരു  പുഞ്ചിരിയോടെ   അല്ലിയയാൾക്ക്  നേരെ  കൈ  കൂപ്പി.  പക്ഷേ  ആ  മുഖമപ്പോഴും  കല്ലിച്ചുതന്നെയിരിക്കുകയായിരുന്നു. 

”  വന്നപ്പഴെ  അറിഞ്ഞു  തറവാട്  മുടിക്കാനുണ്ടായ  ഇവിടുത്തെ  സന്തതിയുടെ  കൈപിടിച്ചൊരന്യജാതിക്കാരിപ്പെണ്ണീ   തറവാട്  താണ്ടിയെന്ന്…..കാത്തിരിക്കുകയായിരുന്നു   ഒന്ന്  കാണാൻ…. “

അയാളത്   പറഞ്ഞതും  അല്ലിയുടെ  മുഖത്തെ  ചിരി  മങ്ങി.  മിഴികൾ  കൂർത്തു. 

”  അതേ  മുത്തശ്ശാ   ഞാൻ   അന്യജാതിക്കാരി  തന്നെയാ  പക്ഷേ  നിങ്ങടെ  കൊച്ചുമോനില്ലേ  ഇപ്പൊ   പറഞ്ഞ  ആ  തറവാട്  മുടിക്കാനുണ്ടായ  സന്തതി  അങ്ങേര്   താലികെട്ടിക്കൊണ്ട് വന്നതാ  എന്നേ .  അതുകൊണ്ട്  പണ്ടത്തെ   തറവാട്ട്  കാരണവന്മാരുടെ   കൊനഷ്ട്ടൊന്നും   ഇങ്ങോട്ട്  ഇറക്കണ്ട.  കാത്തിരുന്നേതായാലും  കണ്ടല്ലോ  ഇനി   ഞാനങ്ങോട്ട്  ചെല്ലട്ടെ……മുത്തശ്ശനേതായാലും  ഉടനെ  പോണില്ലല്ലോ  അപ്പോൾ   ഇനിയും  കാണാം…. “

പറഞ്ഞിട്ട്  പുച്ഛത്തോടയാളെ  ഒരിക്കൽ  കൂടിയൊന്ന്    നോക്കിയിട്ട്    അവളകത്തേക്ക്  കയറിപ്പോയി.  അത്  കണ്ട്  മുഖത്തടിയേറ്റത്   പോലെ  ഇരിക്കുകയായിരുന്നു   കേശവവർമ.  അയാളുടെ  കണ്ണുകൾ   പകയിൽ  ജ്വാലിക്കുന്നത്  നോക്കിയിരിക്കുമ്പോൾ      ഒരൂറിയ  ചിരിയുണ്ടായിരുന്നു   രുദ്രന്റെ  ചുണ്ടുകളിൽ.  തനിക്കൊരു  ആയുധം  കിട്ടിയ  സന്തോഷമാ  കുറുകിയ  മിഴികളിൽ  ദൃശ്യമായിരുന്നു  അപ്പോൾ. 

തുടരും…..

 

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!