Skip to content

അഗ്നിസാക്ഷി – ഭാഗം 8

Agnisakshi Novel

”  ഇച്ചായാ….. ഇച്ചാ…. യാ…… “

പകൽ വെളിച്ചത്തിലേക്കും   അരികിൽ   മലർന്നുകിടന്നുറങ്ങുന്നവനിലേക്കും  വെപ്രാളത്തോടെ   നോക്കിക്കൊണ്ട്‌   ട്രീസ   വിളിച്ചു.  

”  മ്മ്ഹ്ഹ്…. “

ഉറക്കം  തടസ്സപ്പെട്ടതിന്റെ  അസ്വസ്ഥതയും  തലേദിവസം   കുടിച്ച  മദ്യത്തിന്റെ   ആലസ്യവുമെല്ലാം   കൂടിക്കുഴഞ്ഞൊരു  സ്വരത്തിൽ   ഒന്ന്   മൂളിയിട്ട്   തല  അവൾക്കെതെരെ  തിരിച്ചുവച്ചവൻ  വീണ്ടും  കിടന്നു. 

”  ഇച്ചായാ….. “

ഇത്തവണ   അവളുടെ   സ്വരമൽപമുയർന്നിരുന്നു. 

”  എന്താടി  കോപ്പേ  കാലത്തെ   നിന്നേയെന്തിനാ   ഇങ്ങോട്ട്   കെട്ടിയെടുത്തത് ???   “

”  ഏഹ്…… ഈ  മനുഷ്യനിതെന്തൊക്കെയാ   പറയുന്നത് ???  ഒരുരാത്രി   മുഴുവൻ   എന്റെ   വീട്ടിൽ   കേറി  എന്റെ   മുറിയിൽ   എന്റെ   ബെഡിൽ   എന്നേം   കെട്ടിപ്പിടിച്ചുകിടന്ന്   പോത്തുപോലുറങ്ങീട്ടിപ്പോ   ഞാൻ   കെട്ടിയെടുത്തെന്നോ…… ഈ   കള്ളുകുടിയനെ   ഞാനെങ്ങനെ   ഒന്ന്   ബോധം   തെളിയിച്ചെടുക്കുമെന്റെ   കർത്താവേ….. “

”  കള്ളുകുടിയൻ   നിന്റപ്പൻ   കള്ളത്തടി   ഐസക്കാഡീ   തീപ്പെട്ടിക്കൊള്ളീ…. “

പറഞ്ഞതും   വീണ്ടുമവളെ   ബെഡിലേക്ക്  വലിച്ചിട്ട്    ഉടുമ്പടക്കം   പുണർന്നിരുന്നു   അവൻ. 

”  ഓഹ്   അത്  മാത്രം   കേട്ടു…. വിട്ടേ   ഇച്ചായാ   നേരം   വെളുത്തു.  പപ്പ   എണീറ്റുകാണും….. “

”  അതിനെന്നാഡീ  ഇപ്പൊ ????  “

”  ഇച്ചായാ    കുഞ്ഞുകളി   നിർത്തി   എണീറ്റെ….. ആരേലും   വന്നുകാണും   മുന്നേ    വേഗമൊന്ന്   പോയെ…”

അവളത്   പറഞ്ഞപ്പോഴാണ്   ആൽവി   പതിയെ   അവളെവിട്ടെണീറ്റത്.  എണീറ്റിരുന്ന്   മൂരി   നിവർത്തിയവളേയും   ആ   മുറിയുമൊന്നാകെയുഴിഞ്ഞു   നോക്കിയപ്പോഴാണ്   തലേദിവസം   രാത്രിയിലത്തെ   സംഭവങ്ങളൊക്കെ   അവന്റെ   ഓർമ്മയിലേക്ക്  വന്നത്.   അതോർമവന്നതും   അവളെ   നോക്കിയൊരിളിഞ്ഞ   ചിരി   ചിരിച്ചിട്ട്   തലയ്ക്ക്   കൈ   കൊടുത്ത്   കുനിഞ്ഞിരുന്നവൻ.

”  അയ്യോടാ….. തലേം   കുമ്പിട്ടിരിക്കുന്ന   ഇരുപ്പ്   കണ്ടില്ലേ….കള്ളുകുടിയൻ…. തെമ്മാടി….. വൃത്തികെട്ടവൻ….. “

”  പിന്നെന്നാത്തിനാടി  കോപ്പേ   ഇന്നലെ   രാത്രി   ഈ   വൃത്തികെട്ട  കള്ളുകുടിയന്റെ   ചൂടുപറ്റിക്കിടന്നുറങ്ങിയത് ????   “

അവളെ  ഇടുപ്പിലൂടെ   ചുറ്റിപ്പിടിച്ച്   പൊക്കിയെടുത്ത്   മടിയിലേക്കിരുത്തി   ആ   താടിത്തുമ്പിലമർത്തിക്കടിച്ചുകൊണ്ട്   അവൻ   ചോദിച്ചു.  

”  ആഹ്…. അതുപിന്നെ   അപ്പോഴത്തെ   സാഹചര്യത്തിൽ….. “

”   മ്മ് മ്മ് …. ഇരുന്നുകുറുകാതെ   ചെന്നിച്ചായനൊരു   ചായയെടുത്തോണ്ടുവാടീ…. “

”  ഏഹ്….. ചായയോ…. അതിനിത്   നിങ്ങടെ   കെട്ടിയോൾടെ  വീടല്ല. എന്റെ   വീടാ.  ഇവിടെ   നിങ്ങക്ക്   തരാൻ   ചായേമില്ല  കാപ്പിയുമില്ല.  മര്യാദക്കെണീറ്റ്   പോകാൻ  നോക്ക്…. “

”  അങ്ങനെ   പറഞ്ഞാലെങ്ങനാ…..എനിക്ക്   എണീറ്റാലുടൻ   ചായ   കിട്ടണം.  അല്ലാതെ   ഞാൻ   ബെഡിന്നെണീക്കൂല.  അതുകൊണ്ട്   ഞാനിവിടുന്ന്   പോണമെങ്കി   കൊച്ചുപോയി   ഇച്ചായനൊരു   കിടുക്കാച്ചി   ചായ   ഇട്ടോണ്ട്   വാ….. “

ബെഡിലിരുന്ന്   ഭംഗിയായി   ചിരിച്ചുകൊണ്ട്   പറഞ്ഞ   അവനെ   ദയനീയമായൊന്ന്   നോക്കീട്ട്   താഴേക്ക്   നടക്കുമ്പോൾ   ട്രീസയുടെ   കയ്യുംകാലും   വിറയ്ക്കുന്നുണ്ടായിരുന്നു. 

”   അമ്മേ   ചായ…. “

”  ആ   ചായ   കുടിക്കണോങ്കിൽ   അതിടുന്ന   നേരത്തെണീറ്റ്   വരണം.  അല്ലാതെ   ഉച്ചക്ക്   വരുമ്പോ   തരാൻ   ഇവിടെ   ചായയൊന്നുമില്ല.   ഇട്ടതൊക്കെ   തീർന്നു.  ഇനി   വേണേൽ   തന്നത്താനിട്ടുകുടിച്ചോ…. “

എന്തോ  ജോലി  ചെയ്തോണ്ടിരിക്കുന്നതിനിടയിൽ   തന്നെ   പറഞ്ഞിട്ട്   സാലി   തന്റെ  ജോലി   തുടർന്നു.   പിന്നീടൊന്നും   മിണ്ടാൻ   നിൽക്കാതെ  ട്രീസ   തന്നെ   ഒരു   പാനിൽ  വെള്ളവും  പാലും  ചേർത്ത്   അടുപ്പിൽ   വച്ച്   പെട്ടന്ന്   തന്നെ   ചായയിട്ട്   അതുമായി   മുകളിലേക്കോടി. 

”  ഏഹ്   ഇവൾക്കിതെന്നാപറ്റി   അല്ലേ   ചായയിട്ട്   കയ്യിൽ   പിടിപ്പിക്കുംവരെ   താളം   ചവിട്ടിനിക്കുന്നവളാ   തന്നത്താൻ    ചായയിട്ടോണ്ട്   പോണത്……”

അവളുടെ   പോക്ക്    നോക്കി   അന്തംവിട്ടുനിന്നുകൊണ്ട്   സാലിയോർത്തു.  അവൾ   തിരിച്ചുവരുമ്പോഴേക്കും   ആൽവി   ഫ്രഷായിവന്നിരുന്ന്   ഫോണിൽ  കുത്തുന്നുണ്ടായിരുന്നു.  

”  അയ്യോടാ   ഇരുപ്പ്   കണ്ടാൽ   തോന്നും   ഭാര്യവീട്ടിൽ   വിരുന്നുവന്നതാണെന്ന്.  തെമ്മാടി….. “

പിറുപിറുത്തുകൊണ്ട്   വന്നവളാ   ചായ   അവന്റെ   കയ്യിലേക്ക്   കൊടുത്തു.  ഒരു   കള്ളച്ചിരിയോടെ  അത്   വാങ്ങിയല്പം   കുടിചിട്ടവളുടെ   കയ്യിലേക്ക്   തന്നെ   വച്ചുകൊടുത്തവൻ. 

”  എന്നാപ്പിന്നെ   ഇച്ചായൻ   പോയേച്ചുവരാഡീ   പെമ്പ്രന്നോത്തി…. “

അവളുടെ   ഇരുകവിളിലും   പിടിച്ചുവലിച്ചുകൊണ്ട്   പറഞ്ഞവനെ   തുറിച്ചുനോക്കിയിരിക്കുകയായിരുന്നു  ട്രീസയപ്പോൾ.

”  ഉയിര്   വാരി   കയ്യിൽ   പിടിച്ചോണ്ട്   നിന്ന   എന്നേക്കൊണ്ട്   പാടുപെടുത്തിച്ചിട്ട്   ഒരു   കവിള്   തികച്ചുകുടിച്ചില്ല   കാർക്കോടകൻ…… “

മുഖം   വീർപ്പിച്ചവനെനോക്കി   പിറുപിറുക്കുന്നവളെ   കണ്ട്   ആൽവിയൊന്ന്   ചിരിച്ചു. 

”  ഇപ്പൊ   ഒരു   ചായേമെടുത്തോണ്ട്   വന്നിട്ടിനിയും   ചെന്ന്   സാലിക്കൊച്ചിനോട്‌   ചായ   ചോദിക്കാൻ   പറ്റുമോ   എന്റെയീ   ചുള്ളിക്കമ്പിന്   അതുകൊണ്ടല്ലേഡീ   ഞാനിത്    തന്നത്.  നീ   കേട്ടിട്ടില്ലേ   കർത്താവ്   പറഞ്ഞിട്ടുള്ളത്   നിന്റെ   ഭാര്യയുണ്ടില്ലേലും   നീയുണ്ണണം…. അവളുടുത്തില്ലേലും   നീയുടുക്കണമെന്ന്…. “

”  കോമഡിയാരുന്നോ…. നിന്ന്   ചളിയടിക്കാതെ   പോകാൻ   നോക്കിച്ചായാ   പപ്പയിപ്പോ   നടക്കാൻ   പോയിട്ടിങ്ങുവരും…. “

അവന്റെ   പറച്ചിൽ   കേട്ട്   ചിരിയും   ആ  കരുതലോർത്ത്   വല്ലാത്തൊരു   സന്തോഷവും  തോന്നിയെങ്കിലും  അതൊക്കെയവനിൽ   നിന്നുമൊളിച്ച്   കപ്പ്   ടേബിളിലേക്ക്   വച്ച്   വെപ്രാളത്തോടവനെ   പിടിച്ചുന്തിക്കൊണ്ട്‌   പറഞ്ഞവളെ  ഒരു   നിമിഷം   കൊണ്ട്   കൈക്കുള്ളിലൊതുക്കി   ആ   തുടുത്ത  കവിളിലമർത്തി   ചുംബിച്ചിട്ട്‌   താഴേക്ക്   എത്തിനോക്കി  പതിയെ   അവനിറങ്ങി  പുറത്തേക്ക്   പോയി.   പിന്നാലെ    തന്നെ   താഴേക്ക്   വന്നവൻ   പോകുന്നത്   നോക്കി  നിൽക്കുമ്പോൾ   എന്തോ  ഒരു  നിരാശയായിരുന്നു   ട്രീസയിൽ   നിറഞ്ഞിരുന്നത്.   അപ്പോഴേക്കും   അവളെയൊരിക്കൽ   കൂടി   തിരിഞ്ഞുനോക്കി   ചുണ്ടുകൂർപ്പിച്ചൊരുമ്മയും   നൽകി   അവൻ   ഗേറ്റ്   കടന്ന്   റോഡിലേക്കിറങ്ങിയിരുന്നു.  അവനാ   മുറ്റം   കടന്നതും   വല്ലാത്തൊരാശ്വാസത്തോടെ   നെഞ്ചിൽ   കൈവച്ച്    ശ്വാസമാഞ്ഞുവലിച്ചവൾ.  പക്ഷേ   ഇതെല്ലാം  കണ്ടുകൊണ്ട്   ജ്വലിക്കുന്ന   മിഴികളോടെ   അകത്തെ  മുറിയിലെ   ജനലിലൂടെ   നോക്കി   മറ്റൊരാളും   നിന്നിരുന്നതവരിരുവരുമറിഞ്ഞില്ല. 

               

രാവിലെ   ശിവയുണരുമ്പോൾ   അല്ലിയടുത്തുണ്ടായിരുന്നില്ല.  അവൻ   പതിയെ  എണീറ്റ്   ബെഡിൽ   തന്നെ   അല്പനേരമിരുന്നൊന്ന്   മൂരി   നിവർന്നിട്ട്   ഇറങ്ങിത്താഴേക്ക്   ചെന്നു.  അവൻ   താഴെ   ഹാളിലെത്തുമ്പോൾ   തന്നെ   കേട്ടു   അടുക്കളയിലേ   ബഹളം.  കാര്യമറിയാതെ   അവനങ്ങോട്ട്   ചെല്ലുമ്പോൾ   അവിടെക്കണ്ട   കാഴ്ചയിൽ   അവന്റെ   ചുണ്ടിലൊരു  ചെറുപുഞ്ചിരി   വിരിഞ്ഞു. 

അടുപ്പിനരികിൽ   നിന്ന്   അല്ലിയെ   ദോശ  ചുടാൻ   പഠിപ്പിക്കുന്ന   മായ. അവരുടെ   അരികിൽ   തന്നെ   ചിരിയോടെ   കൃഷ്ണയും  മഹേശ്വരിയമ്മയുമുണ്ടായിരുന്നു.  അല്ലിയാണെങ്കിൽ   കല്ലിലൊഴിച്ച   ദോശ   മറിച്ചിടാനുള്ള   കഠിന   ശ്രമത്തിലുമാണ്. എന്തോ  കട്ടിപ്പണി   ചെയ്യുംപോലെ   ചുണ്ടുകൾ   കടിച്ചുപിടിച്ച്   കല്ലിലേക്ക്   തന്നെ   സൂക്ഷിച്ചുനോക്കിക്കൊണ്ട്   പല   രീതിയിൽ   ചട്ടുകം   ചലിപ്പിക്കുന്നവളെക്കണ്ട്   അവനറിയാതെ   ചിരിച്ചുപോയി.  അവന്റെ   ചിരി   കേട്ടുകൊണ്ടാണ്  അവർ   നാലുപേരും  മുഖം   തിരിച്ചങ്ങോട്ട്   നോക്കിയത്.  അപ്പോഴും   വാതിൽക്കൽ   നിന്ന്   ചിരിച്ചുകൊണ്ട്   നിന്നിരുന്ന   ശിവയെക്കണ്ട്   അല്ലി   മുഖം   വീർപ്പിച്ചവനെ   നോക്കി. 

”  സത്യം   പറയെടി   അന്ന്   ഗസ്റ്റ്  ഹൗസിൽ   വച്ച്   ചപ്പാത്തിയും  സ്റ്റൂവുമുണ്ടാക്കിയത്   നീ   തന്നെയാണോ ???  “

ചിരിച്ചുകൊണ്ട്   തന്നെ   ഉള്ളിലേക്ക്   കയറിവന്ന്   അടുക്കള   സ്ലാബിൽ   കയറിയിരുന്നുകൊണ്ട്   ശിവ  ചോദിച്ചു. 

”  ഈൗ….അത്   എനിക്കൊരവസരം   തരാതെ   ദേവകിയാന്റി   തന്നങ്ങുണ്ടാക്കി.  അല്ലെങ്കിൽ   ഞാനുണ്ടാക്കിയേനെ…. “

”  പിന്നെന്തിനാടി   നുണച്ചിപ്പാറൂ   അന്നത്   നീയുണ്ടാക്കിയതാണെന്ന്   പറഞ്ഞത് ??? “

ഒരവിഞ്ഞ  ചിരിയോടെ  പറയുന്നവളെ   നോക്കി   കളിയാക്കിച്ചിരിച്ചുകൊണ്ട്   ശിവ  വീണ്ടും   ചോദിച്ചു. 

”  അതുപിന്നെ   ഞാൻ    വിചാരിച്ചു   ഫസ്റ്റ്  ഡേ   തന്നെ   ഇമേജ്   കളയണ്ടെന്ന്…. “

”  ഓഹ്  പിന്നേ  അല്ലെങ്കിൽ   പിന്നെ   നിന്നേയിപ്പോ   എനിക്ക്   ഭയങ്കര   മതിപ്പാ… “

നഖം   കടിച്ചൊരു   ചമ്മിയ  ചിരിയോടെ   പറഞ്ഞ  അവളെ  കളിയാക്കിച്ചിരിച്ചുകൊണ്ട്   ശിവ   പറഞ്ഞു. 

”  പോടാ  പട്ടി…. “

അമ്മമാരുടെ   ശ്രദ്ധയിൽ   പെടാതെ   ഒച്ച   താഴ്ത്തി   വിളിച്ചിട്ടവൾ   ചവിട്ടിക്കുലുക്കി  പുറത്തേക്ക്   പോയി. 

”  നിനക്കെന്തിന്റെ  കേടാ   ശിവാ  വെറുതെ  അതിനെ   ദേഷ്യംപിടിപ്പിക്കാൻ ??? “

”  അതൊന്നും   സാരമില്ലമ്മേ….. ഇതൊക്കെ   പതിവല്ലേ…. “

പറഞ്ഞുകൊണ്ട്   അവനുമെണീറ്റവളുടെ  പിന്നാലെ   പുറത്തേക്ക്  ചെന്നു..  അവൻ   ചെല്ലുമ്പോഴേക്കും  അല്ലി   മുകളിലേക്ക്   പോയിരുന്നു. 

                

”  മോളെ   ഇന്ന്   കാലത്തിവിടാരേലും   വന്നിരുന്നോ ???  “

ബ്രേക്ക്‌ ഫാസ്റ്റ്  കഴിച്ചുകൊണ്ടിരിക്കെ   പെട്ടന്നായിരുന്നു  എതിരെയിരുന്ന  ട്രീസയോടായി   ഐസക്കത്   ചോദിച്ചത്.  ആ  ചോദ്യം   കേട്ടതും  അവൾ  വായ  തുറന്നപടി   ഞെട്ടി   അയാളെ  നോക്കി.

”  ഏ… ഏയ്   ഇല്ല   പപ്പാ….. ഇവിടെ….. ഇവിടാരും   വന്നില്ല.  എന്താ   പപ്പാ ???  “

എങ്ങനെയൊക്കെയോ   ശബ്ദത്തിലെ   പതർച്ച   മറച്ചുകൊണ്ട്   അവൾ   ചോദിച്ചു. 

”  ഏയ്   ഒന്നുല്ല   കാലത്തിവിടുന്നാരോ   ഇറങ്ങിപ്പോകുന്നത്   കണ്ടെന്ന്   ഡ്രൈവറ്   പറഞ്ഞു.  ആഹ്   അതാരെങ്കിലുമാവട്ടെ   മോള്  കഴിക്ക്.  “

അതിന്   മറുപടിയായൊന്ന്   ചിരിച്ചുവെന്ന്   വരുത്തിയെങ്കിലും  പിന്നീടൊന്നും   കഴിക്കാനുള്ള   മാനസികാവസ്ഥയിലായിരുന്നില്ല   ട്രീസ.  ഉള്ളിലെ   ടെൻഷൻ   പുറത്തേക്ക്   വരാതിരിക്കാൻ   ശ്രദ്ധിച്ചുകൊണ്ട്  അവൾ   പ്ളേറ്റിൽ   വെറുതെ   കയ്യിട്ടിളക്കിക്കൊണ്ടിരുന്നു. 

”  ഈ  പെണ്ണിനോട്‌   ഞാൻ   പലതവണ   പറഞ്ഞിട്ടുണ്ട്   ആഹാരം   കൊണ്ട്   കുഞ്ഞുകളിക്കരുതെന്ന്.   മതിയെങ്കിലെണീറ്റ്   പോടീ…. “

അവളുടെ   ഇരുപ്പും   പ്രവർത്തിയുമൊക്കെ   കണ്ട്   സാലിയാണത്   പറഞ്ഞത്.  അത്   കേട്ടതും   പതിവിന്   വിപരീതമായി  രക്ഷപെട്ടെന്ന  ആശ്വാസതോടെ   ട്രീസയെണീറ്റ്   അടുക്കളയിലേക്ക്  പോയി. 

”  വന്നുവന്ന്   പെണ്ണൊരുവക   കഴിക്കില്ല…. അതിനതിന്   ഒണങ്ങിയൊണങ്ങി   വരുവാ…. “

നടന്നുപോകുന്നവളെ   നോക്കിയിരുന്ന്   സാലി   പിറുപിറുക്കുമ്പോഴും  മറ്റേതൊക്കെയോ   ചിന്തകളിലൂടെ   സഞ്ചരിക്കുകയായിരുന്നു   ഐസക്ക്.  അതുകൊണ്ട്   തന്നെ   അയാൾക്കും   ആഹാരമൊട്ടും  തന്നെയിറങ്ങുന്നുണ്ടായിരുന്നില്ല.   കുറച്ചുകഴിഞ്ഞതും   അയാളും   കഴിപ്പ്   മതിയാക്കി   എണീറ്റു.

”  ഏഹ്   ഇത്രവേഗം   മതിയാക്കിയോ  ഇച്ചായാ….. ഒന്നും   കഴിച്ചില്ലല്ലോ…. “

”  മതിയെഡീ   എനിക്ക്   ഓഫീസിൽ   ചെന്നിട്ട്   കുറച്ചുപണിയുണ്ട്.  “

പറഞ്ഞിട്ട്   മറുപടിക്ക്   കാത്തുനിൽക്കാതെ   അയാൾ   പുറത്തേക്ക്   പോകുമ്പോൾ   ഈ   അപ്പനും   മോൾക്കുമിതെന്തുപറ്റിയെന്ന   ആലോചനയിലായിരുന്നു   സാലി. 

               

ശിവ   കുളികഴിഞ്ഞിറങ്ങുമ്പോഴായിരുന്നു   അല്ലിയെന്തോ  എടുക്കാനായി   മുറിയിലേക്ക്   വന്നത്.  അവളും  കുളിയൊക്കെ   കഴിഞ്ഞ്   ഒരു   ലോങ്ങ്‌   സ്കർട്ടും   ടോപ്പുമിട്ട്    മുടിയിലൊരു   തോർത്തൊക്കെ   ചുറ്റിയിരുന്നു.  മുഖത്താണെങ്കിൽ   ചമയങ്ങളൊന്നുമില്ലാതെ   തലേദിവസമെപ്പോഴോ  തൊട്ട   ഒരു   കുഞ്ഞിപ്പൊട്ട്   മാത്രമുണ്ടായിരുന്നു.  നെറ്റിയിലേക്കും  ചെവിയരികിലേക്കുമൊക്കെ   വീണുകിടന്ന  ചെറിയ   മുടിയിഴകൾ   അവൾക്ക്   പ്രത്യേകമായൊരു   ഭംഗി   നൽകിയിരുന്നു.

”  നിന്ന്   വെള്ളമിറക്കാതെ   വന്നുവല്ലോം  മുണുങ്ങാൻ  നോക്ക്   മോനെ…. “

തന്നെത്തന്നെ   നോക്കിയൊരു  വല്ലാത്ത   ഭാവത്തിൽ   നിന്നിരുന്ന  ശിവയുടെ   അരികിലേക്ക്   വന്നവന്റെ  കവിളിൽ   പതിയെ   തട്ടിക്കൊണ്ട്‌   അല്ലി   പറഞ്ഞപ്പോഴാണ്  ശിവയവളിൽ   നിന്നും   നോട്ടം  പിൻവലിച്ചത്. 

”  ഓഹ്   പിന്നേ  ഒഞ്ഞുപോയേഡീ   നോക്കി   വെള്ളമിറക്കാൻ   പറ്റിയൊരു   മുതല….. “

”  മുതലയല്ല  എരുമ…..  പാതിരാത്രിയാകുമ്പോ  ചക്കരയാ  തേങ്ങയാന്നും  പറഞ്ഞിങ്ങ്  വാ   ഞാൻ   കാണിച്ചുതരാം…. “

അവന്റെ  മുഖത്തേക്ക്   നോക്കി   ദേഷ്യത്തിൽ   പറഞ്ഞുകൊണ്ട്   അവൾ  ചവിട്ടിക്കുലുക്കി   പുറത്തേക്ക്   പോകാനൊരുങ്ങി.  പക്ഷേ  അവൾ   വാതിൽ  കടക്കും  മുൻപ്  ശിവയൊരുകയ്യാലവളുടെ  അരക്കെട്ടിൽ  ചുറ്റിപ്പിടിച്ച്   മറുകൈകൊണ്ട്  വാതിലടച്ച്  കുറ്റിയിട്ടിരുന്നു. 

”  എന്നേ  വിട്   എനിക്ക്   പോണം…. “

അവന്റെ   കയ്യിൽ   കിടന്നുകുതറിക്കൊണ്ടവൾ  പറഞ്ഞു. 

”  എന്തോ   കാണിക്കാമെന്ന്   പറഞ്ഞിട്ടങ്ങനങ്ങ്   പോയാലെങ്ങനാ….”

ഇരുകൈകൾകൊണ്ടുമവളെ   അടക്കിപ്പിടിച്ചാ   പിൻകഴുത്തിൽ   മൃദുവായി   കടിച്ചുകൊണ്ടവൻ   ചോദിച്ചു.  അല്ലിയുടെ  പെരുവിരലിലൂടൊരു   തരിപ്പ്  മുകളിലേക്കിരച്ചുകയറി.  അവന്റെ   കൈകളമർന്നിരുന്ന   അടിവയറ്റിലൊരു   കാളൽപോലെ  തോന്നിയപ്പോൾ   അവന്റെ   കൈകൾക്ക്   മുകളിലമർത്തിപ്പിടിച്ചുകൊണ്ടവളുമവന്റെ   നെഞ്ചിലേക്ക്   ചാഞ്ഞുനിന്നു. 

”  ശ്…. ശിവേട്ടാ…. വേണ്ട…. “

”  അടങ്ങിനിക്കെടി   പെണ്ണേ…. “

അവളെ   തനിക്ക്   നേരെ   തിരിച്ചുനിർത്തി   ആ   മുഖം   കൈക്കുമ്പിളിലെടുത്ത്   പിടയുന്ന മിഴികളിലേക്ക്   നോക്കിനിന്നുകൊണ്ട്   പതിഞ്ഞസ്വരത്തിൽ   പറയുന്നവന്റെ   മൂർച്ചയേറിയ   നോട്ടത്തെ   നേരിടാനാകാതെ   വെപ്രാളത്തോടെ  അല്ലി   നോട്ടം   മറ്റെങ്ങോട്ടോ   മാറ്റി.  പക്ഷേ   ശിവയവളുടെ   അരക്കെട്ടിലെ  പിടുത്തമൊന്നുകൂടി   മുറുക്കിയതും  ഒന്നേങ്ങിക്കൊണ്ടവളവനിലേക്ക്   മുഖമുയർത്തിനോക്കി.  ആ   ഒരുനിമിഷം   മതിയായിരുന്നു   അവനവളുടെ   അധരങ്ങളിലേക്കാഴ്ന്നിറങ്ങാൻ.  അല്ലിയൊരു   ഞരങ്ങലോടെ  അവന്റെ   ഞെഞ്ചിലമർത്തിപിടിച്ചു.   ശിവ  പക്ഷേ   അതൊന്നും   ശ്രദ്ധിക്കാതെ   ഗാഡമായിത്തന്നവളെ   നുകർന്നുകൊണ്ടിരുന്നു.  ഒപ്പം   തന്നെ   അവന്റെ   കൈകൾ  അവളുടെ   ഉടലിലൂടെന്തോ   തിരഞ്ഞെന്നപോലെ   ഒഴുകിനടക്കുന്നുമുണ്ടായിരുന്നു.  അധരങ്ങളിൽ   നിന്നും   നാവിനുവഴിമാറിയ   ആ  ചുംബനത്തിനൊടുവിലെപ്പോഴോ  രക്തത്തിന്റെ   ചുവയറിഞ്ഞതും  മനസ്സില്ലാമനസോടെ   ശിവയവളുടെ  അധരങ്ങളെ  മോചിപ്പിച്ചു.   അപ്പോഴും  കിതപ്പടക്കാൻ   പാടുപെടുകയായിരുന്നവളെ   വാരിയെടുത്ത്   ബെഡിലേക്ക്   കൊണ്ട്   കിടത്തുമ്പോൾ   കണ്ണുകൾ   ഇറുകെയടച്ചിരിക്കുകയായിരുന്നു   അല്ലി.  ഒരുനിമിഷമവളെത്തന്നെ   നോക്കി   നിന്നിട്ട്   ശിവ   പതിയെ   അവളിലേക്ക്    ചാഞ്ഞു.  

                 

”  എന്നതാടോ   ഒരു   വിഷമം  പോലെ ???  “

വൈകുന്നേരത്തെ   പതിവ്    മദ്യസേവയ്ക്കിടയിലും  ഏതൊക്കെയോ  ചിന്തകളിലുഴറിക്കോണ്ടിരുന്ന   ഐസക്കിനെ   കണ്ട്   അരികിലിരിക്കുകയായിരുന്ന   ലോറൻസ്  ചോദിച്ചു.

”  ഏയ്   ഒന്നുല്ലെടോ…. “

”  അങ്ങനെ   പറഞ്ഞൊഴിയാതെ  കാര്യം   പറയെടോ….. എന്താ   തനിക്ക്   പറ്റിയത്   എന്തോ   ഒരു   വിഷമമുണ്ടല്ലോ…. “

ഒഴിഞ്ഞുമാറാനായി   ഐസക്കൊരു   പാഴ്ശ്രമം  നടത്തിയെങ്കിലും  അയാൾ  വീണ്ടും  ചോദിച്ചു.  ഇനിയൊളിക്കാൻ   കഴിയില്ലെന്ന്   തോന്നിയപ്പോൾ   പറയാനുറച്ച്   കയ്യിലിരുന്ന   മദ്യമൊരുമോന്തിന്   കാലിയാക്കി   കസേരയിൽ   നിവർന്നിരുന്നുകൊണ്ട്   ഐസക്ക്   അയാളെ   നോക്കി. 

”  അത്….. എടോ….. തന്നോടതെങ്ങനെ  പറയണമെന്നെനിക്കറിയില്ല…. “

”  ഹാ  താൻ   ചുമ്മാ   ടെൻഷനടിക്കാതെ   കാര്യം   പറയെടോ…. “

”   അതുപിന്നെ….. ട്രീസ…. “

”  എന്താടോ  അവൾക്ക്   വല്ല   പ്രേമോം   ഉണ്ടോ ????  അതാണോ   തന്റെയീ   വെപ്രാളം ???  അതിന്   നീയെന്തിനാ   ഐസക്കേ   ഇങ്ങനെ   ടെൻഷനടിക്കുന്നത്.  ഇപ്പോഴത്തെ   പിള്ളേരാകുമ്പോ  പഠിക്കാൻ   പോകുവൊക്കെ   ചെയ്യുമ്പോൾ    അല്ലറചില്ലറ  പ്രേമമൊക്കെ   കാണും.  അതൊക്കെ   കല്യാണം   കഴിയുമ്പോ  കെട്ടിയോനോട്‌  പറഞ്ഞുചിരിക്കാനൊരു   പഴങ്കഥയുമാകും.  പിന്നെ   അവൾക്കൊരിഷ്ടം   തോന്നിയതിൽ   അവളെ   കുറ്റംപറയാനൊക്കില്ലല്ലോ.  ജോവിനവളെ   ഇഷ്ടമാണെന്നോ  നമ്മളതുറപ്പിച്ചുവച്ചേക്കുവാണെന്നോ  അവൾക്കറിയില്ലല്ലോ…. “

”  എടോ   ഇത്   താൻ  കരുതുന്നത്   പോലത്ര  നിസാരമല്ല.  കോളേജ്പിള്ളേര്    തമ്മിൽ   തോന്നുന്ന  വെറുമൊരു  കൗതുകമല്ലിത്.  അവളുടെ   മനസ്സിൽ   ഉള്ളതേതെങ്കിലും  അയ്യോപാവി   പിള്ളേരല്ല.  ആ   ആൽവിനാ   എതിരെ  നിൽക്കുന്നത്…..  “

ഐസക്കിൽ   നിന്നും   ആൽവിന്റെ  പേര്   കേട്ടതും   ലോറൻസൊന്ന്   ഞെട്ടി.  പിന്നെ   വല്ലാത്തൊരു   വെപ്രാളത്തോടെ  കയ്യിലിരുന്ന   മദ്യം   ഒറ്റവലിക്ക്   കുടിച്ചിറക്കി. 

”  താനെന്നതൊക്കെയാ   ഐസക്കേ   ഈ   പറയുന്നത്….. ആ  ചെകുത്താനെയല്ലാതെ   വേറെയാരേം  കിട്ടിയില്ലേ  അവൾക്ക്  പ്രേമിക്കാൻ  ????  “

ചോദിക്കുമ്പോൾ  ലോറൻസിന്റെ  സ്വരത്തിൽ   അനിഷ്ടവും  നിസ്സഹായതയുമൊരുപോലെ   നിറഞ്ഞിരുന്നു.  അയാൾ  ദേഷ്യത്തിൽ  ചെയറിന്റെ  ഹാൻഡ്  റെസ്റ്റിൽ   ആഞ്ഞടിച്ചു. 

”  ഞാനെന്നാ  ചെയ്യാനാടോ ???  ഞാനറിഞ്ഞോ  അവളവനെ  കേറി   പ്രേമിക്കുമെന്ന്.  ഞാനും   ഇപ്പോഴല്ലേ  അറിയുന്നത്.  ഇനിയതും  പറഞ്ഞിരുന്നിട്ട്   കാര്യമില്ല  ഇതിൽ   നിന്നവളെ  എങ്ങനെ   രക്ഷിക്കാമെന്നാലോചിക്കാം.  “

എന്തോ  ആലോചിച്ചുപല്ല്   കടിച്ചുകൊണ്ടിരുന്ന   ലോറൻസിനെ  നോക്കി  അയാൾ  പറഞ്ഞു. 

”  ആലോചിക്കാനൊന്നുമില്ല…. എന്റെ   മോൻ   തന്റെ   മോളെയൊരുപാട്   മോഹിച്ചതാ.  അത്   മാത്രേ   ജീവിതത്തിലവനെന്നോടാവശ്യപ്പെട്ടിട്ടുള്ളു.  എന്ത്   വിലകൊടുത്തും   അതെനിക്ക്   സാധിച്ചുകൊടുത്തേമതിയാവു.  അതിനിനിയൊരൊറ്റ   വഴിയേയുള്ളൂ.  അവൻ…. ആ  ആൽവിൻ   ചത്തൊടുങ്ങണം.  ആ  ചെകുത്താന്റെ   ആയുസ്   നമ്മുടെ   കൈകൊണ്ടൊടുങ്ങണം.  എങ്കിൽ   മാത്രേ   നമുക്കവളെ   തിരികെക്കിട്ടൂ….. “

അയാൾ  പറഞ്ഞതിന്   മറുത്തൊരക്ഷരം  പറയാതെ   തല   കുലുക്കി  സമ്മതമറിയിക്കുമ്പോൾ   ഐസക്കിന്റെ  കടപ്പല്ലുകളും   ദേഷ്യത്തിൽ   ഞെരിഞ്ഞുടയുകയായിരുന്നു. 

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!