“”ഈ നാശം പിടിക്കുന്നവൾ ഇരിക്കുന്നിടം മുടിയും….
കെട്ടിച്ചു വിട്ടാൽ കെട്ടിയോന്റെ കൂടെ കഴിയണം അല്ലാതെ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ട് ആവാൻ ഇങ്ങോട്ട് വരരുത്….
രാവിലെ തന്നെ ദേവിക പതിവ് വാചകങ്ങൾക്ക് തുടക്കം കുറിച്ചു….
അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിനിടയിലും ഏട്ടത്തിയുടെ വാക്കുകൾ ഹിമയുടെ കാതുകളിൽ തുളച്ചു കയറി..
ഏട്ടത്തിയുടെ കുത്തുവാക്കുകൾ മുറിവേറ്റ അവളുടെ ഹൃദയത്തിന് മേൽ വീണ്ടും വീണ്ടും മുറിവേൽപ്പിച്ചു കൊണ്ടിരുന്നു..
നിശബ്ദമായി അവളുടെ കണ്ണുകൾ തേങ്ങി..
“”എന്റെ ദേവികേ നീ ഒന്ന് മിണ്ടാതിരിക്ക്….
രാവിലെ തന്നെ ആ പാവത്തിനെ ഇട്ടു കരയിക്കണോ….?
ഹരിയുടെ ചോദ്യം ദേവികയെ തെല്ലൊന്ന് ദേഷ്യം പിടിപ്പിച്ചു…..
“”ഓ പുന്നാര പെങ്ങളെ പറഞ്ഞപ്പോൾ നിങ്ങൾക്ക് നൊന്തോ….?
നെറ്റി ചുളിച്ചു പരിഹാസം കലർത്തി അവൾ ചോദിച്ചു….
“”നീ ഇങ്ങനൊക്കെ സംസാരിക്കാൻ മാത്രം അവളെന്ത് തെറ്റാടി ചെയ്തത്….?
ഈ വീട്ടിലെ സകല പണിയും അവളല്ലേ ചെയ്യുന്നത്….?
“”അച്ചോടാ എന്നാൽ പിന്നെ നിങ്ങൾ പെങ്ങളെ പിടിച്ചു മടിയിൽ ഇരുത്തിക്കോ….
ഉണ്ണാറാവുമ്പോൾ രണ്ടിന്റെയും അണ്ണാക്കിലേക്ക് ഞാൻ ഉരുട്ടി തരാം….
പരിഹാസത്തിനൊപ്പം ദേഷ്യവും അവളുടെ വാക്കുകളിൽ കലർന്നു..
“”ദേ മനുഷ്യാ
തളർന്നു കിടക്കുന്ന നിങ്ങളുടെ ചിലവിൽ അല്ല ഈ കുടുംബം കഴിയുന്നത്….
എന്റെ ഔദാര്യത്തിൽ ആണ് രണ്ടും മൂന്നു നേരം കഞ്ഞി കുടിച്ചു പോവുന്നത് ആ ഓർമ്മ വേണം..
വയ്യാത്ത നിങ്ങളെയും വെച്ചു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ..
അതിനിടയിൽ ആണ് കെട്ടിയോനെയും വേണ്ടെന്ന് വെച്ച് നിങ്ങളുടെ പുന്നാര പെങ്ങൾ ഇവിടെ വന്നു നിൽക്കുന്നത്..
ഈ തറവാട് ഇങ്ങനെ നശിക്കാൻ കാരണം തന്നെ അവളാണ്..
ശാപം പിടിച്ച ജന്മം…..
എന്നെ കൊണ്ടു കൂടുതൽ ഒന്നും പറയിക്കേണ്ട..
ദേവികയുടെ ശബ്ദം കനത്തതും ഹരി നിശബ്ദനായി…..
ഒന്ന് അനങ്ങാൻ പോലുമാവാതെ കട്ടിലിൽ കിടക്കുന്ന തന്റെ നിസ്സഹായത ഓർത്തവന്റെ നെഞ്ച് പിടഞ്ഞു…..
താൻ നെഞ്ചിലേറ്റി ലാളിച്ച കുഞ്ഞി പെങ്ങളെ കുറിച്ചാണ് തന്റെ ഭാര്യ ഇപ്പോൾ ശാപജന്മം എന്ന് പറഞ്ഞത്….
ശെരിയാണ് എല്ലാവരുടെയും കുത്തുവാക്കുകൾ കേൾക്കാൻ മാത്രം വിധിക്കപ്പെട്ട ജന്മം…..
അവൾക്ക് ജന്മം നൽകിയപാടെ അമ്മ മരിച്ചു….
പിന്നാലെ ഒരാഴ്ച തികയും മുൻപ് തന്നെ അറ്റാക്ക് വന്ന് അച്ഛനും മരിച്ചു….
അതോടെ ശാപ ജന്മം എന്നൊരു ജാതക കുറിപ്പ് അവളുടെ തലക്ക് മുകളിൽ ജോത്സ്യൻ കുറിച്ചിട്ടു…..
കടുത്ത നാഗദോഷവും പേറിയാണത്രെ അവളുടെ ജനനം…..
അതറിഞ്ഞ നിമിഷം മുതൽ തുടങ്ങിയ പരിഹാര കർമങ്ങൾ ക്കൊന്നും അവളുടെ വിധിയെ മാറ്റാൻ ആയില്ല…..
അമ്മയും അച്ഛനുമില്ലാത്ത കുറവ് അറിയിക്കാതെ പത്തു വയസുള്ള തന്റെ നെഞ്ചിലെ ചൂട് പറ്റി തന്റെ നെഞ്ചിൽ കിടന്ന് അവൾ വളരുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി മായാതെ ഇരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു..
പരിഹാസവും കുത്തുവാക്കുകളും കൊണ്ടു വരുന്നവരെ ആട്ടി പായിച്ചിരുന്നു..
എന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു..
അവളുടെ സന്തോഷമായിരുന്നു എന്റെ സന്തോഷം..
എനിക്ക് അവളും അവൾക്ക് ഞാനും മാത്രം മതി എന്നും പറഞ്ഞു
പരസ്പരം സന്തോഷത്തോടെ ഞങ്ങൾ ജീവിതം മുന്നോട്ട് പോവുന്നതിനിടയിൽ ആയിരുന്നു ബന്ധുക്കൾ ദേവികയുടെ ആലോചനയുമായി വന്നത്..
എനിക്ക് തുണയാവുക എന്നതിനേക്കാൾ എന്റെ കുഞ്ഞനിയത്തിക്ക് ഒരമ്മയുടെ വാത്സല്യം കിട്ടുമല്ലോ എന്നവർ പറഞ്ഞപ്പോൾ എന്റെ മനസ്സിന് ഒരു ചാഞ്ചാട്ടം ഉണ്ടായി..
ഹിമയുടെ നിർബന്ധം കൂടി ആയപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല ദേവികയെ ഞാൻ വിവാഹം കഴിച്ചു…..
പക്ഷേ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു..
വന്ന് കേറി കുറച്ചു നാളുകൾ കൊണ്ട് തന്നെ അവളുടെ യഥാർത്ഥ സ്വഭാവം പുറത്തു വന്നു…..
ഒളിഞ്ഞും തെളിഞ്ഞും അവൾ ഹിമയെ വാക്കുകൾ കൊണ്ട് കുത്തി നോവിച്ചു….
പക്ഷേ ഒന്നും എന്നോട് തുറന്നു പറയാതെ എല്ലാം ഉള്ളിലൊതുക്കി എനിക്ക് മുന്നിൽ സന്തോഷം അഭിനയിച്ചാണ് ആയി എന്റെ പെങ്ങൾ ഇവിടെ കഴിഞ്ഞിരുന്നത് എന്ന് ഞാൻ അറിയാൻ ഒരുപാട് വൈകി….
അപ്പോഴേക്കും ഒന്ന് എഴുന്നേറ്റു നിൽക്കാൻ ത്രാണി ഇല്ലാത്ത വിധം ദൈവം എന്നെ കട്ടിലിൽ കിടത്തിയിരുന്നു ….
ഒരാക്‌സിഡന്റിൽ എന്റെ അരക്ക് കീഴ്പോട്ട് തളർന്നു പോയി…
മരുന്നിനും മറ്റുമായി ഒരുപാട് കാശു ചിലവായി..
അതോടെ ദേവിക കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു….
അതിനോട് ഇടക്ക് ആണ് ഹിമക്ക് ഒരു കമ്പനിയിൽ ജോലി കിട്ടിയത് ….
അവളുടെ ജീവിതം രക്ഷപെടും എന്നോർത്ത് ഇരിക്കുമ്പോൾ ആണ് ഒരു കല്യാണ ആലോചനയുമായി ദേവികയുടെ ബന്ധു വന്നത്….
അവരുടെ അകന്ന ബന്ധത്തിൽ പെട്ടൊരു പയ്യന് വേണ്ടി ആയിരുന്നു ഹിമയെ പെണ്ണ് ചോദിച്ചു വന്നത്….
വിശാൽ..
ചെക്കന്റെ പേര് അതായിരുന്നു..
ചെറിയ ബിസിനസ് ആണ് ജോലി എന്നൊക്കെ പറഞ്ഞാണ് വന്നത്..
പിന്നെ നാഗദോഷം ഒന്നും അവന് പ്രശ്നം അല്ല എന്ന് പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല ആ കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു….
എതിർപ്പ് ഒന്നും പ്രകടിപ്പിക്കാതെ ഹിമയും കല്യാണത്തിന് തയ്യാറായി..
ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ അവളെ അവന് ഏൽപ്പിച്ചു കൊടുത്തത്…..
പക്ഷേ വരാരിനിരിക്കുന്ന ദുർവിധികൾ മുൻകൂട്ടി അറിയാനുള്ള കഴിവ് എനിക്കില്ലാതെ പോയി …..
ശാന്തമായി കത്തി ജ്വലിക്കുന്ന കാഴ്ചയിൽ ഭംഗി തോന്നുന്ന വിളക്കിലെ അഗ്നിയിലേക്ക് അടുക്കാൻ മോഹിച്ച പ്രാണിയുടെ കണക്കിന് അവളുടെ ജീവിതം നാശത്തിലേക്ക് ആയിരുന്നു..
ആദ്യരാത്രി തന്നെ മദ്യത്തിന്റെ ലഹരിയിൽ ശരീരികമായി അവളെ അവൻ ഉപദ്രവിച്ചു….
അവളുടെ ശരീരത്തെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചവൻ പരാജയപ്പെട്ടു..
അതിന്റെ ദേഷ്യം അവൻ തീർത്തത് എങ്ങനെ എന്ന് അടിയേറ്റ് വീങ്ങിയ അവളുടെ മുഖവും സിഗരറ്റ് കൊണ്ടുള്ള പൊള്ളലേറ്റ കൈകളും കണ്ടപ്പോൾ എനിക്ക് മനസ്സിലായി…..
പിറ്റേന്ന് തന്നെ തന്റെ മുന്നിൽ വന്നു നിന്ന് കരഞ്ഞ അവളുടെ മുഖം മനസ്സിൽ നിന്നും ഇന്നും മാഞ്ഞിട്ടില്ല…..
പക്ഷേ അതൊന്നും വക വെക്കാതെ അവളെ വലിച്ചിഴച്ചു അവന്റെ ഒപ്പം പറഞ്ഞു വിടാൻ ആണ് ദേവിക നോക്കിയത്…..
അതിൽ അവൾ വിജയിക്കുകയും ചെയ്തു ..
നിറകണ്ണുകളോടെ ഹിമ ഈ പടിയിറങ്ങുമ്പോൾ തടയാൻ ആവാത്ത എന്റെ നിസ്സഹായവസ്ഥ ഓർത്ത് ഞാൻ എത്രയോ വട്ടം സ്വയം ശപിച്ചു …..
മദ്യത്തിനും മയക്കു മരുന്നിനും അടിമയായ ഒരുത്തന്റെ കൈയിലാണ് തന്റെ പെങ്ങളുടെ ജീവിതം ഏൽപ്പിച്ചത് എന്നറിഞ്ഞപ്പോൾ ആകെ തകർന്ന് പോയി..
ദേവികയുടെ വാക്ക് വിശ്വസിച്ചു ഹിമയെ അവനെ പോലെ ഒരുത്തന്റെ കൈയിൽ ഏൽപ്പിച്ച നിമിഷത്തെ ഓർത്തെന്റെ നെഞ്ച് നീറി പുകഞ്ഞു….
പിന്നീടുള്ള ദിവസങ്ങളിൽ ഹിമക്ക് ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾക്ക് കൈയും കണക്കുമില്ല….
അവൾക്ക് കൊടുത്ത സ്വർണ്ണവും മറ്റും അവൻ വിറ്റ് തുലച്ചു..
അവളെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടേയിരുന്നു ….
പട്ടിണിക്കിട്ടു..
അമ്മായിയമ്മ പോലും അവളെ വെറുതെ വിട്ടില്ല….
വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും അവളെ അവരും നോവിച്ചു..
അങ്ങനെ തീരെ നിവർത്തി ഇല്ലാതെ വന്നപ്പോൾ ആണ് അവളൊന്ന് പ്രതികരിച്ചത്…..
പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റും കൊടുത്തവൾ അവിടെ നിന്നും ഇറങ്ങി ഇങ്ങോട്ടേക്കു വന്നിട്ടിപ്പോൾ ഒരാഴ്ച്ച ആവുന്നു….
അന്ന് മുതൽ ദേവിക അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കുകയാണ്….
എല്ലാം സഹിച്ചു കണ്ണീരോടെ എന്റെ കാൽക്കൽ വന്നിരുന്നു അവൾ കരയുബോൾ എന്റെ ഹൃദയം നൊന്തു പിടയും…..
ആ കണ്ണീരിൽ ഞാൻ വെന്ത് നീറും..
നിറഞ്ഞൊഴുകുന്ന എന്റെ മിഴികളെ തുടച്ചവൾ സാരമില്ല ഏട്ടാ എന്ന് പറഞ്ഞു പുഞ്ചിരിക്കാൻ വെറുതെ ശ്രമിക്കുന്നത് കാണുമ്പോൾ പെങ്ങളെ സംരക്ഷിക്കാൻ കഴിവില്ലാത്ത എന്റെ അവസ്ഥയെ ഓർത്തു ഞാൻ സ്വയം ഉരുകി പോവാറുണ്ട് …..
ഹരി കിടക്കയിൽ കിടന്നു ഓരോന്നും ഓർത്തെടുത്തു..
——————————————————
“”അതേ എനിക്ക് ജോലിക്ക് പോവാൻ നേരമായി കഴിക്കാൻ വല്ലതും ഉണ്ടാക്കിയോ നീ..?
കുറച്ചു പാത്രങ്ങളും എടുത്തു കഴുകാൻ തുടങ്ങിയിട്ട് ആണെങ്കിൽ മണിക്കൂർ ഒന്നായി..
അടുക്കളയിൽ എത്തിയ ദേവിക ഹിമക്ക് നേരെ കയർത്തു..
“”ഉണ്ടാക്കിയിട്ടുണ്ട്….
ഇപ്പോൾ തരാം ഏട്ടത്തി എന്നും പറഞ്ഞു ഹിമ വേഗം കൈ കഴുകി ദോശയും ചമ്മന്തിയും പ്ലേറ്റിൽ ആക്കി ദേവികക്ക് എടുത്തു കൊടുത്തു…..
പിന്നീട് കുറച്ചു കഴിഞ്ഞതും ദേവികക്ക് ഉച്ചക്കത്തേക്കുള്ള ഭക്ഷണം ചോറ്റും പാത്രത്തിൽ ആക്കി തോർത്ത് കൊണ്ടു പാത്രത്തിന്റെ മുകള് തുടച്ചു
ദേവികക്ക് കൊണ്ടു പോയി കൊടുത്തു….
ഒരൽപ്പം ഗൗരവത്തോടെ നെറ്റി ചുളിച്ചവളെ നോക്കി അത് വാങ്ങി ബാഗിൽ വെച്ചുകൊണ്ട് ദേവിക ജോലിക്ക് പോവാനായി ഇറങ്ങി…..
ഏട്ടത്തി നടന്നു പോവുന്നതും നോക്കിയവൾ അൽപ്പം നേരം ഉമ്മറത്തു നിന്നു..
പിന്നീട് ചെന്ന് എട്ടനുള്ള ഭക്ഷണവും മരുന്നും കൊടുത്തവൾ ഉമ്മറ പടിയിൽ വന്നിരുന്നു….
മുറ്റത്തു നിന്ന റോസാ പൂവുകളിലേക്ക് അവൾ നോട്ടം എത്തി..
വാടി കരിഞ്ഞവ വീഴാറായിരിക്കുന്നു….
കാറ്റിൽ അവയുടെ ഇതളുകൾ കുറച്ചു കൊഴിഞ്ഞു വീണു നിലത്ത് കിടക്കുന്നു..
തന്റെ ജീവിതവും കരിഞ്ഞുണങ്ങി കഴിഞ്ഞിരിക്കുന്നു..
ഏട്ടനൊപ്പം താൻ തുള്ളിച്ചാടി നടന്ന വീട്ടിൽ ഇന്ന് തനിക്ക് വേലക്കാരിയുടെ സ്ഥാനം ആണുള്ളത്….
ഒരുപക്ഷേ അതിലും താഴെ….
ഭാഗ്യം കെട്ട ജന്മം..
ഏട്ടത്തി പറഞ്ഞത് പോലെ ഞാൻ എല്ലാവർക്കും ഒരു ഭാരമാവുന്ന ശാപ ജന്മം …..
ചിന്തകൾ കാട് കേറി മനസ്സ് പിടിവിട്ടു പോവുന്ന നിമിഷങ്ങളിലൊക്കെ മരിച്ചാലോ എന്നൊരു തോന്നൽ ശക്തമായി എന്റെ മനസ്സിനെ മുട്ടി വിളിക്കും….
പക്ഷേ അപ്പോഴൊക്കെ ഏട്ടന്റെ മുഖം മനസ്സിൽ മിന്നി മറയും….
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതൊരിക്കലും എന്റെ ഏട്ടന് താങ്ങാനാവില്ല….
നീറി നീറി ആ പാവം ജീവിക്കേണ്ടി വരും..
ഏട്ടനെ വിഷമിപ്പിക്കാൻ വയ്യ…..
അതുകൊണ്ട് തന്നെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ജീവിച്ചേ പറ്റൂ….
ഇത് എന്റെ വിധിയാണ്….
ആർക്കും മാറ്റാനാവാത്ത വിധി….
എന്നാലും എന്റെ നാഗത്താന്മാരെ എത്രയൊക്കെ പൂജയും വഴിപാടും ഞാൻ നടത്തി….
എന്നിട്ടും.. എന്നിട്ടും എന്നോട് മാത്രം എന്തിനാണ് ഈ ക്രൂരത…..
ഇതിന് മാത്രം എന്ത് തെറ്റാണ് നിങ്ങളോട് ഞാൻ ചെയ്തത്…..
പൊട്ടിക്കരച്ചിലോടെ അവളത് പറയുമ്പോൾ അവളുടെ കവിളത്തടങ്ങളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണീർ തുള്ളികൾ പോലും ആ ചോദ്യം ആവർത്തിക്കുന്നത് പോലെ തോന്നി….
ആ കണ്ണുകൾ നിറഞ്ഞൊഴുകാത്ത ദിവസങ്ങൾ ഇല്ലായിരുന്നു…..
ഓർമ്മകൾ ഓരോന്ന് കുത്തി നോവിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മുറ്റത്തൊരു ബൈക്ക് വന്നു നിന്നത്..
നിറഞ്ഞൊഴുകിയ കണ്ണീരവൾ കൈകൾ കൊണ്ട് തുടച്ചു ….
ആരെന്ന ആകാംഷയോടെ അവൾ അയാളെ നോക്കി..
ബൈക്കിൽ നിന്നും ഇറങ്ങി ഹെൽമെറ്റ് ഊരിയതും ആ മുഖം കണ്ടവൾ ഞെട്ടി..
“വിശാൽ ”
അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു..
ചുരുണ്ടു അലങ്കോലമായ മുടി..
മുഖത്തു ഗൗരവ ഭാവം..
അവന്റെ കണ്ണുകൾ ചുവന്നിരിക്കുന്നു..
ആരുടെയോ ബൈക്കുമായി അവനിപ്പോൾ ഇങ്ങോട്ട് വന്നതിന് പിന്നിൽ
എന്താവും ഉദ്ദേശം എന്നറിയാതെ ഹിമ ഒന്ന് പരിഭ്രമിച്ചു….
“”നീയെന്താടി ഇങ്ങനെ നോക്കുന്നത്..
എന്നെ കണ്ടിട്ടില്ലേ..
അതോ അവിടുന്ന് പോന്നത്തോടെ ഇങ്ങനെ ഒരു ഭർത്താവ് ഉള്ള കാര്യം നീ മറന്നോ….
അവൾക്കരികിലേക്ക് വന്നവൻ അത് ചോദിക്കുബോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ നാസികയെ തുളച്ചു കയറി…..
ദേഷ്യത്തോടെ അവൾ മുഖം വെട്ടിച്ചു..
“”നിങ്ങൾ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്..
എനിക്ക് നിങ്ങളെ കാണുന്നത് പോലും വെറുപ്പാണ്..
“”അങ്ങനങ്ങു പറഞ്ഞാൽ എങ്ങനെ ആണെടി ശെരിയാവുക ഞാൻ നിന്റെ ഭർത്താവല്ലേ അപ്പോൾ പിന്നെ നിന്നെ കാണാനും ഇവിടെ വരാനും ഉള്ള അവകാശം എനിക്കുണ്ട്….
“””കഴുത്തിൽ ഒരു താലി കെട്ടി എന്നുവെച്ചു ഭർത്താവ് ആവില്ല….
കെട്ടിയ പെണ്ണിനെ സന്തോഷത്തോടെ നോക്കാനും കഴിയുന്നൊരു ആണാവണം ഭർത്താവ്….
“”ഫ്പാ ചൂലേ ഞാൻ ആണാണോ എന്ന് നിന്നെ ഇനി തെളിയിച്ചു കാണിക്കണോ എന്നും ചോദിച്ചു ഹിമയുടെ കഴുത്തിൽ കുത്തി പിടിച്ചവൻ ഭിത്തിയിലേക്ക് ചേർത്തു….
അവന്റെ പിടി മുറുകിയതും ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു ….
വെപ്രാളത്തോടെ അവന്റെ കൈയിലെ പിടി അയക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു..
“””മോളെ ആരാടി അത്…..
അകത്ത് നിന്നും ഹരിയുടെ ചോദ്യം ഉയർന്നതും വിശാൽ ഹിമയുടെ കഴുത്തിലെ പിടി വിട്ടു….
“”ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും ത്രാണിയില്ലാത്ത നിന്റെ ഏട്ടനെ കണ്ട് എന്റെ നേരെ ചാടാൻ നീ നിക്കരുത്..
കൊന്നു കുഴിച്ചു മൂടും ഞാൻ പന്ന പുന്നാര മോളെ ….
ഹിമയുടെ നേർക്ക് നോക്കി ആക്രോശത്തോടെ അവൻ പറഞ്ഞു..
കഴുത്തിലെ പിടി അയഞ്ഞതും ഒരു നിമിഷം ശ്വാസമെടുക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി …..
“”എനിക്ക് കുറച്ചു കാഷിന്റെ ആവശ്യമുണ്ട് അതിനാണ് ഞാൻ ഇപ്പോൾ വന്നത്….
“”ഇവിടെ കാഷില്ല.. ഉണ്ടായിരുന്ന കാഷും സ്വർണ്ണവും എല്ലാം നിങ്ങൾ കൊണ്ടു പോയി നശിപ്പിച്ചില്ലേ..?
“”അതൊന്നും എന്റെ കുഴപ്പം അല്ല.. നിന്നെ പോലൊരു ശാപ ജന്മത്തെ കെട്ടിയത് കൊണ്ട് നശിച്ചു പോയതാണ്….
“”നിങ്ങൾ ഇനി എന്തൊക്ക പറഞ്ഞാലും നിങ്ങൾക്ക് തരാൻ ഇവിടെ കാഷില്ല..
ഹിമ വിശാലിന്റെ മുഖത്ത് നോക്കി തീർത്തു പറഞ്ഞു..
“”അപ്പോൾ കാഷ് തരില്ല എന്നാൽ പിന്നെ എനിക്ക് ദേ ഇതായാലും മതി എന്നും പറഞ്ഞവൻ അവളുടെ കഴുത്തിലെ താലി മാല വലിച്ചു പൊട്ടിച്ചെടുത്തു….
പെട്ടെന്ന് തന്നെ മാല തിരികെ പിടിച്ചു വാങ്ങാൻ ശ്രമിച്ചവളെ പിടിച്ചു ഭിത്തിയിലേക്ക് അവൻ തള്ളി….
അവളുടെ തല ചെന്നു ഭിത്തിയിൽ ഇടിച്ചു….
“””ഇത് കൊണ്ടൊന്നും അവസാനിച്ചെന്ന് കരുതേണ്ട ഞാൻ ഇനിയും വരും എന്നും പറഞ്ഞവൻ അവിടെ നിന്നും ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു പോവുന്നതും നോക്കിയവൾ ഭിത്തിയിൽ ചാരി കൊണ്ടു നിലത്തേക്ക് ഊർന്നിരുന്നു….
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു …..
(തുടരും…)
(കണ്ണീരും സന്തോഷവും പ്രണയവും ഒക്കെ ഇടകലർന്ന ഒരു കുഞ്ഞു തുടർകഥയാണിത്…
നിങ്ങളുടെ സപ്പോർട്ടും സ്നേഹവും ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ…
സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
രണ്ടാം താലി
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Janmam written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission