രണ്ടാം ജന്മം – 10

2470 Views

randam janmam

കാർ കുറച്ചു ദൂരം പിന്നിട്ടിട്ടും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.

ഡേവിഡ്  ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു മുന്നോട്ടു തന്നെ നോക്കി ഇരുപ്പാണ്..

ഹിമ ഗ്ലാസ്സ് താഴ്ത്തി പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു..

നിറയെ മരങ്ങൾ, ചെറു തോടുകൾ, പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങൾ, പുൽമേടുകൾ, വഴിയോര കടകൾ അങ്ങനെ നിരവധി കാഴ്ചകൾ അവളുടെ മുന്നിലൂടെ കടന്നു പോയി….

“”താൻ എന്താടോ ഒന്നും മിണ്ടാത്തത്..?

കാറിനുള്ളിലെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഡേവിഡ് ചോദിച്ചു.

“”ഹേയ് ഒന്നുമില്ല..

ഞാൻ ഡേവിഡിനെ നോക്കി കൊണ്ട് മറുപടി നൽകി.

“”എനിക്ക് അറിയാം ഈ യാത്ര തനിക്ക് ഇഷ്ടമായിട്ടില്ലെന്ന് ..

എന്നെ ഇപ്പോഴും അങ്ങോട്ട് പൂർണ്ണമായും ഉൾകൊള്ളാൻ പറ്റുന്നില്ല അല്ലേ..?

“”മ്മം അതുപിന്നെ ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്..

നിങ്ങൾക്ക് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടുമെന്നിരിക്കെ ജാതകദോഷമുള്ള വിധവ ആയ പോരാത്തതിന് അന്യമതക്കാരി കൂടിയായ എന്നെ തന്നെ എന്തിന് കെട്ടണം എന്ന് വാശിപിടിച്ചു….

എനിക്ക് ആദ്യം അതിനുള്ള ഉത്തരം കിട്ടണം..

അത് കേട്ടതും ഡേവിഡ് പതിയെ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി.

പിന്നെ എന്നെ ഒന്ന് നോക്കി..

ഞാൻ വളരെ ആകാംഷയോടെ ഡേവിഡിന്റെ വാക്കുകൾക്ക് ആയി കാതോർത്തു ഇരുന്നു..

“”ഇതാണോ തന്റെ പ്രശ്നം..

എന്നും ചോദിച്ചു ഡേവിഡ് ഒന്ന് പുഞ്ചിരിച്ചു..

“”എന്റെ പെണ്ണേ പ്രണയത്തിന് അങ്ങനെ ജാതിയും മതവും ഒന്നുമില്ല..

പിന്നെ നീ വിധവ ആയി പോയത് ഒരു കുറവായൊന്നും ഞാൻ കാണുന്നില്ല..

പിന്നെ ഈ ജാതക ദോഷം..

ഞാനൊരു ക്രിസ്ത്യാനി ആയത് കൊണ്ടാണോ എന്നൊന്നുമറിയില്ല

എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം ഇല്ല….

തന്നെ പലപ്പോഴായി ഞാൻ കണ്ടിട്ടുണ്ട്….

കണ്ടപ്പോൾ ഒരിഷ്ടം ഒക്കെ തോന്നിയിരുന്നു..

പിന്നെ ആ ഇഷ്ടം തന്നെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഒന്നൂടി കൂടി….

പിന്നെ ഒന്നും ആലോചില്ല നേരെ തന്റെ വീട്ടിലേക്ക് വന്നു പെണ്ണ് ചോദിച്ചു ഒടുവിൽ  തന്റെ കഴുത്തിൽ ഒരു മിന്നും കെട്ടി ഞാൻ അങ്ങ് സ്വന്തമാക്കി..

പോരെ വിശദീകരണം..

അല്ല ഇനിയും തനിക്കെന്റെ സ്നേഹത്തിൽ വിശ്വാസമില്ലെങ്കിൽ..

അത് വരാൻ ഞാനിനി എന്ത്‌ ചെയ്യണമെന്ന് താൻ പറ ഞാൻ ചെയ്യാം..

ഡേവിഡിന്റെ വാക്കുകൾ ഹിമയുടെ മനസ്സിന് പൂർണ്ണമായ തൃപ്തി നൽകിയില്ലെങ്കിലും..

ആ വാക്കുകൾ കേട്ടപ്പോൾ തന്റെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞു പോയത് പോലെ അവൾക്ക് തോന്നി..

“”ഒന്നും വേണ്ട എനിക്ക് കുറച്ചു സമയം ആവശ്യമാണ്..

പെട്ടെന്ന് എന്തോ ഒന്നും അംഗീകരിക്കാൻ എനിക്ക് കഴിയുന്നില്ല..

നേർത്ത സ്വരത്തിൽ ഹിമ പറഞ്ഞു..

“”അതിനെന്താടോ എനിക്ക് തന്നെ മനസ്സിലാവും..

ആദ്യ വിവാഹത്തിൽ തനിക്കു നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ഒക്കെ ഞാനും അറിഞ്ഞിരുന്നു..

ഒരുപക്ഷേ അതൊക്കെ മനസ്സിൽ കിടക്കുന്നത് കൊണ്ടാവും താൻ ഇങ്ങനെ..

സാരമില്ല എല്ലാം പതിയെ ശെരിയാവും എനിക്കുറപ്പുണ്ട്..

ഞാൻ കാത്തിരുന്നോളാം..

അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ടു ഡേവിഡ് വണ്ടി വീണ്ടും സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു യാത്ര തുടർന്നു..

ശെരിയായിരിക്കാം ചിലപ്പോൾ ഡേവിഡ് പറഞ്ഞത് പോലെ ആദ്യ വിവാഹത്തിൽ എനിക്ക് ഉണ്ടായ വേദനകൾ തന്നെ ആവും ഡേവിഡിലേക്ക് അടുക്കാൻ എനിക്ക് തടസ്സം ആവുന്നത്..

ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയുമ്പോലെ ഉള്ളൊരവസ്ഥ..

ഹിമയുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..

പെട്ടെന്നാണ് ഡേവിഡ് വണ്ടിയിൽ പാട്ട് വെച്ചത്….

“”നീ ഹിമമഴയായ് വരൂ…

ഹൃദയം അണിവിരലാൽ തൊടൂ…

ഈ മിഴിയിണയിൽ സദാ…

പ്രണയം മഷിയെഴുതുന്നിതാ…

ശിലയായി നിന്നിടാം…

നിന്നെ നോക്കീ…

യുഗമേറെയെന്റെ കൺ…

ചിമ്മിടാതെ…

എൻ ജീവനേ…””

പ്രണയമധുരം വിളിച്ചോതുന്ന മനോഹരമായ പാട്ട് കാറിനുള്ളിൽ ഒഴുകി നടക്കുമ്പോൾ ഡേവിഡ് ഇടക്കിടെ പാളിയെന്നെ  നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു….

പക്ഷേ അതൊന്നും അറിയാത്ത മട്ടിൽ  മട്ടിൽ ഞാൻ പിന്നെയും പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നു..

“”ഹിമ ഇതിന് മുൻപ് മൂന്നാർ വന്നിട്ടുണ്ടോ..?

“”ഇല്ല ഞാൻ എന്റെ നാട് വിട്ട് എവിടെയും പോയിട്ടില്ല..

പിന്നെ അടുത്തൊക്കെ ഉത്സവം വരുമ്പോൾ ഏട്ടൻ അവിടൊക്കെ കൊണ്ടു പോവാറുണ്ടായിരുന്നു..

തിടമ്പേറ്റി നിൽക്കുന്ന കരിവീരന്മാരും ചെണ്ട മേളവും ഗാനമേളയും നൃത്തവും ഒക്കെ കണ്ടു നടക്കും..

പിന്നെ കുറേ വളയും മാലയും പൊട്ടും ഒക്കെ വാങ്ങും..

ഏട്ടന്റെ വിരൽ തുമ്പിൽ പിടിച്ചു നടന്നുള്ള ആ ദിവസങ്ങൾ ഇപ്പോഴും ഓർമ്മയിൽ മായാതെ ഉണ്ട്..

ഏട്ടന് വയ്യാതെ ആവും വരെ അതെല്ലാം കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി..

പിന്നെ ഒരിക്കലും..

വാക്കുകൾ പൂർത്തിയാവാതെ ഹിമയുടെ മിഴികൾ നിറഞ്ഞു തുടങ്ങി..

“”അയ്യേ അപ്പോഴേക്കും കരഞ്ഞോ താൻ ..

ഇനിയിപ്പോൾ ഞാനില്ലേടോ കൂടെ..

താൻ ഒന്ന് പറഞ്ഞാൽ മതി എവിടെ വേണേലും കൊണ്ടോവാം ഞാൻ.. പോരെ ..

ഇനി ആ കണ്ണ് തുടച്ചിട്ട് ഒന്ന് ചിരിച്ചേ..

ഇല്ലെങ്കിൽ പിന്നെ വണ്ടി ഓടിക്കാനുള്ള എന്റെ മൂഡ്‌ പോവും..

ഡേവിഡ് പറഞ്ഞത് കേട്ട് ഞാൻ കണ്ണുനീർ തുടച്ചു ചെറുതായൊന്നു പുഞ്ചിരിച്ചു..

“”ഹാ അങ്ങനെ.. ഇനി താൻ കരയാൻ പാടില്ല.. കേട്ടല്ലോ..

ശെരി എന്ന മട്ടിൽ ഞാൻ തലയാട്ടി..

വണ്ടി ദൂരങ്ങൾ പിന്നെയും പിന്നിട്ടു കൊണ്ടിരുന്നു ..

വെയിലാറി തുടങ്ങി..

സൂര്യൻ അസ്‌തമിക്കാൻ വെമ്പൽ കൊണ്ടു തുടങ്ങി..

അവിടിവിടായി പാൽകുടങ്ങൾ ചിന്നി ചിതറിയ പോലെ  കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങൾ കാണാം..

കാർ മൂന്നാറിലേക്ക് പ്രവേശിച്ചു ..

പച്ച പുതച്ചു നിൽക്കുന്ന തേയില തോട്ടങ്ങളിലേക്ക് ഒരു കാമുകനെ പോലെ മഞ്ഞ് അതിന്റെ കരങ്ങൾ നീട്ടി പൊതിയുകയാണ്..

സ്വർണ്ണ വർണ്ണം ചാർത്തി കൊണ്ടു സൂര്യ രശ്മികൾ മഞ്ഞിനു കൂടുതൽ മിഴിവേകി..

വഴിയരികിൽ ഒക്കെ യുവ മിഥുനങ്ങളടക്കം ഒരുപാട് സഞ്ചാരികൾ..

പലരും നിർത്തിയിട്ടു കുശലം പറഞ്ഞു നിൽക്കുന്നു..

തേയില നുള്ളാൻ പോയ സ്ത്രീകൾ പാതയുടെ ഓരം ചേർന്ന് വരി വരിയായി പോവുന്നത് ഇടക്കൊക്കെ കണ്ടു..

പാതി താഴ്ത്തിയിട്ടിരുന്ന ഗ്ലാസ്‌ ഡോറിലൂടെ മഞ്ഞിന്റെ കുളിരുമായി വന്ന മഞ്ഞു നനവാർന്ന കാറ്റ് എന്നെ കുളിര് കൊള്ളിച്ചു..

ശരീരമാകെ ചെറുതായി വിറ കൊണ്ടു.

“”അതേ കാറ്റടിച്ചു കേറുമ്പോൾ നല്ല തണുപ്പ് ഉണ്ടാവും താൻ ആ ഗ്ലാസ്സ് കേറ്റി ഇട്ടോളൂ..

ഡേവിഡ് പറഞ്ഞതും ഞാൻ ഗ്ലാസ്സ് കേറ്റി ഇട്ടു..

കുറച്ചു ദൂരം കൂടി ചെന്നതും ഡേവിഡ് വഴിയരികിൽ വണ്ടി നിർത്തി ഇറങ്ങി എന്നോടും ഇറങ്ങാൻ പറഞ്ഞു.

ഡോർ തുറന്നു വെളിയിൽ ഇറങ്ങിയപ്പോൾ ഞാൻ കണ്ട കാഴ്ച അതിമനോഹരമായിരുന്നു..

നീലാകാശത്തു സൂര്യൻ പ്രണയത്തിന്റെ ചെഞ്ചുവപ്പ് പടർത്തി കഴിഞ്ഞിരിക്കുന്നു..

വെള്ളി മേഘങ്ങളെ പോലെ കോട മഞ്ഞ് ഒഴുകി നടക്കുന്നു..

പരസ്പരം കാണാനാവാത്ത വിധം മഞ്ഞ് അവിടെമാകെ പൊതിയുക ആണ്..

തണുപ്പിന്റെ സ്പർശമുള്ള നേർത്ത കാറ്റിനൊപ്പം മഞ്ഞു കൂട്ടം ഹിമയെ പൊതിഞ്ഞു….

ഒരു വിറയലോടെ അവൾ കൈകൾ കൂട്ടി കെട്ടി നിന്നു..

അത് കണ്ടു ചെറു ചിരിയോടെ ഡേവിഡ് സിഗരറ്റ് വലിച്ചു കൊണ്ടിരുന്നു..

“”നല്ല തണുപ്പ് ഉണ്ടല്ലേ.. ബാഗിൽ സെറ്റർ കാണും എടുത്തിട്ടോളൂ..

ഡേവിഡ് പറഞ്ഞത് കേട്ട് ഹിമ വേഗം ഡോർ തുറന്നു ബാഗിൽ നിന്നും സെറ്റർ എടുത്തിട്ടു..

“”താൻ ആ ഡോർ അടച്ചു വാ നമുക്ക് അവിടെ നിന്നും ഒരു ചായ കുടിക്കാം..

കുറച്ചു മാറിയുള്ള ഒരു പെട്ടിക്കട ചൂണ്ടി കൊണ്ടു ഡേവിഡ് പറഞ്ഞു..

ഹിമ പെട്ടെന്ന് തന്നെ ഡോർ അടച്ചു ഡേവിഡിന്റെ ഒപ്പം നടന്നു..

കുറച്ചു പ്രായമുള്ള ഒരു തമിഴനും അയാളുടെ ഭാര്യയുമാണ് കടയിൽ..

ഞങ്ങൾ രണ്ട് ചായ വാങ്ങി..

മഞ്ഞിന്റെ തണുപ്പിൽ ആവി പറക്കുന്ന ചൂട് ചായ കുടിച്ചപ്പോൾ ചെറിയൊരു ആശ്വാസം തോന്നി..

അവർക്ക് കാശും കൊടുത്തു തിരികെ വന്നു കാറിൽ കേറി യാത്ര തുടർന്നു..

മലനിരകളെ മഞ്ഞ് പൂർണ്ണമായും പൊതിഞ്ഞു കഴിഞ്ഞു..

പകൽ രാത്രിക്ക് വഴിമാറി തുടങ്ങി..

ചുറ്റും ഇരുൾ പരന്നു തുടങ്ങി..

ആകാശത്ത് നക്ഷത്രങ്ങൾ മിന്നി തെളിയുന്നത് ഇടക്കിടക്ക് കാണാം.

മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാർ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു..

ഒടുവിൽ കാർ ഗേറ്റ് കടന്നു ഒരു വീടിന്റെ മുറ്റത്തു ചെന്ന് നിന്നു..

“”ഇതാരുടെ വീടാണ്..?

ആകാംഷയോടെ ഞാൻ ചോദിച്ചു..

“” ഇതെന്റെ  കൂട്ടുകാരൻ എബിന്റെ കസിൻ ബിനു ചേട്ടന്റെ വീടാണ് ..

ഞാൻ അവന്റെ കൂടെ മൂന്നാലു വട്ടം ഇവിടെ വന്നിട്ടുണ്ട്..

അതുകൊണ്ട് ഇവരെയൊക്കെ നല്ല പരിചയമാണ്..

ഇപ്പോൾ ഇവരിവിടെ ഫാമിലിക്ക് ഒക്കെ ഹോം സ്റ്റേ സൗകര്യം ഒരുക്കുന്നുണ്ട് ..

അതുകൊണ്ട് കൂടെ ആണ് ഇങ്ങോട്ട് പോന്നത്..

ഒന്നാമത് ഇഷ്ടമില്ലാതെ വന്നതല്ലേ അതുകൊണ്ട് തന്നെ റിസോർട്ടും ലോഡ്ജും ഒന്നും തനിക്ക് ശെരിയാവുമെന്ന് തോന്നിയില്ല..

പിന്നെ ഇവിടെ ആവുമ്പോൾ പുള്ളിക്കാരന്റെ ഭാര്യയും കുട്ടിയും ഒക്കെ ഉണ്ട്..

വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ഫീലൊന്നും ഉണ്ടാവില്ല തനിക്ക്..

അതും പറഞ്ഞു ഡേവിഡ് ഇറങ്ങി പിന്നാലെ ബാഗും മറ്റും എടുത്തു ഞാനും ഇറങ്ങി..

അപ്പോഴേക്കും വീടിന്റെ ഉടമസ്ഥൻ ബിനു ചേട്ടൻ വാതിൽ തുറന്നു വന്നു..

പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ഇറങ്ങി വന്നു

“”ഹാ നിങ്ങളെത്തിയോ.. ഞാൻ ഇപ്പോൾ വിളിച്ചിരുന്നു..

ഞങ്ങളെ കണ്ട സന്തോഷത്തിൽ ബിനു ചേട്ടൻ പറഞ്ഞു..

“” ഞാൻ കണ്ടായിരുന്നു ചേട്ടാ….

ഡ്രൈവിങ്ങിൽ ആയിരുന്ന കൊണ്ടാണ് എടുക്കാഞ്ഞത് ..

അപ്പു എന്തിയെ..?

“”അവൻ നിങ്ങളെ കാത്തിരുന്നു ഇപ്പോൾ ഉറങ്ങിയതേ ഒള്ളൂ..

“”ഹിമയെന്താ മിണ്ടാതെ നിൽക്കുന്നത്..

ഞങ്ങളെ കുറിച്ച് ഒന്നും ഡേവിഡ് പറഞ്ഞു കാണില്ല അല്ലേ..?

ചേച്ചി പുഞ്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു..

“”മ്മം ഇപ്പോൾ വരും വഴി പറഞ്ഞിരുന്നു..

“”ഓ അവര് വന്നു കേറിയതല്ലേ ഒള്ളൂ പോയി ഫ്രഷ് ആയി വരട്ടെ എന്നിട്ടാവാം ബാക്കി വിശേഷങ്ങൾ ഒക്കെ പറയുന്നത്..

ബിനു ചേട്ടൻ ഇടക്ക് കേറി പറഞ്ഞു..

“”ശെരിയാ.. നിങ്ങൾ പോയി ഫ്രഷായി വാ..

ചേച്ചിയും ആ വാക്കുകൾ ഏറ്റു പിടിച്ചു..

അത് കേട്ടതും ഹിമയുടെ കൈയിൽ നിന്നും ബാഗും മറ്റും വാങ്ങി ഡേവിഡ്  മുറ്റത്തുള്ള സ്റ്റൈർ കേസ് വഴി മുകളിലേക്ക് കേറി..

അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു ഹിമയും ഡേവിഡിന് പിന്നാലെ മുകളിലേക്ക് കേറി പോയി..

വാതിൽ തുറന്നു ഞങ്ങൾ അകത്തേക്ക് കേറി ലൈറ്റ് ഇട്ടു..

മുറിയാകെ പ്രകാശം പരന്നു..

“”തനിക്ക് മുറിയൊക്ക ഇഷ്ടമായോ..?

“”മ്മം..

ഞാൻ പതിയെ മൂളി.

“”എന്നാൽ താൻ പോയി ഫ്രഷായി വാ..

അത് കഴിഞ്ഞിട്ട് വേണം എനിക്കൊന്ന് ഫ്രഷ് ആവാൻ..

പിന്നെ തനിക്കു കുളിക്കാൻ ചൂട് വെള്ളം വല്ലതും വേണോ.. നല്ല തണുപ്പുണ്ടാവും അതുകൊണ്ട് ചോദിച്ചതാണ്..

“”വേണ്ട.. വലിയ തണുപ്പൊന്നും ഇല്ല എന്നും പറഞ്ഞു ഞാൻ ബാഗിൽ നിന്നും ഇടാനുള്ള ഡ്രെസ്സും എടുത്തു കുളിക്കാനായി ബാത്‌റൂമിലേക്ക് കേറി ..

ഡ്രസ്സ്‌ അഴിച്ചു മാറ്റി പതിയെ ഷവർ തുറന്നു..

കുഞ്ഞു ഐസ് കട്ടകൾ വന്നു പതിക്കും പോലെ ആയിരുന്നു ഷവറിൽ നിന്നും വെള്ളം ദേഹത്തേക്ക് ചിതറി വീണത്..

അടിമുടി ഞാൻ വിറച്ചു പോയി..

അപ്പോഴാണ് കുളിക്കാൻ ചൂട് വെള്ളം മതിയായിരുന്നു എന്ന് തോന്നി പോയത്..

അത്രക്ക് തണുപ്പായിരുന്നു വെള്ളത്തിന്‌..

പെട്ടെന്ന് തന്നെ ഞാൻ കുളിച്ചു കേറി..

കിടു കിടാ വിറച്ചു കൊണ്ടു ബാത്‌റൂമിൽ നിന്നും ഞാൻ ഇറങ്ങി വരുന്നതും കണ്ടു ഡേവിഡ് ഇരുന്നു ചിരിച്ചു ..

“”എന്തിനാ ചിരിക്കുന്നത്..?

“”ഹേയ് ഒന്നുമില്ല.. തണുപ്പില്ല എന്നും പറഞ്ഞു പോയ ആളുടെ വരവ് കണ്ടപ്പോൾ ചിരിച്ചു പോയതാണ്….

“”ഹേയ് അതിന് മാത്രം വലിയ തണുപ്പൊന്നും ഇല്ലെന്നേ..

ചമ്മൽ മറച്ചു കൊണ്ട് ഹിമ പറഞ്ഞു..

“”ഉവ്വ അത് തന്നെ കണ്ടപ്പോൾ മനസ്സിലായി..

അത് കേട്ടതും വിറക്കുന്നത് കാണാതെ ഇരിക്കാൻ ഞാൻ അൽപ്പം മസിൽ പിടിച്ചു നിന്നു..

“”അതേ താൻ ഇനി കൂടുതൽ മസിലൊന്നും പിടിച്ചു ബുദ്ധിമുട്ടാൻ നിൽക്കേണ്ട..

നല്ല തണുപ്പ് ആണെന്നൊക്കെ എനിക്കറിയാം..

എന്തായാലും ഞാൻ പോയി കുളിച്ചിട്ട് വരാം..

എന്നും പറഞ്ഞു ചിരിയോടെ ഡേവിഡ് കുളിക്കാനായി പോയി ..

കുറച്ചു കഴിഞ്ഞു കുളിയും കഴിഞ്ഞു കൂളായി ഡേവിഡ് വരുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി..

ഇങ്ങേര് കുളിച്ചോ അതോ തലയിൽ വെറുതെ വെള്ളം നനച്ചു വരുവാണോ..?

എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.

ഡേവിഡ് ഡ്രസ്സ്‌ മാറി താഴേക്കു പോവാം എന്നും പറഞ്ഞു ബാഗിൽ നിന്നും ഒരു പാക്കറ്റ് ചോക്ലേറ്റ് എടുത്തു താഴേക്ക് ഇറങ്ങി..

അൽപ്പം കഴിഞ്ഞു ഞാൻ മുടിയൊക്കെ ശെരിക്ക് തുവർത്തി കൊണ്ടു താഴേക്ക് ചെല്ലുമ്പോൾ കണ്ടത് ഡേവിഡ് അവിടുത്തെ കുട്ടിയുമായി മുറ്റത്തു ഇരുന്നു കളിക്കുന്നത് ആണ് കണ്ടത്..

ഏകദേശം നാലു വയസ്സുള്ള കുഞ്ഞിനൊപ്പം അവന്റെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്ന ഡേവിഡ്..

വാശിക്കാരനും ദേഷ്യക്കാരനും എന്നൊക്ക പറഞ്ഞു കേട്ടിരുന്ന ഡേവിഡിന്റെ കുട്ടിത്തം മാറാത്ത ഈ സ്വഭാവം കണ്ട് ഞാൻ ശെരിക്കും അത്ഭുതത്തോടെ നോക്കി നിന്നു..

“”ഹാ വാ മോളെ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത് ..

അവൻ വന്നാൽ പിന്നെ ഇങ്ങനെ ആണ്.

രണ്ടും കൂടി വീട് തിരിച്ചു വെക്കും..

ഇപ്പോൾ തന്നെ കണ്ടില്ലേ ഉറങ്ങി കിടന്ന കൊച്ചിനെ കുത്തി പൊക്കിയത്..

ബിനു ചേട്ടൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു..

അത് കേട്ടതും ഡേവിഡ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“”ഡാ ദേ ഹിമയാന്റി നിൽക്കുന്ന കണ്ടോ..

ബിനു ചേട്ടൻ പറയുന്നത് കേട്ട് കുഞ്ഞെന്നെ  നോക്കി നാണത്തോടെയുള്ള ഒരു കുസൃതി ചിരി ചിരിച്ചു..

ഞാൻ അവനെ കൈ കാട്ടി വിളിച്ചെങ്കിലും ആള് വരാൻ അൽപ്പം മടി കാണിച്ചു നിന്നു..

“”മോളെ പരിചയം ഇല്ലാത്തത് കൊണ്ടാണ്..

കുറച്ചു സമയം മതി അവൻ പെട്ടെന്ന് ഇണങ്ങും..

“”ചേച്ചി എന്തിയെ..?

അവൾ അടുക്കളയിൽ ഉണ്ട്..

മോളെന്നാൽ അങ്ങോട്ട്‌ ചെല്ല്..

ബിനു പറയുന്നത് കേട്ട് ഹിമ നേരെ അടുക്കളയിലേക്ക് നടന്നു ..

അടുക്കളയിൽ എത്തിയ ഞാൻ കണ്ടത് പാചകത്തിന്റെ തിരക്കുമായി നിൽക്കുന്ന ചേച്ചിയെ ആയിരുന്നു..

എന്നെ കണ്ടതും ചേച്ചി ഒന്ന് പുഞ്ചിരിച്ചു..

പിന്നെ ഓരോന്ന് സംസാരിച്ചു തുടങ്ങി

ഞാനും തിരികെ ഓരോന്ന് പറഞ്ഞു..

ഇടയിൽ ചേച്ചിയെ സഹായിക്കുകയും കൂടെ ചെയ്തു..

സമയം പോയി കൊണ്ടിരുന്നു..

ഭക്ഷണം കഴിച്ചു കുറെയധികം തമാശകളും പറഞ്ഞിരുന്നു ഞങ്ങൾ ഒടുവിൽ കിടക്കാനായി പിരിഞ്ഞു..

കുറച്ചു മണിക്കൂർ കൊണ്ട് തന്നെ അവരുമായി നല്ല അടുപ്പത്തിലായി ഞാൻ ..

പ്രത്യേകിച്ച് ആ  കുസൃതി കുടുക്കയുമായി ..

വർഷങ്ങൾക്ക് ഇപ്പുറം ആദ്യമായാണ് ഞാൻ ഇത്രയും സന്തോഷിക്കുന്നത്..

രാത്രി അതിന്റെ നിശബ്ദതയിലേക്ക് കടന്നു..

തണുപ്പ് സഹിക്കാൻ ആവാത്ത വിധം ആയി കഴിഞ്ഞിരിക്കുന്നു..

മുറിയിൽ എത്തി ഡോർ ലോക്ക് ആക്കി ഞങ്ങൾ കിടക്കാനായുള്ള തയ്യാറെടുപ്പിലായി..

“”അതേ  ഞാൻ ഈ തറയിൽ കിടന്നോളാം….

ഒരു ഷീറ്റും എടുത്തു കൈയിൽ പിടിച്ചു കൊണ്ട് ഡേവിഡ് പറഞ്ഞു..

“”അയ്യോ വേണ്ട നല്ല തണുപ്പല്ലേ.. കട്ടിലിൽ കിടന്നോളു..

എനിക്ക് കുഴപ്പമില്ല.. ഞാൻ അറ്റത്തു കിടന്നോളാം..

വെറുതെ തറയിൽ കിടന്നു അസുഖം ഒന്നും വരുത്തി വെക്കേണ്ട..

ഹിമ പറഞ്ഞതു കേട്ട് ഡേവിഡ് ഒരു നിമിഷം അന്തം വിട്ടു നിന്നു നോക്കി നിന്നു ..ഇത് ഇവൾ തന്നെയാണോ പറഞ്ഞത് എന്ന മട്ടിൽ….

“”എന്താ ഇങ്ങനെ നോക്കുന്നത്.. കിടന്നോളൂ എനിക്ക് പ്രശ്നമില്ല..

“” എന്റെ പൊന്ന് മോളെ വേണ്ട  ഒന്നാമത് നല്ല തണുപ്പാണ്..

എനിക്ക് എന്നെ തീരെ വിശ്വാസമില്ല..

എങ്ങാനും കൈയിൽ നിന്നു പോയാൽ എല്ലാം തീരും..

അതുകൊണ്ട് നമ്മളിവിടെ കിടന്നോളാമെ എന്നും പറഞ്ഞു ഒരു ഷീറ്റ് എടുത്തു നിലത്ത് വിരിച്ചു ഡേവിഡ് കിടന്നു….

എന്നിട്ട് മറ്റൊരു ഷീറ്റ് കൂടി എടുത്തു പുതച്ചു.

അത് കേട്ട് ഒരു ചിരിയോടെ  ബെഡ് സ്വിച്ച് ഓഫാക്കി പതിയെ ഹിമയും കിടന്നു..

മരം കോച്ചുന്ന തണുപ്പ് ഹിമ തല മാത്രം വെളിയിലാക്കി  മൂടി പുതച്ചു ..

വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ മുതൽ മൂന്നാർ എത്തും വരെയുള്ള ഓരോന്നും ഓർത്തു കൊണ്ടു ഹിമ കിടന്നു..

ഡേവിഡിനെ കുറിച്ച് തന്റെ മനസ്സിൽ ഉയർന്നു വന്ന ചോദ്യങ്ങളെല്ലാം അർത്ഥമില്ലാത്തതാണെന്ന് അവൾക്ക് തോന്നി..

ഓരോ നിമിഷവും പ്രണയം കൊണ്ട് അവനെന്നെ അത്ഭുതപ്പെടുത്തുകയാണ്..

ഒരു കാന്തം കണക്കിനെ ആ പ്രണയം എന്റെ മനസ്സിനെ അവനിലേക്ക് ആകർഷിക്കുകയാണ്..

എന്നും ആ സ്നേഹം വേണമെന്ന് മനസ്സ് അറിയാതെ കൊതിച്ചു തുടങ്ങിത് പോലെ തോന്നുന്നു..

ഞാനറിയാതെ ഡേവിഡിനെ സ്നേഹിച്ചു തുടങ്ങിയോ എന്ന് പോലും തോന്നി പോവുന്നു..

ഹിമയുടെ മനസ്സിലൂടെ അങ്ങനെ പല ചിന്തകളും കടന്നു പോയി കൊണ്ടിരുന്നു..

പെട്ടെന്ന് ആണ് കട്ടിലിന്റെ അരികെയായി താഴെ കിടന്നിരുന്ന ഡേവിഡ് എഴുന്നേറ്റു ഇരുന്നത്..

പാതി തുറന്ന കണ്ണുകൾ കൊണ്ടു ഹിമ അവനെ നോക്കി..

ഡേവിഡ് പതിയെ എത്തി വലിഞ്ഞു വന്നു അവളുടെ മുഖത്തിന്റെ അടുത്തേക്ക് മുഖം ചേർത്തു നിന്നു..

അവളുടെ നെറുകയിലൂടെ മെല്ലെ തഴുകി..

“”നിന്റെ പ്രണയത്തിനായി ഇനിയും ഞാൻ എത്രനാൾ കാത്തിരിക്കണം പെണ്ണേ..

എന്റെ സ്നേഹം ഇനിയും നീയെന്താ മനസ്സിലാക്കാത്തത് ..

ഒരുതരം ഭ്രാന്താണ് പെണ്ണേ നിന്നോടെനിക്കിപ്പോ..

ഇച്ചായാ എന്നൊരു വിളി നിന്റെ നാവിൻ തുമ്പിൽ നിന്ന് വരുമെന്ന് ചിലപ്പോഴൊക്കെ ഞാൻ വെറുതെ  മോഹിക്കാറുണ്ട്..

പക്ഷേ അതിന് പോലുമുള്ള  ഭാഗ്യം എനിക്കില്ല..

ഡേവിഡിന്റെ വാക്കുകൾ ഇടറി..

താൻ ഉറക്കത്തിൽ ആണെന്ന് കരുതിയാണ് ഡേവിഡ് അവന്റെ മനസ്സ് തുറന്നു സംസാരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി..

അവന്റെ വാക്കുകൾ അവളുടെ മനസ്സിലേക്ക് തറഞ്ഞു കേറി..

എന്റെ ഉള്ളിലും പ്രണയം തോന്നി തുടങ്ങി എന്ന് അവനോട് പറയാൻ ആരോ മനസ്സിലിരുന്ന് മൊഴിയും പോലെ അവൾക്ക് തോന്നി..

അവൻ മെല്ലെ മുഖം താഴ്ത്തി വന്നു..

അവന്റെ ചുടുനിശ്വാസങ്ങൾ തന്റെ മുഖത്ത് ചൂട് പകരുന്നതായി അവൾക്ക് തോന്നി..

അവളുടെ നെഞ്ചിടിപ്പ് എറി വന്നു….

ഒന്ന് ചലിക്കാൻ പോലും ആവുന്നില്ല..

ശ്വാസം നിലച്ചു പോവുമ്പോലൊരു തോന്നൽ..

അവൾ തന്റെ കണ്ണുകൾ മെല്ലെ ഇറുക്കി അടച്ചു..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

3/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply