Skip to content

രണ്ടാം ജന്മം – 12

randam janmam

ഹിമയുടെ നെഞ്ചിടുപ്പ് ഏറി വന്നു..

വണ്ടിയുടെ വേഗതയിൽ നിന്നവൾക്ക് മനസ്സിലായി ഡേവിഡിന്റെ ഉള്ളിലെ പരിഭ്രമം..അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

അവന്റെ മുഖത്ത് നിന്നും അനിയനോടുള്ള സ്നേഹത്തിന്റെ ആഴം വായിച്ചെടുക്കാൻ അവൾക്കാ നിമിഷം കഴിഞ്ഞു ..

അവളുടെ മനസ്സും പിടഞ്ഞിരുന്നു..

ഹൃദയത്തുടിപ്പ് പോലെ അവളുടെ മനസ്സ് അവന് ഒരാപത്തും വരുത്തല്ലേ എന്ന് ഇടതടവില്ലാതെ പ്രാത്ഥിച്ചു കൊണ്ടിരുന്നു..

ഡേവിഡിന്റെ മനസ്സ് നിറയെ അനിയന്റെ പുഞ്ചിരിക്കുന്ന മുഖം നിറഞ്ഞു നിന്നു..

അനിയനുമൊത്തുള്ള നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു..

അവന്റെ ഹൃദയം നീറി പിടയുകയായിരുന്നു….

പതിയെ പതിയെ ആ  മിഴികൾ നിറഞ്ഞു തുളുമ്പി..

ഇടക്ക് ഓരോ കോളുകൾ വരുന്നുണ്ടായിരുന്നു..

പക്ഷേ അതൊന്നും എടുക്കാതെ ഡേവിഡ് വേഗത്തിൽ തന്നെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു..

അമ്മയെ വിളിച്ചു വിവരം ചോദിക്കാമെന്നു  തോന്നിയെങ്കിലും അമ്മ അറിഞ്ഞിട്ടില്ല എങ്കിൽ വെറുതെ അമ്മയെ ടെൻഷൻ ആക്കണ്ട എന്ന് കരുതി ഹിമ വീട്ടിലേക്ക് വിളിച്ചു വിവരം അന്വേഷിക്കാൻ തുനിഞ്ഞില്ല..

സമയം മുന്നോട്ട് പോയി കൊണ്ടിരുന്നു..

ഒടുവിൽ ഞങ്ങൾ അവനുണ്ടെന്ന് പറഞ്ഞ ഹോസ്പിറ്റലിന് മുന്നിൽ എത്തി..

ഡേവിഡ് വണ്ടി വേഗം പാർക്ക് ചെയ്തു ഇറങ്ങി അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു..

പിന്നാലെ ഹിമയും ചെന്നു..

അതിനിടയിൽ ഡേവിഡ് ആരെയോ ഫോൺ ചെയ്യുന്നതും കണ്ടു..

പിന്നെ ആശുപത്രിയുടെ ഇടതു വശത്തേക്ക് ഒരോട്ടം ആയിരുന്നു.

പിന്നാലെ വെപ്രാളത്തോടെ അവളും ഓടി…

അവർ ചെല്ലുമ്പോൾ അച്ഛനും അമ്മയ്ക്കും കൂട്ടുകാർക്കും ഒപ്പം കൈയിൽ പ്ലാസ്റ്റർ ഇട്ടു തലയിൽ ചെറിയൊരു കെട്ടുമായി ഡെന്നിസ് നടന്നു വരുന്നത് കണ്ടു..

“”എന്താടാ എന്തു പറ്റിയതാ..?

ഡേവിഡ് അവന്റെ അടുത്തേക്ക് ചെന്നു പരിഭ്രമത്തോടെ ചോദിച്ചു..

“”ഒന്നുമില്ല ചേട്ടാ.. ബൈക്കിൽ നിന്നും ചെറുതായിട്ട് ഒന്ന് വീണതാണ്..

ഡേവിഡിന്റെ പരിഭ്രമം കണ്ടവൻ പുഞ്ചിരിയോടെ പറഞ്ഞു..

ഡേവിഡ് ഡെന്നിസിനെ സൂക്ഷിച്ചു നോക്കി..

അവന്റെ രണ്ടു കവിളിലത്തും അടി കിട്ടിയ പോലത്തെ പാടുകൾ കിടക്കുന്നു..

ഡേവിഡ് അവിടെ വിരലുകൾ കൊണ്ടു തലോടി പിന്നെ അവനെയും കൂട്ടുകാരെയും തറപ്പിച്ചു ഒന്ന് നോക്കി..

“”സത്യം പറ എന്താ പറ്റിയത്..?

“”ഓ എന്റെ പൊന്നു ചേട്ടായി ഞാൻ പറഞ്ഞില്ലേ ബൈക്കിൽ നിന്നും വീണതാണ്..

ഡെന്നിസ് ചെറിയൊരു വെപ്രാളത്തോടെ പറഞ്ഞു.

“”എന്താ മോനെ ഇത് അവൻ വണ്ടിയിൽ നിന്ന് തന്നെ വീണതാണ്..

അതുപോലെ അല്ലേ ബൈക്കിൽ പായുന്നത്..

അച്ഛൻ പറഞ്ഞു..

“”സത്യം പറയടാ അല്ലെങ്കിൽ എല്ലാം വിവരം അറിയും എന്നും പറഞ്ഞു ഡേവിഡ് കൂട്ടുകാരിൽ ഒരുത്തനെ പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് ഒരലർച്ച ആയിരുന്നു..

ഒരു നിമിഷം ഹിമ നിന്ന് കിടുങ്ങി പോയി..

ഇതുവരെ കാണാത്ത ഡേവിഡിന്റെ

മറ്റൊരു മുഖം അവളവിടെ അവിടെ കണ്ടു..

ഇതുവരെ പുഞ്ചിരിച്ചു കണ്ടിരുന്ന മുഖത്ത് ഇന്നാദ്യമായി ദേഷ്യം നിറഞ്ഞു നിൽക്കുന്നതും അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നതും ഹിമയെ തെല്ല് ഭയപ്പെടുത്തി..

“”വിട് ചേട്ടാ എന്ന് ആ പയ്യൻ ദയനീയതയോടെ പറഞ്ഞു..

“”ചേട്ടാ അവനെ വിട്.. ഞാൻ വീണത് തന്നെ ആണ്..

ഡെന്നിസ് ഡേവിഡിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

“”നീ മിണ്ടരുത്.. ഇവന്മാർ പറയും സത്യം..

ഇല്ലെങ്കിൽ ഞാൻ പറയിക്കും..

ഡേവിഡിന്റെ വാക്കുകൾ ഉറച്ചതായിരുന്നു..

അത് കേട്ടതും ചേട്ടൻ പിടിവിട്  ഞാൻ എല്ലാം പറയാമെന്ന് കൂട്ടുകാരൻ പയ്യൻ പറഞ്ഞു..

അതോടെ ഡേവിഡ് അവന്റെ മേൽ ഉള്ള പിടി അയച്ചു..

“”ചേട്ടാ..അതുപിന്നെ നമ്മുടെ മഠത്തിൽ പറമ്പിലെ ഇട്ടിച്ചന്റെ മോള് അന്നയില്ലേ..

അവളും ഇവനും തമ്മിൽ ഇഷ്ടത്തിൽ ആണ്..

അതിപ്പോൾ അവളുടെ അമ്മാവന്മാർ അറിഞ്ഞു..

വഴിയിൽ വെച്ചു കണ്ടപ്പോൾ അവരാണ് ഇവനെ ഇങ്ങനെ..

കൂട്ടുകാരൻ പയ്യൻ പറഞ്ഞു നിർത്തിയതും ഡേവിഡ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഒറ്റ പോക്കായിരുന്നു..

“”ചേട്ടാ വേണ്ട ചേട്ടാ.. അങ്ങോട്ട് പോവണ്ട ചേട്ടാ എന്നൊക്ക ഡെന്നിസ് വിളിച്ചു കൂവുന്നുണ്ടായിരിന്നു..

അമ്മയും അച്ഛനും ഒക്കെ പോവരുതെന്ന് ആവർത്തിച്ചാവർത്തിച്ചു ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു..

പക്ഷേ അതിനൊന്നും ചെവികൊടുക്കാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഡേവിഡ് നടന്നു പോയി..

“”നീയൊക്കെ എന്ത്‌ പണിയാട കാണിച്ചത്..

ഇനി ചേട്ടൻ അവിടെ ചെന്ന് എന്തൊക്ക പുകില് ഉണ്ടാക്കുമോ എന്തോ..

ഡെന്നിസ് കൂട്ടുകാരോടായി പറഞ്ഞു..

“”എന്റെ പൊന്നളിയാ ഞാൻ ശെരിക്കും  പേടിച്ചു വേറെ വഴിയില്ലാതെ പറഞ്ഞു പോയതാണ്…

കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു..

എല്ലാം കണ്ട് ഹിമയാകെ തരിച്ചു നിൽക്കുകയാണ്..

ഹിമയുടെ പേടിച്ചരണ്ട മുഖം കണ്ട് അമ്മ ഹിമക്കരികിലേക്ക്  ചെന്നു ..

“”മോള് ഇതൊക്കെ കണ്ട് പേടിച്ചു പോയോ..

അവൻ ഇങ്ങനാണ്  മോളെ ഭയങ്കര എടുത്തു ചാട്ടവും ദേഷ്യവും ഒക്കെ ആണ്..

പിന്നെ മോളെ പരിചയപ്പെട്ടതിന് ശേഷമാണ് ഇത്തിരി മയപ്പെട്ടു വന്നത്..

പക്ഷേ ഇപ്പോൾ വീണ്ടും..

അമ്മ പറഞ്ഞു നിർത്തി..

“”അവന്റെ അനിയന് നൊന്താൽ പിന്നെയവൻ വെറുതെ ഇരിക്കുമോ..?

എന്റെ മോളെ പുറമെ കാണുന്ന ഈ ദേഷ്യവും വാശിയും ഒക്കെയേ ഒള്ളൂ..

ആള് വെറും പാവമാണ്..

സ്നേഹിച്ചാൽ  ചങ്ക് പറിച്ചു കൊടുക്കും..

അച്ഛൻ ഇടക്ക് കേറി  പറഞ്ഞു..

“”എന്തായാലും മിക്കവാറും ഇന്ന് അമ്മാവന്മാർക്ക് അന്ത്യകൂദാശയും നൽകിയേ ചേട്ടൻ വരൂ..

ഡെന്നിസിന്റെ  ഡയലോഗ് കേട്ടതോടെ ഹിമയുടെ ഉള്ളിൽ ഭയം നിറഞ്ഞു..

അവിടെ പോയി പ്രശ്നം ഉണ്ടാക്കി ഡേവിഡിന് എന്തെങ്കിലും അപകടം പറ്റുമോ എന്നതായിരുന്നു അവളുടെ പേടി….

താലിയിൽ മുറുകെ പിടിച്ചു അവനൊന്നും  പറ്റരുതേ എന്നവൾ മനസ്സുരുകി പ്രാത്ഥിച്ചു..

—————————————————————–

ഗേറ്റ് കടന്നു മഠത്തിൽ പറമ്പിന്റെ മുറ്റത്തു ഡേവിഡിന്റെ കാർ വന്നു നിന്നു..

ഡോർ തുറന്നു പുറത്തിറങ്ങി മുണ്ടും മടക്കി കുത്തി ആ വീടിന്റെ ഉമ്മറത്തേക്ക് അവൻ നടന്നു കേറി..

അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരുന്നു..

“”ഇട്ടിച്ചാ..

ഡേവിഡ് അലറി വിളിച്ചു..

ആ വിളി അവിടമാകെ പ്രകമ്പനം കൊണ്ടു നിന്നു..

അവന്റെ വിളി കേട്ട് ഇട്ടിച്ചനും അയാളുടെ രണ്ട് അളിയന്മാരും ഇറങ്ങി വന്നു..

“”നീ ഏതാടാ എന്നൊരു ചോദ്യം ചോദിച്ചതെ ആ രണ്ട് അളിയന്മാർക്കും ഓർമ്മയുള്ളു..

പിന്നൊരു ഇടിയും മിന്നലും ആയിരുന്നു അവിടെ..

ഡേവിഡ് തന്റെ ദേഷ്യം മുഴുവനും അവരുടെ ദേഹത്തു തീർക്കുമ്പോൾ ഇഞ്ച ചതയും പോലെ അവരുടെ ശരീരം ചതഞ്ഞു..

അവരുടെ മൂക്കിൽ നിന്നും വായിൽ രക്തം ചാടി..

അവനവരുടെ  മേലെ താണ്ടവമാടുകയായിരുന്നു .

ഡേവിഡിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കയായില്ല..

രണ്ടിനെയും ചവിട്ടി കൂട്ടി വായുവിൽ ചുഴറ്റി അവൻ മുറ്റത്തേക്ക് ഇട്ടു.

“”ഇനിയെന്റെ അനിയന്റെ നേർക്ക് ഇനി കൈ പൊക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ

അത് നിന്റെയൊക്കെ അന്ത്യകൂദാശ നടത്താനുള്ള ഏർപ്പാട് ചെയ്തിട്ട് ആവണം..

ചെത്തിമറ്റത്തെ ഡേവിഡാണ് ഈ പറയുന്നതോർത്തോ..

നിലത്തു അടിയേറ്റ് അവശരായി കിടക്കുന്നവരെ നോക്കി കൊണ്ട് അവൻ പറഞ്ഞു..

പിന്നെ ഇട്ടിച്ചന് നേരെ നടന്നു ചെന്നു ..

ഡേവിഡിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടു തന്നെ ഇട്ടിച്ചൻ ആകെ ഭയന്ന് നിൽക്കുകയാണ്..

“”ഇട്ടിച്ചായാ നിങ്ങൾക്ക് എന്നെ നന്നായിട്ട് അറിയാം..

എന്നിട്ടും ഈ നട്ടെല്ലിന് ഉറപ്പില്ലാത്തവരെ കൊണ്ടു എന്റെ അനിയന്റെ ദേഹത്തു കൈവെപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി..

“”മോനെ സത്യമായിട്ടും ഞാനിപ്പോഴാണ് ഇതൊക്ക അറിയുന്നത്..

അയാൾ ദയനീയ ഭാവത്തിൽ പറഞ്ഞു..

“”മതി ഇട്ടിച്ചായ നിങ്ങൾ കൂടുതൽ ഉരുണ്ടു കളിക്കണ്ട..

പെണ്ണിന്റെ തന്ത ആയി പോയത് കൊണ്ടാണ് ഇത്തവണ നിങ്ങളെ ഞാൻ വെറുതെ വിടുന്നത്..

പക്ഷേ ഇവന്മാരെ നിങ്ങൾ നിലക്ക് നിർത്തിക്കോണം..

ഇല്ലെങ്കിൽ അറിയാല്ലോ എന്നെ ..

അവന്റെ വാക്കുകൾ തീക്ഷ്ണത നിറഞ്ഞതായിരുന്നു..

“” നിങ്ങളുടെ മോളും എന്റെ അനിയനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ നേരത്തെ അറിഞ്ഞതാണ്..

പിന്നെ അവൻ ഒന്ന് സെറ്റിൽ ആയിട്ട് നിങ്ങളോട് അത് വന്നു സംസാരിക്കാം എന്ന് കരുതി ഇരുന്നതാണ് ഞാൻ..

ഇനിയിപ്പോ നിങ്ങൾ എതിർത്താലും എനിക്ക് പ്രശ്നമില്ല..

അവൻ വിളിച്ചാൽ അവളിറങ്ങി വരുമെങ്കിൽ അവനെ കൊണ്ടു തന്നെ ഞാൻ അവളുടെ കഴുത്തിൽ  മിന്ന് കെട്ടിച്ചിരിക്കും..

അത് തടയാൻ ഉള്ള കപ്പാസിറ്റി ഒന്നും നിങ്ങൾക്കോ ഈ കിടക്കുന്ന ഊളകൾക്കോ ഇല്ല..

അതുകൊണ്ട് വെറുതെ ഉടക്കാൻ നിൽക്കേണ്ട..

എന്റെ അനിയന്റെ ഭാര്യയായി നല്ല അന്തസ്സായി തന്നെ അവളെന്റെ തറവാട്ടിൽ ജീവിക്കും..

അല്ലേടി മോളെ..

എല്ലാം കണ്ടു കൊണ്ടു അമ്മയുടെ പിന്നിലായി നിന്ന അന്നയെ നോക്കി കൊണ്ടു ഡേവിഡ് പറഞ്ഞു..

അവൾ ഭയത്തോടെ അച്ഛനെ നോക്കി..

“”നീ പേടിക്കണ്ടടി കൊച്ചേ ഇതിന്റെ പേരിൽ ഒരാളും നിന്നെ ഒന്നും ചെയ്യില്ല..

ഇനി അഥവാ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അപ്പോൾ തന്നെ ഈ ചേട്ടനെ വിളിച്ചു പറഞ്ഞാൽ മതി ബാക്കി കാര്യം ഞാൻ ഏറ്റു..

അതും പറഞ്ഞു ഡേവിഡ് ഇട്ടിച്ചന് നേരെ തിരിഞ്ഞു..

“”എന്നാൽ പോട്ടെ ഇട്ടിച്ചായാ…. പിന്നെ ഇവന്മാരെ വല്ല ഹോസ്പിറ്റലിലും കൊണ്ടു പോവാൻ നോക്ക് ..

അല്ലെങ്കിൽ ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോര് ഫ്രീയായി ഉഴിച്ചിലും പിഴിച്ചിലും ഒക്കെ നടത്തി വിട്ടേക്കാം..

എന്നും പറഞ്ഞു മീശയും പിരിച്ചു മുണ്ടും മടക്കി കുത്തി ചുണ്ടിൽ ചെറു ചിരിയോടെ നടന്നു ചെന്നു അവൻ കാറിലേക്ക് കേറി..

പിന്നെ നീട്ടിയൊരു ഹോണും അടിച്ചു കാറും സ്റ്റാർട്ട്‌ ചെയ്തു തിരികെ തറവാട്ടിലേക്ക് പോയി..

ഡേവിഡ് എന്തൊക്ക പ്രശ്നം ഉണ്ടാക്കുമെന്ന് അറിയാതെ ചെത്തിമറ്റം തറവാട്ടിലുള്ളവർ ആധിയോടെ ഇരുന്നു..

ഡേവിഡിന്റെ മറ്റൊരു മുഖം കണ്ട ഷോക്കിലും ഡേവിഡ് ഉണ്ടാക്കി വെക്കാൻ പോവുന്ന കുഴപ്പങ്ങളേയും ഓർത്തു ഹിമ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു..

നെഞ്ചിൽ തീ കോരിയിട്ട പോലെ അവളുടെ മനസ്സ് നീറി പിടഞ്ഞു..

അവളുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന യേശുവിന്റെ ചിത്രത്തിൽ പതിഞ്ഞു..

ഡേവിഡ് കുഴപ്പം ഒന്നും ഉണ്ടാക്കാതെ വേഗം ഇങ്ങ് എത്തിക്കണേ എന്റെ ഈശോയെ എന്ന് നിറമിഴികളോടെ അവൾ പ്രാത്ഥിച്ചു..

പെട്ടെന്ന് മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു..

എല്ലാവരും വേഗം ഉമ്മറത്തെത്തി..

എല്ലാവരുടെയും മുഖത്ത് അവരുടെ ഉള്ളിലെ ആധി വ്യക്തമായിരുന്നു..

ഡേവിഡ് പുഞ്ചിരിയോടെ കാറിൽ നിന്നിറങ്ങി അവർക്കരുകിലേക്ക്  ചെന്നു..

“”മോനെ നീ അവിടെ പോയി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ..?

നിനക്ക് വല്ലതും പറ്റിയോ..

വെപ്രാളത്തോടെ ഡേവിഡിന്റെ മുഖത്തൊക്കെ തഴുകി കൊണ്ടു അമ്മ ചോദിച്ചു..

മകനെ ഓർത്തു നീറി കൊണ്ടിരുന്ന അമ്മ മനസ്സിലെ സ്നേഹം അണപൊട്ടി ഒഴുകി..

ആ മിഴികൾ നിറഞ്ഞിരുന്നു..

പുറമെ കണ്ണീർ വന്നില്ലെങ്കിലും  നീറി പുകയുന്ന വേദനയോടെ ആണ് ഹിമ നിന്നിരുന്നത്….

ഒന്ന് അടുത്ത് ചെന്ന് കാര്യങ്ങൾ തിരക്കാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും

അവളുടെ കാലുകൾ ചലിച്ചില്ല..

“”എനിക്കൊന്നും ഇല്ലമ്മേ..  ഞാൻ അവിടെ ചെന്ന് കാര്യം പറഞ്ഞു പോന്നു അത്രേ ഒള്ളൂ..

നിങ്ങളെന്തിനാ വെറുതെ പേടിക്കുന്നത്..

“”മ്മം ശെരി നീ എന്നാൽ പോയി ഫ്രഷാവാൻ നോക്കെന്ന് ഡേവിഡിനോടായി  അച്ഛൻ പറഞ്ഞു..

“”ശെരിയെന്നാൽ ഞാൻ പോയൊന്നു ഒന്ന് ഫ്രഷ് ആയി വരാം..

നല്ല വിശപ്പുണ്ട് എന്നും പറഞ്ഞു ഹിമയെ ഒന്ന് പാളി നോക്കി കൊണ്ടു അവൻ അകത്തേക്ക് കേറി പോയി..

“”മോളെ നീയങ്ങോട്ട്  ചെല്ല് എന്നും പറഞ്ഞു അമ്മ ഹിമയെ റൂമിലേക്ക് പറഞ്ഞു വിട്ടു..

അവൾ റൂമിൽ എത്തിയതും ഡേവിഡ് കുളിക്കാനായി കേറിയിരുന്നു….

അവളുടെ നെഞ്ച് പട പടാന്ന് ഇടിച്ചു തുടങ്ങി.

ഡേവിഡ് പോയി എന്തൊക്ക കുഴപ്പം ഉണ്ടാക്കി കാണും എന്നറിയാനുള്ളൊരു ആകാംഷ അവളുടെ ഉള്ളിൽ നിറഞ്ഞു….

കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോൾ ഡേവിഡിനോട് അത് ചോദിക്കണമെന്ന് അവളുടെ ഉള്ളിൽ തോന്നിയെങ്കിലും  ഡേവിഡ് എങ്ങനെ പ്രതികരിക്കും എന്നറിയാത്ത കൊണ്ട് അവൾക്ക്  ചോദിക്കാൻ ഭയവും തോന്നി..

അൽപ്പം കഴിഞ്ഞതും ഡേവിഡ് കുളിച്ച് തുവർത്തി കൊണ്ടു ഇറങ്ങി വന്നു..

“”എന്താടോ എന്തുപറ്റി.. താനെന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്..?

അവളുടെ ഇരുപ്പ് കണ്ട് കൊണ്ടു ഡേവിഡ് ചോദിച്ചു..

“”ഹേയ് ഒന്നുമില്ല..

“”ഒന്നുമില്ലേ.. പക്ഷേ തന്റെ ഇരുപ്പ് കണ്ടിട്ട്  എന്തോ ഉള്ളത് പോലെ എനിക്ക് തോന്നുന്നു..

“”അത്.. അത്.. ഒന്നുമില്ല..

വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.

ബെഡിൽ ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് ഡേവിഡ് ചെന്നു .

പതിയെ അവളുടെ മുന്നിൽ  മുട്ടു കുത്തി വെറും നിലത്തായി ഇരുന്നു കൊണ്ടു ഹിമയുടെ മുഖത്തേക്ക് നോക്കി..

“”എന്താടോ പേടിച്ചു പോയോ..

“”ഇല്ല..

അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു..

“”താൻ ഒന്നെന്റെ മുഖത്തേക്ക് നോക്കി സംസാരിക്ക്.. ഡോ ഒന്ന് നോക്കെടോ..

ചെറു ചിരിയോടെ അവൻ പറഞ്ഞു..

അത് കേട്ടതും പരിഭ്രമം കലർന്ന മുഖത്തോടെ അവൾ ഡേവിഡിനെ നോക്കി..

“”താൻ പേടിക്കുക ഒന്നും വേണ്ട..

ചില സമയത്ത് എനിക്ക് ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല..

അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..

പക്ഷേ താനെന്റെ ലൈഫിൽ വന്നതിൽ പിന്നെ ഞാനൊരുപാട് മാറി എന്നെനിക്ക് തോന്നിയിട്ടുണ്ട്..

പക്ഷേ ഇത്….

അവനെയെനിക്ക് ജീവനാണ്..

പുറമെ ഞാൻ പലതും പറഞ്ഞു അവനോട് വഴക്ക് ഉണ്ടാക്കും..

പക്ഷേ അവന്റെ മനസ്സ് ആരെങ്കിലും വേദനിപ്പിച്ചാൽ ഞാൻ സഹിക്കില്ല..

അങ്ങനെ ഉള്ളപ്പോൾ അവന്റെ ദേഹത്ത് കൈവെച്ചവരെ ഞാൻ വെറുതെ വിടണോ.

തന്റെ ഏട്ടനെ ആരെങ്കിലും വേദനിപ്പിച്ചാൽ തനിക്ക് സഹിക്കുമോ പറ….

തനിക്കറിയുമോ  എന്റെ വിരൽ തുമ്പിൽ പിടിച്ചു നടക്കുന്ന കുഞ്ഞനിയൻ തന്നെ ആണവനെനിക്ക് ഇപ്പോഴും ..

അവന്റെ ഈ ചിരിയും കളിയും കുസൃതികളും കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് മനസ്സിന്..

ആ കണ്ണുകൾ നിറയുമ്പോൾ പിടയുന്ന ഒരേട്ടന്റെ മനസ്സാടോ എനിക്കും…..

അത് പറയുമ്പോൾ ഡേവിഡിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..

കൂടെപ്പിറപ്പിനെ നെഞ്ചോരം കൊണ്ടു നടന്നു സ്നേഹിക്കുന്ന..

പുറമെ അത് കാട്ടാതെ ഗൗരവം പ്രകടിപ്പിക്കുന്ന ഒരേട്ടന്റെ മുഖം ഞാൻ ഡേവിഡിൽ  കണ്ടു..

നിറകണ്ണുകളോടെ എന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി ഒരു കൊച്ചു കുട്ടിയെ പോലെ ഡേവിഡ്  ഇരുന്നു..

ആ മുടിയിലൂടെ ഞാൻ വലതു കൈ വിരലുകൾ കൊണ്ടു മെല്ലെ തഴുകി ..

ഞാനറിയാതെ എന്റെ മിഴികളും നിറഞ്ഞിരുന്നു ..

ഡേവിഡ്…. നിങ്ങളെ അടുത്ത് അറിയും തോറും   നിങ്ങളെന്നിൽ ഭ്രാന്തമായി പൂത്തുലയുകയാണ്..

പ്രണയമായ്….

അതേ നിങ്ങളെന്റെ  ഹൃദയത്തെ  പ്രണയം കൊണ്ടു കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു..

പ്രണയാർദ്രമായ അവളുടെ മനസ്സ് നിശബ്ദമായി മന്ത്രിച്ചു..

ഒരു നിമിഷം അവനെയൊന്നു വാരി പുണരുവാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!