Skip to content

രണ്ടാം ജന്മം – 14

randam janmam

ഹിമയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു..

മെല്ലെയവൾ ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു..

മഴ ഇടക്ക്  ഇടക്ക് പിൻവാങ്ങുകയും വീണ്ടും ഭ്രാന്തമായൊരു ആവേശത്തോടെ തിരികെ വന്നു പെയ്യുകയുമാണ് ..

മണ്ണിനെ ചുംബിച്ചു മതിയാവാത്ത പോലെ..

ആർത്തലച്ചു പെയ്യുന്ന ആ മഴ പ്രണയത്തിന്റെ സംഗീതം പൊഴിക്കുന്നത് പോലെ എനിക്ക് തോന്നി..

ഞാൻ ഇച്ചായന്റെ മാറിലേക്ക് മുഖം പൂഴ്ത്തി ആ നെഞ്ചിടുപ്പ് ചെവിയോർത്തു കേട്ടു കിടന്നു..

മഴയുടെ സംഗീതത്തിന് ഒപ്പം ഇച്ചായന്റെ നെഞ്ചിടുപ്പിന്റെ താളം കൂടി ആസ്വദിച്ചു തുടങ്ങുമ്പോൾ ഞാനേതോ മായ ലോകത്തായിരുന്നു….

ഈ മഴ നിലക്കാതെ ഇരുന്നിരുന്നെങ്കിൽ.. ഈ രാത്രി അവസാനിക്കാതെ ഇരുന്നിരുന്നെങ്കിൽ..

ഞാൻ വെറുതെ ആശിച്ചു പോയി..

ഇച്ചായന്റെ നെഞ്ചിലെ രോമങ്ങളിൽ കൂടി വിരലോടിച്ചു കുസൃതി കാട്ടി ഞാൻ മെല്ലെ ആ മാറിലായി ഇച്ചായൻ എന്ന് വിരല് കൊണ്ട് എഴുതി..

എന്താണ് തനിക്ക് സംഭവിക്കുന്നത്..

പറഞ്ഞറിയിക്കാൻ ആവാത്തൊരു വികാരം തന്റെ മനസ്സിന് സന്തോഷം പകരുന്നു..

ഇതാണോ പ്രണയം..

അവളുടെ മനസ്സ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..

പതിയെ അവളുടെ നേർത്ത ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു..

എന്റെ ഹൃദയം ഡേവിഡിന്റെ ഹൃദയവുമായി രഹസ്യമായി എന്തോ മൊഴിയുന്നുണ്ട് ..

ഞങ്ങളുടെ ഹൃദയതാളം പോലും ഒന്നായി തീർന്നത് പോലെ എനിക്ക് തോന്നുന്നു..

തോരാത്തൊരു മഴപോലെ എനിക്ക് ഈ ഹൃദയത്തിനുള്ളിൽ പ്രണയമായി പെയ്തിറങ്ങണം..

ഓരോ നിശ്വാസങ്ങളിലും നിറഞ്ഞ് നിന്ന് പ്രാണന്റെ പാതിയാവണം..

പ്രണയത്തിന്റെ മധുരമൂറുന്ന ചിന്തകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ട്   എപ്പോഴോ ഞാൻ മയങ്ങി പോയി..

പുലർച്ചെ ഞാൻ ഉണരുമ്പോൾ ഇച്ചായൻ നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു..

രാത്രി നടന്നത് ഓരോന്നും ഓർമ്മയിൽ വന്നപ്പോൾ എന്റെ ഉള്ളിൽ നാണത്തിന്റെ ചുവന്ന പൂക്കൾ വിടർന്നു..

ആ ചുവപ്പ് എന്റെ കവിളുകളിലും പടർന്നിരുന്നു….

നേർത്തൊരു പുഞ്ചിരിയോടെ പുതപ്പ് വാരി ചുറ്റി എഴുന്നേറ്റ് ഡ്രസ്സുമായി ബാത്‌റൂമിൽ കേറി ഫ്രഷ് ആയി ഡ്രസ്സ്‌ ധരിച്ചു  വന്നു..

രാത്രി മഴ തോർന്നിരിക്കുന്നു..

നേരിയ വെയിൽ വീണു തുടങ്ങിയിരിക്കുന്നു..

ഞാൻ പതിയെ ജനലോരം വന്നു നോക്കി..

ജനലിന്റെ ചില്ലുപാളികളിൽ  മുത്തുപോലെ പറ്റിച്ചേർന്നു കിടക്കുന്ന മഴത്തുള്ളികൾ വെയിൽ  തട്ടി തിളങ്ങുന്നു..

മെല്ലെ ഞാൻ ജനൽ തുറന്നു പുറത്തേക്ക് നോക്കി..

മുറ്റത്തെയും പറമ്പിലെയും ചെടികളും മരങ്ങളും മഴയിൽ നനഞ്ഞു കുതിർന്നിരുന്നു..

രാത്രിയുടെ ഉറക്കച്ചടവിൽ ആവണം കിളികൾ ചിലച്ചു കൊണ്ട് അലസമായി പാറി പറക്കുന്നു..

മുറ്റത്തെ മരക്കൊമ്പിൽ രണ്ടു കിളികൾ

വെയിൽ കാഞ്ഞിരിക്കുന്നു..

ഇടക്ക് അവ പരസ്പരം കൊക്കുരുമുന്നുണ്ട്….

അവർ പ്രണയം പങ്ക് വെച്ച് ചുംബിക്കുകയാണെന്ന് എനിക്ക് തോന്നി..

പെട്ടെന്ന് പിന്നിലൂടെ എന്റെ  വയറിൽ രണ്ടു കരങ്ങൾ വരിഞ്ഞു മുറുക്കി..

നീ നേരത്തെ എഴുന്നേറ്റോ എന്നും ചോദിച്ചു കൊണ്ട് ഇച്ചായൻ ആയിരുന്നു അത്..

ഞാൻ ആ നീ എന്ന വിളി ശ്രദ്ധിച്ചു.. ഇതുവരെ താൻ എന്ന് വിളിച്ചു ഒരു അകലം പാലിച്ചിരുന്ന ആള് എത്ര വേഗമാണ് ആ അകലം ഇല്ലാതാക്കിയത്..

മെല്ലെ എന്റെ പിൻകഴുത്തിൽ ചുടു നിശ്വാസങ്ങളോടെ ഇച്ചായന്റെ ചുണ്ടുകൾ സ്പർശിക്കുമ്പോൾ ഞാനാകെ കുളിര് കോരി..

നേർത്ത തണുപ്പുള്ള കാറ്റ് ഞങ്ങളെ തലോടി..

ഇച്ചായൻ പതിയെ എന്നെ തിരിച്ചു നിർത്തി.

എനിക്ക് ആ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു നാണം തോന്നി ഞാൻ മുഖം താഴ്ത്തി നിന്നു..

ഇച്ചായൻ എന്റെ കവിളുകളിൽ കൈകൾ വെച്ച് മുഖം ഉയർത്തിച്ചു..

ഞങ്ങളുടെ മിഴികൾ തമ്മിൽ ഇടഞ്ഞു..

ആ മിഴികളിൽ പ്രണയം അലതല്ലുന്നത് ഞാൻ കണ്ടു..

ഹൃദയമിടിപ്പ് ഏറി വരുമ്പോലെ തോന്നി..

ചുംബനം കൊതിച്ചയെന്റെ ചുണ്ടുകളെ

ഒരു നീണ്ട ചുംബനത്തിലൂടെ ഇച്ചായന്റെ ചുണ്ടുകൾ കൊണ്ടു ബന്ധിച്ചു..

അടർന്നു മാറാൻ ഞങ്ങളുടെ ചുണ്ടുകൾ വിസമ്മതിക്കും പോലെ എനിക്ക് തോന്നി..

എന്റെ കൈകൾ ഇച്ചായനെ വരിഞ്ഞു മുറുക്കി..

നിമിഷങ്ങൾ മുന്നോട്ട് പോയി ഒടുവിൽ പതിയെ ഞങ്ങളുടെ ചുണ്ടുകൾ വേർപ്പെട്ടു..

എന്റെ കവിളുകളിൽ നാണത്തിന്റെ ചുവന്ന റോസാ പൂവുകൾ വിരിയുമ്പോൾ ഇച്ചായന്റെ കണ്ണുകളിൽ ഒരു കുസൃതി നിറയുന്നത് ഞാൻ കണ്ടു..

ചെറിയൊരു ചിരിയോടെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി ഓടി സ്റ്റെപ് ഇറങ്ങി താഴെ ചെല്ലുമ്പോൾ അവിടാരെയും കണ്ടില്ല..

ഡെന്നിസ് ഉറക്കം ആയിരിക്കും അവന്റെ റൂമിന്റെ ഡോർ തുറന്നിട്ടില്ല..

പക്ഷേ ഈ അമ്മയും അച്ഛനും ഇതെവിടെ  പോയി കാണും..

സാധാരണ അമ്മ അടുക്കളയിൽ കാണുന്നത് ആണല്ലോ..

ചിലപ്പോൾ പുറത്തേക്ക് ഇറങ്ങി കാണും എന്തായാലും ഞാൻ ചായ ഇടാം എന്ന് കരുതി നോക്കുമ്പോൾ അമ്മ ചായയും കാപ്പിയും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു..

എന്നാൽ പിന്നെ ഇച്ചായനുള്ള കാപ്പി എടുത്തു കൊടുക്കാം എന്ന് കരുതി ഫ്ലാസ്കിൽ നിന്നും കാപ്പി ഞാൻ ഗ്ലാസ്സിലേക്ക് പകർന്നു മധുരം ഇട്ടതും ഇച്ചായൻ പിന്നിലൂടെ വന്നെന്നെ കെട്ടിപിടിച്ചു..

“”അയ്യേ എന്താ ഈ കാണിക്കുന്നത് വിട്..

അമ്മയോ മറ്റോ കണ്ടോണ്ട് വന്നാൽ ആകെ നാണക്കേട് ആവും..

“”പിന്നെ അവരിപ്പോൾ ഒന്നും വരില്ലെടി..

 അവർ പറമ്പിലെ കൃഷി നോക്കാൻ പോയേക്കുവായിരിക്കും..

രാവിലെ അങ്ങനെ ഒരു പതിവ് ഉണ്ട് അവർക്ക്..

“”മ്മം എന്നാലേ ഇച്ഛൻ ഇപ്പോൾ ഈ കാപ്പി കുടിക്കാൻ നോക്ക്  എന്നും പറഞ്ഞു ഞാൻ ഇച്ചായന് നേരെ കാപ്പി നീട്ടി..

ചെറിയൊരു പുഞ്ചിരിയോടെ ഇച്ചായൻ അത് വാങ്ങി അൽപ്പം കുടിച്ചു..

“”എന്താ ഒരു കള്ളച്ചിരി..?

“”ഹേയ് നിന്റെ വിളി കേട്ട് ചിരിച്ചു പോയതാണ്..

“”എന്ത്‌ വിളി..

“”അല്ല ഇച്ചായൻ മാറി ഇച്ഛൻ ആയില്ലേ..

അതോർത്തു ചിരിച്ചത് ആണ്..

നേരത്തെ നിങ്ങൾ എന്ന് മാത്രമല്ലെ വിളിച്ചിട്ടുള്ളൂ..

“”ഓ എന്റെ കെട്ടിയോനെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും..

വിളി കേൾക്കാൻ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ..

പുരികം ഉയർത്തി ചുണ്ടുകൾ കൂർപ്പിച്ചു ഞാൻ ചോദിച്ചു..

“””ഇല്ലേ അടിയൻ വിളി കേട്ടോളാമേ..

ഇച്ചായൻ ചെറു ചിരിയോടെ പറഞ്ഞു..

ഞാനും ചിരിച്ചു പോയി..

പ്രണയം എത്രവേഗമാണ് മനസ്സുകളെ മാറ്റി മറിക്കുന്നത്..

പ്രണയത്തിന് ഇത്രമേൽ ഒരാളെ സ്വാധീനിക്കാൻ കഴിയുമെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു..

ഹിമയുടെ മനസ്സ് മൊഴിഞ്ഞു..

“”നീ എന്നും ഇങ്ങനെ ആയിരിക്കണം..ഞാൻ ഇതാണ് ആഗ്രഹിച്ചത്..

കുസൃതിയും കുറുമ്പുമുള്ള ഇച്ചായന്റെ കാന്താരി പെണ്ണാവണം ഇനിയെന്നും..

ഇനിയൊരിക്കലും ഈ കണ്ണുകൾ നിറയാൻ പാടില്ല..

എന്നും പറഞ്ഞു ഇച്ചായൻ എന്റെ സീമന്ത രേഖയിൽ ചുംബിച്ചു..

പിന്നെ അകന്നു മാറി ഞങ്ങൾ അടുക്കള പടികടന്നു മുറ്റത്തേക്ക് ഇറങ്ങി..

മഴയുടെ ചുംബനത്തിന്റെ നനവുകൾ മണ്ണിലാകെ പടർന്നു കിടക്കുന്നു..

ഞങ്ങൾ മുറ്റത്തു കൂടെ നടക്കുമ്പോൾ വടക്ക് വശത്തെ കൃഷി സ്ഥലത്ത് അച്ഛനും അമ്മയും തമ്മിൽ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കളിച്ചു നിൽക്കുന്നത് ഞാൻ കണ്ടു….

“”അവർ ഇങ്ങനെ ആണ്..

കളിയും ചിരിയുമായി രണ്ടും ഇപ്പോഴും കട്ടക്ക് പ്രണയിച്ചു കൊണ്ടിരിക്കുകയാണ്..

അവരെ നോക്കി കൊണ്ട് ഇച്ചായൻ പറഞ്ഞു..

അത് കേട്ടതും അത്ഭുതത്തോടെ ഞാൻ ഇച്ചായന്റെ മുഖത്തേക്ക് നോക്കി..

“”രണ്ടു പേരും കോളേജിൽ വെച്ചു തുടങ്ങിയ പ്രണയമാണ്..

ആ കാലത്തു തറവാട്ടിൽ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച പ്രണയം..

ഇച്ചായൻ ചെറു ചിരിയോടെ അത് പറയുമ്പോൾ ആ പ്രണയകഥ അറിയാൻ എന്റെ മനസ്സ് കൊതിച്ചു..

ആകാംഷയോടെ ഞാൻ ഇച്ചായനെ നോക്കി..

എന്റെ മനസ്സ് വായിച്ചെന്നോണം ഇച്ചായൻ ആ കഥ പറഞ്ഞു തുടങ്ങി..

“”കോളേജിൽ വിപ്ലവം ഒക്കെ തലക്ക് പിടിച്ചിരുന്ന  കാലത്ത് ആണ് അച്ഛ അമ്മയെ കണ്ടു മുട്ടുന്നത്..

അന്ന് അച്ഛയുടെ ജൂനിയർ ആയിരുന്നു അമ്മ..

അച്ഛയുടെ തീപ്പൊരി പ്രസംഗം കേട്ടാണ്  വീണു പോയതെന്ന് അമ്മ പറയാറുണ്ട്..

അങ്ങനെ ഒരേ വിപ്ലവത്തിന്റെ തൂവൽ പക്ഷികളായി നടന്നു രണ്ടും തമ്മിൽ പ്രണയത്തിലും ആയി..

വൈകാതെ കോളേജിൽ മുഴുവൻ അവരുടെ പ്രണയം പാട്ടായി..

അമ്മയുടെ വീട്ടുകാർ സംഭവം ആദ്യം അറിഞ്ഞു ആകെ പ്രശ്നമായി കുറെ തല്ലും അടിയും ഒക്കെ അമ്മ കൊണ്ടു..

ഒടുക്കം അച്ഛ നേരിട്ട് ചെന്നു വിളിച്ചിറക്കി കൊണ്ടു ഇവിടേക്ക് വന്നപ്പോൾ അച്ഛയുടെ അച്ഛൻ രണ്ടിനെയും ആട്ടി ഇറക്കി വിട്ടു..

അന്ന് ഈ നാട്ടിലെ വലിയ പ്രമാണി ആയിരുന്നു എന്റെ വല്യപ്പനായ ഔസേപ്പച്ചൻ..

അതിന്റെ അഹങ്കാരവും ഒക്കെ മൂപ്പർക്ക് ഉണ്ടായിരുന്നു..

പക്ഷേ അച്ഛയുടെ മുന്നിൽ അതൊന്നും ഏറ്റില്ല..

അച്ഛ അമ്മയുമായി രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്തു..

എന്നിട്ട് ഏറ്റവും അടുത്ത കൂട്ടുകാർ വഴി ഒരു വീടും വാടകക്ക് എടുത്തു..

പിന്നെ ആ കൂട്ടുകാരുടെ തന്നെ സഹായത്തോടെ തന്നെ ഒരു ഓട്ടോയും സംഘടിപ്പിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയി..

തോറ്റു കൊടുക്കാൻ അച്ഛയും തയ്യാർ അല്ലായിരുന്നു..

ഒടുക്കം വയ്യാതെ ആയപ്പോൾ അച്ഛയെ അച്ഛൻ വിളിച്ചു വരുത്തി സ്വത്തുകളും മറ്റും ഏൽപ്പിച്ചു അവരെ ഇവിടെ താമസിപ്പിച്ചു..

അന്ന് ഞാൻ കുഞ്ഞായിരുന്നു..

ഡെന്നിസ് ഉണ്ടായിട്ടില്ല.. ഇവിടെ വന്ന ശേഷം ആണ് അവൻ ജനിക്കുന്നത്..

പക്ഷേ കാലം ഇത്ര കഴിഞ്ഞിട്ടും അവരുടെ പ്രണയത്തിന് മാത്രം ഒരു മാറ്റവും ഉണ്ടായിട്ടില്ല..

ശെരിക്കും എനിക്ക് അത്ഭുതം തോന്നി പോയിട്ടുണ്ട്..

പരസ്പരം പ്രണയിക്കുന്നത് കൂടാതെ മക്കളെ ഇത്രയേറെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന അച്ഛനമ്മമ്മാർ വളരെ ചുരുക്കം ആയിരിക്കും….

ശെരിക്കും ഞാൻ ലക്കി ആണെടി ഇങ്ങനെ ഒരു അച്ഛക്കും അമ്മയ്ക്കും മകനായി ജനിക്കാൻ സാധിച്ചത് ഭാഗ്യം എന്നല്ലാതെ മറ്റെന്തു പറയാൻ..

ഡേവിഡിന്റെ വാക്കുകളിൽ നിന്ന് തന്നെ അവരോടുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളം എന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിരുന്നു..

ആ മിഴികൾ നനവണിഞ്ഞിരുന്നോ..

ഹിമ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

അവരുടെ മിഴികൾ തമ്മിൽ ഇടഞ്ഞു..

അപ്പോഴാണ് അച്ഛയും അമ്മയും കൂടെ അങ്ങോട്ടേക്ക് വന്നത്..

“”എന്നാടാ ഉവ്വേ രാവിലെ രണ്ടും കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നത്..

അച്ഛയുടെ ചെറു ചിരിയോടെ ചോദ്യം കേട്ടാണ് ഞങ്ങൾ നോട്ടം മാറ്റിയത്..

ഞാൻ ആണെങ്കിൽ ആകെ ചമ്മിയ പോലെ നിന്നു..

“”ഓ ഒന്നുമില്ല യുവ മിഥുനങ്ങളുടെ പ്രണയം കണ്ട് നിന്ന ഇവളോട്  ഞാൻ രണ്ടിന്റെയും റൊമാന്റിക് സ്റ്റോറി പറഞ്ഞു കൊടുക്കുവായിരുന്നു..

“”ഓഹോ.. യുവമിഥുനങ്ങൾ എന്നും പറഞ്ഞു നീ ഞങ്ങളെ കളിയാക്കുവൊന്നും വേണ്ട ഞങ്ങൾക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല..

അല്ലേടി മോളെ..

അച്ഛൻ എന്നെ നോക്കി കൊണ്ടു ചോദിച്ചു..

“”പിന്നെ അല്ലേ രണ്ടു പേരും ഇപ്പോഴും ചെറുപ്പമാണ്..

ചെറുപുഞ്ചിരിയോടെ ഞാൻ മറുപടി നൽകി..

“”അത് ചേട്ടത്തി പറഞ്ഞത് ശെരിയാണ് അടുത്ത വർഷം രണ്ടിനെയും നഴ്സറിയിൽ ചേർത്താലോ എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ഞാൻ..

എന്നും പറഞ്ഞു ഡെന്നിസ് കൂടെ അങ്ങോട്ടേക്ക് വന്നു..

“”ഞങ്ങളെ നഴ്സറിയിൽ ചേർക്കുന്നത് ഒക്കെ അവിടെ ഇരിക്കട്ടെ..

നിന്റെ ആ ചുറ്റികളിയുടെ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനം എടുക്കാൻ പോവാ..

അതുകൊണ്ട് എത്രയും വേഗം പൊന്നു മോൻ ജോലിക്കാര്യം ശെരിയാക്കാൻ നോക്ക്..

“”അതിപ്പോൾ കല്യാണം കഴിക്കുന്നത് തന്നെ വലിയൊരു പണിയല്ലേ അപ്പോൾ പിന്നെ വേറെ പണി ഞാൻ നോക്കണോ..

“”മോനെ ഡെന്നിസേ ആ പരിപ്പ് ഇവിടെ വേവില്ല..

ഒന്നെങ്കിൽ പഠിച്ചു ജോലി നേടുക അല്ലെങ്കിൽ  ഇവിടുത്തെ ബിസിനസ്‌ ഒക്കെ നോക്കി നടത്താൻ നീ ഡേവിഡിനെ സഹായിക്കാൻ നോക്ക്..

അച്ഛൻ ഡെന്നിസിനോടായി പറഞ്ഞു..

“””എന്റെ പൊന്ന് അച്ഛേ ദൈവത്തെ ഓർത്തു ചതിക്കരുത്..

ഇവനെ ഒരൊറ്റ ദിവസം ഓഫീസിൽ ഇരുത്തിയതിന് ഞാൻ അനുഭവിച്ചതാണ്..

അവിടുള്ള സകല പെമ്പിള്ളേരുടെയും ലിസ്റ്റ് ഇപ്പോൾ ഇവന്റെ വാട്സ്ആപ്പ് നോക്കിയാൽ കാണും ..

ഇവനൊരു ലേഡീസ് ഹോസ്റ്റൽ പണിതു കൊടുത്താൽ മതി..

വൻ വിജയം ആയിരിക്കും..

ഡെന്നിസിനെ നോക്കി കൊണ്ടു ഡേവിഡ് പറഞ്ഞു.

“”അതിപ്പോൾ ഞാൻ അവരോടു ഒക്കെ അൽപ്പം ഫ്രീയായി സംസാരിച്ചു..

അല്ലാതെ ഹിറ്റ്ലറിനെ പോലെ ബലം പിടിച്ചു നടക്കാൻ ഒന്നും എന്നെ കിട്ടില്ല..

എന്റെ പൊന്ന് ചേട്ടത്തി  പിശാശ് കുരിശ് കാണും പോലെ ആണ് ഓഫീസിൽ ഉള്ളവർ ഇങ്ങേരേ കാണുന്നത് ..

നേരെ ചൊവ്വേ ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കില്ല..

അൺ റൊമാന്റിക് മൂരാച്ചി..

ഇതിനെ എങ്ങനെയാണ് ചേട്ടത്തി സഹിക്കുന്നത്..

ഡെന്നിസ് പറയുന്നത് കേട്ട് ഞാൻ ഇച്ചായനെ ഒന്ന് പാളി  നോക്കി..

ആളുടെ മുഖത്തൊരു ചമ്മൽ ഉള്ളത് പോലെ എനിക്ക് തോന്നി..

“”മതി മതി രണ്ടും ഇനി ഓരോന്ന് പറഞ്ഞു തല്ലുണ്ടാക്കും കേറി പോവാൻ നോക്ക് എന്നും പറഞ്ഞു കാലിൽ പറ്റിയിരുന്ന ചെളി മുറ്റത്തുള്ള പൈപ്പിൻ ചുവട്ടിൽ ചെന്നു കഴുകി അമ്മ അടുക്കളയിലേക്ക് കേറി പോയി..പിന്നാലെ ഞാനും..

ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ അച്ഛനും മക്കളും നിന്ന് ഓരോന്ന് പറഞ്ഞു ചിരിക്കുന്നത് ആണ് ഞാൻ കണ്ടത്..

ശെരിക്കും ഇവരുടെ ഒക്കെ സ്നേഹം കാണുമ്പോൾ എനിക്ക് ഉള്ളിൽ അസൂയ തോന്നി പോയി..

രാവിലത്തെ കുളിയൊക്കെ കഴിഞ്ഞു ഭക്ഷണവും  കഴിച്ചു റൂമിലെത്തി ഹിമ മേശപ്പുറത്തു ഇരുന്നിരുന്ന സിനിമ മാസിക എടുത്തു കട്ടിലിൽ ഇരുന്നു താളുകൾ മറിച്ചു നോക്കി കൊണ്ടു ഇരിക്കുമ്പോൾ  ആണ് ഡേവിഡ് അവിടേക്ക് കേറി വന്നത്..

“”ഡി നീ വേഗം ഒരുങ്ങ് നമുക്ക് ഒരാളെ കാണാൻ പോണം..

വന്ന പാടെ ഹിമയെ നോക്കി കൊണ്ട് ഡേവിഡ് പറഞ്ഞു..

“””ആരെ കാണാൻ ആണ്..

ആകാംഷയോടെ ഞാൻ ചോദിച്ചു..

“”അതൊക്കെ പറയാം.. വളരെ വേണ്ടപ്പെട്ട ഒരാളെ തന്നെ ആണ്..

അയാളെ ഇനിയും കാണേണ്ട പോലെ കണ്ടില്ലെങ്കിൽ ശെരിയാവില്ല..

അതുകൊണ്ട് നീ വേഗം പോയി ഒരുങ്ങാൻ നോക്ക് എന്നും പറഞ്ഞു ഇച്ചായൻ ഡ്രസ്സ്‌ മാറി ഒരുങ്ങാൻ തുടങ്ങി..

ഇച്ചായൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും പെട്ടെന്ന് തന്നെ ഞാനും ഒരുങ്ങി താഴെ വന്നു അച്ഛയോടും അമ്മയോടും ഒരിടം വരെ പോയി വരാമെന്നും പറഞ്ഞു ഇറങ്ങി..

ബൈക്കിൽ കേറി അവിടെ നിന്നും യാത്ര തുടങ്ങി..

എങ്ങോട്ടാണ് ആരെ കാണാൻ ആണ് എന്നൊക്ക ഹിമ പലവട്ടം ചോദിച്ചിട്ടും ഡേവിഡ് മറുപടി ഒന്നും കൊടുത്തില്ല..

അവളുടെ മനസ്സ് പതിയെ ചോദ്യങ്ങളുടെ വല നെയ്തുകൊണ്ടിരുന്നു..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!