രണ്ടാം ജന്മം – 15

2280 Views

randam janmam

ബൈക്ക് കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ തന്റെ വീട്ടിലേക്ക് ആണ് പോവുന്നതെന്ന് ഹിമക്ക് മനസ്സിലായി..

ബൈക്ക് വീടിന്റെ മുറ്റത്തെത്തിയതും ശബ്ദം കേട്ട് ദേവേട്ടത്തി ഇറങ്ങി വന്നു..

“””ഹാ രണ്ടാളും വന്നോ.. വാ കേറി വാ..

എന്നും പറഞ്ഞു ഏട്ടത്തിയൊരു പുഞ്ചിരിയോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു..

“”ഏട്ടത്തി ഇന്ന് ജോലിക്ക് പോയില്ലേ..?

“”ഇല്ലടി .. ഇന്ന് നിങ്ങൾ വരുമെന്ന് ഡേവിഡ് വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ഞാൻ ലീവെടുത്തു..

“”അമ്മ എന്തിയെ ഏട്ടത്തി..?

“”ഇന്ന് ഞാനിവിടെ ഉള്ളത് കൊണ്ടു അമ്മ വീട് വരെ പോയി..നാളെ വരും.

“”അമ്മയോ ഏത് അമ്മ..?

ഡേവിഡ് ഹിമയെ നോക്കി ചോദിച്ചു.

“”ഓ ഇച്ഛാ ഞാൻ പറഞ്ഞിട്ടില്ലേ ഏട്ടത്തിയുടെ അമ്മ ഇവിടെ ഉണ്ടെന്ന്..

ഏട്ടത്തി ജോലിക്ക് പോവുന്ന കൊണ്ട് പകൽ ഏട്ടന്റെ കാര്യമൊക്കെ നോക്കുന്നത് അമ്മയാണ്..

“”ഓ ഞാനത് മറന്നു..

ബൈക്കിൽ നിന്നും താക്കോൽ ഊരികൊണ്ട് ഡേവിഡ് പറഞ്ഞു..

“”ഏട്ടത്തി ഹരിയേട്ടൻ ഉറക്കമാണോ..

“”അല്ലടി.. പത്രം വായിച്ചു ഇരുപ്പുണ്ട്..

ഇവിടെ തന്നെ നിൽക്കാതെ നിങ്ങൾ അകത്തേക്ക് കേറി വാ എന്നും പറഞ്ഞു ദേവിക അകത്തേക്ക് നടന്നു..

പിന്നാലെ ഹിമയും ഡേവിഡും ചെന്നു.

ഡേവിഡിന്റെ മുഖത്തൊരു ഗൗരവഭാവം നിറഞ്ഞു നിൽക്കുന്നത് ഹിമ ശ്രദ്ധിച്ചിരുന്നു.

അവർ അകത്തേക്ക് ചെല്ലുമ്പോൾ ഹരി വീൽചെയറിൽ പത്രവും വായിച്ചിരിപ്പുണ്ടായായിരുന്നു..

“ഏട്ടാ ” എന്നും വിളിച്ചു ഹിമ ഓടിച്ചെന്നു ഹരിയെ കെട്ടിപിടിച്ചു..

സന്തോഷം കൊണ്ട് ഇരുവരുടെയും മിഴികൾ ഈറനണിഞ്ഞു..

“”ഇപ്പോൾ കാലിന് എങ്ങനെ ഉണ്ട് ഏട്ടാ..

“”കുഴപ്പമില്ലെടി.. ഒരാൾ കൈയൊന്നു താങ്ങി തന്നാൽ ചെറുതയൊക്കെ നടക്കും.

നീ ഇടക്ക് വിളിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ അത്..

“”ഓ എന്ന് കരുതി എനിക്ക് ചോദിച്ചു കൂടെ..

“”ഓ ചോദിച്ചോളൂ..

അല്ല നീ മൂന്നാറൊക്കെ പോയിട്ട് എങ്ങനെ

എങ്ങനെ ഉണ്ടായിരുന്നെടി യാത്രയൊക്കെ ..?

“”ഓ ഒന്നും പറയണ്ട ഏട്ടാ.. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല..

എന്ത്‌ രസമാണെന്നോ അവിടം കാണാൻ പോരാൻ തോന്നത്തെയില്ല..

മഞ്ഞും, കുഞ്ഞു വെള്ളച്ചാട്ടങ്ങളും, തേയില തോട്ടങ്ങളും, കുന്നും മലയും ഒക്കെ കൊണ്ടു അടിപൊളി ഒരു സ്ഥലം..

ഇനി നമുക്ക് എല്ലാവർക്കും കൂടി പോവണം അവിടെ..

അവിടെ ഒരുപാട് കാണാനുണ്ട്..

മൂന്നാർ വിശേഷങ്ങൾ ഓരോന്നായി അവൾ പറയുബോൾ തന്റെ കുഞ്ഞനിയത്തിയുടെ മുഖത്ത് വിടരുന്ന സന്തോഷത്തിന്റെ വിവിധ ഭാവങ്ങൾ കണ്ടു ആസ്വദിക്കുകയായിരുന്നു ഹരി..

“”അതേ ആങ്ങളയും പെങ്ങളും വിശേഷങ്ങൾ പറയുന്നതിനിടയിൽ ഇവിടെ ഒരാൾ കൂടി വന്നിട്ടുള്ള കാര്യം മറക്കല്ലേ..

ദേവിക ഇടയിൽ കേറി പറഞ്ഞു..

“”ഓ സോറി ഡേവിഡേ ..ഞാൻ പെട്ടെന്ന് ഇവളെ കണ്ട സന്തോഷത്തിലായി പോയി ഒന്നും തോന്നരുത്..

ഹരി ഡേവിഡിനെ നോക്കി കൊണ്ടു പറഞ്ഞു..

“”ഹേയ് അത് സാരമില്ല..

“”അല്ലെങ്കിലും ആങ്ങളയും പെങ്ങളും ചേർന്നാൽ പിന്നെ നമ്മളെ ഒന്നും ഒരു മൈൻഡും ഉണ്ടാവില്ല..

ദേവിക ഒരു ചിരിയോടെ പറഞ്ഞു..

“”ഡെന്നിസിന് ഇപ്പോൾ എങ്ങനെ ഉണ്ട്..

“”വലിയ കുഴപ്പൊമൊന്നും ഇല്ല .. വയ്യാത്ത കൈയും വെച്ചു അവൻ കറങ്ങി നടപ്പുണ്ട്….

ഒരൽപ്പം ഗൗരവം കലർത്തിയാണ് ഡേവിഡ് മറുപടി നൽകിയത്..

“”എന്താ ഡേവിഡേ .. എന്തുപറ്റി..?

മുഖം കണ്ടിട്ട് ഒരു സന്തോഷമില്ലാത്തപോലെ തോന്നുന്നു..

“”എങ്ങനെ സന്തോഷിക്കും അളിയാ..

ഇതുപോലെ ഒരെണ്ണം കുടുംബത്തുണ്ടായാൽ ഉള്ള സന്തോഷം കൂടി പോവും..

ദേവികയെ നോക്കിക്കൊണ്ട്‌ ഡേവിഡ് പറഞ്ഞു..

“”ഏട്ടത്തി എന്നൊരു ബഹുമാനം ഇപ്പോഴും ഉള്ളിൽ വെക്കുന്നത് കൊണ്ടും അളിയനെ ഓർത്തും ഞാനിവരെ ഒന്നും ചെയ്യുന്നില്ല.. അല്ലെങ്കിൽ പെണ്ണാണെന്നൊന്നും ഞാൻ നോക്കില്ല..

ഇവരുടെ കരണമടിച്ചു ഞാൻ പൊട്ടിച്ചേനെ..

ഡേവിഡിന്റെ ഉള്ളിലെ ദേഷ്യം മുഴുവൻ വാക്കുകളിലൂടെ പുറത്തേക്ക് ഒഴുകി..

“”എന്താ ഡേവിഡ്.. എന്തുപറ്റി .. അവളെന്ത് ചെയ്തു..?

ഹരി തെല്ല് പരിഭ്രമത്തോടെ ചോദിച്ചു..

“”അത്  അളിയൻ സ്വന്തം ഭാര്യയോട് തന്നെ ചോദിച്ചു നോക്ക്..

“”ഞാനെന്ത് ചെയ്തൂന്നാ ഡേവിഡ് പറയുന്നത്..?

ദേവിക ഇടക്ക് ചോദിച്ചു.

“”നിങ്ങൾ എന്നെകൊണ്ട് കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത് ..

നിങ്ങൾ കുറെ കാലമായി ഇവളെ നോവിക്കുന്ന കാര്യം ഒക്കെ എനിക്കറിയാം..

അതൊന്നും പോരാഞ്ഞിട്ട് ഇന്നലെ നിങ്ങൾ ഇവളെ വിളിച്ചു എന്തൊക്കെ പറഞ്ഞു..

“”ഞാനെന്തു പറഞ്ഞെന്നാണ് ഡേവിഡ് പറയുന്നത്..?

ഒന്നും മനസ്സിലാവാത്ത പോലെ ദേവിക പറഞ്ഞു..

“”ദേ എന്നെകൊണ്ട് കൂടുതൽ ഒന്നും നിങ്ങൾ പറയിക്കരുത്..

ഇവളുടെ ജാതകദോഷം കൊണ്ടു ഞങ്ങളുടെ കുടുംബം നശിക്കുമെന്ന് നിങ്ങൾ പറഞ്ഞില്ലേ..

അങ്ങനെ ഉണ്ടാവും മുൻപ് സ്വത്തു അടിച്ചു മാറ്റാൻ ഒരുപദേശം കൂടി നിങ്ങൾ കൊടുത്തു..

സത്യം പറഞ്ഞാൽ അതറിഞ്ഞപ്പോൾ രാത്രിക്ക് രാത്രി തന്നെ വന്നു നിങ്ങളെ വെട്ടി കീറാൻ ആണെനിക്ക് ആദ്യം തോന്നിയത്..

പിന്നെ ഈ ഇരിക്കുന്ന ഹരിയളിയനെ ഓർത്താണ് ഞാൻ ക്ഷമിച്ചത് ..

എന്നാലും ഇവിടെ വന്നു നിങ്ങളെ പത്തു പറയണം എന്നുണ്ടായിരുന്നു അതുകൊണ്ടാണ് ഇവളെയും കൂട്ടി ഞാൻ ഇങ്ങോട്ട് വന്നത്..

ഡേവിഡ് പറഞ്ഞു നിർത്തിയതും ദേവികയുടെ മുഖത്താകെ പരിഭ്രമം പടർന്നു..

ഹരിയുടെ  കണ്ണുകളിൽ ദേഷ്യം കൊണ്ട് ചുവപ്പ് രാശി പടർന്നു..

“”ഡി നീ ഇങ്ങടുത്തേക്ക് വന്നേ..

ദേവികയെ തുറിച്ചു നോക്കി കൊണ്ടു ഹരി പറഞ്ഞു..

ഹരിയുടെ മുഖം കണ്ട് തെല്ലൊരു ഭയത്തോടെ പതിയെ ദേവിക അവനരുകിലേക്ക് ചെന്നു..

“നീ ഇവിടെ ഇരിക്ക്..

ഹരി പറഞ്ഞതും ദേവിക അവന്റെ മുന്നിൽ വെറും നിലത്തായി ഇരുന്നു..

“”എന്താ ഹരിയേട്ടാ..

എന്നവൾ ചോദിച്ചു തീർന്നതും ഹരിയുടെ വലതു കൈ അവളുടെ ഇടതു കവിളത്തു പതിച്ചു..

വേദന കൊണ്ട് കണ്ണിൽ നിന്നും പൊന്നീച്ച പറന്നത് പോലെ അവൾക്ക് തോന്നി..

“”കുറെ കാലമായി ഞാനിത് നിനക്ക് ഓങ്ങി വെച്ചിരിക്കുവായിരുന്നു….

എന്റെ കൊച്ചിനെ നീ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. കരയിച്ചിട്ടുണ്ട്..

അതും പോരാഞ്ഞിട്ട് ഇപ്പോൾ ദൈവമായിട്ട് അവൾക്കൊരു നല്ല ജീവിതം കൊടുക്കുമ്പോൾ അതും തകർക്കാൻ ഉള്ള ശ്രമത്തിലാണ് നീ….

ഇനിയും  നിന്നെ ഞാൻ ഈ വീട്ടിൽ  വെച്ച് പൊറുപ്പിച്ചാൽ ദൈവം പോലും എന്നോട് ക്ഷമിക്കില്ല..

ഇപ്പോൾ ഈ നിമിഷം നീ ഇവിടുന്നു ഇറങ്ങിക്കോണം..

ഹരിയുടെ വാക്കുകളിൽ അവളോടുള്ള സകല ദേഷ്യവും അടങ്ങിയിരുന്നു..

“”ഏട്ടാ ഞാൻ.. ഞാൻ അങ്ങനൊന്നും..

ഹരിയുടെ വാക്കുകൾ കേട്ടവൾ വിതുമ്പി..

വാക്കുകൾ പൂർത്തിയാക്കുവാൻ അവൾക്കായില്ല..

“”നിന്റെ പൂങ്കണ്ണീർ ഒന്നും എനിക്ക് കാണണ്ട..

എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല..

വിഷവിത്താണ് നീ..

ഇനിയും നിന്നെ ഇവിടെ നിർത്തിയാൽ എന്റെ അനിയത്തിയുടെ ജീവിതം നീ ഇല്ലാതാക്കും..

അതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല..

ഹരി തന്റെ തീരുമാനം തീർത്തു പറഞ്ഞു..

“”മതി നിർത്ത്.. ഏട്ടാ..

ഇറക്കി വിടാൻ മാത്രം എന്ത്‌ തെറ്റാണ് ഏട്ടത്തി ചെയ്തത്..

എന്നെ വേദനിപ്പിക്കാറുണ്ടെകിലും

ഒരു വാക്ക് കൊണ്ടെങ്കിലും ഏട്ടത്തി ഏട്ടനെ വേദനിപ്പിച്ചിട്ടുണ്ടോ….ഇല്ലല്ലോ..

പിന്നെ ഇപ്പോൾ കുറച്ചു കാലമായി ഏട്ടത്തിയല്ലേ ഈ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു നടത്തുന്നത്….

ഏട്ടത്തിക്ക് വേണമെങ്കിൽ വയ്യാതെ കിടക്കുന്നു ഏട്ടനെയും വേണ്ടാന്ന് വെച്ചു ഈ ഭാരങ്ങളും തലയിൽ ഏറ്റാതെ മറ്റൊരാളെ കെട്ടി ജീവിക്കാമായിരുന്നല്ലോ..

പക്ഷേ ഏട്ടത്തി അതൊന്നും ചെയ്തില്ല..

ചെയ്യത്തുമില്ല..

അത് ഏട്ടനെ അത്ര ഇഷ്ടം ഉള്ളത് കൊണ്ടാണ്..

ഏട്ടനില്ലാതെ ഏട്ടത്തിക്ക് ജീവിക്കാൻ പറ്റില്ല..

അതെനിക്ക് നന്നായറിയാം..

അതിന് ഇടയിൽ ഞാൻ മാത്രമാണ് ശല്യം..

ഹിമ പറഞ്ഞു നിർത്തി..

“”നീയെന്തിനാ മോളെ ഇവൾക്ക് വേണ്ടി വാദിക്കാൻ നിൽക്കുന്നത്..

ഇവൾ നിന്നെ ദ്രോഹിച്ചത് ഒക്കെ മറന്നോ നീ….

ഹരി ഹിമയോടായി ചോദിച്ചു..

“”ഏട്ടാ ഞാൻ പറഞ്ഞത് സത്യമാണ്..

ഏട്ടത്തിക്ക് ഏട്ടനെന്ന് വെച്ചാൽ ജീവനാണ്..

പിന്നെ ഏട്ടത്തിക്ക് എന്നോട് എന്താണ് ഇത്ര ദേഷ്യം എന്നൊന്നും എനിക്കറിയില്ല..

ഇനി ഏട്ടത്തി എന്നെ എത്രയൊക്കെ വേദനിപ്പിച്ചാലും ശെരി എനിക്കെന്റെ അമ്മയെ പോലെ തന്നാണ് ഏട്ടത്തി..

അതുകൊണ്ട് തന്നെ ഏട്ടത്തിയെ ഞാൻ എവിടേക്കും വിടില്ല..

എന്നും പറഞ്ഞു ഹിമ ദേവികയെ ചേർത്തു പിടിക്കുമ്പോൾ ഇരുവരുടെയും മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു ..

“”മോളെ….

വിറയാർന്ന ശബ്ദത്തിൽ ദേവിക ഹിമയെ വിളിച്ചു..

ഏട്ടത്തിയുടെ നാവിൻതുമ്പിൽ നിന്ന് ആദ്യമായി സ്നേഹത്തോടെയുള്ള വിളി കേട്ട് ഹിമ അത്ഭുതത്തോടെ നോക്കി..

“”മോളെ ഞാൻ നിന്നെ ഇത്രയേറെ വേദനിപ്പിച്ചിട്ടും നിനക്കെങ്ങനെയാടി എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്…..

നിറഞ്ഞൊഴുകുന്ന കണ്ണീരോടെ ദേവിക ചോദിച്ചു..

“”എന്റെ ഏട്ടത്തി..അമ്മയൊന്ന് വേദനിപ്പിച്ചെന്നു കരുതി ഒരു മകൾക്കു തന്റെ അമ്മയെ സ്നേഹിക്കാതെ ഇരിക്കാൻ പറ്റുമോ..

കണ്ണീരിന്റെ നനവണിഞ്ഞ പുഞ്ചിരിയയോടെ ഹിമ മറുപടി നൽകി..

അത് കേട്ടതോടെ ദേവിക പൊട്ടിക്കരഞ്ഞു..

“”മോളെ എനിക്ക്….. എനിക്ക് തെറ്റു പറ്റിപ്പോയി….

എനിക്ക് മാപ്പ് തരണം നീ….

നിനക്കറിയുമോ കല്യാണം ഉറപ്പിച്ച നാൾ മുതൽ ഹരിയേട്ടൻ എന്നോട് സംസാരിച്ചത് നിന്നെ കുറിച്ചായിരുന്നു..

കല്യാണം കഴിഞ്ഞു ഞാൻ ഈ വീട്ടിൽ വന്നപ്പോളും ഏട്ടന് എന്നേക്കാൾ കൂടുതൽ ശ്രദ്ധിച്ചത് നിന്റെ കാര്യത്തിൽ ആയിരുന്നു..

എപ്പോഴും നീ.. നീ എന്നൊരറ്റ ചിന്ത മാത്രം..

പലപ്പോഴും ഞാൻ കഴിച്ചോന്നു പോലും ഹരിയേട്ടൻ ചോദിച്ചിക്കാറില്ല..

ശെരിക്കും ഈ വീട്ടിൽ ഞാൻ ഒറ്റപ്പെടുന്ന പോലെയാണ് എനിക്കപ്പോൾ തോന്നിയത്..

എല്ലാത്തിനും കാരണം ഹരിയേട്ടന് നിന്നോടുള്ള സ്നേഹമാണെന്ന് എനിക്ക് തോന്നി..

അതോടെ  എനിക്ക് നിന്നോട് വല്ലാത്ത ദേഷ്യമായിരുന്നു..

അവസരം കിട്ടിയപ്പോഴൊക്കെ വാക്കുകൾ കൊണ്ടു നിന്നെ കുത്തിനോവിച്ചത് അത് കൊണ്ടാണ്..

അതിനിടയിൽ ഹരിയേട്ടന് ആക്‌സിഡന്റ് പറ്റിയത് നിന്റെ ജാതകദോഷം കൊണ്ടാണെന്നു എല്ലാവരും പറഞ്ഞപ്പോൾ  ഞാനും അത് വിശ്വസിച്ചു..

പിന്നെ ഒരുതരം ഭ്രാന്തായിരുന്നു എനിക്ക്..

എന്റെ സന്തോഷം ഇല്ലാതാക്കുന്ന നിന്നോട് ഒരുതരം പകയായിരുന്നു മനസ്സിൽ..

അങ്ങനെ ഓരോ തവണ നിന്നെ വേദനിപ്പിക്കുമ്പോഴും എനിക്കുള്ളിൽ ഒരു സന്തോഷം തോന്നി..

എപ്പോഴോ പിന്നെ അതൊരു ലഹരിയായി മാറി..

നീ ഇവിടുന്നു പോയാൽ എങ്കിലും ഹരിയേട്ടന്റെ സ്നേഹം മുഴുവൻ എനിക്ക് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നു..

പക്ഷേ അവിടെയും ഞാൻ തോറ്റു പോയി..

നീ ഇവിടെ ഇല്ലാഞ്ഞിട്ടും ഏട്ടന്റെ നാവിൻ തുമ്പിൽ നിന്നും നിന്റെ

കാര്യങ്ങൾ മാത്രമേ പുറത്ത് വന്നുള്ളൂ..

അതൂടി ആയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല അതാണ് ഞാൻ..

ദേവികയുടെ വാക്കുകൾ ഇടറി..

ഹിമ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..

“”സാരമില്ല ഏട്ടത്തി എനിക്ക് മനസ്സിലാവും ഏട്ടത്തിയെ..

ഏട്ടന്റെയും ഏട്ടത്തിയുടെയും ജീവിതത്തിൽ ഒരിക്കലും തടസ്സമാവാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല..

ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നപ്പോളൊക്കെ എന്നെ ചേർത്ത് പിടിച്ചത് ഏട്ടനാണ്..

അതുകൊണ്ട് തന്നെ ഏട്ടന്റെ കാര്യത്തിൽ ഞാനും സ്വാർത്ഥയായിരുന്നു..

ഏട്ടത്തിയുടെ മനസ്സ് ഞാനും മനസ്സിലാക്കണമായിരുന്നു..

ഭർത്താവിന്റെ കാര്യത്തിൽ ഏതൊരു ഭാര്യക്കും ഒരു സ്വാർത്ഥത കാണും അത് ഞാൻ മനസ്സിലാക്കിയില്ല..

എന്റെ ഭാഗത്തും തെറ്റുണ്ട്..

“”ഇല്ല മോളെ എല്ലാം എന്റെ തെറ്റാണ്.. പലരുടെയും വാക്കുകൾ ആണെന്റെ മനസ്സിന്റെ താളം പൂർണ്ണമായും തെറ്റിച്ചത്..

പക്ഷേ നിന്നെക്കുറിച്ചു ഞാൻ കരുതി വെച്ചതെല്ലാം തെറ്റാണെന്നു എനിക്കിപ്പോൾ മനസ്സിലായി….

നിനക്കെന്നോടുള്ള സ്നേഹം മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല മോളെ..

ഈ ഏട്ടത്തിയോട് നീ ക്ഷമിക്കണം..

എന്നും പറഞ്ഞു ദേവിക ഹിമയുടെ കാൽക്കലേക്കു ഊർന്നിരുന്നു..

“”അയ്യോ എന്താ ഏട്ടത്തി ഈ കാണിക്കുന്നത്.. എഴുന്നേൽക്ക്

എന്നും പറഞ്ഞു ഹിമ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു….

കണ്ണീരിന്റെ നനവോടെ ഇരുവരും കെട്ടി പിടിച്ചു നിൽക്കുമ്പോൾ  ഹരിയുടെയും ഡേവിഡിന്റെയും കണ്ണുകളും ചെറുതായി ഈറനണിഞ്ഞു..

“”ദേവൂ എന്നോട് ക്ഷമിക്കണം നീ..

നിന്നെ മനസ്സിലാക്കാൻ എനിക്കും കഴിഞ്ഞില്ല…..

നിന്നെയെനിക്ക് ഒരുപാട് ഇഷ്ടാടി..

പക്ഷേ അത് പ്രകടിപ്പിക്കാൻ എനിക്ക് കഴിയാതെ പോയി..

ഇവൾക്കൊരു അമ്മയായി നീ മാറുമെന്ന് ഞാൻ വിചാരിച്ചിരുന്നു..

പക്ഷേ നീ ഇവളോട് മോശമായി പെരുമാറിയപ്പോൾ ഉള്ളിലെ ഇഷ്ടം എപ്പോഴോ ദേഷ്യത്തിന് വഴിമാറി പോയി..

പക്ഷേ ഇപ്പോൾ എല്ലാത്തിനും കാരണം ഞാൻ തന്നെ ആണെന്ന് ഓർക്കുമ്പോൾ….

ഹരി വാക്കുകൾ പൂർത്തിയാക്കാതെ നിറകണ്ണുകളോടെ ദേവികയെ നോക്കി….

ദേവിക പെട്ടെന്ന് ഹിമയുടെ അടുത്ത് നിന്നും ഹരിയുടെ അരുകിലായി ചെന്നിരുന്നു അവന്റെ കൈകൾ മുഖത്തോട് ചേർത്ത് പിടിച്ചു..

പിന്നെ ആ കൈകളിൽ ചുംബനം കൊണ്ടു പൊതിഞ്ഞു..

ഹരി അവളുടെ സീമന്ത രേഖയിൽ ചുംബനം കൊണ്ടു പൊതിഞ്ഞു..

അവർക്കിടയിലെ വലിയൊരു മഞ്ഞ് ഉരുകുകയായിരുന്നു…..

ഡേവിഡ് ഹിമക്കരുകിലേക്ക് ചെന്നു അവളെ ചേർത്തു പിടിച്ചു..

ഏട്ടനെയും ഏട്ടത്തിയെയും നോക്കി കൊണ്ടു അവളവന്റെ മാറിലേക്ക് ചാഞ്ഞു..

“”സ്നേഹത്തിൽ സ്വാർത്ഥത കലർന്നാൽ ഇങ്ങനൊക്കെ ഉണ്ടാവുക സ്വാഭാവികം..

ഇതൊക്ക മിക്കയിടത്തും നടക്കാറുണ്ട്….

ഒരു തുറന്നു പറച്ചിലിൽ കൂടി

എന്തായാലും ഇവിടുത്തെ പ്രശ്നം എല്ലാം മാറിയില്ലേ ..

ഇനി നാത്തൂന്നും നാത്തൂന്നും കൂടി മോങ്ങിക്കൊണ്ട് നിൽക്കാതെ പോയി വല്ലതും ഉണ്ടാക്കാൻ നോക്ക് എനിക്ക് ആണെങ്കിൽ വിശന്നിട്ടു വയ്യ ..

എന്ന് ഡേവിഡ് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകളിൽ സന്തോഷത്തിന്റെ നീർതിളക്കം കണ്ടു..

പരസ്പരം  തമാശകളും

പൊട്ടിച്ചിരികളുമായവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു..

എല്ലാവരുടെയും മുഖത്ത് സന്തോഷവും സ്നേഹവും തിളങ്ങി നിന്നു..

എന്നും ഈ സന്തോഷം തരണേ മഹാദേവാ  എന്ന് ഹിമ മനസ്സ് കൊണ്ടു പ്രാത്ഥിച്ചു പോയി..

വൈകുന്നേരം ആയപ്പോൾ ഹരിയോടും ദേവികയോടും യാത്ര പറഞ്ഞു പിന്നെ രണ്ടു ദിവസം വന്നു നിൽക്കാം എന്നുറപ്പ് കൊടുത്തു ഡേവിഡും ഹിമയും അവിടെ നിന്നും ഇറങ്ങി….

പോവും വഴി അമ്പലത്തിൽ കേറി ദീപാരാധന തനിക്ക് തൊഴണം എന്നൊരാഗ്രഹം ഹിമ പറഞ്ഞപ്പോൾ ഡേവിഡ് അവളുമായി അമ്പലത്തിൽ എത്തി..

ആൽത്തറക്ക് മുന്നിൽ ബൈക്ക് വെച്ചവർ ഇറങ്ങി..

“”ഇച്ചായൻ  അമ്പലത്തിനുള്ളിലേക്ക് കേറുന്നില്ലേ..

“”ഹേയ് ഇല്ലടി.. നീ പോയി തൊഴുതു വാ..

“”പേടിക്കണ്ട ഇച്ചായ.. ജാതിയും മതവും ഒന്നും ഇവിടെ പ്രശ്നമല്ല..

വിശ്വാസമുള്ള ആർക്കും കേറാം..

“”ഹേയ് അതുകൊണ്ടല്ലടി.. എനിക്ക് എന്റേതായ ചില വിശ്വാസങ്ങൾ ഉണ്ട്..

അത് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല..

അതുകൊണ്ട് നീ പോയിട്ട് വാ..

എന്നും പറഞ്ഞു അവനവളെ അമ്പലത്തിനുള്ളിലേക്ക് പറഞ്ഞയച്ചു..

മനസ്സ് നിറയെ സന്തോഷവുമായി മഹാദേവന് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ഹിമയുടെ കണ്ണുകൾ

സന്തോഷം കൊണ്ട് ഈറനണിഞ്ഞു..

ശ്രീകോവിലിനുള്ളിൻ നിന്നും മഹാദേവൻ തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി..

ഇതുവരെ സങ്കടങ്ങളും പരാതികളും മാത്രം പറഞ്ഞിരുന്നു താൻ ആദ്യമായി പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ട് മഹാദേവനും സന്തോഷം തോന്നിയതാവാം….

എണ്ണത്തിരികളുടെ ഗന്ധം പേറുന്ന കാറ്റു അവളുടെ മുടിയിഴകളെ തഴുകി കടന്നു പോയി….

നേർത്ത ഒരു പുഞ്ചിരിയോടെ അവൾ അവിടെ നിന്നും ഇറങ്ങി അമ്പലത്തിന് വെളിയിൽ എത്തുമ്പോൾ ഡേവിഡ് ആകെ പരിഭ്രമത്തോടെ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി…..

“”എന്താ ഇച്ചായാ മുഖം വല്ലാതെ ഇരിക്കുന്നത്..എന്തുപറ്റി..?

“”ഹേ ഒന്നുമില്ല നീ വേഗം കേറ് നമുക്ക് പോവാം..

“”എന്താ എന്തുപറ്റിയെന്ന് പറ..?

അവന്റെ മുഖത്തെ പരിഭ്രമം കണ്ടവൾ വീണ്ടും ചോദിച്ചു….

“”ഒന്നുമില്ല നീ വേഗം കേറാൻ നോക്ക് എന്നും പറഞ്ഞു ഡേവിഡ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

ഞാൻ കേറിയതും ഇച്ചായൻ പിന്നിലേക്ക് ആരെയോ  നോക്കി കൊണ്ടു വേഗം ബൈക്ക് മുന്നോട്ട് എടുത്തു….

പരിഭ്രമത്തോടെ ഇടക്കിടെ പിന്നെയും ഇച്ചായൻ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ ഞാനും തിരിഞ്ഞു നോക്കി….

ഇരുൾ വീണു തുടങ്ങുന്ന വഴിയിലൂടെ നിലാവെട്ടത്തിൽ മുണ്ടും ഷർട്ടും അണിഞ്ഞൊരാൾ ഒരാൾ നടന്നകലുന്നത് കണ്ടു..

പക്ഷേ ആളെ വ്യക്തമായി കാണാൻ എനിക്ക് കഴിഞ്ഞില്ല..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

3.7/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply