രണ്ടാം ജന്മം – 16

2508 Views

randam janmam

പരിഭ്രമത്തോടെ വല്ലാത്തൊരു വേഗതയിൽ ഡേവിഡ് ബൈക്ക് ഓടിക്കുന്നത് ഹിമയുടെ ഉള്ളിൽ തെല്ല് ഭയമുണ്ടാക്കി..

“”ഇച്ഛാ..ഇത്തിരി പതുക്കെ പോ എനിക്ക് പേടിയാവുന്നു..

അവന്റെ തോളിൽ ഇറുക്കി പിടിച്ചു കൊണ്ടവൾ പറഞ്ഞു..

അത് കേട്ടതും അവൻ പതിയെ വേഗത കുറച്ചു..

“”എന്താ ഇച്ഛാ..എന്തുപറ്റി.. എന്തോ ഒരു പ്രശ്നം ഉള്ളത് പോലെ തോന്നുന്നല്ലോ ..

“”ഒന്നുമില്ലെടി.. പെട്ടെന്ന് ഒരു തലവേദന..

അതുകൊണ്ട് വേഗം വീട്ടിൽ എത്താമെന്നു വിചാരിച്ചു..

“”അയ്യോ എന്നാപ്പിന്നെ നമുക്കിന്ന് എന്റെ വീട്ടിൽ കിടന്നിട്ടു നാളെ പോയാൽ പോരെ..

വയ്യാതെ ഇനി ബൈക്ക് ഓടിക്കണ്ട..

“”ഹേയ് ഇപ്പോൾ കുഴപ്പമില്ലെടി..

“”പറയുന്ന കേൾക്ക് ഇച്ഛാ ഇനിയും കുറെ ദൂരം ബൈക്ക് ഓടിക്കണ്ടതല്ലേ..

നമുക്ക് തിരിച്ചു പോവാം..

ഇവിടുന്ന് പത്തു മിനിറ്റ് പോരെ എന്റെ വീട്ടിലേക്ക് പോവാൻ..

“”വേണ്ടടി ഇപ്പോൾ കുഴപ്പമില്ല.. നീ എന്നെയൊന്നു കെട്ടിപിടിച്ചു ഇരുന്നാൽ മതി.. തലവേദന അങ്ങ് മാറിക്കോളും..

“”അയ്യടാ അപ്പോൾ ഞാൻ കെട്ടിപ്പിടിക്കാൻ ഉള്ള അടവായിരുന്നല്ലേ..

നടക്കില്ല മോനെ..

“”അല്ലടി പെണ്ണേ.. നീ എന്നെ ഒന്ന് മുറുകെ പിടിക്ക്..

“”മ്മം ശെരി..ശെരി ആയിക്കോട്ടെ..

എന്നും പറഞ്ഞു ഞാൻ ഇച്ഛനെ വലതു കൈ കൊണ്ടു ചുറ്റി വരിഞ്ഞു പിടിച്ചു ചേർന്നിരുന്നു..

ഇരുൾ വീണു നീണ്ടു കിടക്കുന്ന വഴിയിൽ  തുറിച്ചു നോക്കുന്നു തീ കണ്ണുകൾ പോലെ ഇടക്കിടെ എതിരെ വരുന്ന വണ്ടികളുടെ ഹെഡ് ലൈറ്റ് വെളിച്ചം നേരിയ വെട്ടം വീഴ്ത്തി കടന്നു പോവുന്നു..

റോഡരുകിൽ ഉള്ള സ്ട്രീറ്റ് ലൈറ്റുകളിൽ പലതും നേർത്ത വെളിച്ചം മാത്രമാണ് തരുന്നത്.. ചിലത് കത്തുന്നില്ല..

ഒരു വളവ് തിരിഞ്ഞതും ഇച്ഛൻ എളുപ്പ വഴി എന്നും പറഞ്ഞു ചെറിയൊരു ഇടറോഡിലേക്ക് ബൈക്ക് തിരിച്ചു….

ഇരുവശങ്ങളും മരങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ കൂരിരിട്ട് വീണ പാതയിൽ ഞങ്ങളുടെ ബൈക്കിലെ ഹെഡ് ലൈറ്റ് വെളിച്ചം  ആ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ടു മുന്നോട്ടുള്ള പാത കാണിച്ചു തരുന്നു..

അൽപ്പം ദൂരം കഴിഞ്ഞതും ഇരുളിനു മേൽ നിലാവെളിച്ചം വീണു തുടങ്ങി..

തെളിഞ്ഞ നീലാകാശത്ത്  നക്ഷത്രങ്ങൾ പൂവിട്ടു നിൽക്കുന്നു..

പെട്ടെന്ന് ആണ് നയന മനോഹരമായ ആ കാഴ്ച ഞാൻ കണ്ടത്..

റോഡരികിലെ പാടം നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു..

ഞാൻ ഇച്ഛനോട് ബൈക്ക് അവിടെ നിർത്താൻ പറഞ്ഞു നിർത്തിച്ചു..

ബൈക്കിൽ നിന്നും ഇറങ്ങി ആ കാഴ്ചയിലേക്ക് ഞാൻ മിഴിയൂന്നി നിന്നു..

കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പാടം..

അതിന്റെ നല്ലൊരു ഭാഗം നിറയെ വെള്ള ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു….

കാമുകന്റെ തലോടലേറ്റ കാമുകിയെ പോലെ അവർ നാണിച്ചു നിൽക്കുകയാണെന്ന് എനിക്ക് തോന്നി….

“”എന്ത്‌ രസമാ ഇച്ഛാ ഇത് കാണാൻ..

പാവം രാവിലെ വരെയെ ഇതിന് ആയുസ്സുള്ളൂ..

സൂര്യന്റെ ചൂടേൽക്കുമ്പോൾ ഇതെല്ലാം വാടി തുടങ്ങും..

അതുവരെ അവർ ഇങ്ങനെ പ്രണയിച്ചു നിൽക്കും..

“”പ്രണയമോ ആമ്പൽ പൂക്കൾക്കോ..?

ഡേവിഡ് അത്ഭുതത്തോടെ ചോദിച്ചു..

“”അതേ അവർക്കും പ്രണയമുണ്ട്..

നീലാകാശത്ത് പുഞ്ചിരിച്ചു നിൽക്കുന്ന രാത്രിയുടെ രാജകുമാരനോട് അവർക്ക് പ്രണയമാണ്….

അവന്റെ തലോടൽ ഏൽക്കാൻ.. അവനെ കൺനിറയെ കണ്ടു പ്രണയം പങ്കിടാൻ മോഹിച്ചാണ് അവർ വിരിഞ്ഞു നിൽക്കുന്നത്….

“”മ്മം കൊള്ളാം നല്ല സാഹിത്യം..

നീ വാ നമുക്ക് പോവാം എനിക്ക് പിന്നെയും ചെറിയൊരു തലവേദന പോലെ..

നേർത്ത സ്വരത്തിൽ ഡേവിഡ് പറഞ്ഞു..

“”അയ്യോ വേദന മാറിയെന്നു പറഞ്ഞിട്ട് പിന്നെയും വന്നോ….

എന്നും പറഞ്ഞവൾ പരിഭ്രമത്തോടെ അവന്റെ നെറ്റിയിൽ കൈവെച്ചു നോക്കി….

“”ചൂടൊന്നും ഇല്ലല്ലോ.. പനി ഉണ്ടെന്ന് തോന്നുന്നില്ല.. ചിലപ്പോൾ ഈ കാറ്റടി കൊണ്ടിട്ടാവും വാ നമുക്ക് വേഗം പോയേക്കാം എന്നും പറഞ്ഞവൾ ബൈക്കിനരുകിലേക്ക് നടന്നു..

ഡേവിഡ് പിന്നാലെ ചെന്ന് ബൈക്കിൽ കേറി പതിയെ സ്റ്റാർട്ട്‌ ചെയ്തു.. ഹിമയും കേറിയതോടെ ബൈക്ക് മുന്നോട്ട് എടുത്തു യാത്ര തുടങ്ങി..

ഇച്ഛനെ വരിഞ്ഞു പിടിച്ചു ഞാൻ പറ്റിച്ചേർന്നിരിന്നു..

ഏകദേശം പത്തുമണിയോട് അടുത്ത് ഞങ്ങൾ ചെത്തിമറ്റതെത്തി..

ഞങ്ങൾ ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..

“‘ഹാ നിങ്ങളിത് എവിടെ പോയതാണ്….

എന്താ ഇത്ര താമസിച്ചത്..?

ഞങ്ങളെ കണ്ടതും അച്ഛന്റെ വക ചോദ്യം എത്തി..

“”ഒന്നും പറയണ്ട അച്ഛാ ഞങ്ങൾ എന്റെ വീട്ടിൽ പോയതാണ്.. പിന്നെ വരും വഴി അമ്പലത്തിലും ഒന്നു കേറി..

അതാണ് താമസിച്ചത്..

ഞാൻ മറുപടി കൊടുത്തു..

””ഓ എങ്കിൽ പിന്നെ അങ്ങോട്ട് ആണ് പോയതെന്ന് പറഞ്ഞിട്ട് പൊക്കൂടെ..

ഞങ്ങൾ വിളിച്ചപ്പോൾ എങ്കിലും പറഞ്ഞൂടായിരുന്നോ..

“”ഹാ പറയാൻ പറ്റിയില്ല..

അൽപ്പം ഗൗരവത്തിൽ ആണ് ഡേവിഡ് മറുപടി പറഞ്ഞത്..

“”എന്റെ പൊന്ന് അച്ഛാ.. ഇച്ചായൻ എന്നോട് പോലും പറഞ്ഞില്ല വീട്ടിലേക്ക് ആണ് പോണതെന്ന്.. ആളെനിക്ക് സർപ്രൈസ് ഒരുക്കിയതാണ്..

ചെറു ചിരിയോടെ ഞാൻ പറഞ്ഞു..

“”മ്മ്മം അല്ല ഇവനിത് എന്തുപറ്റി.. മോന്ത കുത്തി വീർത്തു ഇരിക്കുന്നുണ്ടല്ലോ..

അമ്മ ഡേവിഡിനെ നോക്കികൊണ്ട് പറഞ്ഞു…

അത് കേട്ട് ഡേവിഡ് ഒന്നും മിണ്ടാതെ അകത്തേക്ക് കേറി പോയി..

“”ഇച്ചായന് ചെറിയൊരു തലവേദന പോലെ അതുകൊണ്ട് ആണമ്മേ..

എന്നും പറഞ്ഞു ഹിമയും അവന്റെ പിന്നാലെ പോയി..

റൂമിലെത്തി ഡേവിഡ് കുളിക്കാനായി കേറി..

ഹിമ അപ്പോഴേക്കും റൂമിലെത്തി ഡ്രസ്സ്‌ ഒക്കെ മാറ്റി..

കുറച്ചു സമയം കഴിഞ്ഞതും കുളി കഴിഞ്ഞു ഡേവിഡ് ഇറങ്ങി വന്നു..

അവന്റെ മുഖത്ത് പഴയ പുഞ്ചിരി മാഞ്ഞു പോയിരിക്കുന്നു..

പകരം ഗൗരവം മുഖത്ത് കലർന്നിരിക്കുന്നു..

എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് ഹിമക്ക് തോന്നി..

“”ഇച്ഛാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

“”എന്ത് പ്രശ്നം….?

“”അല്ല ഇച്ഛന്റെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു..

“”അത് ഞാൻ പറഞ്ഞില്ലേ ചെറിയൊരു തലവേദന ഉണ്ടെന്ന് അതുകൊണ്ടാണ്..

അത് മാറിക്കോളും.. അല്ലാതൊന്നുമില്ല….

നീ വാ നമുക്ക് ഭക്ഷണം കഴിക്കാം..

എന്നും പറഞ്ഞു ഡേവിഡ് ഹാളിലേക്ക് നടന്നു..

എന്തോ അവൻ മറച്ചു വെക്കുമ്പോലെ അവൾക്ക് തോന്നി..

എന്തായാലും അവനത് തന്നോട് തുറന്നു പറയാതെ ഇരിക്കില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു അവളും അവന്റെ പിന്നാലെ ഹാളിലേക്ക് ചെന്നു..

ഞങ്ങൾ കഴിക്കാനായി ചെല്ലുമ്പോൾ അമ്മയും അച്ഛനും ഡെന്നിസും ടേബിളിനു ചുറ്റുമുള്ള അവരവരുടെ കസേരകളിൽ സ്ഥാനം ഉറപ്പിച്ചിരുന്നു..

“”നിന്റെ തലവേദന ഇപ്പോൾ എങ്ങനെ ഉണ്ടെടാ..?

ഇച്ചായനെ കണ്ടതും അച്ഛൻ ചോദിച്ചു.

“”ഇപ്പോൾ കുഴപ്പമില്ല.. യാത്രയുടെ ആയിരിക്കും..

കുളിച്ചപ്പോൾ അതങ്ങ് മാറി..

“”മ്മം.. ഡാ പിന്നെ ആ ഇട്ടിച്ചൻ വിളിച്ചിരുന്നു.. അവർ എത്രയും പെട്ടെന്ന് തന്നെ കല്യാണം നടത്താം എന്നാണ് പറയുന്നത്..

“”അതെന്താ അച്ഛേ  പെട്ടെന്ന് ഇപ്പോൾ അവരിങ്ങനെ പറയുന്നത്….

ഇവനൊരു ജോലി ആയിട്ട് പോരെ..?

“”ഞാൻ അത് അവരോട് പറഞ്ഞതാ.. അപ്പോൾ അവർ പറയുന്നത് അവർക്കതൊരു പ്രശ്നം അല്ലെന്നാണ് ..

എന്തായാലും അവന് വൈകാതെ ജോലി കിട്ടുമല്ലോ.. അല്ലെങ്കിൽ അവിടുത്തെ ബിസിനസ് ഒക്കെ ഇവൻ നോക്കി നടത്തട്ടെ എന്നാണ് അവർ പറയുന്നത്..

“””ഹേയ് അത് ശെരിയാവില്ല..അതിനുള്ള പക്വത ഒന്നും ഇവനായിട്ടില്ല..

ഇപ്പോഴേ അവന്റെ തലയിൽ വലിയ ഭാരങ്ങൾ ഒന്നും വെച്ച് കെട്ടണ്ട….

ഡേവിഡ് അതിനെ എതിർത്തു പറഞ്ഞു..

“”മോനെ അങ്ങനെ ആണെങ്കിൽ നമ്മുടെ കമ്പനിയിൽ തത്കാലം ഇവനൊരു ഒരു പോസ്റ്റ്‌ കൊടുക്ക്..

ബാക്കിയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം..

അമ്മയുടെ വകയായുള്ള അഭിപ്രായം വന്നു..

ഞാനും അതിന് പിന്തുണ കൊടുത്തതോടെ ഡേവിഡ് സമ്മതം മൂളി..

“”മ്മ്മം ശെരി.. അല്ല ഇവനെന്താ ഒന്നും മിണ്ടാത്തത്..

ഡേവിഡ് ഡെന്നിസിനെ നോക്കിക്കൊണ്ട് ചോദിച്ചു..

“”ഓ ഞാൻ എന്ത്‌ പറയാൻ എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ..

തീരെ താല്പര്യം ഇല്ലാത്ത പോലെ ഡെന്നിസ് മറുപടി നൽകി..

“”ഓ നിനക്കിഷ്ടം ഇല്ലെങ്കിൽ നമുക്ക് ഇത് നടത്തണ്ട പോരെ..

ഞാൻ ചെറു ചിരിയോടെ പറഞ്ഞു..

“”എന്റെ പൊന്നു ചേട്ടത്തി ചതിക്കല്ലേ.. ഞാൻ വെറുതെ ഒന്ന് ജാഡ ഇട്ട് നോക്കിയതാണ്..

ഡെന്നിസ് പറയുന്നത് കേട്ട് എല്ലാവരുടെയും മുഖത്ത് ചിരി പടർന്നു എങ്കിലും ഡേവിഡിന്റെ ചിരി മാത്രം പൂർണ്ണത ഇല്ലാത്തത് പോലെ എനിക്ക് തോന്നി..

സന്തോഷത്തേക്കാൾ ആ മുഖത്ത് മറ്റെന്തോ ഓർത്തുള്ള പരിഭ്രമം കലർന്നിരുന്നതായി എനിക്ക് തോന്നി..

പതിവിന് വിപരീതമായി വളരെ പെട്ടെന്ന് തന്നെ ഡേവിഡ് കഴിച്ചെഴുന്നേറ്റു കൈ കഴുകി റൂമിലേക്ക് പോയി..

ഡേവിഡിന്റെ പെരുമാറ്റത്തിൽ എല്ലാവർക്കും ആശ്ചര്യം തോന്നിയെങ്കിലും തലവേദന കൊണ്ടാവും എന്നെല്ലാവരും വിചാരിച്ചു..

പക്ഷേ എനിക്ക് എന്തോ അതൊന്നും  ഉൾകൊള്ളാൻ കഴിഞ്ഞില്ല..

ഞാൻ കഴിച്ചെഴുന്നേറ്റ് കൈ കഴുകി അടുക്കളയിൽ ചെന്ന് എല്ലാം ഒതുക്കി പെറുക്കി വെച്ച് റൂമിലേക്ക് ചെന്നു..

ഞാൻ ചെല്ലുമ്പോൾ ഇച്ഛൻ ജനലരുകിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കി സിഗരറ്റ് വലിക്കുകയായിരുന്നു..

ഞാൻ പതിയെ നടന്നു ഇച്ഛന്റെ അടുത്തേക്ക് ചെന്ന് ആ തോളിൽ മെല്ലെ വലതു കൈ വെച്ചു..

“”ഇച്ഛാ…..എന്തുപറ്റി എന്റെ ഇച്ഛന്..

“”ഒന്നുല്ലെടി..

നേർത്ത സ്വരത്തിൽ ഡേവിഡ് മറുപടി നൽകി..

“”കള്ളം പറയണ്ട.. ഈ മുഖം കണ്ടാൽ എനിക്ക് അറിയാം എന്തോ പ്രശ്നം ഉണ്ട്..

അത് കേട്ടതും ഡേവിഡ് സിഗരറ്റ് ജനൽപടിയിൽ കുത്തി കെടുത്തി ജനലഴികളിൽ കൂടി അത് താഴേക്ക് ഇട്ടു..

പിന്നെയവൻ അവളെ അടിമുടി നോക്കി..

“”എന്താ ഇച്ഛാ കാര്യം പറ..

ഹിമയുടെ ചോദ്യം കേട്ടതും  അവളുടെ കവിളുകളിൽ അവൻ തന്റെ കൈകൾ വെച്ചു.. അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

“”എനിക്ക്.. എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ലെടി പെണ്ണേ..

എന്ത് വന്നാലും എന്നെ തനിച്ചാക്കി നീ എങ്ങോട്ടും പോവരുത്..

എന്നും പറഞ്ഞവനവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു..

“”എന്താ ഇച്ഛാ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്..

അതിന് മാത്രം ഇപ്പോൾ എന്താ ഉണ്ടായേ….

“””എനിക്ക് അറിയില്ലെടി.. എനിക്ക് നീ വേണം.. നിന്നെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല..

“”അയ്യേ ഇതെന്താ ഇച്ഛാ ഒരുമാതിരി പിള്ളേരെ പോലെ കിടന്നു മോങ്ങുന്നത്….

ഞാൻ എന്റെ ഇച്ഛനെ വിട്ട് എവിടെ പോവാനാണ്..

ഞാൻ എങ്ങും പോവില്ല..

എന്നും പറഞ്ഞവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി..

ഉള്ളിൽ അടക്കി പിടിച്ച സങ്കടങ്ങൾ എല്ലാം അവൻ കണ്ണീരിലൂടെ ഒഴുക്കി കളയുന്നത് പോലെയാണ് അവൾക്ക് തോന്നിയത്….

അൽപ്പം കഴിഞ്ഞതും അവൾ മെല്ലെ പിടി അയച്ച് അവന്റെ മുഖത്തേക്ക് നോക്കി..

കരഞ്ഞു കലങ്ങിയ ഡേവിഡിന്റെ മുഖം കണ്ടവളുടെ മനസ്സ് പിടഞ്ഞു..

അവന്റെ കണ്ണീർ തുടച്ചവൾ അവനെ ചുംബനം കൊണ്ടു പൊതിഞ്ഞു..

“”എന്റെ ഇച്ഛന് ഇതെന്താ പറ്റിയത്.. എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്..

അമ്പലത്തിന്റെ അവിടെ വെച്ച് തൊട്ടാണ് ഈ മാറ്റം..

പോരാൻ നേരം ഇച്ഛൻ ആരെയോ തിരിഞ്ഞു നോക്കുന്നത് ഞാൻ കണ്ടിരുന്നു..

ആരെയാ ഇച്ഛാ കണ്ടത്.. പറ..

“”ഞാൻ ആരെയും കണ്ടില്ല…. നിനക്ക് വെറുതെ തോന്നിയതാവും..

അവളുടെ മുഖത്തേക്ക് നോക്കാതെ മുഖം വെട്ടിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു..

“”പക്ഷേ എന്നിട്ട് ഒരാൾ നടന്നു പോവുന്നത് ഞാൻ കണ്ടല്ലോ..

“”ഓ അതോ.. അത് അതുവഴി വന്നൊരാൾ എന്നോട് വഴി ചോദിച്ചതാണ്.. അല്ലാതൊന്നുമില്ല..

എന്നും പറഞ്ഞവൻ കട്ടിലിൽ ചെന്ന് കിടന്നു..

അവനെന്തോ തന്നിൽ ഒളിക്കുന്നത് പോലെ അവൾക്ക് തോന്നി..

ഇനി ഒരുപക്ഷേ എല്ലാം ചിലപ്പോൾ  തന്റെ വെറും തോന്നൽ മാത്രം ആയിരിക്കാം..

ഇച്ഛൻ പറഞ്ഞത് തന്നെ ആവാം സത്യം..

അവൾ മനസ്സിൽ പറഞ്ഞു..

ഡോർ ലോക്ക് ആക്കി ലൈറ്റ് കെടുത്തി വന്നവൾ ഡേവിഡിന്റെ അടുത്ത് കിടന്നു ആ മാറിലേക്ക് മുഖം പൂഴ്ത്തി..

അവന്റെ ഇടതു കൈ അവളെ വരിഞ്ഞു മുറുക്കി തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു..

“”ഇച്ഛാ.. എന്തൊക്ക സംഭവിച്ചാലും ഞാൻ എന്റെ ഇച്ഛനെ വിട്ട് എങ്ങും പോവില്ല..

എനിക്കെന്നും ഈ സ്നേഹം വേണം..

ഈ ഇടനെഞ്ചിലെ ചൂടേറ്റ് ഇതിന്റെ താളം കേട്ട് എന്നും ഇങ്ങനെ കിടക്കണമെനിക്ക്….

അതും പറഞ്ഞു  അവന്റെ ഇടനെഞ്ചിലായി ഹിമ ചുംബിക്കുമ്പോൾ അവന്റെ മിഴികൾ ഈറനണിഞ്ഞു….

പരിഭ്രമം പടർന്നിരുന്ന അവന്റെ മുഖത്തേക്ക് പതിയെ മിഴിനീർ പൊടിഞ്ഞു തുടങ്ങി…

എന്തോ ഓർത്തവന്റെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു…..

(തുടരും..)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

4.7/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply