Skip to content

രണ്ടാം ജന്മം – 3

randam janmam

വിശാലേട്ടൻ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്..

വേദനിപ്പിച്ചിട്ടുണ്ട് എന്നാലും എത്രയൊക്കെ ആയാലും എന്റെ കഴുത്തിൽ താലികെട്ടിയ ആളാണ്..

അതുകൊണ്ട് തന്നെ അയാൾക്ക് ഒരാപത്തു വരുന്നത് എനിക്ക് താങ്ങാനാവില്ല….

അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..

എന്തായാലും ഏട്ടനോടും ഏട്ടത്തിയോടും വിവരം  പറഞ്ഞു അവിടെ വരെ പോവണം എന്നുറപ്പിച്ചു കൊണ്ടവൾ എഴുന്നേറ്റ് ചെന്നു അവരുടെ മുറിയുടെ വാതിലിൽ മുട്ടി..

“”ഏട്ടാ.. ഏട്ടാ ഒന്ന് വാതിൽ തുറക്ക്..

അവൾ മുട്ടി വിളിച്ചു കൊണ്ടിരുന്നതും ദേവിക വന്നു വാതിൽ തുറന്നു.

“”നാശം പിടിക്കാൻ എന്തിനാടി ഈ പാതിരാത്രി കിടന്ന് വിളിക്കുന്നത്..

നിനക്ക് ഉറക്കവും ഇല്ലേ..?

“””ഏട്ടത്തി അത്.. അത്..

അവളുടെ വാക്കുകൾ പൂർത്തിയാവാതെ നിന്നു..

“”നാശം മനുഷ്യന്റെ ഉറക്കം കളയാനായിട്ട്.. കാര്യം എന്താണെന്നു വെച്ചാൽ പറഞ്ഞു തുലക്ക്..

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയതിന്റെ ദേഷ്യം ദേവികയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു..

“”എന്താ മോളെ .. എന്തുപറ്റി..?

വെപ്രാളപ്പെട്ടുള്ള ഹിമയുടെ നിൽപ്പ് കണ്ടുകൊണ്ട് ഹരി ചോദിച്ചു..

“”അത് പിന്നെ ഏട്ടാ..

വിശാലേട്ടന് ഒരപകടം പറ്റിയെന്നു വിശാലേട്ടന്റെ ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞു..

മെഡിക്കൽ കോളേജിൽ ആണ്..

കുറച്ചു സീരിയസ് ആണെന്നാണ് പറഞ്ഞത്..

“”ആ അവന് അങ്ങനെ തന്നെ വരണം .. ദൈവം എന്റെ പ്രാത്ഥന കേട്ടു….

ഹരി സന്തോഷത്തോടെ പൊറു പൊറുത്തു..

“”ഏട്ടാ എനിക്ക് അവിടെ വരെ ഒന്നു പോണമെന്നുണ്ട്..

സീരിയസ് ആണെന്ന് അല്ലേ പറഞ്ഞത്..

“”ഓ അതിന് മാത്രം സീരിയസ് ഒന്നും ആയിരിക്കില്ല..

എന്തായാലും രാവിലെ പോവാം..

ഉറക്ക ചടവോടെ ദേവിക പറഞ്ഞു.

“””അല്ല ഏട്ടത്തി ഇപ്പോൾ തന്നെ ചെല്ലാൻ ആണ്  അയാൾ എന്നോട് പറഞ്ഞത്..

“”എന്തായാലും ശെരി ഈ പാതിരാത്രി ഇവിടുന്നു ആരും പോണില്ല..

നീ പോയി കിടക്കാൻ നോക്ക്..

പോവുന്ന കാര്യമൊക്കെ നമുക്ക് രാവിലെ   ആലോചിക്കാം എന്നും പറഞ്ഞു ദേവിക വാതിൽ അടച്ചു.

“”ദേവേട്ടത്തി ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എന്നും പറഞ്ഞു ഹിമ വീണ്ടും വീണ്ടും മുട്ടി വിളിച്ചു..

“”ഓ ഈ നാശം പിടിച്ചവൾ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..

എന്റെ സ്വഭാവം മാറ്റാതെ നീ പോവാൻ നോക്ക് ഹിമേ….

ദേവികയുടെ ശബ്ദം കനത്തു..

ഏട്ടത്തിയുടെ വാക്കുകളിലെ ദേഷ്യം മനസ്സിലായതോടെ ഹിമ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി..

“”പാവം അവൾക്ക് ഒരുപാട് സങ്കടമായെന്ന് തോന്നുന്നു..

അവളെന്താണോ ഇങ്ങനെ ആയി പോയത്..

അവളെ അവൻ എത്ര വേദനിപ്പിച്ചു..

കെട്ടു താലി വരെ പൊട്ടിച്ചെടുത്തു കൊണ്ടു പോയി ആ ചെറ്റ..

എന്നിട്ടും അവന് ഒരാപത്തു വന്നപ്പോൾ അവൾക്ക് സഹിക്കുന്നില്ല..

എനിക്ക് അറിയാം അവന് വേണ്ടി അവൾ മനസ്സുരുകി പ്രാത്ഥിക്കുന്നുണ്ടാവും….

നന്മയുള്ള മനസ്സുകൾക്കെ അത് പറ്റൂ..

അങ്ങനെ ഉള്ളവളെ ആണ് എല്ലാവരും ശാപജന്മം എന്നും പറഞ്ഞു കുത്തി നോവിക്കുന്നത്..

ഹരി ദേവിക കേൾക്കാനായി പറഞ്ഞു..

“”അതേ അനിയത്തിയുടെ പുണ്യജന്മത്തെ കുറിച്ച് കൂടുതൽ ഒന്നും പറയണ്ട..

നിങ്ങളും അവളും മനസ്സ് കൊണ്ടു അവൻ മരിക്കാൻ ആണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം..

“”അതേടി അവൻ മരിക്കാൻ തന്നെ ആണ് ഞാൻ പ്രാത്ഥിക്കുന്നത്..

എനിക്ക് ഒന്ന് എഴുന്നേറ്റു നടക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ അവനെ മുന്നേ കൊന്നേനെ….

“”ആ മതി പറഞ്ഞത്..

നിങ്ങളൊന്നു മിണ്ടാതെ കിടക്കുന്നുണ്ടോ എനിക്ക് ഉറങ്ങണം..

രാവിലെ ജോലിക്ക് പോവേണ്ടത് ആണ്..

എനിക്ക് ഉറക്കം നഷ്ടമായാൽ പിന്നെ ഭ്രാന്ത് പിടിക്കും..

“”ഓ അല്ലെങ്കിലും നിനക്ക് ഭ്രാന്ത് അല്ലേ..

ഹരി പൊറു പൊറുത്തു..

“”എന്താ നിങ്ങൾ പറഞ്ഞത്..?

“”ഞാൻ ഒന്നും പറഞ്ഞില്ല..

നീ ഉറങ്ങിക്കോ..

“””മ്മം.. എന്ന് ഇരുത്തി മൂളി കൊണ്ട് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചവൾ പുതപ്പിനുള്ളിലേക്ക് കേറി..

————————————————————-

ഹിമയുടെ മനസ്സിലേക്ക് നൂറായിരം ചിന്തകൾ കടന്നു കൂടി..

വിശാലിന്റെ കാര്യം ഓർത്ത് അവളുടെ ഉള്ള് പിടഞ്ഞു..

“”എന്റെ മഹാദേവ വിശാലേട്ടനോട് ഒത്തു ജീവിക്കാൻ എനിക്ക് കഴിയില്ല എന്നെ രക്ഷിക്കണം എന്നൊക്ക ഞാൻ നിന്നോട് പലവട്ടം പ്രാത്ഥിച്ചിട്ടുണ്ട്…..

പക്ഷേ അത് ഏട്ടന്റെ ജീവൻ എടുത്തു കൊണ്ടു ആവണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല..

അങ്ങനെ പ്രാത്ഥിക്കാൻ എനിക്കാവില്ല..

ആരും വേദനിക്കുന്നത് കാണാൻ എനിക്ക് ആവില്ല..

എന്നെ വേദനിപ്പിച്ചവർ ആയാലും..

നിറമിഴികളോടെ അവൾ മനസ്സിൽ പറഞ്ഞു..

ആശുപത്രിയിലെ വിവരങ്ങൾ അറിയാനായി തന്നെ വിവരം വിളിച്ചു പറഞ്ഞ സുരേഷിനെ  അവൾ കുറെ തവണ വിളിച്ചു നോക്കി പക്ഷേ അയാൾ കോൾ എടുക്കുന്നില്ല..

വിശാലിന്റെ അമ്മയെ വിളിക്കാൻ പേടി തോന്നി അവൾക്ക്..

അകലെ പട്ടികളുടെ ഓരിയിടൽ ശബ്ദം മുഴങ്ങുന്നു..

രാത്രിക്ക് വല്ലാത്തൊരു ഭാവമാറ്റം പോലെ..

നിനച്ചിരിക്കാതെ മഴ ഓടിയെത്തി..

മെല്ലെ പെയ്തു തുടങ്ങിയ മഴ ആർത്തലച്ചു ഭ്രാന്ത് പിടിച്ചത് പോലെ ശക്തമായി പെയ്തു..

അവിടമാകെ കുളിര് പകരാൻ മഴക്ക് ആയെങ്കിലും അവളുടെ ഉള്ളിലെ തീ അണക്കാനുള്ള ശേഷി ആ മഴക്ക് ഇല്ലായിരുന്നു….

അവനൊരു ആപത്തും വരുത്തരുതേ എന്നവൾ ഉള്ളുരുകി  പ്രാത്ഥിച്ചു കൊണ്ടിരുന്നു….

മഴ പെയ്തു തോർന്നു..

പതിയെ നേരം പുലർന്നു തുടങ്ങി..

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഹിമ എഴുന്നേറ്റു പോയി മുഖം കഴുകി..

രാവിലെയും സുരേഷിന്റെ നമ്പറിൽ വിളിച്ചിട്ട് അയാൾ കോൾ എടുത്തില്ല….

അതോടെ അവളുടെ ഉള്ളിലെ പരിഭ്രമം വർദ്ധിച്ചു….

ധിറുതിയിൽ രാവിലത്തേക്കുള്ള ആഹാരം ഒക്കെ ശെരിയാക്കി വെച്ചു കുളിച്ചൊരുങ്ങി ഹോസ്പിറ്റലിൽ പോവാനായി അവൾ തയ്യാറായി നിൽക്കുമ്പോൾ ആണ് ഫോണും പിടിച്ചുള്ള ദേവികയുടെ വരവ്..

“”ഓ നീ രാവിലെ ഹോസ്പിറ്റലിൽ പോവാനുള്ള ഒരുക്കം ആയിരിക്കും അല്ലേ..

എന്നാൽ നീ ഇനിയിപ്പോൾ അങ്ങോട്ട് പോവണ്ട..

അവൻ മരിച്ചെന്നും പറഞ്ഞു ഇപ്പോൾ എനിക്ക് കോൾ  വന്നു..

ദേവികയുടെ നാവിൽ നിന്നുതിർന്നു വീണ വാക്കുകൾ കേട്ട് ഒരു നിമിഷം ഹിമ ഞെട്ടി തരിച്ചു നിന്നു..

പിന്നെ അവൾ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു..

“””ഓ ഇവിടെ ആരെ കാണിക്കാൻ ആണെടി നീ ഈ പൂങ്കണ്ണീർ ഒഴുക്കുന്നത്..

അവൻ ചാവാൻ തന്നെ അല്ലേ നീയും ആഗ്രഹിച്ചത്..?

“”എന്തിനാ ഏട്ടത്തി ഇങ്ങനൊക്കെ പറയുന്നത്..

ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് ഏട്ടത്തി ഈ വിളിച്ചു പറയുന്നത്..

“”ഓ അവളൊരു പുണ്യാളത്തി വന്നേക്കുന്നു..

നിന്റെയൊക്കെ മനസ്സിലിരുപ്പ് എന്താണെന്ന് എനിക്ക് അറിയാമെടി..

എന്തായാലും കുറച്ചു കഴിയുബോൾ ബോഡി വീട്ടിൽ എത്തും നാട്ടുകാരെ കാണിക്കാൻ എങ്കിലും അവിടെ ചെന്നൊന്ന്  കരഞ്ഞേക്ക് എന്നും പറഞ്ഞു ദേവിക അടുക്കളയിലേക്ക് പോയി..

ഓർത്തുവെക്കാൻ നല്ല നിമിഷങ്ങൾ ഒന്നും സമ്മാനിച്ചിട്ടിലെങ്കിലും വിശാലിന്റെ മുഖം ഹിമയുടെ മനസ്സിൽ തെളിഞ്ഞു വന്നു..

“”എന്നാലും എന്റെ മഹാദേവ ഇന്നലെ മുഴുവൻ ഞാൻ ഉറക്കമിളച്ചു ഏട്ടന്റെ ജീവന് വേണ്ടി നിന്നോട്  കരഞ്ഞു പ്രാത്ഥിച്ചത് അല്ലേ..

എന്നിട്ടും…. എന്നിട്ടും നീ എന്റെ പ്രാത്ഥന കേട്ടിട്ടില്ലല്ലോ..

അത്രക്ക് ശാപം കിട്ടിയ ജന്മം ആണോ എന്റെ….

എന്നും പറഞ്ഞു ഹിമ പൊട്ടി കരഞ്ഞിരുന്നു..

സമയം കടന്നു പോയി കൊണ്ടിരുന്നു….

കരച്ചിൽ അവസാനിപ്പിച്ചു നെഞ്ച് നീറി കൊണ്ട് എഴുന്നേറ്റു  മുഖം തുടച്ചു കൊണ്ട് വിശാലിന്റെ വീട്ടിലേക്ക് പോവാനായി ഹിമ ഇറങ്ങി..

ഏട്ടൻ തന്ന കാഷ് കൊണ്ടവൾ ഓട്ടോ വിളിച്ചു വിശാലിന്റെ വീടിന്റെ അടുത്ത് എത്തിയതും  ഒരാൾക്കൂട്ടം കണ്ടു..

ഓട്ടോക്കാരന് കാശും കൊടുത്തു നിറ കണ്ണുകളോടെ അവൾ മുന്നോട്ട് നടക്കുമ്പോൾ അവിടെ നിന്നിരുന്ന ചിലർ എന്തൊക്കെയോ പൊറു പൊറുക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു..

മുറ്റത്തു കസേരയിൽ ചില കാരണവന്മാർ ഇരുപ്പുണ്ട്..

അവൾ മെല്ലെ പടികൾ കേറി….

അവളുടെ ഹൃദയം പിടഞ്ഞു..

കണ്ണുകൾ ഈറനണിഞ്ഞു….

ഹാളിൽ എത്തിയതും നിലത്ത് പായയിൽ വെള്ളപ്പുതച്ചു മൂക്കിൽ പഞ്ഞിയും തലയിൽ കെട്ടുമായി ചലനമറ്റ

വിശാലിന്റെ ശരീരം കണ്ടവൾ പൊട്ടി കരഞ്ഞു കൊണ്ടു അതിന് അടുത്തേക്ക് ചെന്നിരുന്നു ..

അവന്റെ തലക്കൽ കത്തിയെരിയുന്ന നിലവിളക്കിലെ തിരി പോലെ അവളുടെ മനസ്സും സ്വയം എരിഞ്ഞു..

സാബ്രാണി തിരികളുടെ ഗന്ധം നിറഞ്ഞു നിന്ന ആ ഹാളിലാകെ അവളുടെ തേങ്ങൽ ശബ്ദം ഉയർന്നു വന്നു..

“””ഇവളാണ് എന്റെ മോനെ കൊന്നത്.. ഇവളെ ഇവിടെ ഇരുന്നാൽ അവന്റെ ആത്മാവിന് പോലും ശാന്തി കിട്ടില്ല വേഗം ഇറക്കി വിട് ഇവളെ..

അവളെ കണ്ടതും വിശാലിന്റെ അമ്മ പൊട്ടി തെറിച്ചു കൊണ്ട് പറഞ്ഞു ..

ആരൊക്കെയോ അവരെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും കലിയടങ്ങാതെ അവർ ഹിമയുടെ നേർക്ക് പാഞ്ഞടുത്തു..

അവളെ പിടിച്ചു ഉലച്ചു..

“”നിന്നെപ്പോലെ ഒരു ശാപം പിടിച്ചവളെ കെട്ടിയത് കൊണ്ടാണ് എന്റെ മോനിപ്പോൾ ഇങ്ങനെ കിടക്കേണ്ടി വന്നത്..

എന്നും പറഞ്ഞവർ അവളെ പിടിച്ചു ശക്തമായി ഉലച്ചതോടെ ഏതൊക്കെയോ ബന്ധുക്കൾ ചേർന്ന് അവരെ പിടിച്ചു മാറ്റി..

അവിടെ നിന്ന ഒരു മുതിർന്ന സ്ത്രീ ഹിമക്ക് അരുകിലേക്ക് വന്നു..

ഒന്നും പറയാനാവാതെ അവൾ കരഞ്ഞു തളർന്നു നിൽക്കുകയായിരുന്നു….

“”മോളെ പറയുന്നത് കൊണ്ടൊന്നും തോന്നരുത്..

നീ ഇവിടുന്ന് പോവുന്നത് ആണ് നല്ലത്..

വെറുതെ എന്തിനാണ് ഒരു പ്രശ്നം ഉണ്ടാക്കുന്നത്.

നിന്റെ ജാതകദോഷത്തിന്റെ കഥ എനിക്കും അറിയാം..

ഇനി നീ ഇവിടെ നിൽക്കുന്നതിന്റെ പേരിൽ ചടങ്ങുകൾക്ക് എന്തെങ്കിലും തടസ്സം ഉണ്ടായാൽ ആ കുറ്റവും നീ ഏൽക്കേണ്ടി വരും..

പിന്നെ അവരൊക്കെ എങ്ങനെ പെരുമാറും എന്ന് പറയാൻ പറ്റില്ല.

അതുകൊണ്ട് എന്റെ മോള് പൊക്കോ..

സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി കൊണ്ടു ആ വൃദ്ധ പറഞ്ഞു..

“”മുത്തശ്ശി ഞാൻ..

“”എന്തിനാടി ഇങ്ങനെ നാണം കെട്ട് നിൽക്കുന്നത്..

ഇനി ആ ചെറുക്കന്റെ ആത്മാവിനും ശാന്തി കിട്ടാതെ ഇരിക്കാൻ ആണോ..

അവളുടെ കാതോരം വന്നു മൊഴിഞ്ഞ ആ വാക്കുകളുടെ ഉടമ മറ്റാരും ആയിരുന്നില്ല അവളുടെ ഏട്ടത്തിയുടെ ആയിരുന്നു..

അവൾ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി..

അവരുടെ മുഖത്തു പുച്ഛം കലർന്ന ഭാവം ആയിരുന്നു..

പിന്നെയും വിശാലിന്റെ അമ്മയുടെ വക കുത്തുവാക്കുകൾ ഉയർന്നു വന്നു..

കൂട്ടത്തിൽ അവിടെ നിന്ന ബന്ധുക്കളിൽ ചിലർ കൂടി അടക്കം പറഞ്ഞു തുടങ്ങിയതോടെ വിശാലിന്റെ നെറ്റി തടത്തിൽ അവസാന ചുംബനവും നൽകിയവൾ അവിടെ നിന്നും ഇറങ്ങി..

നിറഞ്ഞൊഴുകിയ അവളുടെ കണ്ണുനീർ മണ്ണിലേക്ക് പതിച്ചു കൊണ്ടിരുന്നു.

മരിച്ചു കിടക്കുന്ന സ്വന്തം ഭർത്താവിന്റെ അടുത്ത് പോലും ഒന്ന് ഇരിക്കാൻ പറ്റാത്ത തന്റെ ദുരവസ്ഥ ഓർത്തവളുടെ ഹൃദയം നീറി പിടഞ്ഞു..

വാക്കുകൾ കൊണ്ടു മുറിവേറ്റ് പിടയുന്ന ഹൃദയവുമായി അവൾ വീട്ടിൽ എത്തി മുറിക്കുള്ളിൽ കേറി കതകടച്ചു കട്ടിലിലേക്ക് കമന്നു വീണു..

അതുവരെ അടക്കി പിടിച്ച സങ്കടങ്ങൾ എല്ലാം പൊട്ടികരച്ചിലിന്റെ അകമ്പടിയോടെ പുറത്തേക്ക് വന്നു..

അവളുടെ തലയിണ കണ്ണീരിൽ കുതിർന്നു.

ആ മുറിയാകെ അവളുടെ എങ്ങലടി ശബ്ദം ഉയർന്നു..

അവളെ ഒന്ന് അടുത്തിരുന്നു ആശ്വസിപ്പിക്കാൻ കഴിയാതെ നോവുന്ന ഹൃദയവുമായി അപ്പുറത്തെ മുറിയിൽ  കണ്ണീർ വാർത്തു കൊണ്ട് ഹരി കിടന്നു..

അന്നത്തെ ദിവസം മുഴുവൻ ഒന്നും കഴിക്കാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ആ മുറിക്കുള്ളിൽ തന്റെ സങ്കടങ്ങളെയും നെഞ്ചോടടക്കി പിടിച്ചവൾ കരഞ്ഞു തളർന്നു കിടന്നു..

പിറ്റേന്ന് രാവിലെ തുടങ്ങിയ ഏട്ടത്തിയുടെ കുത്തുവാക്കുകൾ സഹിക്ക വയ്യാതെ ആണവൾ മുറിവിട്ട് പുറത്തിറങ്ങിയത്..

കരഞ്ഞു വീങ്ങിയ കണ്ണുകളുമായി അവൾ അടുക്കളയിൽ ചെന്നു.

മുഖം കഴുകി രാവിലത്തെ ഭക്ഷണം ഒരുക്കി തുടങ്ങി..

ഒരുതരം മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു ഹിമ..

ദൈവം പോലും കൈവിട്ട അവസ്ഥ..

വിശാലിന്റെ മരണവും അതിനെ ചൊല്ലി ഉണ്ടായ കുത്തുവാക്കുകളും അവളെ ആകെ തളർത്തി കളഞ്ഞു..

ഏട്ടന് മുന്നിൽ പോലും അവൾ മൗനം പാലിച്ചു..

ഒരു കാലത്ത് അവളുടെ ശബ്ദം അലയടിച്ചു നിന്ന ആ വീട് ഇന്ന് അവളുടെ ശബ്ദം കേൾക്കാൻ കൊതിച്ചു നിൽക്കുന്നത് പോലെ തോന്നി..

മുറ്റത്തെ പനിനീർ പുഷ്പങ്ങൾ എല്ലാം തന്നെ കൊഴിഞ്ഞു വീണു…

ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി..

ഹിമ പതിയെ പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു..

അതിനിടയിൽ അവൾ വിശാലിന്റെ അമ്മയെ കാണാൻ ചെന്നു..

തന്റെ മകന് ഇങ്ങനെ ഒരു ഭാര്യ ഇല്ലെന്നും ആ ബന്ധവും പറഞ്ഞു ഇങ്ങോട്ട് ഒരിക്കലും വരരുതെന്നും വിശാലിന്റെ അമ്മ തീർത്തു പറഞ്ഞതോടെ അങ്ങോട്ടേക്കുള്ള  വാതിൽ എന്നുന്നേക്കുമായി അവളുടെ മുന്നിൽ കൊട്ടി അടക്കപ്പെട്ടു..

ചില നാട്ടുകാരുടെയും ബന്ധുക്കളുടെയും ഏട്ടത്തിയുടെയും ഒക്കെ കുത്ത് വാക്കുകളും പരിഹാസങ്ങളും സഹിച്ചു ഒരുവിധം അവൾ ജീവിതം മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നു ..

അതിൽ നിന്ന് ഒക്കെ രക്ഷനേടാൻ ആയി ജോലിക്ക് ശ്രമിച്ചു കൊണ്ടിരുന്നു എങ്കിലും വിധി അവിടെയും അവളെ തോൽപ്പിച്ചു കൊണ്ടിരുന്നു..

തന്റെ സങ്കടങ്ങളെ ചേർത്തു പിടിക്കാൻ ശീലമായത് പോലെ എല്ലാത്തിനെയും അവൾ പുഞ്ചിരിയോടെ നേരിട്ടു….

“”ഡി ഞാൻ ഇറങ്ങുന്നു എട്ടനുള്ള മരുന്ന് കൊടുത്തേക്കണം..

എന്റെ രണ്ട് നൈറ്റി ഉണ്ട് നനച്ചിട്ടേക്കണം മറക്കരുത്….

എന്നും പറഞ്ഞു ദേവിക ഓഫീസിലേക്ക് പോയി….

എട്ടനുള്ള മരുന്നും കൊടുത്തു..

ഏട്ടത്തിയുടെ നെറ്റിയും നനച്ചിട്ട ശേഷം ഉമ്മറത്ത് ഇരുന്നവൾ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്നു നിന്നത് ..

കണ്ട് പരിചയമില്ലാത്ത വണ്ടി..

ആരാവും വന്നത് എന്നൊരു ആകാംഷയോടെ അവൾ നോക്കി..

കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ പുഞ്ചിരിയോടെ ഇറങ്ങി..

കറു കറുത്ത കട്ട താടിയും പിരിച്ചു വെച്ച മീശയുമായി മുണ്ടും ബ്ലാക്ക് കളർ ഷർട്ടും ധരിച്ചൊരു ചെറുപ്പക്കാരൻ..

അയാളുടെ നെറ്റിയിലേക്ക് വീണ മുടിയിഴകൾ കാറ്റിൽ പാറി പറക്കുന്നു..

കോളറിന് താഴെയുള്ള രണ്ട് ബട്ടനുകൾ ഇടാത്തത് കൊണ്ടു അതുവഴി പുറത്തേക്ക് ചാടി

ഷർട്ടിന്റെ മുകളിലായൊരു കൊന്തയും കിടക്കുന്നത് കണ്ടു….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!